ഇനി വരുന്നത് കോര്‍പ്പറേറ്റ് മൂലധനത്തിന്റെ സര്‍വ്വാധിപത്യകാലം

രാജ്യത്തിന്റെ ജിഡിപി 200 ലക്ഷം കോടി രൂപയാണ്. ഇതില്‍ നിന്ന് പാവപ്പെട്ടവരുടെ കൈകളില്‍ പണമെത്തിക്കാന്‍ വേണ്ടത് രാഹുല്‍ഗാന്ധിയുടെ കണക്കുപ്രകാരം കേവലം മൂന്നു ലക്ഷം കോടി രൂപ മാത്രമാണ്. കൊവിഡ് കാലത്ത് 750 രൂപ വീതം നല്‍കാന്‍ നോബല്‍ സമ്മാന ജേതാവായ അഭിജിത് ബാനര്‍ജിയുടെ അഭിപ്രായത്തില്‍ വേണ്ടത് 6500 കോടി രൂപയാണ്. ഈ സാമ്പത്തിക നടപടി സ്വീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ വിസമ്മതിക്കുന്നതിനുകാരണം കോര്‍പ്പറേറ്റുകളുടെ സമ്പദ്ഘടനക്കു മേലുള്ള അനിയന്ത്രിത സ്വാധീനമാണ്. ഇക്കാര്യത്തില്‍ വ്യത്യസ്ഥമായൊരു സമീപനം കോണ്‍ഗ്രസോ ഇടതുപക്ഷമോ പുലര്‍ത്തുന്നതേയില്ല – ‘സ്വയംപര്യാപ്തതയുടെ സാമ്പത്തികശാസ്ത്രം’ എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം

ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് നിരന്തരം ആവശ്യപ്പെടുന്ന സാമ്പത്തികനടപടിയാണ് പാവപ്പെട്ട ജനങ്ങളുടെ കൈകളില്‍ നേരിട്ട് പണമെത്തിക്കുക എന്നത്. ലോകസഭാതെരഞ്ഞെടുപ്പിലെ ആകര്‍ഷകമായ ആവശ്യവും മറ്റൊന്നായിരുന്നില്ല. അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതിയിലൂടെ മുന്നോട്ടുവെച്ചത് 1200 രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നായിരുന്നു. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെററിയുടെ നിര്‍ദ്ദേശവും പ്രതിപക്ഷത്തിന്റെ പിന്തുണയും നേടിയെടുക്കാന്‍ കഴിഞ്ഞ ഈ സാമ്പത്തികനയം കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎക്ക് അനായാസവിജയം നല്‍കുമെന്ന് കരുതിയിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസ്് ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, വ്യത്യസ്ഥമായ സാമ്പത്തികനയം അവതരിപ്പിച്ച രാഹുല്‍ഗാന്ധി, അമേഠിയില്‍ പരാജയപ്പെട്ടപ്പോള്‍, സാമ്പത്തികേതര കാരണങ്ങളാല്‍ വയനാട്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വസ്തുതകള്‍ ഇപ്രകാരമാണെങ്കിലും വര്‍ത്തമാനകാല ഇന്ത്യയില്‍ ഈയാവശ്യം തള്ളിക്കളയാനാവുകയില്ല. അതുകൊണ്ടാണ് ഒരു സാമ്പത്തികനയം എന്നതിലുപി തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയെന്ന നിലയില്‍ കര്‍ഷകര്‍ക്ക് 3 മാസം 2000 രൂപയും സ്ത്രീകള്‍ക്ക 500 രൂപ വീതവും ബിജെപി സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ നല്‍കിയത്. അധികാരത്തിന്റെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ്സിന്റെ വാഗ്ദാനങ്ങളേക്കാള്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞു. ഇതോടൊപ്പം ശൗചാലയനിര്‍മ്മാണം, മുദ്രാലോണ്‍, സൗജന്യ പാചകവാതക വിതരണം എന്നീ കാര്യങ്ങളെ പാവപ്പെട്ടവരുടെ കൈകളില്‍ പണമെത്തിക്കുന്നതിന്റെ അനുബന്ധമാക്കി മാറ്റുവാനും കഴിഞ്ഞു. ഇത്തരം കാര്യങ്ങളുടെ പ്രചരണം ബിജെപിയെ തെരഞ്ഞെടുപ്പു വിജയത്തിലേക്ക് നയിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പാവപ്പെട്ടവരുടെ കൈകളില്‍ പണം നേരിട്ടെത്തിക്കുന്ന സാമ്പത്തിക നടപടി തെരഞ്ഞെടുപ്പു വിജയത്തിന്റേയും ദരിദ്രജനതയോടുള്ള പക്ഷപാതിത്വത്തിന്റേയും സൂചകമായി മാറിയിട്ടുണ്ടെന്ന് നിസ്സംശയം പറയാന്‍ കഴിയുന്നതാണ്.

രാജ്യത്തെ ഭരണ – പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നിഷേധിക്കാനാവാത്ത ഈ സാമ്പത്തികപരിപാടിയെ സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. ആദ്യമായി വിലയിരുത്തേണ്ടത് കോണ്‍ഗ്രസ്സിന്റേയും സിപിഎം അടക്കമുള്ള പ്രതിപക്ഷത്തിന്റേയും നിലപാടുകളാണ്. ഇന്ത്യയെപോലെ പരമദരിദ്രരും നിരക്ഷരരും ഭവനരഹിതരും തൊഴില്‍രഹിതരുമായ കോടിക്കണക്കിനു ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്ത്, രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം തീര്‍ച്ചയായും സ്വീകരിക്കപ്പെടേണ്ടതായിരുന്നു. ഇതിനാധാരമായ തെളിവുകള്‍ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലുണ്ട്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാഗ്ദാനം ക്ഷേമരാഷ്ട്രമായിരുന്നു. രാജ്യത്തിനുള്ളില്‍ കൊടികുത്തി വാണിരുന്ന അസമത്വവും ദുരിതങ്ങളും തുടച്ചുനീക്കപ്പെടുമെന്ന വിശ്വാസം കോണ്‍ഗ്രസ്സ് ഭരണത്തിന് ആയുസ്സു കൂട്ടികൊടുക്കാനാണ് സഹായമായത്. എന്നാല്‍ ജനങ്ങളുടെ, ഭരണകൂടത്തിലും കോണ്‍ഗ്രസിലുമുള്ള വിശ്വാസം ഏറെനാള്‍ നിലനിന്നില്ല. ഫലമോ, രാജ്യമാസകലം വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയും കോണ്‍ഗ്രസിനെ സംഘടനാപരമായി സ്ഥിരപ്പെടുത്തുംവിധം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭരണമാറ്റമുണ്ടായെങ്കിലും കേന്ദ്രഭരണം കോണ്‍ഗ്രസ്സിന് കൈയൊഴിയേണ്ടിവന്നില്ല. നെഹ്‌റുവിനുശേഷം ഒരിടക്കാലം ഒഴിച്ചുനിര്‍ത്തിയാല്‍ കേന്ദ്രത്തില്‍ ഭരണം നടത്തിയ ഇന്ദിരാഗാന്ധിക്കും അഭിമുഖീകരിക്കേണ്ടിവന്ന മുഖ്യപ്രശ്‌നം ദാരിദ്ര്യം തന്നെയായിരുന്നു. മറ്റെല്ലാ സാമൂഹ്യം – രാഷ്ട്രീയ സംഘര്‍ഷങ്ങളേയും അപ്രസക്തമാക്കാനുതകുംവിധം പ്രധാനമന്ത്രി ഉയര്‍ത്തിയ മുദ്രാവാക്യം ഗരീബി ഹഠാവോ എന്നായിരുന്നു. ഈ മുദ്രാവാക്യം ജലരേഖയായെന്നത് വേറെ കാര്യം.

രാഷ്ട്രീയമായ അതിജീവനത്തിനും തെരഞ്ഞെടുപ്പുവിജയത്തിനും വേണ്ടി സ്വപ്‌നങ്ങള്‍ വാരിവിതറുന്ന കോണ്‍ഗ്രസ്സിന്റെ പതിവുരീതിയില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ ന്യായ് ല്‍ നിന്നും ജനങ്ങള്‍ മുഖംതിരിച്ചത്. എങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തെ കണക്കിലെടുക്കാതെ, ജനങ്ങളുടെ കൈകളില്‍ നേരിട്ടു പണമെത്തിക്കുന്ന നടപടിയെ ഒരു സാമ്പത്തിക നയമായംഗീകരിച്ചതിനാലാണ് കൊവിഡ് 19 കാലത്ത് പൊടിത്തട്ടി കളഞ്ഞ് ഉയര്‍ത്തിപിടിച്ചത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേന്ദ്രഭരണം ലഭ്യമാകുമ്പോള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന കാര്യം, ഭരണത്തിലുള്ള ബിജെപിക്ക് അനായാസം സാധ്യമാകാന്‍ കഴിയുന്നതാണ്. കാരണം, രാജ്യത്തിന്റെ ജിഡിപി 200 ലക്ഷം കോടി രൂപയാണ്. ഇതില്‍ നിന്ന് പാവപ്പെട്ടവരുടെ കൈകളില്‍ പണമെത്തിക്കാന്‍ വേണ്ടത് രാഹുല്‍ഗാന്ധിയുടെ കണക്കുപ്രകാരം കേവലം മൂന്നു ലക്ഷം കോടി രൂപ മാത്രമാണ്. കൊവിഡ് കാലത്ത് 750 രൂപ വീതം നല്‍കാന്‍ നോബല്‍ സമ്മാന ജേതാവായ അഭിജിത് ബാനര്‍ജിയുടെ അഭിപ്രായത്തില്‍ വേണ്ടത് 6500 കോടി രൂപയാണ്. ഈ സാമ്പത്തിക നടപടി സ്വീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ വിസമ്മതിക്കുന്നതിനുകാരണം കോര്‍പ്പറേറ്റുകളുടെ സമ്പദ്ഘടനക്കു മേലുള്ള അനിയന്ത്രിത സ്വാധീനമാണ്. ഇക്കാര്യത്തില്‍ വ്യത്യസ്ഥമായൊരു സമീപനം കോണ്‍ഗ്രസോ ഇടതുപക്ഷമോ പുലര്‍ത്തുന്നതേയില്ല.

ദേശീയവരുമാനത്തിന്റെ നന്നേ ചെറിയൊരുഭാഗം ജനസംഖ്യയിലെ ബഹുഭൂരിപക്ഷത്തിനുേണ്ടി മാറ്റിവെക്കുന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കോര്‍പ്പറേറ്റുകളെ അലോസരപ്പെടുത്താത്ത സാമ്പത്തികനയത്തില്‍ തുന്നിചേര്‍ത്ത ദരിദ്രജനതയോടുള്ള പക്ഷപാതിത്വമാണ്. മറ്റൊരു കാര്യം നെഹ്‌റുവില്‍ നിന്നാരംഭിച്ച് രാഹുല്‍ ഗാന്ധിയില്‍ എത്തിചേര്‍ന്ന ഉദാരമാനവികതയായിരുന്നു. ഇതിനപ്പുറം ഒരു സാമ്പത്തിക സിദ്ധാന്തം ചമക്കാന്‍ കോണ്‍ഗ്രസിനു കഴിയുമായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മുമ്പെന്നത്തേയുംപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുള്‍പ്പെടുന്ന ഇടതുപക്ഷം, കോണ്‍ഗ്രസ്സിന്റെ ആവശ്യത്തെ അംഗീകരിക്കുക മാത്രമല്ല, സൈദ്ധാന്തിക ന്യായീകരണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ തോമസ് ഐസക് വരെയുള്ളവരുടെ വ്യാഖ്യാനങ്ങളില്‍ ജനങ്ങളുടെ കൈയില്‍ പണമെത്തുമ്പോള്‍ ക്രയശേഷി വര്‍ദ്ധിക്കുകയും വിപണിയിലെത്തുമ്പോള്‍ സമ്പദിഘടനയുടെ ചലനവേഗം വര്‍ദ്ധിക്കാനും കാരണമാകും. ഇത് ദാരിദ്ര്യനിര്‍മ്മാര്‍ജനവും വിപണിയുടെ സംരക്ഷണവും ഉറപ്പാകുമത്രെ. മറുവാക്കില്ലാത്ത ഈ സാമ്പത്തിക സിദ്ധാന്തത്തില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഇടതുപക്ഷത്തിന്റെ കോണ്‍ഗ്രസ്സ് വിധേയത്വം മാത്രമല്ല, കോര്‍പ്പറേറ്റുകളുടേയും കുത്തകകളുടേയും സമ്പദ്ഘടനയുടെ മേലുള്ള അധീശത്വവും ചൂഷണവും മൂടിവെക്കുന്ന നയമാണ്. കോണ്‍ഗ്രസ്സ് നിര്‍വ്വചിക്കാന്‍ വിസമ്മതിച്ചതും ഇടതുപക്ഷം നിര്‍വ്വചിച്ചതുമായ സാമ്പത്തിക സിദ്ധാന്തത്തിന്റെ ഉള്ളടക്കമെന്താണ്? ജനങ്ങളുടെ കൈയില്‍ പലപ്പോഴായി എത്തിച്ചേരുന്ന 2000 / 750 രൂപ കോര്‍പ്പറേറ്റുകളുടെ ഉല്‍പ്പന്ന വിപണിയിലേക്കല്ല, ഉപഭോഗവിപണിയിലാണ് എത്തിച്ചേരുന്നത്. അതായത് ആഹാരസാധനങ്ങള്‍, വസ്ത്രങ്ങള്‍, മറ്റ് നിയ്യോപയോഗ സാധനങ്ങള്‍ എന്നിവയാണ് വാങ്ങാന്‍ കഴിയുന്നത്. ഗ്രാമീണമേഖലകളിലോ നഗരപ്രാന്തങ്ങളിലോ ഉള്ള ചെറുകിട കച്ചവടക്കാരുടേയും കൈവേലക്കാരുടേയും നിയന്ത്രണത്തിലുള്ള വിപണിയിലേക്കെന്നപോലെ, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകരായ കര്‍ഷകരിലെത്തിച്ചേരുന്ന പണം കൊണ്ട് കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളായ ഫ്രിഡ്ജ്. ടി വി, കാറ് എന്നിവ വാങ്ങാനാവുകയില്ല. അതേസമയം ഈ സാമ്പത്തികനയം സൃഷ്ടിക്കുന്ന രാഷ്ട്രീയനേട്ടം വളരെ വലുതാണ്. ഇക്കാര്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറായത്.

ആഗോളസാമ്പത്തികമാന്ദ്യം ഇന്ത്യയിലെ കോര്‍പ്പറേറ്റുകളേയും കുത്തകകളേയും ബാധിച്ചപ്പോള്‍ സര്‍ക്കാര്‍ കണ്ടത്തിയ മാര്‍ഗ്ഗം ബാങ്ക് മൂലധനവും റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനവും മുന്‍ചൊന്നവരിലേക്ക് ഒഴുക്കുകയായിരുന്നു. ഇപ്രകാരം വിനിയോഗിച്ചത് ഏട്ടേകാല്‍ ലക്ഷം കോടി രൂപയാണ്. എന്നാല്‍ കൊവിഡ് കാലത്ത് ജനങ്ങളുടെ കയ്യില്‍ പണണെത്തിക്കണമെന്നുള്ള പ്രതിപക്ഷപാര്‍ട്ടികളുടേയും പ്രമുഖ സാമ്പത്തിക വിദഗ്ധരുടേയും ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. ഇതിന് കാരണം സര്‍ക്കാരിന്റെ ഉദാരസഹായം ലഭിച്ചിട്ടും തുടരുന്ന കോര്‍പ്പറേറ്റ് മൂലധന പ്രതിസന്ധി പരിഹരിക്കലാണ്. ഇതിനായി കണ്ടെത്തിയ മാര്‍ഗ്ഗം ദരിദ്ര ജനങ്ങള്‍ക്ക് താല്‍ക്കാലികമായി ഭക്ഷണം നല്‍കിയും പിന്നീട് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും നിലനിര്‍ത്തുകയാണ്. ഇതോടൊപ്പം ഈ വിശാല ജനവിഭാഗങ്ങള്‍ ആശ്രയിക്കുന്ന സൂക്ഷ്മ, ചെറുകിട, കൈത്തൊഴില്‍ മേഖലയുടെ സ്വതന്ത്ര അസ്തിത്വമില്ലാതാക്കി കോര്‍പ്പറേറ്റ് മൂലധനത്തിന്റെ സര്‍വ്വാധിപത്യം ഉറപ്പിക്കുകയാണ്. അതായത് രാജ്യത്തിലെ മുഴുവന്‍ അദ്ധ്വാനശേഷിയും ഉല്‍പ്പാദനവും വിപണിയും കോര്‍പ്പറേറ്റ് മൂലധനത്തിന് വിധേയമാകുകയാണെന്ന് വായിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടുതന്നെ കൊവിഡ് കാലം ഉണ്ടായിരുന്നില്ലെങ്കിലും സമ്പദ്ഘടനയുടെ പുനസംഘടന നടക്കുമായിരുന്നു. എന്നാല്‍ മഹാമാരി സൃഷ്ടിച്ച അനുകൂല സാഹചര്യം മാത്രമല്ല, ഭരണകൂടനടപടികള്‍ക്ക് മുന്നില്‍ രക്തസാക്ഷികളാകേണ്ടിവന്ന പ്രതിപക്ഷത്തിന്റെ നിലപാടുകളും സര്‍ക്കാരിനെ മറയില്ലാതെ തുണക്കുകയാണ്.

ആഗോള – ദേശീയ സമ്പദ് ഘടനകളില്‍ കോര്‍പ്പറേറ്റ് മൂലധനം ആധിപത്യം നേടുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ 80-90കളിലാണ്. ഇതിനാധാരമായ IMF, ലോകബാങ്ക് നിയന്ത്രണം ഉറപ്പിച്ചത് അമേരിക്കയാണ്. രണ്ടാം ലോകയുദ്ധാനന്തരം നിരവധി ആഫ്രിക്കന്‍ – ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പദ്ഘടനയെ മുതലാളിത്ത – സാമ്രാജ്യങ്ങളിലെ സമ്പന്നര്‍ക്ക് തുറന്നുകൊടുത്തത്, രകതരൂക്ഷിതമായ സൈനിക അട്ടിമറികളിലൂടേയോ ആഭ്യന്തരകലാപങ്ങളിലൂടേയോ രൂപപ്പെട്ട സേച്ഛാധിപത്യ ഭരണകൂടങ്ങളാണ്. ഇപ്രകാരം അധികാരത്തില്‍ വന്ന നിഷ്ഠൂരരും സാമ്രാജ്യത്വദാസന്മാരുമായ ഭരണാധികാരികളുടെ പിന്തുണയോടെ തദ്ദേശ സമ്പദ് ഘടനകളിലേക്ക് ഇരച്ചുകടന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ തലമുറകളിലൂടെ നിലനിന്ന വൈവിധ്യമാര്‍ന്ന വിളകളുടെ സ്ഥാനത്ത് ആഗോള ദേശീയ വിപണിക്കാവശ്യമായ ഏകവിളത്തോട്ടങ്ങള്‍ സ്ഥാപിച്ചു. ഇത്തരം തോട്ടങ്ങളില്‍ അമിതോല്‍പ്പാദനത്തിനായി വിനിയോഗിച്ച രാസവളങ്ങളും കീടനാശിനികളും പ്രാദേശിക ജനതകള്‍, ജീവിതത്തിന്റെ അനിഷേധ്യഭാഗമാക്കിയ മണ്ണിനെ ഘടനാപരമായി മാറ്റിതീര്‍ത്തതിന്റെ ഫലമായി ഗുരുതരമായ പാരിസഥിതികപ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. മാത്രമല്ല, കയറ്റുമതിക്കോ ഇറക്കുമതിക്കോ വേണ്ടിയുള്ള ഏകവിളകള്‍ വിവിധങ്ങളായ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ കൊണ്ട് സമ്പന്നവും സമൃദ്ധവുമായിരുന്ന ചെറുകിട വിപണികളെ തുടച്ചുനീക്കിയതോടെ കാര്‍ഷിക – കൈത്തൊഴില്‍ മേഖലകള്‍ ജനങ്ങളുടെ ഉപജീവനോപാധികളല്ലാതായി മാറി. ഇതോടെ ദാരിദ്ര്യത്തിലേക്കും വറുതിയിലേക്കും വലിച്ചെറിയപ്പെട്ട ജനങ്ങള്‍, സര്‍ക്കാരിന്റേയോ സന്നദ്ധ സംഘടനകളുടേയോ ആഹാരവിതരണത്തിനായി കാത്തിരിക്കുന്നവരായി. ഇന്ത്യയില്‍ സൈനിക സേച്ഛാധിപത്യത്തിന്റെ അഭാവത്തില്‍ തൊഴിലെടുക്കുന്നവരേയും കാര്‍ഷിക കൈത്തൊഴില്‍ക്കാരേയും ജാതിവ്യവസ്ഥയിലെന്നപോലെ അപരവല്‍ക്കരണത്തിനും പുറന്തള്ളലിനും വിധേയമാകുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന പകല്‍പോലെ തെളിയുന്ന യാഥാര്‍ത്ഥ്യമാണ് രാഷ്ട്രം അഭിമുഖീകരിക്കുന്നത്.

(തുടരും)

ഈ ലേഖനത്തിന്റെ ആദ്യഭാഗം വായിക്കാന്‍

സ്വയംപര്യാപ്തതയുടെ സാമ്പത്തികശാസ്ത്രം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply