പൗരത്വനിയമവും പട്ടികയും : പ്രതീക്ഷ യുവജനങ്ങളില്‍

ആസാമില്‍ നടപ്പാക്കിയ പൗരത്വ രജിസറ്റര്‍ രാജ്യമങ്ങും ബാധിപ്പിക്കാനാണ് അടുത്ത നീക്കം. അതില്‍ മുസ്ലിമല്ലാത്ത ആരെങ്കിലും ഉള്‍പ്പെട്ടാല്‍ അവരെ രക്ഷിക്കാനാണ് പൗരത്വഭേദഗതി നിയമം എന്നു വ്യക്തം.

വൈവിധ്യങ്ങളുടെ സമന്വയമായ ഇന്ത്യയില്‍ പൂര്‍ണ്ണമെന്നു പറയാനാകില്ലെങ്കിലും ഏറെക്കുറെ നിലനിന്നിരുന്ന ജനാധിപത്യ അവകാശങ്ങള്‍ സമ്പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നടപടികളിലേക്കാണ് സംഘപരിവാര്‍ ശക്തികള്‍ കൂടുതല്‍ തീവ്രമായി നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നതില്‍ സംശയം വേണ്ട. കാശ്മീരിലെ ജനാധിപത്യ ധ്വംസനങ്ങളും മനുഷ്യാവകാശലംഘനങ്ങളും തുടരുമ്പോഴാണ് ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയിരിക്കുന്നത്. ഇനിവരുന്നത് പൗരത്വ രജിസ്റ്ററാണ്. എന്നാല്‍ തങ്ങള്‍ വിഭാവനം ചെയ്യുന്ന പോലെ എളുപ്പമല്ല ഇതെല്ലാമെന്ന് അവര്‍ക്കുതന്നെ ബോധ്യമാകുന്ന സംഭവങ്ങളാണ് രാജ്യമെങ്ങും, പ്രത്യകിച്ച് കാമ്പസുകളില്‍ നടക്കുന്നത്. ലോകചരിത്രത്തിലുടനീളം ജനാധിപത്യാവകാശ പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍, പ്രത്യകിച്ച് പെണ്‍കുട്ടികളാണ് തങ്ങളതനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങിയിട്ടുള്ളത്. മുസ്ലിം പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും സമരത്തിലെ പങ്കാളിത്തം പ്രതീക്ഷ നല്‍കുന്നു. മറുവശത്ത് രാജ്യത്തെങ്ങുമുള്ള ദളിത് പ്രസ്ഥാനങ്ങള്‍, അപരവല്‍ക്കരിക്കപ്പെടുന്ന മുസ്ലിം ജനതയോട് ഐക്യപ്പെടുന്നു. പല രാഷ്ട്രീയപ്രസ്ഥാനങ്ങളും ആ മുദ്രാവാക്യമേറ്റെടുക്കുന്നു. അവരുടെ പ്രതീകമായി മമത ബാനര്‍ജി മാറിയിരിക്കുന്നു. കേരളമടക്കം പല സംസ്ഥാനങ്ങളും നിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു. തീര്‍ച്ചയായും ശുഭോദര്‍ക്കമായ കാഴ്ച തന്നെയാണിവ.
ഇന്ത്യയുടെ ബഹുസ്വരതയെയും ജനതയുടെ അടിസ്ഥാന ജനാധിപത്യബോധത്തെയും തകര്‍ത്തെറിഞ്ഞുകൊണ്ട് ഹിന്ദുത്വരാഷ്ട്രമെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം ബലപ്രയോഗങ്ങളിലൂടെ നേടിയെടുക്കാമെന്നാണ് ഗവണ്‍മെന്റും അവരെ അനുകൂലിക്കുന്ന രാഷ്ട്രീയ സംഘടനകളും കരുതുന്നത്. മുസ്ലീം ജനതയെ അപരവല്‍ക്കരിച്ചും സമൂഹത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തിയും രാഷ്ട്രീയ ഛിദ്രശക്തികളെ സമൂഹത്തില്‍ അഴിഞ്ഞാടാന്‍ അനുവദിച്ചും അവര്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുകയാണ്. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി, എല്ലാ കുതന്ത്രവും പ്രയോഗിച്ചാണ് ജനവിരുദ്ധങ്ങളായ ഭീകരനിയമങ്ങള്‍ പാസാക്കുന്നത്. സര്‍ക്കാര്‍ മെഷിനറികളും മാധ്യമങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങളെ വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും തങ്ങള്‍ക്കനുകൂലമായ പ്രചരണങ്ങള്‍ ഒരുഭാഗത്ത് നടത്തുമ്പോള്‍ മറുഭാഗത്ത് ആധുനിക പ്രചരണമാധ്യമങ്ങളുടെ സഹായത്തോടെ വ്യാജവാര്‍ത്തകളും അസത്യപ്രചരണങ്ങളും കെട്ടഴിച്ചുവിടുന്നു. ഇന്റര്‍നെറ്റടക്കം വിലക്കി ജനങ്ങളുടെ അരിയാനുള്ള അവകാശം നിഷേധിക്കുന്നു. വെറുപ്പിന്റെയും പകയുടെയും രാഷ്ട്രീയത്തെ ജനാധിപത്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും വഴിയിലൂടെ മാത്രമേ നേരിടാന്‍ സാധിക്കുകയുള്ളൂ.
ആസാമില്‍ നടപ്പാക്കിയ പൗരത്വ രജിസറ്റര്‍ രാജ്യമങ്ങും ബാധിപ്പിക്കാനാണ് അടുത്ത നീക്കം. അതില്‍ മുസ്ലിമല്ലാത്ത ആരെങ്കിലും ഉള്‍പ്പെട്ടാല്‍ അവരെ രക്ഷിക്കാനാണ് പൗരത്വഭേദഗതി നിയമം എന്നു വ്യക്തം. ഇന്ത്യന്‍ പൗരത്വ നിയമം സെക്ഷന്‍ 1 എ, ‘1950 ജനുവരി 26നോ അതിനു ശേഷമോ ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്’ എന്ന് വളരെ വ്യക്തമായിത്തന്നെ നിര്‍വ്വചിക്കുന്നുണ്ട്. എന്നാല്‍ ദേശീയ പൗരത്വ റജിസ്റ്ററിന്റെ കോഓര്‍ഡിനേറ്റര്‍ ആയ പ്രതീക് ഹജേലാ ഇതിനെ വ്യാഖ്യാനിക്കുന്നത്, ‘പൗരത്വം കേവലം ജനനത്തിലൂടെയാകാന്‍ സാധ്യമല്ലെന്നും, പിന്‍ഗാമികളെ പൗരത്വ റജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ സാധ്യമല്ലെന്നു’മാണ്. ഇതിന് കാരണമായി പറയുന്നത് ‘ഇത്തരത്തിലുള്ള വ്യക്തികളുടെ രക്ഷാകര്‍ത്താക്കള്‍ ഒരു സംശയാസ്പദമായ വോട്ടറോ, പ്രഖ്യാപിത വിദേശിയോ അല്ലെങ്കില്‍ വിദേശികള്‍ക്കായുള്ള ട്രൈബ്യൂണലുകള്‍ക്ക് മുന്നില്‍ പൗരത്വത്തിനായി അവകാശവാദം ഉന്നയിച്ചവരോ ആകാം’ എന്നാണ്. ഇന്ത്യന്‍ ഭരണഘടന വളരെ സുവ്യക്തമായിത്തന്നെ പറഞ്ഞുറപ്പിക്കുന്ന ഒരു കാര്യത്തെ സംശയത്തിന്റെ ആനുകൂല്യം നല്‍കി പൗരന്മാരുടെ അവകാശത്തെ നിഷേധിക്കാനാണ് സര്‍ക്കാര്‍ നീക്കം. . ഇന്ത്യയിലെ നീതിന്യായ കോടതികള്‍ പോലും ഭരണഘടന സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം മറന്നുകൊണ്ട് ഇക്കാര്യത്തില്‍ കുറ്റകരമായ മൗനം ദീക്ഷിക്കുകയാണ്. സമരങ്ങള്‍ അക്രമാസക്തമാകുന്നു എന്നാണ് സുപ്രിം കോടതി വാദം. അയോദ്ധ്യയിലും ശബരിമലയിലുമുണ്ടായ വിധി നോക്കുമ്പോള്‍ നീതിപൂര്‍വ്വമായ സമീപനം കോടതികളില്‍ നിന്നു പ്രതീക്ഷിക്ക വയ്യ. അവിടെയാണ് യുവജനങ്ങളുടെ പോരാട്ടം കൂടുതല്‍ പ്രസക്തമാകുന്നത്. ഇനി വരാനിടയുള്ള ഏകീകൃത സിവില്‍ കോഡിനേയും മറ്റു ഹിന്ദുത്വനീക്കങ്ങളേയും തടയാന്‍ മറ്റുമാര്‍ഗ്ഗങ്ങളുണ്ടെന്നു പ്രതീക്ഷിക്കാനാകുന്നില്ല.
മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെയും ദളിത്-ആദിവാസി വിഭാഗങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ ബ്രാഹ്മണ്യത്തിലധിഷ്ഠിതവും ശ്രേണീബദ്ധവുമായ ഒരധികാര ഘടന സംഘപരിവാര്‍ ലക്ഷ്യമിടുന്നുണ്ട്.. ആര്യവംശീയതയുടെ മഹത്വം ഘോഷിക്കുന്ന അവരുടെ പ്രത്യയശാസ്ത്രത്തിന് ജനാധിപത്യ ഭാവനകളെയും ബഹുസ്വരതയെയും മതേതരത്വ കാഴ്ചപ്പാടുകളെയും അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഭാഗങ്ങളെ ഭയപ്പെടുത്തിയും അധഃസ്ഥിത ജനങ്ങളെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി മാറ്റിക്കൊണ്ടും പഴയ രാജവാഴ്ചക്കാലത്തേക്ക് ഭാരതത്തെ നയിക്കാമെന്ന് ബ്രാഹ്മണ്യ പ്രത്യയശാസ്ത്ര പ്രയോക്താക്കളായ സംഘപരിവാര്‍ കരുതുന്നു. അതിനാണ് വിവിധ മത വിശ്വാസങ്ങള്‍ സാധ്യമായ ഒരുമയോടെ പുലര്‍ന്നിരുന്ന ഇന്ത്യയില്‍ വംശീയ വിദ്വേഷത്തിന്റെ വിത്തു പാകുന്നത്. 1923ല്‍ വി.ഡി.സവര്‍ക്കര്‍ മുന്നോട്ടുവെച്ച ഹിന്ദുരാഷ്ട്രവാദം തന്നെയാണ് അതിന്റെ ബീജം. ഒരു ജനതയെന്ന നിലയില്‍ ഹിന്ദുവിനെയും ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയെയും കണിശമായി നിര്‍വ്വചിക്കുന്ന ‘ഹിന്ദുത്വത്തിന്റെ സത്ത’ എന്ന തന്റെ പുസ്തകത്തില്‍ സവര്‍ക്കര്‍, ‘രണ്ട് ശത്രുരാജ്യങ്ങള്‍ ഇന്ത്യയില്‍ തൊട്ടുചേര്‍ന്ന് താമസിക്കുന്നു’ എന്ന് വ്യക്തമാക്കുന്നുണ്ട്. ഏതാണ്ട് ഒരു നൂറ്റാണ്ട്കാലം മുമ്പ് സവര്‍ക്കര്‍ ഇന്ത്യന്‍ മണ്ണില്‍ വലിച്ചെറിഞ്ഞ വിദ്വേഷത്തിന്റെ വിത്തുകള്‍ തന്നെയാണ് ഇന്ന് ശക്തിയോടെ മുളപൊട്ടിക്കൊണ്ടിരിക്കുന്നത്. പൗരത്വ നിയമത്തിന്റേയും രജിസ്റ്ററിന്റേയും അന്തസത്ത അതുതന്നെയാണ്.
പൗരത്വ റജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നവരില്‍ വലിയൊരു വിഭാഗം ആദിവാസികളാണെന്ന വസ്തുതയും പുറത്തുവന്നിട്ടുണ്ട്. സുരക്ഷിതമായ താമസസൗകര്യങ്ങള്‍ ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആവര്‍ത്തിച്ച് വരുന്ന വെള്ളപ്പൊക്കത്തിലും മറ്റും തങ്ങളുടെ രേഖകള്‍ സൂക്ഷിക്കാന്‍ സാധിക്കാതെ വന്നതിന്റെ പരിണതിയാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ചെയ്തുകൊടുക്കാന്‍ പ്രാപ്തിയില്ലാത്ത സര്‍ക്കാരുകള്‍ അവരുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്നത് തികഞ്ഞ മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാനും ദേശീയ പൗരത്വ രജിസ്റ്റര്‍ പദ്ധതി ഉപേക്ഷിക്കാനുമാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളാണ് അടിന്തിരമായി ഉയര്‍ന്നുവരേണ്ടത്. ആ ദിശയില്‍ ഇപ്പോഴത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭം വളരുമെന്നാശിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply