കെ റെയിലും മൈത്രേയന്റെ യുക്തിയും
മൈത്രേയന്‍ പറയുന്നപോലെ വിദഗ്ധരല്ലാത്ത, സാമാന്യജനങ്ങളാണോ കെ റെയിലിനെതിരെ രംഗത്തുവന്നിരിക്കുന്നത്? അല്ല, വിദഗ്ധരെന്നു വിശേഷിപ്പിക്കപ്പെടുന്നവരെയെടുത്താല്‍ പദ്ധതിയെ അനുകൂലിക്കുന്നതിനേക്കാള്‍ എതിര്‍ക്കുന്നവരാണ് കൂടുതല്‍. ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക പ്രധാന സംഘടനയായ പരിഷത്തും എതിരാണ്. കാലാവസ്ഥാവ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന പ്രദേശമാണ് കേരളമെന്നു കണ്ടെത്തിയത് വിദഗ്ധര്‍ തന്നെയാണ്.
കെ റെയിലിനെ കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. ചര്‍ച്ചകള്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ അനിവാര്യമാണ്. ജനാധിപത്യത്തിനു ഒരു വിലയും കൊടുക്കാത്ത രീതിയില്‍ പദ്ധതിയുടെ ഡി പി ആര്‍ പ്രസിദ്ധീകരിക്കില്ല എന്ന നിലപാടു തിരുത്തിക്കാന്‍ ഈ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി. മറുവശത്ത് പദ്ധതിക്ക് അനുമതി പോലുമാകാതെ കല്ലിടല്‍ പ്രക്രിയയുമായി മുന്നോട്ടുപോകുന്ന നടപടിക്കെതിരെ സ്വാഭാവികമായും ഒരുപാട് പേര്‍ സമരത്തിലുമാണ്. വരുംദിവസങ്ങളില്‍ കേരളത്തെ ഏറ്റവും കലുഷിതമാക്കാന്‍ പോകുന്നത് ഈ വിഷയമായിരിക്കും എന്നുറപ്പ്.
ആകാശത്തിനു കീഴെയുള്ള ഏതൊരുവിഷയത്തെ കുറിച്ചും അഭിപ്രായം പറയാന്‍ കഴിവുള്ള മൈത്രേയന്റെ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇത്തരം വിഷയങ്ങളെ കുറിച്ച് അഭിപ്രായം പറയേണ്ടത് വിദഗ്ധരാണെന്നും സാധാരണക്കാരല്ല എന്നും താന്‍ സാധാരണക്കാരനാണെന്നും പറയുന്ന മൈത്രേയന്‍ പക്ഷെ വിശദമായി തന്റെ അഭിപ്രായം പറയുന്നുണ്ട്. കെ റെയില്‍ വേണമെന്നു തന്നെയാണ് പതിവു യുക്തികളോടെ അദ്ദേഹം സമര്‍ത്ഥിക്കുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആര്‍ക്കുമറിയാവുന്ന കുറെ കാര്യങ്ങള്‍ പറഞ്ഞ്, സാമാന്യവല്‍ക്കരിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന വിഷയങ്ങളൊന്നും അദ്ദേഹം കാര്യമായി സ്പര്‍ശിക്കുന്നതേയില്ല. മാത്രമല്ല ലോകം ഇപ്പോള്‍ വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഗൗരവമായ പല വിഷയങ്ങളും അദ്ദേഹം തന്ത്രപൂര്‍വ്വം വിട്ടുകളയുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം ചൂണ്ടികാട്ടിയാണ് മൈത്രേയന്‍ സംഭാഷണം ആരംഭിക്കുന്നതു തന്നെ. മൃഗങ്ങള്‍ പ്രകൃതിയുടെ ഭാഗമായി ജീവിക്കുന്നു, അതില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ല, പുലി പിടിക്കാന്‍ വരുമ്പോള്‍ എന്നും മാന്‍ ഓടിയിട്ടേയുള്ളു, എന്നാല്‍ മനുഷ്യന്‍ അതല്ല, അവര്‍ പുലി വരുന്നത് മനസ്സിലാക്കി ഒളിച്ചിരിക്കും, കൂടുണ്ടാക്കി പുലിയെ പിടിക്കും…. മനുഷ്യരുടെ ഈ കഴിവിനെ നി്‌ഷേധിക്കുന്നതാകരുത് നമ്മുടെ നിലപാടുകള്‍. നൂറു ശതമാനം ശരിയാണത്. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെങ്കിലും, അതില്‍ നിന്നു മാറിനിന്ന് പ്രകൃതിയെ വീക്ഷിക്കാനും ഇടപടൊനും മാറ്റിതീര്‍ക്കാനും കഴിവുള്ള ജീവി തന്നെയാണ്. അതിനെ നിഷേധിക്കുന്ന ചില പരിസ്ഥിതി മൗലികവാദികളുടെ നിലപാട് തെറ്റുതന്നെയാണ്. പ്രകൃതിയുമായുള്ള കൊടുക്കലും വാങ്ങലുകളിലൂടെ മനുഷ്യന്‍ വികസിപ്പിച്ച ശാസ്ത്രവും സാങ്കേതിക വിദ്യയുമുപയോഗിച്ച് ജീവിതത്തെ കൂടുതല്‍ ഗുണപരമായി തീര്‍ക്കുക തന്നെയാണ് ചെയ്യുന്നത്. (ആരുടെയൊാക്കെ ജീവിതമാണ് ഗുണപരമായി ഉയര്‍ന്നത് എന്ന ചോദ്യം വേറെയുണ്ട്. തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ) മനുഷ്യനുകൂടി അവകാശപ്പെട്ടതാണ് പ്രകൃതി. അതേസമയം ഇതുമായി ബന്ധപ്പെട്ടാണ് മൈത്രേയന്‍ വളരെ പ്രധാനപ്പെട്ട ഒന്ന് വിട്ടുകളയുന്നത്. മനുഷ്യന്റെ പ്രകൃതിയിലെ അമിതമായ ഇടപെടല്‍ ആഗോളതാപനമടക്കം അതീവഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങളിലേക്ക് നമ്മെ എത്തിച്ചിരിക്കുന്നു എന്നതാണത്. അതുംപറയുന്നത് സാധാരണക്കാരല്ല. മൈത്രേയന്‍ ഉയര്‍ത്തിപിടിക്കുന്ന ശാസ്ത്രജ്ഞരാണ്. വിദഗ്ധരാണ്. ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം ഉപയോഗിച്ചു നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തന്നെയാണ് അവര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഇനിയുള്ള കാലം ഏതൊരു മെഗാപദ്ധതിയും നടപ്പാക്കേണ്ടത് ഈ വിഷയം കൂടി പരിഗണിച്ചും വിശദമായ പാരിസ്ഥിതികാഘാത പഠനം നടത്തിയും വേണമെന്നു ലോകമെങ്ങുമുള്ള വിദഗ്ധര്‍ തന്നെയാണ് പറയുന്നത്. ഈ വിഷയം ഇത്രമാത്രം സജീവമല്ലാത്ത, തിരിച്ചറിയപ്പെടാതിരുന്ന കാലത്തു പല വികസിത രാഷ്ട്രങ്ങളും നടത്തിയ വന്‍പദ്ധതികള്‍ ചൂണ്ടികാട്ടി ഇനിയുള്ള കാലം അവയെ ന്യായീകരിക്കാനാവില്ല. അങ്ങനെയൊക്കെ സംഭവിച്ചതിനാലാണല്ലോ ആഗോളതാപനത്തില്‍ ആ രാഷ്ട്രങ്ങള്‍ കൂടുതല്‍ ഉത്തരവാദികളാകുന്നത്. എന്നുവെച്ച് നമ്മളും ആ നിലവാരത്തിലെത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നു പറയാനാകില്ലല്ലോ.
മൈത്രേയന്‍ പറയുന്നപോലെ വിദഗ്ധരല്ലാത്ത, സാമാന്യജനങ്ങളാണോ കെ റെയിലിനെതിരെ രംഗത്തുവന്നിരിക്കുന്നത്? അല്ല, വിദഗ്ധരെന്നു വിശേഷിപ്പിക്കപ്പെടുന്നവരെയെടുത്താല്‍ പദ്ധതിയെ അനുകൂലിക്കുന്നതിനേക്കാള്‍ എതിര്‍ക്കുന്നവരാണ് കൂടുതല്‍. ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക പ്രധാന സംഘടനയായ പരിഷത്തും എതിരാണ്. കാലാവസ്ഥാവ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന പ്രദേശമാണ് കേരളമെന്നു കണ്ടെത്തിയത് വിദഗ്ധര്‍ തന്നെയാണ്. 24 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ പ്രളയമുണ്ടാകുന്ന പ്രദേശമാണ് കേരളം എന്നത് എല്ലാവരുടേയും അനുഭവം. പദ്ധതി മൂലമുണ്ടാകുന്ന പാരിസ്ഥിതിഘാതങ്ങള്‍ എണ്ണിയെണ്ണി അവതരിപ്പിക്കുന്നതും വിദഗ്ധര്‍ തന്നെയാണ്. ഡി പി ആറില്‍ പോലും അതിന്റെ എത്രയോ സൂചനകള്‍. എന്നിട്ടും ശാസ്ത്രീയനിലപാടുകള്‍ക്കായി നിലകൊള്ളുന്നവര്‍ക്ക് കണ്ണടച്ച് എങ്ങനെയതിനെ പിന്തുണക്കാനാകും? അവരുന്നയിക്കുന്ന വിഷയങ്ങളൊന്നും മൈത്രേയന്‍ പരിഗണിക്കുന്നതേയില്ല. പിന്നെ പദ്ധതിക്കായി കുടിയിറക്കപ്പെടുന്നവര്‍ മൊത്തം അതിനെതിരായിരിക്കുമെന്നുറപ്പ്. കേരളത്തില്‍ അതില്‍ ഒരല്‍ഭുതവുമില്ല. സ്ഥലം പോകുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് മൈത്രേയന്‍ വാചാലനാകാതെ, ഒഴുക്കന്‍ മട്ടില്‍ പറയുന്നുണ്ടല്ലോ. എന്താണ് നമ്മുടെ ഇന്നോളമുള്ള അനുഭവം എന്നു മൈത്രേയനറിയാത്തതാണോ? ഒരുപക്ഷെ സ്മാര്‍ട്ട് സിറ്റിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കി മാത്രമായിരിക്കും മാന്യമായ നഷ്ടപരിഹാരം സമയത്തു നല്‍കിയത്. ദേശീയപാതയുടെ ദയനീയ അവസ്ഥയെ കുറിച്ച് മൈത്രേയന്‍ പറയുന്നുണ്ടല്ലോ. ദേശീയപാതക്കായി കേരളത്തിലെമ്പാടും ഏറ്റെടുത്ത ആയിരകണക്കിന് ഏക്കര്‍ ഭൂമിക്ക് മിക്കവക്കും നഷ്ടപരിഹാരം നല്‍കിയത് എത്രയോ കാലത്തിനുശേഷം. അതും എത്രയോ ചെറിയ തുക. ഏറ്റെടുത്ത് വര്‍ഷങ്ങളായിട്ടും വീതികൂട്ടാതെ വീണ്ടും ഭൂമി ഏറ്റെടുത്ത സംഭവങ്ങള്‍. രണ്ടു തവണ ഒരേ കാര്യത്തിന് ഭൂമി വിട്ടുകൊടുക്കേണ്ടി വന്നവര്‍ നിരവധി. മൂലമ്പിള്ളിയെ കുറിച്ചൊന്നും പറയേണ്ടതില്ലല്ലോ. ഇതെല്ലാം അറിയുന്നവര്‍ അത്ര പെട്ടന്ന് ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാകുമോ? ഇപ്പോള്‍തന്നെ നഷ്ടപരിഹാരത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കെ റെയില്‍ എം ഡി തിരുത്തിയല്ലോ. കെ റെയിലിനെ അനുകൂലിക്കുന്നവരുടെ ഭൂമി പോകുമെങ്കില്‍ അവര്‍ നിലപാടുമാറ്റുമെന്നതില്‍ സംശയം വേണ്ട. അടുത്ത കാലത്താണ് ദേശീയപാതക്ക് മാന്യമായ നഷ്ടപരിഹാരം കൊടുത്തു തുടങ്ങിയത്. ഇതൊന്നും മൈത്രേയന് അറിയില്ലേ?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതിയ എന്തു വരുമ്പോഴും ഇത്തരത്തില്‍ എതിര്‍ക്കുന്നവരാണ് നമ്മളെന്ന മൈത്രേയന്റ അഭിപ്രായം ശരിയാണ്. കൊയ്ത്തുയന്ത്രത്തേയും ട്രാക്ടറിനേയും കമ്പ്യൂട്ടറിനേയും മൊബൈല്‍ ടവറിനേയുമൊക്കെ എതിര്‍ത്തവര്‍ ധാരാളമുള്ള നാടാണ് കേരളം. കേരളത്തില്‍ മാത്രമല്ല, മൈത്രേയന്‍ പറയുന്ന പല വികസിത രാഷ്ട്രങ്ങളിലും ഇത്തരം എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. മാറ്റങ്ങളെ അത്രപെട്ടെന്ന് ഉള്‍ക്കൊള്ളാവുന്ന മാനസിക അവസ്ഥയല്ല പൊതുവില്‍ മനുഷ്യരുടേത്. പക്ഷെ ശരിയായ ചില കാര്യങ്ങള്‍ ചൂണ്ടികാട്ടി സാമാന്യവല്‍ക്കരിച്ച് ഇതിനേയും ന്യായീകരിക്കുന്ന യുക്തിയാണ് മൈത്രേയന്റേത്. മേല്‍സൂചിപ്പിച്ച വിഷയങ്ങളിലെല്ലാം തൃപ്തികരമായ മറുപടികള്‍ നല്‍കിയവര്‍ അന്നുണ്ടായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തിന്റെ വെളിച്ചത്തില്‍ കെ റെയിലിനനുകൂലമായ മറുപടികള്‍ തൃപ്തികരമാണെന്നു പറയാനാകില്ല. മിക്കവരും ചെയ്യുന്നത് ഇതുപോലെയുള്ള സാമാന്യവല്‍ക്കരണങ്ങളാണ്. മാത്രമല്ല, വളരെ പ്രസക്തമായ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നിട്ടുമുണ്ട്. ഉദാഹരണത്തിന് നിലവിലുള്ള പാതക്കു സമാന്തരമായി രണ്ടുപാത കൂടി നിര്‍മ്മിച്ച് അവയിലൂടെ വേഗത കൂടിയ ട്രെയിനുകള്‍ ഓടിച്ചാല്‍ കെ റെയിലിനേക്കാള്‍ കൂടുതല്‍ പേര്‍ക്കത് ഉപകാരപ്രദമായിരിക്കും. നിലവിലെ പാതയിലൂടെ കൂടുതല്‍ പാസഞ്ചര്‍ ട്രൈയിനുകള്‍ ഓടി്ക്കാം. പുതിയ പാതയിലൂടെ അതിവേഗമില്ലെങ്കിലും വേഗതീവണ്ടികള്‍ ഓടിക്കാം. കേരളത്തി്‌നു പുറത്തേക്കുള്ള യാത്രക്കാര്‍ക്കും അതിന്റെ ഗുണം ലഭിക്കും. കെ റെയിലിനേക്കാല്‍ അല്‍പ്പം സമയം കൂടുതലെടുത്താലും അതു സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങളും സാമ്പത്തിക ബാധ്യതയും സാമൂഹ്യപ്രശ്‌നങ്ങളും താരതമ്യെന എത്രയോ തുച്ഛമായിരിക്കും. അതും നിര്‍ദ്ദേശിച്ചത് വിദഗ്ധര്‍ തന്നെയാണ്. എന്നാല്‍ മൈത്രേയന്‍ അതേകുറിച്ചും മൗനമാണ്. മാത്രമല്ല, ഭരണകൂടത്തെ കണ്ണടച്ച് അനുകൂലിക്കുന്ന പ്രജകളല്ല, നിരന്തരമായി ചോദ്യം ചെയ്യുന്ന പൗരന്മാരാണ് ജനാധിപത്യത്തില്‍ അനിവാര്യമെന്ന നിരന്തരം ആവര്‍ത്തിക്കാറുള്ള തന്റെ നിലപാടില്‍ അദ്ദേഹം തല കുത്തി മറിയുകയാണോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
ചുരുക്കത്തില്‍ പ്രകൃതിക്കുമുന്നില്‍ മറ്റുമൃഗങ്ങളെപോലെ നിസ്സഹായരല്ല മനുഷ്യര്‍. മറിച്ച് പ്രകൃതിയിലിടപെടുന്നവരാണ്. എന്നാല്‍ ആ ഇടപെടല്‍ പരിധിവിട്ടതിന്റെ ദുരന്തങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. അതും തിരിച്ചറിഞ്ഞത് മനുഷ്യര്‍ തന്നെയാണ്. അതില്‍ നിന്നു പാഠം പഠിച്ചുവേണം ഇനിയുള്ള ഓരോ ഇടപടെലും. കെ റെയിലിനും അത് ബാധകമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in