സി കെ ജാനു : യു ഡി എഫ് നിലപാട് സ്വാഗതാര്‍ഹം – എം ഗീതാനന്ദന്‍

 

സി കെ ജാനുവിനെയും JRP -എയും മുന്നണിയുടെ ഭാഗമാക്കാന്‍ തീരുമാനമെടുത്ത U D F നിലപാട് സ്വാഗതാര്‍ഹമാണ്. അരനൂറ്റാണ്ടോളമായി കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വരുന്ന ഇടത് -വലതു മുന്നണികള്‍ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുന്ന വിഭാഗമാണ് ദളിത് ആദിവാസികള്‍. രാഷ്ട്രീയ പ്രബുദ്ധതയും സംഘടനാ ശേഷിയും ആള്‍ബലവും ഉള്ള നിരവധി പേര്‍ ദളിത് പ്രസ്ഥാനത്തില്‍ ഉണ്ടായിട്ടുണ്ട്. സമുദായിക രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന നേതാവായിട്ടും കല്ലറ സുകുമാരന്‍ സാറിനെ വരെ മുന്നണിയില്‍ അടുപ്പിച്ചിരുന്നില്ല. മുത്തങ്ങ ഭൂ സമരത്തിന് ശേഷം 2004 ല്‍ ജാനുവിന്റെ നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വ്യക്തിപരമായി സി കെ ജാനു യുഡിഎഫ് പ്രവേശനത്തിന് ശ്രമം നടത്തിയിരുന്നു . ഞാന്‍ ഉള്‍പ്പെടെയുള്ള സംഘടന നേതൃത്വത്തിന്റെ അറിവോടെയാണ് അതിന് ശ്രമിച്ചിരുന്നത്. എന്നാല്‍ യുഡിഎഫിലെ ഒരു വിഭാഗം ജാനുവിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിന് എതിരായിരുന്നു. ജന പിന്തുണ ഇല്ലെങ്കിലും ഇരുമുന്നണികളും സവര്‍ണ്ണ ജാതികളിലെ ചില നേതാക്കള്‍ക്ക്, പേരിന് ഒരു പാര്‍ട്ടി ഉണ്ടെങ്കിലും മുന്നണികളില്‍ സ്ഥാനംനല്‍കാറുണ്ട്. എന്നാല്‍ വലിയ ജനപിന്തുണയും പൊതുസമ്മതിയും ഉണ്ടായിട്ടും സി കെ ജനുവിനെ യുഡിഎഫ് മുന്നണി അവഗണിക്കുകയായിരുന്നു. ആ സമീപനത്തിന് അന്ത്യം കുറിക്കാന്‍ തുടങ്ങി എന്ന് വേണം ജാനുവിന്റെ മുന്നണി പ്രവേശനത്തില്‍ നിന്നും മനസ്സിലാക്കാന്‍. ശക്തമായസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവ് എന്ന നിലയില്‍ അല്ല സി കെ ജനുവിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത്. വിഭവശേഷിയും സംഘാടക ശേഷിയും കുറവെങ്കിലും രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു ഒരു നേതൃത്വ നിര ദളിത് ആദിവാസി വിഭാഗങ്ങളില്‍ ഉണ്ടെന്നും ജനാധിപത്യ പ്രക്രിയയില്‍ അംബേക്കറൈറ്റുകളും ദളിത് ആദിവാസി ബഹുജന്‍ വിഭാഗങ്ങളും ഗണ്യമായ ഒരു പങ്കുവഹിക്കുന്നു എന്ന തിരിച്ചറിവാണ് യുഡിഎഫ് നേതൃത്വം ഇപ്പോള്‍ സി കെ ജാനുവിനെ ഉള്‍ക്കൊള്ളുന്നതിന് കാരണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സികെ ജാനു യുഡിഎഫ് മുന്നണി തിരഞ്ഞെടുക്കുന്നതിന് കാരണമായി പറയുന്ന ന്യായവാദവും വലിയൊരു പരിധി വരെ ശരിയാണ്. ചെങ്കൊടിക്കു കീഴില്‍ അണിനിരത്തപ്പെട്ടവരായിരുന്നിട്ടും ദളിത് ആദിവാസി വിഭാഗങ്ങളെ വിഭവവും സമ്പത്തും ആര്‍ജിക്കാനും സ്വതന്ത്രമായി സംഘടിക്കാനും ഉള്ള എല്ലാ സാധ്യതകളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ മുന്നണിയും എക്കാലവും തടഞ്ഞു കൊണ്ടിരുന്നു. ആദിവാസി ഭൂമിയും സ്വയംഭരണവും സംബന്ധിച്ച ഭരണഘടനാ അവകാശങ്ങളെ കുറിച്ച് ഇടതുപക്ഷം എക്കാലവും അജ്ഞത നടിച്ചു കൊണ്ടിരുന്നു. ഭൂപരിഷ്‌കരണ നിയമം വഴി ദളിതരെ വഞ്ചിച്ചു എന്ന് മാത്രമല്ല, അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനുള്ള നിയമം റദ്ദാക്കി കുടിയേറ്റക്കാര്‍ക്ക് ആദിവാസി ഭൂമിയില്‍ അവകാശം നല്‍കി. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി നല്‍കുമെന്ന് വ്യവസ്ഥ നടപ്പാക്കിയുമില്ല. സി കെ ജാനു ഉള്‍പ്പെടെയുള്ള പുതിയ നേതൃത്വങ്ങളെല്ലാം ഇടതുപക്ഷ വിരുദ്ധരായതിന് മേല്‍പ്പറഞ്ഞ കാരണങ്ങളുണ്ട്. 2000 2001 മുതല്‍ കേരളത്തിലെ ആദിവാസികള്‍ പുതിയ ഒരു മൂവ്‌മെന്റ് തുടങ്ങിയപ്പോള്‍ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നിട്ട് പോലും ആദിവാസി സമരത്തിന് എതിരായിരുന്നു. ഗോത്ര മഹാസഭയെ പൊളിക്കാന്‍ എ കെ എസ്, പി കെ എസ് തുടങ്ങിയ ജാതി ഗ്രൂപ്പുകള്‍ക്കാണ് വിപ്ലവ പാര്‍ട്ടിക്കാര്‍ രൂപം കൊടുത്തത്. കേരളത്തില്‍ പ്രക്ഷോഭകാരികളായ ആദിവാസികളെ ഒരു നേതൃത്വമായി അംഗീകരിക്കുകയും അവരുമായി ഒരു ഉഭയ കക്ഷി കരാര്‍ ഉണ്ടാക്കുകയും ചെയ്യുന്നത് എ കെ ആന്റണിയും യുഡിഎഫുമാണ്. അന്ന് രൂപം നല്‍കിയ ആദിവാസി പുനരുധിവാസ മിഷന്‍ സംവിധാനം വഴി ഏറ്റെടുത്ത ഭൂമി മാത്രമേ പിന്നീട് ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴും കൊടുത്തിട്ടുള്ളൂ. മുത്തങ്ങ ഭൂസമരത്തെ ആന്റണീ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയെങ്കിലും ആദിവാസി പുനരധിവാസ പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും പിണറായി സര്‍ക്കാരും രണ്ടര ദശക ത്തോളം ഭരണം നടത്തിയിട്ടും ആദിവാസികള്‍ക്ക് നല്‍കാന്‍ ഒരു സെന്റ് ഭൂമി പോലും എവിടെയും ഏറ്റെടുത്തിട്ടില്ല. ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലിന്റെ ഭാഗമായി സുപ്രീം കോടതി അംഗീകാരം നല്‍കിയ ഭൂമിയില്‍ 10000 ഏക്കര്‍ ഇപ്പോഴും പതിച്ചു നല്‍കാതെ കിടക്കുന്നു. വയനാട് മരിയനാട് എസ്റ്റേറ്റിലും, നിലമ്പൂരില്‍ ബിന്ദു വൈലാശേരിക്കും ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നു. ജാതിമത ശക്തികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഭരണകൂടത്തിന്റെ വംശീയ മുഖം യുഡിഎഫ് ഭരണകാലത്താണ് മുത്തങ്ങ വെടിവെപ്പിലൂടെ നമ്മള്‍ കണ്ടതെങ്കിലും, ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ഭൂവിതരണ നടപടികളും മുന്നോട്ടുപോയത്. വസ്തുത ഇതായിരിക്ക സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രൊഫൈലുകള്‍ സി കെ ജാനുവിനെ തുറന്നുകാട്ടാന്‍ എന്ന പേരില്‍, ദളിത് ആദിവാസി വിഭാഗങ്ങളുടെ മുന്നണി പ്രവേശനത്തിന്റെ കാലികപ്രസക്തിയെ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. മുത്തങ്ങ സമരത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുവന്ന ദളിത് ആദിവാസി നേതൃത്വം രക്തസാക്ഷി പരിവേഷവും പേറി, പണപ്പിരിവ് നടത്തി, ഓര്‍മ്മകളെ കച്ചവടമാക്കിയവരല്ല. മുത്തങ്ങ വെടിവെപ്പും ജയില്‍വാസവും കഴിഞ്ഞ് മുറിവുകള്‍ ഉണങ്ങുന്നതിനു മുമ്പ് തന്നെ എ കെ ആന്റണിയുമായി ആദിവാസി പുനരധിവാസം ചര്‍ച്ച ചെയ്തവരാണ്. നൂറുകണക്കിന് ആദിവാസികളെ ജയില്‍ മോചിതരാക്കി കോടതികള്‍ കയറിയിറങ്ങുമ്പോഴും എ കെ ആന്റണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. 7000 ഏക്കര്‍ ആറളം ഫാമും19000 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയും മറ്റും ആദിവാസികള്‍ക്ക് പതിച്ചു നല്‍കാന്‍ ആദിവാസികള്‍ക്ക് ലഭിച്ചത് യുഡിഎഫ് ഭരണകാലത്താണ്. മുത്തങ്ങയിലെ വെടിവെപ്പിന് ശേഷവും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടായിരുന്നു . അഡ്വക്കേസി ക്കുള്ള സാധ്യതയാണ് യുഡിഎഫ് ഭരണത്തില്‍ കിട്ടാറുള്ളത്. അതുകൊണ്ടാണ് സി കെ ജാനു യുഡിഎഫില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദിവാസി ദലിത് വിഭാഗങ്ങളുടെ ഭൂമിക്കും അവസരസമത്വത്തിനും വേണ്ടിയുള്ള ശബ്ദം ജനാധിപത്യ സംവിധാനത്തിന്റെ ഉള്ളിലും പുറത്തും നടക്കേണ്ടതുണ്ട്. പുറത്ത് ശക്തമായ ഒരു സാമുദായിക രാഷ്ട്രീയ സാന്നിധ്യം അന്ന് ഗോത്ര മഹാസഭ നിലനിര്‍ത്തിയിട്ടുണ്ട്. 2016 ല്‍ സംഘപരിവാര്‍ കൂടാരത്തില്‍ പോയ സി കെ ജാനുവിന്റെ തെറ്റായ തീരുമാനം കേരളത്തിലെ അതിദുര്‍ബലരായ ഗോത്രവര്‍ഗ്ഗക്കാരെ അനാഥമാക്കിയിട്ടുണ്ട്. പണിയര്‍, അടിയ, കാട്ടുനായ്ക്ക, വേട്ട കുറുമ, വേടര്‍ തുടങ്ങിയവര്‍ക്ക് ശബ്ദം നല്‍കിയ ഗോത്ര മഹാസഭയിലെ മനുഷ്യരെ സി കെ ജാനു പെരുവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അതിന് എല്‍ഡിഎഫ് , യുഡിഎഫ് , എന്‍ഡിഎ തുടങ്ങിയവര്‍ ഉത്തരവാദികള്‍ അല്ല. അത് തെറ്റായ ഒരു തീരുമാനത്തിന്റെ ഫലമാണ്. അത് തിരിച്ചുപിടിക്കാനുള്ള മതിയായ ഒരു ഉപാധിയല്ല സി കെ ജാനു ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്ന JRP. സാമുദായിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നരായ ആരെങ്കിലും ജെ ആര്‍ പി യില്‍ ഉണ്ടോ എന്ന് സംശയമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആദിവാസി ഊര് കൂട്ടങ്ങളില്‍ വേരുകള്‍ ഉള്ള ഗോത്ര മഹാസഭയ്ക്ക് പകരം ചാരിറ്റി പ്രവര്‍ത്തനം നടത്താനുള്ള ‘ഗോത്ര മഹാസഭ’ എന്ന ഒരു രജിസ്റ്റേഡ് സൊസൈറ്റി മാത്രമാണ് ഇപ്പോള്‍ സി കെ ജാനു കൊണ്ടുനടക്കുന്നത്. സംഘപരിവാര്‍ ബന്ധം ഉപേക്ഷിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ മുന്നണിയില്‍ ഒരു ശബ്ദമാകാന്‍, ആദിവാസി ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ അടിത്തറ ഉണ്ടാക്കാന്‍ എന്ത് പദ്ധതിയാണ് ഉള്ളത് എന്ന് സി കെ ജാനുവും കൂട്ടരും ആലോചിച്ചു തുടങ്ങണം. സമ്മര്‍ദ്ദ ശക്തിയാകാന്‍ കഴിയണമെങ്കില്‍ പുറത്ത് ആള്‍ബലവും മുന്നണി സംവിധാനത്തില്‍ ഇടപെടാനുള്ള പദ്ധതികളും ഒരേസമയംവേണം. പ്രിവിലേജ് ഉള്ള സവര്‍ണ്ണ രാഷ്ട്രീയ നേതാക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് അതുകൂടിയേ തീരൂ. അതില്ലെങ്കില്‍ അവര്‍ കാഴ്ചക്കാരായി മാറും. അതോടൊപ്പം പ്രബുദ്ധതയും ശേഷിയുമുള്ള അസംഖ്യം ആദിവാസി നേതൃത്വം കേരളത്തിലുണ്ട്. അത്തരം നേതൃത്വങ്ങളുടെ കര്‍മ്മ ശേഷിയും സാധ്യതയും ഉള്‍ക്കൊള്ളാന്‍ ഇടത് വലത് മുന്നണികള്‍ക്ക് ,പ്രത്യേകിച്ചും യുഡിഎഫിന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സി കെ ജാനു : യു ഡി എഫ് നിലപാട് സ്വാഗതാര്‍ഹം – എം ഗീതാനന്ദന്‍

  1. രാഷ്ട്രീയ അധികാരം ഉണ്ടെങ്കിലേ സമൂഹത്തിലെ അടിത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് അവർ അർഹിക്കുന്ന തരത്തിലുള്ള വികസനങ്ങൾ കൊണ്ടുവരാൻ കഴിയു.അല്ലാതെ രാഷ്ട്രീയ മേലാളന്മാരുടെ പിന്നാമ്പുറത്ത് ചെന്ന് ഓച്ചാനിച്ചു നിന്ന് അവരുടെ ഉച്ചിഷ്ടം വാങ്ങുന്നതിനേക്കാൾ നല്ലത് അന്തസ്സോടെ അധികാരം സ്ഥാനത്തിൽ എത്താൻ ശ്രമിക്കുക എന്നുള്ളതാണ്.അതിന് ആരാണ് സഹായിക്കുന്നത് അവരോടൊപ്പം നിൽക്കുക അതിനാണ് ഇവിടുത്തെ പ്രസക്തി. 10 വർഷക്കാലം അധികാരം ഇനിയും ഇങ്ങോട്ട് ഉലർത്തി തരും എന്ന് വിശ്വസിച്ചു നിന്നാൽ അത് സമൂഹത്തോട് ചെയ്യുന്ന ദുരന്തമായിരിക്കും. ബഹു :സി കെ ജാനു അവറുകൾ ചെയ്തത്ഈ അവസരത്തിൽ ഏറ്റവും ഉചിതം തന്നെയാണ്…….👍

Leave a Reply