അപൂര്‍ണ്ണമാകുന്ന കേരളമോഡല്‍ ചര്‍ച്ചകള്‍
വികസനസൂചികകളുടെ കണക്കിലെ മാറ്റം കേരള മോഡലിനെ കുറിച്ചുള്ള എപ്പിസോഡില്‍ ആ മോഡലിന്റെ ഗുണങ്ങളുടെ വിഹിതം ലഭിക്കാതിരുന്ന സാമൂഹ്യവിഭാഗങ്ങളെ രാധാകൃഷ്ണന്‍ കാര്യമായി ചൂണ്ടികാട്ടി കേരളം മൊത്തത്തില്‍ മുന്നോട്ട് എന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ഗള്‍ഫ് പണമാണ് കേരള മോഡലിന് അടിസ്ഥാനമായത് എന്നു പറയുമ്പോള്‍ ഗള്‍ഫ് കുടിയേറ്റത്തില്‍ കാര്യമായ പങ്കരില്ലാത്ത ദളിതരേയ.ും ആദിവാസികളേയും കുറിച്ച് അദ്ദേഹം മിണ്ടുന്നില്ല. ഗള്‍ഫില്‍ പോകാന്‍ വേണ്ടിയിരുന്ന പ്രാരംഭമൂലധനം ദളിതര്‍ക്കുണ്ടായിരുന്നില്ല. ഭൂരിഭാഗം പേരും ഭൂമി പണയം വെച്ച പണമാണ് അതിനുപയോഗിച്ചതെങ്കില്‍ ഭൂപരിഷ്‌കരണനിയമത്തില്‍ പോലും വഞ്ചിക്കപ്പെട്ട ദളിതര്‍ക്ക് അതിനുള്ള സാധ്യതയുണ്ടായില്ല.
കേരളരൂപീകരണത്തിന്റെ 63-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ ഏഷ്യനെറ്റില്‍ ഒരു വാര്‍ത്താധിഷ്ഠിത പരിപാടി അവതരിപ്പിക്കുന്നുണ്ട്. കേരളം കടന്നുവന്ന നാള്‍വഴികളെ വിശകലനം ചെയ്യുകയും വിവിധമേഖലകളില്‍ കൈവരിച്ച നേട്ടങ്ങളേയും വെല്ലുവിളികളേയും വിശകലനം ചെയ്യുകയുമാണ് പരിപാടിയില്‍ ചെയ്യുന്നത്. പ്രസ്തുത പരിപാടിയില്‍ കേരള മോഡലിനെ കുറിച്ചുള്ള എപ്പിസോഡ് കാണാനിടയായി. നിര്‍ബന്ധമായും പരാമര്‍ശിക്കേണ്ടിയിരുന്ന പലതും വിട്ടുകളഞ്ഞ എപ്പിസോഡ്. അതുമായി ബന്ധപ്പെട്ടതാണ് ഈ കുറിപ്പ്.
ഉല്‍പ്പാദന മേഖലകള്‍ വികസിച്ചില്ലെങ്കിലും ഒരു സമൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നതിനു ഉദാഹരണമായി ലോകമെങ്ങും കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു കേരളമോഡല്‍. ബൂര്‍ഷ്വാസാമ്പത്തിക വിദഗ്ധരും കമ്യൂണിസ്റ്റുകാരും ഒരുപോലെ വിശ്വസിച്ചിരുന്നതില്‍ നിന്ന് വിരുദ്ധമായിരുന്നു അത്. കേരളമോഡല്‍ സൃഷ്ടിക്കപ്പെട്ട സാഹചര്യത്തെ രാധാകൃഷ്ണന്‍ കൃത്യമായി വിലയിരുത്തുന്നുണ്ട്. ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി താഴേക്കിടയില്‍ നിന്നുള്ള നവോത്ഥാനമുന്നേറ്റങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലൊരു സാമൂഹ്യവികസനം കേരളത്തിലുണ്ടാകാന്‍ പ്രധാന കാരണം. തുടര്‍ന്ന് ദേശീയ പ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനം, മിഷണറി പ്രവര്‍ത്തനം തുടങ്ങിയവയും ഇക്കാര്യത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചു. അതേസമയം സാമൂഹ്യമേഖലയിലെ വികസനം സാമ്പത്തിക മേഖലയില്‍ പ്രതിഫലിച്ചിരുന്നില്ല. 1960കളിലും 70കളിലും മറ്റും നമ്മുടെ വികസന സൂചികകളെല്ലാം വളരെ പുറകിലായിരുന്നു. പലതും പഞ്ചാബിന്റെ പകുതിയായിരുന്നു. പരമ്പരാഗത സങ്കല്‍പ്പം പോലെതന്നെ കാര്‍ഷിക – വ്യവസായിക മേഖലകള്‍ വികസിക്കാതിരുന്നതുതന്നെയായിരുന്നു അതിനു കാരണം. കൊട്ടിഘോഷിച്ച് ഭൂപരിഷ്‌കരണനിയമമൊക്കെ നടപ്പാക്കിയെങ്കിലും കാര്‍ഷികമേഖല തകരുകയായിരുന്നു. ബിര്‍ളയേയും മറ്റും ക്ഷണിച്ചുകൊണ്ടുവന്ന വ്യവസായികവികസനം കേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ക്കും പ്രകൃതിക്കും അനുയോജ്യമായിരുന്നില്ല. തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരള സമ്പദ്ഘടനയെ ഈ ഘട്ടത്തില്‍ രക്ഷിച്ചത് പൊതുവില്‍ അംഗീകരിക്കപ്പെടുന്നപോലെ ഗള്‍ഫ് കുടിയേറ്റമാണെന്ന് രാധാകൃഷ്ണനും പറയുന്നു. തുടര്‍ന്നങ്ങോട്ടു കണ്ടത് പടിപടിയായ മുന്നേറ്റമായിരുന്നു. മിക്കവികസന സൂചികകളിലും സംസ്ഥാനം രാജ്യത്തുതന്നെ മുന്‍നിരയിലെത്തി. ഇപ്പോഴും ആ പ്രവണത തുടരുന്നു എന്നംഗീകരിക്കുന്ന രാധാകൃഷ്ണന്‍ ഗള്‍ഫ് സാധ്യതകളില്‍ പ്രകടമാകുന്ന ഇടിവ് നല്‍കുന്ന ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇക്കാലയളവില്‍ കേരളത്തിലേക്കൊഴുകിയ ഭീമമായ പണം യഥാര്‍ത്ഥ വികസന സംരംഭങ്ങളിലേക്ക് തിരിച്ചുവിടാനായില്ല എന്നതും അദ്ദേഹം ചൂണ്ടികാട്ടുന്നു.
ഇതെല്ലാം ശരിയാണെങ്കിലും കേരള മോഡലിനെ കുറിച്ചുള്ള എപ്പിസോഡില്‍ ആ മോഡലിന്റെ ഗുണങ്ങളുടെ വിഹിതം ലഭിക്കാതിരുന്ന സാമൂഹ്യവിഭാഗങ്ങളെ രാധാകൃഷ്ണന്‍ കാര്യമായി സ്പര്‍ശിക്കുന്നതേയില്ല. വികസനസൂചികകളുടെ കണക്കിലെ മാറ്റം ചൂണ്ടികാട്ടി കേരളം മൊത്തത്തില്‍ മുന്നോട്ട് എന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ഗള്‍ഫ് പണമാണ് കേരള മോഡലിന് അടിസ്ഥാനമായത് എന്നു പറയുമ്പോള്‍ ഗള്‍ഫ് കുടിയേറ്റത്തില്‍ കാര്യമായ പങ്കരില്ലാത്ത ദളിതരേയും ആദിവാസികളേയും കുറിച്ച് അദ്ദേഹം മിണ്ടുന്നില്ല. ഗള്‍ഫില്‍ പോകാന്‍ വേണ്ടിയിരുന്ന പ്രാരംഭമൂലധനം ദളിതര്‍ക്കുണ്ടായിരുന്നില്ല. ഭൂരിഭാഗം പേരും ഭൂമി പണയം വെച്ച പണമാണ് അതിനുപയോഗിച്ചതെങ്കില്‍ ഭൂപരിഷ്‌കരണനിയമത്തില്‍ പോലും വഞ്ചിക്കപ്പെട്ട ദളിതര്‍ക്ക് അതിനുള്ള സാധ്യതയുണ്ടായില്ല. അതിനാല്‍ തന്നെ അവരതില്‍ നിന്നു പുറംതള്ളപ്പെട്ടു. വ്യവസായിക കാര്‍ഷിക മേഖലകള്‍ വികസിച്ചില്ലെങ്കിലും അക്കാലത്ത് വികസിച്ച് വികസനസൂചികകളില്‍ നമ്മെ മുന്നോട്ടു നയിച്ച വാണിജ്യ – സേവന മേഖലകളിലും അവര്‍ക്ക് സ്ഥാനമുണ്ടായില്ല. ഇക്കാലത്തുതന്നെ നാട്ടിലെമ്പാടും വികസിച്ച എയ്ഡഡ്് മേഖലകളിലും ഇടപെടാന്‍ അവര്‍ക്കായില്ല. അവിടെ സംവരണമില്ലാത്തതിനാല്‍ അര്‍ഹതയുണ്ടായിട്ടും തൊഴിലും ലഭിച്ചില്ല. കേരളമോഡല്‍ വികസനകാലത്തിലുടനീളം ഭൂമി വാണിജ്യവല്‍ക്കരിക്കപ്പെട്ടു. പരിസ്ഥിതിയും കൃഷിയുമൊക്കെ തകര്‍ന്നെങ്കിലും അതിന്റെ ഗുണം പലര്‍ക്കും ലഭിച്ചു. എന്നാല്‍ അതിലും അവര്‍ക്ക് വിഹിതമില്ല. ഭൂപരഷ്‌കരണത്തില്‍ നിന്നൊഴിവാക്കിയ തോട്ടങ്ങള്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്ന ആവവശ്യം ഇനിയും അംഗീകരിച്ചിട്ടുമില്ല. ചുരുക്കിപറഞ്ഞാല്‍ കൊട്ടിഘോഷിക്കപ്പെടുന്ന കേരളമോഡലിന്റെ വിഹിതം കിട്ടാത്ത പ്രമുഖവിഭാഗമാണ് ദളിതര്‍. അതുപോലെ തന്നെയാണ് ആദിവാസികളും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും മറ്റും. ഈ സുപ്രധാനവിഷയം രാധാകൃഷ്ണന്‍ ഈ എപ്പിസോഡില്‍ പരമാര്‍ശിക്കുന്നതേയില്ല. ഒപ്പം തകര്‍ന്നു തരിപ്പണമായ പരിസ്ഥിതിയും അതിന്റെ തുടര്‍ച്ചയായ കാലാവസ്ഥാവ്യതിയാനവും പ്രളയവും.
ഇക്കാലത്തെ കുറിച്ച് പറയുമ്പോള്‍ നിര്‍ബന്ധമായും പരാമര്‍ശിക്കേണ്ടിയിരുന്ന മറ്റുചില വിഷയങ്ങളുമുണ്ട്. പല വഴിക്കും പണമെത്തിയപ്പോള്‍ കേരളം ഉപഭോഗസംസ്‌കാരത്തിന് അടിമയായ ഒരു പ്രദേശമായി മാറി. എന്നാല്‍ ഉല്‍പ്പാദനശക്തികള്‍ വികസിക്കാതിരുന്നതിനാല്‍ ആ പണം പുറത്തേക്കൊഴുകി. ബാങ്കുകളും സ്റ്റോക് എക്സ്ചേഞ്ചും മറ്റും പണം പുറത്തേക്കൊഴുക്കുന്ന ഏജന്‍സികളായി. അതിനാല്‍ തന്നെ വികസനസൂചികകളിലെ കണക്കുകളെല്ലാം ഫലത്തില്‍ ഉപരിപ്ലവമായി. കേരളം തികച്ചും ആശ്രിതസമൂഹവുമായി. ഇപ്പോഴിതാ എന്നും ട്രഷറി നിരോധനമെന്ന അവസ്ഥയിലേക്ക് കേരളം എത്തി. ഒപ്പം ആദ്യഘട്ടത്തില്‍ നേട്ടമുണ്ടാക്കി എന്നവകാശപ്പെടുന്ന മേഖലകള്‍ പോലും പിന്നീട് തകരുന്ന കാഴ്ചയാണ് കാണുന്നത്. ആരോഗ്യവും വിദ്യാഭ്യാസവും ഉദാഹരണം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വന്‍തോതില്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തിയതിന്റെ ഗുണകള്‍ പ്രകടമായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും മേഖലകളില്‍ പ്രാഥമിക ചികിത്സാ സൗകര്യങ്ങളും പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും എത്തിയെന്നത് ശരിയാണ്. അവിടെതീര്‍ന്നുഈ മുന്നേറ്റം. പിന്നീട് രണ്ടുമേഖലകളിലും സംഭവിച്ചതെന്താണ്? സര്‍ക്കാരിനു പണണില്ലെങ്കിലും പലരുടേയും കയ്യില്‍ പണമുണ്ടായിരുന്നതിനാല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത സ്വകാര്യവല്‍ക്കരണം. ഫലമോ? ചൂഷണത്തിന്റെ ഏറ്റവും വലിയ മേഖലകളായി ഇവ മാറി. നേടിയ നേട്ടങ്ങളെല്ലാ നഷ്ടപ്പെടുകയും ചെയ്തു. ഒരു മഴ പെയ്യുമ്പോഴേക്കും പനി പിടിക്കുകയും പനി പിടിച്ചാല്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിഖ്യാതമായ കേരളമോഡല്‍ മാറി. ഒരിടത്തുമില്ലാത്ത രീതിയിലുള്ള പുതിയ രോഗങ്ങള്‍. അവയുടെ ചികിത്സയുടെപേരില്‍ തീവെട്ടിക്കൊള്ള. വിദ്യാഭ്യാസത്തിലോ? ഉന്നതവിദ്യാഭ്യാസത്തില്‍ നാം ബീഹാറിനു പുറകില്‍. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കു പുറത്തുപോയി പഠിക്കേണ്ട ഗതികേട്.
നവോത്ഥാന കാലത്തെ തുടര്‍ന്നുണ്ടായ സാമൂഹ്യമേഖലയിലെ നേട്ടങ്ങളുടെ തുടര്‍ച്ചയായിരുന്നു മറ്റു വികസനങ്ങള്‍ എന്നു പറഞ്ഞല്ലോ. എന്നാല്‍ കേരളമോഡലിന്റെ രണ്ടാം പാദത്തില്‍ ആ നേട്ടങ്ങളും നഷ്ടപ്പെടുകയാണ്. ആദിവാസി – ദലിത് – സ്ത്രീ – ന്യൂനപക്ഷ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു. ജാതി മത ചിന്തകളും സവര്‍ണ്ണമൂല്യങ്ങളും ശക്തമായി തിരിച്ചുവരുന്നു. ഇസ്ലാമോഫോബിയ ശക്തമാകുന്നു. സ്ത്രീകള്‍ക്ക് സന്ധ്യക്കുപോലും പുറത്തിറങ്ങാനാവാത്ത അവസ്ഥ. സദാചാരഗുണ്ടകളുടെ വിളയാട്ടം. ഒപ്പം ലൈംഗികതയോടുള്ള അടഞ്ഞ സമീപനം. ജിഷയും വിനായകനും കെവിനും മധുവും ടിപിയും വാളയാര്‍ പെണ്‍കുട്ടികളും സിറാജുന്നീസയും ഹാദിയയുമൊക്കെ കേരളമോഡലിനെ കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് നമ്മോട് ചോദിക്കുന്നത്. ഒരുപക്ഷെ ഇക്കാര്യങ്ങള്‍ മറ്റ് എപ്പിസോഡുകളില്‍ രാധാകൃഷ്ണന്‍ ചര്‍ച്ച ചെയ്യുമായിരിക്കും. എന്നാല്‍ ഇവയെ പരമാര്‍ശിക്കാതെ കേരളമോഡലിനെ കുറിച്ചുള്ള എപ്പിസോഡ് അപൂര്‍ണ്ണമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in