കാശ്മീര്‍ : അമിത് ഷായുടെ ലക്ഷ്യം 370-ാം അനുച്ഛേദം
വാസ്തവത്തില്‍ കാശ്മീരിന്റെ പ്രതേകപദവിയാണ് ഹിന്ദുത്വവാദികളുടെ ലക്ഷ്യം. അത് റദ്ദാക്കുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലുണ്ട്. അതുപക്ഷെ പ്രത്യേക ഔദാര്യമോ പ്രത്യേക പരിഗണനയോ അല്ല, ജമ്മു കാശ്മീരിന്റെ സ്വതന്ത്രമായ അവകാശത്തെ അംഗീകരിക്കുക മാത്രമാണ് എന്നതാണ് അവര്‍ മറച്ചുവെക്കുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരുന്ന വേളയില്‍ കാശ്മീരിലുണ്ടായ ഭാകരാക്രമണവും അതിന് ഇന്ത്യ നല്‍കിയെന്നു പറയപ്പെടുന്ന ചുട്ട മറുപടിയുമാണ് വന്‍വിജയം നേടാന്‍ ബിജെപിയെ സഹായിച്ച മുഖ്യഘടകം എന്നാണല്ലോ പൊതുവിലയിരുത്തല്‍. അതുകൊണ്ടുതന്നെയായിരിക്കണം കാശ്മീരിനെ എപ്പോഴും ചര്‍യില്‍ നിറുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റേയും ബിജെപിയുടേയും നീക്കങ്ങളുടെ കാരണവും. കഴിഞ്ഞ ദിവസം ലോകസഭയില്‍ ആഭ്യന്തര വകുപ്പുമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ വാക്കുകള്‍ ഈ നിരീക്ഷണത്തിന് അടിവരയിടുന്നു. കശ്മീരിലെ പ്രശ്‌നങ്ങള്‍ക്കു കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാകിസ്താനി സൈന്യത്തെ ഇന്ത്യന്‍ പട്ടാളം തുരത്തിയോടിക്കുന്ന ഘട്ടത്തിലായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും ഇതുമൂലം കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം ഇന്ത്യക്ക് നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വാക്ക് കേള്‍ക്കാതെയായിരുന്നു നെഹ്‌റു ഈ തീരുമാനമെടുത്തതെന്നും അമിത് ഷാ ആരോപിച്ചു. തെരഞ്ഞെടുപ്പിനു പകരം ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 370-ാം അനുച്ഛേദമനുസരിച്ച് കാശ്മീരിനു നല്‍കിയിട്ടുള്ള പ്രത്യേക പദവി താല്‍ക്കാലികമാണെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.
വാസ്തവത്തില്‍ കാശ്മീരിന്റെ പ്രതേകപദവിയാണ് ഹിന്ദുത്വവാദികളുടെ ലക്ഷ്യം. അത് റദ്ദാക്കുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലുണ്ട്. അതുപക്ഷെ പ്രത്യേക ഔദാര്യമോ പ്രത്യേക പരിഗണനയോ അല്ല, ജമ്മു കാശ്മീരിന്റെ സ്വതന്ത്രമായ അവകാശത്തെ അംഗീകരിക്കുക മാത്രമാണ് എന്നതാണ് അവര്‍ മറച്ചുവെക്കുന്നത്. 1947 ആഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ടു രാജ്യങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്ന് 552 നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ചിലത് പാകിസ്ഥാനോട് ചേര്‍ന്നു; ചിലത് ഇന്ത്യയോട് ചേര്‍ന്നു. എന്നാല്‍ ഹൈദരാബാദ്, തിരു-കൊച്ചി, ജമ്മു കാശ്മീര്‍, ജുനാഗദ് തുടങ്ങിയവ രണ്ടുരാജ്യത്തോടും ചേരാതെ നിന്നു. ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്ലീങ്ങളായിരുന്നു; രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍; ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാന്‍ജി മുസ്ലീം. 1947 സെപ്തംബര്‍ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള Instrument of Accession (IoA) യില്‍ രാജാവ് ഒപ്പുവച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായില്ല. കാരണം ജനസംഖ്യയില്‍ കൂടുതല്‍ മുസ്ലിമായതുതന്നെ. രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്താനായിരുന്നു ഇന്ത്യയുടെ ആവശ്യം. പാകിസ്ഥാന്‍ ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ സ്വന്തമാക്കി. ജനഹിതപരിശോധനയും അതിനനുകൂലമായിരുന്നു.
സ്വാഭാവികമായും ഇതേ മാതൃകയില്‍ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കാന്‍ ശ്രമം നടന്നു. നൂറുകണക്കിനുപേരുടെ ചോരയൊഴുകി. അങ്ങോട്ടുമിങ്ങോട്ടും വന്‍പാലായനങ്ങള്‍ നടന്നു. ഒക്ടോബര്‍ 24 ന് പുഞ്ചില്‍ ‘ആസാദ് കാശ്മീര്‍’ എന്ന പേരില്‍ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് ആയുധധാരികളായ ആയിരക്കണക്കിന് പഠാന്‍ ഗോത്രവര്‍ക്കാര്‍ കാശ്മീരിനെ ആക്രമിച്ചു. ആക്രമണത്തെ തടയാന്‍ ജമ്മു-കാശ്മീര്‍ രാജാവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായം തേടി. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് പട്ടാളത്തെ അയയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, 1947 ഒക്ടോബര്‍ 26 ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരിസിംഗും ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവക്കുകയായിരുന്നു. ഇത് താല്‍ക്കാലിക ഏര്‍പ്പാടാണ്; ഇതനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്; കാശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു – ഇതൊക്കെയായിരുന്നു നിബന്ധനകള്‍. ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടക്കണമെന്ന പാകിസ്ഥാന്‍ നിര്‍ദ്ദേശം ഇന്ത്യ തള്ളി. തുടര്‍ന്ന് ഇന്ത്യാ – പാക് യുദ്ധം നടന്നു. അതിനിടെ പ്രശ്നം പഠിച്ച ഐക്യരാഷ്ട്രസഭ തങ്ങളുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധനയാകാം എന്നു പ്രഖ്യാപിച്ചു. യുദ്ധം നിന്നെങ്കിലും കൈവശമുള്ള പ്രദേശങ്ങള്‍ ഇരുകൂട്ടരും വിട്ടുകൊടുത്തില്ല. ഹിതപരിശോധന ഇന്നുവരേയുംനടന്നതുമില്ല. അങ്ങനെയാണ് കാശ്മീരിനു പ്രതേക പദവി ലഭിച്ചതും ഈ പ്രദേശം ലോകത്തെ അശാന്തമായ പ്രദേശങ്ങളില്‍ ഒന്നായി മാറിയതും. എത്രതവണ, എത്രയോ പേര്‍ ഓര്‍മ്മിപ്പിച്ചിട്ടും ഈ ചരിത്രം മാച്ചു കളയാനാണ് എന്നും സംഘപരിവാര്‍ ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴത്തെ കേന്ദ്രനീക്കത്തിന്റെയും പുറകിലുള്ള യഥാര്‍ത്ഥ കാരണം മറ്റൊന്നല്ല എന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in