ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആദിവാസികളും – കെ.സഹദേവന്‍
കൊളോണിയല്‍ ഭരണത്തിന്റെ രണ്ടരനൂറ്റാണ്ട് തൊട്ട് വര്‍ത്തമാന ‘ജനാധിപത്യ’ ഭരണവ്യവസ്ഥവരെയുള്ള മൂന്ന് നൂറ്റാണ്ടിലധികം കാലം, ഇന്ത്യയിലെ ആദിവാസി ജനത അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതങ്ങളായിരുന്നു. തങ്ങളുടേതായ സാമൂഹിക ജീവിതവും ഭരണവ്യവസ്ഥകളും രൂപപ്പെടുത്തി പാരിസ്ഥിതിക-ജനായത്ത ബോധത്തില്‍ അധിഷ്ഠിതമായി ജീവിച്ചുപോന്ന ഒരു ജനതയുടെ അസ്തിത്വത്തെത്തന്നെയായിരുന്നു നാം അപകടത്തിലാക്കിയിരിക്കുന്നത്. ഭൗതികമായ അവരുടെ ജീവിതപരിസരങ്ങളെ മാത്രമല്ല നാം തകര്‍ത്തുകളഞ്ഞത്; അവരുടെ സാംസ്‌കാരിക ജീവിതത്തെയും മൂല്യബോധങ്ങളെയും ജ്ഞാനവ്യവസ്ഥകളെയും അപരിഷ്‌കൃതമെന്നും പ്രാചീനമെന്നും അപഹസിച്ചുകൊണ്ട്, ഒരു സമൂഹത്തിന്റെ തനതായ പരിഷ്‌കരണ സാധ്യതകളെ സമ്പൂര്‍ണ്ണമായി തകര്‍ത്തെറിയുകയായിരുന്നു. പാശ്ചാത്യ-കൊളോണിയല്‍ മൂല്യങ്ങളുടെ, ജ്ഞാനവ്യവസ്ഥകളുടെ അളവുകോലിലൂടെ ഇന്ത്യയിലെ ആദിവാസി ജീവിതങ്ങളെ അളക്കാനായിരുന്നു നമ്മുടെ ശ്രമം.
ആദിവാസി-ഗോത്ര ജനവിഭാഗങ്ങളുടെ ഭൗതിക ജീവിതത്തോടും ജ്ഞാനവ്യവസ്ഥകളോടും ഒപ്പം നാം അവഗണിച്ച് മാറ്റിനിര്‍ത്തിയത് ഒരു ജനതയെന്ന നിലയില്‍ സാമൂഹിക വികാസത്തിലും ചരിത്രനിര്‍മ്മിതിയിലും അവര്‍ നടത്തിയ ഇടപെടലുകളെ കൂടിയായിരുന്നു. കൊളോണിയല്‍ അധിനിവേശത്തിനെതിരായി ഇന്ത്യയിലെ ആദിവാസി ജനത നടത്തിയ ചെറുത്തുനില്‍പ്പുകളെ സമ്പൂര്‍ണ്ണമായും പടിക്കുപുറത്തുനിര്‍ത്തുകയായിരുന്നു കൊളോണിയല്‍ ചരിത്രകാരന്മാരും ബൂര്‍ഷ്വാ ദേശീയവാദി ചരിത്രകാരന്മാരും അടക്കമുള്ളവര്‍ ചെയ്തത്. അവരുടെ ചരിത്രരചനാശാസ്ത്ര മാനദണ്ഡങ്ങള്‍ക്ക് പുറത്തായിരുന്നു ആദിവാസി പോരാട്ടങ്ങളുടെ സത്ത. ഇതിനെ ശരിയായ രീതിയില്‍ വിലയിരുത്താനോ രേഖപ്പെടുത്താനോ അവരുടെ മാനദണ്ഡങ്ങള്‍ അനുവദിക്കുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരു സമൂഹത്തെ ജനായത്ത സമൂഹമെന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്നത്, ആ സമൂഹത്തിലെ ഏറ്റവും അടിസ്ഥാന വിഭാഗങ്ങള്‍ക്ക് കൂടി തങ്ങളുടെ ആശയാവിഷ്‌കാരങ്ങള്‍ സമൂര്‍ത്തമായി അവതരിപ്പിക്കാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ മാത്രമാണ്. ജനായത്തം എന്നത് പ്രാതിനിധ്യത്തെ മാത്രം ആശ്രയിച്ചാകുമ്പോള്‍ അത്തരമൊരു ആശയാവിഷ്‌കാരങ്ങളുടെ പ്രകടനങ്ങള്‍ ഏട്ടിലെ പശു മാത്രമാകുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഏഴ് പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ശൈശവാവസ്ഥയെ മറികടക്കാത്തതിന് പിന്നില്‍ ഈയൊരു പ്രശ്‌നം വളരെ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയിലെ ആദിവാസി-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ സമൂഹത്തിന്റെ ജനാധിപത്യ വികസന പ്രക്രിയയില്‍ നടത്തുന്ന ഇടപെടലുകളെ സ്വാംശീകരിക്കുവാനോ അംഗീകരിക്കുവാനോ വരേണ്യവര്‍ഗ്ഗം വിമുഖത കാട്ടുന്നതായി കാണാം. സമൂഹത്തിന്റെ ഭൗതിക വികസനത്തിനുള്ള കേവല ഉപകരണങ്ങളായി മാത്രമാണ് ഭരണവര്‍ഗ്ഗം മേല്‍പ്പറഞ്ഞ സാമൂഹ്യവിഭാഗങ്ങളുടെ സ്ഥാനം നിര്‍ണ്ണയിച്ചിരിക്കുന്നത്. അതിലുപരി, ചിരിത്രനിര്‍മ്മിതിയിലും സാമൂഹിക സംഘാടനത്തിലും ജനാധിപത്യ പ്രക്രിയയിലും അധികാര ഘടനയിലും കീഴാളവിഭാഗങ്ങളെ ഉള്‍ച്ചേര്‍ക്കാതിരിക്കുക എന്നത് ഭരണവര്‍ഗ്ഗത്തിന്റെ എക്കാലത്തെയും തന്ത്രങ്ങളിലൊന്നാണ്. ചെറിയ ഇടവേളകളിലെങ്കിലും സ്വേച്ഛാധിപത്യത്തിലേക്ക് വഴുതി നീങ്ങാനുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രവണതകളെ അതിന്റെ ഘടനാപരമായ പ്രതിസന്ധിയായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്. ഭൂരിപക്ഷം വരുന്ന അടിസ്ഥാനവിഭാഗങ്ങളുടെ സാമൂഹ്യാവസരങ്ങളുടെ നിഷേധങ്ങള്‍ ആത്യന്തികമായി ഒരു സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥയെത്തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുമ്പോഴെല്ലാം ഈ സ്വേച്ഛാധിപത്യ ഭരണസംവിധാനങ്ങള്‍ തങ്ങളുടെ ജനാധിപത്യ നാട്യങ്ങള്‍ വെടിഞ്ഞ് അതിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കുന്നതായി കാണാം.
ജനാധിപത്യത്തെ സംബന്ധിച്ച വാചാടോപങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, രാഷ്ട്ര വികസനത്തിനും വ്യാവസായിക വളര്‍ച്ചയ്ക്കും ജനാധിപത്യം ഒരു ബാധയാണെന്ന ആന്തരികബോധം ഉള്‍ക്കൊള്ളുന്നവരാണ് നെഹ്രു തൊട്ട് ഇങ്ങോട്ടുള്ള എല്ലാ ദേശീയവാദികളും. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അണിചേരുന്നതിനപ്പുറമുള്ള ജനാധിപത്യ ഇടപെടലുകളെക്കുറിച്ച്, വികസനം, സാമൂഹ്യനീതി, സൂക്ഷ്മ ജനാധിപത്യം എന്നിവ സംബന്ധിച്ച സംവാദങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഭാഗഭാക്കാകുന്നതില്‍, അതുകൊണ്ടുതന്നെ രാജ്യത്തെ ദേശീയവാദികള്‍ വലിയ ഉത്കണ്ഠ സൂക്ഷിക്കുന്നവരായിരിക്കില്ല. ഒരുഭാഗത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കാലക്രമേണ ഉയര്‍ന്നുകൊണ്ടിരിക്കുന്നതായി കാണാമെങ്കിലും ഭൂമി അടക്കമുള്ള സമ്പത്തിന്റെ ഉടമസ്ഥാവകാശം, സാമൂഹ്യക്ഷേമ മേഖലകളിലെ അസമത്വം എന്നിവ ഏഴ് പതിറ്റാണ്ടിന് ശേഷവും തല്‍സ്ഥിതിയില്‍ തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
അതിവിപുലവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരികാസ്തിത്വങ്ങളും ഭൂമിശാസ്ത്രപരമായ ഭിന്നതകളും നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ഒരൊറ്റ ദേശീയതയ്ക്ക് കീഴില്‍ അണിനിരത്താനുള്ള ശ്രമങ്ങള്‍ ആത്യന്തികമായി മേധാവിത്വ സംസ്‌കാരത്തിന്റെ ആധിപത്യത്തിലേക്ക് മാത്രമാണ് നയിക്കുക. ഭൗമാതിര്‍ത്തികള്‍ക്ക് തളച്ചിടപ്പെട്ട ചെറുചെറു സാംസ്‌കാരിക ദേശീയതകളെ ഉള്‍ക്കൊള്ളാനോ അവയുടെ വികാസത്തിന് അനുരൂപമാകുന്നവിധത്തില്‍ ജനാധിപത്യ സംവാദങ്ങളെ തിരിച്ചുവിടാനോ ആധിപത്യ സംസ്‌കാരം ശ്രമിക്കുകയില്ല. ചരിത്രപരമായ കാരണങ്ങള്‍കൊണ്ടുതന്നെ പാര്‍ശ്വവല്‍കൃതരാക്കപ്പെട്ട ഒരു സമൂഹവും സ്റ്റേറ്റും തമ്മിലുള്ള സംവാദം എപ്രകാരമുള്ളതാണ് എന്നതിനെ ആശ്രയിച്ചായിരിക്കും ആ സ്റ്റേറ്റിന്റെ ജനാധിപത്യ വളര്‍ച്ചയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നത്.
ഭരണവര്‍ഗ്ഗം സൃഷ്ടിച്ച കാല്പനിക ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഇരകളാണ് ഇന്ത്യയിലെ ആദിവാസി-ഗോത്ര വിഭാഗങ്ങള്‍. കൊളോണിയല്‍ ഭരണത്തിന്റെ രണ്ടരനൂറ്റാണ്ട് തൊട്ട് വര്‍ത്തമാന ‘ജനാധിപത്യ’ ഭരണവ്യവസ്ഥവരെയുള്ള മൂന്ന് നൂറ്റാണ്ടിലധികം കാലം, ഇന്ത്യയിലെ ആദിവാസി ജനത അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതങ്ങളായിരുന്നു. തങ്ങളുടേതായ സാമൂഹിക ജീവിതവും ഭരണവ്യവസ്ഥകളും രൂപപ്പെടുത്തി പാരിസ്ഥിതിക-ജനായത്ത ബോധത്തില്‍ അധിഷ്ഠിതമായി ജീവിച്ചുപോന്ന ഒരു ജനതയുടെ അസ്തിത്വത്തെത്തന്നെയായിരുന്നു നാം അപകടത്തിലാക്കിയിരിക്കുന്നത്. ഭൗതികമായ അവരുടെ ജീവിതപരിസരങ്ങളെ മാത്രമല്ല നാം തകര്‍ത്തുകളഞ്ഞത്; അവരുടെ സാംസ്‌കാരിക ജീവിതത്തെയും മൂല്യബോധങ്ങളെയും ജ്ഞാനവ്യവസ്ഥകളെയും അപരിഷ്‌കൃതമെന്നും പ്രാചീനമെന്നും അപഹസിച്ചുകൊണ്ട്, ഒരു സമൂഹത്തിന്റെ തനതായ പരിഷ്‌കരണ സാധ്യതകളെ സമ്പൂര്‍ണ്ണമായി തകര്‍ത്തെറിയുകയായിരുന്നു. പാശ്ചാത്യ-കൊളോണിയല്‍ മൂല്യങ്ങളുടെ, ജ്ഞാനവ്യവസ്ഥകളുടെ അളവുകോലിലൂടെ ഇന്ത്യയിലെ ആദിവാസി ജീവിതങ്ങളെ അളക്കാനായിരുന്നു നമ്മുടെ ശ്രമം.
ആദിവാസി-ഗോത്ര ജനവിഭാഗങ്ങളുടെ ഭൗതിക ജീവിതത്തോടും ജ്ഞാനവ്യവസ്ഥകളോടും ഒപ്പം നാം അവഗണിച്ച് മാറ്റിനിര്‍ത്തിയത് ഒരു ജനതയെന്ന നിലയില്‍ സാമൂഹിക വികാസത്തിലും ചരിത്രനിര്‍മ്മിതിയിലും അവര്‍ നടത്തിയ ഇടപെടലുകളെ കൂടിയായിരുന്നു. കൊളോണിയല്‍ അധിനിവേശത്തിനെതിരായി ഇന്ത്യയിലെ ആദിവാസി ജനത നടത്തിയ ചെറുത്തുനില്‍പ്പുകളെ സമ്പൂര്‍ണ്ണമായും പടിക്കുപുറത്തുനിര്‍ത്തുകയായിരുന്നു കൊളോണിയല്‍ ചരിത്രകാരന്മാരും ബൂര്‍ഷ്വാ ദേശീയവാദി ചരിത്രകാരന്മാരും അടക്കമുള്ളവര്‍ ചെയ്തത്. അവരുടെ ചരിത്രരചനാശാസ്ത്ര മാനദണ്ഡങ്ങള്‍ക്ക് പുറത്തായിരുന്നു ആദിവാസി പോരാട്ടങ്ങളുടെ സത്ത. ഇതിനെ ശരിയായ രീതിയില്‍ വിലയിരുത്താനോ രേഖപ്പെടുത്താനോ അവരുടെ മാനദണ്ഡങ്ങള്‍ അനുവദിക്കുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കൊളോണിയല്‍ ചരിത്രകാരന്മാര്‍ അവഗണിച്ച് മാറ്റിനിര്‍ത്തിയ കീഴാള പോരാട്ടങ്ങളെ അതിന്റെ സത്തയിലും സമഗ്രതയിലും മനസ്സിലാക്കേണ്ടത് ജനായത്തത്തിന്റെ സമഗ്രവികാസത്തിന് അനിവാര്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും രാജ്യം ഫാസിസ്റ്റ് ഭരണവ്യവസ്ഥകളിലേക്ക് കൂടുതല്‍ ശക്തമായി അടുത്തുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തില്‍. ആദിവാസി-കീഴാള വിഭാഗങ്ങള്‍ക്കിടയില്‍ ഉറവെടുത്തുകൊണ്ടിരിക്കുന്ന അസ്വസ്ഥതകളെ, അസംതൃപ്തികളെ കേവലം ഭൗതിക സൗകര്യങ്ങളുടെ അഭാവത്തിന്റെ മാത്രം പ്രശ്‌നമായി വിലയിരുത്തുന്നതില്‍ പരിമിതികളേറെയുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പില്‍ ആദിവാസി ജനത നല്‍കിയ/നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെ, ചരിത്രപരമായ അവരുടെ പങ്കിനെ കൃത്യമായി അടയാളപ്പെടുത്തുക എന്നത് വൈകിയെങ്കിലും നമ്മുടെ കടമയായി അംഗീകരിക്കേണ്ടതുണ്ട്.
വൈദേശിക ഭരണത്തിനെതിരായി ഇന്ത്യയില്‍ നടന്ന പ്രക്ഷോഭങ്ങളെ സംബന്ധിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ ഔദ്യോഗികമായും അനൗദ്യോഗികമായും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ കൊളോണിയല്‍ അധിനിവേശത്തെയും അവയുടെ വികാസപരിണാമങ്ങളെയും അതിനോടുള്ള ഇന്ത്യന്‍ ജനതയുടെ മനോഭാവത്തെയും ചെറുത്തുനില്‍പ്പുകളെയും പല വീക്ഷണകോണുകളില്‍ നിന്നുകൊണ്ടുള്ള ആഖ്യാനങ്ങള്‍ സുലഭമായി ലഭ്യമാണ്. എന്നാല്‍ അധിനിവേശ ശക്തികള്‍ക്കെതിരായി ഇവിടുത്തെ ഗോത്രജനത നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പുകളെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ നാമമാത്രമായി പോലും ഇവയിലൊന്നിലും കാണാന്‍ സാധിക്കില്ല. ഇന്ത്യന്‍ ജനജീവിതത്തിന്റെ പൊതുധാരയില്‍ നിന്നും അകന്നു വനമേഖലയില്‍ കഴിഞ്ഞുവന്നിരുന്ന ആദിവാസി-ഗോത്ര ജനവിഭാഗങ്ങള്‍ പക്ഷെ അധിനിവേശത്തിന്റെ ആദ്യകാലം തൊട്ടുതന്നെ ബ്രിട്ടീഷുകാര്‍ക്കെതിരായി ആയുധസജ്ജരായി അണിനിരക്കുകയുണ്ടായി. പ്ലാസ്സി യുദ്ധ (1757)വിജയത്തിന് ശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യാ ദൗത്യത്തിന് മേല്‍ ബ്രിട്ടീഷ് ഭരണകൂടം കൃത്യമായ മേല്‍നോട്ടം ഏര്‍പ്പെടുത്തുകയും ഇന്ത്യയിലെ തങ്ങളുടെ കോളനിതാല്‍പര്യങ്ങള്‍ ശക്തമാക്കുകയും ചെയ്തതിന് കാല്‍നൂറ്റാണ്ട് കാലത്തിനുള്ളില്‍ തന്നെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ആദിവാസി ജനത കലാപമുയര്‍ത്തുകയായിരുന്നു. 1774ല്‍ ബംഗാള്‍ പ്രസിഡന്‍സിയിലെ ഹല്‍ബാ പ്രക്ഷോഭവും 1774-79 കാലയളവില്‍ ഇതേ മേഖലയില്‍ പഹാഡിയ സര്‍ദാരുകളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭവും വൈദേശിക ഭരണത്തിനെതിരായ ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരങ്ങളാണ്. പിന്നീടങ്ങോട്ടുള്ള ഏതാണ്ട് രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യന്‍ വനമേഖല ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ രണഭൂമിയായി മാറുകയായിരുന്നു. ബംഗാളിലെ മിഡ്‌നാപൂര്‍-ബാന്‍കുറ മേഖലയില്‍ നടന്ന ചുവാര്‍ പ്രക്ഷോഭം (1795-1800), കോള്‍ കലാപം (1831), കോന്ധ് പ്രക്ഷോഭം (1850), സാന്താള്‍ പ്രക്ഷോഭം (1850), മുണ്ട കലാപം (1889), വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിവിധ കാലങ്ങളില്‍ നടന്ന നാഗാ, മിസോ, ഖാസി പ്രക്ഷോഭങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയില്‍ കോയ, കോലം, കുറിച്യ ആദിവാസികളുടെ മുന്‍കൈയ്യില്‍ നടന്ന പ്രക്ഷോഭങ്ങള്‍, ബോംബെ പ്രസിഡന്‍സിയില്‍ വിവിധ കാലങ്ങളില്‍ നടന്ന ഭീല്‍ പ്രക്ഷോഭങ്ങള്‍ എന്നിവ തൊട്ട് 1942 കാലയളവില്‍ ഒഡീസ്സയിലെ കോരാപുട്ടില്‍ ലക്ഷ്മണ്‍ നായ്കിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം വരെ നൂറുകണക്കായ, ദീര്‍ഘങ്ങളായ ആദിവാസി പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലെമ്പാടുമായി അരങ്ങേറുകയുണ്ടായി. ആദിവാസി-ഗോത്ര ജനതയുടെ മുന്‍കൈയ്യില്‍ നടന്ന കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭങ്ങളെയും അവയ്ക്ക് നേതൃത്വം നല്‍കിയ ധീരരായ ആദിവാസി നേതാക്കളെയും ചരിത്രത്തില്‍ നിന്ന് തമസ്‌കരിക്കുന്നതിന് പിന്നില്‍ കോളനിയാനന്തര ഭരണതുടര്‍ച്ചകളുടെ, നയരൂപീകരണങ്ങളുടെ ശക്തമായ സ്വാധീനമുണ്ടെന്ന് കാണാന്‍ സാധിക്കും.
കൊളോണിയല്‍ ഭരണത്തിനെതിരായി 1774 മുതല്‍ 1947വരെ ഇന്ത്യയില്‍ നടന്ന വിവിധങ്ങളായ ആദിവാസി പ്രക്ഷോഭങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. അതില്‍ ആദ്യഘട്ടം 1774 തൊട്ട് 1860വരെയുള്ള കാലയളവില്‍ നടന്നതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഉദയവും അതിന്റെ വ്യാപനവും ഈ കാലയളവിലായിരുന്നുവെന്നത് യാദൃശ്ചികതയല്ല. വ്യാപാരത്തിനായി കടന്നുവന്നവര്‍ ഇന്ത്യയുടെ ദൈനംദിന ഭരണവ്യവസ്ഥകളില്‍ ഇടപെടുകയും തങ്ങളുടേതായ നീതിന്യായ സംവിധാനങ്ങള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പിക്കാനാരംഭിച്ചതും ഈ കാലയളവില്‍ തന്നെയായിരുന്നു. സാമ്രാജ്യത്വ വിപുലീകരണത്തിന് ആവശ്യമായ പ്രകൃതിവിഭവങ്ങള്‍ കയ്യടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അതിനാവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ രൂപപ്പെടുത്തുകയും തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ അവ നിര്‍ബ്ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാനും ആരംഭിച്ചപ്പോള്‍ അതിനെതിരെയുള്ള പ്രതിരോധമെന്ന നിലയ്ക്കാണ് ആദിവാസി പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലെ വനമേഖലയില്‍ ശക്തിപ്പെട്ടതെന്ന് കാണാം. ഈ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിലെ വിവിധ നാട്ടുരാജാക്കന്മാരുടെയും ഭൂസ്വാമിമാരുടെയും സഹായങ്ങള്‍ ലഭ്യമാക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ വിജയംവരിച്ചു. വൈദേശിക ഭരണത്തിനെതിരെയുള്ള ദേശീയപ്രസ്ഥാനത്തിന്റെ രൂപീകരണം പില്‍ക്കാലത്ത് സംഭവിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള ആദിവാസി പ്രക്ഷോഭങ്ങള്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരുന്നു!
1860 മുതല്‍ 1920 വരെയുള്ള ആറ് ദശകക്കാലം, ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യവിപുലീകരണവും അതിനെതിരായുള്ള ആദിവാസി-ഗോത്രജനതയുടെ പ്രതിരോധവും ഏറ്റവും ശക്തിയാര്‍ജ്ജിച്ച കാലയളവായിരുന്നു. ബംഗാള്‍ പ്രസിഡന്‍സിയിലും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഈയൊരു കാലയളവില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി അതിശക്തമായതും തുടരെത്തുടരെയുള്ളതുമായ പ്രക്ഷോഭങ്ങള്‍ നടന്നതായി കാണാം. ആദിവാസി സമ്പദ്ക്രമത്തെ തകര്‍ക്കുന്ന രീതിയില്‍ വ്യാപാരമൂലധനവും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയും ആദിവാസി മേഖലകളിലേക്ക് അതിക്രമിച്ച് കടന്നതും ഇതേ കാലഘട്ടത്തിലായിരുന്നു.
1920 മതുല്‍ 1947 വരെയുള്ള കാലഘട്ടം ആദിവാസി പ്രക്ഷോഭങ്ങള്‍ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ ആരംഭിച്ച കാലമായിരുന്നു. ജത്ര ഓറോണിന്റെ നേതൃത്വത്തിലുള്ള താനാഭഗത് പ്രസ്ഥാനം, മിഡ്‌നാപൂരിലെ ഭൂമിജ് പ്രക്ഷോഭം, ദേവീ മൂവ്‌മെന്റ്, കോരാപുടില്‍ ലക്ഷ്മണ്‍ നായ്കിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം തുടങ്ങിയവ ദേശീയ പ്രസ്ഥാനങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധമുണ്ടായിരുന്ന ആദിവാസി പ്രക്ഷോഭങ്ങളായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ വ്യാവസായിക വളര്‍ച്ചയ്ക്കും അതിന്റെ ആഗോളാന്തര വ്യാപനത്തിനും ആവശ്യമായ പ്രകൃതിവിഭവങ്ങളുടെ പ്രധാന ഉറവിടം ലോകത്തെവിടെയും ആദിമ ഗോത്രവിഭാഗങ്ങള്‍ അധിവസിച്ചുപോന്ന പ്രദേശങ്ങളിലായിരുന്നുവെന്നത് ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമായി വിലയിരുത്താന്‍ സാധിക്കും. ഈ അസംസ്‌കൃത വിഭവങ്ങളുടെ നിരന്തരമായ പ്രവാഹം സാധ്യമാക്കണമെങ്കില്‍ അവയുടെ യഥാര്‍ത്ഥ അവകാശികളെ കീഴാളബോധത്തില്‍ ഉറപ്പിച്ച് നിര്‍ത്തേണ്ടത് വ്യാവസായിക മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമായിരുന്നു. ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല. ആസ്‌ത്രേലിയന്‍ തദ്ദേശീയ ജനതയുടെ കാര്യത്തിലായാലും, ആഫ്രിക്കന്‍ ഗോത്രജനതയുടെ കാര്യത്തിലായാലും അമേരിക്കന്‍ ആദിവാസികളുടെ കാര്യത്തിലായാലും സമാനമായ അവസ്ഥ കണ്ടെത്താന്‍ കഴിയും. ലോകത്തെവിടെയും പ്രകൃതി സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം തദ്ദേശീയ ജനതയുടേതാണെന്ന ബോധ്യത്തില്‍ നിന്നാണ് ആ ജനതയെ മുഖ്യധാരയുമായി അകറ്റി നിര്‍ത്തി, ചരിത്രമില്ലാത്തവരും പ്രാചീനരും ആണ് അവരെന്ന ചിന്തവളര്‍ത്തി മാറ്റിനിര്‍ത്തിയത്. ഇന്ത്യയില്‍ ഇന്നും തുടരുന്ന കൊളോണിയല്‍ വികസന നയങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ തന്നെയാണ് ഭൂമിയില്‍ നിന്നും സാമൂഹിക ജീവിതത്തില്‍ നിന്നും ആദിവാസികളുടെ അന്യവല്‍ക്കരണം സംഭവിച്ചിട്ടുള്ളത്. ഇന്ത്യയിലെ ധാതുനിക്ഷേപങ്ങളില്‍ വലിയൊരു ശതമാനവും സ്ഥിതിചെയ്യുന്നത് ആദിവാസി മേഖലകളിലാണ്. ധാതുസമ്പത്തില്‍ നിന്നുള്ള ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 56%വും ഈ മേഖലയില്‍ നിന്നാണെന്ന വസ്തുത നാം മനസിലാക്കേണ്ടതുണ്ട്. ധാതുനിക്ഷേപങ്ങളെ കൂടാതെ വനമേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിലും ഇത് കാണാന്‍ സാധിക്കും. ഇന്ത്യന്‍ വനമേഖലയെ തങ്ങളുടെ റവന്യൂ വര്‍ദ്ധിപ്പിക്കാനുള്ള ഉപാധിയായി പരിഗണിച്ച ബ്രിട്ടീഷുകാര്‍ 1869-70 കാലയളവില്‍ മാത്രം ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ വനവിഭവങ്ങളുടെ മൂല്യം ഏതാണ്ട് 5.6 ദശലക്ഷം രൂപയുടേതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കോളനിവിപുലീകരണവും വിഭവചൂഷണവും ലക്ഷ്യമിട്ടു മുന്നേറിക്കൊണ്ടിരുന്ന ബ്രിട്ടീഷ് അധികാരികള്‍ക്ക് ആദിവാസി-ഗോത്ര ജനവിഭാഗങ്ങള്‍ തങ്ങളുടെ പദ്ധതികള്‍ക്ക് വിലങ്ങുതടിയായി മാറാനുള്ള സാധ്യത തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളെ മറ്റ് സാമൂഹ്യ വിഭാഗങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് അതുകൊണ്ടുതന്നെ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയുണ്ടായി. ട്രൈബല്‍ ഹില്‍ അസംബ്ലി പോലുള്ള പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി, ഗോത്രരാജാക്കന്മാരുമായി പ്രത്യേകം പ്രത്യേകം കരാറുകളുണ്ടാക്കുവാന്‍ അവര്‍ തയ്യാറായി. വൈദേശിക ശക്തികളുടെ ചൂഷണാത്മക രീതികളോട് സന്ധിയില്ലാ യുദ്ധത്തിന് തയ്യാറായി വന്ന പഹാഡിയ സര്‍ദാര്‍മാരെയും മലേരുകളെയും പോലുള്ള ആദിവാസി വിഭാഗങ്ങളെ ശാന്തരാക്കുന്നതിനായിരുന്നു ക്ലെവ്‌ലാന്റിനെപോലുള്ള സൂത്രശാലികളായ ഭരണാധികാരികള്‍ 1796ല്‍ ഹില്‍ അസംബ്ലി രൂപീകരണത്തിന് മുന്‍കൈയ്യെടുത്തത്. ആദിവാസികളെ പൊതുസമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി പല ആദിവാസി പ്രദേശങ്ങളും നിരോധിത മേഖലകളായി ബ്രിട്ടീഷ് ഭരണാധികാരികള്‍ പ്രഖ്യാപിക്കുകയുണ്ടായി. ‘സമ്പൂര്‍ണ്ണവും ഭാഗികവുമായി ഒഴിവാക്കപ്പെട്ട’ പ്രദേശങ്ങളായി ആദിവാസി മേഖലകള്‍ പ്രഖ്യാപിക്കുന്നതിന് പിന്നിലും ഇതേ കാരണങ്ങള്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
പ്രാദേശിക ഭരണവ്യവസ്ഥകളെ അട്ടിമറിക്കുകയും തങ്ങളുടെ ഭരണരീതികള്‍ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് വനമേഖലകളിലേക്ക് കടന്നുകയറി കമ്പനി ഭരണകൂടം ആദിവാസി ജനതയ്ക്ക് മുന്‍പരിചയമില്ലാത്ത സ്വകാര്യ സ്വത്ത് സമ്പ്രദായവും ഭൂവുടമസ്ഥതാ സമ്പ്രദായവും അവര്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ബംഗാള്‍ പ്രസിഡന്‍സിയിലെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ലോര്‍ഡ് കോണ്‍വാലിസ് (Lord Cornwallis)നടപ്പിലാക്കിയ പെര്‍മനന്റ് സെറ്റില്‍മെന്റ് ആക്ടും (Permanent Settlement Act) നികുതിവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രാദേശിക ഭൂവുടമകള്‍ക്ക് അമിതാധികാരം നല്‍കി ജമീന്ദാരീ സമ്പ്രദായം ശക്തിപ്പെടുത്തിയതും ആദിവാസി-ഗോത്ര ജനതയുടെ ജീവിതരീതികളെയും പൊതുവിഭവ മാനേജ്‌മെന്റ് എന്ന അവരുടെ കാഴ്ചപ്പാടിനെയും തകര്‍ക്കുന്ന നയങ്ങളായി മാറി. വനമേഖലകളെ എസ്റ്റേറ്റ് അടിസ്ഥാനത്തില്‍ വിഭജിക്കുകയും അവയുടെ വിനിയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് പൊതുവെ സ്വാതന്ത്ര്യവാദികളായ ആദിവാസി ജനതയുടെ സൈ്വര്യവിഹാരത്തിന് വിഘാതം സൃഷ്ടിക്കുകയായിരുന്നു. ബംഗാള്‍ പ്രസിഡന്‍സിയിലെന്നപോലെ മദ്രാസ്, ബോംബെ, സെന്‍ട്രല്‍ പ്രവശ്യകളിലും സമാനമായ ഭൂ-വന വിനിയോഗ നിയമങ്ങള്‍ കൊളോണിയല്‍ ഭരണകൂടം നടപ്പിലാക്കുകയുണ്ടായി. ആദിവാസികളുടെ താല്‍പര്യങ്ങളെ പരിഗണിക്കാതെയുള്ള ഫോറസ്റ്റ് ആക്ട് പോലുള്ള നിയമങ്ങള്‍ക്കെതിരായി ബ്രിട്ടീഷ് അധികാരികളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. ബ്രിട്ടീഷ് ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ഡൈട്രിച്ച് ബ്രാന്‍ഡിസി (Dietrich Brandis)നെ പോലുള്ളവര്‍ ആദിവാസി ജനതയുടെ താല്‍പര്യങ്ങള്‍ക്കായി വാദിച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ വനമേഖലയെ തങ്ങളുടെ റവന്യൂവരുമാനത്തിനുള്ള ഉപാധിയായി മാത്രം പരിഗണിച്ചിരുന്നവര്‍ക്ക് ആ നിര്‍ദ്ദേശം സ്വീകാര്യമായിരുന്നില്ല. ശാസ്ത്രീയ വനപരിപാലനത്തിന്റെ പേരില്‍ അവര്‍ നടപ്പിലാക്കിയ പദ്ധതികളെല്ലാം തന്നെ ലോകത്തെല്ലായിടത്തും വന്‍തോതിലുള്ള വനചൂഷണത്തിന് ഇടയാക്കുകയായിരുന്നുവെന്ന് കൊളോണിയല്‍ ഫോറസ്റ്റ് മാനേജ്‌മെന്റിനെ സംബന്ധിച്ച് പില്‍ക്കാലത്ത് നടത്തിയ നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ വനംകൊള്ളക്കാരായി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം പേരെടുത്തുകഴിഞ്ഞിരുന്നു (Gadgil, 1983).
പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്ത്യന്‍ വനമേഖലകളിലേക്ക് പര്യവേഷണത്തിന് തുടക്കം കുറിച്ച ബ്രിട്ടീഷുകാര്‍ 1805ല്‍ വനമേഖലയിലെ തേക്ക് പോലുള്ള ഉറപ്പുള്ള മരങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥന്മാരെ ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് കോര്‍ട്ട് ഓഫ് ഡയറക്‌ടേര്‍സിന്റെ ഉത്തരവനുസരിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒട്ടനവധി ഉദ്യോഗസ്ഥന്മാര്‍ ഇന്ത്യന്‍ വനമേഖലകളിലേക്ക് പര്യവേഷണം ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം 1855ല്‍ ഇന്ത്യയ്ക്ക് ഒരു വനനയം പ്രഖ്യാപിക്കുകയും 1869ല്‍ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് രൂപംകൊടുക്കുകയും ചെയ്തു. 1969ലെ ഫോറസ്റ്റ് ആക്ട് അനുസരിച്ച് വനങ്ങളെ പലരീതിയില്‍ വര്‍ഗ്ഗീകരിക്കുകയും സംരക്ഷിത, റിസര്‍വ്വ് വനങ്ങളായി പലതിനെയും പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടുകൂടി വനമേഖലയില്‍ നിന്ന് ‘ചെറുകിട’, ‘വന്‍കിട’ വനവിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് തദ്ദേശീയ ജനതയെ വിലക്കുകയും ചെയ്തു. ശാസ്ത്രീയ വനപരിപാലനത്തിന്റെ പേരില്‍ കാട്ടിലേക്കുള്ള കന്നുകാലികളുടെ മേച്ചില്‍പോലും ബ്രിട്ടീഷ് അധികാരികള്‍ നിയന്ത്രിക്കുകയുണ്ടായി. വനമേഖലയിലെ ഇത്തരത്തിലുള്ള ഇടപെടല്‍ ആദിവാസി-ഗോത്രജനതയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ വന്‍പ്രത്യാഘാതങ്ങളുളവാക്കുന്നവയായിരുന്നു. ജൈവസമൃദ്ധിയില്‍ ജീവിച്ചിരുന്ന ഒരു ജനത ചെറിയ കാലയളവില്‍ തന്നെ പോഷകാഹാരക്കുറവിന്റെയും പട്ടിണിയുടെയും പ്രശ്‌നങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ആദിവാസി ജനതയ്ക്ക് നാളതുവരെ പരിചയമില്ലാതിരുന്ന നാണയ സമ്പദ്‌വ്യവസ്ഥ നിര്‍ബന്ധപൂര്‍വ്വം അവരിലേക്ക് അടിച്ചേല്‍പ്പിച്ചത്, സ്വതന്ത്രവ്യാപാരത്തെയും ദൈനംദിന കൊടുക്കല്‍ വാങ്ങലുകളെയും അടിസ്ഥാനപ്പെടുത്തിയുള്ള അവരുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സമ്പൂര്‍ണ്ണനാശത്തിലേക്ക് നയിച്ചു.
വനമേഖലയില്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആദിവാസികളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുവാന്‍ തുടങ്ങിയതോടെ അവര്‍ക്കിടയില്‍ പുറത്തുനിന്നെത്തിയ ‘ദിക്കു'(dhikkus) കളോടും, ‘സുദു'(Sudus)കളോടുമുള്ള വിദ്വേഷം കൂടിക്കൊണ്ടിരുന്നു. കൊളോണിയല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനനിയമമനുസരിച്ച് അക്കാലത്ത് പതിനായിരക്കണക്കിന് കേസുകളാണ് ആദിവാസികള്‍ക്ക്‌മേല്‍ ചാര്‍ത്തപ്പെട്ടത്. ഇതോടുകൂടി ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ആദിവാസികള്‍ തയ്യാറാവുകയായിരുന്നു. ആദിവാസികളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വനപരിപാലനം തങ്ങളുടെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന് കണ്ട അധികാരികള്‍ 1869ലെ വനനിയമത്തില്‍ ഭേദഗതികള്‍ വരുത്തുകയും വനസംരക്ഷണണത്തില്‍ അവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതികളോടെ പുതിയ നിയമം 1878ല്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പുതിയ നിയമത്തിന്റെ പ്രത്യാഘാതമെന്നത് അതുവരെ വനത്തിന്റെ ഉടമകളായിരുന്ന ആദിവാസി – ഗോത്രജനതയെ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലെ കൂലിത്തൊഴിലാളികളാക്കി മാറ്റി എന്നതായിരുന്നു. കൊളോണിയല്‍ ഭരണം അവസാനിച്ചിട്ടും ആദിവാസികളുടെ ഈയൊരവസ്ഥയില്‍ ഇന്നും മാറ്റം വന്നിട്ടില്ലെന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.
വനവിഭവങ്ങളോടൊപ്പം വനമേഖലയിലെ ധാതുസമ്പത്തിലും കണ്ണ് വെച്ചിരുന്ന ബ്രിട്ടീഷുകാര്‍ 18ാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ തന്നെ കല്‍ക്കരി ഖനനത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 1774 കാലയളവില്‍ ബംഗാള്‍ പ്രസിഡന്‍സിയിലെ ഛോട്ടാനാഗ്പൂരില്‍ മജിസ്‌ട്രേറ്റായിരുന്ന എസ്.ജി.ഹീറ്റ്‌ലി (H.G. Heatley), ജോണ്‍ സമ്മര്‍ (John Summer)എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണര്‍ ജനറലായിരുന്ന വാറന്‍ ഹേസ്റ്റിംഗ്‌സില്‍ നിന്നും ഖനനത്തിനുള്ള അനുമതി കരസ്ഥമാക്കുകയായിരുന്നു. ഒരുപക്ഷേ ഇന്ത്യയിലെ വ്യാവസായികാടിസ്ഥാനത്തിലുള്ള ആദ്യത്തെ കല്‍ക്കരി ഖനനപദ്ധതി എന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയുണ്ടായെങ്കിലും വാറന്‍ ഹേസ്റ്റിംഗ്‌സി (Warren Hastings)ന്റെ നിര്‍ദ്ദേശപ്രകാരം വിപുലമായ ഖനനപദ്ധതികള്‍ക്കായുള്ള അന്വേഷണം തുടരുകയായിരുന്നു. 1831ഓടെ പ്രതിവര്‍ഷം 15000 ടണ്‍ കല്‍ക്കരി ഖനനം ചെയ്യാവുന്ന രീതിയില്‍ കമ്പനി പ്രവര്‍ത്തനം വിപുലീകരിക്കുകയും സമാനമായ രീതിയില്‍ വിവിധ പ്രദേശങ്ങളില്‍ കല്‍ക്കരി ഖനികള്‍ ആരംഭിക്കുകയും ചെയ്തു. 1843 ആയപ്പോഴേക്കും വിവിധ കമ്പനികളുടെ സംയുക്ത സംരംഭമെന്ന നിലയില്‍ ബംഗാള്‍ കോള്‍ കമ്പനി രൂപീകൃതമാകുകയും ചെയ്തു (Bansal 1983). 1774 കാലയളവില്‍ ഛോട്ടാനാഗ്പൂര്‍ മേഖലയില്‍ പഹാഡിയ സര്‍ദാറുകള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ചതിന് പിന്നില്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാര്‍ വനമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടിയാണെന്ന് കാണാം. ഏതാണ്ട് ഇതേ കാലയളവില്‍ ഇരുമ്പ് അടക്കമുള്ള മറ്റ് ധാതുക്കളെ സംബന്ധിച്ചുള്ള പര്യവേഷണങ്ങളും ഖനനപ്രവര്‍ത്തനങ്ങളും ബംഗാള്‍ പ്രസിഡന്‍സിയിലെ വിവിധ വനമേഖലയില്‍ കൊളോണിയല്‍ ഭരണകൂടം ആരംഭിച്ചുവെന്ന കാര്യവും മനസിലാക്കേണ്ടതുണ്ട്.
ബ്രിട്ടീഷ് വനനിയമം പോലെതന്നെ ആദിവാസി ജീവിതത്തെ ഗുരുതരമായി ബാധിച്ച കൊളോണിയല്‍ നിയമങ്ങളിലൊന്നാണ് പെര്‍മനന്റ് സെറ്റില്‍മെന്റ് ആക്ട്. 1793ല്‍ ബംഗാള്‍ ഗവര്‍ണറായിരുന്ന ലോര്‍ഡ് കോണ്‍വാലിസ് നടപ്പിലാക്കിയ പെര്‍മനന്റ് സെറ്റില്‍മെന്റ് ആക്ട് ജോണ്‍ ലോകെ (John Locke)യുടെ ‘തിയറി ഓഫ് പ്രോപര്‍ട്ടി’യെ അടിസ്ഥാനപ്പെടുത്തിയായിരുന്നു തയ്യാറാക്കിയിരുന്നത്. (According to Locke, unused property is wasteful and an offence against nature.) ഇന്ത്യയിലെ തങ്ങളുടെ റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ ‘തരിശുഭൂമി’ (waste land) കൃഷിക്ക് ഉപയുക്തമാക്കണമെന്ന് കോണ്‍വാലിസ് നിര്‍ദ്ദേശിച്ചു(Whitehead; J. 2010). ഇതിനുള്ള ഉത്തരവാദിത്വം കര്‍ഷകന്റെ മേല്‍ കെട്ടിയേല്‍പ്പിച്ച് ഭൂമിക്ക് മേല്‍ കടുത്ത നികുതികള്‍ ഏര്‍പ്പെടുത്തുകയും കരംപിരിക്കുവാനുള്ള ഉത്തരവാദിത്വം ജമീന്ദാര്‍മാരെ ഏല്‍പ്പിക്കുകയും ജമീന്ദാരി സമ്പ്രദായം കൂടുതല്‍ സുശക്തമായി നടപ്പിലാക്കുകയും ചെയ്തു.
പെര്‍മനന്റ് സെറ്റില്‍മെന്റിന് സമാനമായി മദ്രാസ്, ബോംബെ പ്രസിഡന്‍സിയിലും ആസ്സാം, കൂര്‍ഗ് മേഖലകളിലും തോമസ് മണ്‍റോ (Thomas Munro)യുടെ നിര്‍ദ്ദേശപ്രകാരം റയ്ത്‌വാരി (Ryotwari) സമ്പ്രദായവും നടപ്പിലാക്കുകയുണ്ടായി. ജമീന്ദാരി സമ്പ്രദായത്തില്‍ നിന്ന് ഭിന്നമായി കര്‍ഷകരില്‍ നിന്ന് നേരിട്ട് കരംപിരിച്ചെടുക്കുന്ന രീതിയായിരുന്നു തോമസ് മണ്‍റോയുടേത്. രണ്ട് സമ്പ്രദായങ്ങളിലും സൂക്ഷ്മമായ ഭിന്നതകള്‍ എന്തുതന്നെയായാലും ഭൂമിയെ സംബന്ധിച്ച കൊളോണിയല്‍ ധാരണകളില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല. കൃഷി ഭൂമിക്കും കാര്‍ഷിക വിളകള്‍ക്കും മേല്‍ ഏര്‍പ്പെടുത്തിയ നികുതികള്‍ പ്രദേശങ്ങളുടെ കാലാവസ്ഥാ സവിശേഷതകളെ മനസിലാക്കിക്കൊണ്ടുള്ളതായിരുന്നില്ല. എന്നുമാത്രമല്ല, വരള്‍ച്ചയും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ കാര്‍ഷിക വിളകള്‍ നശിച്ചുപോയാലും സര്‍ക്കാരിനുള്ള നികുതി കര്‍ഷകര്‍ നല്‍കേണ്ടതായി വന്നു. ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധങ്ങള്‍ കര്‍ഷകരുടെ ഭാഗത്ത്‌നിന്ന് ഉണ്ടാവുകയാണെങ്കില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ അവയൊക്കെയും അടിച്ചമര്‍ത്തുകയായിരുന്നു.
ഭൂവിനിയോഗത്തിന്മേല്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഝൂം (പുനം) കൃഷിയിലേര്‍പ്പെട്ടിരുന്ന ആദിവാസി സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതം അസാധ്യമാക്കിത്തീര്‍ത്തു. നായാടിയും ശേഖരിച്ചും കഴിഞ്ഞിരുന്ന പ്രാചീന ഗോത്രവിഭാഗങ്ങളെ വനനിയമവും പുനംകൃഷി നടത്തിപ്പോന്ന ആദിവാസി കര്‍ഷകരെ പെര്‍മനന്റ് സെറ്റില്‍മെന്റ് ആക്ടും ഗുരുതരമായി ബാധിച്ചു. കൃഷിഭൂമിയിലും വനമേഖലയിലും പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ആദിവാസികള്‍ ഇന്ത്യയിലെ വിവിധ വനമേഖലകളില്‍ ആയുധമെടുത്തു പോരാടുകയായിരുന്നു. പ്രാചീനമായ ആയുധങ്ങളും യുദ്ധതന്ത്രങ്ങളുടെ അഭാവവും പല ചെറുത്തുനില്‍പ്പുകളിലും ആദിവാസികള്‍ക്ക് വന്‍തോതില്‍ ജീവനാശം സംഭവിച്ചു. എങ്കിലും മരണംവരെ പോരാടാനുറച്ച ആദിവാസി ജനത ബ്രിട്ടീഷ് സൈന്യത്തിന് പലയിടങ്ങളിലും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ വിതച്ചുകൊണ്ടിരുന്നു. വനമേഖലയുടെ ഭൂമിശാസ്ത്രം മനഃപാഠമായിരുന്നു എന്നതായിരുന്നു ബ്രിട്ടീഷുകാര്‍ക്ക്‌മേല്‍ ആദിവാസികള്‍ക്ക് മേധാവിത്വം നിലനിര്‍ത്തിയ ഏകഘടകം. വൈദേശിക ശക്തികള്‍ക്കെതിരെ ആദിവാസികളില്‍ വളര്‍ന്നുവന്ന വിദ്വേഷം കാരണം ആദിവാസി വനമേഖലയെ പൊതുനിയമ സംവിധാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തി ‘ഭാഗികവും സമ്പൂര്‍ണ്ണവുമായി ഒഴിവാക്കപ്പെട്ട’ പ്രദേശങ്ങളായി കൊളോണിയല്‍ അധികാരികള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഷെഡ്യൂള്‍ഡ് ഡിസ്ട്രിക്കുകളുടെയും ഷെഡ്യൂള്‍ഡ് ഏരിയകളുടെയും രൂപീകരണത്തിലേക്ക് പില്‍ക്കാലത്ത് എത്തിച്ചേര്‍ന്നത് ഇതായിരുന്നു. സ്വന്തം പ്രദേശങ്ങളില്‍ സൈ്വര്യപൂര്‍വ്വം വിഹരിക്കുവാനുള്ള ആദിവാസികളുടെ അഭിവാഞ്ഛയും അതിനുവേണ്ടി സ്വന്തം ജീവന്‍പോലും ബലിയര്‍പ്പിക്കുവാനുള്ള സന്നദ്ധതയും കൊളോണിയല്‍ ഭരണകൂടങ്ങളെ അവരുടെ നിയമങ്ങളില്‍ പല ഭേദഗതികളും ഈ കാലയളവില്‍ വരുത്താന്‍ നിര്‍ബ്ബന്ധിതരാക്കി. ആദിവാസി ഭൂമി സംരക്ഷിച്ചു നിര്‍ത്തുന്നതിനായുള്ള ഛോട്ടാ നാഗ്പൂര്‍ ടെനന്‍സി ആക്ട് (1906) നടപ്പിലാക്കുന്നതിന് പിന്നില്‍ ബംഗാള്‍ പ്രസിഡന്‍സിയിലെ ആദിവാസി ജനതയുടെ നൂറ്റാണ്ട് നീണ്ട പ്രക്ഷോഭങ്ങളുടെ ചരിത്രമുണ്ട്. ഇന്ത്യയിലെമ്പാടും സമാനമായ പല നിയമങ്ങളും അതില്‍ പിന്നീട് സര്‍ക്കാര്‍ നടപ്പില്‍ വരുത്തുകയായിരുന്നു.
ഇന്ത്യയിലെ വന-മല മേഖലകളില്‍ രണ്ട് നൂറ്റാണ്ട്കാലം നടന്നുവന്ന ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഓരോന്നും ഒന്നില്‍ നിന്ന് വ്യതിരിക്തമായതും തികച്ചും വ്യത്യസ്തമായ നേതൃത്വങ്ങളുടെ കീഴില്‍ നടന്നതുമായിരുന്നു. അതേസമയം ഈ പ്രക്ഷോഭങ്ങളുടെയെല്ലാം തന്നെ കേന്ദ്രവിഷയം പ്രകൃതി വിഭവങ്ങളിന്മേലുള്ള ബ്രിട്ടീഷുകാരുടെ അക്രമാത്മകമായ കൈകടത്തലുകളാണെന്ന് കാണാം.
ആദിവാസികളുടെ സ്വാതന്ത്ര്യ-വിമോചന പോരാട്ടങ്ങളെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനങ്ങളുമായി കണ്ണിചേര്‍ക്കുന്നതില്‍ ദേശീയ നേതൃത്വങ്ങളൊന്നാകെ പരാജയപ്പെടുകയായിരുന്നു. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലിനപ്പുറത്ത് കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ ആദിവാസികള്‍ക്ക് വഹിക്കാവുന്ന പങ്കിനെ സംബന്ധിച്ച ശരിയായ വിലയിരുത്തലുകള്‍ നടത്തുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഗുജറാത്തില്‍ ഠക്കര്‍ ബാപ്പ (അമൃതലാല്‍ വിഠല്‍ദാസ് ഠക്കര്‍-1869-1951)പ്പോലുള്ള ഏതാനും നേതാക്കളൊഴിച്ചാല്‍ ആദിവാസികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിവുണ്ടായിരുന്ന നേതാക്കളും ദേശീയ പ്രക്ഷോഭരംഗത്തുണ്ടായിരുന്നില്ല എന്നു പറയാം. ഠക്കര്‍ ബാപ്പയെപ്പോലുള്ള നേതാക്കള്‍ തന്നെയും സൂമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ എന്ന നിലയിലായിരുന്നു ആദിവാസികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ആദിവാസികള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ സാധിക്കും എന്ന ചിന്ത അവരെ സംബന്ധിച്ചിടത്തോളം അന്യമായിരുന്നു. ഇന്ദുലാല്‍ യാഗ്നിക്കി(1892-1972)നെപ്പോലുള്ള ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ ആദിവാസികള്‍ ദുര്‍ബലരും ദരിദ്രനാരായണന്മാരും ആണെന്ന മനോഭാവത്തോടുകൂടിയായിരുന്നു അവര്‍ക്കിടയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അവരുടെ കഷ്ടതകളില്‍ മനംനൊന്ത് ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹത്തെപ്പോലുള്ളവര്‍ തങ്ങളുടെ ജീവിതകാലം ചെലവഴിക്കുകയായിരുന്നു. ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ ഭീല്‍ ആദിവാസികള്‍ക്കിടയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹത്തിന് പോലും ദേശീയ സ്വാതന്ത്ര്യസമരത്തിലെ ഭീല്‍പോരാളികളുടെ പങ്കിനെ മനസിലാക്കുവാനും തുല്യതയോടെ മറ്റ് സമൂഹങ്ങളുടെ ദേശീയ പ്രക്ഷോഭത്തില്‍ അവരെക്കൂടി കണ്ണിചേര്‍ക്കുവാനും സാധിച്ചില്ല. ബോംബെ പ്രസിഡന്‍സിയിലെ വിവിധ പ്രദേശങ്ങളില്‍ 1818, 1825-1840, 1833, 1850, 1913 എന്നീ കാലയളവില്‍ നടന്ന ഭീല്‍ പ്രക്ഷോഭം ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളിലെ തിളക്കമുള്ള അദ്ധ്യായങ്ങളായിരുന്നു. താത്യാ ഭീല്‍, ഗോവിന്ദ്ഗിരി, ഖാജ്യാനായ്ക്, രുമാല്‍ സിംഗ് തുടങ്ങി ധീരരായ നിരവധി ആദിവാസി നേതൃത്വങ്ങള്‍ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളെ ജീവന്‍നല്‍കി നിലനിര്‍ത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ആദിവാസികള്‍ക്ക് അവരുടേതായ കര്‍തൃത്വം സ്വയം ഏറ്റെടുക്കാനുള്ള കഴിവിനെ മനസിലാക്കുന്നതിന് പകരം തികച്ചും പാട്രിയാര്‍ക്കല്‍ ആയ സമീപനം സ്വീകരിക്കുകയായിരുന്നു അക്കാലങ്ങളിലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ മുഴുവന്‍ നേതൃത്വങ്ങളും ചെയ്തത്. സ്വന്തം ജീവിതശൈലിയുടെ ഭാഗമെന്ന നിലയില്‍ ആയുധങ്ങള്‍ കൊണ്ടുനടക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന ആദിവാസികളെ അഹിംസാത്മക സമരത്തില്‍ വിശ്വസിച്ചിരുന്ന ഗാന്ധി അടക്കമുള്ള നേതൃത്വത്തിന് സ്വീകാര്യമായിരുന്നില്ലെന്ന് പറയാം. ആദിവാസി പ്രക്ഷോഭങ്ങളെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചു എന്നതിന് പുറമെ ചില സന്ദര്‍ഭങ്ങളിലെങ്കിലും അത്തരം പ്രക്ഷോഭങ്ങളെ തള്ളിപ്പറയാനും ഗാന്ധി തയ്യാറായിരുന്നതായി കാണാം. 1922 ഫെബ്രുവരി 10ന് യംഗ് ഇന്ത്യയില്‍ എഴുതിയ ലേഖനം, ‘ബഹുജന മുന്നേറ്റങ്ങളുടെ അപകടം’ (ഉമിഴലൃ െീള ങമ ൈങീ്‌ലാലി)േ, ഇത്തരത്തിലുള്ള ഒന്നായിരുന്നു. മോത്തിലാല്‍ തേജാവതിന്റെ നേതൃത്വത്തില്‍ ഭീല്‍ ആദിവാസികള്‍ ഉദയ്പൂര്‍ രാജാവിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായി നടത്തിയ സായുധ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഗാന്ധി എഴുതി, ”ഉദയ്പൂരില്‍ നിന്നുള്ള മോത്തിലാല്‍ പഞ്ചോലി എന്ന് പേരായ ഒരു സദ്‌വ്യക്തി എന്റെ അനുയായിയാണെന്ന് അവകാശപ്പെടുകയും രജപുതാന സ്റ്റേറ്റിലെ ഗ്രാമീണര്‍ക്കിടയില്‍ ആത്മസംയമനം പരിശീലിപ്പിക്കുകയും ചെയ്തുവരുന്നതായി കേള്‍ക്കുന്നു. അദ്ദേഹം ചെല്ലുന്നിടങ്ങളിലെല്ലാം ആയുധധാരികളായ ആരാധകവൃന്ദം അദ്ദേഹത്തെ വലയം ചെയ്യുന്നതായും അവര്‍ സ്വന്തം സാമ്രാജ്യം സ്ഥാപിക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. തനിക്ക് അത്ഭുതസിദ്ധിയുള്ളതായി അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും വിനാശകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അറിയുന്നു. അത്തരത്തിലുള്ള ഒരു അനുയായിയും എനിക്ക് ഇല്ലെന്ന കാര്യം എല്ലാവരും മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”. എന്നാലതേസമയം ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി സമാധാനമാര്‍ഗ്ഗത്തിലുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങളും പരിഷ്‌കരണ പരിപാടികളും നടത്തിവന്ന ആദിവാസി നേതാക്കളും വിരളമായെങ്കിലും അക്കാലത്തുണ്ടായിരുന്നു. താനാഭഗത് പ്രസ്ഥാന നേതാക്കള്‍, കോരാപുട് പ്രക്ഷോഭ നേതാവ് ലക്ഷ്മണ്‍ നായ്ക് എന്നിവര്‍ ഇത്തരത്തില്‍ സമാധാനപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരായിരുന്നു.
ആദിവാസി പ്രക്ഷോഭകാരികള്‍ ദേശീയ നേതൃത്വങ്ങളുമായി ബന്ധപ്പെടാതിരിക്കുന്നതിനുള്ള പലവഴികളും ബ്രിട്ടീഷുകാര്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയിലെമ്പാടുമായി ഉയര്‍ന്നുവന്നിരുന്ന ആദിവാസി കലാപങ്ങളുടെ നേതൃത്വം ദേശീയ പ്രക്ഷോഭകാരികളുമായി സമ്പര്‍ക്കത്തിലായാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആദിവാസി മേഖലകളിലേക്കുള്ള പ്രവേശനങ്ങള്‍ക്ക് വിലക്കുകളേര്‍പ്പെടുത്തിയും ആദിവാസി-ഗോത്ര ജനതയെ ക്രിമിനല്‍ സ്വഭാവമുള്ളവരായി മുദ്രകുത്തിയും, അവര്‍ പാര്‍ക്കുന്ന പ്രദേശങ്ങളെ നിയമരാഹിത്യ മേഖലകളായി പ്രഖ്യാപിച്ചുമായിരുന്നു ബ്രിട്ടീഷുകാര്‍ ഇത് സാധ്യമാക്കിയിരുന്നത്.
ഭൗതികവും രാഷ്ട്രീയപരവുമായ കാരണങ്ങളോടൊപ്പം തന്നെ വിശ്വാസപരവും ആചാരാനുഷ്ഠാനപരവുമായ കാരണങ്ങളും ആദിവാസി-ഗോത്രജനതയുടെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നുവെന്ന് പറയാതിരുന്നുകൂടാ. സാധാരണഗതിയിലുള്ള താര്‍ക്കിക യുക്തികള്‍ക്ക് പുറത്തുള്ള, അവരുടേതായ പ്രപഞ്ചവീക്ഷണങ്ങളും വിശ്വാസബോദ്ധ്യങ്ങളും ഇതിന് അടിസ്ഥാനമായിട്ടുണ്ടെന്ന് കാണാം. മറ്റ് മതങ്ങളില്‍ നിന്ന് ഭിന്നമായി, സ്വര്‍ഗ്ഗ-നരക സങ്കല്പങ്ങളില്‍ വിശ്വാസമില്ലാതിരുന്ന ആദിവാസികള്‍ ഭൂമിയെ, മണ്ണിനെ, തങ്ങളുടെ പൂര്‍വ്വികര്‍ വിശ്രമിക്കുന്ന ഇടങ്ങളായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഭൂമിയോടുള്ള അവരുടെ ആരാധനയ്ക്ക് തങ്ങളുടെ പൂര്‍വ്വസൂരികളോടുള്ള ആരാധനയും കാരണമായിട്ടുണ്ട്. ഛോട്ടാനാഗ്പൂര്‍ പ്രദേശത്തെ മുണ്ട ആദിവാസി പ്രതിനിധികള്‍ തങ്ങളുടെ ഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് 1873ല്‍ സീനിയര്‍ കമ്മീഷണര്‍ ഇന്‍-ചാര്‍ജുമായി നടത്തിയ സംഭാഷണം ശ്രദ്ധിക്കുക: ”(ഛോട്ടാ) നാഗ്പൂര്‍ ഞങ്ങളുടെ പിതൃഭൂമി എന്ന നിലയിലാണ് അവയ്ക്ക് മേലുള്ള ഞങ്ങളുടെ പൈതൃകാവകാശം (ബ്യൂന്‍ഹാരി) ആവശ്യപ്പെടുന്നത്. നാഗ്പൂരിനെ ഞങ്ങള്‍ പരിഗണിക്കുന്നത്, ഗയ, ഗംഗ, കാശി, പ്രയാഗ് എന്നിവയ്ക്ക് തുല്യമായാണ്. നാഗ്പൂരിന്റെ മണ്ണില്‍ ഞങ്ങളുടെ പൂര്‍വ്വികരുടെ അസ്ഥികള്‍ മറഞ്ഞുകിടപ്പുണ്ട്. മുണ്ട കോട്ടയുടെ അവശിഷ്ടങ്ങള്‍ സുത്യാംബയില്‍ ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഞങ്ങളുടെ രാജ്യത്തേക്ക് കടന്നുവരാന്‍ ഒറോണുകളെ ഞങ്ങള്‍ അനുവദിച്ചു. അവര്‍ സമാധാനപൂര്‍വ്വം ഇവിടേക്ക് വരികയും ഞങ്ങളവരെ സമാധാനപൂര്‍വ്വം ഈ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുകയും ചെയ്തു. എപ്പോഴാണ്, എങ്ങിനെയാണ് ഹിന്ദുക്കള്‍ ഞങ്ങളുടെ രാജ്യത്തേക്ക് വന്നതെന്ന് പറയാന്‍ എനിക്ക് കഴിയില്ല.” (Unpublished govenrment report; quoted in Mac Dougall, 1972a:55). ഭൂമിയുമായുള്ള ഈയൊരു വൈകാരികവും വിശ്വാസപരവുമായ ബന്ധം കാരണം ഭൂമിക്ക് മേലുള്ള പുറത്തുനിന്നുള്ള കൈയ്യേറ്റങ്ങളെ അവര്‍ ചെറുത്തുനിന്നു. ഭൂമിക്ക് കരം നല്‍കണമെന്ന ഭരണകൂട ശാസനങ്ങളെ അവര്‍ തള്ളിക്കളഞ്ഞു. പുറത്തുനിന്നെത്തിയ ‘ദിക്കു’കള്‍ക്കെതിരായ തങ്ങളുടെ നീക്കങ്ങള്‍ക്ക് തങ്ങളുടെ പൂര്‍വ്വികരുടെ ആശീര്‍വ്വാദമുണ്ടെന്ന് അവരില്‍ പലരും കരുതിയിരുന്നു. പല ആദിവാസി പ്രക്ഷോഭങ്ങളുടെയും നേതാക്കള്‍ അവര്‍ക്ക് ലഭിക്കുന്ന അരുളപ്പാടുകളുടെയോ ദര്‍ശനങ്ങളുടെയോ അടിസ്ഥാനത്തിലായിരുന്നു ദിക്കുകളെ നേരിടാന്‍ ആഹ്വാനം ചെയ്തിരുന്നതെന്ന് കാണാം. 1874-75 കാലയളവില്‍ സാന്താള്‍ പര്‍ഗാന മേഖലയില്‍ നടന്ന ഖേര്‍വാര്‍ മൂവ്‌മെന്റില്‍ ഭാഗീരഥ്, ഡൂബ്യ ഗോസൈന്‍ തുടങ്ങിയ നേതാക്കള്‍ ഈ രീതിയില്‍ തങ്ങളുടെ ജനങ്ങള്‍ക്കിടില്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയപ്പെടുന്നു. യഥാര്‍ത്ഥ കര്‍ഷകര്‍ തങ്ങളാണെന്ന് സാന്താളികള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ കുറഞ്ഞ കരം നല്‍കുക എന്നത് തങ്ങളുടെ അവകാശമാണെന്ന് അവര്‍ കരുതി. അതിനെതിരായുള്ള ബ്രിട്ടീഷുകാരുടെ നീക്കങ്ങള്‍ക്കെതിരെ അവര്‍ പൊരുതിയതും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡൂബ്യ ഗൊസൈന്‍ പുറപ്പെടുവിച്ച പ്രസ്താവന ഈ രീതിയിലായിരുന്നു: ”ഡൂബ്യയുടെ അനുഗ്രഹം സ്വീകരിക്കുക… ഞായറാഴ്ചകളില്‍ നിങ്ങളുടെ പശുക്കളെ കറക്കാതിരിക്കുകയും പാടം ഉഴുകാതിരിക്കുകയും ചെയ്യുക. പന്നികളെ കൈവശംവെക്കുകയോ വളര്‍ത്തുകയോ ചെയ്യാതിരിക്കുക. ശരിയായ പാതയില്‍ സഞ്ചരിക്കുക. എന്നെ ബഹുമാനിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ സാധിക്കപ്പെടും. മറിച്ച്, മുകളിലുള്ള എന്റെ ആജ്ഞകള്‍ പാലിക്കപ്പെടാത്തവര്‍ക്കുള്ള ശിക്ഷ മൂന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ അവരെ തേടിയെത്തും….” (quoted in Mac Dougall, 1974). വിശ്വാസപരമായ പല ഘടകങ്ങളും 1855ലെ സാന്താള്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതായി അക്കാലത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ രേഖപ്പെടുത്തിയതായി കാണുന്നു. സാന്താള്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സിദോ-കാനോ എന്നീ ധീരന്മാര്‍ ജനങ്ങളുമായി സംവദിച്ചത് ദൈവത്തിന്റെ ഏജന്റുമാര്‍ എന്ന നിലയിലായിരുന്നു. സാന്താള്‍ രാജ്യത്തേക്ക് എത്തിയ ദിക്കുകളെയും സാഹിബുമാരെയും ഗംഗയുടെ മറുകരയിലേക്ക് മാറിത്താമസിക്കാന്‍ ‘ഠാക്കൂര്‍’ (ദൈവം) തങ്ങളോട് അരുളിച്ചെയ്തതായി സിദോ-കാനോമാര്‍ അവകാശപ്പെട്ടിരുന്നു. പല രീതിയില്‍ അവര്‍ക്ക് ദൈവത്തെ കാണാന്‍ സാധിച്ചിരുന്നതായും, ദൈവത്തിന്റെ അരുളപ്പാടുകളാണ് തങ്ങളിലൂടെ പുറത്തേക്ക് വരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. (Bengal District Gazetteer, Santhal Parganas, 1980). താനാ ഭഗത്, ഖേര്‍വാര്‍, സാന്താള്‍, കുറിച്യ പ്രക്ഷോഭങ്ങളോടൊപ്പം തന്നെ ആദിവാസികള്‍ക്കിടയില്‍ നടന്ന മറ്റ് പലവിധത്തിലുള്ള സാമൂഹ്യപരിഷ്‌കരണ മുന്നേറ്റങ്ങളിലും ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനബദ്ധമായ ഇടപെടലുകള്‍ നടന്നുവന്നിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ദക്ഷിണ ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ആദിവാസി മേഖലകളില്‍ 1921-22 കാലഘട്ടത്തില്‍ ശക്തമായി നിലനിന്നിരുന്ന ‘ദേവി മൂവ്‌മെന്റ്’ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
തികച്ചും ഭിന്നങ്ങളായ രണ്ട് പ്രപഞ്ചവീക്ഷണങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കൂടിയായിരുന്നു മൂന്ന് നൂറ്റാണ്ടുകളിലൂടെ കടന്നുപോയ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടവും ആദിവാസി-ഗോത്ര വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍. സമ്പത്ത്, ആചാര-വിശ്വാസങ്ങള്‍, ജനാധിപത്യം, ഭരണവ്യവസ്ഥ, വിപണി-വ്യാപാരക്രമങ്ങള്‍, തുടങ്ങി ജീവിതത്തെയും സാമൂഹിക സംഘാടനത്തെയും സംബന്ധിച്ച വീക്ഷണങ്ങളില്‍ രണ്ട് ധ്രുവങ്ങള്‍ തമ്മിലുള്ള അന്തരം ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനിന്നിരുന്നു. ഈ സംഘര്‍ഷത്തിനൊടുവില്‍ മേധാവിത്വ സംസ്‌കാരത്തിന് വിജയംവരിക്കാനായി എന്നത് ചരിത്രം. അത് കേവലം ഭൗതികമായ വിജയം മാത്രമായിരുന്നില്ല. ആദിവാസി സംസ്‌കാരത്തെ, അവരുടെ ജ്ഞാനവ്യവസ്ഥകളെ സമ്പൂര്‍ണ്ണമായും തമസ്‌കരിക്കുന്ന ഒരു അടിമബോധം കോളനിവല്‍ക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് മേല്‍ സൃഷ്ടിച്ചെടുക്കുവാന്‍ സാധിച്ചുവെന്നതുകൂടിയാണ്. ആദിവാസി ജനതയുടെ സ്വാതന്ത്ര്യ പ്രക്ഷോഭ ചരിത്രത്തെ സമ്പൂര്‍ണ്ണമായി തിരസ്‌കരിക്കുന്നതിലേക്ക് ഈ അടിമബോധം ചാലകശക്തിയായി പ്രവര്‍ത്തിച്ചുവെന്ന് പറയാം. പടിഞ്ഞാറന്‍ ചരിത്രരചനാ ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രപരമായ അടിമത്തം പേറുന്ന ഇന്ത്യന്‍ ചരിത്രകാരന്മാരില്‍ നിന്നും കീഴാള ചരിത്രത്തെ വിമോചിപ്പിക്കുക എന്നത് ഒരു രാഷ്ട്രീയ ദൗത്യം കൂടിയാണ്.
References:
1. Rudd; A.E., & Heiestard; G. (Eds.), India’s democracies: Diversity, Co-optation, Resistance, Universitetsforlaget, 2016.
2. Nilsen; A.G., Democratic Struggles in the Adivasi Heartland: Towards a Relational Conception of Subaltern Political Cultures and State-Society Relations in India, Universitetsforlaget, 2016.
3. Hazra; A.K.; History of Conflict over Forest in India: A Market Based Resolution, Working paper series, Julian L Simon Centre for Research, 2002.
4. Ribbentrop; B., Forestry in British India, Office of the Superintendent of Government Printing, India, Culcutta, 1900.
5. Gadgil; Et al.; Forest Management and Forest Policy in India: A Critical Review, Social Action- 33(2), April-June, 1983.
6. Kumar; V.M.R., Colonialism and Green Science: History of Colonial Scientific Forestry in South India, 1820-1920, Indian Journal of History of Science, 47.2 (2012) 241-259, Dec. 2011.
7. Saravanan; V., Colonial Agrarian Policies in the Tribal Areas of Madras Presidency: 1872-1947, Centre for Economic and Social Studies, Hyderabad, South Asia Research, 2006.
8. Whitehead; J., John Locke and the Governance of India’s Landscape: The Category of Wasteland in Colonial Revenue and Forest Legislation, Economic and Political Weekly, Vol XLV No 50, Dec.11, 2010.
9. Buchy; M., The British Colonial Forest Policies in South India, A Maladapted Policy? School of Agriculture and Forest Sciences, Bangar, Wales, USA, 1995.
10. Bijoy; C.R, The Adivasis of India: A History of Discrimination, Conflict and Resistance, PUCL Bullettin, 2003.
11. Ghosal; S., Pre-Colonial and Colonial Forest Culture in the Presidency of Bengal, Centre for Studies in Social Sciences, Culcutta, Journal of Studies and Research in Human Geography, 5-1, 207, 117, 2011.
12. Powel; B.H.B, The Origin of Zamindary Estates in Bengal, The Quarterly journal of Economics, Vol. 11, No 1, Oxford University Press, OCt 1896. (Accessed from: http://www.jstor.org/stable/1881726)
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ആദിവാസികളുടെ സമര ചരിത്രം’ വാല്യം-1ല്‍ നിന്ന് – പേജ് : 220, വില : 130.00
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in