
നവഫാസിസത്തിന്റെ വര്‍ത്തമാനങ്ങള്‍
സ്പഷ്ടീകരണ കുറിപ്പ് കൃത്യമായും വ്യക്തമാക്കുന്നത് ഇങ്ങനെയാണ് ‘ബി ജെ പി – ആര് എസ് എസിന്റെ കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയസംവിധാനം നവഫാസിസ്റ്റ് സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന ഹിന്ദുത്വ -കോര്‍പ്പറേറ്റ് അമിതാധികാര ഭരണമാണെന്ന് നാം പ്രസ്താവിച്ചിട്ടുണ്ട്. മോദി ഗവണ്‍മെന്റ് ഒരു ഫാസിസ്റ്റ് അല്ലെങ്കില്‍ നവഫാസിസ്റ്റ് ഗവണ്‍മെന്റ് ആണെന്ന് നാം പറയുന്നില്ല. ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റ് ഭരണകൂടമായി നാം വിശേഷിപ്പിക്കുന്നില്ല”.
സി പി ഐ എം ന്റെ ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കേരള സംസ്ഥാന സമ്മേളനം മാര്‍ച്ച് 6 ന് ആരംഭിക്കുകയാണല്ലോ. പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന രാഷ്ട്രീയപ്രമേയത്തിന്റെ കരട് നേരത്തെ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പാര്‍ടി അംഗങ്ങള്‍ക്ക് മാത്രമല്ല , ബഹുജനങ്ങള്‍ക്കും അതിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി പാര്‍ടിയെ അറിയിക്കാവുന്നതാണ് എന്ന് പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. ബ്രാഞ്ച് മുതല്‍ ആരംഭിച്ച സമ്മേളനനടപടികള്‍ ഏപ്രിലില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ ചേരുന്ന പാര്‍ടി കോണ്‍ഗ്രസോടെ സമാപിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ബഹുജന പാര്‍ടി എന്ന നിലയില്‍ സി പി ഐ എം ന്റെ സമ്മേളന നടപടികളും അതിന്റെ രാഷ്ട്രീയ പ്രമേയവും അതിന്മേല്‍ പാര്‍ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളും കേരളത്തിലെ മാധ്യമങ്ങളില്‍ എപ്പോഴും വലിയ ചര്‍ച്ച ആകാറുണ്ട്. മുമ്പൊക്കെ സംസ്ഥാനസമ്മേളന നടപടികള്‍ മുതലാണ് ചര്‍ച്ച ഉണ്ടാകാറുള്ളതെങ്കില്‍ ഇത്തവണ ഏരിയ തലം മുതലുള്ള സമ്മേളനങ്ങളില്‍ മാധ്യമശ്രദ്ധ പതിഞ്ഞിട്ടുണ്ട്. മറ്റൊരു പാര്‍ടിയും ഇത്രയും അച്ചടക്കത്തോടെയും ചിട്ടയോടേയും സമ്മേളനങ്ങള്‍ നടത്താറില്ല എന്നതൊരു വാസ്തവമാണ്. ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാ രീതിയനുസരിച്ചാണ് ഈ സമ്മേളന നടപടികള്‍ മുമ്പോട്ടുപോകുന്നതും വിവിധ തലത്തില്‍ ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെടുന്നതും.
ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്കിടെ കരട് രാഷ്ട്രീയ പ്രമേയത്തിലെ ചില വിലയിരുത്തലുകള്‍ സംബന്ധിച്ച് പാര്‍ടി നടത്തിയ സ്പഷ്ടീകരണം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നു. സംസ്ഥാന സമ്മേളനം നടക്കുന്നത് അത്തരം ചര്‍ച്ചകള്‍ക്കിടെ ആണെന്നത് സംസ്ഥാന സമ്മേളനത്തിലെ തീരുമാനങ്ങളും മറ്റും കൂടുതല്‍ ശ്രദ്ധിക്കപ്പെടാനിടയാക്കും. കരട് രാഷ്ട്രീയ പ്രമേയത്തോടൊപ്പം പാര്‍ടി നേതൃത്വം നടത്തിയ വിശദീകരണവും പാര്‍ടി സംസ്ഥാന സമിതിയുടെ ജിഹ്വയായ ചിന്ത വാരിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവ രഹസ്യരേഖയാക്കി വച്ചിട്ടില്ല. അതിനാല്‍ അതിന്മേല്‍ അഭിപ്രായം പറയാനും വിലയിരുത്താനും നമുക്കൊക്കെ സാധിക്കുന്നു. ആ സ്പഷ്ടീകരണകുറിപ്പില്‍ മോദി സര്‍ക്കാരിനെക്കുറിച്ചും നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചും ഉള്ള സി പി ഐ എം ന്റെ വിലയിരുത്തലുകള്‍ സുവ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. സി പി ഐ എം ന്റെ വിലയിരുത്തല്‍ മറ്റ് ഇടതുപാര്‍ടികളുടേതില്‍ നിന്ന് ഏതു രീതീയില്‍ വ്യതിരിക്തത പുലര്‍ത്തുന്നു എന്ന കാര്യം പാര്‍ടി അംഗങ്ങളും ജനങ്ങളും കൃത്യമായി മനസിലാക്കണം എന്ന ഉദ്ദേശ്യം പാര്‍ടിക്കുണ്ട് എന്നത് സ്പഷ്ടീകരണത്തിലെ ഊന്നലുകളില്‍ നിന്ന് വ്യക്തമാണ്.
സ്പഷ്ടീകരണ കുറിപ്പ് കൃത്യമായും വ്യക്തമാക്കുന്നത് ഇങ്ങനെയാണ് ‘ബി ജെ പി – ആര് എസ് എസിന്റെ കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയസംവിധാനം നവഫാസിസ്റ്റ് സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന ഹിന്ദുത്വ -കോര്‍പ്പറേറ്റ് അമിതാധികാര ഭരണമാണെന്ന് നാം പ്രസ്താവിച്ചിട്ടുണ്ട്. മോദി ഗവണ്‍മെന്റ് ഒരു ഫാസിസ്റ്റ് അല്ലെങ്കില്‍ നവഫാസിസ്റ്റ് ഗവണ്‍മെന്റ് ആണെന്ന് നാം പറയുന്നില്ല. ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റ് ഭരണകൂടമായി നാം വിശേഷിപ്പിക്കുന്നില്ല”. ബി ജെ പി – ആര് എസ് എസിന്റെ കീഴിലുള്ളകഴിഞ്ഞ പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം നവഫാസിസ്റ്റ് സവിശേഷതകളുടെ പ്രകടനത്തിലേക്ക് നയിച്ചിട്ടുണ്ട് എന്ന് പ്രസ്താവിച്ച ശേഷം സ്പഷ്ടീകരണത്തില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ് ‘സവിശേഷതകള്‍ എന്ന പദത്തിന്റെ അര്‍ത്ഥം പ്രവണതകള്‍ എന്നോ ലക്ഷണങ്ങള്‍ എന്നോ ആണ്. അവ ഫാസിസ്റ്റ് ഗവണ്‍മെന്റോ ഭരണസംവിധാനമോ ആയിട്ടില്ല”(നവഫാസിസം എന്ന പ്രയോഗത്തെ സംബന്ധിച്ച കുറിപ്പ് ; 17 February 2025 ചിന്ത വെബ്). ഇതേ കുറിപ്പ് അവസാനിപ്പിക്കുന്നത് മറ്റു ഇടതപാര്‍ടികളുടെ നിലപാടില്‍ നിന്നുള്ള സി പി ഐ എം ന്റെ നിലപാടിനുള്ള വ്യതാസം കൃത്യമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് . അതു പറയുന്നു ‘ഈ നിലപാട് സി പി ഐ യുടേയും സി പി ഐ (എം എല്‍) ന്റേയും നിലപാടുകളില്‍ നിന്ന് ഭിന്നമാണ്. സി പി ഐ മോദി ഗവണ്‍മെന്റിനെ ഫാസിസ്റ്റ് ഗവണ്‍മെന്റ് ആയി വിശേഷിപ്പിക്കുന്നു. ഇന്ത്യയില്‍ ഫാസിസം നിലവില്‍ വന്നു എന്നാണ് സി പി ഐ (എം എല്‍ ) പ്രസ്താവിച്ചിരിക്കുന്നത്”.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മോദി സര്‍ക്കാരിനെ നവഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുക മാത്രം ചെയ്യുന്ന സര്‍ക്കാരായി കുറിപ്പ് വിലയിരുത്തുന്നു. അതുപോലെ ഇന്ത്യന്‍ ഭരണകൂടത്തെ ( Indian State) നവഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുക മാത്രം ചെയ്യുന്ന ഭരണകൂടം ആയാണ് വിലയിരുത്തുന്നത്. അവിടെ അവസാനിപ്പിക്കുന്നില്ല സ്പഷ്ടീകരണക്കുറിപ്പ്. അവിടെ അവസാനിപ്പിക്കാതെ അവയെ ഫാസിസ്റ്റ് സര്‍ക്കാര്‍/ഭരണകൂടം എന്നോ നവഫാസിസ്റ്റ് സര്‍ക്കാര്‍/ഭരണകൂടം എന്നോ നാം പറയുന്നില്ല എന്ന് പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. ഇങ്ങനെ പ്രത്യകം എടുത്തുപറഞ്ഞതിന്റെ പ്രാധാന്യമെന്താണ് എന്ന് അന്വേഷിക്കേണ്ടതുണ്ട്.ഭരണകൂടത്തെ സംബന്ധിച്ച വിലയിരുത്തല്‍ മാര്‍ക്‌സിസ്റ്റുകളെ സംബന്ധിടത്തോളം കൂടുതല്‍ വിശകലനം അര്‍ഹിക്കുന്നു. അതുപോലെ ഈ നിലപാടിന് സി പി ഐ യുടേയും സി പി ഐ (എം എല്‍ ) ന്റേയും നിലപാടുകളില്‍ നിന്ന് വ്യത്യാസമുണ്ട് എന്ന് പ്രത്യേകം എടുത്തുപറഞ്ഞതിന്റെ ഉദ്ദേശ്യവും പഠിക്കപ്പെടേണ്ടതുണ്ട്. പ്രധാനമായും ഇക്കാര്യങ്ങള്‍ ഊന്നി പറയാനാണ് സ്പഷ്ടീകരണക്കുറിപ്പ് ഇറക്കിയതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കുകയും സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് കേരളത്തില്‍ അത് പാര്‍ടി അണികളിലും ജനങ്ങളിലും എത്തിക്കുന്നത് എന്നതില്‍ എന്തെങ്കിലും സവിശേഷമായി ഉണ്ടാവണം. നിലവില്‍ രാജ്യത്തുള്ള സര്‍ക്കാരിനേയും ഭരണകൂടത്തേയും വസ്തുനിഷ്ഠമായി വിലയിരുത്തുക എന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രീതിയാണെന്നും അതില്‍ അതീവസുക്ഷ്മത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും സി പി ഐ എം ന്റെ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ ഇടപെട്ട് പറഞ്ഞിട്ടുണ്ട്.പക്ഷേ അത്തരമൊരു സൂക്ഷ്മതയിലേക്ക് പോകല്‍ മാത്രമാണോ ഇതിന്റെ ലക്ഷ്യം എന്നത് സംശയാസ്പദമാണ്.അതല്ല വരാനിരിക്കുന്ന നാളുകളില്‍ ഇന്ത്യയില്‍ പാര്‍ടി കെട്ടിപ്പെടുക്കാനാഗ്രഹിക്കുന്ന മുന്നണിയുടെ ഘടനയും സ്വഭാവവും സംബന്ധിച്ച ചര്‍ച്ചകളില്‍ ഒരു പ്രത്യേക നിലപാടിന് പാര്‍ടി കോണ്‍ഗ്രസിന്റെ അംഗീകാരം വാങ്ങിക്കാനുള്ള വ്യഗ്രതയോ? ഇന്ത്യന്‍ ഭരണകൂടം ഫാസിസ്റ്റ് ആയിട്ടില്ല എന്നു അംഗീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിശാല ജനാധിപത്യ മുന്നണി എന്നത് അനിവാര്യമല്ല എന്ന് വാദിക്കാന്‍ കഴിയും.
ഫാസിസ്റ്റ് വിരുദ്ധ പ്രയോഗങ്ങള്‍ സമഗ്രമാക്കുന്നതിന് വിലയിരുത്തലില്‍ വസ്തുനിഷ്ഠത അനിവാര്യമാണ് എന്നത് അംഗീകരിക്കേണ്ടതുണ്ട്.ഫാസിസ്റ്റ് വിരുദ്ധമുന്നണിയുടെ ഉള്ളടക്കവും ഘടനയും തീരുമാനിക്കുന്നതില്‍ ഭരണകൂടത്തെ സംബന്ധിച്ച അതിസൂക്ഷ്മമായ ശാസ്ത്രീയ വിശകലനം ആവശ്യമാണ്. അതില്‍ വൈകാരികതയ്ക്ക് സ്ഥാനമില്ല . അതിനാല്‍ സി പി ഐ എം ന്റെ സൂക്ഷ്മവിശകലനത്തിനുള്ള സന്നദ്ധതയേയോ അതിന്റെ കൃത്യമാക്കലിനേയോ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു വിഭാഗം മാധ്യമങ്ങള്‍ അതാണ് ചെയ്തത് എന്നത് വാസ്തവമാണ്. മാധ്യമങ്ങള്‍ ചെയ്ത മറ്റൊരു കാര്യം ഈ പ്രശ്‌നത്തെ മൊത്തത്തില്‍ പ്രകാശ് കാരാട്ട്- സീതാറാം യെച്ചൂരി ലൈനുകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ തലത്തിലേക്ക് കൊണ്ടുപോയി വാര്‍ത്തകള്‍ ചമച്ചു എന്നതാണ്. സി പി ഐ എം ന്റെ അംഗീകൃത സമീപനം തന്നെ ആയിരുന്നു ഇത് എന്നത് വ്യക്തമാണ്. അതിന്റെ പ്രധാന സൈദ്ധാന്തികന്‍ കാരാട്ട് ആണെന്നത് ശരിയായിരിക്കുമ്പോള്‍ തന്നെ. എന്നാല്‍ പാര്‍ടി മൊത്തത്തില്‍ അംഗീകരിച്ച നയസമീപനത്തെ പാര്‍ടിനയമായി കണ്ട് വിശകലനം ചെയ്യുകയാണ് കരണീയം.
ഇന്ത്യന്‍ ഭരണകൂടം ഫാസിസ്റ്റോ നവഫാസിസ്റ്റോ ആയിട്ടില്ല എന്ന് സ്ഥാപിക്കുന്നതിന് പാര്‍ടിയുടെ വക്താക്കളും സൈദ്ധാന്തികരും ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാന കാര്യം ഇന്ത്യയില്‍ ഇപ്പോഴും നിയമനിര്‍മാണസഭകളും പ്രതിപക്ഷവും തിരഞ്ഞെടുപ്പും ഉണ്ടെന്നുള്ളതാണ്. കെ ടി കുഞ്ഞിക്കണ്ണന്‍ ട്രൂകോപ്പി തിങ്കിലെഴുതിയ ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നുണ്ട് – ‘അപ്പോഴും പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സാധ്യമായ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെയും മാധ്യമ അഭിപ്രായ സ്വാതന്ത്ര്യ അവകാശങ്ങളെയും പൂര്‍ണമായി ഇല്ലാതാക്കാനോ റദ്ദ് ചെയ്യാനോ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്ന വസ്തുത കാണണം. തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമനുസരിച്ച് രാജ്യത്തെ അമിതാധികാര സ്വേച്ഛാധിപത്യ വാഴ്ചയിലേക്ക് നയിക്കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയില്‍ നടത്തുമ്പോഴും ഭരണകൂട സംവിധാനത്തെ പൂര്‍ണമായി സ്വേച്ഛാധിപത്യത്തിന് കീഴില്‍ കൊണ്ടുവരാന്‍ കോര്‍പ്പറേറ്റ് ഹിന്ദുത്വ വാഴ്ചയ്ക്ക് കഴിഞ്ഞിട്ടില്ല. ഈയൊരു സ്ഥിതിയെയാണ് സി.പി.എം നയരേഖ നിയോ ഫാസിസ്റ്റ് പ്രവണതകളെന്ന രീതിയില്‍ നിര്‍വ്വചിക്കാനും വിശദീകരിക്കാനും ശ്രമിച്ചിട്ടുള്ളത്”. (നവ ഫാസിസവും കരടു രേഖയും; നുരഞ്ഞുപൊന്തുന്നത് സി.പി.എം വിരുദ്ധത, 28 Feb 2025) ഫാസിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇതൊന്നും ഉണ്ടാവില്ലല്ലോ എന്നതാണ് ഉയര്‍ത്തുന്ന ചോദ്യം. ഇറ്റലിയിലും ജര്‍മനിയിലും സ്‌പെയിനിലുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടില്‍ നിലനിന്ന ഫാസിസ്റ്റ് ഭരണകൂടകാലവുമായി പ്രത്യക്ഷത്തിലുള്ള താരതമ്യമാണ് ഇക്കാര്യത്തില്‍ നേതാക്കള്‍ നടത്തുന്നത്. ഇതാകട്ടെ യാന്ത്രികത നിറഞ്ഞതും യൂറോകേന്ദ്രിതമായ വീക്ഷണത്തിന്റെ സ്വഭാവമാര്‍ന്നതുമാണെന്ന് കാണാന്‍ കഴിയും . ഇന്ത്യന്‍ സവിശേഷതയോടെയുള്ള ഈ നൂറ്റാണ്ടിലെ നവഫാസിസത്തെ വിലയിരുത്താന്‍ ഈ താരതമ്യം മതിയാവില്ല. ഇവിടെ നൂറ്റാണ്ടുകളായി നാനാതലത്തില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്ന ഹിന്ദുത്വ ഡീപ് സ്റ്റേറ്റിനെ അവര്‍ കണക്കിലെടുക്കുന്നതായി തോന്നുന്നില്ല. നിയമനിര്‍മാണസഭകളേയും പൗരാവകാശങ്ങളേയും ഭരണഘടനാ മൂല്യങ്ങളേയും നിശബ്ദമായി അട്ടിമറിക്കാനും നിര്‍വീര്യമാക്കാനുമുള്ള അതിന്റെ ശേഷിയെ അവര്‍ വിശകലനം ചെയ്യുന്നില്ല. ഇവയെല്ലാം പേരിന് നിലനിര്‍ത്തിക്കൊണ്ടു തന്നെ ഫാസിസ്‌റ് വ്യവസ്ഥയ്ക്കകത്ത് ജനതയെ തളച്ചിടാന്‍ മാത്രം ശക്തമാണ് അതിന്റെ സനാതന സംവിധാനങ്ങള്‍ എന്നത് കാണേണ്ടതുണ്ട്. പക്ഷേ സനാതനധര്‍മം മാനവികധര്‍മമാണോ എന്ന കാര്യം പാര്‍ടി ബി ജെ പി നേതാവിനെ ക്ഷണിച്ച് സെമിനാര്‍ നടത്തി ചര്‍ച്ച ചെയ്ത് വരുന്നതേയുള്ളു.
നിയമനിര്‍മാണസഭകള്‍ രാജ്യത്ത് നിലനിര്‍ത്തിയും ഔദ്യോഗിക പ്രതിപക്ഷങ്ങളെ (മാത്രം) പ്രവര്‍ത്തിക്കാനനുവദിച്ചും തിരഞ്ഞെടുപ്പ് സമയാസമയം നടത്തിയും ജുഡീഷ്യറിയെ നോക്കുകുത്തിയാക്കി സംരക്ഷിച്ചും ഭരണകൂടത്തിന് നവഫാസിസം നടപ്പാക്കാം എന്നത് ഇന്നത്തെ ഇന്ത്യയില്‍ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവയൊന്നും തന്നെ ഹിന്ദുത്വ ഡീപ് സ്റ്റേറ്റിന്റെ അപ്രമാദിത്വത്തെ അടിസ്ഥാനപരമായി വെല്ലുവിളിക്കാതെ നിലനിര്‍ത്താന്‍ നവഫാസിസ്റ്റ് പ്രയോഗങ്ങള്‍ക്കറിയാം. ഈ നിയമേതര, ഭരണഘടനേതര ഭീകര സംവിധാനത്തെക്കുറിച്ച് ശാസ്ത്രീയ വിശകലനം നടത്താതെയാണ് നവഫാസിസ്റ്റ് ഭരണകൂടം എന്ന് ഇന്ത്യന്‍ ഭരണകൂടത്തെ വിളിക്കാനാവില്ലെന്ന് സി പി ഐ എം കരട് രാഷ്ട്രീയ പ്രമേയം ഉദ്‌ബോധിപ്പിക്കുന്നത്. മറ്റൊരു രാജ്യത്ത് ഇത് ഇതേ രീതിയില്‍ സാധ്യമായിക്കൊള്ളണമെന്നില്ല എന്നതവര്‍ തിരിച്ചറിയുന്നില്ല.അതിനാല്‍ കേവല താരതമ്യങ്ങള്‍ സത്യമായ ഫലം തരണമെന്നില്ല. നമ്മുടെ മനുവുമായി താരതമ്യം നടത്തിയാല്‍ സാക്ഷാല്‍ ഹിറ്റ്‌ലര്‍ ഒരു സാധുവാണെന്ന് കാണാം എന്ന സഹോദരന്‍ അയ്യപ്പന്റെ വാക്കുകള്‍ കെ ഇ എന്‍ പ്രഭാഷണങ്ങളിലെ ഉദ്ധരണിയായി ചത്തൊടുങ്ങാന്‍ വിട്ടുകൊടുത്തിരിക്കുകയാണ് പാര്‍ടി എന്നു വേണം കരുതാന്‍. ബ്രാഹ്മണിക് ഹിന്ദുത്വയുടെ ഹെഗിമണി ഭരണനടത്തിപ്പിന്റെ ഓരോ അണുവിലേക്കും ഫലപ്രദമായി സ്വയം പ്രവര്‍ത്തിക്കാനുതകുന്ന രീതിയില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ട് ഇന്ത്യയില്‍ എന്ന് കാണേണ്ടിയിരിക്കുന്നു. ഈ ഹെഗിമണിക്ക് കീഴെ ഒ ബി സി ഹിന്ദുത്വ, സബാള്‍ട്ടേണ്‍ ഹിന്ദുത്വ, ഇടതു ഹിന്ദുത്വ ,അഹിന്ദു ഹിന്ദുത്വ, യുക്തിവാദ ഹിന്ദുത്വ എന്നിവയെല്ലാം രൂപപ്പെട്ടിട്ടുണ്ട്. പൊതുവായ കോര്‍പ്പറേറ്റ് വികസന അജണ്ടയാണ് ഇത്തരം ഹിന്ദുത്വ പദ്ധതികളെ നവഫാസിസ്റ്റ് പദ്ധതികള്‍ക്ക് വളമേകുന്ന രീതിയില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ സഹായിക്കുന്നതും അതുമായി ഫലപ്രദമായി ഉദ്ഗ്രഥിക്കുന്നതും. ഈ പരീക്ഷണം ചിലപ്പോള്‍ തിരിച്ചടികള്‍ നേരിടുന്നുണ്ടെങ്കിലും മൊത്തത്തില്‍ വിജയിച്ചുതന്നെയാണ് നില്‍ക്കുന്നത്.
കോഴിക്കോട് ഒരു കലാലയത്തില്‍ നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഒരു സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് സി പി ഐ എം നേതാവ് എം സ്വരാജ് ഇന്ത്യയില്‍ ഫാസിസം വന്നിട്ടില്ല എന്നും വന്നിരുന്നെങ്കില്‍ നമുക്ക് ഈ രീതിയില്‍ സംസാരത്തിലേര്‍പ്പെടാന്‍ കഴിയുമായിരുന്നില്ല എന്നും പറയുകയുണ്ടായി. ബ്രാഹ്മണിക് ഹിന്ദുത്വ ഡീപ് സ്റ്റേറ്റിന്റെ ആശയസ്തംഭങ്ങളെ അടിസ്ഥാനതലത്തില്‍ പ്രായോഗികമായി ചോദ്യം ചെയ്യാത്തിടത്തോളം കാലം സംവാദങ്ങളെ ഇന്ത്യന്‍ നവഫാസിസം തടയില്ല എന്ന വസ്തുത സ്വരാജിന് മനസിലാക്കാന്‍ കഴിയാതെ വരുന്നു എന്നേ ഇതിനര്‍ത്ഥമുള്ളൂ. ബ്രാഹ്മണിക് ഹിന്ദുത്വ ഡീപ് സ്റ്റേറ്റിന്റെ ആശയസ്തംഭങ്ങളെ അടിസ്ഥാനതലത്തില്‍ എതിര്‍ക്കുന്നവരെ നവഫാസിസ്റ്റ് സര്‍ക്കാര്‍ തടവറയിലിടുന്നുണ്ട് എന്നതാണ് ഇന്ത്യന്‍ അനുഭവം.അനേകം പൗരാവകാശപ്രവര്‍ത്തകരും ന്യൂനപക്ഷാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അടിത്തട്ടുമനുഷ്യരെ സംഘടിപ്പിക്കുന്ന ആക്ടിവിസ്റ്റുകളും രാജ്യത്തെ ജയിലിനകത്തുണ്ട്. അതിന് യോജിച്ച കരിനിയമങ്ങള്‍ ഭരണകൂടം തയ്യാറാക്കി വച്ചിട്ടുമുണ്ട്. അതില്‍ സാധാരണയായി മുഖ്യധാര ഇടതുകക്ഷികളുടെ നേതാക്കള്‍ ഉള്‍പ്പെടുന്നില്ലെന്നേയുള്ളൂ.അത് അടിസ്ഥാന വെല്ലുവിളികള്‍ നടത്താത്തതുകൊണ്ട് മാത്രമാണ്. അതിര്‍ത്തി ലംഘിക്കുകയാണെങ്കില്‍ മുഖ്യധാരയില്‍പെട്ട ഇടതുനേതാക്കളേയും ഭരണകൂടം ഹിന്ദുത്വ ഭീകരസംഘടനകളെ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുന്നുണ്ട് എന്നതിന് സി പി ഐ നേതാവ് കൂടിയായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ നിഷ്ഠൂരമായ വധം തെളിയിച്ചിട്ടുണ്ടല്ലോ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കരടുരാഷ്ട്രീയപ്രമേയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കവേ പാര്‍ടിയുടെ കേരളത്തിലെ പുതുതലമുറ സൈദ്ധാന്തികരിലൊരാളായ പുത്തലത്ത് ദിനേശന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഫാസിസമായി ഇന്ത്യന്‍ ഭരണകൂടം മാറിയേക്കാം എന്ന് കരട് രാഷ്ട്രീയ പ്രമേയം പറയുന്നതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട്. ‘ഇന്നത്തെ സാഹചര്യത്തില് സംഘപരിവാര് ഫാസിസത്തിന്റെ വഴിയിലേക്കാണ് നീങ്ങുന്നത്. നിലവില് ഫാസിസമായി അത് മാറിയിട്ടില്ല. അങ്ങനെ മാറിയിരുന്നുവെങ്കില് പ്രതിപക്ഷ കക്ഷികളോ, സര്ക്കാരിനെ വിമര്ശിക്കുന്ന പത്രങ്ങളോ പ്രസിദ്ധീകരിക്കാന് കഴിയുമായിരുന്നില്ല. സംസ്ഥാന സര്ക്കാരുകള്ക്ക് ഇന്നുള്ള സ്വാതന്ത്ര്യത്തോടെ പ്രവര്ത്തിക്കുവാനും കഴിയുമായിരുന്നില്ല.അതേസമയം, ബി.ജെ.പി – ആര്.എസ്.എസ് എന്നിവയോട് ഏറ്റുമുട്ടി അവരെ തടഞ്ഞില്ലെങ്കില് ഇപ്പോഴത്തെ ഹിന്ദുത്വ – കോര്പ്പറേറ്റ് – അമിതാധികാരം ഫാസിസമായി മാറുമെന്ന കാര്യവും കുറിപ്പില് വ്യക്തമാക്കുന്നുണ്ട്”. (ഫാസിസവും, നവഫാസിസവും; ഫേസ് ബുക്ക് പോസ്റ്റ് ,27.02.2025)എന്നാല്‍ അങ്ങനെ മാറാനുള്ള ഒരു തരത്തിലുള്ള സാഹചര്യവും ഇല്ലെന്നാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2016 ല്‍ പ്രകാശ് കാരാട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍(ദേശാഭിമാനി അത് വിവര്‍ത്തനം ചെയ്ത് എഡിറ്റ് പേജില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു) വ്യക്തമാക്കിയത് എന്നത് ഇന്ന് ഓര്‍മിക്കേണ്ടതുണ്ട്. ‘ഫാസിസത്തെപ്പറ്റിയുള്ള ക്ലാസ്സിക്കല്‍ നിര്‍വ്വചനം ഒരു അവ്യക്തതയ്ക്കും ഇടം നല്‍കുന്നില്ല.ഫാസിസം അധികാരത്തിലെത്തുന്നത് ഫിനാന്‍സ് മൂലധനത്തിന്റെ ഏറ്റവും പിന്തിരിപ്പനും ,സങ്കുചിത രാജ്യ സ്‌നേഹം പുലര്‍ത്തുന്നതും ,സാമ്രാജ്യത്വ സ്വഭാവമുള്ളതുമായ വിഭാഗങ്ങളുടെ ഒരു തുറന്ന ഭീകര സ്വേച്ഛാധിപത്യം എന്ന നിലയ്ക്കാണ് .ഇന്നത്തെ ഇന്ത്യയില്‍ ഫാസിസം സ്ഥാപിക്കപ്പെട്ടിട്ടില്ല. ഒരു ഫാസിസ്റ്റ് ഭരണം സ്ഥാപിക്കപ്പെടുന്നതിനുള്ള രാഷ്ട്രീയവും സാമ്പത്തികവും വര്‍ഗ്ഗപരവുമായ സാഹചര്യങ്ങളും ഇവിടെ നിലവിലില്ല ‘ (പ്രകാശ് കാരാട്ട്,ഇന്ത്യന്‍ എക്‌സ്പ്രസ്: 2016 സെപ്റ്റംബര്‍ 6). ഫാസിസം സ്ഥാപിക്കപ്പെട്ടില്ല എന്നു മാത്രമല്ല, അതിനുള്ള രാഷ്ട്രീയവും സാമ്പത്തികവും വര്‍ഗപരവുമായ സാഹചര്യവുമില്ല എന്നിടത്തുനിന്ന് ഏറ്റുമുട്ടി തടഞ്ഞില്ലെങ്കില്‍ നിലവിലെ ഭരണകൂടം ഫാസിസമായി മാറും എന്നിടത്തേക്ക് സി പി ഐ എം എത്തിയിരിക്കുന്നു എന്നതില്‍ ആശ്വസിക്കാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in