ബിന്ദു അമ്മിണിക്ക് നീതി വേണം : ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

കുറ്റപത്രത്തില്‍ എസ് സി എസ് ടി അട്രോസിറ്റി വകുപ്പുകള്‍ ചേര്‍ത്തു കാണുന്നില്ല ആ വകുപ്പുകള്‍ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി ഉത്തരവ് പ്രകാരം അനുവദിച്ച പോലീസ് പ്രൊട്ടക്ഷന്‍ കാര്യക്ഷമമായി നടപ്പാക്കുക ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായും ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി ഉന്നയിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന അവകാശങ്ങളും സുപ്രിംകോടതിവിധിയും ഉയര്‍ത്തിപിടിച്ച് മൂന്നു വര്‍ഷം മുമ്പ് ശബരിമല കയറിയ ബിന്ദു അമ്മിണിക്കെതിരായ സംഘപരിവാര്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിനെതിരായ പ്രതിഷേധവും ശക്തമാകുകയാണ്. മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ കാര്യമായി ഇടപെടുന്നില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ നിരവധി സ്ത്രീ – ദളിത് – മനുഷ്യാവകാശ സംഘടനകള്‍ ബിന്ദു അമ്മിണിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നു. പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും നിരന്തരമായി നടക്കുന്ന അതിക്രമങ്ങള്‍ തടയാനും കോടിതിവിധി അനുസരിച്ചുള്ള സംരക്ഷണം തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 12-ാം തിയതി ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് ഈ സംഘടനകള്‍. നേരത്തെ രണ്ടുതവണ അവരെ അക്രമിച്ചവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല എന്നും ബിന്ദു അമ്മിണി ഐക്യദാര്‍ഢ്യ സമിതി ചൂണ്ടികാട്ടുന്നു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ലിംഗനീതിയും ലിംഗസമത്വവും പരിഗണിച്ചു കൊണ്ടാണ് ശബരിമല സ്ത്രീ പ്രവേശനത്തിന് സുപ്രിം കോടതി അനുമതി നല്‍കിയത്. സുപ്രീം കോടതി വിധി നിലനില്‍ക്കേ ശബരിമല പ്രവേശനം നടത്തിയ ബിന്ദു അമ്മിണിക്കു നേരെ നിരന്തരമായി ശാരീരികാക്രമണവും സൈബര്‍ അക്രമണവും നടക്കുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ഭീഷണി നിലനില്ക്കുന്നത് കൊണ്ടാണ് ബിന്ദു അമ്മിണിക്കും കനക ദുര്‍ഗ്ഗയ്ക്കും സര്‍ക്കാര്‍ പോലീസ് പ്രൊട്ടക്ഷന്‍ നല്‍കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടത്. നിയമപരമായി പോലീസ് പ്രൊട്ടക്ഷന്‍ നിലനില്‍ക്കുമ്പോഴാണ് ബിന്ദു അമ്മിണിക്ക് അത് നല്‍കാതിരിക്കുകയും അവര്‍ നിരന്തരം ആക്രമിക്കപ്പെടുകയും ചെയ്യുന്നത്. തനിക്ക് പോലീസ് സംരക്ഷണം പിന്‍വലിച്ച സാഹചര്യത്തെ കുറിച്ച് ബിന്ദു അമ്മിണി പറയുന്നത് ഇങ്ങനെയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

”എനിക്ക് സുപ്രീം കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഞാന്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നത് അനുസരിച്ച് മുമ്പ് ഗണ്‍മാന്‍ ആയിരുന്നു. എന്നാല്‍ പ്രളയ സമയത്ത് തല്ക്കാലം വേണ്ട എന്ന് ആവശ്യപ്പെട്ടതനുസരിച്ച് സുരക്ഷ അവസാനിപ്പിക്കുകയും പിന്നീട് വനിതാ പോലീസ് മതി എന്നാവശ്യപ്പെട്ടതനുസരിച്ച് റൊട്ടേഷന്‍ അനുസരിച്ച് കോഴിക്കോട് റൂറലില്‍ നിന്ന് ഓരോ ദിവസവും രണ്ട് വനിതാ പോലീസുകാര്‍ സുരക്ഷാ ഡ്യൂട്ടി ചെയ്തുവരുന്നു. സാമൂഹ്യ പ്രവര്‍ത്തകയായ ഞാന്‍ എല്ലാത്തരത്തിലും ആദരവോടെയും ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഡ്യൂട്ടിയിലുള്ളവരോട് പെരുമാറുന്നത്. എന്നാല്‍ ഞാന്‍ ദളിതും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളും, ലളിത ജീവിതം നയിക്കുന്ന ആളുമായതിനാല്‍ വനിതാ പോലീസില്‍ ചിലര്‍ എന്നോട് ഒരു പ്രതിയോടെന്ന പോലെ ആണ് പെരുമാറുന്നത്. എന്റെ ഒപ്പം നടക്കുന്നത് അപമാനകരമെന്നതു പോലെയും, എനിക്കെതിരെ കളവായ ആരോപണങ്ങള്‍ ഉന്നയിച്ചും എന്നെ മാനസിക ബുദ്ധിമുട്ടിലാക്കി അവസാനം എനിക്ക് പോലീസ് സംരക്ഷണം വേണ്ട എന്ന് എന്നെക്കൊണ്ടു തന്നെ പറയിക്കാനുള്ള ആസൂത്രിത നീക്കമായാണ് ഞാനിതിനെ കാണുന്നത്.” പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യവും ജാതിപീഡനവും മൂലം താന്‍ സംസ്ഥാനം വിടുന്നതിനെ കുറിച്ചുപോലും ആലോചിക്കുകയാണെന്ന് ബിന്ദു കൂട്ടിചേര്‍ത്തു.

ബിന്ദുവിന് നേരെ നടക്കുന്ന അക്രമങ്ങളില്‍ പോലീസ് നിഷ്‌ക്രിയരാവുകയോ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നതും പതിവായിരിക്കുകയാണ്. ഒരു ദളിത് സ്ത്രീക്കു നേരെ നടന്ന അക്രമമായിട്ടും പ്രസ്തുത വകുപ്പുകള്‍ ചേര്‍ക്കാന്‍ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. പൊതുവിടങ്ങളില്‍ ഏത് സമയത്തും അക്രമികള്‍ ചാടി വീഴുമെന്ന അവസ്ഥ നിലനില്ക്കുന്നത് ഏറ്റവും ഗൗരവമായ മനുഷ്യാവകാശ പ്രശ്‌നമാമെന്നുപോലും പോലീസ് തിരിച്ചറിയുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എല്ലാവര്‍ക്കുമറിയാവുന്ന പോലെ ബിന്ദു അമ്മിണി ശബരിമലയില്‍ കയറിയത് വ്യക്തിപരമായ കാര്യത്തിനല്ല. കാലങ്ങളായി സാമൂഹ്യ – രാഷ്ട്രീയ പ്രവര്‍ത്തയാണവര്‍. സംഘപരിവാര്‍ ശക്തികള്‍ ബിന്ദുവിനെ ആക്രമിക്കുമ്പോള്‍ ലിംഗനീതിക്കു വേണ്ടി സ്ത്രീപുരുഷ തുല്യതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകളുമാണ് ആക്രമിക്കപ്പെടുന്നത്. സ്ത്രീകള്‍ക്ക് അവകാശപ്പെട്ട തുല്യ നീതി, ഭരണഘടനയുടേയും സുപ്രീകോടതി വിധിയുടേയും അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള സാമൂഹ്യമായ മാറ്റത്തിനു വേണ്ടിയാണ് അവര്‍ ഈ പോരാട്ടത്തിനു തയാറായത്. അന്ന് നിരവധി സ്ത്രീകള്‍ ഇത്തരമൊരു പോരാട്ടത്തിനിറങ്ങിയപ്പോള്‍, സംഘപരിവാറിനൊപ്പം നിന്ന്, ആക്ടിവിസ്റ്റുകള്‍ക്ക് കയറിയിറങ്ങാനുള്ള സ്ഥലമല്ല ശബരിമല എന്നു പറഞ്ഞായിരുന്നു അവര്‍ക്കെല്ലാം ഇടതുസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. സന്നിധാനത്തിനു തൊട്ടടുത്തുവരെയെത്തിയവരെ പോലും തിരിച്ചയച്ചാണ് അന്നവര്‍ വനിതാമതില്‍ തീര്‍ത്തത്. പിന്നീട് കോടതിയലക്ഷ്യമാകാതിരിക്കാനായിട്ടായിരുന്നു ബിന്ദുവിനും കനകക്കും സംരക്ഷണം നല്‍കിയത്. അതിനുശേഷവും ഒരു സ്ത്രീയും മല കയറാതിരിക്കാനും സര്‍ക്കാര്‍ ജാഗരൂകരായിരുന്നു. അതിനാല്‍ തന്നെ ആ സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഈ സര്‍ക്കാരില്‍ നിന്നു ബിന്ദുവിന് നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കുക വയ്യ.

ഇത്തരമൊരു സാഹചര്യത്തിലാണ് ഐക്യദാര്‍ഢ്യസമിതി സമരപരിപാടിയുമായി രംഗത്തു വന്നിരിക്കുന്നത്. കുറ്റപത്രത്തില്‍ എസ് സി എസ് ടി അട്രോസിറ്റി വകുപ്പുകള്‍ ചേര്‍ത്തു കാണുന്നില്ല ആ വകുപ്പുകള്‍ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി ഉത്തരവ് പ്രകാരം അനുവദിച്ച പോലീസ് പ്രൊട്ടക്ഷന്‍ കാര്യക്ഷമമായി നടപ്പാക്കുക ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായും ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി ഉന്നയിക്കുന്നത്. മാത്രമല്ല ബിന്ദുവിന് സ്വതന്ത്രമായി തൊഴില്‍ ചെയ്യാനും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താനും യാത്രകള്‍ ചെയ്യാനും തടസ്സങ്ങള്‍ സൃഷ്ടിക്കാത്ത പോലീസ് പ്രൊട്ടക്ഷനാണ് വേണ്ടതെന്നും സമിതി ചൂണ്ടികാട്ടുന്നു. മതനിരപേക്ഷ മൂല്യബോധമുള്ള, ദലിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഇല്ലാത്ത, ബിന്ദവിന്റെ ലളിതജീവിതത്തോട് ഒത്തുപോകുന്ന പോലീസുകാരെ മാത്രമേ നിയോഗിക്കാവൂ എന്നും സമിതി ആവശ്യപ്പെടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply