ഫാസിസത്തെ നേരിടേണ്ടത് ‘സോഷ്യല്‍ ലെഫ്റ്റ് ‘ എന്ന് ആശയം കൊണ്ടല്ല.

കേവലമായി ഭരണഘടന സംരക്ഷിക്കുക എന്നതിനപ്പുറം ദേശീയ പ്രതിപക്ഷം ഒരു പടി മുന്നിലേക്ക് നീങ്ങിയിട്ടുണ്ട്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ ജാതി സെന്‍സസ് നടപ്പാക്കും എന്നാണത്. ഇത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനും അപ്പുറം ആഴത്തിലുള്ള സാമൂഹ്യ ചലനങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജനാധിപത്യ ദിശയിലുള്ള പൊളിച്ചെഴുത്തിന് പ്രാപ്തിയുള്ളതാണിത്. രാഷ്ട്രീയ കേരളവും ജനാധിപത്യ കേരളവും ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രധാന സംഗതിയാണ്.

ബ്രിട്ടീഷുകാര്‍ പണ്ട് കവാത്ത് പഠിപ്പിക്കാന്‍ കാലില്‍ ഒലക്കാല്‍ കെട്ടിയ ഫലിതം പറയാറുണ്ട് പലരും.വലതുകാലില്‍ ഓലക്കാലിന്റെ കെട്ടും ഇടതുകാല് കാലിക്കാലും. ഓലക്കാല്‍ കാലിക്കാല്‍ (ലെഫ്റ്റ് – റൈറ്റ്) ഇത് ഗ്രാമ്യഭാഷയിലേക്ക് തമാശയായും പരിവര്‍ത്തനം ചെയ്തു പറയാറുമുണ്ട്.ഇതുവച്ച് കേരളത്തിന്റെ രാഷ്ട്രീയ മുന്നണികളിലേക്ക് നോക്കിയാല്‍ ഇത്തരം കവാത്ത് രാഷ്ട്രീയം നടത്താന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി എന്ന് കാണാം.ഒന്നുകില്‍ ഇടതിന് വോട്ട് ചെയ്യുക, അല്ലെങ്കില്‍ വലതിന് വോട്ട് ചെയ്യുക.ഇത് മലയാളിയുടെ ഗതികെട്ട ഒരു അവസ്ഥയാണ്. ഇതില്‍ നിന്നും മാറി ചിന്തിക്കാന്‍ ‘മായാവതി – ഗൗരിയമ്മ’ എന്നിവരെ മുന്‍നിര്‍ത്തിയ ഒരു ചര്‍ച്ച കേരളത്തില്‍ മുന്‍പ് നടന്നിരുന്നു.ഇത് ഒരു അവര്‍ണപക്ഷ രാഷ്ട്രീയമായിരുന്നു താനും.എന്നാലത് സ്വയംകൃത ലെഫ്റ്റ് റൈറ്റ് വരദാനം കൊണ്ട് നശിച്ചു.പിന്നീട് ഇപ്പോള്‍ സവര്‍ണപക്ഷ രാഷ്ട്രീയത്തിന്റെ മൂന്നാം മുന്നണി കേരളത്തിന്റെ മുഖ്യധാരയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു. ഇത് കേരളത്തിന്റെ സാമൂഹ്യരംഗത്ത് ചര്‍ച്ച ആവുകയാണ്.പ്രത്യേകിച്ച് 2024 – ലെ ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍.

വരാന്‍ പോകുന്ന ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികളുടെ മുഖ്യമായ കടമ – ഇന്ത്യന്‍ ഭരണഘടനയുടെ നൈതിക ഉള്ളടക്കത്തെ സംരക്ഷിക്കുക എന്നുള്ളതാണ്. അതിന് ഇന്ത്യന്‍ ഭരണഘടനയേയും, നമ്മുടെ റിപ്പബ്ലിക്കിനെയും സംരക്ഷിക്കുക എന്ന ചിന്ത ശക്തിപ്പെട്ടിട്ടുണ്ട്. കേവലമായി ഭരണഘടന സംരക്ഷിക്കുക എന്നതിനപ്പുറം ദേശീയ പ്രതിപക്ഷം ഒരു പടി മുന്നിലേക്ക് നീങ്ങിയിട്ടുണ്ട്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ ജാതി സെന്‍സസ് നടപ്പാക്കും എന്നാണത്. ഇത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനും അപ്പുറം ആഴത്തിലുള്ള സാമൂഹ്യ ചലനങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജനാധിപത്യ ദിശയിലുള്ള പൊളിച്ചെഴുത്തിന് പ്രാപ്തിയുള്ളതാണിത്. രാഷ്ട്രീയ കേരളവും ജനാധിപത്യ കേരളവും ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രധാന സംഗതിയാണ്.

ഇന്നത്തെ കാലത്ത് കേരളത്തിലും ഇടതുപക്ഷം – വലതുപക്ഷം എന്ന വേര്‍തിരിവുകളെല്ലാം മാഞ്ഞു പോയിരിക്കുന്നു. ഈ വസ്തുത നിഷ്പക്ഷമതികളെല്ലാം സമ്മതിക്കുന്ന ഒരു കാര്യവുമാണ്. അധികാരം കൈയ്യാളുന്ന എല്ലാ രാഷ്ടീയ പാര്‍ട്ടികളും പേര് മാറ്റി ഒരേ നയം നടപ്പാക്കുന്നു. ഇവിടെ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തിന് വലതുപക്ഷത്തിന്റെ മനസ്സ് തന്നെയാണെന്നും, അതുകൊണ്ട് അധികാരത്തില്‍ കയറാത്ത ഒരു ‘സോഷ്യല്‍ (Social left) ലെഫ്റ്റ്’ ഉണ്ടെന്നും അതാണ് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്നും വാദിക്കുന്നവരുണ്ടിവിടെ. അത്തരം ആളുകള്‍ സാമൂഹ്യമായി പല പ്രതലങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളവരുമാണ്. അവര്‍ നേരിട്ട് ഇടതു പാര്‍ട്ടികളില്‍ അംഗത്വമുള്ളവരും ആകണമെന്നില്ല. അവര്‍ ഇടതുസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യും. ഇങ്ങനെയുള്ളവര്‍ വ്യാപകമായി സാമൂഹ്യാഭിമുഖ്യം കാണിക്കുകയും സാമൂഹ്യാംഗീകാരം നേടിയാല്‍ അധികാര പാര്‍ട്ടികള്‍ വച്ചു നീട്ടുന്ന സ്ഥാനമാനങ്ങളില്‍ രുചിനുണഞ്ഞ് പോകാറുമുണ്ട്. മധുരം നുണഞ്ഞ് ഏതെങ്കിലുമൊക്കെയുള്ള അധികാരത്തില്‍ ഇരിക്കുന്നവരുമാണ് ഇത്തരം ബുദ്ധിജീവികള്‍. ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്നു പോലും കേരളത്തില്‍ മുന്‍പ് ചര്‍ച്ചയുണ്ടായിട്ടുണ്ട്. ഇത്തരമാളുകള്‍ ഇപ്പോഴും പറഞ്ഞു നടക്കുന്നത് ‘സംസ്‌കാരിക ഇടതുപക്ഷം, സാമൂഹ്യ ഇടതുപക്ഷം, സാമ്പത്തിക ഇടതുപക്ഷം, രാഷ്ട്രീയ ഇടതുപക്ഷം എന്നെല്ലാമുള്ള പദാവലികളാണ്. ഈ പദാവലികള്‍ ഒരു പ്രതേക പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നതുമാണ്.

ഇത്തരം പ്രത്യയശാസ്ത്രപരമായ സൈദ്ധാന്തിക ചര്‍ച്ചയുടെ കാലമല്ല ഇതെന്നു ചിന്തിക്കുന്നവരുമുണ്ട്. അതില്‍ കുറച്ച് ശരിയുമുണ്ട്. എന്നാല്‍ ജനാധിപത്യചിന്തയുള്ള സഹകരണമനസിലേക്ക് പ്രത്യയ ശാസ്ത്ര പദാവലികള്‍ തള്ളിക്കയറ്റുമ്പോള്‍ അത് മൗനമായി വിഴുങ്ങാനാവില്ല. ചര്‍ച്ച ചെയ്ത് തല്ലിപ്പിരിയാനല്ല ഇവയേപ്പറ്റി ജാഗ്രത ഉണ്ടാവുകയും സ്വന്തം അവബോധത്തോടെ ജനാധിപത്യപരമായ സഹകരണം ഉണ്ടാവുകയും വേണമെന്നതിനാലാണ് ഇത്തരം കാര്യങ്ങള്‍ കൂടി ചിന്തിക്കേണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സംവരണവും പ്രാതിനിധ്യ ജനാധിപത്യവും ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന വേളയിലാണ് ബീഹാറിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് കൂടി ഇന്ത്യയില്‍ ചര്‍ച്ചയ്ക്കു വന്നത്. സുപ്രിം കോടതി ജഡ്ജിയുടെ ഒരു പരാമര്‍ശവും വന്നിട്ടുണ്ട്. ജുഡീഷ്യറിയില്‍ പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യം കൂടി ഉണ്ടാവണം എന്ന്. ഇതിനെല്ലാമെതിരേ സംവരണവും ജാതി സെന്‍സസും സമൂഹത്തെ വിഘടിപ്പിക്കും എന്ന എതിര്‍വാദവും രംഗത്ത് സവര്‍ണരുടേതായി വന്നിട്ടുണ്ട്. സംവരണത്തെയും ജാതി സെന്‍സസ് സൃഷ്ടിക്കുന്ന അന്തരീക്ഷത്തെയും രാമക്ഷേത്ര ഹിന്ദു വികാരത്താല്‍ മറച്ചു പിടിക്കാന്‍ സംഘപരിവാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മറ്റ് പുതിയ വൈകാരിക കാര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടും ഇവയെ എല്ലാം മറയ്ക്കാനുള്ള ശ്രമം നടന്നുകൂടെന്നില്ല. എന്തായാലും സാമൂഹ്യ നീതിയുടെ ഭരണഘടന നിലനിര്‍ത്തണോ പൊളിച്ചടുക്കുമോ എന്നതു തന്നെയാണ് മുന്നില്‍. ഇത്തരമൊരു പഛാത്തലത്തിലാണ് ചിലര്‍ ‘സോഷ്യല്‍ ലെഫ്റ്റില്‍’ നിന്നാണ് ഇന്ത്യന്‍ ഭരണഘടന ഉരുവം കൊണ്ടത് എന്ന വാദം പറഞ്ഞ് സംഘപരിവാര്‍ വിരുദ്ധത പ്രകടിപ്പിക്കുന്നത്. ഇക്കൂട്ടര്‍ സംഘപരിവാര്‍വിരുദ്ധരാണ് എന്നത് ആശ്വാസകരം തന്നെയാണ്. എങ്കില്‍ പോലും ആവനാഴിയില്‍ ഇരിക്കുന്ന പ്രത്യയശാസ്ത്ര അമ്പുകള്‍ ഇന്ത്യയില്‍ പ്രയോഗിച്ച ബ്രാഹ്മണ മാര്‍ക്‌സിസത്തിന്റേതു തന്നെയാണ്. ബ്രാഹ്മണ മാര്‍ക്‌സിസമെന്നോ? – എന്നെല്ലാം ചിലര്‍ അത്ഭുതം കൂറിയേക്കാമെങ്കിലും അംബേദ്കറിന്റെ കാലം മുതലെ അങ്ങനെ ഒരു വിലയിരുത്തലുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി താഷ്‌കന്റില്‍ വച്ചു് രൂപീകരിച്ചതിലെ ഏഴ് എക്‌സിക്യൂട്ടീവില്‍ അഞ്ച് പേരും ബ്രാഹ്മണമായിരുന്നു. അതില്‍ രണ്ട് പേരുടെ ഭാര്യമാരും ചേര്‍ന്നാണ് അഞ്ചു പേരുള്ളത്. കുടുംബമായി രാഷ്ടീയത്തില്‍ എത്തുന്നത് തെറ്റാണെന്നൊക്കെ വെറുതെ പറയരുത് എന്നും കൂടി ഓര്‍ക്കാന്‍ ഈ വസ്തുതയും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. എന്തായാലും സോഷ്യല്‍ ലെഫ്റ്റിലേക്ക് വരാം.

സാമ്യൂഹ്യ ഇടതുപക്ഷം (Social left) എന്നു മാത്രമല്ല, സാമ്പത്തിക ഇടതുപക്ഷം, രാഷ്ട്രീയ ഇടതുപക്ഷം എന്നെല്ലാമുണ്ട് പരാമര്‍ശങ്ങള്‍. ഈ അടുത്ത സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ഭരണഘടനയെ നാം ഉയര്‍ത്തിപ്പിടിക്കേണ്ടത് സാമൂഹ്യ ഇടതുപക്ഷത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാവണം എന്ന ഒരു വീഡിയോയും എഴുത്തും രംഗത്ത് വരികയുണ്ടായി. അതില്‍ പറയുന്ന മറ്റ് ചില കാര്യങ്ങള്‍ സാമ്പത്തിക ഇടതുപക്ഷത്തെപ്പറ്റി ഇന്നാരും പരിഗണിക്കുന്നില്ല മിണ്ടുന്നില്ല എന്നാണ്. ഈ ലേഖനത്തിന്റെ മുന്നേ പറഞ്ഞപോലെ ഇരുമുന്നണിയും ഇടത് വലത് വേര്‍തിരിവ് ഇല്ലാതായി എന്നും ഇതിനെ വായിച്ചാല്‍ പോര. സ്വകാര്യസ്വത്തിന്റെ കുത്തക മുതലാളിത്തത്തിന് ബദല്‍ – പൊതുസ്വത്തെന്ന സര്‍ക്കാര്‍ മുതലാളിത്ത കമ്മ്യൂണിസ്റ്റ് പദ്ധതിയായിരുന്നു (Economical left)സാമ്പത്തിക ഇടതെന്നത്. മനുഷ്യ ചരിത്രത്തില്‍ ഈ ബദല്‍ഭാവന സൃഷ്ടിച്ച ദുരന്തം എത്ര വലുതായിരുന്നു എന്നത് സോഷ്യലിസ്റ്റ് നാടുകളിലേക്ക് നോക്കിയാല്‍ മതി. മറ്റൊന്ന് രാഷ്ട്രീയ (Political left) ഇടതാണ്. ഇത് ഏക പാര്‍ട്ടി ഭരണമെന്ന കമ്മ്യൂണിസ്റ്റ് ഫാസിസമായിരുന്നു എന്നതാണ് മറ്റൊരു കഥ. പിന്നെ അവശേഷിക്കുന്നത് സാമൂഹ്യ ഇടതുപക്ഷം (Social left) എന്ന വാദമാണ്.

കേരളത്തില്‍ സോഷ്യല്‍ ലെഫ്റ്റ് എന്ന വാദം വരുത്തിവെച്ച സര്‍വ്വനാശം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഈഴവര്‍ മുതലുള്ള അവര്‍ണ ജനതയാണ്. സോഷ്യല്‍ ലെഫ്റ്റ് എന്നതിന്റെ ഉള്ളടക്കമായി എടുത്തത് തൊഴിലാളി വര്‍ഗത്തെയും കര്‍ഷക തൊഴിലാളി വര്‍ഗത്തെയും മറ്റ് അദ്ധ്വാനിക്കുന്ന വര്‍ഗത്തെയുമാണ്. അതായത് ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ Socio political left എന്നു വിളിച്ചവര്‍ തികച്ചും ആത്മാര്‍ത്ഥവും വഞ്ചനാപരവുമായിരുന്നു.’ യൂറോപ്പിലും മറ്റ് മിക്ക ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി, ഇന്ത്യയില്‍ ചൂഷകന്യൂനപക്ഷവും ചൂഷിത ഭൂരിപക്ഷവുമായുള്ള സാമൂഹ്യ വിഭജനം ആദ്യം നാല് വര്‍ണങ്ങളായിട്ടായിരുന്നു. പിന്നീടവ അനവധി ജാതികളായും അസംഖ്യം ഉപജാതികളായും പിരിഞ്ഞു. നാലുവര്‍ണങ്ങളില്‍ ബ്രാഹ്മണര്‍, വൈശ്യര്‍, ക്ഷത്രിയര്‍ എന്നീ മൂന്നെണ്ണം മേല്‍ ജാതികളായി. നാലാമത്തേതായ ശൂദ്രരില്‍ ആയിരുന്നു പണിയെടുക്കുന്നവരില്‍ ബഹുദൂരിപക്ഷവും. ഉല്പാദക ശക്തികളുടെ അനുസ്യൂതവും അവിരാമവുമായ വളര്‍ച്ച, മേല്‍ജിക്കാര്‍ കൈയ്യടക്കിയ ഉല്പന്നത്തിന്റെ വര്‍ദ്ധിച്ചുകൊണ്ടിരുന്ന അളവ്, കൂടുതല്‍ കൂടുതല്‍ വിശേഷണവല്‍ക്കരണത്തിലേക്ക് നയിച്ച സാങ്കേതിക മുന്നേറ്റങ്ങള്‍ – മേല്‍ജാതികളുടെ ഉത്ഭവത്തിന് അടിസ്ഥാനം ഇതായിരുന്നു. സമൂഹത്തിലെ വര്‍ഗ വിഭജനമെന്ന ആശയത്തിന്റെ നിഷേധമായിരുന്നില്ല , മറിച്ച് അത് നടന്നതിന്റെ സവിശേഷ ഇന്ത്യന്‍ രൂപമായിരുന്നു വര്‍ണ ജാതിവ്യവസ്ഥ. രൂപത്തില്‍ ജാതിയും ഉള്ളടക്കത്തില്‍ വര്‍ഗവുമായ ഈ സാമ്യൂഹ്യ ക്രമം പുരാതന ഗ്രീസില്‍ അടിമത്തം വഹിച്ച അതേ പങ്കാണ് ഇന്ത്യയിലും നിറവേറ്റിയത്’. ( ഇ .എം .എസ് – കേരളം മലയാളികളുടെ മാതൃഭൂമി – പുറം 43 – ചിന്ത പബ്‌ളിഷേസ് – 2009 – തിരുവനന്തപുരം) ഇന്ത്യയിലെ Socio left കളുടെ വീക്ഷണത്തിലെ ഉള്ളടക്കം ഇതാണ്. ഈ വിശകലനത്തിന്റെ തുടര്‍ ദുരന്തമാണ് ഇന്ത്യയിലെ സാമ്പത്തിക സംവരണം എന്നതില്‍ എത്തിയത്. സാമൂഹ്യ ഇടതുപക്ഷം ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിക്കുന്നതിനോ , നിര്‍മ്മിത ഭരണഘടനയിലെ സാമൂഹ്യനീതി നടപ്പാക്കുന്നതിനോ യാതൊരു പങ്കും വഹിച്ചില്ല. തന്നെയല്ല അതിനെ അട്ടിമറിക്കുന്ന ജോലിയാണ് അന്നും ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്.ദേവസ്വം ബോര്‍ഡില്‍ സവര്‍ണ സംവരണം നടപ്പാക്കിയിട്ട് – ധൈര്യമുണ്ടോ നിങ്ങള്‍ക്കിത് നടപ്പാക്കാന്‍ എന്ന് സംഘപരിവാറിനോട് വെല്ലുവിളിയപക്ഷയുമാണ് ഇവര്‍ നടത്തിയത്. ഇന്നിപ്പോള്‍ ജാതി സെന്‍സസ് പ്രഖ്യാപിച്ചതു തന്നെ ഇടതല്ല. ഈ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ socio left ന്റെ സങ്കല്പത്തെ ഉള്ളടക്കമായി സ്വീകരിച്ചു കൊണ്ട് ഫാസിസം സൃഷ്ടിക്കുന്ന സാമൂഹ്യ ക്രമത്തെ നേരിടാനാവില്ല. പതിറ്റാണ്ടുകളായി അവര്‍ണരെ ലെഫ്റ്റ് – റൈറ്റ് എന്ന് പറഞ്ഞ് കവാത്ത് നടത്തുക മാത്രമല്ല വര്‍ഗ കൗപീനം കൊണ്ട് കമ്മ്യൂണിസ്റ്റ് ഫാസിസം ഉറപ്പിക്കുകയുമാവും ഫലം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാം എല്ലാത്തരം ഫാസിസത്തിനും എതിരായിരിക്കണം. ശ്രേണീകൃത ജാതി വ്യവസ്ഥയെ അതേപടി നിലനിര്‍ത്തി പ്രതിപക്ഷ മുക്ത ഏകപാര്‍ട്ടി എന്ന സംഘപരിവാര്‍ ഫാസിസമാണ് ഒരു വശത്ത്. മറുവശത്ത് ജാതിയെ വര്‍ഗ സിദ്ധാന്ത മായിക ഭാവന കൊണ്ട് നിലനിര്‍ത്തി ഏകപാര്‍ട്ടി സര്‍വ്വാധിപത്യത്തെ നിലനിര്‍ത്താന്‍ നോക്കുന്നു. ഇതു രണ്ടും എതിര്‍ക്കപ്പെടേണ്ടതാണ്. ജനാധിപത്യമെന്നത് ഇതു രണ്ടുമല്ല. സോഷ്യല്‍ ഇടത് (Social left) അല്ല സാമൂഹ്യ ജനാധിപത്യമാണാവശ്യം. ഇടതും വലതുമല്ല മദ്ധ്യമ മാര്‍ഗമാണാവശ്യം. അതിന്റെ വിശകലന ഭാഷാരൂപകങ്ങളാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. അത് Socio left അല്ല Social democrazy ആണ്. സാമൂഹ്യ ജനാധിപത്യത്തിന്റെ അടിത്തറയിലാണ് രാഷ്ട്രീയ ജനാധിപത്യം വികസിക്കേണ്ടത്. ഈ അര്‍ത്ഥത്തില്‍ സാമൂഹ്യ പ്രതിപക്ഷം എന്ന സങ്കല്പമാണാവശ്യം. ഇത് കേരളം ഇതുവരെ കണ്ട ലെഫ്റ്റ് റൈറ്റ് എന്ന ബ്രിട്ടീഷ് കവാത്ത് രാഷ്ട്രീയമല്ല. ഇ.എം.എസ്സിന്റെ ബ്രാഹ്മണിക വര്‍ഗ വെട്ടിപ്പ് അല്ല. അവര്‍ണരെ കൗപീനം ഉടുപ്പിച്ച് കമ്മ്യൂണിസ്റ്റ് കവാത്ത് നടത്തുന്ന വീക്ഷണമല്ല.പൗരനെത്തന്നെ പ്രതിപക്ഷ സങ്കല്പത്തില്‍ ഉള്‍ച്ചേര്‍ക്കുകയും, സാമൂഹ്യ പ്രതിപക്ഷമായി വികസിക്കുകയും അത് സാമൂഹ്യ ജനാധിപത്യത്തിന്റെ സംവാദാത്മകവും തിരുത്തല്‍ ഭൂമികയും ആവുകയാണ് വേണ്ടത്.

ഇത് രാഷ്ട്രീയ പ്രക്രിയ എന്ന സവിശേഷ മനുഷ്യ ബന്ധങ്ങളെ വര്‍ഗ നൂലിനാല്‍ ബന്ധിതമാക്കുന്ന കാഴ്ച്ചപ്പാടല്ല. ഒരു വശത്ത് സമൂഹത്തെ തിരുത്തുകയും, മറുവശത്ത് അധികാര വര്‍ഗത്തെ തിരുത്തുകയും ചെയ്ത മദ്ധ്യമ മാര്‍ഗം സ്വീകരിച്ച ശ്രീനാരായണ ഗുരുവിന്റെ ആദ്യ കാല അരുവിപ്പുറം പ്രതിഷ്ഠയും – എസ്സ്.എന്‍.ഡി.പി യോഗവും വഹിച്ച അതേ വഴിത്തുടര്‍ച്ചയാണ്.ശ്രീ ബുദ്ധന്റെ മദ്ധ്യമ മാര്‍ഗമെന്നും പറയാം. ഈ പാരമ്പര്യത്തില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന ഉരുവം കൊള്ളുന്നത്. അംബേദ്കര്‍ ബുദ്ധമതത്തില്‍ ചെന്നെത്തുന്നതും ഗുരു ധര്‍മ്മമതം പ്രഖ്യാപിക്കുന്നതും അതുകൊണ്ടാണ്. Socio left എന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഭാവന കൊണ്ട് ഗുരുവിനെ അട്ടിമറിച്ച അതേ ചതിക്കുഴിയില്‍ ഇനി നാം വീഴരുത്. ഒലക്കാല്‍ – കാലിക്കാല്‍ എന്ന ലെഫ്റ്റ് റൈറ്റ് കവാത്തല്ല പൗര പ്രതിപക്ഷമെന്ന സാമൂഹ്യ ജനാധിപത്യ നട്ടെല്ലില്‍ നില്ക്കുകയാണ് ഇനി വേണ്ടത്. അവിടെ നിന്നു കൊണ്ട് വേണം ഇന്ത്യന്‍ റിപ്പബ്ലിക്കിനെ തിരിച്ചു പിടിക്കാനായി ദേശീയ പ്രതിപക്ഷ സഖ്യമായ ‘ ഇന്ത്യ’ മുന്നണിയെ സപ്പോര്‍ട്ട് ചെയ്യാന്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply