കൊറോണ വൈറസിനേക്കാള്‍ അപകടകരമാണ് ഫാന്‍സ് വൈറസുകള്‍
തീര്‍ച്ചയായും ഫാന്‍സ് സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് മനുഷ്യദൈവങ്ങളും കപടമായ ആരാധനകളും. അവക്കും കേരളം നമ്പര്‍ വണ്‍ ആണ്. കൊറോണകാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പുതന്നെ ഇവര്‍ പലരും കട പൂട്ടിയതു നാം കണ്ടു. ആ വൈറസിനുമുന്നില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് അവര്‍ക്കറിയാം. എന്നാല്‍ ഒരു സംശയവുംവേണ്ട, കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്കു തിരിച്ചുവരുമ്പോള്‍ ഇവരും പഴയ പ്രതാപം തിരിച്ചെടുക്കും. പ്രബുദ്ധമലയാളികള്‍ അങ്ങോട്ടൊഴുകും.
തീര്‍ച്ചയായും കൊറോണ വൈറസ് അതിഭീകരനാണ്. മനുഷ്യശരീരങ്ങളെ അത്രമാത്രം ഭയാനകമായാണല്ലോ അത് ബാധിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ നമ്മുടെ സാമൂഹ്യ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കുന്ന വൈറസുകളുണ്ട്. അതിലൊന്നാണ് ഫാന്‍സ്. അക്കാര്യത്തില്‍ കേരളം വളരെ മുന്നിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ഒരുപക്ഷെ സിനിമാമേഖലയുടെ കാര്യമെടുത്താല്‍, കേരളം ഒട്ടും മോശമല്ലെങ്കിലും, അതിനേക്കാള്‍ ജീര്‍ണ്ണിച്ച അവസ്ഥ മറ്റു പല സംസ്ഥാനങ്ങളിലുമുണ്ടാകും. എന്നാല്‍ കേരളത്തില്‍ സിനിമാരംഗത്തു മാത്രമല്ല, സമസ്ത മേഖലകളിലും ഈ വൈറസ് ശക്തമാണെന്നതാണ് വസ്തുത. രാഷ്ട്രീയക്കാര്‍ മുതല്‍ ആനകള്‍ക്കുപോലും ഫാന്‍സുള്ള പ്രദേശമാണ് കേരളം. എഴുത്തുകരും പ്രഭാഷകരുമെല്ലാം അതില്‍പെടും.
കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണക്കൊപ്പം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച രജിത് കുമാറിന്റെ കാര്യം തന്നെയെടുക്കുക. തികച്ചും സ്ത്രീവിരുദ്ധനായ അയാള്‍ക്ക് എത്രമാത്രം ആരാധകരാണെന്നത് എയര്‍പോര്‍ട്ടില്‍ നാം കണ്ടതാണല്ലോ. കൊറോണ ഭീതിയില്‍ പോലും അവിടെ തടിച്ചുകൂടിയവര്‍ വെളിവാക്കുന്നത് കേരളത്തിന്റെ ജീര്‍ണ്ണതയല്ലാതെ മറ്റെന്താണ്? അതിനെതിരെ പരാതി കൊടുക്കേണ്ട എയര്‍ പോര്‍ട്ട് ജീവനക്കാര്‍ പോലും അയാള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്നു. സ്ത്രീകള്‍ക്കെതിരെ നിരന്തരമായി വിഷം തുപ്പുന്ന അയാളുടെ ആരാധകരില്‍ വലിയൊരു ഭാഗം സ്ത്രീകളാണുതാനും. ‘സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം, ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാവുന്നവരും ഗര്‍ഭിണികളാക്കുന്നവരുമാണ് പെണ്‍കുട്ടികള്‍, തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളം പറഞ്ഞു പ്രേമിച്ചു നടക്കുകയാണ്, ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ ഓടിച്ചാടി നടന്നാല്‍ ഗര്‍ഭപാത്രം തിരിഞ്ഞു പോകും, ഓട്ടിസം പോലുള്ള അസുഖങ്ങള്‍ ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാര്‍ക്കാണ്, സിസേറിയന്‍ ബ്രെസ്റ്റ് ക്യാന്‍സറിന് കാരണാകും, ആണ്‍വേഷം ധരിക്കുന്ന സ്ത്രീക്കുണ്ടാകുന്ന കുഞ്ഞ് ആണും പെണ്ണും അല്ലാത്തതായിരിക്കും, അവരെ വിളിക്കുന്ന പേരാണ് ട്രാന്‍സ്ജെന്‍ഡര്‍’ എന്നിങ്ങനെ പോകുന്നു അയാളുടെ പ്രബോധനങ്ങള്‍. വാസ്തവത്തില്‍ വിമാനത്താവളത്തിലെ സംഭവങ്ങള്‍ക്കുമാത്രം പോര അയാള്‍ക്കെതിരെ കേസ്. റിയാലിറ്റി ഷോയില്‍ പെണ്‍കുട്ടിയുടെ കണ്ണില്‍ മുളകരച്ച് തേച്ചതിനും കാലങ്ങളായി ഇയാള്‍ നടത്തിവരുന്ന ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരേയും വേണം കേസ്. ഇയാള്‍ സമൂഹത്തില്‍ ഇറങ്ങി നടക്കുന്നത് കൊറോണ വൈറസിനേക്കാള്‍ അപകടകരമല്ലേ…? ഇനി അയാള്‍ സാമൂഹ്യസേവനത്തിന് ഇറങ്ങുകയാണത്രെ.
സിനിമാരംഗത്ത് കേരളത്തില്‍ ഒരു കാലത്ത് ഒട്ടുമില്ലാതിരുന്ന ഒന്നായിരുന്നു ഫാന്‍സ് സംസ്‌കാരം. തമിഴ്‌നാട്ടില്‍ എം ജി ആര്‍ ഫാന്‍സ് അരങ്ങു തകര്‍ത്തപ്പോള്‍ ഇവിടെ പ്രേംനസീറിനൊന്നും ആ ഭാഗ്യമുണ്ടായില്ല. എന്നാല്‍ മമ്മുട്ടി – മോഹന്‍ ലാല്‍ കാലത്തോടെ ആ അവസ്ഥ മാറി. ഏറ്റവുംു മോശമായ ഫാന്‍സ് സംസ്‌കാരമാണ് ഇന്നിവിടെ. സിനിമാമേഖല തന്നെ വിരലിലെണ്ണാവുന്ന സൂപ്പര്‍ താരങ്ങള്‍ കയ്യടക്കിയത് അങ്ങനെയാണല്ലോ. നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ഈ ഫാന്‍സ് സംസ്‌കാരത്തിന്റെ യഥാര്‍ത്ഥമുഖവും നാം കണ്ടു. സ്വാഭാവികമായും സ്ത്രീവിരുദ്ധത തന്നെ അതിന്റെയും മുഖമുദ്ര.
രാഷ്ട്രീയത്തില്‍ വന്നാലും അവസ്ഥ അതുതന്നെ. ഇഎംഎസിനും കരുണാകരനുമൊക്കെ ഏറെ ആരാധകരുണ്ടായിരുന്നെങ്കിലും ഇന്നത്തെ പോലെ അതൊരു ഫാന്‍സ് സംസ്‌കാരമായിരുന്നില്ല. ഒരുപക്ഷെ സോഷ്യല്‍ മീഡിയയുടെ വ്യാപനത്തോടെയാകാം രാഷ്ട്രീയത്തില്‍ അത്തരമൊരു സംസ്‌കാരം വ്യാപകമായത്. പ്രളയകാലത്തും നിപകാലത്തും ഇപ്പോള്‍ കോറോണ കാലത്തുമൊക്കെ ഈ ഫാന്‍സ് സംസ്‌കാരം അതിശക്തമാകുന്നതും കാണാം. ഇ എം എസിനു അന്നു ഫാന്‍സ് ഇല്ലായിരുന്നെങ്കിലും ഇന്നുണ്ട്. ജാതിക്കെതിരെ നിലപാടുണ്ട് എന്നു പറയുന്നവര്‍ പോലും ഇഎംഎസിന്റെ ചരമദിനമായ ഇന്ന് അദ്ദേഹത്തിന്റെ നമ്പൂതിരിപപാട് എന്ന വാലിനെ ന്യായീകരിക്കാന്‍ പാടുപെടുന്നത് അതിനാലാണല്ലോ. എന്തിനേറെ, കൊലയാളികളായ രാഷ്ട്രീയ നേതാക്കള്‍ക്കു പോലും ഏറെ ഫാന്‍സുള്ള പ്രദേശമാണ് കേരളം. 11 പേരെ കൊന്നുകളഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനക്കുപോലും ഫാന്‍സ് അസോസിയേഷന്‍ ഉള്ളപ്പോള്‍ അതില്‍ അത്ഭുതവുമില്ല.
തീര്‍ച്ചയായും ഫാന്‍സ് സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് മനുഷ്യദൈവങ്ങളും കപടമായ ആരാധനകളും. അവക്കും കേരളം നമ്പര്‍ വണ്‍ ആണ്. സംശയകരമായ പല മരണങ്ങളും നിരവധി വെളിപ്പെടുത്തലുകളും നടന്ന ശേഷവും നമ്മുടെ മനുഷ്യദൈവങ്ങളുടെ അടുത്തേക്കും സുവിശേഷ – പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്കും എത്തുന്ന ജനങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവു നോക്കുക. അവരില്‍ രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ശാസ്ത്രജ്ഞന്മാര്‍ വരെയുണ്ട്. കൊറോണകാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പുതന്നെ ഇവര്‍ പലരും കട പൂട്ടിയതു നാം കണ്ടു. ആ വൈറസിനുമുന്നില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് അവര്‍ക്കറിയാം. എന്നാല്‍ ഒരു സംശയവുംവേണ്ട, കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്കു തിരിച്ചുവരുമ്പോള്‍ ഇവരും പഴയ പ്രതാപം തിരിച്ചെടുക്കും. പ്രബുദ്ധമലയാളികള്‍ അങ്ങോട്ടൊഴുകും. ഒപ്പം തന്നെ പറയേണ്ടതാണ് പല വ്യാജവൈദ്യന്മാര്‍ക്കും വ്യാജരല്ലാത്ത വൈദ്യന്മാര്‍ക്കും ഫാന്‍സുള്ള നാടാണ് നമ്മുടേതെന്ന്. ഈ അവസ്ഥയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന് കൊറോണയേക്കാള്‍ ശാപമാകാന്‍ പോകുന്നത് എന്നുകൂടി തിരിച്ചറിയാനുള്ള സന്ദര്‍ഭമാണിത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in