കെ റെയില്‍ അപമാനിക്കുന്നത് ഗുരുവിനെ തന്നെ…

ഇത്തരത്തില്‍ വളരെ സജീവമായി നില്‍ക്കുന്ന വിഷയത്തില്‍ വാസ്തവത്തില്‍ ചര്‍ച്ച നടത്തേണ്ടത് സമരം ചെയ്യുന്നവരുമായിട്ടാണ്. അതിനിതുവരേയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം പൗരമുഖ്യര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്തത്. അതില്‍ നിന്നു വ്യത്യസ്ഥമായി ഇത്തരമൊരു സംവാദത്തിനു തയ്യാറായപ്പോള്‍, അടുത്ത ചര്‍ച്ച സമരക്കാരുമായിട്ടായിരിക്കും എന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാലതിനെയെല്ലാം ഊതിക്കെടുത്തുന്ന നടപടിയാണ് സര്‍ക്കാരില്‍ നിന്നും കെ റെയിലില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്നു പറയാതെ വയ്യ.

‘തര്‍ക്കിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനു’മാണ്. സംവാദങ്ങളെ കുറിച്ചുള്ള ഗുരുവിന്റെ പ്രശസ്തമായ ഈ വരികള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഗുരു വിഭാവനം ചെയ്ത സംവാദങ്ങളല്ല, വിവാദങ്ങളും തര്‍ക്കവും മാത്രമാണ് പൊതുവില്‍ ഇവിടെ നടക്കാറുള്ളത്. ജയിക്കല്‍ മാത്രമാണ് ഏവരുടേയും ലക്ഷ്യം. അതാകട്ടെ മിക്കപ്പോഴും സ്വയം ചിന്തിക്കുക പോലുമില്ലാതെ, നേതാക്കളുടേയോ മറ്റാരുടേയെങ്കിലുമോ വാദങ്ങളേ അതേപടി വിഴുങ്ങിയും. സോഷ്യല്‍ മീഡിയയുടെ വ്യാപനമാകട്ടെ ഈ പ്രവണത സര്‍വ്വവ്യാപകമാക്കുകയും ചെയ്തു.

കെ റെയിലുമായി ബന്ധപ്പെട്ട് 28ന് തിരുവനന്തപുരത്തു നടക്കുന്ന സംവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ഗുരുവിന്റെ ഇതേ വചനങ്ങള്‍ ഉദ്ധരിച്ചാണ് കെ റെയില്‍ അധികൃതര്‍ ഇതേ കുറിച്ച് പറയുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവരും ഗുരുവിനെ തള്ളിപ്പറയുകയാണ് ചെയ്തത് എന്നു പറയാതിരിക്കാനാവില്ല. ഉപാധികളില്ലാതെ, അറിയാനും അറിയിക്കാനുമുള്ള തുറന്ന സംവാദം നടക്കുമെന്നു കരുതിയവരെയെല്ലാം നിരാശരാക്കി ആരംഭിക്കുന്നതിനുമുമ്പെ സംവാദം പരാജയപ്പെടുകയും വിവാദമാകുകയും ചെയ്തു. ജയിക്കല്‍ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരോക്ഷമായി കെ റെയില്‍ അധികൃതര്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

കെ റെയിലിനെതിരെ രാഷ്ട്രീയമായും പാരിസ്ഥിതികമായും സാങ്കേതികമായും ഭരണപരമായുമുള്ള നിലപാടുകള്‍ ഏറ്റവും നന്നായി അവതരിപ്പിക്കുന്ന, മുന്‍മുഖ്യമന്ത്രി വി എസിന്റെ ഐ ടി ഉപദേഷ്ടാവ് ജോസഫ് മാത്യുവിനെ സംവാദത്തിനു ക്ഷണിച്ചത് സ്വാഭാവികമായും ഏറെ സ്വാഗതം ചെയ്യപ്പെട്ടു. സര്‍ക്കാര്‍ തുറന്ന സംവാദം തന്നെ സ്വാഗതം ചെയ്യുന്നു എന്ന തോന്നലാണ് അതുണ്ടാക്കിയത്. മാത്രമല്ല, ആര്‍ വി ജി മേനോന്‍, അലോക് വര്‍മ്മ എന്നിവരുമടങ്ങുന്ന പാനല്‍ കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കുമെന്ന പ്രതീക്ഷയും സമ്മാനിച്ചു. എന്നാല്‍ വിശ്വസനീയമായ യാതൊരു കാരണവും പറയാതെ, കൃത്യമായി അറിയിക്കുക പോലും ചെയ്യാതെ ജോസഫ് മാത്യുവിനെ ഒഴിവാക്കിയതോടെ സംവാദത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നത് സ്വാഭാവികം. അപ്പോഴും അദ്ദേഹത്തിനു പകരം ആര്‍ ശ്രീധരനെന്ന പരിസ്ഥിതി വിദഗ്ധനെ കൊണ്ടുവന്നത് വീണ്ടും പ്രതീക്ഷ നല്‍കി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ പിന്നീട് കണ്ടത് ഗുരുവചനത്തില്‍ നിന്ന് ഏകപക്ഷീയമായി അധികൃതര്‍ പിന്മാറുന്ന കാഴ്ചയാണ് കണ്ടത്. തുറന്ന സംവാദം എന്ന ആദ്യത്തെ പ്രയോഗം മാറ്റുകയും കെ റെയിലിന്റെ മേന്മകള്‍ ജനങ്ങളെ അറിയിക്കാനാണ് സംവാദം എന്നവകാശപ്പെടുകയും ചെയ്തു. മാത്രമല്ല, സര്‍ക്കാരാണ് സംവാദം സംഘടിപ്പിക്കുന്നത് എന്നതിനു പകരം സംഘാടകര്‍ കെ റെയിലായി മാറുകയും ചെയ്തു. സ്വാഭാവികമായും ആത്മാഭിമാനമുള്ള ആര്‍ക്കും ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലല്ലോ. സര്‍ക്കാരും കെ റെയിലും അതുതന്നെയാണ് ആഗ്രഹിക്കുന്ന് എന്നു കരുതാവുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. പലപ്പോഴും സിപിഎമ്മിന്റെ പോഷകസംഘടന എന്ന രീതിയില്‍ മാറിയ ചരിത്രമുള്ള പരിഷത്തിന്റെ നേതാവു കൂടിയായ ആര്‍ വി ജി മേനോന് പിന്മാറാന്‍ എളുപ്പമല്ലല്ലോ. മറ്റു പാനലിസ്റ്റുകള്‍ പറയുന്നതു ശരിവെച്ചുതന്നെ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പദ്ധതിക്കെതിരായ നിലപാടുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹം മാത്രമാണ് പാനലിലുളളത്. തര്‍ക്കിച്ചു, ജയിക്കാനുള്ള എല്ലാ സംവിധാനവും കെ റെയില്‍ പൂര്‍ത്തിയാക്കി എന്നര്‍ത്ഥം.

സംവാദത്തില്‍ നിന്നു യാതൊന്നും ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഈ സമയത്തുപോലും സര്‍ക്കാരും കെ റെയിലും പരോക്ഷമായി വ്യക്തമാക്കിയിരുന്നു. അതാണല്ലോ സംവാദത്തിനു രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴും അതു കഴിയുന്നതുവരെ കാത്തിരിക്കാതെ കല്ലിടല്‍ കര്‍മ്മം തുടര്‍ന്നതും എതിര്‍ത്തവരെ പോലീസ് മാത്രമല്ല, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരും തെരുവില്‍ നേരിട്ടതും അതിനെ സംസ്ഥാന – ജില്ലാ സെക്രട്ടറിമാര്‍ ന്യായീകരിച്ചതും.

വാസ്തവത്തില്‍ കെ റെയിലുമായി ബന്ധപ്പെട്ട വിഷയം അറിയലിന്റേയും അറിയിക്കലിന്റേയും മാത്രം പ്രശ്‌നമല്ല. പദ്ധതിയുടെ ഫലമായി സ്വന്തം സ്ഥലം നഷ്ടപ്പെടുന്ന നിരവധി പേര്‍ തെരുവില്‍ സമരം ചെയ്യുകയാണ്. അവരില്‍ പലരും മറ്റു പല പദ്ധതികള്‍ക്കുമായി നേരത്തെ സ്ഥലം വിട്ടുകൊടുത്തവരുമാണ്. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ നഷ്ടപരിഹാരത്തെ കുറിച്ച് സര്‍ക്കാര്‍ പറയുന്നതൊന്നും അവര്‍ വിശ്വസിക്കാത്തതും സ്വാഭാവികം. പദ്ധതിയുടെ സാമ്പത്തിക – പാരിസ്ഥിതി പ്രത്യാഘാതങ്ങളാകട്ടെ അതിഭീമമായിരിക്കുമെന്ന് നിരവധി വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ഗേജിലുള്ള വ്യത്യാസം മൂലം ഒരു ലക്ഷം കോടിയേക്കാള്‍ ചിലവുവരുന്ന പദ്ധതി കൊണ്ടുള്ള നേട്ടം കിട്ടുന്നവരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നുറപ്പ്. ഇതിനേക്കാള്‍ എത്രയോ കുറഞ്ഞ ചിലവില്‍, കുറവ് പാരിസ്ഥിതിക നാശത്തില്‍, ഏറെക്കുറെ ഇതേ നേട്ടങ്ങള്‍ എത്രയോ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുന്ന ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള രണ്ടുവരി പാതക്കു സമാന്തരമായി രണ്ടുവരി കൂടി എന്നത് ഒരു ഉദാഹരണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ വളരെ സജീവമായി നില്‍ക്കുന്ന വിഷയത്തില്‍ വാസ്തവത്തില്‍ ചര്‍ച്ച നടത്തേണ്ടത് സമരം ചെയ്യുന്നവരുമായിട്ടാണ്. അതിനിതുവരേയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം പൗരമുഖ്യര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്തത്. അതില്‍ നിന്നു വ്യത്യസ്ഥമായി ഇത്തരമൊരു സംവാദത്തിനു തയ്യാറായപ്പോള്‍, അടുത്ത ചര്‍ച്ച സമരക്കാരുമായിട്ടായിരിക്കും എന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാലതിനെയെല്ലാം ഊതിക്കെടുത്തുന്ന നടപടിയാണ് സര്‍ക്കാരില്‍ നിന്നും കെ റെയിലില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്നു പറയാതെ വയ്യ.

വാസ്തവത്തില്‍ കെ റെയിലുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നം ജനാധിപത്യനിഷേധത്തിന്റെ തന്നെയാണ്. പദ്ധതിയുടെ DPR പോലും പുറത്തുവിടാതിരിക്കാനായിരുന്നല്ലോ സര്‍ക്കാര്‍ ശ്രമിച്ചത്. ഇപ്പോള്‍ നടക്കുന്ന ബലം പ്രയോഗിച്ചുള്ള കല്ലിടലിന്റെ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്താനായിട്ടില്ല. ഉടമയെ അറിയിക്കാതേയും സമ്മതമില്ലാതെയുമാണ് പറമ്പില്‍ കയറി കല്ലിടുന്നതും എതിര്‍ക്കുന്നവരെ ചവിട്ടിയും മര്‍ദ്ദിച്ചുമൊതുക്കുന്നതും. തദ്ദേശ സ്ഥാപനങ്ങളേയോ ജനപ്രതിനിധികളേയോ പോലും അറിയിക്കാതെയാണ് ഇതെല്ലാം നടക്കുന്നത്. ഇപ്പോഴിതാ സമരം ചെയ്യുന്നവരെ നേരിടാന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെ തെരുവിലിറങ്ങിയിരിക്കുന്നു. മറുവശത്ത് പദ്ധതി രേഖ മലയാളത്തില്‍ ലഭ്യമാക്കിയിയിട്ടില്ല. ഗ്രാമ പഞ്ചായത്തുകളില്‍ പദ്ധതി സംബന്ധിച്ച ചര്‍ച്ച നടത്തുകയോ പ്രമേയം അവതരിപ്പിക്കുകയോ ചെയ്യുന്നില്ല. പദ്ധതിയെ സംബന്ധിച്ച് ‘റഫറണ്ടം’ നടത്തുന്നില്ല. സമര സംഘടനകളുമായി ചര്‍ച്ച നടത്തുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സംവാദത്തിന്റെ പേരില്‍ ഏറെ പ്രതീക്ഷ നല്‍കിയ ശേഷം സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയും കെ റെയില്‍ അധികൃതരുമടക്കമുള്ളവരെ പങ്കെടുപ്പിച്ച് തുറന്ന ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നു സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനോട് ഗുണാത്മകമായ സമീപനം സ്വീകരിക്കാനാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ തയ്യാറാകേണ്ടത്. എങ്കിലത് ജനാധിപത്യപരമായി വലിയൊരു കുതിച്ചുചാട്ടമായിരിക്കും എന്നുറപ്പ്. ഗുരുവചനത്തോട് നീതിപുലര്‍ത്തുന്നതുമായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply