കേരള നിയമസഭാ തിരഞ്ഞെടുപ്പും ദളിത് കീഴാള രാഷ്ട്രീയത്തിന്റെ നിരാസവും

ഒരു ഭാഗത്ത് സവര്‍ണ ഹിന്ദുത്വവും മറുഭാഗത്ത് ഇടതുപക്ഷവും വിഭിന്ന രാഷ്ട്രീയാഭിപ്രായത്തേയും മനുഷ്യാവകാശ സമരങ്ങളെയും ഭൂ സമരങ്ങളെയും പരിസ്ഥിതി പ്രക്ഷോഭങ്ങളേയും നേരിട്ടും ഗുണ്ടകളെ അഴിച്ചുവിട്ടും പോലീസിനെ അനിയന്ത്രിതമായി ഉപയോഗിച്ചും മനശ്ശാസ്ത്ര പരമായും ശാരീരികമായും മാരകമായി മുറിവേല്‍പ്പിക്കുന്ന സോഷ്യല്‍ ഫാഷിസമാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ദേശീയത ദളിത് – മുസ്ലിം ന്യൂനപക്ഷ സ്വത്വങ്ങളെ അപരവല്‍ക്കരിച്ചു കൊണ്ടാണ് വികസിക്കുന്നത്. അതിന്റെ പ്രബലമായ ആധിപത്യം കേരളത്തെയും ഗ്രസിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് 140 സാമാജികരെ തിരഞ്ഞെടുക്കുന്ന പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഈ തിരഞ്ഞെടുപ്പിലും ദളിത് കീഴാള വിഭാഗത്തെ രാഷ്ട്രീയത്തില്‍ നിന്ന് അദൃശ്യമാക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.. നമ്മുടെ മുഖ്യശത്രു ഹിന്ദുത്വ ഫാഷിസമാണെന്ന് പറയുകയും അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കു മാത്രമേ കഴിയൂ, അതുകൊണ്ട് ദളിതരും മുസ്ലിങ്ങളും തങ്ങളോടൊപ്പം ചേരേണ്ടത് അവരുടെ ചുമതലയാണെന്നും പറയുന്നതാണ് മുഖ്യധാരാ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയ കര്‍മ്മ പ്രമാണം..

സംഘപരിവാറിന്റെ ലക്ഷ്യം സവര്‍ണാധിപത്യ ദേശരാഷ്ട്രമാണെന്നും ദളിത് ന്യൂനപക്ഷങ്ങളെ പിഴുതെറിയേണ്ടത് അതിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യമാണെന്നും മനസ്സിലാക്കുമ്പോള്‍ തന്നെ ‘മതേതരത്വം’ എന്ന ഒരു ചമല്‍കാരം മാത്രം ഉപയോഗിച്ച് തങ്ങള്‍ ഫാഷിസത്തെ നേരിടുന്നുവെന്ന പ്രചാരണം നടത്തുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. ഇതോടെ രാഷ്ട്രീയം എന്നത് പൂര്‍ണ്ണമായും സവര്‍ണഹിന്ദുത്വ, മതേതരത്വ ബൈനറികളില്‍ ഒതുങ്ങുകയും ദലിത് – സബാള്‍ട്ടന്‍ – ധനമൂലധന – ഭൂ രാഷ്ട്രീയ വിഷയങ്ങള്‍ അദൃശ്യമാക്കപ്പെടുകയും ചെയ്യുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇടതുപക്ഷത്തിന്റെ ഈ പ്രതിരോധ പ്രച്ഛന്നങ്ങള്‍ നാളത്തെ പൂര്‍ണ്ണമായ ഒത്തുതീര്‍പ്പിന്റേയും അനുരഞ്ജനത്തിന്റേയും തുടക്കങ്ങളായിത്തീരുന്നു. ഇതിന്റെ നേട്ടം ആഗോള കമ്പോളം കൊയ്‌തെടുക്കുമ്പോള്‍ ദളിത് ജീവിതസ്ഥലത്തെ, അസ്ഥിത്വത്തിന്റെയും അധിവാസത്തിന്റേയും ഉല്‍പാദനത്തിന്റേയും ഇടങ്ങളെ ആഗോള കമ്പോളത്തിന്റെ സ്ഥലമാക്കി പരിവര്‍ത്തിപ്പിക്കുന്ന വികസനത്തിന്റെ നിഗൂഡ കര്‍മ്മ പ്രവര്‍ത്തനങ്ങള്‍ ഒളിച്ചുകടത്താന്‍ കഴിയുന്നു.

കേരളത്തിലെ ദളിത് – ന്യൂനപക്ഷ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളെ ‘മതേതരത്വം’ എന്ന ഒറ്റ സംജ്ഞകൊണ്ട് വിശകലനം ചെയ്യാന്‍ കഴിയില്ല. മാത്രമല്ല ‘മതേതരത്വം’ ‘ഐഡന്റിറ്റി രാഷ്ട്രീയം’ തുടങ്ങിയ ജനപ്രിയവും സാമ്പ്രദായികവുമായ ജ്ഞാന സിദ്ധാന്തങ്ങള്‍ (voguish epistemology)
ദളിതരുടെയും മതന്യൂനപക്ഷങ്ങളുടെയും അനുഭവങ്ങളുടെ പരാവര്‍ത്തനത്തേയും ആത്മപ്രകാശനത്തേയും റദ്ദ് ചെയ്യുവാനാണ് വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. ദളിത് – സ്വത്വ വിഷയങ്ങളും അതില്‍ നിന്നുയര്‍ന്നുവരുന്ന ചോദ്യങ്ങളും അപ്രത്യക്ഷമാക്കിയും ‘മതേതരത്വ’ സംരക്ഷണത്തിന്റെ രക്ഷക മിത്തായും കേരളത്തിലെ ഇടതുപക്ഷം സ്വയം പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. ഈ പശ്ചാത്തലമുപയോഗപ്പെടുത്തിയാണ് ഫാഷിസ്റ്റ് വിരുദ്ധതയുടെ കപട മുദ്രകള്‍ കാണിച്ച് തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ഇതിനകം രാഷ്ട്രീയവിപണിയിലെ ട്രേഡ് മാര്‍ക്കായിക്കഴിഞ്ഞ സോഷ്യല്‍ ഡെമോക്രാറ്റിക് ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിന്റെ ഭാഗമാണ് കേരളത്തിലെ ഇടതുപക്ഷം ഒരേസമയം ജാതി-മത അനാര്‍ക്കിക്കല്‍ പ്രവര്‍ത്തനങ്ങളെ തഴുകിത്തലോടുകയും എത്തിയിസ്റ്റുകളെ വേട്ടയാടുകയും ചെയ്യുന്നത്.. ഇതില്‍ നിന്നു തന്നെയുള്ള സമ്പന്ന വര്‍ഗ്ഗങ്ങളേയും ദരിദ്രരെയും വേര്‍തിരിച്ച് വോട്ടു സാധ്യത പരിശോധിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന വോട്ടുകച്ചവട ഗവേഷണവും ഇടതുപക്ഷം നടത്തിപ്പോരുന്നു.

ചുരുക്കത്തില്‍ തങ്ങളുടെ നിലനില്‍പ്പ് അനിവാര്യമാണെന്ന് ഉറപ്പിച്ചെടുക്കാനും ഇത്രകാലം കൈയ്യടക്കി അനുഭവിച്ചു കൊണ്ടിരിക്കുന്ന അധികാരം ദളിതരിലേക്കും മറ്റ് കീഴാളരിലേക്കും എത്തിപ്പെടാതിരിക്കാനും, അവരെ അവകാശപ്പോരാട്ടങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും സംഘപരിവാറിന്റെ സാന്നിധ്യം കൂടി കേരളത്തില്‍ ഉണ്ടാകേണ്ടത് മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ആവശ്യമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്…

കേരളമുള്‍പ്പെടെ ഇന്ത്യന്‍ സാമൂഹികാവസ്ഥയെ പൂര്‍ണമായും ഗ്രസിച്ചു കഴിഞ്ഞ സവര്‍ണ്ണ വൈദിക കോയ്മയെ പരാജയപ്പെടുത്താന്‍ പര്യാപ്തമായ കീഴാള , മര്‍ദ്ദിത ഐക്യം രൂപപ്പെടുത്തിമാത്രമെ ഫാഷിസത്തെയും അതിന്റെ ധനമൂലധനാധിനിവേശത്തെയും നേരിടാന്‍ കഴിയൂ..

രാഷ്ട്രീയഹിന്ദുത്വത്തിന്റെ അതിശക്തമായ ഗൂഢാലോചനകള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. ഗാന്ധി ഘാതകരുടെ പിന്‍മുറക്കാര്‍ എങ്ങനെയാണ് കേരളത്തില്‍ അവരുടെ പ്രത്യയശാസ്ത്രം നട്ടുവളര്‍ത്താന്‍ മണ്ണൊരുക്കിയതെന്ന കാര്യമായ പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല.

‘നമ്മുടെ ചരിത്രത്തിന്റെ ഭൂരിഭാഗവും നമ്മുടെ ബോധമണ്ഡലത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടില്ല’ എന്ന് മാനിനി ചാറ്റര്‍ജി പറയുന്നതാണ് ഇവിടെ ഓര്‍ത്തുപോകുന്നത്.. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതുപക്ഷവും സിപിഎം ഉള്‍പ്പെടുന്ന ‘സോഷ്യല്‍ ഡെമോക്രാറ്റിക് ‘ ഇടതുപക്ഷവും ബോധപൂര്‍വ്വം പരിപോഷിപ്പിച്ചെടുത്ത ദളിത് കീഴാള വിരുദ്ധമായ സാംസ്‌കാരിക സവര്‍ണ ഹിന്ദുത്വയുടെ രാഷ്ട്രീയ വിജയത്തിന്റെ തുടര്‍ച്ചയായാണ് സംഘപരിവാറിന് കേരളത്തില്‍ മേല്‍ക്കൈ ഉണ്ടായത്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ് (May 1943) നടന്ന ബോംബേയിലെ സമ്മേളന വേദിയില്‍ മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവരോടൊപ്പം മഹാത്മാഗാന്ധി, നെഹ്റു, ജിന്ന തുടങ്ങിയ സഹോദരപാര്‍ട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പുറകിലായി കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും കൊടികള്‍കൂടി സ്ഥാപിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്.. എന്നാല്‍ ബാബാസാഹിബ് അംബേദ്കറിന്റെ ഛായാപടം ഉണ്ടായിരുന്നതായി കേട്ടിട്ടില്ല. എന്തുകൊണ്ട് അംബേദ്കറിന്റെ ഛായാപടം മാത്രം ഒഴിവാക്കപ്പെട്ടുവെന്നതിന് ചരിത്ര വ്യക്തത വരുത്തേണ്ടതുണ്ട്.

ഫാഷിസത്തെ പ്രതിരോധിക്കാന്‍ എല്ലാകാലത്തും ഓരോ ശക്തികള്‍ രൂപമെടുക്കാറുണ്ട്. അതുപോലെ ഫാഷിസത്തിനെതിരായ പ്രതിരോധമെന്ന പ്രച്ഛന്നത്തില്‍ അകമാകെ ഫാഷിസത്തെ പിന്തുണയ്ക്കുന്ന കാപട്യ രാഷ്ട്രീയവുമുണ്ട്. ഇന്ന് കേരള രാഷ്ട്രീയം ഇഴകീറി പരിശോധിച്ചാല്‍ ്് ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധങ്ങള്‍ ഒന്നൊന്നായി ഇതള്‍ പൊഴിയുന്നതും, ഒരു സവര്‍ണ്ണ ഹൈന്ദവ ആവാസവ്യവസ്ഥ മറ്റൊരു രൂപത്തില്‍ ആധിപത്യമുറപ്പിക്കുന്നതും കാണാം..

ഒരു ഭാഗത്ത് സവര്‍ണ ഹിന്ദുത്വവും മറുഭാഗത്ത് ഇടതുപക്ഷവും വിഭിന്ന രാഷ്ട്രീയാഭിപ്രായത്തേയും മനുഷ്യാവകാശ സമരങ്ങളെയും ഭൂ സമരങ്ങളെയും പരിസ്ഥിതി പ്രക്ഷോഭങ്ങളേയും നേരിട്ടും ഗുണ്ടകളെ അഴിച്ചുവിട്ടും പോലീസിനെ അനിയന്ത്രിതമായി ഉപയോഗിച്ചും മനശ്ശാസ്ത്ര പരമായും ശാരീരികമായും മാരകമായി മുറിവേല്‍പ്പിക്കുന്ന സോഷ്യല്‍ ഫാഷിസമാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അനായാസം പരസ്പരം വേഷം മാറാന്‍ കഴിയുന്ന യൂണിഫോമും വെച്ചുമാറാന്‍ കഴിയുന്ന കൊടികളുമായിരിക്കുന്നു കാവിയും ചുവപ്പും കേരളത്തില്‍…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply