അടിയന്തരാവസ്ഥ: അമ്പതാണ്ടുകളുടെ ചരിത്രവായന

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്ക് അമ്പത് വയസ്സ് തികഞ്ഞിരിക്കുന്നു. ധാരാളം ലേഖനങ്ങളും ചര്‍ച്ചകളും അതിനെ ചുറ്റിപ്പറ്റി ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുണ്ട്. അടിയന്തിരാവസ്ഥ പ്രഖ്യാപനമുണ്ടായ ജൂണ്‍ 25 ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സംവിധാന്‍ ഹത്യാ ദിവസ് (ഭരണഘടന കൊല ചെയ്യപ്പെട്ട ദിനം) ആയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നിരിക്കിലും ബിജെപിയും കേന്ദ്ര സര്‍ക്കാരും അധികമൊന്നും അടിയന്തരാവസ്ഥയെക്കുറിച്ച് മിണ്ടുകയുണ്ടായില്ല. എന്തും ആഘോഷമാക്കുന്ന ബിജെപിയുടെ തണുപ്പന്‍ പ്രതികരണത്തിന് എന്തായിരിക്കും കാരണം? 1975 ലെ അടിയന്തരാവസ്ഥയേയും ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയേയും തുലനം ചെയ്യാന്‍ ജനത ഒരുമ്പെട്ടേക്കുമെന്ന തോന്നലാവുമോ? ഇന്ദിരാഗാന്ധിയെ ഗൂഢമായി ആരാധിക്കുന്ന സംഘപരിവാറിന് ആ ചരിത്രത്തിന്റെ സ്മരണ തന്നെ അപകടം പിടിച്ചതാണ് എന്ന് തോന്നിക്കാണുമോ?

രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ’75 ലെ ആഭ്യന്തര അടിയന്തരാവസ്ഥ പഠനവിഷയം തന്നെയാണ്. എല്ലാം എപ്പോഴും ചരിത്രവല്‍ക്കരിക്കേണ്ടതുണ്ട്.

19 മാസം നീണ്ടുനിന്ന ഒരു കരാളരാത്രിയായി അടിയന്തരാവസ്ഥയെ അടയാളപ്പെടുത്താറുണ്ട്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ മുന്‍ പിന്‍ മാതൃകകളില്ലാത്ത ഒരു സവിശേഷ സന്ദര്‍ഭം എന്ന് വിലയിരുത്തിപ്പോരുന്നവരുമുണ്ട്. അക്കാലത്തെ ചെറുത്തുനില്‍പ്പുകളെ പര്‍വ്വതീകരിച്ചും കാല്പനികവല്‍ക്കരിച്ചും കടന്നുപോകുന്നവരുമുണ്ട്. കാലത്തിന്റെ ആനുകൂല്യം പറ്റിക്കൊണ്ട് അക്കാലത്തെ രാഷ്ട്രീയം രൂപപ്പെടുത്തിയവരെ നിശിതമായിത്തന്നെ വിമര്‍ശിക്കാറുമുണ്ട്.

എന്നിരിക്കിലും, അമ്പതാണ്ടുകളുടെ ചരിത്രവായന ഉയര്‍ത്തുന്ന അനേകം ചോദ്യങ്ങളുണ്ട്. അവ സൃഷ്ടിക്കുന്ന പ്രശ്‌ന പരിസരം പുതിയ കാലത്തെ മനസ്സിലാക്കാന്‍ സഹായിച്ചേക്കാം. അടിയന്തരാവസ്ഥയേയും അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള രാഷ്ട്രീയത്തിനും context നല്‍കാന്‍ അത്തരമൊരൂ അന്വേഷണം പ്രധാനമാണ്.

ഒന്ന്, ’75 ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ജൂണ്‍ 12നുണ്ടായ അലഹബാദ് ഹൈക്കോടതി വിധി അവര്‍ പ്രധാനമന്ത്രി പദത്തില്‍നിന്നും രാജിവയ്‌ക്കേണ്ട നൈതിക സന്ദര്‍ഭം സൃഷ്ടിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് പ്രചരണത്തിലെ നിയമലംഘനം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിഹ്ന റായ്ബറേലിയില്‍ നിന്നുമുള്ള അവരുടെ വിജയം അസാധുവാക്കി. ജസ്റ്റിസ് കൃഷ്ണയ്യരുടെ വെക്കേഷന്‍ ബെഞ്ച് അവര്‍ക്ക് വിചാരിച്ച ഇളവ് നല്‍കിയില്ല. തെരുവിലിറങ്ങിയിരുന്ന പ്രതിപക്ഷത്തിന്റെ സമരോത്സുകതയും അവരെ ഭയപ്പെടുത്തിക്കാണണം. ദില്ലിയിലെ രാംലീലാ മൈതാനത്തില്‍ വലിയ ജനാവലിയെ സാക്ഷിനിര്‍ത്തി ജയപ്രകാശ് നാരായണന്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടു. അതിനവര്‍ തയ്യാറാകാത്തപക്ഷം സൈന്യവും മറ്റും മനഃസാക്ഷിക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാര്‍ കല്പനകള്‍ അനുസരിക്കാതിരിക്കണമെന്നും ജെപി പറയുകയുണ്ടായി.

ഗുജറാത്തിലേയും ബീഹാറിലേയും വിദ്യാര്‍ത്ഥി സമരങ്ങളെ പിന്തുണച്ച ജെപി അലഹബാദ് കോടതിവിധിയെ നൈതികായുധമാക്കി. സഭയില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ എന്തിന് രാജിവെക്കണമെന്ന ചോദ്യം ഇന്ദിരാഗാന്ധി ഉയര്‍ത്തിയത് ബാലിശമായാണ് അദ്ദേഹം കണ്ടത്. ജെപിയുടെ രാഷ്ട്രീയത്തിന് അനാര്‍ക്കിസ്റ്റ് സ്വഭാവമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിധി എന്നതിനേക്കാള്‍ അദ്ദേഹം മാനിച്ചത് ജനതയുടെ മനസ്സിനെയാണ്. ജനതയുടെ മനസ്സ് മാറുമ്പോള്‍ തിരഞ്ഞെടുപ്പ് വിധി തന്നെ റദ്ദാക്കപ്പെടുന്നുവെന്ന് കരുതുന്ന ഒരു രാഷ്ട്രീയബോധ്യം അദ്ദേഹത്തെ നയിച്ചുപോന്നു.

ഗാന്ധിയന്‍ രാഷ്ട്രീയത്തിന് ലിബറല്‍ ജനാധിപത്യം അനുശാസിക്കുന്ന സ്ഥാപനകേന്ദ്രിത ഭരണസംവിധാനങ്ങളുമായി സ്‌നേഹദ്വേഷ ബന്ധമാണുള്ളത്. ജെപിയുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഈ വൈരുദ്ധ്യം പ്രകടമാണ്. പാര്‍ട്ടിയില്ലാത്ത ജനാധിപത്യത്തെക്കുറിച്ചൊക്കെയുള്ള അദ്ദേഹത്തിന്റെ ചിന്തയില്‍ ജെപി അനുശാസിച്ചുപോന്ന ഒരു സിവില്‍ സമൂഹ രാഷ്ട്രീയത്തിന്റെ അനുരണനങ്ങള്‍ കാണാം. പക്ഷേ, ആര്, എങ്ങനെ, എപ്പോള്‍ ജനതയുടെ മനസ്സ് മാറ്റത്തെ തിരിച്ചറിയും എന്ന ചോദ്യം ബാക്കിനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകള്‍ അത്തരമൊരു മനസ്സറിയലാണല്ലോ. എന്നാല്‍ നിശ്ചിത കാലയളവിലേക്ക് ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ആ പ്രതിനിധിയുടെ തടവുകാരാണ് തിരഞ്ഞെടുത്തവര്‍ എന്നുമായിക്കൂടാ എന്ന ചിന്ത ‘right to recall’ പോലെയുള്ള നടപടികളെക്കുറിച്ച് ആലോചിക്കാന്‍ പലരേയും പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വം ഭരണത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യം ബാക്കിനില്‍ക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏതായാലും ’75 ല്‍ ജെപി ഉയര്‍ത്തിയ രാഷ്ട്രീയ പ്രശ്‌നം ’59 ല്‍ കേരളം നേരിട്ടതാണ്. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഇഎംഎസ് സര്‍ക്കാരിനെ നെഹ്‌റുഭരണകൂടം പിരിച്ചുവിട്ടത് ജനപിന്തുണ നഷ്ടപ്പെട്ടു എന്ന ന്യായം പറഞ്ഞുകൊണ്ടായിരുന്നുവല്ലോ. അനുസരണയുള്ള ഗവര്‍ണ്ണര്‍ ആവശ്യാനുസരണം റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. പൊതുജന പ്രക്ഷോഭങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ അങ്ങനെയൊരു വിലയിരുത്തല്‍ നടത്തിയത്. സഭാഭൂരിപക്ഷം എന്നതിനേക്കാള്‍ പ്രധാനമാണ് ജനമനസ്സ് എന്ന കാഴ്ചപ്പാടിലൂന്നിക്കൊണ്ട് രാഷ്ട്രീയം തിരഞ്ഞെടുപ്പുകള്‍ക്കപ്പുറമുള്ള ഒരു നൈതികപ്രവര്‍ത്തിയാണ് എന്ന ഉയര്‍ന്ന ആദര്‍ശം മുഖം മൂടിയാക്കിയാണ് ’59 ല്‍ കേരളത്തിലെ ഇടപെടലുണ്ടായത്. കമ്മ്യൂണിസത്തോടുള്ള ഭയം, അധികാരത്തോടുള്ള ആര്‍ത്തി എന്നിവയാണ് അന്ന് ഇന്ദിരാഗാന്ധി പ്രസിഡണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരള കാഴ്ചപ്പാടിനെ നയിച്ചതെന്ന് വസ്തുതകള്‍ പറയുന്നു. (ചരിത്രം ഇന്ദിരയെ തിരിഞ്ഞുകൊത്തുകയായിരുന്നോ?)

അലഹാബാദിലെ കോടതിവിധി നിയമത്തിന്റെ ശുഷ്‌ക്കവായനയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ദിരാനുകൂലിയല്ലാത്ത ജസ്റ്റിസ് എച്ച്.ആര്‍. ഖന്ന ഉള്‍പ്പെടെയുള്ള സുപ്രീം കോടതി ബെഞ്ച് സിഹ്നയുടെ വിധി തള്ളിക്കളയുകയും ചെയ്തു. എന്നിരിക്കിലും ജെപി സൃഷ്ടിച്ച സമരതരംഗം ഇന്ദിരയെ പ്രതിരോധത്തിലാക്കുകയുണ്ടായി. സഭയില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന്റെ രാജി ആവശ്യപ്പെടുന്നത് ശരിയായ കീഴ്‌വഴക്കമാണോ എന്ന ചോദ്യം ഇന്നും ഒരു രാഷ്ട്രീയ നൈതിക പ്രശ്‌നമായി തുടരുന്നുണ്ട്. ഒരിക്കലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കാത്ത ജെപി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നിട്ടുകൂടി സഭാ ഭൂരിപക്ഷം, പാര്‍ലമെന്ററി കീഴ്‌വഴക്കം എന്നിവയ്ക്ക് വലിയ പ്രാധാന്യമൊന്നും നല്‍കിയിട്ടില്ല. രാഷ്ട്രീയം അദ്ദേഹത്തിന് ഒരു നൈതിക പ്രവൃത്തിയായിരുന്നു അധികാര പ്രയോഗമായിരുന്നില്ല. ഇവ രണ്ടും തമ്മിലുള്ള ഡയലക്റ്റിസിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും എന്നും നൈതികതയ്ക്ക് മുന്‍തൂക്കം നല്‍കുകയാണ് ജെപി ചെയ്തുപോന്നത്. ഭരണത്തെ തന്റെ ഭാഗധേയമായിക്കണ്ട ഇന്ദിരാഗാന്ധിയാകട്ടെ അധികാരത്തിന്റെ പ്രായോഗികവശത്തിനാണ് മുന്‍തൂക്കം നല്‍കിയത്. രണ്ട് സമീപനങ്ങള്‍, രണ്ട് രാഷ്ട്രീയങ്ങള്‍. അവ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല.

ജെപിയുടെ വെല്ലുവിളി ഇന്ദിരാഗാന്ധി കണ്ടത് ചരിത്രത്തിന്റെ കുഴപ്പം പിടിച്ച ക്യാന്‍വാസിലാണ്. ഒന്ന്, ദേശീയ രാഷ്ട്രീയത്തിന്റെ, പ്രത്യേകിച്ചും നെഹ്‌റു അനന്തര കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍, തന്റെ രാഷ്ട്രീയത്തെ നിരാകരിക്കുന്ന ഒരു വിഭാഗമുണ്ടെന്ന കാഴ്ചപ്പാട് അവരെ സ്വാധീനിച്ചിരുന്നു. തന്നെ പാവയാക്കി ഭരണം നടത്താമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന ആണ്‍ നേതാക്കള്‍ കരുതുന്നതായും അവര്‍ ചിന്തിച്ചുപോന്നു. ലോഹ്യയുടെ ഗുംഗി ഗുഡിയ (മിണ്ടാപ്പാവ) എന്ന വിശേഷണം അക്കാലത്ത് രാഷ്ട്രീയാതീതമായ ഒരു കാഴ്ചപ്പാടിന്റെ പ്രതിഫലനമായിരുന്നു. സിന്‍ഡിക്കേറ്റ് നേതാക്കളും പ്രതിപക്ഷവും തന്നെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാന്‍ ഒരുമ്പെട്ടിരിക്കുന്നു എന്ന ചിന്ത അവരിലെന്നുമുണ്ടായിരുന്നു. സ്വേച്ഛാധികാര പ്രവണതയുള്ള എല്ലാ നേതാക്കളിലും കാണാവുന്ന ഇരയെന്ന മാനസികാവസ്ഥ ഇന്ദിരാഗാന്ധിയിലുമുണ്ടായിരുന്നു.

വിദേശ ശക്തികളും തനിക്കെതിരെ, ഇന്ത്യയ്‌ക്കെതിരെ കരുക്കള്‍ നീക്കുന്നു എന്ന് ഇന്ദിരാഗാന്ധി വിലയിരുത്തിയിരുന്നു. അതിന് കാരണങ്ങളുമുണ്ട്. ഒന്ന്, ശീതയുദ്ധത്തിന്റെ അധികാരബന്ധങ്ങളിലും പ്രയോഗത്തിലും അമേരിക്കാ വിരുദ്ധ ചേരിയിലാണ് ഇന്ദിരയുടെ ഇന്ത്യ നിലകൊണ്ടത്. നെഹ്‌റുവിന്റെ ചേരിചേരാ നയത്തെ സോവിയറ്റ് ചേരി സൃഷ്ടിച്ച ഒരു തന്ത്രമായിപ്പോലും കണ്ടവരുണ്ട്. സാമ്രാജ്യത്വത്തില്‍ നിന്നും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പുറത്തുവന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാഷ്ട്രങ്ങളെ വിഭവചൂഷണത്തിനായി വരുതിയില്‍ നിര്‍ത്താന്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ ശ്രമിച്ചിരുന്നു. എതിര്‍ത്ത മൂന്നാം ലോക രാഷ്ട്രനേതാക്കളെ സ്ഥാന ഭ്രഷ്ടരാക്കാനും ഇല്ലായ്മ ചെയ്യാനും അവര്‍ ഒട്ടും മടി കാട്ടിയിരുന്നില്ല. പട്രീസ് ലുമുംബയും സാല്‍വദോര്‍ അല്ലേന്തേയുമൊക്കെ അങ്ങനെ കൊല ചെയ്യപ്പെട്ടവരാണ്. ’69-71 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് ചേരിയുമായി അടുത്ത ഇന്ദിരാഗാന്ധി അമേരിക്കന്‍ പക്ഷത്തിന് അനഭിമതയായിരുന്നു. അവരുടെ ആഭ്യന്തര നയം-ബാങ്ക് ദേശസാല്‍ക്കരണം തുടങ്ങിയ നടപടികള്‍, സിപിഐ ചാര്‍ച്ച, അടുപ്പക്കാരുടെ ഇടതുബോധം-ഇന്ത്യയെ ഇടത്തേക്ക് നയിക്കുകയാണ് എന്ന് പടിഞ്ഞാറന്‍ ലോകം വിലയിരുത്തിയതില്‍ അത്ഭുതപ്പെടാനില്ല.

1970 ലെ ഇന്ത്യാസോവിയറ്റ് സൗഹൃദ കരാര്‍ ഒരര്‍ത്ഥത്തില്‍ അമേരിക്കന്‍ വിലയിരുത്തലിനെ ശരിവെക്കുന്നതാണ്. ’71 ല്‍ അമേരിക്കയുടെ സഖ്യ രാജ്യമായ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തുകയും പിളര്‍ത്തുകയും ചെയ്തത് അന്താരാഷ്ട്ര പശ്ചാത്തലത്തില്‍ അമേരിക്കന്‍ ചേരിയുടെ പരാജയമായാണ് വിലയിരുത്തപ്പെട്ടത്. 1975ല്‍ ഇന്ത്യ സ്വതന്ത്രരാജ്യമായിരുന്ന സിക്കിം സ്വന്തമാക്കുകയും ചെയ്തു. അക്കാലത്ത് ഇന്ത്യയില്‍ സിഐഎ ഇടപെടല്‍ ശക്തമായിരുന്നു എന്ന് കരുതുന്നവര്‍ അനേകമുണ്ട്. പോള്‍ മഗ്ഗാര്‍ ടു്യശിഴ ശി ടീൗവേ അശെമ എന്ന പുസ്തകത്തില്‍ അക്കാലത്തെ രാഷ്ട്രീയ സന്ദര്‍ഭം വിശദമാക്കുന്നുണ്ട്. നിക്‌സണ്‍ ഭരണകൂടം സാല്‍വദോര്‍ അല്ലേന്തേയ്ക്കുശേഷം തന്നെയായിരിക്കും കൊലപ്പെടുത്തുക എന്ന് ഇന്ദിര കരുതിയതായി മഗ്ഗാര്‍ എഴുതുന്നുണ്ട്. 1975 ല്‍ ബംഗബന്ധു മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ട കാലത്ത് ഇന്ദിരയ്ക്ക് എതിരേയും വധശ്രമങ്ങളുണ്ടാവുന്നുണ്ട്, അതിന് സിഐഎ ബന്ധമൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും. അക്കാലത്തെ ഒരു അഭിമുഖത്തില്‍ ഇന്ദിരാഗാന്ധി ഇങ്ങനെ പറയുന്നുണ്ട്: “Have these several Western coutnries not given full moral and material support to the most authoritarian regimes of Africa and Asia? Have we soon forgotten what happened to Chile?” സിഐഎ ഇന്ദിരക്ക് ഒരേ സമയം പേടിസ്വപ്‌നവും രാഷ്ട്രീയായുധവുമായിരുന്നു. തന്റെ സോഷ്യലിസ്റ്റ് പോപ്പുലിസ(demagoguery))ത്തിനൊപ്പം എതിരാളികളെയെല്ലാം സിഐഎ ഏജന്റുകള്‍ എന്ന് മുദ്രകുത്താന്‍ അവര്‍ മടിച്ചില്ല. അങ്ങനെ തനിക്കെതിരെയുള്ള ഒരു വന്‍ ഗൂഢാലോചനയാണ് ജെപിയെ മുന്‍നിര്‍ത്തി രാജ്യത്ത് നടക്കുന്നത് എന്ന് അവര്‍ കരുതി.

അക്കാലത്തെ (അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം പ്രത്യേകിച്ചും) അവരുടെ പ്രസംഗങ്ങളില്‍ ശ്രദ്ധേയമായ വസ്തുത എന്തെന്നാല്‍ വലിയ ശത്രുവായി അവര്‍ കണ്ടത് ആര്‍എസ്എസിനെയാണ്. ഇന്ത്യയുടെ മതസ്വച്ഛത തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും അവരുടെ അജണ്ട നടപ്പിലാക്കാനുള്ള ചട്ടുകം മാത്രമാണ് ജെപി എന്നും അവര്‍ പലയിടത്തും പറയുന്നുണ്ട്.

ആഭ്യന്തര അടിയന്തരാവസ്ഥയുടെ പ്രത്യേകത അത് നിയമവിരുദ്ധമായിരുന്നില്ല എന്നതാണ്. ഭരണഘടനയിലെ തന്നെ വകുപ്പുകളെ തന്നിഷ്ട പ്രകാരം വ്യാഖ്യാനിച്ചുകൊണ്ട് നിയമാനുസൃതമായി നടത്തിയ രാഷ്ട്രീയ അട്ടിമറിയായിരുന്നു അടിയന്തരാവസ്ഥ. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളും കോടതിയും രാഷ്ട്രപതിയും പാര്‍ലമെന്റും അതിന് കുടപിടിച്ചു. സോവിയറ്റ് യൂണിയനെപ്പോലെയുള്ള ബാഹ്യശക്തികള്‍ അതിന് പിന്തുണ നല്‍കി. ജൂണ്‍ 25 ന് റേഡിയോവില്‍ കൂടി പ്രധാനമന്ത്രി രാജ്യസുരക്ഷയെക്കുറിച്ച് വാചാലയായി. ദേശീയ സുരക്ഷ അടിയന്തരാവസ്ഥ എന്ന പൗരാവകാശ ധ്വംസനപര്‍വ്വത്തിന്റെ പുകമറയും ന്യായീകരണവുമായി മാറി. കിസ്സാ കുര്‍സി കാ (കഥ കസേരയുടേതുതന്നെ) എന്ന അമൃത് നാഹ്ടയുടെ തിരക്കഥയില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ജനപിന്തുണ നഷ്ടപ്പെട്ട രണ്ടു ഭരണാധികാരികള്‍ ജനശ്രദ്ധ തിരിച്ചുവിടാനായി യുദ്ധം തുടങ്ങുന്നത് വര്‍ണ്ണിക്കുന്നുണ്ട്. അതില്‍ ഒരു രാജ്യത്തിന്റെ പേര് ജനഗണമന ദേശം എന്നായിരുന്നു. നാഹ്ട അറസ്റ്റ് ചെയ്യപ്പെട്ടു. പടം പെട്ടിയോടെ നശിപ്പിക്കപ്പെട്ടു. തിരക്കഥയുടെ മലയാളം തര്‍ജ്ജമ പുസ്തക അലമാരിയില്‍ ചരിത്രരേഖയായി ഇരിക്കുന്നു. അതിന്റെ സന്ദര്‍ഭം ഇന്നും പ്രസക്തമാണ്.

2

അടിയന്തരാവസ്ഥയെ നമുക്ക് ഒരു ഇവന്റ് ആയി കാണാം. എന്നാല്‍ കാലാതീതമായ ഒരു മാനസികാവസ്ഥ കൂടിയല്ലേ അടിയന്തരാവസ്ഥ? ആനന്ദിന്റെ ഒടിഞ്ഞ കുരിശ് എന്ന കൊളാഷില്‍ ഒരു പരസ്യവാചകം ചേര്‍ത്തിട്ടുണ്ട്. അതിങ്ങനെയാണ്: ‘Emergency is a state of mind.’ ആ ഇവന്റിന്റെ സംക്ഷിപ്ത വിവരണം ഏതാണ്ട് ഇങ്ങനെയാണ്:

ജൂണ്‍ 25 പാതിരാ മുതല്‍ക്ക് പൗരാവകാശങ്ങള്‍ റദ്ദു ചെയ്യപ്പെട്ടു. പ്രധാന പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും അറസ്റ്റ് ചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കേന്ദ്രനേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല. എന്നാല്‍ സിപിഎം ന്റെ മധ്യനിരമുതല്‍ താഴോട്ടുള്ള പലരും തടവിലാക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റു ചെയ്യുന്നപക്ഷം തന്റെ ‘സോഷ്യലിസ്റ്റ്’ പ്രതിച്ഛായയ്ക്ക് അന്തര്‍ദ്ദേശീയ തലത്തില്‍ കോട്ടം തട്ടുമെന്ന് ഇന്ദിരാഗാന്ധി കരുതിക്കാണണം. ഭരണം സഞ്ജയ്ഗാന്ധി, ബന്‍സി ലാല്‍, സിദ്ധാര്‍ത്ഥ ശങ്കര്‍ റേ എന്നീ രാഷ്ട്രീയക്കാരില്‍ തുടങ്ങി പില്‍ക്കാലത്ത് ബിജെപി എംപിയും മന്ത്രിയുമായിരുന്ന ജഗ്‌മോഹന്‍ വരെയുള്ളവരിലേക്ക് ചുരുങ്ങി. എല്ലാ സ്വേച്ഛാധിപത്യത്തിലും കണ്ടിട്ടുള്ളപോലെ കരിനിയമങ്ങള്‍ ആയുധീകരിക്കപ്പെട്ടു. പോലീസ്, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്നിവയ്ക്ക് വലിയ സ്വാധീനമായി. വികസനം, ജനക്ഷേമം, രാജ്യസുരക്ഷ എന്നിവയെക്കുറിച്ചു മാത്രം ഭരണകൂടം ശബ്ദിച്ചുകൊണ്ടിരുന്നു. കണക്കുകളെല്ലാം സര്‍ക്കാര്‍ പറയുന്നതുപോലെ മെരുങ്ങിക്കൊടുത്തു. പത്തിനപരിപാടി ഇരുപതിന പരിപാടിയായി. പ്രൊപ്പഗണ്ട വാര്‍ത്തയായി. മിസ, കോഫേ പോസ, ഉകടകഞ (Defence and Internal Security of India Rules) എന്നീ നിമയമങ്ങളിലെ വകുപ്പുകള്‍ ചുറ്റി രാജ്യമെമ്പാടും അറസ്റ്റുകളുണ്ടായി. മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ 34,988 ഉം ഉകടകഞ എന്ന വകുപ്പ് പ്രകാരം തടവിലായവര്‍ 75,818 ഉം ആയിരുന്നു. അങ്ങനെ ഒരു ലക്ഷത്തിപ്പതിനായിരത്തി എണ്ണൂറ്റി ആറ് പേരാണ് അടിയന്തിരാവസ്ഥക്കാലത്ത് തടവിലായത്- കേരളത്തില്‍ എണ്ണായിരത്തില്‍പ്പരവും ഗുജറാത്തില്‍ അയ്യായിരത്തില്‍ താഴെയും ഉത്തര്‍പ്രദേശില്‍ മുപ്പതിനായിരത്തിലധികവും അടിയന്തരാവസ്ഥാ തടവുകാരുണ്ടായിരുന്നു. ഇവരൊക്കെ രാഷ്ട്രീയത്തടവുകാരായിരുന്നുവെങ്കില്‍ കോഫേപോസ വകുപ്പില്‍ കരിഞ്ചന്തക്കാരും കള്ളക്കടത്തുകാരുമുണ്ടായിരുന്നു.

ഇരുപതിന പരിപാടിയില്‍ പെട്ടതായിരുന്നു കുടുംബാസൂത്രണം. നഗരാസൂത്രണത്തിനൊപ്പം കുടുംബാസൂത്രണവും സഞ്ജയ് ഗാന്ധിയ്ക്ക് പ്രിയപ്പെട്ട അജണ്ടകളായിരുന്നു. നിര്‍ബന്ധിത കുടുംബാസൂത്രണം ഏറ്റവുമധികം ബാധിച്ചത് താഴെത്തട്ടിലുള്ള മനുഷ്യരേയാണ്- പാവപ്പെട്ട മുസ്‌ലിങ്ങളും ദളിതരുമൊക്കെ ടാര്‍ഗറ്റ് തികയ്ക്കാനുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പിടിയില്‍പെട്ടു. അടിയന്തരാവസ്ഥ പോലീസ് സംവിധാനത്തിന് മുമ്പുണ്ടായിരുന്നതിലേറെ അധികാരങ്ങള്‍ നല്‍കി. നിയമവാഴ്ച അവര്‍ക്ക് വിധേയമായി- തിരിച്ചാണ് ജനാധിപത്യത്തില്‍ വേണ്ടതെങ്കിലും. പഴയ ദില്ലിയിലെ മുസ്‌ലിം ഗല്ലികളിലൊക്കെ സഞ്ജയന്റെ കാലാള്‍പ്പട വേട്ടയ്ക്കിറങ്ങിയിരുന്നു. തുര്‍ക്കമന്‍ ഗേറ്റിലേയും മറ്റും ബുള്‍ഡോസര്‍ ആക്രമണത്തില്‍ ജനം ഭയചകിതരായി. പേടിയുടെ വലിയ കരിമ്പടം ജനതയുടെ മേല്‍ വീണു.

അതെ, ഭയം തന്നെയായിരുന്നു അടിയന്തരാവസ്ഥയുടെ സ്ഥായീഭാവം. വൈലോപ്പിള്ളി എഴുതിയത് പോലെ എല്ലാം ബ്രീട്ടീഷുകാരുടെ കാലത്തെന്നപോലെ ഭംഗിയായി നടന്നു ട്രെയിനുകള്‍ സമയത്ത് ഓടുന്നതുള്‍പ്പെടെ. ആ കാലത്തിന്റെ ആത്മാവ് പിടിച്ചെടുത്ത കവിതയാണ് ഹിന്ദി കവി സര്‍വ്വേശ്വര്‍ ദയാല്‍ സക്‌സേനയുടെ ചുവന്ന സൈക്കിള്‍.

”രാത്രി മുഴുവനും
മുള്ളുവേലിയില്‍ ചാരി
ഒറ്റയ്ക്ക് വിഷണ്ണനായി
ഒരു ചുവന്ന സൈക്കിള്‍ നില്‍പ്പുണ്ടായിരുന്നു.
പോലീസിന്റെ വിസില്‍ മുഴങ്ങിയിരുന്നു
കനത്ത ബൂട്ടുകള്‍ നിലത്ത്
ആഞ്ഞുപതിക്കുന്നുണ്ടായിരുന്നു.
വെളുപ്പിന്
ഒരു കുട്ടി അവിടെയെത്തി
സൈക്കിളിന്റെ തണുത്തു നനവേറിയ
ബെല്ലില്‍ കളിച്ചുതുടങ്ങി.
പെട്ടെന്ന്,
ഒരു വലിയ കറുത്ത വാന്‍
സൈറണ്‍ മുഴക്കി അലറിയടുത്തെത്തി നിന്നു
സൈക്കിളിന്റെ കാര്യം മറന്ന് കുട്ടി
വാനിന്റെ മേലാപ്പില്‍
ചിമ്മിത്തെളിയുന്ന നീലവെളിച്ചം
കൗതുകത്തോടെ നോക്കിനിന്നു.
കറുത്ത വാന്‍ കുട്ടിയുമായി കടന്നുപോയി.
നിലത്ത് വീണുകിടക്കുന്ന ജനാലക്കമ്പികളുടെ
നിഴലു കണ്ട്
ഞാന്‍ ആദ്യമായി ഭയചകിതനായി.”

യു.പി. ജയരാജ് അക്കാലത്ത് എഴുതിയ ഒരു കഥയില്‍ ”വിദൂരമായ ആകാശച്ചെരുവുകളില്‍ നിന്നും ഇരപിടിക്കുന്ന പൂച്ചയുടെ നിശ്ശബ്ദ ജാഗ്രതയോടെ” സമതലങ്ങളിലെ നിവാസികളെ ആക്രമിക്കുന്ന മഞ്ഞിനെക്കുറിച്ച് എഴുതുന്നുണ്ട്. അസ്വാഭാവികമായ ഒരു കോടമഞ്ഞുപോലെ ഭയം അന്ന് എല്ലാവരേയും ബാധിച്ചിരുന്നു എന്ന് അനുഭവസ്ഥര്‍ പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ എല്ലാം നിശ്ശബ്ദമായിരുന്നു. പ്രതിപക്ഷ നേതാക്കള്‍ തടങ്കലിലായിരുന്നു. ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസിനെപ്പോലെ ചിലര്‍ മാത്രം ഒളിവില്‍ സഞ്ചരിച്ചു. ആര്‍എസ്എസ് നേതൃത്വം ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തുകളയച്ചു. തങ്ങളുടെ മേലുള്ള നിരോധനം നീക്കണമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശനിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ അനുവദിക്കണമെന്നും അവര്‍ കരുതി. വിനോബ പറഞ്ഞതുപോലെ അടിയന്തരാവസ്ഥ അനുശാസനപര്‍വ്വം മാത്രമായി കാണേണ്ടതേയുള്ളൂ എന്ന് ജയില്‍വാസം അവരെ പഠിപ്പിച്ചുകാണണം. പത്രങ്ങള്‍ പൊതുവേ അനുസരണക്കാരായി പ്രവര്‍ത്തിച്ചു. ഇടയ്ക്കിടെ കത്തുകളായും കാര്‍ട്ടൂണുകളായുമൊക്കെ കുസൃതി രൂപത്തില്‍ വിമര്‍ശനം പ്രത്യക്ഷപ്പെട്ടു. ഐറണി സെന്‍സര്‍മാരുടെ കണ്ണടകള്‍ക്ക് പിടിച്ചെടുക്കാവുന്നതായിരുന്നില്ല. അങ്ങനെ കാലം നീങ്ങി. എതിര്‍പ്പ് സംഘടിതമായ രൂപത്തിലുണ്ടായത് വിദേശത്താണ്. ഷിക്കാഗോവിലും മറ്റ് ക്യാമ്പസുകളിലും ബുദ്ധിജീവികളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അടിയന്തിരാവസ്ഥാ വിരുദ്ധ പ്രവര്‍ത്തനം നടത്തിപ്പോന്നു. ഇന്ത്യന്‍ ക്യാമ്പസുകളില്‍ തുടക്കത്തിലുണ്ടായ പ്രതിഷേധങ്ങള്‍ പോലീസ് അടിച്ചമര്‍ത്തി.

പ്രസിദ്ധമായ മറ്റൊരു ചെറുത്തുനില്‍പ്പുണ്ടായത് സുപ്രീം കോടതിയില്‍ ജഡ്ജിയായിരുന്ന എച്ച്ആര്‍ ഖന്ന എഡിഎം ജബല്‍പൂര്‍ കേസ് എന്ന പ്രമാദമായ വിധി പ്രസ്താവത്തില്‍ നടത്തിയ ഭിന്നാഭിപ്രായം വഴിയാണ്. അടിയന്തരാവസ്ഥാക്കാലത്ത് പൗരാവകാശങ്ങളും ജീവിക്കാനുള്ള അവകാശം തന്നേയും റദ്ദു ചെയ്യപ്പെട്ടിരിക്കുന്നു എന്ന കോടതിയുടെ പരാമര്‍ശത്തെ ഖന്ന എതിര്‍ത്തു. Habeous Corpus നിലനില്‍ക്കുന്നുണ്ടോ എന്നതായിരുന്നു കേസിലെ കാതലായ ചോദ്യം) ഒറ്റയ്ക്കും തെറ്റയ്ക്കും ചെറു പ്രതിഷേധങ്ങള്‍ നടന്നില്ല എന്നല്ല, അവയൊന്നും ഇന്ദിരാഗാന്ധിയെ ഉലയ്ക്കാന്‍ പോന്നതായിരുന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടിയന്തരാവസ്ഥാ പ്രഖ്യാപനം പോലെ അപ്രതീക്ഷിതമായിരുന്നു 1977 ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും. ഇന്ത്യന്‍ യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന 1936ല്‍ സ്ഥാപിച്ച അച്ഛന്റെ ഓര്‍മ്മയാണോ അമിതാത്മവിശ്വാസമായിരുന്നോ ജയം ഉറപ്പുനല്‍കിയ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളാണോ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ബുദ്ധിജീവി വൃന്ദം ഉയര്‍ത്തിയ വിമര്‍ശനമാണോ ഇന്ദിരയെ അടിയന്തിരാവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഇന്നും നമുക്കറിയില്ല. ഒരുപക്ഷേ ഇവയോരോന്നും സ്വാധീനം ചെലുത്തിയിരുന്നിരിക്കാം. പെട്ടെന്ന് തട്ടിക്കൂട്ടിയ പ്രതിപക്ഷ മുന്നണി ജനതാപാര്‍ട്ടിയായി രൂപം കൊണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി. അലഹാബാദ് കേസിലെ ഹര്‍ജിക്കാരന്‍ സോഷ്യലിസ്റ്റ് നേതാവ് രാജ്‌നാരായണ്‍ റായ്ബറേലിയില്‍ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തി. ജനത അധികാരത്തിലേറി അടിയന്തരാസ്ഥക്കാലത്തെ ഭരണഘടനാ ഭേദഗതികള്‍ റദ്ദുചെയ്തു.

അടിയന്തരാവസ്ഥക്കാലം പഠിക്കാന്‍ ജസ്റ്റിസ് ഷായെ നിയമിച്ചു. ടീം ഷാ തയ്യാറാക്കിയ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തരാവസ്ഥയുടെ ജീവചരിത്രമാണ്. അക്കാലത്തുണ്ടായ അത്യാചാരങ്ങളൊക്കെ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുള്ള പുസ്തകം. അടിയന്തരാവസ്ഥയ്ക്ക് പരിസരമൊരുക്കിയ കാരണങ്ങള്‍- 60 കള്‍ മുതലുള്ള രാഷ്ട്രീയ ഛിദ്രങ്ങള്‍, എഴുപതുകളിലെ എണ്ണഷോക്ക്, ഉള്ളിവില വര്‍ദ്ധനയും വിലക്കയറ്റവും, റെയില്‍വേ സ്‌ട്രൈക്ക്, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍, അന്താരാഷ്ട്ര സാഹചര്യം- ഒന്നും തന്നെ ജസ്റ്റിസ് ഷാ പരാമര്‍ശിക്കുന്നില്ലെങ്കിലും അടിയന്തരാവസ്ഥാ പഠനത്തിന്റെ ഇന്നും ഏറ്റവും നല്ല തുടക്കം ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് വായന തന്നെയാണ്.

80 ല്‍ വലിയ ഭൂരിപക്ഷത്തില്‍ ഇന്ദിര ഭരണത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പികള്‍ അപ്രത്യക്ഷമായി. ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ റിപ്പോര്‍ട്ട് തപ്പിയിറങ്ങിയ എനിക്ക് അതിന്റെ മുക്കും മൂലയും മാത്രമാണ് അന്ന് ലഭിച്ചത്. കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ട് പറഞ്ഞത് കോപ്പികള്‍ നശിപ്പിക്കപ്പെട്ടുവെന്നാണ്. തമിഴ്‌നാട്ടിലെ നേതാക്കളായിരുന്ന ഇരാ ചെഴിയന്‍ തന്റെ കോപ്പി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി

3

അമ്പതാണ്ടുകള്‍ക്കപ്പുറം അടിയന്തരാവസ്ഥയുടെ കണക്കെടുക്കലിന്റെ ഭാഗമായി പറയുന്ന രണ്ട് കാര്യങ്ങള്‍ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ഒന്ന്, അടിയന്തരാവസ്ഥ ഏറ്റവുമധികം പ്രയോജനം ചെയ്തത് സംഘപരിവാറിനാണ്. ഗാന്ധി വധത്തിന് ശേഷം പ്രതിരോധത്തിലായ സംഘപരിവാറിന് രാഷ്ട്രീയ മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ അത് സാഹചര്യമൊരുക്കി. അതിന് കാരണക്കാര്‍ ജയപ്രകാശ് നാരായണനാണ്. ആര്‍എസ്എസ്സിനെ മനസ്സിലാക്കുന്നതില്‍ ജെപിയും സോഷ്യലിസ്റ്റുകളുമൊക്കെ പരാജയപ്പെട്ടു. അതിന്റെ പരിണാമമായി ഇന്ന് കാണുന്ന സംഘപരിവാര്‍ ഭരണം. രണ്ട്, ഒരപ്രഖ്യാപിത അടയന്തരാവസ്ഥ ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. (ഒരര്‍ത്ഥത്തില്‍ ഈ രണ്ട് നിഗമനങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ട്.) ഈ രണ്ട് നിഗമനങ്ങളും ചേര്‍ത്തുവായിക്കേണ്ടതാണ്.

ആദ്യത്തേത് ജെപിയുടെ രാഷ്ട്രീയ നയത്തിലെ പാളിച്ചകളിലേക്ക് കൈ ചൂണ്ടുന്നു. കാല്പനികതയായിരുന്നു ജെപി എന്ന രാഷ്ട്രീയ നേതാവ്. 1930 കള്‍ മുതല്‍ക്കുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പരിശോധിക്കുമ്പോള്‍ പ്രായോഗികമായി ചിന്തിക്കുന്ന-ഗാന്ധിജി ആദര്‍ശവാദിയും ഒപ്പം പ്രായോഗിക രാഷ്ട്രീയക്കാരനുമായിരുന്നു-ഒരു രാഷ്ട്രീയ നേതാവിന്റെ അഭാവം കാണാന്‍ കഴിയും. തന്റെ ഇവമൃശാെമ പലപ്പോഴും സംഘടനാശക്തിയായി പരാവര്‍ത്തനം ചെയ്യാന്‍ ജെപിക്ക് കഴിയാതെ പോന്നിട്ടുണ്ട്. അമ്പതുകളില്‍ ലോഹ്യമായുണ്ടായ വിയോജിപ്പുകളിലും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഭൂദാനപ്രസ്ഥാനത്തിലേക്ക് പോകുന്നതിലും ജെപി എന്ന കാല്പനികന്റെ, ആദര്‍ശവാദിയുടെ സ്വരൂപം നമുക്ക് കാണാന്‍ കഴിയും.

എന്നാല്‍, ആദര്‍ശ ധീരനായ ജെപി പ്രായോഗികവാദിയായ സന്ദര്‍ഭമായിരുന്നു അടിയന്തരാവസ്ഥാക്കാലം. സമ്പൂര്‍ണ്ണ വിപ്ലവമെന്ന ആശയം മാവോയുടെ സാംസ്‌കാരിക വിപ്ലവം പോലെയൊരു പരിപാടിയായിരുന്നു. അതിനുവേണ്ടുന്ന സംഘടനാ പാടവമോ സംവിധാനമോ അനുചര വൃന്ദമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അടിയന്തരാവസ്ഥയുടെ പ്രത്യേക സന്ദര്‍ഭത്തില്‍ ഒരിക്കലും ഹിന്ദു തീവ്രവാദത്തോട് ആഭിമുഖ്യം കാണിച്ചിട്ടില്ലാത്ത ജെപി ആര്‍എസ്എസ്സിന്റെ സഹായം സ്വീകരിക്കുകയാണ്. ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനായി ആരുമായും കൂട്ടുകൂടാം എന്ന നിലപാടിനെ അന്നത്തെ സന്ദര്‍ഭത്തില്‍ പ്രായോഗികമായ നിലപാടായിരുന്നു. ജെപി എന്നല്ല പ്രതിപക്ഷം ഏതാണ്ട് ഒന്നടങ്കം-സിപിഎമ്മിന്റെ ബഹുഭൂരിപക്ഷം നേതാക്കളേയും, ഒരു പക്ഷേ സുന്ദരയ്യ ഒഴികെ- അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ സാഹചര്യങ്ങള്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. രണ്ട്, ചത്തുപോയ ഒരു കുതിരയെ ജീവിപ്പിക്കാനായിരുന്നില്ല ആ നടപടി. ഇന്ന് കാണുന്ന സ്വാധീനമൊന്നും അന്ന് ആര്‍എസ്എസ്സിന് ഇല്ലെങ്കിലും. വടക്കേയിന്ത്യയില്‍ പ്രത്യേകിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും ദില്ലിയിലുമൊക്കെ ജനസംഘത്തിന് ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. 1960 കളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 10% വോട്ട് വരെ നേടിയിരുന്ന രാഷ്ട്രീയപാര്‍ട്ടിയായിരുന്നു ജനസംഘം. അതിനകത്ത് തന്നെ ലോഹ്യയുടെ കോണ്‍ഗ്രസ്സ് വിരുദ്ധ മുന്നണികളില്‍ ചേര്‍ന്നോ എന്നതിനെച്ചൊല്ലി വലിയ തര്‍ക്കങ്ങള്‍ നടക്കുകയും വലിയ നേതാക്കള്‍ അതേച്ചൊല്ലി വിട്ടുപോവുകയും ചെയ്യുന്നുണ്ട്.

1960 കളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാകുന്ന വലിയ മാറ്റങ്ങളുടെ പല ഗുണഭോക്താക്കളിലൊന്നായിരുന്നു ജനസംഘം. കോണ്‍ഗ്രസ്സ് എന്ന ആല്‍മരം ശോഷിച്ചു തുടങ്ങുന്നത് 60 കളിലാണ്. ലോഹ്യ സൃഷ്ടിച്ച സാമൂഹ്യനീതി രാഷ്ട്രീയം പുതുതായി ഉയര്‍ന്നുവന്ന കര്‍ഷക-പിന്നോക്ക വര്‍ഗ്ഗജാതികള്‍ക്ക് രാഷ്ട്രീയാധികാരം നേടാനുള്ള കൈ ചൂണ്ടിയായി. കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ട്രേഡ് യൂണിയന്‍ രംഗത്ത് ശക്തി നേടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പിളര്‍പ്പും കോണ്‍ഗ്രസ്സിലെ ചേരി തിരിയലുകളും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ ബഹളങ്ങളും ജനസംഘത്തിന് പ്രതിപക്ഷ രാഷ്ട്രീയം പറയാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി എന്നുവേണം പറയാന്‍.

അടല്‍ ബിഹാരി വാജ്‌പേയി എന്ന ചെറുപ്പക്കാരന്‍ നേതാവ് ജനസംഘത്തിനെ തീവ്രഹിന്ദു യാഥാസ്ഥിതിക നിലപാടുകളില്‍ നിന്നും പ്രതിപക്ഷത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്ന കാലമാണിത്. ഇതാണ് ജെപി ജനതയിലേക്ക് ജനസംഘത്തെ ക്ഷണിച്ചതിന്റെ സന്ദര്‍ഭം.

വാസ്തവത്തില്‍ ജനസംഘം മാറി ഭാരതീയ ജനതാപാര്‍ട്ടിയായശേഷവും അയോധ്യാ പ്രസ്ഥാനം വരേ കാത്തിരിക്കേണ്ടിവന്നു ആ പാര്‍ട്ടിക്ക് ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യമായ ഒരിടം നേടാന്‍. ഒരു സവര്‍ക്കറൈറ്റ് സംഘടനയായി അദ്വാനിയുടെ കീഴില്‍ മാറുന്ന ബിജെപി-വിശ്വഹിന്ദു പരിഷത്ത് നേതൃത്വം കൊടുത്തിരുന്ന രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും രഥയാത്ര നടത്തുകയും ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഉത്തരവാദിത്തം അന്നവര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിന് കാരണം തങ്ങളുടെ രാഷ്ട്രീയ ശക്തിയെക്കുറിച്ച് അവര്‍ക്ക് ധാരണയുണ്ടായിരുന്നതുകൊണ്ടാണ്. ’96ല്‍ 13 ദിവസത്തെ വാജ്‌പേയി സര്‍ക്കാര്‍ വീണത് സെക്കുലറിസം എന്ന ആദര്‍ശം മുന്‍നിര്‍ത്തി പല കോണ്‍ഗ്രസ്സിതര രാഷ്ട്രീയ പാര്‍ട്ടികളും ബിജെപിയുമായി കൂട്ടുകൂടാന്‍ തയ്യാറാകാത്തതുകൊണ്ടാണ് എന്ന് മറക്കരുത്. തൊണ്ണൂറുകളിലെ സാമ്പത്തിക മാറ്റങ്ങളും അത് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും ബോംബാക്രമണങ്ങളും മറ്റുമുണ്ടാക്കിയ അനിശ്ചിതാവസ്ഥയും ലോക വ്യാപകമായി ഉടലെടുത്ത ഇസ്ലാമോഫോബിയയും അമിത ഉപഭോക്ത്ര് സംസ്‌കാരം ഇല്ലാതാക്കിയ നൈതിക രാഷ്ട്രീയവും അഴിമതിയുമൊക്കെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായകരമായി. ഹിന്ദുത്വ രാഷ്ട്രീയം ബദല്‍ രാഷ്ട്രീയമായി ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നു. അതിനെ രാഷ്ട്രീയമായി നേരിടാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഹിന്ദുത്വത്തിനൊരു രാഷ്ട്രീയ ബദല്‍ എന്ന നിലയില്‍ സെക്കുലര്‍ രാഷ്ട്രീയത്തെ സാമൂഹ്യനീതിയും സാമ്പത്തിക രീതിയുമായി പുനര്‍വിഭാവന ചെയ്ത് ഒരു പുതിയ നൈതിക ബോധം സൃഷ്ടിക്കുന്നതിലുള്ള പരാജയമാണ് ബിജെപി അധികാരത്തില്‍ തുടരുന്നതിന് കാരണം. അതിന്റെ ഉത്തരവാദി ജെപിയോ സോഷ്യലിസ്റ്റുകളോ അടിയന്തരാവസ്ഥയ്ക്ക് എതിരെ ജനാധിപത്യത്തിന്റെ നൈതികതയ്ക്ക് മുന്‍ഗണന നല്‍കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആരും തന്നേയുമല്ല. അടിയന്തരാവസ്ഥാ വിരുദ്ധ രാഷ്ട്രീയം വലതു ഹിന്ദു രാഷ്ട്രീയവുമായുള്ള അനുരഞ്ജനമല്ല എന്ന മധുലിമായെപോലെയുള്ളവര്‍ എഴുതിയും പ്രവര്‍ത്തിച്ചും കാണിച്ചുതന്നിട്ടുണ്ട്.

അപ്രഖ്യാപിത അടിയന്തിരാവസ്ഥ എന്നത് ഒരു metaphoral ആലോചനയാണ്. അടിയന്തരാവസ്ഥയെ ഒരു രാഷ്ട്രീയ കാലാവസ്ഥയായി മാത്രം കാണുകയാണെങ്കില്‍ അത് വ്യക്തമാവും. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയില്‍ പ്രകടമായ കാര്യങ്ങളില്‍ ചിലത് ഇതൊക്കെയാണ്. ഒന്ന്, നിയമവ്യവസ്ഥയെ സര്‍ക്കാരിന് വിധേയമാക്കിക്കൊണ്ട് ഭരണഘടനയേയും നിയമങ്ങളേയും വിമത സ്വരങ്ങളെ അടിച്ചമര്‍ത്താനായി ആയുധീകരിക്കല്‍. MISA, DISIR എന്നീ വകുപ്പുകള്‍ക്ക് പകരം ഡഅജഅ തുടങ്ങിയ വകുപ്പുകള്‍ ഇന്ന് പ്രതിപക്ഷ സ്വരങ്ങള്‍ക്കെതിരെ പ്രയോഗിക്കപ്പെടുന്നു. രണ്ട്, പ്രൊപ്പഗണ്ടയില്‍ കൂടി ജനമനസ്സ് പിടിച്ചെടുക്കല്‍. മൂന്ന്, സെന്‍സര്‍ഷിപ്പ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാന്‍ നിയമനിര്‍മ്മാണത്തിന് വരെ ഒരുങ്ങി പുറപ്പെട്ടിരുന്നു ’75 ല്‍ ഇന്ദിരാ ഭരണകൂടം. നാല്, സര്‍ക്കാര്‍ സംവിധാനത്തിന്റെ ശിക്ഷാസ്വഭാവം പര്‍വ്വതീകരിച്ച് ഭയം സൃഷ്ടിക്കല്‍. ബുള്‍ഡോസര്‍ ഭരണകൂടത്തിന്റെ പ്രതീകമായി ആദ്യമായി ഉയര്‍ന്നത് തുര്‍ക്കമാന്‍ ഗേറ്റിലെ നഗരനശീകരണ പരിപാടിയുടെ കാലത്താണ്. അഞ്ച്, രാജ്യരക്ഷ എന്നത് പ്രജാശിക്ഷയ്ക്കുള്ള ഒരു കാരണം മാത്രമായി ചുരുങ്ങി. ആരേയും എപ്പോഴും രാജ്യസുരക്ഷ എന്ന പേരില്‍ തടവിലാക്കാം. (ഇന്ദിര പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തപ്പോഴും അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചിരുന്നില്ല എന്ന് ലാലുപ്രസാദ് പറഞ്ഞത് മറക്കരുത്.) ആറ്, എല്ലാ സ്ഥിതിവിവരക്കണക്കും സര്‍ക്കാര്‍ തീരുമാനിക്കും. അപ്പോള്‍ തൊഴിലില്ലായ്മ ഇല്ലാതാകും, പട്ടിണി രാജ്യം വിടും, വികസനം വ്യാപിക്കും, ഇതിനൊക്കെ കാരണഭൂതനായ നേതാവിന് എല്ലാവരും സിന്ദാബാദ് വിളിക്കും. നേതാവ് അമാനുഷിക ശേഷിയുള്ള കള്‍ട്ടായി മാറുന്ന കാലമാണിത്. (എല്ലാ രാഷ്ട്രീയക്കാരും സ്വകാര്യമായി ആഗ്രഹിക്കുന്നത് ഇന്ദിരാഗാന്ധിയാകാനല്ലേ, അവരുടെ അനവധി ഗുണങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ പോലും!) ഏഴ്, രാജ്യതന്ത്രമെന്നത് ഒരു വലിയ നുണയായി മാറുന്നു. ഭയം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇനിയും ലിസ്റ്റിന് നീളം കൂടാം. നമ്മുടെ ഈ കെട്ട കാലത്തേയും ഈ ലിസ്റ്റ് വെച്ച് അളന്നുനോക്കിയാല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെകുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് വ്യക്തത ലഭിക്കും.

4

പത്തൊമ്പത് മാസങ്ങള്‍ക്ക് ശേഷം ഇന്ദിര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ’75 ജൂണ്‍ 25 ന് താനെടുത്ത തീരുമാനത്തെ അവര്‍ തള്ളിപ്പറഞ്ഞില്ല. തന്റെ ഭരണകൂടം നടത്തിയ അതിക്രമങ്ങളെ ന്യായീകരിച്ചുമില്ല. രണ്ടു കാര്യത്തില്‍ അവര്‍ ഉറച്ചുനിന്നു. ഒന്ന്, ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യമാണ്. മതത്തിലൂന്നിയുള്ള രാഷ്ട്രീയം അപകടമാണ്. രണ്ട്, ഒരു വിദേശ ശക്തിക്കും അമിതമായി കീഴ്‌പ്പെടാന്‍ ഇന്ത്യ തയ്യാറാവരുത്. ഇന്ത്യന്‍ നിലപാടുകള്‍ ഇന്ത്യനവസ്ഥ പരിഗണിച്ച് തീരുമാനിക്കേണ്ടതുണ്ട്. മൂന്ന്, മതത്തിന് സമൂഹത്തില്‍ സ്വാധീനം ചെലുത്താം, എന്നാല്‍ ഭരണത്തില്‍ പാടില്ല.

’77 ലെ ജനതയുടെ വിജയം പരിശോധിക്കുമ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. ഒന്ന്, അടിയന്തിരാവസ്ഥയെ മുഴുവന്‍ ഇന്ത്യയും തിരസ്‌ക്കരിച്ചില്ല. തെക്കെ ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് അഭൂതപൂര്‍വ്വമായ വിജയം നേടുകയുണ്ടായി. വടക്കേയിന്ത്യ, കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞു. മലയാളികള്‍ കാല്പനീകരിച്ചു പറയുന്ന തരത്തില്‍ നിരക്ഷരനായ വടക്കേയിന്ത്യന്‍ പൗരന്റെ രാഷ്ട്രീയ ബുദ്ധിയാവണമെന്നില്ല അതിനു പിന്നില്‍. കോണ്‍ഗ്രസ്സിന്റെ ശക്തി മുസ്ലിം, ദളിത്, ബ്രാഹ്മിണ്‍ വോട്ടായിരുന്നു. നിര്‍ബന്ധിത കുടുംബാസൂത്രണം ബാധിച്ചത് ഏറെയും മുസ്ലിമിനേയും ദളിതനെയുമാണ് തെക്കേയിന്ത്യയില്‍ ഇതൊരു വിജയമായിരുന്നില്ല. വടക്കേയിന്ത്യന്‍ പൗരന്റെ പൗരുഷത്വത്തിലാണ് സ്ത്രീയായ ഒരു ഭരണാധികാരി നടപടിയെടുത്തത്! ജാതി മതത്തിന് അപ്പുറത്ത് ഒരു ആണ്‍സ്വരമാണ് വടക്കേയിന്ത്യയിലെ വോട്ടറുടേത് അന്നും ഇന്നും. കോര്‍ വോട്ട് നഷ്ടപ്പെട്ട കോണ്‍ഗ്രസ്സ് ശുഷ്‌ക്കമായി.

രണ്ട്, ’77 ലെ തിരഞ്ഞെടുപ്പിലാണ് ഇന്ത്യയിലാദ്യമായി കോണ്‍ഗ്രസ്സും പ്രതിപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്നത്. പ്രതിപക്ഷ വോട്ട് ഭിന്നിക്കാതെയുണ്ടായ തിരഞ്ഞെടുപ്പില്‍ അടിയന്തരാവസ്ഥയുടെ ക്ഷീണം പേറിയിരുന്ന ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. പ്രതിപക്ഷ ഐക്യം അന്ന് എന്നപോലെ ഇന്നും പ്രസക്തമാണ്. അടിയന്തിരാവസ്ഥ വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നും ഉയര്‍ന്നുവന്നതാണ് സംഘടിതമായ പൗരാവകാശ പ്രസ്ഥാനങ്ങളും സിവില്‍ സൊസൈറ്റി രാഷ്ട്രീയവും. ഫെഡറലിസവും കേന്ദ്രീകൃത ഭരണത്തോടുള്ള എതിര്‍പ്പും അന്ന് ഉയര്‍ന്നുവന്നിരുന്നു. തുര്‍ക്കുമന്‍ ഗേറ്റിലെ ബുള്‍ഡോസര്‍ ജഹാംഗിര്‍പുരിയിലും യുപിയിലും മധ്യപ്രദേശിലും ഉരുളുന്നു.

അടിയന്തിരാവസ്ഥാക്കാലത്ത് വലിയ നക്‌സല്‍ വേട്ട നടന്നിരുന്നു. നൂറുകണക്കിനാളുകളാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

അതെ, അടിയന്തിരാവസ്ഥ ഒരു ചരിത്ര സന്ദര്‍ഭം മാത്രമല്ല, അത് കാലാതീതമായി നമ്മെ വരിഞ്ഞുമുറുക്കാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥ കൂടിയാണ്.

1977 ല്‍ നിന്നും ഇന്ത്യ ഒരുപാട് മാറിയിരിക്കുന്നു. എങ്കിലും അടിയന്തരാവസ്ഥയുടെ അനുഭവപാഠങ്ങള്‍ ഇന്നത്തെ രാഷ്ട്രീയാവസ്ഥ മനസ്സിലാക്കാന്‍ സഹായിച്ചേക്കാം.

(കടപ്പാട് – പാഠഭേദം)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply