ഇസ്ലാമോഫോബിയ – വാക്കര്‍ഥം, ചരിത്രം, കാരണങ്ങള്‍, പ്രയോഗങ്ങള്‍

അപരസ്വത്വത്തില്‍ നിന്നും അറിവ് സ്വീകരിക്കാനുള്ള മനസ്സില്ലായ്മയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതായത് ഏതെങ്കിലും ഒരു സമൂഹം അപരവല്‍കരിക്കപ്പെട്ടാല്‍ പിന്നെ അപരവല്‍കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നുള്ള അറിവുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലാതാകുന്നു. അതിനാല്‍ തന്നെ ഇസ്ലാമിക വിരുദ്ധതക്ക് ഇന്ത്യയില്‍ ശക്തമായ അടിത്തറയുണ്ട്.

ഇസ്ലാം മതത്തിനെതിരെയുള്ള വെറുപ്പായോ, ഭയമായോ, അതല്ല മുന്‍ധാരണയായോ എല്ലാം തന്നെ ഇസ്ലാം വിരുദ്ധതയെന്ന (ഇസ്ലാമോഫോബിയ) വാക്കിനെ നിര്‍വചിക്കാവുന്നതാണ്. എന്നാല്‍, മുസ്ലിം വിരുദ്ധരായ ഇത്തരം ആള്‍ക്കാര്‍ അടഞ്ഞ ചിന്താഗതിക്കാരായത് കൊണ്ടുതന്നെ ആഴത്തില്‍ ഇസ്ലാം എന്ന മതത്തെ മനസ്സിലാക്കാനൊ, അതിനെ കുറിച്ച് ചിന്തിക്കാനൊ മെനക്കെടാറില്ല. പകരം അവര്‍ ഇസ്ലാമിനെ തീവ്രവാദം പടച്ചുവിടുന്ന ഉത്ഭവസ്ഥാനമായോ, ജിയോപൊളിറ്റിക്കല്‍ ഫോഴ്സായോ കരുതുവാന്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇസ്ലാം വിരുദ്ധതയെ സെനോഫോബിയയുടെയും റേസിസത്തിന്റെയുമെല്ലാം വകഭേദങ്ങളായി കാണാമെന്ന വാദം കാലങ്ങളായി പല ഗവേഷകരും ബുദ്ധിജീവികളും ഉയര്‍ത്തുന്നുണ്ട്. ഇത് പലരീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുമ്പോഴും അതിനെ എതിര്‍ത്തും ചിലര്‍ രംഗത്തുണ്ട്. ഇസ്ലാം വിരുദ്ധതയെ (ഇസ്ലാമോഫോബിയ) ചിലര്‍ ആന്റിമുസ്ലിം, ആന്റിഇസ്ലാംനെസ്സ് എന്നുമൊക്കെ വിളിക്കാറുണ്ട്. ഇന്ത്യയിലടക്കം ലോകമെമ്പാടുമുള്ള വംശങ്ങള്‍ പലവിധ ത്തില്‍ കൂടിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആളുകളോടുള്ള അനിഷ്ടം, അല്ലെില്‍ മുന്‍വിധി ഇവിടെ നിലനില്‍ക്കന്നുണ്ട്. ഇതിനെയാണ് പൊതുവില്‍ വംശീയതയെന്ന് വിളിക്കപ്പെടുന്നത്. ഇസ്ലാമിക വിരുദ്ധതയിലും വംശീതയുടെ ലക്ഷണങ്ങള്‍ ഉള്ളതായാണ് എന്റെ അനുമാനം. മറ്റുരാജ്യങ്ങളിലെ ജനങ്ങളോടുള്ള അനിഷ്ടവും മുന്‍വിധിയും (സെനോഫോബിയ) ലോകമെമ്പാടുമുള്ള ഇസ്ലാമോഫോബിയയുടെ അന്തര്‍ലീനമായ ഭാഗമാണ്. ഇസ്ലാമോഫോബിയയും ക്രിസ്റ്റിയാനോഫോബിയയും ഇന്ന് മുഖ്യധാരാ ഇന്ത്യയുടെ മനസ്സില്‍ വളരുന്ന ഒരു ശക്തിയാണ്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വലിയ തോതില്‍ അക്രമങ്ങള്‍ നടക്കുന്നു.

ഇസ്ലാമോഫോബിയയുടെ ചരിത്രം

യേശുക്രിസ്തുവും മുഹമ്മദ് നബിയും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി നിലകൊള്ളുകയും ചരിത്രത്തിലെ അക്കാലത്തെ ഭരണാധികാരികള്‍ക്ക് ആത്മീയ വെല്ലുവിളിയായി നിലകൊള്ളുകയും ചെയ്തു. തല്‍ഫലമായി, ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ ഭരണാധികാരികളാല്‍ കൊല്ലപ്പെട്ടു. ഇത് കൂടുതല്‍ ആളുകളെ വിമോചനപാതയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ലോകമെമ്പാടും പള്ളികള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇസ്ലാമിന്റെ വളര്‍ച്ചയുടെ കാര്യത്തിലും, നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ആശയങ്ങള്‍ ലോകമെമ്പാടുമുള്ള ധാരാളം ആളുകളെ ഇസ്ലാമുമായി ബന്ധിപ്പിച്ചു. അതിന്റെ സ്ഥാപനപരമായ വളര്‍ച്ചക്ക് ഇത് കാരണമായി. മുഖ്യധാരാ ലോകവും അതിന്റെ ഭരണകൂടങ്ങളും പ്രവാചകന്റെ അനുയായികളെ അടിച്ചമര്‍ത്താന്‍ തുടങ്ങിയ കാലം മുതലാണ് ഇസ്ലാമോഫോബിയ ആരംഭിച്ചത്. എന്നാല്‍, അക്കാദമിക് തലങ്ങളില്‍ ‘ഇസ്ലാമോഫോബിയ’ എന്ന പദം 1910-ന് ശേഷമാണ് ഉയര്‍ന്നുവന്നത്. പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിലായി നടന്ന കുരിശുയുദ്ധങ്ങള്‍ക്ക് ഇസ്ലാമോഫോബിയയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ന് ഇന്ത്യയുടെ ഭാഗമായ തെക്കന്‍ ഭാഗങ്ങളില്‍ 1498-ല്‍ വാസ്‌കോഡ ഗാമയുടെ ആഗമനം ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്‌കോഡഗാമ മുസ്ലിംകള്‍ക്കെതിരായ കടുത്ത മുന്‍വിധിയുള്ളയാളായിരുന്നു. എന്നുമാത്രമല്ല, അവസരം ലഭിക്കുമ്പോഴെല്ലാംതന്നെ അയാള്‍ മുസ്ലിംകളുടെ ആരാധനാലയങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചു. അതേസമയം മലബാറില്‍ അക്കാലത്ത് മുസ്ലീംകള്‍ സുഗന്ധ വ്യഞ്ജന വ്യാപാരം നിയന്ത്രി ച്ചിരുന്നതിനാല്‍ അദ്ദേഹത്തിന് അവരോട് സാമ്പത്തിക താല്‍പര്യങ്ങളുമുണ്ടായിരുന്നു. പോര്‍ച്ചുഗീസുകാരുടെയും മുസ്ലിംകളുടെയും സാമ്പത്തിക താല്‍പര്യങ്ങളുടെ സംഘര്‍ഷത്തെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും, മതത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തെ കുറിച്ച് വളരെ അപൂര്‍വമായി മാത്രമേ പരാമര്‍ശിക്കപ്പെടുന്നുള്ളൂ. യൂറോപ്യന്‍ കൊളോണിയലിസ ത്തിനെതിരായ ആദ്യകാല പോരാട്ടത്തില്‍ ചരിത്രകാരന്മാര്‍ പലപ്പോഴും മുസ്ലിംകളുടെ പങ്ക് ഇല്ലാതാക്കിയതിന്റെ കാരണവും ഇസ്ലാമോഫോബിയയെ അടിസ്ഥാനമാക്കിയുള്ളതാണ്.

കാരണങ്ങള്‍

പണ്ടുമുതലേ അറിവിനായി കൊതിക്കുന്ന ഒരു ഇനമായിട്ടാണ് മനുഷ്യര്‍ ജീവിച്ചിരുന്നത്. മനുഷ്യരില്‍ നിന്നുള്ള ആളുകള്‍ വളരെക്കാലമായി ആചരിക്കുന്ന വാമൊഴി വിജ്ഞാന പാരമ്പര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രേഖാമൂലമുള്ള അറിവിന് ഒരു പ്രധാന ചരിത്രമില്ല. അച്ചടിവിദ്യയും, ഡിജിറ്റല്‍ മാര്‍ഗങ്ങളും ഇത്രയും വികാസം പ്രാപിച്ച കാലത്ത് പോലും ആളുകളുടെ ഇടയില്‍ വാമൊഴിയാല്‍ കൈമാറ്റം ചെയ്യപ്പെടുന്ന അറിവിനെ മാറ്റിനിര്‍ത്താന്‍ ഇവക്കൊന്നും സാധിച്ചില്ല എന്നതാണ് വാസ്തവം. എന്നാല്‍, ഇന്ത്യയുടെ കാര്യത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സ്വത്വങ്ങളായ ദലിതര്‍, സ്ത്രീകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, മറ്റുവിഭാഗങ്ങള്‍ എന്നിവരുടെ വിജ്ഞാന പാരമ്പര്യങ്ങള്‍ ഇന്ത്യയിലെ മുഖ്യധാരാ ഉന്നത ജാതിക്കാരുടെ പാരമ്പര്യങ്ങളുമായി താരതമ്യപ്പെടു ത്തുമ്പോള്‍ വലിയ തോതില്‍ അവഗണിക്കപ്പെടുന്നു. ഇത്തരം ന്യൂനപക്ഷ വിഭാഗത്തിന്റെ വിജ്ഞാന സമ്പത്തിനെ തെരഞ്ഞെടുക്കുന്നതില്‍ കൃത്യമായ വിവേചനവും, അവരുടെ അറിവിനെ വേര്‍തിരിച്ചെടുക്കുന്നതായ കൃത്യമായ പ്രക്രിയയും എല്ലാക്കാലവും നിലവിലുണ്ട്. ഇത്തരത്തില്‍ അറിവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ തന്നെ മുന്‍വിധികളോട് കൂടിയതായ സമൂഹത്തില്‍ എതൊരു വിധത്തിലുള്ള പേടിയും പെട്ടെന്നുതന്നെ ബാധിക്കപ്പെടുമെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ചരിത്രങ്ങള്‍ പോലും പലതരത്തിലുള്ള പുനര്‍വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകുന്നു.

ഇതില്‍ നിന്ന് വിഭിന്നമായി അപരസ്വത്വത്തില്‍ നിന്നും അറിവ് സ്വീകരിക്കാനുള്ള മനസ്സില്ലായ്മയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതായത് ഏതെങ്കിലും ഒരു സമൂഹം അപരവല്‍കരിക്കപ്പെട്ടാല്‍ പിന്നെ അപരവല്‍കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നുള്ള അറിവുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലാതാകുന്നു. അതിനാല്‍ തന്നെ ഇസ്ലാമിക വിരുദ്ധതക്ക് ഇന്ത്യയില്‍ ശക്തമായ അടിത്തറയുണ്ട്. മൂന്നാമതായി അപരിചിതത്വവും ഇത്തരത്തിലുള്ള ഭയത്തിന് ആക്കം കൂട്ടുന്നു. ഇത്തരം സമൂഹങ്ങളിലേക്ക് കടന്നുചെല്ലാന്‍ ആഗ്രഹിക്കാത്തതിന് ആ അപരിചിതമായ അതിര്‍ത്തികളും കാരണമാകുന്നു. അതിനാല്‍ തന്നെ ഈ സമൂഹം എത്രത്തോളം അപരിചിതമായി തുടരുന്നുവോ അത്രകണ്ട് അവരെ പറ്റി നുണകള്‍ പടച്ച് വിടാനും വിശ്വസിക്കാനും, വിശ്വസിപ്പിക്കാനും സാധിക്കും. വര്‍ത്തമാന കാല ഇന്ത്യയില്‍ ഇതാണ് ഇസ്ലാമോഫോബിയക്കാരുടെ യഥാര്‍ഥ ശക്തി. ഇസ്ലാംവിരുദ്ധതയുടെ ആവിര്‍ഭാവത്തിനും വളര്‍ച്ചക്കും നിരവധി കാരണങ്ങളുണ്ടാകാം. എന്നിരുന്നാലും, മുസ്ലീംകളോടുള്ള വിദ്വേഷത്തിന്റെ കണ്ണട ധരിക്കുന്ന ഒരു വ്യക്തിയുടെയോ, സംഘത്തിന്റെയൊ, സമൂഹത്തിന്റെയോ നിലവിലുള്ള അരക്ഷിതാവസ്ഥയില്‍/അസ്വസ്ഥതയില്‍ വേരൂന്നിവേണം ഈ വിരുദ്ധതയെ മനസ്സിലാക്കാന്‍. ഇസ്ലാമോഫോബിയ എന്ന ഈ മാനസിക വിഭ്രാന്തിയെ മാനുഷികമായി പരിഗണിക്കേണ്ടതുണ്ടെങ്കില്‍, ഇസ്ലാമോഫോയാക്കുകളുടെ അരക്ഷിതാവസ്ഥയെ അനുകമ്പയോടെ വേണം പരിഗണിക്കാന്‍. വന്യമായി യുദ്ധം ചെയ്യുന്നതിനുപകരം അനുകമ്പയോടെ പരിപാലിക്കേണ്ടതുണ്ട്. അഹിംസയുടെ തത്വങ്ങളിലൂടെ സ്നേഹത്തിന്റെ അനുകമ്പയുള്ള സ്പര്‍ശനമാണ് ആത്യന്തികമായി ഇവര്‍ക്കുള്ള മരുന്ന്.

ഇസ്ലാം വിരുദ്ധതയുടെ വ്യത്യസ്ത രൂപങ്ങള്‍:

രൂപത്താലുള്ളവ

മുസ്ലിം പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്ര ധാരണരീതി ബാക്കിയുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. മുംബൈ കലാപത്തിന് തൊട്ടുപിന്നാലെ, ഒരിക്കല്‍ മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ മുകളിലത്തെ നിലയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍, ആയിരക്കണക്കിന് മുസ്ലീംകള്‍ മുംബൈയില്‍ നിന്ന് പലായനം ചെയ്യുന്നതും അവരുടെ ഗ്രാമങ്ങളിലേക്കോ മുംബൈക്ക് പുറത്തുള്ള അവരുടെ ബന്ധുക്കളുടെ വീടുകളിലേക്കോ ട്രെയിന്‍ പിടിക്കാന്‍ പാടുപെടുന്നതും കാണാനിടയായി. ഒറ്റനോട്ടത്തില്‍ തന്നെ ജീവനുവേണ്ടി പായുന്ന ആ മനുഷ്യരെല്ലാം തന്നെ മുസ്ലീംകളാണെന്ന് തിരിച്ചറിയാന്‍ എനിക്കായി. പല സൂഹൃത്തുക്കളും എന്റെ സുരക്ഷക്കായി എന്റെ താടി വെട്ടാനായി എന്നോടാവശ്യപെട്ടിരുന്നു. രാഷ്ട്രീയ ബോധ്യമുള്ള മതേതരരായ സുഹൃത്തുക്കള്‍ക്ക് എന്റെ രൂപം അരക്ഷിതാവസ്ഥ/അസ്വസ്ഥത കൊണ്ടുവരുന്നെങ്കില്‍, ദിവസേന ഓരോ മുസ്ലിംകളും അവരുടെ രൂപത്തിന്റെ പേരില്‍ നേരിടുന്ന വിവേചനത്തെ കുറിച്ചൊന്ന് ചിന്തിച്ച് നോക്കൂ. മുഖ്യധാരാ സമൂഹത്തിന്റെ ബോധ ത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്; നിങ്ങളുടെ രൂപം ഞങ്ങളെ പോലെയല്ല, അതിനാല്‍ തന്നെ നിങ്ങളേതൊ അന്യഗ്രഹ ജീവികളാണ്. തെരുവുകളില്‍ മുസ്ലീംകളോടുള്ള സാധാരണക്കാരുടെ വിവേചനപരമായ പെരുമാറ്റത്തിന് പലപ്പോഴും ഞാന്‍ വ്യക്തിപരമായി സാക്ഷ്യം വഹി ച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിംകളെ കാണുന്ന മാത്രയില്‍, ആളുകള്‍ മുഖം തിരിക്കുകയും, അവരുടെ രൂപം കൊണ്ടുണ്ടാകുന്ന മുന്‍ധാരണകളില്‍ അഭിരമിക്കുകയും ചെയ്യുന്നു. എന്നാല്‍, അമേരിക്കന്‍ കൊളോണിയല്‍ സംസ്‌കാരമായ ജീന്‍സ് ഇവര്‍ക്ക് തികച്ചും സ്വീകാര്യമാണ്. എല്ലാ സംസ്‌കാരങ്ങള്‍ക്കും അവരുടേതായ വസ്ത്രധാരണ രീതികളുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങളുള്ള ഒരിടത്ത് വ്യത്യസ്ത വസ്ത്രധാരണ രീതികളുണ്ടാവുമെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ക്കതിന് സാധിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ്.

പേര് കൊണ്ടുള്ളവ

നേരത്തെ സൂചിപ്പിച്ച മൂബൈ കലാപം നടക്കുന്ന സമയത്ത്, അവിടുത്തെ മധ്യവര്‍ഗ മുസ്ലിം വിഭാഗത്തിന് തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍, വീടിനു പുറത്തെ പേരുവെച്ച ബോര്‍ഡുകള്‍ എടുത്ത് മാറ്റേണ്ടതായി വന്നു. സ്‌കൂളിലോ കോളജിലോ ജോലിസ്ഥലത്തോ ഉള്ള മുസ്ലിം വിദ്യാര്‍ഥിയുടെ പേരിലാണ് ഇസ്ലാമോഫിയ ആരംഭിക്കുന്നത്. പ്രശസ്തമായ ‘മൈ നെയിം ഈസ് ഖാന്‍, ആന്‍ഡ് ആം നോട്ട് എ ടെററിസ്റ്റ്’ എന്ന ഹിന്ദി സിനിമയില്‍ ഇസ്ലാമോഫോബിയയുടെ ഈ രൂപത്തെ കുറിച്ചാണ് പരാമര്‍ശിക്കപ്പെടുന്നത്. ലോകത്തെ പല അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും ഇത്തരത്തില്‍ ഇസ്ലാമോഫോബിക് പ്രതികരണങ്ങള്‍ കാണപ്പെടുന്നു. നിങ്ങളുടെ പാസ്പോര്‍ട്ട് ഒരു മുസ്ലിം പേര് ഉച്ചരിക്കുന്ന നിമിഷം, അത് വിവേചനത്തിനുള്ള പാസ്പോര്‍ട്ടും ആകുന്നു.

ഭാഷയും സംസ്‌കാരവും അനുസരിച്ച്

വിവേചനവും ഇസ്ലാമോഫോബിയയും മുസ്ലിംകള്‍ കഴിക്കുന്ന ഭക്ഷണത്തിലും, പൊതുവെയുള്ള സാംസ്‌കാരിക വശങ്ങളിലും പ്രതിഫലിപ്പിക്കുന്നു. അതിനാല്‍ തന്നെ സമ്പന്നമായ ഉറുദു ഭാഷ പ്രോത്സാഹി പ്പിക്കുന്നില്ല.

അജ്ഞാതമായ ഒന്നിനോടുള്ള ഭയത്താല്‍

ഒരു സമൂഹത്തെ അന്യതയിലേക്കും, ഒപ്പം തന്നെ സാമൂഹിക വിപത്തുമായി പരിവര്‍ത്തനപ്പെടുത്തിയെന്നുള്ളത് ഇസ്ലാമോഫോബിയയെ സംബന്ധിച്ച ചര്‍ച്ചയില്‍ വളരെ നിര്‍ണായകമാണ്. രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റുകളുടെ പ്രചാരണങ്ങള്‍ നിങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയാണെങ്കില്‍ അവര്‍ എപ്പോഴും ‘അവര്‍’ അങ്ങിനെയാണെന്നും, ‘നമ്മള്‍’ അങ്ങിനെയല്ലെന്നും പറഞ്ഞുകൊണ്ടിരിക്കുന്നതായും, നിരന്തരമായി ഇത്തരത്തിലുള്ള താരതമ്യം തുടരുന്നതായും കാണാനാകും. ‘അവര്‍, നമ്മള്‍ എന്നീ ദ്വന്ദം ഇത്ര സാധാരണമായത് എങ്ങിനെയാണ്? ഇത്തരത്തില്‍ മത്സരത്തിലൂന്നിയതും, അജ്ഞാതമായതിനോടുള്ള ഭയവും അടിസ്ഥാനമാക്കിയുള്ള വിഭജനത്തിന് ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു ജനാധിപത്യ രാജ്യത്ത് ഇടമില്ല. എന്നിരുന്നാലും, ഇന്ത്യയിലെ വിഭജന കാലഘട്ടം മുതല്‍ തന്നെ ഈ പദങ്ങള്‍ ബോധപൂര്‍വം ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയുമാണ് സംഘ്പരിവാര്‍ ചെയ്തത്. ഇന്ന് ഇത്തരത്തിലുള്ള വിഭജനഭാഷ വലിയതോതില്‍ സ്വീകാര്യത നേടുകയും, ഹിന്ദുരാഷ്ട്ര നിര്‍മാണം എളുപ്പത്തിലാക്കുകയും ചെയ്തിരിക്കുന്നു. വിജ്ഞാനത്തിനായുള്ള മനുഷ്യന്റെ ദാഹം ചരിത്രത്തിലുടനീളം തന്നെ അജ്ഞാത പ്രദേശങ്ങളിലേക്ക് കടക്കാനുള്ള ത്വരയാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മുസ്ലിംകള്‍ യഥാര്‍ഥത്തില്‍ എന്താണെന്ന് മനസ്സിലാക്കാന്‍ മുഖ്യധാരാ ഇസ്ലാമോഫോബിക് മനസ്സുകളില്‍ കൃത്യമായ ഒരു തടസ്സമുണ്ട്.

അരക്ഷിതാവസ്ഥ/അസ്വസ്ഥതയാല്‍

വിദ്യാഭ്യാസത്തിന്റെയും സാമ്പത്തിക സുരക്ഷതയുടെയും കാര്യത്തില്‍, മുസ്ലീംകള്‍ ഇന്ത്യയിലുടനീളം മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ദുര്‍ബലരാണ്. എന്നിരുന്നാലും, വിദേശ ത്ത് നിന്നുള്ള പണസമ്പാദന ത്തിലൂടെ കേരള ത്തിലെ ഒരു വിഭാഗം മുസ്ലിംകള്‍ക്ക് പുരോഗതിയുണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, കുടുംബാംഗത്തിന്റെ വിദേശജോലി കാരണം കേരളത്തിലെ ഒരു ഹിന്ദു, അല്ലെങ്കില്‍ ക്രിസ്ത്യന്‍ കുടുംബം സാമ്പത്തികമായി ഉയര്‍ന്നുവന്നാല്‍, അത് മുസ്ലിം സമുദായത്തെ അരക്ഷിതരാക്കില്ല/അസ്വസ്ഥരാക്കില്ല. എന്നിരുന്നാലും, ഒരു മുസ്ലിം വിദേശത്ത് പോയി മികച്ച വരുമാനം നേടുന്നുവെന്നത് അസൂയയുടെയും മത്സരത്തിന്റെയും കാര്യമായി പരിഗണിക്കുന്ന രീതിയില്‍ ഇന്ന് ഇസ്ലാമോഫോബിയ വ്യാപിച്ചിരിക്കുന്നു. അത്തരമൊരു ചിന്താപ്രക്രിയയുടെ പ്രധാന കാരണവും ഇസ്ലാമോഫോബിയയാണ്. ഈ മുസ്ലിം വിരുദ്ധരുടെ രാഷ്ട്രീയ നീക്കങ്ങള്‍ ഇന്ത്യയില്‍ പത്തൊന്‍പതാം നൂറ്റാണ്ടോട് കൂടി തന്നെ ആരംഭിച്ചെങ്കിലും ഇവരുടെ ആദര്‍ശപരമായ ആവിര്‍ഭാവം രൂപപ്പെട്ടത് 1930-ല്‍ ആര്‍.എസ്.എസ്സിന്റെയും ഗോള്‍വാള്‍ക്കറുടെയും വരവോടെയാണ്. ആര്‍.എസ്.എസിന്റെ സ്ഥാപകന്‍ ഹെഗ്ഡേവാര്‍ ആണ്, 1927-ലാണ് അത് രൂപംകൊണ്ടത്. അതിനുമുമ്പ്, 1915-മുതല്‍ മദന്‍ മോഹന്‍ മാളവ്യയുടെ നേതൃത്വ ത്തില്‍ ഹിന്ദു മഹാസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി നിലവിലുണ്ടായിരുന്നു. രണ്ടും തമ്മില്‍ തന്ത്രപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും ആര്‍.എസ്.എസ്, ഹിന്ദു മഹാസഭയുടെ സന്തതിയാണെന്ന് ഒരാള്‍ക്ക് പറയാന്‍ കഴിയും. ഈ രണ്ട് സംഘടനകളും അതിശക്തമായി ഇസ്ലാം വിരുദ്ധത പ്രകടമാക്കിയിരുന്നു. 1910-ല്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്ലാമോഫോബിയ എന്ന വാക്ക് ഉപയോഗത്തില്‍ വന്ന്, വെറും നാല് വര്‍ഷത്തിന് ശേഷം, 1915-ല്‍ ഇസ്ലാമോഫോബിയയെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയില്‍ നിലവില്‍ വന്നു എന്നത് രസകരമാണ്. ഈ രണ്ട് സംഘടനകളും കൃത്യമായ ക്രിസ്ത്യന്‍ വിരുദ്ധതയും പ്രകടമാക്കിയിരുന്നു എങ്കില്‍ കൂടി ഇവര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളും വിധേയരുമായിരുന്നു. ഗാന്ധി വധത്തിന് ശേഷം, ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍, ആര്‍.എസ്.എസിനെ നിരോധിച്ചിരുന്നു. എന്നാല്‍, ഗുജറാത്തില്‍ 3,000 കോടി മുടക്കി പ്രതിമ പണിഞ്ഞ് ഇന്ന് അദ്ദേഹത്തെ തന്നെ സ്തുതിക്കുയാണവര്‍. ഈ വൈരുധ്യം പൊതുസമൂഹം വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല.

ഗോള്‍വാള്‍ക്കര്‍ ആരംഭിച്ച ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിന്റെ പ്രധാന ഘടകം ഇസ്ലാമോഫോബിയ, ക്രിസ്റ്റ്യാനോഫോബിയ, കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്നിവയായിരുന്നു. അത് ഇന്ന് കൂടുതല്‍ വ്യാപകമായും ശക്തമായും പിന്തുടരപ്പെടുന്നു. ആര്‍.എസ്.എസ് ആരംഭിച്ച ഇസ്ലാമോഫോബിയ മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍, ദേശീയ, സംസ്ഥാന തലത്തിലുള്ള സ്ഥാപനങ്ങള്‍, എക്സിക്യൂട്ടീവ് മെഷിനറികള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ എന്നിവയില്‍ വ്യാപിച്ചിരിക്കുന്നു. ഒരുപക്ഷേ, അപരനെ ഭയപ്പെടുന്നത് ഇസ്ലാമോഫോബിയയുടെ വേരുകളായെന്നിരിക്കാം. എന്നാല്‍, സംഘ്പരിവാര്‍ പരസ്യമായി അഴിച്ചുവിടുന്ന വ്യപകമായ ആക്രമണങ്ങളെ പരിശോധിച്ചാല്‍ അവയെല്ലാം തന്നെ ഭയം വളര്‍ത്തുന്നതിനാണ്. സംഘ്പരിവാറിനെ ഭയന്ന് സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവരെല്ലാം വിമര്‍ശനങ്ങളില്‍ മൗനം പാലിക്കുന്നതും ഒരു വിരോധാഭാസമാണ്. ഈ രാജ്യത്തെ ജനങ്ങള്‍ സംസാരിക്കാന്‍ ഭയപ്പെടുന്ന നിമിഷം ഹിന്ദുരാഷ്ട്രം യാഥാര്‍ഥ്യമാകുന്നു.

ജനനത്താലുള്ളവ

ഒരു മുസ്ലിം കുട്ടി ജനിക്കുന്ന നിമിഷം തന്നെ അവന്റെ അല്ലെങ്കില്‍ അവളുടെ പേര് ഇസ്ലാമോഫോബിയയുടെ ചുമരുകളില്‍ വലിയ അക്ഷരത്തില്‍ എഴുതിവെക്കപ്പെടുന്നു. ജനനം തന്നെ കുറ്റകൃത്യമാക്കപ്പെടുന്നിടത്ത് ഒരു മുസ്ലിമായ വ്യക്തി സാമൂഹിക പ്രാധാന്യമുള്ള മുഖ്യധാര വ്യക്തിയായി വളരാനുള്ള സാധ്യത എത്രമാത്രമാണ്; അപമാനിക്കപ്പെടുകയെന്നത് കുട്ടിക്കാലം മുതല്‍ക്ക് തന്നെയുള്ള യാഥാര്‍ഥ്യമാണെന്നിരിക്കെ. ജനന സ്വത്വത്താല്‍ വിവേചനത്തിന്റെ അത്തരം സാഹചര്യങ്ങളെ ഒരു ബ്രാഹ്മണ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ അഭിമുഖീകരിക്കാത്തത് എന്തുകൊണ്ടാണ്? ഈ വാക്കുകളില്‍ ഞാന്‍ പറയുന്നത് മുന്‍കൂട്ടി നിശ്ചയിച്ച വിവേചനം അല്ലെങ്കില്‍ ഭ്രൂണത്തില്‍ നിന്നുതൊട്ടുള്ള നിരീക്ഷണം എന്ന് പെരുപ്പിച്ചു കാണിക്കാം. വംശം, നിറം, മതം, ഭാഷ, ജാതി, വര്‍ഗം, ലിംഗഭേദം, ലൈംഗികത, ദേശീയത എന്നിങ്ങനെയുള്ള എല്ലാ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഐഡന്റിറ്റികളിലും ജനനം അനുസരിച്ച് വിവേചനത്തിന്റെ ഒരു ഘടകമുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട സ്വത്വങ്ങളുടെ ഇന്നത്തെ പ്രധാന വെല്ലുവിളി, ഏകോപ്പിക്കുയെന്നതും ഈ ജൈവിക പരിമിതിയെ സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും രാഷ്ട്രീയമായും മറികടക്കുകയെന്നതുമാണ്. വാസ്തവത്തില്‍ എല്ലാ പാര്‍ശ്വവല്‍ക്കരികപ്പെട്ട സ്വത്വങ്ങളും ഇന്ന് ഇരകളോ, ഇരകളായേക്കാവുന്നവരോ ആണ്. എന്നാല്‍, മുസ്ലിംകളുടെ വിഷയത്തില്‍ അവര്‍ അത് ഒരു വെല്ലുവിളിയായി സ്വീകരിച്ചിരിക്കുന്നുവെന്ന് വേണം പറയാന്‍. ആ ദൃഢനിശ്ചയത്തെ തകര്‍ക്കാന്‍ വെടിയുണ്ടകള്‍ക്കോ, ആസൂത്രിത വര്‍ഗീയ ലഹളകള്‍ക്കോ സാധിക്കുന്നതുമല്ല.

വിപരീത ഇസ്ലാമോഫോബിയ

ഞാന്‍ മുസ്ലിം എന്ന് പറയുന്നത് എല്ലാ വിഭാഗം മുസ്ലിംകളെയും ഉദ്ദേശിച്ചല്ല, സ്വന്തം സ്വത്തത്തെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്ന ഒരു വിഭാഗം മുസ്ലിംകളുമുണ്ട്. ഇവരെ ഞാന്‍ വിപരീത ഇസ്ലാമോഫോബിയക്കാര്‍ എന്ന് വിളിക്കും. ഈ വിഭാഗം മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാണെന്ന് നടിക്കുകയും, അവരുടെ ഭാഷയുപയോഗിച്ച് സ്വന്തം സമുദായത്തെ അപലപിക്കുകയും ചെയ്യും. എന്നാല്‍, തങ്ങളുടെ പേരുകള്‍ നല്‍കുന്ന ഭാരത്തില്‍ നിന്ന് ഇവരും മുക്തരല്ല എന്നതാണ് സത്യം. പേര് മാറാമെങ്കില്‍ കൂടി ജനനം തിരുത്താന്‍ സാധിക്കില്ലല്ലോ. സ്ഥലപരിമിതിമൂലം ഈ വിഭാഗത്തെ കുറിച്ചോ, മുസ്ലിംകളിലെ മതമൗലിക വിഭാഗത്തെ കുറിച്ചോ ഒരു വിശകലനത്തിന് ഞാന്‍ മുതിരുന്നില്ല. എന്നിരുന്നാലും മുസ്ലിം സമൂഹം ഇന്ത്യയില്‍ ഒരു ഏകീകൃത സമൂഹമല്ല എന്നതിനാല്‍ ഈ വിടവ് വൈവിധ്യ പൂര്‍ണമാണ്. മുഖ്യധാര സമൂഹം ഈ വൈവിധ്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാത്തതുകൊണ്ട് തന്നെ അവര്‍ അതിനെ കുറിച്ച് അജ്ഞരാണ്.

തെരഞ്ഞെടുക്കപ്പെടുന്ന സത്യങ്ങള്‍/ഓര്‍മകളുടെ അഭാവം/തെരഞ്ഞെടുത്ത ചരിത്രങ്ങള്‍

ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് ഇന്ത്യ ഉണ്ടായിരുന്നില്ല. വിവിധ ഭരണാധികാരികള്‍, രാജാക്കന്മാര്‍, തലവന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി രാജ്യങ്ങള്‍ ഈ ഭൂപ്രകൃതിയിലുണ്ടായിരുന്നു. അവര്‍ക്ക് സ്വന്തമായി അതിര്‍ത്തികളും നിയമങ്ങളും ഉണ്ടായിരുന്നു. പരസ്പരം തികച്ചും വ്യത്യസ്തമായിരുന്നു. പലര്‍ക്കും അവര്‍ക്ക് സ്വന്തമായി കറന്‍സികളും ഉണ്ടായിരുന്നു. ഈ ഭൂപ്രദേശ ത്ത് നിരവധി രാജ്യങ്ങള്‍ ഉണ്ടായിരുന്നപ്പോഴാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടെയെത്തുന്നത്. ഇതിനകം അവര്‍ക്കിടയില്‍ നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ അവരുടെ ഇടയിലെ യുദ്ധങ്ങള്‍ തങ്ങളുടെ തന്ത്രങ്ങളായി ഉപയോഗിച്ചു. 1850-കളുടെ മധ്യത്തില്‍ ബ്രിട്ടീഷ് ഇന്ത്യ ഉയര്‍ന്നുവന്നു. ബ്രിട്ടീഷുകാര്‍ക്ക് മുമ്പ്, മുഗളന്മാര്‍ ഇന്ന് ഇന്ത്യ എന്ന് വിളിക്കുന്ന ഭൂമിയുടെ വലിയൊരു ഭാഗം ഭരിച്ചിരുന്നു. ഇന്ത്യയില്‍ മുഗളരുടെ പങ്ക് ഇസ്ലാമോഫോബിയയെ കുറിച്ചുള്ള ചര്‍ച്ചക്ക് വിധേയമാണ്. ഒരുപക്ഷേ, മുഗളന്മാര്‍ മുസ്ലിംകളായതിനാല്‍ ഹിന്ദുത്വശക്തികളുടെ ഇപ്പോഴത്തെ മുസ്ലിം വിരുദ്ധ വികാരം ഇവിടെ വേരൂന്നിയതാണ്.

ഇസ്ലാമോഫോബിയയും മീഡിയയും

മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിച്ചതില്‍ ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല, പാശ്ചാത്യ രാജ്യങ്ങളിലും ഇതു തന്നെയാണ് സംഭവിച്ചത്. പൊതുജനങ്ങളുടെ മനസ്സില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും, പാശ്ചാത്യ സുരക്ഷക്കും മൂല്യങ്ങള്‍ക്കും ഭീഷണിയായി ചിത്രീകരിക്കുന്നത് കാരണം ജനങ്ങളില്‍ അത്തരത്തിലുള്ള വിശ്വാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഇതിലുള്ള പങ്ക് ചെറുതല്ല. ഇന്ത്യന്‍ പശ്ചാത്തലത്തിലും, ശത്രുതാപരമായി മുഖ്യധാരാ മാധ്യമങ്ങള്‍ പടിഞ്ഞാറിന്റെ അതേ പങ്ക് വഹിക്കുന്നു. മുസ്ലിംകളെക്കുറി ച്ച് ‘ക്രൂരവും, യുക്തിരഹിതവും, പ്രാകൃതവും, ലൈംഗികത നിറഞ്ഞതുമായ’ ചിത്രീകരണമുണ്ട്. തീവ്രവാദം ഏതെങ്കിലും ഇസ്ലാമിക ദൈവശാസ്ത്രത്തിന്റെ ഭാഗമല്ലെങ്കിലും അത് ഇസ്ലാമികമായി ഉപയോഗിച്ചു. മുഖ്യധാരാ മാധ്യമങ്ങളില്‍ മുസ്ലിംകളെ യഥാര്‍ഥമായി ചിത്രീകരിക്കാത്തതിനാല്‍, ഹിന്ദുത്വ സാമുദായിക ശക്തികള്‍ക്ക് ഇസ്ലാമോഫോബിയ പ്രചരി പ്പിക്കുന്നതിന് ഇത് സൗകര്യപ്രദമാണ്. ഇസ്ലാമോഫോബിക് റിപ്പോര്‍ട്ടിംഗിന്റെ അത്തരം അതിപ്രസരം ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ നല്‍കുന്നു.

(ജനപക്ഷം, വിവര്‍ത്തനം: പി.കെ ജാസ്മി)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply