സംഘടിതശക്തിക്കുമുന്നില്‍ മുട്ടുകുത്തുന്ന സര്‍ക്കാര്‍
കേന്ദ്രത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ എന്ന വാര്‍ത്ത കണ്ടപ്പോള്‍ കൗതുകം കൊണ്ടു ശ്രദ്ധിച്ചു. എന്തു വിഷയത്തിലാണ് പ്രതിഷേധം എന്നറിയണമല്ലോ. വിഷയം മറ്റൊന്നുമല്ല. കടമെടുക്കുന്നതില്‍ നിയന്ത്രണം വേണമെന്ന കേന്ദ്രനിലപാടിലാണ് പ്രതിഷേധം. അല്ലാതെ കേരളത്തിന്റെ വികസനത്തിനുവേണ്ടിയുള്ള എന്തെങ്കിലും പദ്ധതിക്ക് പാരവെക്കുന്നതിനല്ല.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം എന്നതു തന്നെയാണ് ഈ പ്രതിഷേധത്തിലൂടെ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി സമ്മതിക്കുന്നത്. അതിനുള്ള ദീര്‍ഘകാല പരിഹാരപദ്ധതിയെ കുറിച്ച് യാതൊരു അവബോധവും സര്‍ക്കാരിനില്ലതാനും. മറിച്ച് ഒരു സമൂഹത്തിനു ഒരിക്കലും അഭിമാനകരമാണെന്നു പറയാനാകാത്ത വിധം ഭാഗ്യക്കുറിയില്‍ വമ്പന്‍ ബംബറുകള്‍ പ്രഖ്യാപിച്ച്, ജനങ്ങളെ വ്യാമോഹിപ്പിച്ച് പണമുണ്ടാക്കുക, പ്രതിഷേധമുണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാല്‍ മദ്യത്തിന്റെ വില നിരന്തരമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍. മറുവശത്ത് വന്‍തോതില്‍ നടക്കുന്ന ധൂര്‍ത്തുകള്‍ അവസാനിപ്പിക്കാനുള്ള ഒരു പദ്ധതിയും ഏറ്റെടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനില്ല. കാരണം അതിനു തയ്യാറായാല്‍ പ്രതിഷേധവുമായി രംഗത്തുവരുക സംഘടിതശക്തികളും വോട്ടുബാങ്കുകളും ആകുമെന്നതുതന്നെ.
ഒരു വശത്ത് ഈ പ്രശ്‌നങ്ങളെല്ലാം നില്‍ക്കുമ്പോഴാണ് മറുവശത്ത് വന്‍തോതിലുള്ള ധൂര്‍ത്തുകള്‍ അരങ്ങേറുന്നത്. അത് ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിലും തൊഴുത്തിലും ചികിത്സക്കായി ഒന്നാം നമ്പര്‍ കേരളത്തില്‍ നിന്നുള്ള വിദേശയാത്രയിലും മനുഷ്യാവകാശ – ബാല – വനിതാ കമ്മീഷനുകളില്‍ നിന്നു വ്യത്യസ്ഥമായി എടുത്തുപറയത്തക്ക ഒന്നും ചെയ്യാതെ യുവജനകമ്മീഷനായുള്ള ചെലവിലും മന്ത്രിമാരുടേയും എംഎല്‍എമാരുടേയും വേതന വര്‍ദ്ധനവിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാപിന്റെ എണ്ണത്തിലും വേതനത്തിലും പെന്‍ഷനിലും ഒതുങ്ങുന്നില്ല. അത്തരം വിഷയങ്ങളായിരിക്കും ആദ്യം ഉന്നയിക്കപ്പെടുക എന്നത് സ്വാഭാവികം. എന്നാല്‍ അത്തരം വിഷയങ്ങളിലൊന്നും ഒതുങ്ങുന്നതല്ല നമ്മള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും മറുവശത്ത് നടക്കുന്ന വന്‍തോതിലുള്ള ധൂര്‍ത്തും എന്നതാണ് വസ്തുത. ഒറ്റ ഉദാഹരണം പറയാം. കൊവിഡ് കാലത്ത് വേതനം കൂട്ടികൊടുത്ത ഒരു സര്‍ക്കാരും ലോകത്തുണ്ടാകില്ല. എന്നാല്‍ കേരളസര്‍ക്കാര്‍ അതു ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ വേതനവുംപെന്‍ഷനും കൂട്ടി. ജനസംഖ്യയിലെ മഹാഭൂരിപക്ഷവും കടുത്ത സാമ്പത്തിക പ്രസന്ധി നേരിട്ട, ഇപ്പോഴും ്അവക്ക് പരിഹാരമില്ലാതെ കൂട്ട ആത്മഹത്യകള്‍ നടക്കുന്ന നാട്ടിലാണ് ജീവനക്കാര്‍ പോലും പ്രതീക്ഷിക്കാതിരുന്ന ഈ സംഭവം നടന്നത്. കാരണം എന്താണെന്നു മുകളില്‍ സൂചിപ്പിച്ചല്ലോ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സംസഥാനത്തെ വളരെ ന്യൂനപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തിനും പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കുമായാണ് വരുമാനത്തിന്റെ വലിയൊരു ഭാഗവും ചിലവഴിക്കുന്നതെന്ന് ആര്‍ക്കുമറിയാം. മറ്റൊന്നു കൂടി. ഇപ്പോള്‍ ഉള്ളത്ര ജീവനക്കാര്‍പോലും ആവശ്യമില്ല എന്നതാണത്. സര്‍ക്കാരിനെ തൊഴില്‍ദാന സ്ഥാപനമായി കാണുന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണിത്. സര്‍ക്കാര്‍ തൊഴില്‍ ദാന സ്ഥാപനമല്ല, നാട്ടില്‍ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാകാനുള്ള അന്തരീക്ഷമൊരുക്കലാണ് സര്‍ക്കിരന്റെ കടമ. സംരംഭകര്‍ക്ക് സ്ഥാപനങ്ങള്‍ ആരംഭിക്കാനും പരമാവധി പേര്‍ക്ക് തൊഴില്‍ കൊടുക്കാനും പിന്തുണ നല്‍കുകയാണ് വേണ്ടത്. സര്‍ക്കാരിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ അനിവാര്യമായ ജീവനക്കാരും കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അവശ്യമേഖലയിലേക്കുള്ള ജീവനക്കാരുമേ സത്യത്തില്‍ ആവശ്യമുള്ളു. എന്നാല്‍ സംഭവിക്കുന്നതെന്താണ്? കോര്‍പ്പറേറ്റ് സംരംഭകര്‍ക്കൊഴികെ മറ്റാര്‍ക്കും അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നില്ല. അവശ്യസര്‍വീസുകള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിച്ച് കുറികമ്പനിയും വ്യവസായവും നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിന്റെ അനിവാര്യമായ ദുരന്തമാണ് നിരന്തരമായി ആവര്‍ത്തിക്കുന്ന സാമ്പത്തിക പ്രതിസന്ധി.
സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള പല മാര്‍ഗ്ഗങ്ങളില്‍ ഒന്നെന്ന രീതിയില്‍ പലപ്പോഴും ജീവനക്കാരുടെ അന്യായമായ ആനുകൂല്യങ്ങളില്‍ കൈവെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അപ്പോഴേക്കും സമരഭീഷണിയുമായി യൂണിയനുകള്‍ രംഗത്തെത്തും. അതോടെ സര്‍ക്കാര്‍ പിന്തിരിയും. സമീപകാലത്ത് ഈ പ്രവണത രൂക്ഷമായിരിക്കുകയാണ്. ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് നീട്ടാനുള്ള നീക്കം ഉപേക്ഷിച്ചതുതന്നെ ഒരുദാഹരണം. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച, ഡിസംബര്‍ 31 വരെ ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. ഒരു വര്‍ഷത്തെ മുപ്പത് അവധികളാണ് ജീവനക്കാര്‍ക്ക് സറണ്ടര്‍ ചെയ്യാനാവുക. അതായത് വിറ്റ് കശാക്കാനാകുക. ഈ ആനുകൂല്യം തന്നെ എത്രമാത്രം യുക്തിരഹിതമാണ്. ജീവനക്കാര്‍ക്ക് വേണ്ടത്ര വിശ്രമം വേണമെന്ന നിലപാടില്‍ നിന്ന് ഈ അവധികളൊക്കെ എത്രപോരാട്ടങ്ങളിലൂടെ നേടിയതാണ്. അവയാണ് പിന്നീട് വിറ്റ് കാശാക്കുന്നത്. ജീവനക്കാര്‍ക്ക് നല്ല രീതിയില്‍ അവധി ദിനങ്ങള്‍ നല്‍കണമെന്നും അങ്ങനെയാണ് പ്രവര്‍ത്തിദിനങ്ങളില്‍ അവര്‍ക്ക് ഊര്‍ജ്ജസ്വലരായി ജോലിചെയ്യാനും പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും കഴിയുക എന്നു തിരിച്ചറിഞ്ഞ് അതിനനുസൃതമായ നടപടികള്‍ ലോകം സ്വീകരിക്കുകയാണ്. പല പാശ്ചാത്യ രാജ്യങ്ങളും ആഴ്ചയിലെ പ്രവര്‍ത്തിദിനങ്ങള്‍ അഞ്ചില്‍ നിന്ന് നാലാക്കുകയാണ്. അപ്പോഴാണ് ഇവിടെ ലീവ് വില്‍പ്പന നടക്കുന്നത്. ഇനി എട്ടുമണിക്കൂര്‍ വീതം ജോലി, വിശ്രമം, ഉറക്കം എന്നിവയിലെ വിശ്രമമവും ഉറക്കുമൊക്കെ സറണ്ടര്‍ ചെയ്യാനും ഇവര്‍ തയ്യാരാകില്ല എന്നു പറയാനാകില്ല. അതംഗീകരിക്കാന്‍ സര്‍ക്കാരും. മറുവശത്താകട്ടെ നാലാം ശനി കൂടി അവധിയാക്കാനും പകരം ദിവസവും 15 മിനിട്ട് കൂടുതല്‍ ജോലിചെയ്യാനും അഞ്ച് അവധികള്‍ കുറക്കാനും സര്‍ക്കാര്‍ വെച്ച നിര്‍ദ്ദേശത്തെയും യൂണിയന്കള്‍ തള്ളിയിരിക്കുകയാണ്. നാലാം ശനി അവധിയാക്കാം, ബാക്കിയൊന്നും പറ്റില്ലെന്ന്…!!
ആശ്രിതനിയമനത്തില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കവും അങ്ങനെതന്നെ. ആശ്രിതനിയമനം എന്നതുതന്നെ എത്ര അനീതിയാണ്. ജീവനക്കാര്‍ പെന്‍ഷനായതിനുശേഷം മരിച്ചാല്‍ പോലും ആശ്രിതര്‍ക്കു പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇരുവര്‍ക്കും പെന്‍ഷനുണ്ടെങ്കിലും ഒരാള്‍ മരിച്ചാല്‍ പങ്കാളിക്ക് പകുതി പെന്‍ഷന്‍ കൂടി കൊടുക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ലല്ലോ തൊഴിലിലിരിക്കുമ്പോള്‍ മരിക്കുന്നത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും കിട്ടുന്നുണ്ടോ? പലരും സൂചിപ്പിച്ചപോലെ ജീവനക്കാര്‍ മരിച്ചാല്‍ അവരുടെ സര്‍വ്വീസനുസരിച്ച് ഒരു തുക കൂടി ആശ്രിതര്‍ക്കു നല്‍കാമെന്നല്ലാതെ നേരിട്ട് തൊഴില്‍ കൊടുക്കുന്നത് എന്തു ന്യായമാണ്. ഇക്കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷണീയത നഷ്ടപ്പെടുമെന്നു പറഞ്ഞാണ് യൂണിയനുകള്‍ എതിര്‍ത്തത്. അന്യായമായി തൊഴില്‍ നേടുന്നതണല്ലോ ആകര്‍ഷണം…! ജീവനക്കാര്‍ മരിച്ചാല്‍ ഒരു വര്‍ഷത്തിനകം ജോലി കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി നിയമനം നടത്താനും ഒഴിവു വരുന്നതിന്റെ 5 ശതമാനം മാത്രമായി ആശ്രിതനിയമനം പരിമിതപ്പെടുത്താനും മറ്റുള്ളവര്‍ക്ക് ഒരു നിശ്ചിതതുക നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് യൂണിയനുകള്‍ തള്ളിയത്. ഇവയാകട്ടെ ഹൈക്കോടതി നിര്‍ദ്ദേശങ്ങളായിരുന്നു. അവസാനമിപ്പോള്‍ ജോലി കിട്ടിയ ഉദ്യോഗസ്ഥര്‍ ആശ്രിതരെ സംരക്ഷിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ ഒരുഭാഗം പിടിച്ചെടുക്കും എന്നതിലേക്കുമാത്രമായി നിയന്ത്രണം ചുരുങ്ങുന്നു. സര്‍ക്കാര്‍ മുട്ടുകുത്തിയെന്നര്‍ത്ഥം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴിലിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയെ കുറിച്ചൊന്നും ഇവിടെ പറയുന്നില്ല. ഇടക്കിടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുന്നവര്‍ക്കൊക്കെ അതറിയാം. അതില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അതേസമയം ഹാജര്‍ രേഖപ്പെടുത്താന്‍ ബയോമെട്രിക് പഞ്ചിംഗ് കൊണ്ടുവരാനുള്ള നീക്കത്തെ ഒരിക്കല്‍ കൂടി തകര്‍ക്കാനാണ് സാധ്യത. ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്നു പറഞ്ഞെങ്കിലും നടന്നില്ല. ഇപ്പോഴത് മാര്‍ച്ച് 31ലേക്ക് നീട്ടിയിരിക്കുന്നു. നടക്കുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ. ജോലി ചെയ്തില്ലെങ്കിലും വേതനം ഉറപ്പായ, ഔട്ട് പുട്ട് പരിശോധിക്കാനുള്ള സംവിധാനമില്ലാത്ത ഒരവസ്ഥയില്‍ ആരുമെത്താവുന്ന നിലയിലാണ് ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍. ഇതിനൊരു മാറ്റം വരുത്താന്‍ പല നിര്‍ദ്ദേശങ്ങളും പലരും മുന്നോട്ടുവെക്കുന്നുണ്ട്. ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നത് പരമാവധി പത്തോ പതിനഞ്ചോ വര്‍ഷത്തേക്കായി ചുരുക്കുക. അങ്ങനെ പരമാവധി പേര്‍ക്ക് അതിനവസരം നല്‍കുക. ആ സമയത്ത് വരുമാനമുള്ള മറ്റെന്തെങ്കിലും ചെയ്യുന്നത് തടയേണ്ടതില്ല. സര്‍ക്കാര്‍ സര്‍വ്വീസിനുശേഷം അവര്‍ക്കത് തുടരാം. വയോജനങ്ങളായ എല്ലാവരേയും ഒരുപോലെ കണക്കാക്കി, ഒരു നിശ്ചിതതുക പെന്‍ഷനും ഇന്‍ഷ്വറന്‍സ് പോലുള്ള ആനുകൂല്യങ്ങളും നല്‍കുക എന്നതാണതിലൊന്ന്. തീര്‍ച്ചയായും പരിഗണിക്കാവുന്നത്. എന്നാലതിനുള്ള ആര്‍ജ്ജവമൊന്നും പ്രതീക്ഷിക്കവയ്യ.
കേരളത്തിലെ ഖജനാവിനെ കാലിയാക്കിയ, പതിറ്റാണ്ടുകളായി തുടരുന്ന ഒരു അന്യായം കൂടി ആവര്‍ത്തിക്കട്ടെ. മാനേജ്‌മെന്റുകള്‍ വന്‍തോതില്‍ പണം വാങ്ങി നിയമിക്കുന്ന എയ്ഡഡ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കുന്നതിനെ കുറിച്ചാണത്. ഒരു കാലത്ത് അധ്യാപകരുടെ മാഗ്നാകാര്‍ട്ട എന്നു വിശേ,ിപ്പിക്കപ്പെട്ട ഈ നിയമത്തിന്റെ ചരിത്രത്തിലേക്കൊന്നും ഇവിടെ കടക്കുന്നില്ല. എന്നാലിപ്പോഴും അതങ്ങനെതന്നെ തുടരുന്നത് അനീതിയാണ്. ഏറ്റവും വലിയ അനീതി സര്‍ക്കാര്‍ വേതനം നല്‍കുമ്പോഴും ഭരണഘടനാവകാശമായ സംവരണം നിഷേധിക്കുന്നു എന്നതാണത്. നിയമനത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കൊണ്ടുവരുകയും സംവരണം നടപ്പാക്കുകയും വേണം. സംസ്ഥാനത്ത് 7000 സ്‌കൂള്‍ അധ്യാപകരുടെ ഒഴിവുണ്ടെന്നും അതില്‍ 4000 എയ്ഡഡ് മേഖലയിലാണെന്നും വാര്‍ത്തകണ്ടു. എങ്കില്‍ ഈ നിയമനങ്ങളോടെ മാറ്റത്തിനു തുടക്കമിടണം. ഒപ്പം കടമെടുക്കാനുള്ള അനുമതിക്കായി കേന്ദ്രത്തോട് യാചിക്കാതെ, സംഘടിതരെ ഭയന്നു നടത്തുന്ന ധൂര്‍ത്തുകള്‍ അവസാനിപ്പിക്കണം. എങ്കില്‍ അസംഘടിതരായ സാധാരണക്കാര്‍ സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in