
ജനവിരുദ്ധമായ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ്
അപ്രായോഗികവും അധാര്‍മ്മികവും നിയമവിരുദ്ധവുമായ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ് പുറത്തിറക്കിയ സംയുക്തപ്രസ്താവന
കോവിഡ് 19 നെ നിയന്ത്രിക്കാന്‍ എന്ന പേരില്‍ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുകയും വാക്സിന്‍ എടുത്തവരും എടുക്കാത്തവരും എന്ന രീതിയില്‍ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന 04-08-2021 ലെ കേരള സര്‍ക്കാര്‍ ഉത്തരവിനോട് ഞങ്ങള്‍ കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഏറ്റവും രോഗ വ്യാപനം ഉള്ള സംസ്ഥാനം ആയി കേരളം തുടരുന്നു എന്നത് ഇവിടത്തെ നിയന്ത്രണങ്ങള്‍ പരാജയമാണ് എന്നാണ് തെളിയിക്കുന്നത്. അതിലുപരി, കടുത്ത നിയന്ത്രണങ്ങള്‍ മാസ ശമ്പളത്തിന്റെ സുരക്ഷ ഇല്ലാത്ത മുഴുവന്‍ ആളുകളെയും രോഗം വരുന്നതിനേക്കാള്‍ വലിയ ദുരന്തത്തിലേക്ക് തള്ളി വിടുകയാണ്. സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയാതെ ചിലര്‍ ആത്മഹത്യയില്‍ അഭയം തേടിയതും നിസ്സഹായതയോടെ കേരളം നോക്കി നിന്നു. ജീവിക്കാന്‍ നിവൃത്തിയില്ലാതെ വിവിധ ജന വിഭാഗങ്ങള്‍ അശാസ്ത്രീയവും അധാര്‍മ്മികവുമായ നിയന്ത്രണങ്ങള്‍ക്കെതിരെ സമര രംഗത്തിറങ്ങുകയും വ്യാപാരികള്‍ ഓഗസ്റ്റ് 9 മുതല്‍ മുഴുവന്‍ കടകള്‍ തുറക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുതിയ നിബന്ധനകളുമായി ഉത്തരവ് ഇറങ്ങുന്നത്. എന്നാല്‍ ഇത് നിലവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അപ്രായോഗികമാണ്.
സമൂഹത്തില്‍ പകുതി ജനങ്ങള്‍ക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്തതാണ് പുതിയ ഉത്തരവ്. ഉപ്പും മുളകും തേയിലയും വാങ്ങാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ 500 രൂപയുടെ കോവിഡ് പരിശോധനാ സിര്‍ട്ടിഫിക്കറ്റോ വേണം എന്ന് നിബന്ധന വയ്ക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തില്‍ 40% പേര്‍ക്ക് കൊറോണ വാക്സിന്‍ ലഭിച്ചു എന്നാണ് കണക്ക്. വാക്സിന്‍ ലഭിക്കാത്തവരും എടുക്കാത്തവരും രണ്ടാംകിട പൗരന്മാരാണ് എന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ആരാണ് അധികാരം നല്‍കിയത്? തൊഴിലിടങ്ങളില്‍ പോലും വാക്സിന്‍ നിര്‍ബന്ധിതമാക്കാന്‍ കഴിയില്ല എന്ന് വിവിധ ഹൈകോടതികള്‍ ഉത്തരവിട്ടിട്ടുണ്ട്. ഒരു വ്യക്തിയെയും വാക്സിന്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന് നേരത്തെ തന്നെ സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്.
കോവിഡ് വാക്സിന്‍ സ്വീകരിച്ചാലും വൈറസ് ബാധ ഏല്‍ക്കാമെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. വാക്സിന്‍ സ്വീകരിച്ചവരിലും സ്വീകരിക്കാത്തവരിലും ഡെല്‍റ്റ വകഭേദത്തിന്റെ വൈറസ് ഒരേ തോതില്‍ ആണ് കാണപ്പെടുന്നത് എന്ന് പഠനങ്ങള്‍ കാണിക്കുന്നു. പിന്നെ എങ്ങനെ ആണ് വാക്സിന്‍ എടുത്തവര്‍ പുറത്തിറങ്ങിയാല്‍ രോഗവ്യാപനം ഉണ്ടാകില്ല എന്നും മറ്റുള്ളവര്‍ പുറത്തിറങ്ങിയാല്‍ വ്യാപനം ഉണ്ടാകും എന്നും സര്‍ക്കാര്‍ പറയുന്നത്? രോഗം വരാതിരിക്കാനും വന്നാലും ഗൗരവം ആകാതിരിക്കാനും ഏറെ ഫലപ്രദം എന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള, മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ള ആയുഷ് ചികിത്സ വിഭാഗങ്ങളുടെ പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഏത് രീതിയില്‍ ആണ് സമൂഹത്തിന് ഭീഷണിയാകുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
അതുകൊണ്ടു തന്നെ അശാസ്ത്രീയവും, അധാര്‍മികവും നിയമവിരുദ്ധവുമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം എന്നും എല്ലാ ചികിത്സാ പദ്ധതികളിലെയും വിദഗ്ധരെയും വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളെയും വിളിച്ചു ചേര്‍ത്ത് കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. പുതിയ രീതികള്‍ നിലവില്‍ വരുന്നത് വരെ രോഗ ലക്ഷണം ഉള്ളവരെ മാത്രം നിയന്ത്രിക്കുന്ന രീതി തുടരണം എന്നും ആവശ്യപ്പെടുന്നു.
ഡോ. വി എസ് വിജയന്‍
കല്‍പ്പറ്റ നാരായണന്‍
വൈദ്യ എം പ്രസാദ്
സി എസ് വെങ്കിടേശ്വരന്‍
സി ആര്‍ നീലകണ്ഠന്‍
ഡോ. വടക്കേടത്ത് പദ്മനാഭന്‍
കുസുമം ജോസഫ്
കെ സഹദേവന്‍
കെ സി സന്തോഷ്‌കുമാര്‍
Adv. വിനോദ് പയ്യട,
Adv. P A പൗരന്‍
വൈദ്യ ഓം പ്രകാശ് നാരായണന്‍
ഡോ. സ്‌കന്ദേഷ് എല്‍
സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം
രാജഗോപാല്‍
എസ് പി രവി
ശരത് ചേലൂര്‍
സണ്ണി പൈകട
അനില്‍ ജോസ്
ഷെബിന്‍ വാഴപ്പിള്ളി
ഡോ. സുനില്‍ കുമാര്‍
കെ അരവിന്ദാക്ഷന്‍
ഡോ. ജോര്‍ദ്ദി
എബി ഇമ്മാനുവേല്‍
ഡോ. പ്രവീണ്‍ ധര്‍മ്മരത്‌നം
ശരത് കേരളീയം
അമ്പാടി ഉണ്ണി (മെമ്പര്‍, കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍)
ഗ്രാമിക കുഴിക്കാട്ടുശ്ശേരി
പ്രിജിത്ത് പി കെ
ഈ എ ജോസഫ്
ഏകോപനം – ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ്
9809477058 | 9447518773
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in