ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ – കൊറോണക്കാലത്തെ അശാസ്ത്രീയത

വിഷം പോലും നേര്‍പ്പിച്ച് മരുന്നാക്കുന്ന ഹോമിയോപ്പതി ഒരപകടവും വരുത്തില്ല എന്നാണ് വിചാരിക്കുന്നതെങ്കില്‍ തെറ്റി. കണ്ണൂരില്‍ കോവിഡ് ബാധിച്ചു മരിച്ച സലീഖ് എന്ന യുവാവ് സ്വാകാര്യ ഹോമിയോഡോക്ടറുടെ ചികിത്സയില്‍ ആയിരുന്നുവെന്നു വിവിധ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് ഹോമിയോപ്പതിപോലെയുള്ള കപട ചികിത്സകള്‍ വില്ലന്മാരാകുന്നത്. അശാസ്ത്രീയ പരത്തി രോഗിക്കു തെളിവ്-അധിഷ്ടിത ചികിത്സ വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിലൂടെ ജീവഹാനി വരുത്തുവാന്‍ അവ കാരണമാകുന്നു. തെളിയിക്കപ്പെട്ടിട്ടുള്ള വാക്‌സിനുകളെ എതിര്‍ക്കുന്ന പ്രവണത ഹോമിയോപ്പാത്തുകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഇത് മനുഷ്യരാശിക്ക് തന്നെ നല്ലതല്ല. ലോകവ്യാപകമായി വാക്‌സിന്‍ വിരുദ്ധര്‍ക്ക് വളമിട്ടുകൊടുത്ത്, നമ്മള്‍ ഇല്ലാതാക്കിയ മാരകരോഗങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ പങ്കുവഹിക്കുന്നു. കേരളത്തില്‍ 2016ലെ സ്‌കൂള്‍ പ്രവേശനസമയത്തു കുട്ടികള്‍ക്കു വാക്‌സിനെടുത്തിട്ടുണ്ട് എന്നുറപ്പാക്കണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലറിനെ എതിര്‍ത്ത വാക്‌സിന്‍ വിരുദ്ധന്‍ പി.ജി ഹരിയെന്ന ഹോമിയോപ്പതി ഡോക്ടറാണ് – ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ & റിസര്‍ച്ചിലെ പി എച്ച് ഡി സ്‌കോളറാണ് ലേഖകന്‍.

പന്തളത്ത് കോവിഡ് രോഗികളുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ആളുകള്‍ക്കു ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചിരുന്നതിനാല്‍ രോഗം വന്നില്ലായെന്ന നഗരസഭാധ്യക്ഷയുടെ കത്തു വിവാദമായിരിക്കുകയാണല്ലോ. എടപ്പാളില്‍ നിന്നും സമാനമായ ഒരു വാര്‍ത്ത കേള്‍ക്കുന്നു. ആരോഗ്യമേഖലയില്‍ കോടികള്‍ ചെലവഴിച്ചു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ പിന്തുണയോടെ നിലനിര്‍ത്തിപ്പോരുന്ന ഹോമിയോപ്പതി എന്ന ഇതരവൈദ്യം (ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍) ഈ കോവിഡ് കാലത്തും മുന്‍പ് നിപ്പ വൈറസ് വ്യാപനസമയത്തുമടക്കം ഒട്ടേറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഹോമിയോപ്പതിക്കു കുത്തുവാക്കുകളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വരുന്നത്? എന്തുകൊണ്ടാണ് ഹോമിയോപ്പതി കാലഹരണപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്?

ഹോമിയോപ്പതിയെപ്പറ്റി ഒരു കഥയുണ്ട്. രണ്ടു കുപ്പി ഹോമിയോഗുളികകള്‍ ഒറ്റയടിക്ക് അകത്താക്കിയ തന്റെ മകനെയും കൊണ്ട് ഒരച്ഛന്‍ ആശുപത്രി അത്യാഹിതവിഭാഗത്തില്‍ എത്തി പറഞ്ഞു:
‘ഡോക്ടറേ, എന്റെ മോനെ രക്ഷിക്കണം, അവന്‍ 2 കുപ്പി മരുന്ന് ഒന്നിച്ച് കഴിച്ചു’
‘എന്തു മരുന്നാണ്?’
ഡോക്ടര്‍ ചോദിച്ചു.
‘പനിക്കും ജലദോഷത്തിനും ഹോമിയോയീന്ന് തന്നതാ’
അച്ഛന്‍ പറഞ്ഞു.

കഥയുടെ ബാക്കി പറയുന്നില്ല. സാമാന്യബോധമുള്ള ഒരു മനുഷ്യന് ഉറപ്പിച്ചു പറയാന്‍ കഴിയും ആ കുട്ടിക്ക് ഒന്നും പറ്റിയിട്ടുണ്ടാവില്ല എന്ന്. നമ്മളില്‍ ഭൂരിഭാഗവും ചെറിയ പ്രായത്തില്‍ ഇതേപോലെ പഞ്ചസാര ഹോമിയോ ഗുളികകള്‍ (sugar globules) ആവശ്യത്തില്‍ കൂടുതല്‍ അകത്താക്കിയവരോ സ്‌കൂളില്‍ കൊണ്ടു ചെന്നു സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തവരോ അല്ലെങ്കില്‍ കൂട്ടുകാരുടെ കയ്യില്‍ നിന്ന് വാങ്ങിക്കഴിച്ചവരോ ഒക്കെ ആയിരിക്കും. എന്നിട്ടും എന്തുകൊണ്ടാണ് ഓവര്‍ഡോസ് ആയി നമുക്കു പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരുന്നത്? 2010ല്‍ ബ്രിട്ടണിലെ മേഴ്‌സിസൈഡ് സ്‌കെപ്റ്റിക് സൊസൈറ്റി എന്ന സംഘം ഹോമിയോപ്പതിമരുന്നുകള്‍ കുപ്പിയില്‍ നിന്നും മുഴുവനും വിഴുങ്ങികൊണ്ട് ഒരു സമരം നടത്തിയിരുന്നു. അത് ചെയ്ത ഒരാള്‍ക്കുപോലും യാതൊരുവിധ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടില്ല! എന്താണിതിനു കാരണം? ഒരു ‘ഇംഗ്ലീഷ് മരുന്നു’ പഞ്ചസാരയില്‍ ഇട്ടു തന്നാല്‍ പോലും ആരെങ്കിലും കുറേയെണ്ണം എടുത്തു വിഴുങ്ങാറുണ്ടോ? ഇല്ല. കാരണം നമുക്കെല്ലാവര്‍ക്കും അറിയാം ഹോമിയോപ്പതി ഓവര്‍ഡോസ് നമ്മുടെ ശരീരത്തെ ബാധിക്കുന്നതുപോലെയല്ല ഇംഗ്ലീഷ് മരുന്നിന്റെ പ്രവര്‍ത്തനമെന്ന്. ഓവര്‍ഡോസ് വിഷമയം ആയില്ലെങ്കില്‍ സാധാരണ (നോര്‍മല്‍) ഡോസുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? കൊറോണ ഉള്‍പ്പെടെയുള്ള നാനാവിധ അസുഖങ്ങള്‍ക്കായി കോടിക്കണക്കിന് ആളുകള്‍ ലോകവ്യാപകമായി ആശ്രയിക്കുന്ന ഹോമിയോപ്പതിക്ക് ശാസ്ത്രീയമായി എന്തടിത്തറയാണുള്ളത്? ഒന്നുമില്ലായെന്നാണ് ഒറ്റയുത്തരം. ആധുനിക ശാസ്ത്രം കപട (സ്യൂഡോ-സയന്‍സ്) മായി കണക്കാക്കിയിരിക്കുന്ന ഒരു വൈദ്യമേഖലയാണ് ഹോമിയോപ്പതി. ഇതൊരു സുപ്രഭാതത്തിലെടുത്ത തീരുമാനമല്ല. കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഹോമിയോപ്പതി മരുന്നുകള്‍ പരിശോധിച്ചെടുത്ത നിഗമനമാണ്. അതിനെപ്പറ്റി കൂടുതല്‍ പറയുന്നതിനു മുന്‍പ് ഹോമിയോപ്പതിയുടെ ഒരു ലഘുചരിത്രവും അടിസ്ഥാന തത്വങ്ങളെയും പറ്റി പറയേണ്ടതുണ്ട്.

ഹോമിയോപ്പതിയുടെ ജനനം

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഇതര വൈദ്യമായ ഹോമിയോപ്പതി 1796 ല്‍ ജര്‍മന്‍ ഡോക്ടറായ സാമുവല്‍ ഹനിമാനാണ് (Samuel Hahnemann) അവതരിപ്പിച്ചത്. യൂറോപ്പ് ഉള്‍പ്പടെയുള്ള പാശ്ചാത്യലോകത്തു നിലനിന്നിരുന്ന സാമ്പ്രദായിക ചികിത്സ പഠിച്ച ഹനിമാന്‍ അതിലെ രീതികളില്‍ അസംതൃപ്തനായിരുന്നു. അശുദ്ധരക്തം ഊറ്റിക്കളയല്‍ (blood letting), വയറിളക്കല്‍ (intestinal purging), വിയര്‍പ്പിക്കല്‍ (sweating) തുടങ്ങിയ കഠിനപ്രയോഗങ്ങള്‍ നിറഞ്ഞ ഹെറോയിക് (heroic) ചികിത്സ പോലെയുള്ളവയായിരുന്നു അന്ന് നിലനിന്നിരുന്ന സാമ്പ്രദായിക വൈദ്യങ്ങള്‍. രക്തം, പിത്തം, കഫം തുടങ്ങിയ ശരീരദ്രവങ്ങളുടെ അസംതുലിതാവസ്ഥയാണ് (humoral imbalance) രോഗകാരണമെന്നു അന്നത്തെ ഡോക്ടര്‍മാര്‍ വിശ്വസിച്ചു പോന്നു. മാത്രമല്ല, വലിയ മുറിവുകള്‍ പഴുത്തു ഗുരുതരാവസ്ഥ ഉണ്ടാകാതിരിക്കാന്‍ അതുബാധിച്ച കയ്യോ കാലോ മുറിച്ചു മാറ്റുന്നതു മുതല്‍ തലവേദനയ്ക്കു കാരണം കണ്ടെത്താന്‍ തലയോട്ടില്‍ സുഷിരമിടല്‍ വരെ അന്നു പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. അതൊക്കെ കാരണം രോഗികള്‍ ശവശരീരങ്ങളായി മാറുന്നതുകണ്ടു മനം മടുത്തായിരിക്കണം ഹനിമാന്‍ നിരുപദ്രവികാരിയായ ഒരു പുതിയ ചികിത്സ ആവിഷ്‌കരിച്ചത്.

ആരോഗ്യവാനായിരുന്ന ഹനിമാന്‍ മലേറിയക്ക് നിലവിലുണ്ടായിരുന്ന മരുന്നായ ‘സിന്‌കോണ’യുടെ സാധാരണ ഡോസ് കഴിക്കാന്‍ ഇടയായതാണ് ഹോമിയോപ്പതിയുടെ തത്വാവിഷ്‌കരണത്തിനു പ്രാരംഭം കുറിച്ചത്. ആ മരുന്നു ഹനിമാനില്‍ പനിയുള്‍പ്പെടെയുള്ള മലേറിയയുടെ ലക്ഷണങ്ങളുണ്ടാക്കി. രോഗമില്ലാത്ത വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച വസ്തു ആ രോഗത്തിനുള്ള മരുന്നാണെന്ന തിരിച്ചറിവ് (മണ്ടത്തരം) ഹനിമാനെ സംബന്ധിച്ചിടത്തോളം ഒരു ‘മില്യണ്‍ ഡോളര്‍ ഐഡിയ’യായി മാറുകയായിരുന്നു. ഹനിമാനും അദ്ദേഹത്തിന്റെ പിന്‍ഗാമികളും ചെറിയ തോതില്‍ വിവിധ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന വസ്തുക്കളെടുത്ത് തീവ്രരോഗങ്ങള്‍ക്കു വരെ മരുന്നുണ്ടാക്കി. ഒരു മണിക്കൂറു വരെ നീണ്ടുനില്‍ക്കുന്ന കണ്‍സള്‍ടേഷനില്‍ രോഗിയുടെ സകലവിവരങ്ങളും ‘ഹോമിയോപ്പാത്തു’കള്‍ ചോദിച്ചറിഞ്ഞു. ഓരോരുത്തരുടെയും ലക്ഷണങ്ങള്‍, ജീവിതരീതി, ശീലങ്ങള്‍ എന്നിവയൊക്കെ മനസിലാക്കി വ്യക്തി കേന്ദ്രീകൃതമായ ഒരു സമഗ്ര ചികിത്സയായാണ് (holistic medicine) ഹോമിയോപ്പതി സ്ഥാപിക്കപ്പെട്ടത്. അതിനുപുറമേ സാമ്പ്രദായിക ചികിത്സക്ക് വിപരീതമായി ജീവനു ഹാനിയില്ലാത്ത, സുരക്ഷിതമായ ചികിത്സാമാര്‍ഗങ്ങള്‍ ഹോമിയോപ്പതിക്ക് പെട്ടന്നു ജനപ്രീതി നേടിക്കൊടുത്തു. തന്റെ കരിയറിന്റെ തുടക്കത്തില്‍ വളരെ ബുദ്ധിമുട്ടു നേരിടേണ്ടി വന്ന ഹനിമാന്‍ മരിച്ചത് ഒരു മില്യനയറായിട്ടായിരുന്നു.

ഹോമിയോപ്പതിയുടെ പ്രവര്‍ത്തതത്വങ്ങള്‍

ഏതൊരു രോഗത്തിന്റെയും യഥാര്‍ത്ഥ കാരണം കണ്ടെത്തുന്ന പാത്തോളജി (pathology) യെ ഹനിമാനും പിന്‍ഗാമികളും ഗൗനിച്ചില്ല. ലക്ഷണങ്ങളെ ചികിത്സിക്കുന്ന രീതിയാണ് ഹോമിയോപ്പതിയിലുള്ളത്. 200 വര്‍ഷം പഴക്കമുള്ള ഹനിമാന്റെ സിദ്ധാന്തങ്ങളുടെ ശാസ്ത്രാടിസ്ഥാനം ചോദ്യം ചെയ്യുന്നതിന് പകരം അതിനുളള ന്യായീകരങ്ങള്‍ കണ്ടെത്തലാണ് പിന്നീട് നടന്നത്. എന്താണ് ഹോമിയോപ്പതിയുടെ പ്രധാന തത്വങ്ങള്‍? അവയെന്തുകൊണ്ടാണ് അശാസ്ത്രീയമാകുന്നത്? സമം സമേന ശാന്തി (Similia similibus curantur or like cures like) എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വം. മലേറിയക്ക് ഹനിമാന്‍ സിന്‍കോണ കഴിച്ചതിലേതുപോലെ ഒരു പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ ഒരു വസ്തു ഉണ്ടാക്കുന്ന ശാരീരിക മാറ്റങ്ങള്‍ ഒരു രോഗാവസ്ഥയില്‍ ലക്ഷങ്ങളായി കാണപ്പെട്ടാല്‍ ആ വസ്തു ആയിരിക്കും ആ രോഗത്തിനുള്ള പ്രതിവിധി. ഉദാഹരണത്തിന് തേനീച്ചയുടെ വിഷം പുരട്ടിയാല്‍ തൊലിപ്പുറത്തുള്ള തടിച്ചു പൊങ്ങലുകള്‍ ഭേദമാകും. അങ്ങനെയാണെങ്കില്‍ ചുമ വന്നാല്‍ സിഗരറ്റുവലി മരുന്നാക്കിക്കൂടെ, അല്ലെങ്കില്‍ ലിവര്‍ സീറോസിസിനു മദ്യമായിക്കൂടെ മരുന്നെന്നൊക്കെ സംശയം തോന്നാവുന്നതാണ്.

ആരോഗ്യവാനായ വ്യക്തിയില്‍ നേരിയ ലക്ഷണങ്ങള്‍ രൂപപ്പെടാന്‍ പാകത്തിനുള്ള അളവിലാണു മരുന്നുകള്‍ ഉണ്ടാക്കേണ്ടതെന്ന് ഹനിമാന്‍ സൈദ്ധാന്തീകരിച്ചു. അതുപ്രകാരം 1 : 4 മുതല്‍ 1 : 100, 000, 000 (ഒന്ന് : പത്തുകോടി) വരെ മരുന്നുകള്‍ നേര്‍പ്പിക്കണമെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്ര വലിയ നേര്‍പ്പിക്കലുകള്‍ കടലില്‍ കായം കലക്കുന്നതിന് തുല്യമാണെന്നു പരിഹാസ രൂപേണ ചോദ്യം ചെയ്യപ്പെട്ടതിനാല്‍ വെള്ളം ചേര്‍ക്കലിനു പുതിയൊരു വിശദീകരണവുമായി ഹനിമാന്‍ എത്തി. ശക്തിയില്‍ കുലുക്കുന്ന പ്രക്രിയകൊണ്ടു മരുന്നിന്റെ രോഗനിവാരണ ശക്തി (therapeutic power) വര്‍ധിക്കുമെന്നും അങ്ങനെ നേര്‍പ്പിച്ചാല്‍ വീര്യം കൂടുമെന്നും (potentization) അദ്ദേഹം പറഞ്ഞു. എല്ലാ ഹോമിയോപ്പതിമരുന്നുകളും നേര്‍പ്പിയ്ക്കുമ്പോള്‍ ലായനിയില്‍ അവ സൂക്ഷ്മമായ ആത്മീയ ശക്തി (dematerialized spiritual force) യായി നിലനില്‍ക്കുന്നു എന്ന ഹനിമാന്റെ വാദം ശാസ്ത്രമാണോ അന്ധവിശ്വാസമാണോയെന്നു മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.

ശക്തിയായി കുലുക്കി നേര്‍പ്പിച്ചാല്‍ വീര്യം കൂടുമെങ്കില്‍ കേരള ബീവറേജസ് കോര്‍പറേഷന്റെ ഔട്‌ലെറ്റുകളില്‍ നീണ്ടനിരകളൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ. മദ്യം ഒരൊറ്റ തവണ വാങ്ങിച്ചു നേര്‍പ്പിച്ചു കുടിച്ചുകൊണ്ടിരുന്നാല്‍ പോരെ? ‘നേര്‍പ്പിക്കുന്നതുകൊണ്ട് എന്താണു കുഴപ്പം’, ‘വെള്ള ചേര്‍ക്കുന്നതു മരുന്നിന്റെ ഡോസ് ക്രമീകരിക്കാനാവില്ലേ’, എന്നൊക്കെ ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ യഥാര്‍ത്ഥ നേര്‍പ്പിക്കല്‍ രീതിയെപ്പറ്റി കൂടുതല്‍ അറിഞ്ഞാല്‍ മതി. കോവിഡ്-19 നുള്ള ഹോമിയോപ്പതി പ്രതിരോധമരുന്നിന്റെ പേരാണ് ആഴ്‌സനിക്കം ആല്‍ബം 30C (Arsenicam album 30C). 30C എന്നതാണ് ഈ മരുന്നിന്റെ നേര്‍പ്പിക്കല്‍ അഥവാ പൊട്ടന്‍സി. 100 മില്ലിലിറ്ററിന്റെ ഒരു ജാറില്‍ 99 മില്ലിലിറ്റര്‍ വെള്ളവും 1 മില്ലിലിറ്റര്‍ മരുന്നും എടുത്തു കുലുക്കിയാല്‍ 1C പൊട്ടന്‍സി ലഭിക്കും. വീണ്ടും 99 മില്ലിലിറ്റര്‍ വെള്ളമെടുത്ത് ഒരു മില്ലിലിറ്റര്‍ 1C മരുന്നതില്‍ ലയിപ്പിച്ചാല്‍ 2C ആകും പൊട്ടന്‍സി. അങ്ങനെ 30C പൊട്ടന്‍സി എത്തുമ്പോഴേക്കും 1000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000 ലിറ്റര്‍ ലായനിയില്‍ ഒരു മില്ലിലിറ്റര്‍ മാത്രമാകും മരുന്നുണ്ടാകുക. ഒന്നിന് ശേഷം 57 പൂജ്യങ്ങളുള്ള ഈ വലിയ സംഖ്യയെ X എന്നു വിളിക്കാം. ഭൂമിയിലെ സ്ഥിരതയുള്ള ഏറ്റവും സാന്ദ്രതയേറിയ (23 gm/ml) മൂലകമായ ഓസ്മിയം കൊണ്ടു മരുന്നുണ്ടാക്കിയാല്‍ പോലും ഒരു മില്ലി ലിറ്ററില്‍ 72, 000, 000, 000, 000, 000, 000, 000 തന്മാത്രകളേ അതിലുണ്ടാകൂ. ഈ സംഖ്യയെ Y എന്നും വിളിക്കാം. അപ്പോള്‍ 30C നേര്‍പ്പിച്ച ഒരു ലിറ്റര്‍ മരുന്നില്‍ എത്ര തന്മാത്രകള്‍ ഉണ്ടാകുമെന്നറിയാന്‍ Y യെ X കൊണ്ടു ഹരിച്ചാല്‍ മതിയല്ലോ. ഇതിന്റെ ഉത്തരം ഒരു തന്മാത്രയുടെ 7 കോടി, കോടി, കോടി, കോടി, കോടിയില്‍ ഒരംശം എന്നാണ്. വളരെ വളരെ ചെറിയ, ഏതാണ്ടു പൂജ്യത്തോട് അടുത്തുള്ളൊരു സംഖ്യയാണിത്. ചുരുക്കത്തില്‍, 30C പൊട്ടന്‍സിയില്‍ ഏത് ഹോമിയോപ്പതി മരുന്നെടുത്താലും അതിന്റെ ഒരു ലിറ്ററില്‍ യഥാര്‍ത്ഥ മരുന്നിന്റെ ഒരു തന്മാത്രപോലും ഉണ്ടാകാന്‍ സാധ്യതയില്ല! ഇനി ഒരു പഞ്ചസാര ഗുളികയില്‍ മരുന്നിന്റെ ഒരു തന്മാത്രയെങ്കിലും ഉണ്ടാകണമെങ്കില്‍ ആ പഞ്ചാരഗോളത്തിന് ഭൂമിയെക്കാള്‍ 12,000 മടങ്ങു വ്യാസമുണ്ടായിരിക്കണം. അതു ഭൂമിയെ തൊട്ടിരുന്നാല്‍ മറ്റേ ഭാഗം സൂര്യനില്‍ മുട്ടും!
നേര്‍പ്പിക്കല്‍ യുക്തിരഹിതവും അബദ്ധവുമാണെന്നു മനസിലാക്കിയ ഹോമിയോപ്പാത്തുകള്‍ അതിനെ ന്യായീകരിച്ചതു ജലത്തിന് ഓര്‍മശക്തി (water memory) ഉണ്ടെന്നു പറഞ്ഞുകൊണ്ടാണ്. വാട്ടര്‍ മെമ്മറി തിയറി പ്രകാരം കുലുക്കി നേര്‍പ്പിക്കുമ്പോള്‍ വെള്ളത്തിന് അതില്‍ ലയിച്ച പദാര്‍ത്ഥത്തെ ഓര്‍ത്തിരിക്കാന്‍ കഴിയുമെന്നവര്‍ വാദിച്ചു. അങ്ങനെയൊരു കഴിവു ജലത്തിന് ഉണ്ടായിരുന്നെങ്കില്‍ ഭൂമിയുടെ തുടക്കം മുതല്‍ ജലവുമായി മിശ്രണം ചെയ്യപ്പെട്ട സകലതിന്റെയും ഓര്‍മശക്തിയുണ്ടാകേണ്ടതല്ലേ? എപ്പോഴെങ്കിലും വിസര്‍ജ്യവും, വിഷങ്ങളും, ശവശരീരങ്ങളും ഒഴുകി നടന്ന വെള്ളമാണ് നമ്മള്‍ കുടിക്കുന്നത്. വാട്ടര്‍ മെമ്മറി ശരിയാണെക്കില്‍ ആ വസ്തുക്കളുടെ ഗുണങ്ങളും വെള്ളത്തിനുണ്ടാകണം!

നാനോ സയന്‍സ് മുതല്‍ ക്വാണ്ടം തിയറിവരെയുപയോഗിച്ചു ഹോമിയോപ്പതിയുടെ ശാസ്ത്രീയ അടിത്തറയിടാനുള്ള ശ്രമങ്ങള്‍ ഇന്നും തുടര്‍ന്നു പോരുന്നു. എന്നാല്‍ ഇതുവരെ ഒരു ഡബിള്‍ ബ്ലൈന്‍ഡഡ് ടെസ്റ്റ് നടത്തി ഏതെങ്കിലും ഒരു മരുന്നു ഫലിക്കുമെന്നു ശാസ്ത്രലോകത്തെ ബോധ്യപ്പെടുത്താന്‍ ഹോമിയോ ഗവേഷകര്‍ക്കു കഴിഞ്ഞിട്ടില്ല. സാമുവല്‍ ഹനിമാന്റെ മരണത്തിനു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കുന്ന രോഗാണുസിദ്ധാന്തം (gem theory) ആവിഷ്‌കരിക്കപ്പെടുന്നത്. പലരോഗങ്ങളും സൂക്ഷ്മാണുക്കളുടെ ആക്രമണം കൊണ്ടാണുണ്ടാകുന്നതെന്ന് ഇന്നു നമുക്ക് വ്യക്തമായി അറിയാം. എന്നാല്‍ ഹോമിയോപ്പതിയുടെ അടിസ്ഥാന ഗ്രന്ഥമായ ഓര്‍ഗനോണ്‍ ഓഫ് മെഡിസിനില്‍ (Organon of medicine) ഹനിമാന്‍ പറഞ്ഞത് മയാസങ്ങള്‍ (miasms) ആണു രോഗാവസ്ഥയുണ്ടാക്കുന്നത് എന്നാണ്. രോഗം ചികിത്സിച്ചു മാറ്റാന്‍ തടസമായി നില്‍ക്കുന്ന മാന്ത്രികശക്തിയാണ് മയാസങ്ങള്‍.
മരുന്നിനു പുറമേ കര്‍ശനമായ പഥ്യങ്ങളും ഹനിമാന്‍ നിര്‍ദേശിച്ചിരുന്നു. കാപ്പി, ചായ, എരിവുള്ളതും മധുരമേറിയതുമായ ആഹാരപദാര്‍ഥങ്ങളെന്നിവ കഴിക്കരുത്, ഒരുതരത്തിലുമുള്ള കായികവിനോദങ്ങളില്‍ ഏര്‍പ്പെടരുത്, കമ്പിളിവസ്ത്രങ്ങള്‍ ധരിക്കരുത് തുടങ്ങിയവ ചെയ്താലേ ഹോമിയോമരുന്നുകള്‍ ഫലിക്കൂ എന്ന അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളില്‍ പലതും പിന്‍ഗാമികള്‍ തള്ളിക്കളഞ്ഞു. ഹനിമാനെ സംബന്ധിച്ചിടത്തോളം ഹോമിയോപ്പതിയുടെ ‘സ്പിരിച്വല്‍ ഹീലിംഗ് പവര്‍’ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു.

ഹോമിയോപ്പതി ശാസ്ത്രപരീക്ഷണങ്ങളില്‍

റാന്‍ഡമൈസ്ഡ് കണ്ട്രോള്‍ ട്രയലുകളും (randomized control trials) ഡബിള്‍ ബ്ലൈന്‍ഡഡ് ടെസ്റ്റുകളും (double blinded tests) നടത്തിയാണ് ഏതൊരു മരുന്നിന്റെയും ഫലപ്രാപ്തിയെ ശാസ്ത്രം പരിശോധിക്കുന്നത്. മനുഷ്യനിലാണു പരീക്ഷണം നടത്തുന്നതെങ്കില്‍ അവരെ രണ്ടു ഗ്രൂപ്പായി തിരിക്കും. ഒരു ഗ്രൂപ്പിനു (ടെസ്റ്റിംഗ് ഗ്രൂപ്പ്) യഥാര്‍ത്ഥ മരുന്നും മറ്റേ ഗ്രൂപ്പിനു (കണ്ട്രോള്‍ ഗ്രൂപ്പ്) മരുന്നിന്റെ അതേ രൂപത്തിലുള്ള പഞ്ചസാരരഗുളിക, അതായത്, ഫലമില്ലാത്ത വ്യാജമരുന്നും (placebo) നല്‍കുന്നു. ടെസ്റ്റിംഗ് ഗ്രൂപ്പിന്റെ റിസള്‍ട്ട് കണ്ട്രോള്‍ ഗ്രൂപ്പിനേക്കാള്‍ വളരെ കൂടുതല്‍ ആണെങ്കില്‍ മാത്രമേ മരുന്നിനു ഫലമുണ്ടെന്ന ശാസ്ത്രീയനിഗമനത്തിലെത്താന്‍ സാധിക്കൂ. കണ്ട്രോള്‍ ഗ്രൂപ്പ് ഏതാണെന്നോ ടെസ്റ്റിംഗ് ഗ്രൂപ്പ് ഏതാണെന്നോ വിധേയരാക്കപ്പെട്ട രോഗികള്‍ക്കോ പരീക്ഷണം നടത്തിയ ഗവേഷകനോ പരീക്ഷണസമയത്ത് അറിയില്ലായിരുന്നെങ്കില്‍ അതിനെ ഡബിള്‍ ബ്ലൈന്‍ഡഡ് ടെസ്റ്റ് എന്നാണ് വിളിക്കുന്നത്. ഫലപ്രാപ്തി ഉണ്ടാകുന്നതു യാദൃശ്ചികമായോ അല്ലെങ്കില്‍ എന്തെങ്കിലും ബായാസുകള്‍ കൊണ്ടോ അല്ലെന്നു കാണിക്കാനാണ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്.

ഹനിമാന്റെ കാലഘട്ടത്തില്‍, 1835 ല്‍ തന്നെ മേല്‍പറഞ്ഞ പരീക്ഷണങ്ങളോട് സാമ്യമുള്ള ടെസ്റ്റുകളില്‍ ഹോമിയോപ്പതി മരുന്നുകള്‍ പരാജയപ്പെട്ടതാണ്. തുടര്‍ന്നുള്ള രണ്ടു ശതാബ്ദങ്ങളില്‍ തുടരെത്തുടരെ ഹോമിയോമരുന്നുകള്‍ പലവട്ടം പരീക്ഷങ്ങളിലൂടെ കടന്നുപോയി. വിവിധ പഠനങ്ങള്‍ ക്രോഡീകരിച്ചു എഴുതുന്ന മെറ്റാസ്റ്റഡികള്‍ വന്നു. ഒരൊറ്റയെണ്ണത്തില്‍ പോലും ഏതെങ്കിലും ഒരു ഹോമിയോമരുന്നു ഫലമുണ്ടാക്കുന്നതായി നിസംശയ നിഗമനനത്തിലെത്താന്‍ കഴിഞ്ഞില്ല.

ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയയുടെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച് കൗണ്‍സില്‍ ഹോമിയോപ്പതിക്ക് ഒരു രോഗത്തെപ്പോലും ചികില്‍സിക്കാന്‍ കഴിയില്ലയെന്നു 2015 ല്‍ കണ്ടെത്തി. സുപ്രധാനമായ പഠനങ്ങളിലൂടെ ഫലപ്രാപ്തി ഇല്ലെന്നു വിലയിരുത്തി ഫ്രഞ്ച് സര്‍ക്കാര്‍ 2021 മുതല്‍ ഹോമിയോപ്പതി ചികിത്സക്ക് ചെലവാക്കിയപണം തിരിച്ചുകൊടുക്കുന്നതു നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. വിവിധരാജ്യങ്ങളില്‍ ഹോമിയോപ്പതി ചികിത്സക്ക് ഇന്‍ഷുറന്‍സ് കവറേജില്ല. എങ്കിലും ഹോമിയോപ്പതി ഒരിടത്തും നിരോധിച്ചിട്ടില്ല. അതിന് പ്രധാനകാരണം ഹോമിയോമരുന്നുകള്‍ പാര്‍ശ്വഫലങ്ങളോ പ്രത്യക്ഷമായ അപകടങ്ങളോ മനുഷ്യശരീരത്തില്‍ ഉണ്ടാക്കാത്തതാണ്. ഫലം ഉണ്ടെങ്കിലല്ലേ എന്തെങ്കിലും പാര്‍ശ്വഫലം കാണിക്കേണ്ടതുള്ളൂ?

എന്തുകൊണ്ടാണ് ആളുകള്‍ക്ക് ഗുണഫലങ്ങള്‍ കിട്ടുന്നത്?

‘കഴിഞ്ഞ 25 വര്‍ഷമായി ഞാനും എന്റെ കുടുംബവും ഹോമിയോമരുന്നാണ് കഴിക്കുന്നത്, ഞങ്ങള്‍ക്ക് ഇതുവരെ ഒരു കുഴപ്പവുമില്ല. എല്ലാ രോഗങ്ങളും അതുകൊണ്ട് മാറിയിട്ടുണ്ട്.’

‘വര്‍ഷങ്ങളായി അലോപ്പതി കൊണ്ടു മാറാത്ത എന്റെ വകേലൊരമ്മാവന്റെ അരിമ്പാറ ഹോമിയോമരുന്ന് കഴിച്ചപ്പോള്‍ പമ്പകടന്നു’
ഹോമിയോപ്പതിയുടെ അശാസ്ത്രീയതയെപ്പറ്റി പറയുമ്പോള്‍ പൊതുവേ ആളുകള്‍ പറയുന്ന കാര്യങ്ങളാണിത്. അടിസ്ഥാനശാസ്ത്രതത്വങ്ങള്‍ക്കു വിരുദ്ധമായിട്ടുപോലും ഹോമിയോമരുന്നുകൊണ്ടു പലര്‍ക്കും ഫലം കിട്ടുന്നതിനു കാരണമെന്താണ്?

ഹോമിയോപ്പതികൊണ്ടു വ്യാപകമായി ചികിത്സിക്കപ്പെടുന്ന അസുഖങ്ങളാണ് ആസ്ത്മ, ഡിപ്രഷന്‍, ചെവി ഇന്‍ഫെക്ഷന്‍, അലര്‍ജി (തുമ്മല്‍), മൈഗ്രെയ്ന്‍, ഡെര്‍മൈറ്റിസ്, രക്തസമ്മര്‍ദം, അരിമ്പാറ തുടങ്ങിയവ. ഈ അസുഖങ്ങളുടെയൊക്കെ പ്രധാന പ്രത്യേകത അവ ഒന്നുകില്‍ സ്വയം ഇല്ലാതാകുന്നതോ അല്ലെങ്കില്‍ ചാക്രികമായി ഉണ്ടാകുന്നതോ (കുറേ കാലത്തേക്ക് അസുഖാവസ്ഥ തുടര്‍ന്ന് രോഗമുക്തി, വീണ്ടും അസുഖാവസ്ഥ) ആണ്. സമയമാണ് ഹോമിയോപ്പതി ചികിത്സയുടെ യഥാര്‍ത്ഥ ഹീറോ. വളരെ വിശദമായുള്ള പരിശോധന മുതല്‍ കുറേക്കാലം നിര്‍ത്താതെ മരുന്നു കഴിക്കണം എന്ന ഉപദേശം വരെ മാനസികവും ശാരീരികവുമായ ഫലപ്രാപ്തിക്ക് സഹായിക്കുന്നുണ്ട്. മനുഷ്യര്‍ക്കു വരുന്ന കൂടുതല്‍ രോഗങ്ങളും സമയം കൊടുത്താല്‍ ശരീരത്തിലെ പ്രതിരോധ സംവിധാനള്‍ക്ക് സ്വയം ഇല്ലാതാക്കാന്‍ കഴിയുന്നവയാണ്. അങ്ങനെയുള്ള അസുഖങ്ങള്‍ വന്നവര്‍ ഹോമിയോയെ ആശ്രയിക്കുമ്പോള്‍ അതു ഭേദമായതിന്റെ ക്രെഡിറ്റ് പഞ്ചാരമിഠായിക്ക് കിട്ടുന്നു. ഉദാഹരണം: ചിക്കന്‍ പോക്‌സ്.

മരുന്നു പരീക്ഷണങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ കണ്ട്രോള്‍ ഗ്രൂപ്പിനു വ്യാജമരുന്ന് അഥവാ ‘പ്ലാസിബോ’ നല്‍കുന്നതായി പറഞ്ഞാല്ലോ. പ്ലാസിബോ കൊടുത്ത ഗ്രൂപ്പിലും ഫലപ്രാപ്തിയുണ്ടാകാറുണ്ട്. രോഗിക്ക് താന്‍ കഴിക്കുന്നത് യഥാര്‍ത്ഥ മരുന്നാണ് അല്ലെങ്കില്‍ തനിക്ക് കിട്ടുന്നത് യഥാര്‍ത്ഥ ചികിത്സയാണ് എന്ന വിശ്വാസം കൊണ്ടു മാത്രം രോഗശാന്തി ലഭിക്കുന്നതിനെയാണ് പ്ലാസിബോ എഫക്ട് എന്നു വിളിക്കുന്നത്. ഇവിടെ പ്ലാസിബോ (പഞ്ചാരഗുളിക) അല്ല രോഗം മാറ്റുന്നത്, രോഗിക്കുള്ള വിശ്വാസം കാരണം മസ്തിഷം ശരീരത്തിനു രോഗപ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ എല്ലാരിലും ഇതു ഫലിക്കണമെന്നില്ല. ഒരാളില്‍ തന്നെ ഒരിക്കല്‍ ഫലിച്ചാല്‍ വീണ്ടും ഫലിക്കണമെന്നും ഇല്ല. അതുകൊണ്ടാണ് ആധുനിക മരുന്നുകള്‍ക്കു ഡബിള്‍ ബ്ലൈന്‍ഡഡ് ടെസ്റ്റുകളില്‍ പ്ലാസിബോയേക്കാള്‍ പലമടങ്ങു ഫലപ്രാപ്തിയുണ്ടെന്നു തെളിയിക്കേണ്ടി വരുന്നത്. ഹോമിയോ മരുന്നു പ്ലാസിബോ എഫക്ടിന് ഉത്തമ ഉദാഹരണമാണ്. പരിചരിക്കുന്നവര്‍ക്ക് വിശ്വാസം ഉണ്ടെങ്കില്‍ അവരുടെ വൈകാരികബന്ധത്തിലൂടെ കൊച്ചുകുട്ടികളിലും വളര്‍ത്തുമൃഗങ്ങളിലും വരെ പ്ലാസിഡോ എഫക്ട് ഉണ്ടാകാം എന്നും കണ്ടെത്തിയിട്ടുണ്ട്.

മേല്‍പറഞ്ഞ രണ്ടുമല്ല രോഗങ്ങള്‍ മാറിയതിനു കാരണമെങ്കില്‍ യഥാര്‍ത്ഥത്തില്‍ രോഗം മറിയിട്ടുണ്ടാവില്ല. അല്ലെങ്കില്‍ സ്വീകരിച്ച മരുന്നു ഹോമിയോപ്പതി അല്ലായിരുന്നിരിക്കണം. അതുമല്ലെങ്കില്‍ അതു ഹോമിയോപ്പതി പ്രോട്ടോക്കോള്‍ ഉപയോഗിച്ചു ഉണ്ടാക്കിയതാവില്ല.

കോവിഡും ആഴ്‌സനിക്കം ആല്‍ബം 30C യും

കോവിഡ്-19 രോഗത്തെ ഇല്ലാതാക്കാന്‍ ആധുനിക ചികിത്സയില്‍ മരുന്നില്ലാത്തതുകൊണ്ടു പ്രതിരോധമാണു മുഖ്യമെന്നതു ശരിതന്നെ. അതിനു ഹോമിയോപ്പതിയെയാണ് ആശ്രയിക്കുന്നതെങ്കില്‍ ടിഷ്യൂ പേപ്പര്‍ വെച്ചു ബുള്ളറ്റ് പ്രൂഫ് ഉണ്ടാക്കുന്നു എന്നു പറയേണ്ടി വരും. നമുക്ക് നേരെ ബുള്ളറ്റ് വരാത്തത്രകാലം ഒരപകടവും വരില്ല. ഹോമിയോപ്പതിയുടെ എല്ലാ പ്രതിരോധമരുന്നുകളും ഫലിക്കുന്നത് ഇങ്ങനെയാണ്. ഒരൊറ്റ ഹോമിയോ പ്രതിരോധമരുന്നു പോലും രോഗങ്ങളെ തടയുമെന്നു ശാസ്ത്രീയമായി കഴിഞ്ഞ 2 നൂറ്റാണ്ടായി തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ എന്നൊക്കെ പറഞ്ഞു ആയുഷ് വകുപ്പ് കൊറോണ വൈറസിനെതിരെ ആഴ്‌സനിക്കം ആല്‍ബത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്. ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കുക എന്നതു തന്നെ ആശാസ്ത്രീയമാണ്. അതുകൊണ്ട് ബൂസ്റ്റര്‍ നല്‍കുന്നവര്‍ എങ്ങനെയാണു അവയുടെ പ്രവര്‍ത്തനമെന്നതു വ്യക്തമാക്കേണ്ടതുണ്ട്. ശരീരത്തിലെ പ്രതിരോധകോശങ്ങള്‍ വര്‍ധിപ്പിക്കുകയാണു ചെയ്യുന്നതെങ്കില്‍ അതൊരഭികാമ്യമായ വ്യവഹാരമല്ല. അത്തരം കോശങ്ങള്‍ കൂടിയാലും കുറഞ്ഞാലും സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു രോഗങ്ങളുണ്ടാകാം.

പനി, ക്ഷീണം, ദഹനവ്യവസ്ഥാരോഗങ്ങള്‍ തുടങ്ങിയവക്ക് ഉപയോഗിച്ചു പോരുന്ന ഒരു ഹോമിയോമരുന്നാണ് ആഴ്‌സനിക്കം ആല്‍ബം. ‘സമം സമേന ശാന്തി’ എന്ന ഹോമിയോപ്പതി തത്വപ്രകാരം ആഴ്‌സനിക് വിഷബാധ (arsenic poisoning) ക്കു നിര്‍ദേശിച്ച മരുന്നാണിത്. ആഴ്‌സനിക് ട്രയോക്‌സൈഡ് എന്ന മാരകവിഷവസ്തുവാണ് ആഴ്‌സനിക്കം ആല്‍ബത്തിന്റെ മദര്‍ ടിങ്ചര്‍. എന്നാല്‍ 30C നേര്‍പ്പിക്കല്‍ ചെയ്യുമ്പോള്‍ അതില്‍ ഒരൊറ്റ തന്മാത്രപോലും ബാക്കിയില്ലാത്തതുകൊണ്ടു ഈ മരുന്നു കഴിക്കുന്നത് സുരക്ഷിതമാണ്; ആഴ്‌സനിക് വിഷബാധയുണ്ടാകില്ല. മറ്റസുഖങ്ങളില്‍ ആഴ്‌സനിക്കം ആല്‍ബം 30C ശാസ്ത്രീയ പഠനത്തിനു വിധേയമാക്കി ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസ്യമായ യാതൊരു പരീക്ഷണത്തിലൂടെയും കടന്നു പോകാതെയാണ് ഈ മരുന്നിന്റെ ഉപയോഗം ഒരു സര്‍ക്കാര്‍ വകുപ്പു പ്രോത്സാഹിപ്പിക്കുന്നത്. കേരളത്തില്‍ ഏതാണ്ട് ഒരു കോടി ആളുകള്‍ക്ക് ആഴ്‌സനിക്കം ആല്‍ബം വിതരണം ചെയ്തുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. കോവിഡിന് ഹോമിയോപ്രതിരോധത്തെ എതിര്‍ത്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു മറുപടിയായി പത്തനംതിട്ട ഹോമിയോപ്പത്തി ഡി.എം.ഓ യും സിനിമ സംവിധായകനുമായ ഡോ.ബിജു പറയുന്നതു മരുന്നു കഴിച്ച എത്രപേര്‍ക്കു രോഗം വരാതിരുന്നു എന്ന ജില്ല തിരിച്ചുള്ള കണക്കു വരട്ടെയെന്നാണ്. അങ്ങനെ ഒരു ഡാറ്റ വെച്ചുകൊണ്ട് കോവിഡ്-19ല്‍ ഹോമിയോപ്പതി പ്രതിരോധത്തിനു (ഇമ്മ്യൂണി ബൂസ്റ്റിങ്ങിന്) തെളിവു കണ്ടെത്തുക അസാധ്യമാണ്. കാരണം ആരോഗ്യവകുപ്പു തന്നെ ആഴ്‌സനിക്കം ആല്‍ബത്തിന്റെയൊപ്പം വ്യക്തി ശുചിത്വം, സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ എന്നിവ കൃത്യമായി ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ഹോമിയോമരുന്നു കഴിക്കാതെ തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ അനുസരിച്ചു പല രാജ്യങ്ങളിലും കൊറോണ പാന്‍ഡമിക് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ഹോമിയോപ്പതിയുടെ അപകടങ്ങളും ഭാവിയും

വിഷം പോലും നേര്‍പ്പിച്ച് മരുന്നാക്കുന്ന ഹോമിയോപ്പതി ഒരപകടവും വരുത്തില്ല എന്നാണ് വിചാരിക്കുന്നതെങ്കില്‍ തെറ്റി. കണ്ണൂരില്‍ കോവിഡ് ബാധിച്ചു മരിച്ച സലീഖ് എന്ന യുവാവ് സ്വാകാര്യ ഹോമിയോഡോക്ടറുടെ ചികിത്സയില്‍ ആയിരുന്നുവെന്നു വിവിധ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് ഹോമിയോപ്പതിപോലെയുള്ള കപട ചികിത്സകള്‍ വില്ലന്മാരാകുന്നത്. അശാസ്ത്രീയ പരത്തി രോഗിക്കു തെളിവ്-അധിഷ്ടിത ചികിത്സ വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിലൂടെ ജീവഹാനി വരുത്തുവാന്‍ അവ കാരണമാകുന്നു. തെളിയിക്കപ്പെട്ടിട്ടുള്ള വാക്‌സിനുകളെ എതിര്‍ക്കുന്ന പ്രവണത ഹോമിയോപ്പാത്തുകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഇത് മനുഷ്യരാശിക്ക് തന്നെ നല്ലതല്ല. ലോകവ്യാപകമായി വാക്‌സിന്‍ വിരുദ്ധര്‍ക്ക് വളമിട്ടുകൊടുത്ത്, നമ്മള്‍ ഇല്ലാതാക്കിയ മാരകരോഗങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ പങ്കുവഹിക്കുന്നു. കേരളത്തില്‍ 2016ലെ സ്‌കൂള്‍ പ്രവേശനസമയത്തു കുട്ടികള്‍ക്കു വാക്‌സിനെടുത്തിട്ടുണ്ട് എന്നുറപ്പാക്കണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലറിനെ എതിര്‍ത്ത വാക്‌സിന്‍ വിരുദ്ധന്‍ പി.ജി ഹരിയെന്ന ഹോമിയോപ്പതി ഡോക്ടറാണ്.

ഉരുളി കമഴ്ത്തി സന്താനസൗഭാഗ്യം ലഭിക്കുന്നതുപോലെയൊരു അന്ധവിശ്വാസമാണ് വന്ധ്യതക്ക് ഹോമിയോപ്പതിയില്‍ പരിഹാരമുണ്ടെന്നത്. ഹോമിയോയില്‍ ഒന്നിനും മരുന്നില്ല. പ്രാര്‍ത്ഥനകൊണ്ടുള്ള അത്ഭുത രോഗശാന്തി, പത്രം പൊതിയല്‍, ചാരടുകെട്ടല്‍, തുപ്പല്‍ വെള്ളം, മന്ത്രവാദം തുടങ്ങിയവ പോലെ വിശ്വാസ/അന്ധവിശ്വാസമാണു ഹോമിയോപ്പതി. രോഗാണു സിദ്ധാന്തം, ആന്റിബയോട്ടിക്കും ജീവന്‍ രക്ഷാ മരുന്നുകളും, ടെക്‌നോളജിക് ഉപകരണങ്ങള്‍ എന്നിവയൊക്കെ വരുന്നതിന് മുന്‍പ്, അതായത് ആധുനിക വൈദ്യശാസ്ത്രം വെറും അലോപ്പതിയായി ഹനിമാന്‍ കണ്ടിരുന്ന കാലത്തു തന്റെ ഭാവനയിലൂടെ സൃഷ്ടിച്ചെടുത്ത ബദല്‍മാര്‍ഗമാണ് ഹോമിയോപ്പതി. അതു കാലഹരണപ്പെട്ടിട്ടു ദശകങ്ങള്‍ കഴിഞ്ഞിട്ടുണ്ട്.
വിശ്വാസങ്ങളെ ചേര്‍ത്ത് പിടിക്കുകയെന്നതു മനുഷ്യന്റെ പ്രത്യേകതയാണ്. നമ്മുടെ മസ്തിഷ്‌കം പരിണാമത്തിലൂടെ വികാസം പ്രാപിച്ചത് കണ്ണില്‍ കാണുന്നവയ്ക്കു പുറമേ, ഒരിക്കലും കാണാത്തവയെയും കൂടി വിശ്വസിച്ചുകൊണ്ടാണ്. എത്ര ശാസ്ത്ര തെളിവുകള്‍ കൊടുത്താലും ഭൂമി പരന്നതാണെന്നു വിശ്വസിക്കുന്നവര്‍ ഇന്നും ഒരുപാടു പേരുണ്ട്. നിരുപദ്രവകരമായ വിശ്വാസങ്ങള്‍ നിലനില്‍കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ശാസ്ത്രതെളിവുകള്‍ നിരത്തി ഹോമിയോപ്പതിപോലൊരു വിശ്വാസ ചികിത്സയെ എതിര്‍ക്കുമ്പോള്‍ മരുന്നു മാഫിയ (Big Pharma), അല്ലെങ്കില്‍ അലോപ്പതി മാഫിയയാണ് അതിനു പിന്നിലെന്നു പറയുന്നത് ഭൂഷണമല്ല. ഹോമിയോപ്പതി മരുന്നു തന്നെ ഇന്നൊരു ബിഗ് ഫാര്‍മയാണ്. ഹോമിയോപ്പതി മരുന്നുകമ്പനികള്‍ തമ്മിലുള്ള മത്സരങ്ങള്‍വരെ ലോകത്ത് നടക്കുന്നുണ്ട്. 2024 ആകുമ്പോഴേക്കും ഹോമിയോമരുന്നുകളുടെ മാര്‍ക്കറ്റ് 17 ബില്യന്‍ യു.എസ് ഡോളര്‍ ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്!

നിര്‍ഭാഗ്യവശാല്‍, ശാസ്ത്രാവബോധം വളര്‍ത്തുകയെന്നത് പൗരധര്‍മമാണ് (ആര്‍ട്ടിക്കിള്‍ 51a(h)) എന്നു പ്രഖ്യാപിക്കുന്ന ഭരണഘടനക്ക് അനുസൃതമായി മുന്നോട്ടു പോകുന്ന രാജ്യം സ്യൂഡോ-സയന്‍സിനെ പണം കൊടുത്തു പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് ഇന്ത്യയില്‍ കാണുന്നത്. അശാസ്ത്രീയതയെ വെളുത്ത കുപ്പികളിലെ മധുരമിഠായിയായി വിതരണം ചെയ്തു, അത്ഭുത രോഗശാന്തിയിലെപ്പോലെ തന്നെ സാക്ഷ്യങ്ങളെ തെളിവുകളായി കൊണ്ടുവന്നു, 17 വയസുള്ള – ഡോക്ടര്‍ ആകാനാഗ്രഹിക്കുന്ന കുട്ടികളുടെ ജീവിതം ബലിയാടക്കുന്ന ഹോമിയോപ്പതിയെന്ന ഏര്‍പ്പാടു നമ്മുടെ രാജ്യത്ത് ഇല്ലാതാകുമെന്നു തോന്നുന്നില്ല. കാരണം, വിശ്വാസം അതാണല്ലോ എല്ലാം!

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

3 thoughts on “ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ – കൊറോണക്കാലത്തെ അശാസ്ത്രീയത

  1. Avatar for മിഥുന്‍ കെ മധു,

    ബിജു മാത്യു

    എടാ ചെക്കാ നീ മൊട്ടെന്നു വിരിഞ്ഞു ഇല്ലാലോ…ആദ്യം ലോകം കണ്ടു പടിക്കു, പിന്നെ മതി നിന്റെ ഈ പരിപാടി…

  2. പിന്നെ എന്തിനു സർക്കാർ ഹോമിയോ ആശുപത്രികളും ഡോക്ടർമാരെയും സൃഷ്ടിക്കുന്നു???

    • നിലവിൽ ഇതൊരു തൊഴിൽ പ്രശ്നം കൂടിയാണ്. സ്യൂഡോ സയൻസാണ് ഹോമിയോപ്പതി എന്ന് സർക്കാർ അംഗീകരിച്ചാൽ ആശുപത്രികൾ നിർത്തേണ്ടി വരും. അത് പഠിച്ച് ഇറങ്ങിയ ഡോക്ടർമാരെ വഴിയാധാരം ആകും. പിന്നെ ഹോമിയോ മറ്റു പല വിശ്വാസങ്ങളെപ്പോലെ സമൂഹത്തിൽ വളരെ ആഴത്തിൽ വേരുറപ്പിച്ച വിശ്വാസമാണ്. ആർക്കായാലും തങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാൻ ബുദ്ധിമുട്ടാകും. ഹോമിയോപ്പതിക്ക് നേരിട്ട് പാർശ്വഫലങ്ങൾ ഇല്ലാത്തത്കൊണ്ട് (ഫലം ഉണ്ടെങ്കിൽ അല്ലെ!) അതാരും കഴിക്കരുത് എന്നു പറയാൻ കഴിയില്ല. കോംപ്ലിക്കേറ്റഡ് ആയ അസുഖങ്ങൾക്ക് ആധുനിക ചികിത്സ affordable ആയി എല്ലാരിലേക്കും എത്തിക്കാൻ ആണ് സർക്കാർ നോക്കേണ്ടത്. കുറ്റമറ്റ രീതിയിൽ തെളിവുള്ള ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കണം. അതിലൊക്കെ ശ്രദ്ധ കൊടുത്താൽ ഒരു പരിധി വരെ ആളുകളിൽ ഇതര വൈദ്യത്തിലുള്ള വിശ്വാസം കുറയും.

Leave a Reply