ഞാനിപ്പോള്‍ ചുഴിയില്‍പ്പെട്ടൊരു കുഞ്ഞല്ല, സര്‍വ്വ ലോകങ്ങളും തൊട്ടിലാട്ടുന്നൊരു സ്വപ്നമാണ്

സമാധാനം കൊണ്ട് പൊതിഞ്ഞു പിടിച്ചു നിന്ന അത്ര സുന്ദരമായൊരു നിമിഷത്തിലാണ് പിന്നില്‍ നിന്ന് ഒരാള്‍ പെട്ടന്നു എന്നെ തൊട്ടു വിളിച്ചത്. സഹയാത്രികന്‍ എന്നു കരുതി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ അപരിചിതനായ ഏതോ ഉദ്യോഗസ്ഥനെ പോലെ എന്നോട് ഇറങ്ങാന്‍ തയ്യാറെടുക്കാന്‍ പറഞ്ഞു, എന്റെ യാത്ര അവസാനിക്കുകയാണെന്ന്, എന്റെ ലക്ഷ്യ സ്ഥാനം എത്തിയിരിക്കുന്നെന്നു അയാള്‍ പറഞ്ഞു. – 2018 ല്‍ ക്യാന്‍സര്‍ ചികിത്സ തുടങ്ങുന്നതിന് മുമ്പായി ഇര്‍ഫാന്‍ ഖാന്‍ ‘ദ ടൈംസ് ഓഫ് ഇന്ത്യ’ യില്‍ എഴുതിയ തുറന്നകത്ത്. നിഷ മഞ്ചേഷിന്റെ സ്വതന്ത്ര പരിഭാഷ.

എനിക്കറിയാവുന്ന വാക്കുകളുടെ കൂട്ടത്തിലേക്ക് ഒരു രോഗത്തിന്റെ പേര് കൂടി കടന്ന് കൂടിയിട്ടുണ്ട്. എന്തൊരു ഭാരമുള്ള പേരാണത്. മുമ്പൊന്നും ഞാന്‍ പറഞ്ഞു ശീലിച്ചിട്ടില്ലാത്ത ഒന്ന് , ഞാന്‍ കേട്ട് ശീലിച്ചിട്ടില്ലാത്ത ഒന്ന്, ഞാന്‍ പരിചയപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും അപരിചിതമായ ഒന്ന്, ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സര്‍… ഒരു ചൂതാട്ടകളിയുടെ ഭാഗമാകുന്നത് പോലെ, ഞാനിപ്പോള്‍ അതിന്റെ ചികിത്സയുടെ ഭാഗമാകുന്നു….

സ്വപ്നം പോലെ കുതിച്ചു പായുന്ന ഒരു തീവണ്ടി യാത്രയുടെ ആലസ്യത്തിന്റെ അഴക് ആസ്വദിക്കുകയായിരുന്നു ഇതുവരെ ഞാന്‍. എന്റെ ഒപ്പം യാത്രക്കാരായി എണ്ണിയാലോടുങ്ങാത്ത മോഹങ്ങളും ലക്ഷ്യങ്ങളും പ്രതീക്ഷകളും ആകാശത്ത് ഒഴുകുന്ന മേഘങ്ങളെ പോലെ കൂട്ടിനുണ്ടായിരുന്നു . ഒന്ന് ഒന്നിനെ തൊട്ടും തലോടിയും…

സമാധാനം കൊണ്ട് പൊതിഞ്ഞു പിടിച്ചു നിന്ന അത്ര സുന്ദരമായൊരു നിമിഷത്തിലാണ് പിന്നില്‍ നിന്ന് ഒരാള്‍ പെട്ടന്നു എന്നെ തൊട്ടു വിളിച്ചത്. സഹയാത്രികന്‍ എന്നു കരുതി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ അപരിചിതനായ ഏതോ ഉദ്യോഗസ്ഥനെ പോലെ എന്നോട് ഇറങ്ങാന്‍ തയ്യാറെടുക്കാന്‍ പറഞ്ഞു, എന്റെ യാത്ര അവസാനിക്കുകയാണെന്ന്, എന്റെ ലക്ഷ്യ സ്ഥാനം എത്തിയിരിക്കുന്നെന്നു അയാള്‍ പറഞ്ഞു. ഇയാളെന്തിന് എന്നോട് നുണപറയുന്നെന്നു എനിക് ആശ്ചര്യം തോന്നി. ഇത് എന്റെ സ്ഥലമല്ലെന്നു ഞാന്‍ അയാളോട് തര്‍ക്കിച്ചു, പക്ഷെ അയാള്‍ അത് നിസ്സംഗത നിറഞ്ഞ ഒരു ചിരിയില്‍ അവഗണിച്ചു, ചില യാത്രകള്‍ ഇങ്ങനെയാണ് അവസാനിക്കുന്നത്, ചിലപ്പോള്‍ അവസാന സ്റ്റേഷനുകള്‍ ഇങ്ങനെയും കാണപ്പെടുമെന്ന് തീര്‍ത്തു പറഞ്ഞുകൊണ്ട് അയാള്‍ നടന്നു പോയി.

 

 

 

 

പെട്ടന്ന് സഹായത്രികരെയെല്ലാം നഷ്ടപ്പെട്ട്, ഞാനൊരു ഭാരമില്ലാത്ത നിസഹായതയായി മാറി . ഒരു കടല്‍ ചുഴിയില്‍ പെട്ട് വട്ടം ചുറ്റുന്ന കൊച്ചു കുഞ്ഞിനെ പോലെ ജീവനെ ചേര്‍ത്ത് പിടിക്കാനുള്ള വിഭല ശ്രമങ്ങളാല്‍ ഞാന്‍ തളരാന്‍ തുടങ്ങി. ഭയവും ആശങ്കകളും കൊണ്ട് ഞാന്‍ കൂടുതല്‍ കൂടുതല്‍ അവശനായി. ഭയന്ന് ചേക്കേറിയ ഏതോ ഒരു ആശുപത്രി വരാന്തയിലെ സന്ധ്യയില്‍ എന്റെ മകനെ ചേര്‍ത്തുപിടിച്ചു ഞാന്‍ പറഞ്ഞു – ഈ മുറിവ് പറ്റിയ കാലത്തെ എനിക്ക് ധൈര്യത്തോടെ നേരിടാന്‍ കഴിയണം, അത്ര മാത്രം എനിക്ക് വേണം, അത് മാത്രം ഞാന്‍ ആഗ്രഹിക്കുന്നു , പതറിപ്പോയ ഒരാളായിത്തീരാന്‍ എനിക്ക് വയ്യ.

പിന്നെ എല്ലാ ശ്രമങ്ങളും അതിനായിരുന്നു, ഞാന്‍ എന്റെ ആത്മ വിശ്വാസം കൊണ്ട് എന്റെ രോഗത്തെ ഞാന്‍ നേരിടുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ .പക്ഷേ അപ്പോഴേക്കും അസഹനീയമായ വേദന വന്ന് എന്റെ എല്ലാ പേടികള്‍ക്കും ആശങ്കകള്‍ക്കും മേല്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അതുവരെ കണ്ട ലോകമെല്ലാം വേദന എന്ന ഒറ്റ ബിന്ദുവായി എന്നിലേക്ക് പൊതിഞ്ഞു കയറി , വേദനയിലും വലുതൊന്നും പ്രപഞ്ചത്തില്‍ ഇല്ലെന്ന് ഞാനറിഞ്ഞു.

തളരാന്‍ പോലും ആവാത്ത വിധം തളര്‍ത്തുന്ന വേദനയോടെ ഞാന്‍ ഈ ആശുപത്രിയില്‍ എത്തുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു ഒരു കാലത്തെ എന്റെ സ്വപ്ന ലോകത്തിന് ഇപ്പുറമാണ് ഞാന്‍ ഉള്ളതെന്ന്. ലോഡ്സ്, എന്റെ കുട്ടിക്കാല സ്വപ്നങ്ങളുടെ പറുദീസ… അറുത്തു പിടിക്കുന്ന വേദനയ്ക്ക് ഇടയിലൂടെ ഒരു ജനല്‍ കാഴ്ചയുടെ ദൂരത്തില്‍ നിന്നു കൊണ്ട് ഒരു ദിവസം വിവിയന്‍ റിച്ചാര്‍ഡ് ചിരിച്ചു നില്‍ക്കുന്നൊരു ചിത്രം കണ്ട് ഞാനും ചിരിക്കാന്‍ ശ്രമിച്ചു . എനിക്ക് എത്തിപ്പെടാന്‍ കഴിയാതെ പോയ, എന്റേതല്ലാതെ പോയ ഒരു ലോകത്തിന്റെ സൗരഭ്യത്തെ അപ്പോള്‍ ഞാന്‍ ആസ്വദിച്ചു. ഓര്‍മ്മകള്‍ക്ക് അപ്പോള്‍ എന്നെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുന്നുണ്ടായിരുന്നു.

ഓര്‍മ്മകളുടെയുടെ മരുന്നുകളുടെയും ലഹരിയില്‍ മയങ്ങി കിടന്ന പകലുകള്‍ക്കും രാത്രികള്‍ക്കും ശേഷം ഒരു ദിവസം ബാല്‍ക്കണി കാഴ്ചകളില്‍ ജീവിതം കണ്ടു നില്‍ക്കെ ആണ് ഞാനത് അറിഞ്ഞത് , എന്റെ മുറയ്ക്ക് മുകളില്‍ ആശുപത്രിയുടെ കോമാ വാര്‍ഡ് ആണ് ഉള്ളത് . എനിക്കപ്പോള്‍ മരണത്തിനും ജീവിതത്തിനുമിടയിലൂടെ ഒഴുകുന്ന ഒരു നീളന്‍ പാതയാണ് ഞാന്‍ എന്നു തോന്നി . മറുപുറത്തെ ആരവങ്ങളിലേയ്ക്ക് എനിക്ക് എത്താന്‍ കഴിഞ്ഞാല്‍ ജീവിതമെന്ന അഭൗമ ലോകത്തിലേക്ക് ഞാന്‍ എത്തുമെന്ന തോന്നല്‍ എന്നെ ആഴത്തില്‍ ബാധിച്ചു , അതെന്റെ കരുത്താകുന്നത് ഞാന്‍ അറിഞ്ഞു . എന്റെ മുന്‍പൊട്ടുള്ള ദിവസങ്ങള്‍ എനിക്ക് എന്ത് തരുമെന്ന് ആലോചിക്കാതെ എന്നെ സമര്‍പ്പിക്കാന്‍ എനിക്കത് പ്രേരണ നല്‍കി , ജീവിതത്തെ ആദ്യമായി രുചിക്കും പോലെ ,അത്ര മാസ്മരികമായി മുമ്പൊന്നും രുചിച്ചിട്ടില്ല എന്ന പോലെ ഞാന്‍ എന്നെയും എന്റെ ജീവിതത്തെയും നുകര്‍ന്ന് തുടങ്ങി , സ്വാതന്ത്ര്യമെന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ എനിക്ക് മുന്‍പില്‍ തെളിഞ്ഞു വന്നു , പ്രപഞ്ചത്തിന്റെ സൗന്ദര്യവും അനന്തമായ അറിവും എന്റെ ശരീരത്തിലും നിറയുന്നത് ഞാനറിഞ്ഞു …. എല്ലാ നിരാശകളില്‍ നിന്നും ഞാന്‍ ഉയിര്‍ത്തു വന്നു.

ഇപ്പോള്‍ എന്നെ തേടിയെത്തുന്ന ആശംസകള്‍ ,പ്രാര്‍ഥനകള്‍, സ്‌നേഹങ്ങള്‍ എല്ലാം ഒന്നായി , ഒറ്റ ശക്തിയായി എന്റെ നാഡീവ്യൂഹങ്ങളില്‍ നിറഞ്ഞു എന്നെ കിരീടമണിയിക്കുന്നു , സ്‌നേഹത്തിന്റെ ഒരു പൂവായ് ,ഇലയായ് , ചെടിയായി ഞാന്‍ വിരിയുന്നു . ഞാനിപ്പോള്‍ ചുഴിയില്‍പ്പെട്ടൊരു കുഞ്ഞല്ല , സര്‍വ്വ ലോകങ്ങളും തൊട്ടിലാട്ടുന്നൊരു സ്വപ്നമാണ്, മുറിവും വേദനയും തൊടാത്ത മരണം കൊണ്ട് പൊഴിയാത്ത ഒരു സ്വപ്‌നം..

(കടപ്പാട് – ദേശാഭിമാനി)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply