മുന്നോക്കസംവരണം : അജിത് എം എസിന്റെ 36 വാദങ്ങള്‍ക്ക് മറുപടി

അജിത്തിന്റെ വാദങ്ങള്‍ പാര്‍ട്ടിക്കു തെറ്റുപറ്റില്ല എന്ന വിശ്വാസം ഉറച്ചുപോയവര്‍ക്ക് കൈയടിക്കാനുള്ള സൂത്രപ്പണികളാണ്. വായിക്കുന്തോറും അതിന്റെ പൊള്ളത്തരങ്ങള്‍ വെളിപ്പെട്ടുകൊണ്ടിരിക്കും. കേരളം ഒരു പാര്‍ട്ടിഗ്രാമമല്ല. പാര്‍ട്ടി കേഡര്‍മാര്‍ മാത്രമല്ല പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്. നിലവില്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും വെറുപ്പുണ്ടാക്കുന്ന ഈ വാദങ്ങളില്‍നിന്ന് അജിത്തിനെപ്പോലൊരു അക്കാദമീഷ്യന്‍ പിന്‍വാങ്ങണം. സമുദായങ്ങളെ ഭിന്നിപ്പിക്കുകയല്ല ഒരുമിപ്പിച്ചുനിര്‍ത്തുകയാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തം. കൃത്യം സെക്കുലര്‍ ബോധ്യത്തില്‍ ജീവിക്കുന്ന ഒരാള്‍ ഇതു തിരിച്ചറിയണം. പാര്‍ട്ടിയെ തിരുത്തണം.

മുന്നാക്ക സമുദായങ്ങള്‍ക്കുള്ള സാമ്പത്തികസംവരണത്തെ ന്യായീകരിച്ചു കൊണ്ട് ശ്രീ.അജിത് എം.എസ്. FB യില്‍ പ്രസിദ്ധീകരിച്ച 36 വാദങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.ആ 36 വാദങ്ങളോടുമുള്ള പ്രതികരണങ്ങങ്ങളാണിത്. വസ്തുതാപരമായ പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് സൂചിപ്പിക്കണമെന്നും അപേക്ഷ.

1. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ഒരു പ്രസ്താവന മാത്രമാകുന്നു.

2. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ എന്നു വിളിക്കാന്‍ പാടില്ല എന്നാണ് വാദം. ശരി. ആരാണീ സംവരണത്തിന്റെ ഗുണഭോക്താക്കള്‍? നായര്‍, ബ്രാഹ്മണര്‍ അമ്പലവാസികള്‍ പിന്നെ സംവരണ ചര്‍ച്ച നടക്കുന്ന കാലത്തു തന്നെ തങ്ങള്‍ക്കിതു വേണ്ടെന്നു പറഞ്ഞ സവര്‍ണ പാരമ്പര്യം അവകാശപ്പെടുന്ന കൃസ്ത്യാനികള്‍ തുടങ്ങിയവരാണ്. അവരെല്ലാം മുന്നോക്കക്കാരല്ലാതെ മറ്റാരാണ് ? ആ വാദത്തിന് എന്തടിസ്ഥാനമാണുള്ളത് ? അജിത്ത് മുപ്പത്തിനാലാമത്തെ ചോദ്യത്തിന്റെ ഉത്തരം തുടങ്ങുന്നത് തന്നെ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ എന്നു പ്രയോഗിച്ചു കൊണ്ടാണ്. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ മതമില്ലാത്തവര്‍ 0.26 ശതമാനമാണ്. 99.74 ശതമാനവും മുന്നോക്കക്കാര്‍ തന്നെ. മുന്നോക്കത്തിലെ പിന്നോക്കാര്‍ എന്ന പ്രയോഗത്തിന്റെ നാണക്കേട് 0.26 വരുന്ന മതരഹിതര്‍ മാറ്റുമായിരിക്കും.

3, 4 ചോദ്യങ്ങള്‍ മുസ്ലിം സംവരണവുമായി ബന്ധപ്പെട്ടതാണ്.
ഈ വിഷയത്തില്‍ അജിത്തിന് വേണ്ടത്ര ധാരണയില്ലെന്നു വ്യക്തം. അല്ലെങ്കില്‍ ചുമ്മാ തെറ്റിദ്ധരിപ്പിക്കുന്നു. മുസ്ലീങ്ങളുടെ കാര്യം പറയാന്‍ വേണ്ടി മാത്രം കേരളത്തിനു പുറത്തേക്കു പോകുന്നു. ഭൂരിപക്ഷം മുസ്ലിങ്ങള്‍ക്കും സംവരണമില്ല എന്നാണദ്ദേഹം പറയുന്നത്. 8 കോടി എന്ന ഒരു കണക്ക് അദ്ദേഹം കൊടുത്തിട്ടുണ്ട്. ഒരു തരത്തിലും വസ്തുതകളുമായി യോജിക്കാത്തതാണിത്. ഇന്ത്യയിലെ അശ്രഫ് മുസ്ലിങ്ങള്‍ മാത്രം അതായത് ഖാന്‍ , പട്ടേല്‍, പഠാന്‍, സയ്യിദ് ,ഷാ തുടങ്ങി വളരെ ന്യൂനപക്ഷം വരുന്ന വിഭാഗങ്ങള്‍ മാത്രമാണ് നിലവില്‍ സംവരണം ലഭിക്കാത്തവരായി ഉള്ളത്. ഭൂരിഭാഗം മുസ്ലിങ്ങളും അജ്‌ലഫുകളോ അര്‍സലുകളോ ആണ്. ഒ.ബി സി മുസ്ലിങ്ങളോ ദളിത് മുസ്ലിങ്ങളോ ഒക്കെയാണ്. ഈ ഭൂരിഭാഗം പേരും നിലവില്‍ ഒ ബി സി സംവരണത്തില്‍ പെടുന്നവരാണ്. ചില സംസ്ഥാനങ്ങളില്‍ അവര്‍ക്ക് പ്രത്യേകം തന്നെ സംവരണവുമുണ്ട്. അപ്പോള്‍ സംവരണേതര മുസ്ലിങ്ങള്‍ എന്നത് പഴയ രാജഭരണത്തിന്റെയൊക്കെ തുടര്‍ച്ചയിലുള്ള കുറച്ചു വരേണ്യ മുസ്ലിങ്ങള്‍ക്കു മാത്രമാണ് ഇതിന്റെ ആനുകൂല്യം കിട്ടുന്നത്. അതിനു പകരം ഭൂരിപക്ഷം മുസ്ലിങ്ങള്‍ക്കും എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. അജിത്ത് പറഞ്ഞ 8 കോടിയുടെ കണക്ക് (സ്‌ക്രീന്‍ഷോട്ടായാലും മതി) ഒന്നു കാണണം.

5. ഈ ചോദ്യത്തിലെ കുബുദ്ധി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ചോദ്യത്തില്‍ പ്രത്യേകമായി രണ്ടു പാര്‍ട്ടികളെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. അതൊന്നു വെല്‍ഫെയര്‍ പാര്‍ട്ടിയും രണ്ടാമത്തെത് ജമാഅത്തെ ഇസ്ലാമിയാമിയുമാണ്. അവര്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതാണ് ചോദ്യം. എന്തുകൊണ്ടായിരിക്കും ഇങ്ങനെ രണ്ടു പാര്‍ട്ടികളെ മാത്രം പേരെടുത്ത് പറഞ്ഞത്? ഈ മുന്നോക്ക സംവരണത്തിന് ഒരുപക്ഷേ ഏറ്റവും ഗണപരമായിട്ട് അഥവാ ക്വാണ്ടിറ്റേറ്റീവ് ആയിട്ട് ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത് ഇന്ത്യയിലെ ദലിത് പ്രസ്ഥാനങ്ങളാണ്. ഇന്ത്യയിലെ ഓബിസി പ്രസ്ഥാനങ്ങളാണ്. എന്നിട്ടും അവ തമസ്‌ക്കരിച്ച് ഇങ്ങിനെ ചെയ്യുന്നതിന്റെ ഉദ്ദേശ്യമെന്താണ്? ഈ രണ്ടു പാര്‍ട്ടികളെ, അവരുടെ രാഷ്ട്രീയത്തെ ശത്രുപക്ഷത്ത് വെച്ച് അപ്പോള്‍ തന്നെ വാദം പകുതിയും ജയിക്കാനുള്ള തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. വളരെ എളുപ്പത്തില്‍ ഒരു പോളറൈസേഷന്‍ സൃഷ്ടിക്കുന്ന ആ ബുദ്ധിക്കാണ് അഭിനന്ദനം. അജിത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയാകാന്‍ വീട്ടിന്റെ മുമ്പിലെ റോഡിലേക്കങ്ങു കയറിയാല്‍ മതി. പക്ഷേ ആയിരം കിലോമീറ്റര്‍ ഹഡില്‍സ് ചാടിക്കടന്നാണ് എന്നെപ്പോലുള്ളവര്‍ കമ്യൂണിസ്റ്റ് അനുഭാവികളാകുന്നത്. ഈ ആലോചനയില്ലാത്ത മുന്നോക്കസംവരണത്തെ എതിര്‍ക്കുന്നതിന്റെ പേരില്‍ എന്നെപ്പോലുള്ളവരെയും ജമാഅത്തോ സ്വത്വവാദിയോ ആക്കാന്‍ ഇത്തരക്കാര്‍ക്ക് വളരെ എളുപ്പമാണ്.
അഞ്ചും ആറും ചോദ്യങ്ങള്‍ അത്തരം നെറികെട്ട പോളറൈസേഷനുള്ള ശ്രമമാണ്. എതിര്‍ക്കാന്‍ വരുന്നവരെ മുന്‍കൂര്‍ ചാപ്പകുത്തുന്നതിലൂടെ ചര്‍ച്ചയെ ചെളി നിറഞ്ഞ ഒരു മൂലയിലേക്ക് തള്ളിവിടുകയാണ്.  മുന്നോക്കപിന്നോക്ക ബില്ല് പാര്‍ലമെന്റില്‍ എതിര്‍പ്പുകളില്ലാതെ പാസാക്കപ്പെട്ടു എന്നു പറയുമ്പോള്‍ കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോള്‍ വോട്ടെടുപ്പുപോലും നടന്നില്ല എന്ന കാര്യം അജിത്ത് ഓര്‍ത്തില്ലെങ്കിലും വായനക്കാര്‍ ഓര്‍ക്കും. CAB പാര്‍ലെമെന്റില്‍ എളുപ്പത്തില്‍ പാസാക്കപ്പെട്ടെങ്കിലും എതിര്‍പ്പുയര്‍ന്നത് തെരുവിലായിരുന്നു. കാര്‍ഷികബില്ലുകളും തൊഴില്‍നിയമങ്ങളിലെ വെള്ളം ചേര്‍ക്കലുകളും പാര്‍ലമെന്റിനു പുറത്ത് വമ്പിച്ച രീതിയില്‍ ചെറുത്തുകൊണ്ടിരിക്കുന്നത് സി.പി.എം.നേതൃത്വത്തിലാണ്. ബി.ജെ.പി.യുടെ ബ്ലാക് മെയിലിംഗ് പൊളിറ്റിക്‌സ് പാര്‍ലമെന്റില്‍ ബി.എസ്.പി.അടക്കമുള്ള പാര്‍ട്ടികളെ നിശ്ശബ്ദരാക്കിയെങ്കിലും പുറത്ത് ദളിത് പ്രസ്ഥാനങ്ങളും യാദവപ്രസ്ഥാനങ്ങളും തമിഴ്‌നാട്ടിലും മറ്റുമുള്ള ദ്രാവിഡപ്രസ്ഥാനങ്ങളും എതിര്‍ത്തിട്ടുണ്ട്, എതിര്‍ത്തുകൊണ്ടിരിക്കുന്നുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ കുത്തക അവകാശപ്പെടുന്ന പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ നിലപാട് വേറെയായിപ്പോയത് അവരുടെമാത്രം പോരായ്മ.

6 ഈ ചോദ്യത്തിന് ജമാഅത്തും വെല്‍ഫെയര്‍ പാര്‍ട്ടിയും ഉത്തരം പറയട്ടെ. പിന്നോക്ക സമുദായങ്ങളുടെ പക്ഷത്തു നിന്നുകൊണ്ടാണ് നമ്മള്‍ കാര്യങ്ങളെ നോക്കിക്കാണേണ്ടത്.

7. കേരളത്തില്‍ സംവരണം കൊണ്ടു വന്നത് ഇ എം എസ് ഗവണ്മെന്റാണ് എന്ന് അജിത് പറയുന്നു. പക്ഷേ തന്ത്രപരമായ ഒരു ചാട്ടമാണ് അദ്ദേഹം നടത്തുന്നത്. എപ്പോഴാണ് മുസ്ലീം/ഈഴവ സംവരണം വന്നത് എന്ന ചോദ്യത്തിന് ക്വാട്ടനിശ്ചയിച്ചത് ഇ.എം.എസ്.ആണ് എന്നാണ് മറുപടി. കേരളത്തിലെ സംവരണചര്‍ച്ചയ്ക്ക് ഒരുനൂറ്റാണ്ടെങ്കിലും പഴക്കമുണ്ട്. മലബാറിലെ ആവര്‍ത്തിച്ചുള്ള കലാപങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലീം ഈഴവ വിഭാഗങ്ങള്‍ക്ക് പ്രത്യേകസംവരണം ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിക്കുന്നുണ്ട്. ചുരുങ്ങിയത് വില്യംലോഗന്റെ മലബാര്‍ മാന്വലെങ്കിലും അജിത്തിന് ഒന്ന് മറിച്ചുനോക്കാമായിരുന്നു. 1930-കള്‍ തൊട്ട് തിരുവിതാംകൂറില്‍ നടന്ന പ്രാതിനിധ്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും ഈ ചാട്ടത്തില്‍ അജിത്ത് മറികടക്കുന്നു. ഇ.എം.എസ്. നിലവിലുണ്ടായിരുന്ന സംവിധാനം തുടരുകമാത്രമേ ചെയ്തിട്ടുള്ളൂ. തന്നെയുമല്ല അതില്‍ സാമ്പത്തികമാനദണ്ഡം കൊണ്ടുവന്ന് സംവരണത്തിന്റെ അടിസ്ഥാനസ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ചോദ്യത്തില്‍ മണ്ഡല്‍ കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ക്കു ശേഷമാണ് ഭാഗികമായെങ്കിലും സംവരണം നിലവില്‍ വന്നത് എന്ന വാദം മുന്നോട്ടു വെക്കുന്നു. എന്നതില്‍ ഭാഗികമായി എന്നു പറഞ്ഞത് ശരിയല്ല. ഇന്ത്യയില്‍ മുഴുവന്‍ ഒ ബി സി സംവരണം 27 ശതമാനം നിലവില്‍ വന്നു കഴിഞ്ഞതാണ്. പിന്നെ മതമില്ലാത്തവര്‍ എന്നൊക്കെ അദ്ദേഹം പറയുന്നത് ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ സീറോ പോയന്റ് എത്ര ശതമാനമായിരിക്കും എന്നാലോചിക്കുക. അഥവാ അത് കിട്ടുമോ എന്നതിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

8. എട്ടാമത്തെ ചോദ്യം ഇ.എം.എസിനെ ഭാഗികമായി ഉദ്ധരിച്ച് വെള്ളപൂശുകയാണ്. അജിത്ത് ഉദ്ധരിച്ചുനിര്‍ത്തിയതിന്റെ തൊട്ടടുത്ത ഖണ്ഡികയില്‍ (അധ്യായം X അനുച്ഛേദം 8) ഇങ്ങനെ പറയുന്നു.
One important point which we wish to stress in this connection is that the rule of rescrvauon for backward classes should not be applied to direct recruitment at intermediate levels. ment which is to secure the scrvices of persons of merit to fill up higher and responsible posts in the administrative hierarchy.
കൂടുതല്‍ ബുദ്ധിയും കഴിവും വേണ്ട പോസ്റ്റുകളിലേക്ക് പിന്നോക്കവിഭാഗങ്ങളിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന്. ഇതുകൂടി പറഞ്ഞാല്‍ ഉദ്ധരിക്കല്‍ അപകടം ചെയ്യുമെന്നറിയാവുന്നതുകൊണ്ടാണ്. ഇത് വിട്ടുകളഞ്ഞത്. പ്രമോഷനിലേക്ക് സംവരണം പാലിക്കേണ്ടതില്ലെന്നുകൂടി കമ്മീഷന്‍ റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നുണ്ട്. അജിത്തിന്റെ നെടുങ്കന്‍ ഉദ്ധരണിയില്‍ ഹൈലൈറ്റു ചെയ്ത ഭാഗങ്ങള്‍ എന്തായിരുന്നു നമ്പൂതിരിപ്പാടിന്റ നേതൃത്വത്തിലുള്ള കമ്മീഷന്റെ ഉള്ളിലിരിപ്പ് എന്നു വ്യക്തമാക്കുന്നതാണ്.
എന്തായാലും ഭരണപരിഷ്‌കരണ കമ്മീഷന്റെ നിര്‍ദ്ദേശം പാര്‍ട്ടി തള്ളിക്കളഞ്ഞതാണ്. പിന്നീട് നിട്ടൂര്‍ കമ്മീഷനും നടപ്പാക്കിയില്ല. പ്രധാനപ്പെട്ട കാര്യം പാര്‍ട്ടി എന്നാല്‍ ഇ.എം.എസ് ആണ് എന്ന വാദമാണ് അജിത് ഉന്നയിക്കുന്നത്. പാര്‍ട്ടിയില്‍ പല അഭിപ്രായക്കാരുണ്ടാവാം. പക്ഷേ പാര്‍ട്ടി സാമ്പത്തിക സംവരണത്തെ രണ്ടു ഘട്ടത്തിലും തള്ളിക്കളഞ്ഞു എന്ന കാര്യം മറച്ചുവെക്കുന്നു.

9. ഒന്‍പതാമത്തെ ചോദ്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദീര്‍ഘകാലത്തെ നയമാണ് നടപ്പാക്കിയത് എന്ന് പറയുന്നു. ഇവിടെ ഒരു പ്രധാന ചോദ്യമുയരുന്നു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പത്തു ശതമാനത്തിലും താഴെയായിരുന്നു 52 ശതമാനം വരുന്ന ഒ.ബി.സി.വിഭാഗങ്ങള്‍ക്ക് ഉദ്യോഗത്തിലുണ്ടായിരുന്ന പ്രാതിനിധ്യം. മണ്ഡല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്52 ശതമാനം സംവരണത്തിന് പിന്നോക്കക്കാര്‍ക്ക് അര്‍ഹതയുണ്ട് എന്നാണ്. പക്ഷേ, താനത് നിര്‍ദ്ദേശിച്ചാല്‍ 50 ശതമാനത്തില്‍ അധികം സംവരണം പാടില്ലെന്ന കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാകും എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഇത് നീണ്ടു പോകും. അതു കൊണ്ട് പട്ടികജാതി പട്ടികവര്‍ഗ സംവരണം കഴിച്ചുള്ള 27 ശതമാനം നിര്‍ദ്ദേശിക്കുന്നു. 80 ല്‍ കൊടുത്ത റിപ്പോര്‍ട്ട് 90 കള്‍ ആദ്യം വി.പി സിംഗ് എന്ന ധീരന്‍ സ്വന്തം മന്ത്രിസഭ തകരുമെന്നറിഞ്ഞിട്ടും നടപ്പാക്കിയതും സംഘപരിവാര്‍ അതിനെതിരെ പ്രക്ഷോഭം നയിച്ചതും നമുക്കെല്ലാമറിയാം. ആ സമയത്ത് ഇടതുപക്ഷത്തിന്റെ നിലപാട് എന്തായിരുന്നു? ജ്യോതി ബസുവിന്റെ നിലപാട് ? അജിത് ഒന്നു ചരിത്രം പരതൂ. സാമ്പത്തിക സംവരണമായിരുന്നെങ്കില്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ സ്ഥാനങ്ങളിലേക്ക് ഒരു ശതമാനമെങ്കിലും പിന്നോക്കക്കാര്‍ കയറുമായിരുന്നോ ? അതിന് സമ്മതിക്കുമായിരുന്നോ ? മണ്ഡല്‍ വന്ന് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും കേന്ദ്ര സര്‍വ്വീസില്‍ പിന്നോക്കക്കാരുടെ ശതമാനം എത്ര കൂടി എന്ന കാര്യം കൂടി അജിത് ഒന്ന് അന്വേഷണ പരിധിയില്‍ കൊണ്ടു വരൂ.

10. പത്താമത്തെ ചോദ്യത്തില്‍ അതീവഗുരുതരമായ, മനുഷ്യവിരുദ്ധമായ ചില കാര്യങ്ങള്‍ അജിത്ത് മുന്നോട്ടുവെക്കുന്നുണ്ട്  ജാതിസംവരണം ജാതി നിര്‍മാര്‍ജനത്തിന് അല്ല എന്ന കാര്യമാണ് അജിത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ‘ജാതിനിര്‍മാര്‍ജനം’ തന്നെയാണ് സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം. എന്താണ് ജാതി ? ഭരണഘടനാ ശില്പിയായഅംബേദ്കര്‍ തന്നെ ജാതിയെ നിര്‍വചിക്കുന്നത് ‘േ്രഗഡഡ് ഇനിക്വാലിറ്റി’ എന്താണ്. ജാതി അസമത്വമാണ്. ജാതി സംവരണം എന്നാല്‍ ‘ജാതിനിര്‍മ്മാര്‍ജനപദ്ധതി’ തന്നെയാണ്. അവരെക്കൂടി അധികാരത്തിലേക്ക് കൊണ്ടുവന്ന് പ്രാതിനിധ്യം കൊടുത്ത് അസമത്വം ഇല്ലാതാക്കലാണ്. ഇനി അതിലെ മനുഷ്യ വിരുദ്ധമായ കാര്യങ്ങള്‍ പറയാം. ജാതിസംവരണം ജാതി നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടിയല്ല എന്നദ്ദേഹം പറയുന്നു. അത് ന്യായീകരിക്കാന്‍ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത് വികലാംഗ സംവരണം വികലാംഗത്ത്വം ഇല്ലാതാക്കാന്‍ അല്ല എന്നാണ്. ജാതിയെ നമ്മള്‍ തള്ളിക്കളയേണ്ടതാണ്. വികലാംഗ സംവരണം വികലാംഗത്വ നിര്‍മാര്‍ജനം അല്ല എന്ന് താരതമ്യം ചെയ്യുന്നത് നോക്കൂ. ജാതി നമ്മള്‍ തള്ളിക്കളയേണ്ട ഒന്നാണ്. വികലലാംഗത്വം മനുഷ്യര്‍ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളിലൊന്നാണ്. അതിനെ നമ്മള്‍ തള്ളിക്കളയേണ്ടതോ കൊന്നു കളയേണ്ടതോ ആണോ ?
ബൗദ്ധികസ്വഭാവമുള്ള ഒരു അക്കാദമിക ചര്‍ച്ചയില്‍ ഒരു സാമൂഹികവിശകലനത്തിന് ഉപയോഗിക്കാവുന്ന ഒരു ഉദാഹരണം ആണോ ഇത് ? വികലാംഗത്വ നിര്‍മ്മാര്‍ജനം എന്നൊക്കെ കേട്ടപ്പോള്‍ നാസികള്‍ ഉല്‍പാദനക്ഷമതയില്ലാത്തതിന്റെ പേരില്‍ അംഗപരിമിതരെ കൊന്നു കളഞ്ഞതിന്റെ ഓര്‍മ്മ മനസ്സില്‍ വന്നത് യാദൃച്ഛികമാവാം. അത് ഹിറ്റ്‌ലറുടെയും ആറെസ്സസ്സിന്റെയും നയമാണെന്നും നമുക്കറിയാം. അംഗ പരിമിതര്‍ക്കുള്ള സംവരണം എന്നത് ഒരു ചേര്‍ത്തു പിടിക്കലാണ്. ആ നിര്‍മ്മാര്‍ജനം രണ്ടിടത്തും ഉപയോഗിക്കുന്നത് എന്തു തരത്തിലുള്ള സമീകരണമാണ്?

11. പതിനൊന്നാമത്തെ ചോദ്യത്തിനുള്ള മറുപടിയില്‍ സിപിഎമ്മിന്റെ നിലപാട് എന്ത് എന്നതല്ല, ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും അംഗീകരിക്കുന്നു അതു കൊണ്ട് ഞങ്ങളും അംഗീകരിക്കുന്നു എന്നാണ്. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും സ്വീകരിക്കുന്നത് സിപിഎമ്മും അംഗീകരിക്കുമോ എന്നതാണ് ചോദ്യം. സ്വന്തം നിലപാട് പറയാതെ സവര്‍ണ ഹൈന്ദവതയും അതിന്നു കീഴടങ്ങിയ മറ്റു പാര്‍ട്ടികളും അംഗീകരിക്കുന്നതു കൊണ്ട് അത് ശരിയാണെന്നു ഞങ്ങളും അംഗീകരിക്കുന്നു എന്നാണോ ? ഭൂരിപക്ഷം പറയുന്നതെല്ലാം സി.പി.എം. അംഗീകരിക്കുമോ?

12.പന്ത്രണ്ടാം ചോദ്യം നമ്മള്‍ നേരത്തെ പറഞ്ഞ പോളറൈസേഷന്‍ കുറച്ചുകൂടി ഉറപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്. സാങ്കേതികമായി അദ്ദേഹം പറഞ്ഞത് ശരിയാണ്. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അതേ രീതിയാണ് അജിത്തും ഉപയോഗിക്കുന്നത്. തീര്‍ച്ചയായും മുസ്ലിം ലീഗും ഒവൈസിയും മാത്രമാണ് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇത് എടുത്തു എഴുതുമ്പോള്‍ അത് ലക്ഷ്യമാക്കുന്ന ഒരു കാര്യമുണ്ട്. ഞങ്ങളെല്ലാവരും ഒന്നാണ്. ആര്? സംഘപരിവാറും ഇവിടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഴുവന്‍ പാര്‍ട്ടികളും. മറിച്ച് മുസ്ലിം മാത്രമാണ് ഇതിന്റെ ശത്രുപക്ഷത്ത് ഉള്ളത്. ഇന്ത്യയിലെ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും പ്രതിഷേധത്തെ അജിത് കാണാതിരിക്കുന്നതെന്തേ? സത്യത്തില്‍ സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അപരവല്‍ക്കരണം തന്നെയല്ലേ അജിത്തിന്റെ ഈ ചോദ്യവും അറിഞ്ഞോ അറിയാതെയോ ലക്ഷ്യം വെക്കുന്നത് ?

13. 14. ചോദ്യങ്ങള്‍ ലീഗിന്റെ ഇരട്ടത്താപ്പുമായി ബന്ധപ്പെട്ടതാണ്.
എക്കാലത്തും അവര്‍ക്ക് ഇരട്ടത്താപ്പുകളുണ്ടായിരുന്നു. സ്ഥാപിതതാല്പര്യങ്ങളായിരുന്നു അവരുടെ മുഖ്യ പ്രശ്‌നം. അതേ നിലപാട് സി.പി.എം. സ്വീകരിക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്.അവരാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക സംവരണം കൊണ്ട് വന്നത്. പക്ഷേ അത് ഹയര്‍ സെക്കന്ററിയിലേക്ക് വ്യാപിപ്പിച്ചത് പിണറായി സര്‍ക്കാരാണ്. ലീഗ് ചെയ്ത വിഢിത്തം ഇടതുപക്ഷം തുടരേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ഒരുകാലത്ത് പാര്‍ട്ടി തള്ളിക്കളഞ്ഞ ആശയം എപ്പോള്‍ എന്തിന് കയറിവന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.

15. തിടുക്കത്തില്‍ നടപ്പാക്കി എന്ന വിമര്‍ശനത്തിനുള്ള മറുപടിയാണ് പതിനഞ്ചാമത്തത്.
സംഘപരിവാറിനെ സംബന്ധിച്ച് തിടുക്കത്തില്‍ നടപ്പാക്കേണ്ടത് ആവശ്യമാണ്. ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത് അവരോ അവരുടെ സഖ്യകക്ഷികളോ ആണ്. അതാണോ
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിനു മാതൃക? തിടുക്കം എന്നതിനെ രണ്ടുതരത്തില്‍ കാണണം. ഒന്ന് നടപ്പാക്കാന്‍ വേണ്ടി എടുക്കുന്ന കാലം.രണ്ട് അതിനുവേണ്ടി എടുക്കുന്ന പഠനങ്ങള്‍,നിരീക്ഷണങ്ങള്‍, വിശകലനങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഡാറ്റക്കനുസരിച്ച് നടപ്പാക്കുക. ശാസ്ത്രീയ അന്വേഷണ രീതികള്‍ സ്വീകരിച്ചു ചെയ്യേണ്ട ഒന്നാണത്. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി. പക്ഷേ ഇവിടെ തിടുക്കത്തില്‍ നടപ്പാക്കുക തന്നെയാണ് ചെയ്തത്. അതിനു വേണ്ടി നടത്തിയ കമ്മിഷന്‍ റിപ്പോര്‍ട്ട് സുകുമാരന്‍ നായര്‍ എഴുതിക്കൊടുത്തതാണോ എന്ന് ആരും സംശയിക്കും. ഒരു ഡാറ്റയുടെയും പിന്‍ബലമില്ലാതെ ഊഹാധിഷ്ഠിതമായ ഒരു പിന്നോക്ക സമുദായത്തെ ഭാവന ചെയ്തു കൊണ്ടുള്ള തട്ടിക്കൂട്ടല്‍. തിടുക്കത്തെക്കുറിച്ചു പറയുമ്പോള്‍ അജിത്ത് ഒരു കാര്യം മനസ്സിലാക്കണം. 50 കളില്‍ പിന്നോക്കാവസ്ഥയെക്കുറിച്ച് കാക്കാകലേക്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നെഹ്രു പൂഴ്ത്തി വെച്ചത്. 77 ല്‍ വന്ന ജനതാ ഗവണ്മെന്റ് നിയമിച്ച ബിപി മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും പിന്നീടു വന്ന ഗവണ്മെന്റുകള്‍ പൂഴ്ത്തി വെച്ചത്. 90 ല്‍ വി പി സിങ്ങ് എന്ന ഒരൊറ്റ മനുഷ്യന്റെ ഇച്ഛയില്‍ അത് നടപ്പിലാക്കിയത്. അപ്പോള്‍ ഡല്‍ഹിയില്‍ തീരുമാനിക്കുമ്പോള്‍ ഇവിടെ നടപ്പാവുന്ന ആ വേഗത സംശയാസ്പദമാണ്. ഒന്നിന് ഒച്ചിന്റെ വേഗതയും മറ്റേതിന് പ്രകാശവേഗതയുമാണ്.

19 .സംവരണം മാനദണ്ഡങ്ങള്‍ കേരളത്തില്‍ കര്‍ക്കശമാക്കുകയാണ് എന്ന് ഇവിടെ അദ്ദേഹം വാദിക്കുന്നു. പക്ഷേ വസ്തുത എന്താണ് ? മുന്നോക്കസംവരണം നടപ്പാക്കുക എന്നതാണ് ബിജെപിയുടെ അജണ്ട എന്ന് അറിയാത്തവരല്ല നമ്മള്‍. അതിനനുസരിച്ചാണ് അവര്‍ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയത്. അവിടുത്തെ അഞ്ചേക്കര്‍ ഇവിടെ രണ്ടര ആക്കി എന്ന് അജിത് പറയുന്നു. ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. വളരെ കുറഞ്ഞ ഭൂമിയെ ഇവിടെയുള്ളൂ. ഒരാള്‍ക്ക് രണ്ടര ഏക്കര്‍ ഭൂമി എന്നത് ഇവിടെ ഇട ത്തരക്കാരനോ ധനികനോ ആയാണ് പരിഗണിക്കപ്പെടുക. വലിയ സമ്പന്നനായ ഒരാള്‍ക്ക് പോലും കോര്‍പ്പറേഷനില്‍ 15 സെന്റ് ലഭിക്കുക വളരെ പ്രയാസമാണ് എന്ന് നമുക്കറിയാം. ഇന്ത്യയില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭൂപരിഷ്‌കരണം നടന്നിട്ടില്ല, കേരളം അത് നടന്നു കഴിഞ്ഞ സംസ്ഥാനമാണ്. (കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തന്നെയാണ് അതിന്റെ െ്രകഡിറ്റ്.) ഈ രണ്ട് ഇടങ്ങളിലേയും ഭൂമിയെ നമുക്ക് താരതമ്യം ചെയ്യാന്‍ കഴിയില്ല. ഭൂമി ഇവിടെ വില പിടിപ്പുള്ള വസ്തുവാണ്. (ഭൂപരിഷ്‌ക്കരണത്തിന്റെ ഭാഗമായി പാട്ടക്കാര്‍ക്കല്ലാതെ യഥാര്‍ത്ഥ അവകാശികളായ കര്‍ഷകത്തൊഴിലാളികളിലേക്ക് എത്തിയിരുന്നെങ്കില്‍ – നിര്‍ഭാഗ്യവശാല്‍ അവര്‍ കോളനികളിലേക്ക് ഒതുക്കപ്പെട്ടു – ഭൂമി തുണ്ടു വല്‍ക്കരിക്കപ്പെടുകയും വെറും വില്‍പ്പന വസ്തുവുമായി മാറുകയില്ലായിരുന്നു എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്.) ഭൂമിയുടെ മൂല്യത്തെക്കുറിച്ച് എന്തെങ്കിലും പഠനങ്ങള്‍ ഇതില്‍ നടത്തിയിട്ടുണ്ടോ ?
മറ്റു സംസ്ഥാനങ്ങളില്‍ ഒന്നുകില്‍ വളരെ താഴെത്തട്ടിലുള്ള ആളുകള്‍ ഉയര്‍ന്ന തട്ടിലുള്ള ആളുകള്‍ എന്നതിനപ്പുറം ഒരു ഭൂരിപക്ഷം വരുന്ന ഇടത്തട്ടുകാര്‍ ഇവിടെയുണ്ട് എന്ന കാര്യം കമ്മിഷന്‍ പരിഗണിച്ചിട്ടുണ്ടോ ? ഒരു ഇടത്തരക്കാരനു പോലും കോര്‍പറേഷനില്‍ 15 സെന്റോ മുനിസിപ്പാലിറ്റിയില്‍ 20 സെന്റോ വാങ്ങാന്‍ കഴിയുമോ ?
ഇത്തരം താരതമ്യങ്ങള്‍ നടത്തുന്നത് ശുദ്ധ തട്ടിപ്പാണ് എന്ന് അജിത്തിന് അറിയാത്തതാണോ ? രണ്ടര ഏക്കര്‍ കൃഷിഭൂമിയുള്ള ഒരു മുന്നോക്കക്കാരിലെ പിന്നോക്കക്കാരന്റെ ദാരിദ്യം ഒരു സവിശേഷ ദാരിദ്ര്യമാണെന്ന് നമുക്ക് തോന്നുന്നില്ലേ ? കേരളത്തില്‍ വരുമാന പരിധി 4 ലക്ഷമാക്കി എന്ന് അജിത് വലിയ നേട്ടമായി പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വസ്ത്രശാലകള്‍ തുടങ്ങി നാനാതരം ജോലികളിലേര്‍പ്പെടുന്ന ഇടത്തരക്കാരുടെ സമൂഹമാണ് ഇതെന്ന് അജിതിന് അറിയായ്കയല്ല. ഒരു നേഴ്‌സിന് എത്ര ശമ്പളം കിട്ടുന്നുണ്ട് എന്ന് ഒന്ന് ചുറ്റുപാടും അന്വേഷിച്ചു നോക്കുക. മാസം 33333 രൂപ കിട്ടുന്ന മുന്നോക്കക്കാരിലെ പിന്നോക്കക്കാരന്‍ ഇവിടെ ദരിദ്രനാവുന്നു. ദാരിദ്ര്യത്തിനും ജാതിക്കനുസരിച്ച് സ്‌കെയില്‍ വ്യത്യാസമുണ്ട്.

20. വീടിന്റെ വിസ്തീര്‍ണവും ആയി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നോക്കുക. കേരളത്തില്‍ അത് പരിഗണിക്കേണ്ട. കാരണം അദ്ദേഹത്തെ സംബന്ധിച്ച് സിമ്പിളാണ്. വീട് പണിത് മുടിയുന്നവനാണ് മലയാളി. 3000 സ്‌ക്വയര്‍ ഫീറ്റ് വീട് കെട്ടി പട്ടിണി കിടക്കുന്നവന്‍. തമാശ അവിടെ നില്‍ക്കട്ടെ. കാര്യത്തിലേക്കു വരാം.  ഇന്ത്യ ഗവണ്‍മെന്റിന്റെ സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സൂചകങ്ങളില്‍ ഒന്നാണ് വീടിന്റെ വിസ്തീര്‍ണ്ണം. ദാരിദ്ര്യത്തെ നിര്‍ണയിക്കാനുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയായി സെന്‍സസില്‍ അത് പരിഗണിക്കപ്പെടുന്നുണ്ട്. എന്നിട്ടും ദാരിദ്ര്യത്തെ നിര്‍ണയിക്കുന്ന ഒരു സംവരണ മാനദണ്ഡത്തില്‍ വീടിന്റെ വിസ്തീര്‍ണ്ണം കേരളത്തില്‍ ഒഴിവാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച മോട്ടിഫ് എന്താണ് ?
സാമൂഹിക പിന്നോക്കാവസ്ഥ മാനദണ്ഡമായ സംവരണത്തില്‍ വീടിന്റെ വിസ്തീര്‍ണം ബാധകമേയല്ല എന്നറിയാത്ത ആളല്ല അജിത്. അപ്പോള്‍ ഓട്ടത്തെ അളക്കാനുള്ള മാനദണ്ഡങ്ങള്‍ വെച്ച് പാട്ടിനെ വിലയിരുത്തുന്നതിന് തുല്യമല്ലേ അത് ? ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലല്ലാതെ മറ്റെന്താണ്?

21. ഈ ചോദ്യം ഭൂമിയുടെ കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതിനെക്കുറിച്ചാണ്. കോര്‍പറേഷനില്‍ 15 സെന്റും മുനിസിപ്പാലിറ്റിയില്‍ 20 സെന്റും ഉള്ളയാള്‍ ദരിദ്രനാണെന്ന് നമുക്കങ്ങ് സമ്മതിച്ചു കൊടുക്കലേ രക്ഷയുള്ളു. അതും ഈ കേരളത്തില്‍ ജീവിച്ചു കൊണ്ട് തന്നെ. പക്ഷേ ഒന്നാലോചിക്കേണ്ടതുണ്ട്. കേരളത്തില്‍ ലൈഫ് മിഷന്‍ വഴി 2 ലക്ഷംപേര്‍ക്ക് വീടു വെച്ചുകൊടുത്തിട്ടും ഭവനരഹിതരായി ഉള്ളവര്‍ ഇനിയും ലക്ഷങ്ങളുണ്ട്. വീടിന്റെ അടുക്കളപൊളിച്ച് ശവസംസ്‌കാരം നടത്തേണ്ടിവരുന്ന മനുഷ്യര്‍. ലക്ഷങ്ങളോ കോടികളോ വിലവരുന്ന ആ പതിനഞ്ചു സെന്റില്‍ 2 സെന്റു വിറ്റ് തീര്‍ക്കാവുന്ന ദാരിദ്ര്യത്തെക്കുറിച്ച് ആലോചിച്ചാല്‍ എന്താണ് മറുപടി പറയുക?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

22.. നാലു ലക്ഷം പരിധിയാക്കിയതിനെക്കുറിച്ചു പറയുമ്പോള്‍ വീണ്ടും തെറ്റിദ്ധാരണ പരത്തുന്നത് നോക്കുക. സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങളെ സാമുദായികസംവരണത്തിന്റെ മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ? സമ്പന്നരെ കണ്ടെത്താനാണ് ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍. ദരിദ്രരെ കണ്ടെത്താനാണ് ഇവിടെ മാനദണ്ഡങ്ങള്‍. സമ്പന്നരെ കണ്ടെത്തിയാല്‍ ബാക്കി വരുന്നത് ദരിദ്രര്‍ എന്നാണോ അജിത്തിന്റെ കണക്ക്? ഇത് അജ്ഞത കൊണ്ടോ അതോ ബോധപൂര്‍വ്വമുള്ള തെറ്റിദ്ധരിപ്പിക്കലോ ? കേരളത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ ദാരിദ്ര്യസൂചികകള്‍ കൊടുത്തിട്ടുണ്ട്. അതിനുള്ള മാനദണ്ഡങ്ങളും കാണാം. ദരിദ്രരെ കണ്ടെത്താനുള്ള ശശിധരന്‍ നായര്‍ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ അതിനു മാനദണ്ഡമാക്കാന്‍ പറ്റുമോ? ദരിദ്രരെ അരിച്ചുമാറ്റാന്‍ ഒരു മാനദണ്ഡവും താല്‍പര്യമുള്ളവരെ ആനുകൂല്യങ്ങളുടെ പരിധിയിലേക്കു കൊണ്ടുവരാന്‍ മറ്റൊരു മാനദണ്ഡവും എന്നത് ആളുകള്‍ കാണും എന്നെങ്കിലും ഓര്‍ക്കേണ്ടതുണ്ട്.

23 ക്രിമിലയറിനെക്കുറിച്ച് നുണയാണ് അജിത് പറയുന്നത്. ക്രീമിലയര്‍ ദരിദ്രര്‍ക്ക് സംവരണം കൊടുക്കാനുള്ള ഏര്‍പ്പാടല്ല. എന്തൊരു കഷ്ടമാണിത്! ആരെയാണിയാള്‍ വിഡ്ഢിയാക്കുന്നത്? ഒരു വെണ്ണപ്പാളിയെ ഒഴിവാക്കി ദരിദ്രരും മധ്യവര്‍ഗ്ഗവുമടങ്ങിയ 99 ശതമാനം സമുദായങ്ങള്‍ക്ക് സംവരണം കൊടുക്കുകയാണ് ചെയ്യുന്നത്. ദരിദ്രര്‍ക്ക് എന്ന് പറഞ്ഞത് സംവരണ തത്വത്തെ കൊഞ്ഞനം കുത്തലല്ലേ ? യൂസഫലി വെള്ളാപ്പിളളി സിദ്ധാന്തം ആരുടേതാണെന്നറിയുമോ ? NSS ന്റെത്. അവരാണ് ഈ സിദ്ധാന്തവുമായി പിന്നോക്കക്കാരുടെ ‘ഉന്നമന’ത്തിനായി നിരന്തരം സുപ്രിം കോടതി കയറിയത്. ഈ ദാരിദ്ര്യ മാനദണ്ഡം NSS ഭരിക്കുന്ന ഏതെങ്കിലും കോളജുകളിലോ സ്‌കൂളുകളിലോ നടപ്പിലാക്കാറുണ്ടോ ? ഇല്ല. അപ്പോള്‍ എന്താണിതിനു പിന്നിലെ മനോഭാവം? പിന്നോക്ക സമുദായങ്ങള്‍ അവര്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം നേടിയെങ്കില്‍ അവരുടെ ഉള്ളില്‍ നിന്നും അത്തരമൊരാവശ്യം സ്വാഭാവികമായി ഉയര്‍ന്നു വരുന്നെങ്കില്‍ വരട്ടെ എന്നു ചിന്തിക്കുന്നതല്ലേ ഭംഗി ? അതിനു പകരം മറ്റു സമുദായങ്ങളുടെ കാര്യത്തില്‍ NSS കാണിക്കുന്ന ഈ മനോഭാവത്തിന് എന്താണ് പേര് പറയുക?. ക്രിമിലെയര്‍ എന്നത് തന്നെ ഭരണഘടനാതത്വം അനുസരിച്ച് അനീതിയാണ്. SC,ST വിഭാഗങ്ങള്‍ക്ക് ക്രീമിലയര്‍ ഇല്ല. സാമുദായിക സംവരണത്തില്‍ അത് ബാധകവുമല്ല എന്നു നാം കണ്ടു. ജഗജീവന്‍ റാം പറഞ്ഞത് നാം ഓര്‍ക്കുന്നുണ്ടോ? ഒരു ബ്രാഹ്മണ വീട്ടില്‍ നിന്ന് എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത, ഒരു ബ്രാഹ്മണന് എന്റെ മകളെ കല്യാണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ത്യയില്‍ എന്ന്. ആരാണ് പറഞ്ഞത് ? ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആയിരുന്ന ആള്‍. പുരി ജഗന്നാഥക്ഷേത്രത്തിന്റെ മുറ്റത്തുവരെ പോയി മടങ്ങേണ്ടിവന്ന രാഷ്ട്രപതി രാനാഥ് കോവിന്ദിന്റെ അനുഭവം ഈ അവസ്ഥ തുടരുന്നു എന്നാണ് വിളിച്ചു പറയുന്നത്. ഏതായാലും OBC ക്കാരുടെ ക്രീമിലെയറിനെ അംഗീകരിച്ചാല്‍ പോലും അതും സാമ്പത്തിക സംവരണ മാനദണ്ഡങ്ങളും സമീകരിക്കുന്നതില്‍ എന്തു ശരിയാണുള്ളത് ?

24. ഇത് അസംബന്ധമാണ്. NCL മാനദണ്ഡങ്ങളില്‍ കൃഷിഭൂമിയെക്കുറിച്ചു പറയുന്നില്ല. ഭരണഘടനാ പദവി വഹിക്കുന്നവര്‍, ക്ലാസ് വണ്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി മറ്റുപലതുമാണ് മാനദണ്ഡങ്ങള്‍. നെറ്റില്‍ നോക്കിയാല്‍ ആര്‍ക്കും കണ്ടെത്താം. *മുന്നോക്ക സംവരണം* എന്ന് അജിത്ത് ശരിയായി ഇവിടെ ഉപയോഗിച്ചു എന്നതു മാത്രമാണ് ഇതിലെ ശരി. ഒരു വെണ്ണപ്പാളിയെ കണ്ടെത്താനുള്ള മാനദണ്ഡത്തിന്റെ നാലിലൊന്നാണ് ദാരിദ്യത്തെ കണ്ടെത്താനുള്ള അളവുകോല്‍ എന്നാണോ താങ്കള്‍ പറയുന്നത് ? എത്ര തവണയാണ് സാമൂഹികമായ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങളെ സാമ്പത്തികമായ പിന്നോക്കാവസ്ഥയുടെ അളവുകോലുകളുമായി കൂട്ടിക്കെട്ടുന്നത്! ഇത്തരം വിഡ്ഢിത്തങ്ങള്‍ പലതവണ ആവര്‍ത്തിച്ചാല്‍ വിശ്വസിക്കുന്നവരാണ് പിന്നോക്കക്കാര്‍ എന്ന് നിങ്ങള്‍ ഉള്ളില്‍ ചിരിക്കുകയാണോ ? എങ്കില്‍ നല്ല നമസ്‌കാരം.
NCL മാനദണ്ഡത്തില്‍ 16 ലക്ഷം എന്ന കണക്ക് അജിത്തിന് എവിടെനിന്നാണ് കിട്ടിയത്. ആകെ വരുമാനപരിധി 8 ലക്ഷമാണ്. ഇതില്‍ ശമ്പളവരുമാനം ഉള്‍പ്പെടുത്തുകയുമില്ല. എങ്ങനെ കൂട്ടിയിട്ടാണ് അജിത്തിന് ഈ 16 ലക്ഷം കിട്ടിയിരിക്കുന്നത്? 16 ലക്ഷം വരെ വരുമാനപരിധിയുള്ളവരൊക്കെ സംവരണത്തില്‍ ഉള്‍പ്പെടുമെന്നാണോ?

25. ലളിതമായ ഉത്തരം എന്ന് അദ്ദേഹം പറയുന്നു. പക്ഷേ അതത്ര ലളിതമല്ലെന്നും ശുദ്ധതട്ടിപ്പാണെന്നും നമ്മള്‍ പലതവണ തിരിച്ചറിഞ്ഞതാണ്. പരസ്പര ബന്ധമില്ലാത്ത രണ്ടു കാര്യങ്ങളെ ഒരേ അളവുകോല്‍ വെച്ച് അളക്കരുത് എന്ന പ്രാഥമിക തത്വമാണ് ഇത്രയും നേരം പറഞ്ഞു കൊണ്ടിരുന്നത്.

26. ഇവിടെയും ആ തെറ്റിദ്ധരിപ്പിക്കല്‍ തുടരുന്നു. എന്‍ എസ് എസിന്റെ ആ പിന്നോക്ക ജാതി സ്‌നേഹം ഇവിടെ പൊട്ടിയൊഴുകുന്നതു കാണാം. ആ ഉദാരതയ്ക്കു മുന്നില്‍ നമിക്കുക. പിന്നോക്കക്കാരിലെ പാവപ്പെട്ടവരെ നിര്‍ണയിക്കാനല്ല ക്രിമിലെയര്‍ എന്ന് നൂറാവര്‍ത്തി പറഞ്ഞാലും മനസ്സിലാവില്ല. ക്ഷമകെട്ടവര്‍ തെറി വിളിച്ചു പോകും. പിന്നെ എന്നെ ചീത്ത പറയുന്നേ എന്നു പറഞ്ഞ് കരയാന്‍ നില്‍ക്കരുത്. ഒന്നൂടെ പറയാം. ക്രീമിലെയര്‍ പിന്നോക്ക സമുദായത്തിലെ ഒരു ക്രീമിനെ, വെണ്ണപ്പാളിയെ വേര്‍തിരിക്കാനുള്ള ഉപാധി മാത്രമാകുന്നു. അതുകഴിഞ്ഞുള്ളവരെല്ലാം ദരിദ്രരല്ല.

27 .സി.പി.എം.ന്റെ ആ നിര്‍ദ്ദേശം സി.പി.എമ്മുകാര്‍ക്കുപോലും സ്വീകാര്യമാവുമോ എന്നറിയില്ല. സംവരണം വ്യക്തികളുടെ ഉന്നമനത്തിനോ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനോ അല്ല. അത് പിന്നോക്കസമുദായങ്ങളെ സാമൂഹികമായി ഒപ്പമെത്തിക്കാനുള്ള ഒരു ശ്രമമാണ്. രണ്ടുദാഹരണങ്ങള്‍ പറയാം. ഒന്ന് സ്വന്തം സമുദായത്തില്‍നിന്ന് 10 ബി.എ.ക്കാരുണ്ടായിക്കാണണം എന്ന അയ്യങ്കാളിയുടെ സ്വപ്നമാണ്. റാങ്കും യോഗ്യതയും പണവുമുണ്ടായിട്ടും തിരുവിതാംകൂര്‍ സര്‍ക്കാറില്‍ ജോലി ലഭിക്കാത്ത ഡോ.പല്പു മദ്രാസില്‍വെച്ച് സ്വാമിവിവേകാനന്ദനോട് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചുപറയുമ്പോള്‍ കിട്ടുന്ന മറുപടി സ്വന്തം സമുദായത്തില്‍നിന്ന് ഒരു ആചാര്യനെ കണ്ടെത്തണം എന്നാണ്. സമുദായത്തിന്റെ ഉന്നമനം എന്ന ആശയം അതിലെ സമ്പന്നരും ദരിദ്രരുമായ എല്ലാവരും ചേരുന്ന ഒരു കൂട്ടത്തെ ബാധിക്കുന്നതും എല്ലാവരുംകൂടി നിര്‍വ്വഹിക്കേണ്ടതുമാണ്. അയ്യങ്കാളിയെ കണ്ണില്‍ പിടിക്കാത്ത പാര്‍ട്ടിക്ക് സമുദായത്തിന്റെ വളര്‍ച്ച എന്ന ഫിലോസഫി മനസ്സിലാകില്ല. അതാണ് ഈ ‘നല്ല’ നിര്‍ദ്ദേശം എന്ന വാദത്തിനു പിന്നിലും പ്രവര്‍ത്തിക്കുന്നത്.

28.. ഇവിടെയും ചാട്ടവും തെറ്റിദ്ധരിപ്പിക്കലും മുറപോലെ നടക്കുന്നുണ്ട്. ഈ ഉത്തരത്തില്‍ *മുന്നോക്കക്കാരിലെ ദരിദ്രര്‍* എന്ന് അജിത് ശരിയായി തന്നെ ഉപയോഗിച്ചിരിക്കുന്നു. സന്തോഷം. 10% സംവരണം എന്നത് യുക്തിസഹമാണോ എന്നദ്ദേഹം പരിശോധിക്കുന്നു. അതിന് അദ്ദേഹം കണ്ടെത്തുന്ന ന്യായം കേന്ദ്രത്തില്‍ 10% ആണെന്നതാണ്. കേന്ദത്തിന്റ നിലപാടല്ല, പാര്‍ലമെന്റിന്റെ നിര്‍ദ്ദേശമാണ് സംസ്ഥാനങ്ങള്‍ക്കു ബാധകം. സംസ്ഥാനങ്ങള്‍ ഇതു നടപ്പിലാക്കിയില്ലെങ്കിലും ഒന്നുമില്ലെന്ന് തമിഴ്‌നാടുമായുള്ള കേസില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞതാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും നിയമനത്തിനുള്ള നിയമം കാട്ടിയാണ് അജിത്ത് കളിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കത് ബാധകമല്ല. ഭരണഘടനാ ഭേദഗതിക്കനുസരിച്ചാണ് സംസ്ഥാനങ്ങള്‍ നിയമനം നടത്തുന്നത്. ഭരണഘടനാ ഭേദഗതിയില്‍ subject to the maximum of 10 percent എന്ന് കൃത്യമായി പറഞ്ഞിരിക്കെ, കേന്ദ്രം 10% കൊടുത്താല്‍ അല്ലെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 10% കൊടുത്താല്‍ അതിവിടെ അതേ പോലെ എങ്ങിനെയാണ് നടപ്പാക്കുക?
അതിന് കാരണമായി അജിത് കൊണ്ടുവന്ന മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ കണക്കുകള്‍ തെറ്റാണെന്ന് വി. അബ്ദുല്‍ ലത്തീഫ് നേരത്തേ തെളിയിച്ചതാണ്. (കമന്റ് ബോക്‌സില്‍ ) രണ്ടാമത്തെത് ജാതിയും മതവുമില്ലാത്തവര്‍ ഇതില്‍ പെടുമെന്നാണ്. ഉള്‍പെടുമോ എന്ന കാര്യം പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കില്‍ തന്നെ എത്രമാത്രം ചെറുതായിരിക്കും ആ സംഖ്യയെന്ന് നമുക്കറിയാവുന്നതാണ്. 2011 സെന്‍സസ് അനുസരിച്ച് 0.26 ശതമാനമാണ് അവരുള്ളത്. മൂന്നാമത്തെ കണക്ക് ദാരിദ്ര്യ നിരക്ക് വര്‍ദ്ധിച്ചു എന്നതാണ്. കേരള സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടു വെച്ചും ലത്തീഫ് ഇക്കാര്യം തെറ്റാണെന്ന് തെളിയിച്ചതാണ്.

29. പ്രകടമായ തെറ്റാണിത്. അജിത്തുതന്നെ പറയുന്നത് ഒ.ബി.സി.വിഭാഗങ്ങളില്‍ ക്രീമിലെയറിന് സംവരണമില്ല എന്നാണ്. പലരും ചൂണ്ടിക്കാണിച്ച ഗുരുതരമായ തെറ്റാണിത്. ദരിദ്രസമ്പന്ന ഭേദമില്ലാതെ എല്ലാവര്‍ക്കും സംവരണമുണ്ട് എന്നു പറയുന്നത് തെറ്റാണ്. സാമ്പത്തികം നോക്കാതെ എന്ന് എഴുതി വിടുക. ചോദിച്ചാല്‍ ക്രിമി ലെയറിന്റെ കാര്യം വെച്ച് ഡിഫന്റ് ചെയ്യുക.

30. ഇതിലാണ് അജിത്തിന്റെ അതിസാമര്‍ഥ്യമോ വികടത്തരമോ പുറത്തേക്കു ചാടുന്നത്. EWS വിഭാഗത്തില്‍ പെട്ട വളരെ മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ പ്രവേശനം നേടുന്നത് അവരുടെ പിന്നോക്കാവസ്ഥയുടെ സൂചകമായാണ് അജിത് എടുക്കുന്നത്. അതിലൊരു വല്ലാത്ത തെറ്റിദ്ധരിപ്പിക്കലുണ്ട്. SC വിഭാഗത്തില്‍ വിഭാഗത്തില്‍ പെട്ട അവസാനം കയറിയ ഒരാളുടെ റാങ്ക് 3200 ല്‍ നില്‍ക്കുന്നു. അതേ സമയം EWS ല്‍ കയറിയ ഒരാളുടെ റാങ്ക് 8461 ല്‍ നില്‍ക്കുന്നു എന്നു പറഞ്ഞാല്‍ sc വിഭാഗത്തിന്റെ ഇരട്ടിയിലധികം പിന്നോക്കാവസ്ഥ മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ അനുഭവിക്കുന്നു എന്നാണോ ? ഒരുദാഹരണത്തിന് ബുദ്ധസമുദായത്തിന് നമ്മള്‍ സംവരണം 2 % കൊടുക്കുന്നു എന്നു വിചാരിക്കുക. വളരെ സോഷ്യല്‍ ക്യാപ്പിറ്റല്‍ ഉള്ള ആ സമൂഹം പൊതു മത്സര വിഭാഗത്തിനപ്പുറം സംവരണത്തില്‍ ചിലപ്പോള്‍ 50000 ആയി കയറാന്‍ സാധ്യതയില്ലേ ? അതിനര്‍ഥം SC വിഭാഗത്തെക്കാള്‍ മൂന്നു മടങ്ങ് പിന്നിലാണ് ബുദ്ധ സമൂഹം എന്നാണോ ? ആകെ മുന്നോക്കക്കാരില്‍ നിന്ന് ന്യൂനപക്ഷമായ അതിലെ ദരിദ്രര്‍ക്ക് അവരുടെ പ്രാതിനിധ്യത്തിന്റെ പല മടങ്ങ് സംവരണം കൊടുത്തിട്ട്, അതില്‍ കയറാനുള്ള ഹര്‍ഡില്‍സുകള്‍ അത്രമേല്‍ ഉദാരമാക്കിയിട്ടും അവര്‍ 8000 നപ്പുറം പോകുന്നെങ്കില്‍ അവരില്‍ അത്രയും പിന്നോക്കാവസ്ഥയിലുള്ളവര്‍ ഇല്ല എന്നല്ലേ അര്‍ഥം?

31 ഉത്തരങ്ങളില്‍ ഏറ്റവും ക്രൂരമാണിത്. ഇത് വായിച്ചിട്ട് ആര്‍ക്കും ഒന്നും തോന്നിയില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. EWS കാര്‍ എന്ന കുറഞ്ഞ മാര്‍ക്ക് വാങ്ങി വന്നവരെ പരിഹസിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അതൊരു ചരിത്ര നീതിയാണെന്നും അദ്ദേഹം തട്ടി വിടുന്നു. മുന്നോക്കക്കാരില്‍ ഭൂരിപക്ഷവും അവര്‍ണവിഭാഗത്തെ പണ്ട് പരിഹസിച്ചിരുന്നു എന്നാണ് ന്യായീകരണം. എങ്ങിനെയുണ്ട്! എന്താണിതിനര്‍ഥം? ചരിത്രത്തിലിനോളം പിന്നോക്കാവസ്ഥയുടെ പേരില്‍ ദളിതര്‍ അനുഭവിച്ച അപമാനങ്ങള്‍ ശരിയായിരുന്നു എന്നല്ലേ? പണ്ട് ദളിതന്‍ പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മാര്‍ക്ക് കുറഞ്ഞതു കൊണ്ടാണ്. അത് പരിഹസിക്കപ്പെടേണ്ടതു തന്നെയാണ്. ഇന്ന് അതിനു പകരമായി EWS ല്‍ വരുന്ന കുട്ടികളും പരിഹസിക്കപ്പെടണം. നമിച്ചു. ഒന്നും പറയാനില്ല.

32. ഉത്തരവ് വ്യക്തമാണ്. പക്ഷേ കാര്യങ്ങള്‍ അത്ര വെടിപ്പല്ല. എല്ലാവര്‍ക്കും മത്സരിക്കാവുന്ന ജനറല്‍ സീറ്റ് 50 ല്‍ നിന്ന് 40 ആയി കുറയുന്നു എന്ന കാര്യം മറച്ചു വെക്കുന്നു. അല്പം ചരിത്രം കൂടി അജിത്. കാക്കാകലെക്കല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കപ്പെട്ടത് മുമ്പ് സൂചിപ്പിച്ചല്ലോ. മണ്ഡല്‍ പറഞ്ഞ കാര്യവും. 52 % വരുന്ന പിന്നോക്കക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കണമെങ്കില്‍ അത്ര തന്നെ സംവരണം കൊടുക്കണം. പക്ഷേ അത്രയും കൊടുത്താല്‍ കാക്കാ കലേക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു സംഭവിച്ച അവസ്ഥ ഇതിനും വരും. അതു കൊണ്ട് പട്ടികജാതി പട്ടികവര്‍ഗത്തിനു കൊടുത്തതിനപ്പുറം 27 ശതമാനം 52% വരുന്ന പിന്നോക്കക്കാര്‍ക്ക് നല്‍കി 50 ല്‍ അല്‍പ്പം താഴ്ത്തി വെക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രാതിനിധ്യം എത്രയോ അകലെയാണ്. കേരളത്തില്‍ നീക്കിവെച്ച പ്രാതിനിധ്യം ജനസംഖ്യാനുപാതികമാണോ ? SC ST ഒഴിച്ച്? ഈഴവരുടെയും മറ്റു പിന്നോക്കക്കാരുടെയും ജനസംഖ്യ ക്കനുസരിച്ച പ്രാതിനിധ്യമാണോ അവര്‍ക്കുള്ളത്? മുന്നോക്ക പ്രാതിനിധ്യം ഇരട്ടിയിലധികമാണ്. അത് ഇനിയും കൂടുമെന്ന് ഉറപ്പല്ലേ? അപ്പോള്‍ ആര്‍ക്കും ഒന്നും കുറയാതെ അത് കൂടുമോ? എന്താണീ പറയുന്ന കണക്ക് ?
സംവരണത്തിലൂടെ പ്രാതിനിധ്യമാണ് ഈഴവ മുതലുള്ള പിന്നോക്ക സമുദായങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ അവര്‍ക്കുണ്ടെന്നു മനസ്സിലാക്കുന്നത് നന്ന്.
ബംഗാള്‍ സര്‍ക്കാര്‍ പൊതുവിഭാഗത്തിന്റെ പത്തുശതമാനമാണ് നടപ്പിലാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അപ്പോള്‍ ആകെ സീറ്റിന്റെ 5.2% മാത്രമേ വരൂ (ബംഗാളില്‍ 52 ശതമാനമാണ് പൊതുമത്സരവിഭാഗം.) റോസ്റ്റര്‍ പ്രകാരം അവിടെ ews ടേണ്‍ 20 ആണ്. അതും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. (ലിങ്കുകള്‍ കാണുക) തെലുങ്കാനയും ഗുജറാത്തും ആസാമുമൊക്കെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്.

33.. SC – ST സംവരണം മാത്രമുള്ളപ്പോള്‍ 28% OBC സംവരണം കൊണ്ടുവന്നപ്പോള്‍ പൊതുവിഭാഗത്തില്‍ മത്സരിക്കാനുള്ള സാധ്യത നഷ്ടമായില്ലേ എന്ന് അജിത് ചോദിക്കുന്നു. ശരിയാണ്. പക്ഷേ അജി പറയാത്തകാര്യം SC-ST വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട് എന്നതാണ്.( അംബേദ്ക്കര്‍ അത് കൃത്യമായി എഴുതി വെച്ചിരുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ SC ST ഉദ്യോഗ പ്രാതിനിധ്യം സീറോ ആകുമായിരുന്നു.) ഈഴവ മുതലുള്ള പിന്നോക്കക്കാരുടെ പ്രാതിനിധ്യം എത്രമേല്‍ കുറവാണെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പല കമ്മിഷനുകള്‍ കണ്ടെത്തിയത് അജിത്ത് മറച്ചു വെക്കുന്നു. ആ അന്തരം ഇനിയും എത്രയോ വര്‍ദ്ധിക്കുമെന്ന കാര്യം പറയാതിരിക്കുന്നു.

34. ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം കൊടുക്കും എന്ന് നയം പ്രഖ്യാപിക്കുന്ന പാര്‍ട്ടിക്കും അതു ന്യായീകരിക്കുന്ന അജിത്തിനും അതിന് അര്‍ഹതയുള്ള ഒരു സമൂഹത്തെ കാണിച്ചുതരാനും പറ്റണം. ഇത്രയൊക്കെ ചര്‍ച്ച ചെയ്തിട്ടും അതൊരു ഭാവനാസമൂഹമാണ്. അതൊന്ന് മനുഷ്യര്‍ക്കു ബോധ്യമാവുന്ന മട്ടില്‍ കണക്കുകൂട്ടി കാണിക്കണം.
എന്തൊരു വിചിത്ര വാദമാണിതെന്നു നോക്കുക. പാര്‍ട്ടി നയം എത്ര യാന്ത്രികമായാണു നടപ്പാക്കുക എന്നതിന് ഇതിലും വലിയ ഉദാഹരണം വേണോ ? സാമ്പത്തിക സംവരണം നടപ്പാക്കേണ്ട അത്യാവശ്യം ദേവസ്വം ബോര്‍ഡില്‍ ഉണ്ടായിരുന്നോ ? 6000 തസ്തികകളില്‍ 5500 ഉം മുന്നോക്കക്കാരായിരിക്കെ അവിടെ പിന്നെയും സാമ്പത്തിക സംവരണം കൊണ്ടു വന്നതിന്റെ യുക്തിയെന്താണ്. പിന്നോക്കക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തുമ്പോള്‍ മുന്നോക്കക്കാരെ പ്രീണിപ്പിക്കണം എന്ന യുക്തിയല്ലാതെ ഇതില്‍ ഒന്നുമില്ല. മുന്നോക്ക പിന്നോക്കത്തെ എതിര്‍ക്കുന്ന Backward Community Development Department ന്റെ മുന്‍ ഡയറക്ടര്‍ വി.ആര്‍. ജോഷിയുടെ പ്രസംഗത്തിലെ ഈ ഭാഗം നോക്കൂ: ഉമ്മന്‍ ചാണ്ടി ഗവണ്മെന്റിന്റെ കാലത്ത് ദേവസ്വം ബോര്‍ഡിലെ നിയമനം ദേവസ്വം റിക്രൂട്ട് മെന്റ് ബോഡിന് വിട്ടു. അവിടെ പത്തു ശതമാനം മാത്രമായിരുന്നു പട്ടികജാതി വര്‍ഗ സംവരണം. 40 ശതമാനം കൂടി സംവരണം അവിടെ നല്‍കാം. അപ്പോള്‍ അവിടെ അഹിന്ദുക്കള്‍ക്ക് അവലത്തില്‍ കയറാന്‍ പറ്റാത്തതു കൊണ്ട് മുസ്ലിം ലാറ്റിന്‍ വിഭാഗങ്ങളുടെ 18 ശതമാനം ഒഴിവുണ്ട്. അത് ഹിന്ദുക്കള്‍ക്ക് നല്‍കാം. അന്ന് NSS പറഞ്ഞു. ഈ 18 ശതമാനം ഞങ്ങള്‍ മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്കു തരണം. നായര്‍ക്കു തരണം എന്നതാണ് അതിന്റെ അര്‍ഥം. ഞാന്‍ ഡയറക്ടറായിരിക്കുന്ന കാലത്ത് ഭാഗ്യവശാല്‍ ഈ ഫയല്‍ ഞാന്‍ കാണുവാനിടയായി. എന്റെ ഇs പെടലുമുണ്ടായി. ഉമ്മന്‍ ചാണ്ടിയെ പോലുള്ള ആള്‍ക്കാര് പറഞ്ഞു അതു കൊടുക്കണം, പലരും സമ്മതിച്ചിട്ടുണ്ട്, പിന്നോക്ക വിഭാഗത്തില്‍ പെട്ട ആളുകളുടെ ഒന്നും എടുക്കുന്നില്ല. അതു കൊണ്ട് കൊടുക്കണം എന്നു പറഞ്ഞു. ഇത് ഭരണഘടനാവിരുദ്ധമായ നിലപാടായതു കൊണ്ട് കൊടുക്കാന്‍ പാടില്ല എന്ന് ഞാന്‍ കര്‍ശനമായ നിലപാട് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഞാനെടുക്കുകയും അന്നത്തെ മന്ത്രി ശ്രീ അനില്‍കുമാര്‍ അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അതങ്ങിനെ നിന്നു. ഇത് ഭരണഘടനാവിരുദ്ധമാണ് ചെയ്യാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി എടുത്തു കാണിച്ചപ്പോള്‍ മുഖ്യമന്ത്രിയും പറഞ്ഞു എങ്കില്‍ കൊടുക്കേണ്ടതില്ലെന്ന്. അങ്ങിനെ 32 ശതമാനത്തിലാണ് സംവരണം നടന്നത്. 18 ശതമാനം അവര്‍ക്ക് കൊടുക്കാന്‍ അന്നു കഴിഞ്ഞില്ല. ശ്രീ പിണറായിയുടെ ഗവണ്മെന്റ് വര്‍ഗ താല്പര്യവുമായി ഇവിടെ വന്നപ്പോള്‍ അതെടുത്തു കൊടുത്തു. ആഹാ, എത്ര എളുപ്പം. (അതുമായി ബന്ധപ്പെട്ട ചതികളുടെ പൂര്‍ണ രൂപം മനസ്സിലാക്കാന്‍ വി ആര്‍ ജോഷിയുടെ പ്രസംഗത്തിന്റെ ഭാഗവും വീഡിയോ മുഴുവനായും കമന്റ് ബോക്‌സില്‍ )

35. ഈ ചോദ്യത്തിന്റെ ഉത്തരം വിചിത്രമാണ്. രണ്ടു ഭാഗവും പരസ്പരം പൊരുത്തപ്പെടാത്തതാണ്. ഞങ്ങള്‍ സാമ്പത്തികമായ വര്‍ഗ വ്യത്യാസത്തിലൂടെ കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്ന, വിശകലനം ചെയ്യുന്ന പാര്‍ട്ടിയാണ്. ഇതാണ് ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ രീതിശാസ്ത്രം എന്നു നമുക്കെല്ലാമറിയാം. മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ക്ക് പിന്നീടുണ്ടായ വികാസം ഇന്ത്യയിലെ പാര്‍ട്ടി അറിഞ്ഞോ ഇല്ലയോ എന്നത് നമുക്ക് മാറ്റിവെച്ച് ഇതിനെത്തന്നെ മുഖവിലക്കെടുക്കാം. അതു കൊണ്ടാണ് നമ്മള്‍ ജാതി സംവരണം പരിഗണിക്കാത്തത്. ഇന്ത്യയുടെ സങ്കീര്‍ണമായ സാമൂഹ്യ വ്യവസ്ഥയ്ക്കു നേരെ മുഖം തിരിക്കുന്ന മറുപടിയാണത്. വാദത്തിനു വേണ്ടി നമുക്കത് സമ്മതിച്ചു കൊടുക്കാം. തൊട്ടടുത്തു പറയുന്നതെന്താ ? പാര്‍ട്ടി ജാതിയെ തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണ് ഇ എം എസ് സര്‍ക്കാര്‍ നടത്തിയിട്ടുള്ള സംവരണം എന്ന്. അപ്പോള്‍ ആദ്യം പറഞ്ഞത് എന്തായിരുന്നു? ജാതിപാര്‍ട്ടികള്‍ അഡ്രസ് ചെയ്യേണ്ടതാണോ ഇന്ത്യയിലെ ജാതി വ്യവസ്ഥ ? ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്നത് ഇവിടുത്തെ സങ്കീര്‍ണമായ സാമൂഹ്യ വ്യവസ്ഥയാണ്. അവയെ ദേശീയമായി വിശകലനം ചെയ്യേണ്ട ഉത്തരവാദിത്തം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കില്ലേ ? മത പാര്‍ട്ടികളും ജാതി പാര്‍ട്ടികളുമാണോ അത് ചെയ്യേണ്ടത് ? ഞങ്ങള്‍ സാമ്പത്തികമായ വര്‍ഗ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കു എന്നത് എത്രമേല്‍ യാന്ത്രികമായ വാദമാണത്! ഉല്‍പ്പാദന വ്യവസ്ഥയില്‍ മാത്രം അധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥയല്ല ഇവിടെ നിലനില്‍ക്കുന്നതെന്നും മറിച്ച് സാമ്പ്രദായികമായ വിശ്വാസങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഇന്ത്യയിലെ ഉല്‍പ്പാദന ബന്ധങ്ങളെ പോലും സ്വാധീനിക്കാനുള്ള കഴിവുണ്ട് എന്നും നമുക്കറിയാം. കൂലി കിട്ടിയില്ലെങ്കിലും ജന്മിക്കു വേണ്ടി ജോലി ചെയ്യാന്‍ ബാധ്യസ്ഥരാണെന്ന്, അത് തങ്ങളുടെ വിധിയാണെന്നു വിശ്വസിക്കുന്നവര്‍, അമ്പലത്തില്‍ കയറാന്‍ ആര്‍ത്തവം തടസ്സമാണെന്ന്, തങ്ങള്‍ അശുദ്ധരാണെന്നു വിശ്വസിക്കുന്നവര്‍, നീചമായ തൊഴിലുകള്‍ ജാതിയുടെ പേരില്‍ ഇന്നും ചെയ്യേണ്ടി വരുന്നവര്‍ അത്തരം ജനങ്ങളുടെ നാടാണ് ഇന്ത്യ. അപ്പോള്‍ ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ ടൂളുകള്‍ വെച്ചു മാത്രമേ കാര്യങ്ങളെ കാണൂ എന്ന് അഭിമാനത്തോടു കൂടി പറയുകയും അടുത്ത ശ്വാസത്തില്‍ ഞങ്ങള്‍ ജാതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് അഭിമാനിക്കുകയും ചെയ്യുന്നു. ഇതിലെ വൈരുധ്യം കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

36. സി.പി.എമ്മിന്റെ നടപടി ആഴത്തിലുള്ള തെറ്റാണ്. കേരളത്തിലെ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഈ മുന്നോക്കപിന്നോക്ക സംവരണം വിള്ളലുകളുണ്ടാക്കും. അജിത്തിന്റെ കണക്കുപ്രകാരം പോലും പത്തുശതമാനത്തില്‍ കുറവാണ് മുന്നോക്കപിന്നോക്ക സംവരണത്തിന്റെ ഗുണഭോക്താക്കള്‍. 90 ശതമാനത്തിന്റെയും വെറുപ്പ് ഏറ്റുവാങ്ങുന്ന ഈ പരിപാടി പാര്‍ട്ടിക്ക് രാഷ്ട്രീയമായി ദോഷം ചെയ്യും. മുന്നോക്കക്കാരെ പ്രീണിപ്പിക്കാമെന്നുവെച്ചാല്‍ സാമൂഹികമായി ഉയര്‍ന്ന ശ്രേണിയില്‍നില്‍ക്കുന്ന മുന്നോക്കക്കാരില്‍ മുന്നോക്കക്കാര്‍ക്കാണ് ഈ സംവരണംകൊണ്ടുള്ള നഷ്ടം ഏറ്റവുമധികം വരിക. അവര്‍ ഇതുവരെ അനുഭവിച്ച പൊതുമത്സരവിഭാഗത്തില്‍നിന്ന് 20 ശതമാനം നഷ്ടപ്പെടും. സാമൂഹികനീതി അടിസ്ഥാനമായ സംവരണത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപരിപാടിയായി കോലംകെട്ടിക്കുക വഴി തത്വത്തില്‍ സംവരണം അനന്തമായി നീണ്ടുപോകും. പിന്തള്ളപ്പെട്ട സമുദായങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം കിട്ടുകയുമില്ല. മുന്നോക്കക്കാരിലെ ദരിദ്രര്‍ മാത്രമാണോ നിങ്ങളുടെ വര്‍ഗ സിദ്ധാന്തത്തില്‍ ഉള്‍പ്പെടുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സാക്ഷാല്‍ കാള്‍ മാര്‍ക്‌സിനെ കൊണ്ടു വന്നാല്‍ ആദ്യം അദ്ദേഹം നിങ്ങളുടെ മുഖത്തടിക്കും. ചുരുക്കത്തില്‍ സൈദ്ധാന്തികമായും പ്രായോഗികമായും തെറ്റിപ്പോയ നീക്കമാണ് മുന്നോക്കപിന്നോക്ക സംവരണം.
മൊത്തത്തില്‍ അജിത്തിന്റെ വാദങ്ങള്‍ പാര്‍ട്ടിക്കു തെറ്റുപറ്റില്ല എന്ന വിശ്വാസം ഉറച്ചുപോയവര്‍ക്ക് കൈയടിക്കാനുള്ള സൂത്രപ്പണികളാണ്. വായിക്കുന്തോറും അതിന്റെ പൊള്ളത്തരങ്ങള്‍ വെളിപ്പെട്ടുകൊണ്ടിരിക്കും. കേരളം ഒരു പാര്‍ട്ടിഗ്രാമമല്ല. പാര്‍ട്ടി കേഡര്‍മാര്‍ മാത്രമല്ല പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്. നിലവില്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും വെറുപ്പുണ്ടാക്കുന്ന ഈ വാദങ്ങളില്‍നിന്ന് അജിത്തിനെപ്പോലൊരു അക്കാദമീഷ്യന്‍ പിന്‍വാങ്ങണം. സമുദായങ്ങളെ ഭിന്നിപ്പിക്കുകയല്ല ഒരുമിപ്പിച്ചുനിര്‍ത്തുകയാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തം. കൃത്യം സെക്കുലര്‍ ബോധ്യത്തില്‍ ജീവിക്കുന്ന ഒരാള്‍ ഇതു തിരിച്ചറിയണം. പാര്‍ട്ടിയെ തിരുത്തണം.

(ഫേസ് ബുക്ക് പോസ്റ്റ്)

https://www.facebook.com/ajith.m.ajith/posts/3705091379541849

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply