
സി. പി. ഐ @100 : ഓര്‍മ്മകളുടെ പിന്‍വിളി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
സി.പി.ഐ സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂള്‍ വിദ്യാര്‍ഥിയായി ആദ്യമായി ഡെല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ ഓര്‍മ്മകളാണ് മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍ പങ്കുവെക്കുന്നത്.
‘ലോകം ഒരു ശരീരമാണെങ്കില്‍ ഡല്‍ഹി അതിന്റെ ആത്മാവാണ് – മീര്‍സാ ഗാലിബ്
ജയന്തി ജനതയുടെ പൊടിപിടിച്ച കംപാര്‍ട്ടുമെന്റില്‍ വട്ടം കറങ്ങി നിന്ന വരണ്ട കാറ്റേറ്റ് മുഷിഞ്ഞ വേഷവും ഒറ്റയ്ക്കുള്ള ദീര്‍ഘയാത്രയുടെ മടുപ്പും ആദ്യമായി മഹാനഗരത്തിലെത്തിപ്പെട്ട പതിനേഴുകാരന്റെ അമ്പരപ്പും – കടല്‍ത്തിര പോലെ ഇളകിയിരമ്പുന്ന നിസാമുദ്ദീനില്‍ നിന്ന് ഉത്തരേന്ത്യക്കാര്‍ സ്‌കൂട്ടര്‍ എന്നു വിളിക്കുന്ന ഒരു ഓട്ടോറിക്ഷയില്‍ ഇടം പിടിച്ചപ്പോഴും ഉള്‍ഭയം എന്നെ വിട്ടുമാറിയില്ല. നീല തലപ്പാവണിഞ്ഞ ഓട്ടോ ഡ്രൈവര്‍ സര്‍ദാര്‍ജി എന്നെ ഗൗരവത്തോടെ നോക്കി കണ്ണുരുട്ടി. തൊഴില്‍തേടിയെത്തിയ ഏതോ ഒരു മദ്രാസിയെന്ന് അയാള്‍ കരുതിക്കാണണം.
ഞാന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു: ഫിറോസ് ഷോ കോട്ട്ലാ മാര്‍ഗ്.
ട്രെയിനില്‍ നിന്ന് പരിചയപ്പെട്ട കണ്ണൂര്‍ ചൊവ്വ സ്വദേശിയായ എയര്‍ഫോഴ്സുകാരനാണ് ഓട്ടോ ഏര്‍പ്പാടാക്കിത്തന്നതും വാടകയായി 60 രൂപ പറഞ്ഞുറപ്പിച്ചതും. എന്നെയാകെ പിടിച്ചുലയ്ക്കുന്ന ശബ്ദത്തിലാണ് സര്‍ദാര്‍ജി ഓട്ടോ സ്റ്റാര്‍ട്ടാക്കിയത്. നഗരത്തിന്റെ വന്‍തിരക്കിലൂടെ വളഞ്ഞു പുളഞ്ഞ് ഓട്ടോ കുതിച്ചു. ഓരോ വാഹനത്തേയും മറി കടക്കുമ്പോള്‍ ഞാന്‍ പുറത്തേക്ക് തെറിച്ചു വീഴും എന്ന് കിടിലം കൊണ്ടു. ട്രെയിനിലിരുന്ന് ഞാന്‍ പല തവണ കോട്ട്ലാ ഫിറോസ് ഷാ മാര്‍ഗ് എന്നുച്ചരിച്ച് ലക്ഷ്യസ്ഥാനം ഹൃദിസ്ഥമാക്കിയിരുന്നു. ട്രാഫിക് സിഗ്‌നലിന്റെ ഓരോ ചുവപ്പന്‍ തുറുകണ്ണുകള്‍ വിടരുമ്പോഴും വെളിയിലേക്ക് നോക്കി ഞാന്‍ മന്ത്രിച്ചു: ഫിറോസ് ഷാ കോട്ട്ലാ മാര്‍ഗ്.
ശൈത്യം ചിറക് കുടയും കാലം. തണുപ്പിലും തലസ്ഥാനം തിളച്ചു മറിയുന്നു. ശബ്ദപ്രളയത്തിനിടെ, പരസ്യപ്പലകകളും വൈദ്യുതി പോസ്റ്റുകളും മേല്‍പ്പാലങ്ങളും പിന്നോട്ട് പാഞ്ഞു. അര മണിക്കൂറിലധികമായിരിക്കുന്നു. ഞാന്‍ വീണ്ടും അസ്വസ്ഥനായി. മരണക്കിണറിലെന്ന പോലെ ഓട്ടോ ഹുങ്കാരം മുഴക്കി കുതിക്കുക തന്നെയാണ്.
എന്റെ ചെറിയ ബാഗിനകത്ത് ഒരു ജോടി ഉടുപ്പും കടം വാങ്ങിയ സ്വറ്ററും മാത്രമേയുള്ളു. സര്‍ദാര്‍ജി ഇടയ്ക്കിടെ ബാഗിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. പാന്റ്സിന്റെ കീശയില്‍ 100 രൂപയും ഒരു ചീര്‍പ്പും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കത്തും മാത്രം. കവര്‍ച്ച ചെയ്യപ്പെട്ട ശേഷം ജീവന്‍ തിരിച്ചു കിട്ടിയാല്‍, ഏറ്റവുമടുത്ത റെയില്‍വെ സ്റ്റേഷനിലെത്താനും അവിടെ നിന്ന് തിരിച്ച് ഷൊര്‍ണൂരിലേക്കുള്ള വണ്ടിക്കൂലിക്കുമായി 250 രൂപ കുപ്പായത്തിന്റെ രഹസ്യ അറയില്‍ ഭദ്രമായി ചുരുട്ടി വെച്ചിരുന്നു.
പുറംകാഴ്ചകള്‍ക്കിടെ ബഹദൂര്‍ ഷാ സഫര്‍മാര്‍ഗ്, ആസഫലി റോഡ് എന്നീ ബോര്‍ഡുകള്‍ പൊടുന്നനവെ എന്റെ കണ്ണിലുടക്കി. ആശ്വാസം. ഈ സ്ഥലപ്പേരുകള്‍ എനിക്ക് കേട്ട് പരിചയമുള്ളതാണ്. ഇനി ഏറെ അകലെയല്ല, ഫിറോസ് ഷാ കോട്ലാ മാര്‍ഗില്‍ എനിക്കെത്തേണ്ട സി.പി.ഐ കേന്ദ്ര ആസ്ഥാനമായ അജോയ് ഭവന്‍ എന്ന തിരിച്ചറിവില്‍ ഓട്ടോ ഡ്രൈവര്‍ കൊള്ളക്കാരനല്ല എന്ന് ഞാന്‍ സമാധാനിച്ചു.
പുറത്ത് അന്നേരം എക്സ്പ്രസ് ഹൗസിന്റെ കൂറ്റന്‍ ബോര്‍ഡ് കണ്ടു. സമീപം ഡോള്‍സ് മ്യൂസിയം. ഏഷ്യയിലെ ഏറ്റവും വലിയ പാവകളുടെ ഈ മ്യൂസിയത്തിന്റെ ശില്‍പി കാര്‍ട്ടൂണിസ്റ്റ് ശങ്കറാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. തൊട്ടടുത്ത് പേട്രിയറ്റ്- ലിങ്ക് പത്രങ്ങളുടെ ആസ്ഥാനമായ ലിങ്ക് ഹൗസ്. ഞാന്‍ സര്‍ദാര്‍ജിയോട് ഉറക്കെ പറഞ്ഞു: സ്റ്റോപ്പ് പ്ലീസ്, ഭായി. സര്‍ദാര്‍ജി തിരിഞ്ഞു നോക്കി. ഓട്ടോ നിര്‍ത്തി. ഞാനിറങ്ങി 100 രൂപ കൊടുത്ത് കുറച്ചു നേരം കാത്ത് നിന്നെങ്കിലും ബാക്കി തരാതെ അയാള്‍ ഓട്ടോ കത്തിച്ചു വിട്ടു. 40 രൂപ പോയത് തന്നെ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അരുണാ ആസഫലിയുടെ പേട്രിയറ്റ് സി.പി.ഐ അനുകൂല പത്രമാണ്. ഫിറോസ്ഷാ കോട്ലാ മാര്‍ഗില്‍ അജോയ് ഭവന്‍ കണ്ടെത്താന്‍ പേട്രിയറ്റിലെ സഖാക്കള്‍ സഹായിക്കുമെന്ന വിശ്വാസത്തോടെ ഞാന്‍ ശ്രദ്ധിച്ച് റോഡ് കുറുകെക്കടന്ന് ലിങ്ക് ഹൗസിന്റെ ഒന്നാം നിലയിലെ റിസപ്ഷനിലെത്തി. അവിടെയുള്ള മലയാളി യുവതി ഒരു അറ്റന്‍ഡറെ വിട്ട് തന്ന് എന്നെ സി.പി.ഐ ആസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തു. (കോമ്രേഡ്ഷിപ്പിന്റെ മഹത്വം തലസ്ഥാനത്ത് ഞാനാദ്യമായി അനുഭവിച്ചറിയുന്നു).
ചെങ്കൊടി പറക്കുന്ന അജോയ് ഭവന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അക്കാലത്ത് അത്രയും വലിയ കേന്ദ്ര ആസ്ഥാനം ഡല്‍ഹിയില്‍ ഇല്ലായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അജോയ്ഘോഷിന്റെ പേരിലുള്ള ഓഫീസ് എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചതായിരുന്നു.
സി.പി.ഐ സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂള്‍ വിദ്യാര്‍ഥിയായാണ് ഞാനെത്തിയിട്ടുള്ളത്. ഇതിന്റെ ചാര്‍ജ് പ്രമുഖ കമ്യൂണിസ്റ്റ് താത്വികന്‍ മോഹിത്സെനാണ്. ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ കത്ത് മോഹിത് സെന് കൈമാറി. അദ്ദേഹം എന്നെ രണ്ടാം നിലയിലേക്ക് നയിച്ചു. സ്നേഹത്തിന്റെ നിറകുടമായിരുന്നു സഖാവ് മോഹിത്സെന്‍. ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെയാകണമെന്നതിന്റെ ഉജ്വല മാതൃക. ഓരോ സംസ്ഥാനത്ത് നിന്നും രണ്ടു വീതം വിദ്യാര്‍ഥികളാണ് പാര്‍ട്ടി സ്‌കൂളിന്റെ 90 ദിവസത്തെ കോഴ്സില്‍ പങ്കെടുക്കുന്നത്. ഞങ്ങളുടെ താമസവും ഭക്ഷണവും ക്ലാസുമൊക്കെ അജോയ് ഭവനില്‍. കേരളത്തില്‍ നിന്ന് എന്നെക്കൂടാതെ കോഴിക്കോട്ടുകാരനായ വി.എം. ഉണ്ണിക്കൃഷ്ണന്‍ രണ്ടുനാള്‍ മുമ്പ് തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. (സഖാവ് പി. കൃഷ്ണപിള്ളയുടെ പുഞ്ചിരി തൂകുന്ന പ്രസിദ്ധമായ പടമെടുത്തിട്ടുള്ള ഫോട്ടോഗ്രാഫര്‍ സി.എം.വി നമ്പീശന്റെ പുത്രനായ ഉണ്ണിക്കൃഷ്ണന്‍ ബാംഗ്ലൂരില്‍ ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജരാണ്. കൃഷ്ണപിള്ള പോസ് ചെയ്ത ഈയൊരൊറ്റ പടം മാത്രമേ ലഭ്യമായുള്ളുവെന്നത് കൊണ്ട് കൃഷ്ണപിള്ള സഖാവിനെപ്പോലെ ഫോട്ടോഗ്രാഫര്‍ സഖാവും ചരിത്രത്തില്‍ ഇടം നേടി. ഇന്നലെ- ഓഗസ്റ്റ് 19 – നായിരുന്നു കൃഷ്ണപിള്ള ദിനം. രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കേരളത്തിലെ ഓഫീസുകളില്‍ ഉയര്‍ന്നത് സി. എം. വി നമ്പീശന്‍ എടുത്ത കൃഷ്ണപിള്ളയുടെ പുഞ്ചിരി തൂകുന്ന പടങ്ങള്‍). സംഘത്തിലെ ‘ബേബി’ ഞാനായത് കൊണ്ടാവണം, ഓരോ പ്രഭാതങ്ങളിലും സഖാവ് മോഹിത് സെന്‍ നേരിട്ട് വന്ന് തട്ടിയുണര്‍ത്തുകയും ക്ഷേമമന്വേഷിക്കുകയും ചെയ്തു.
മോഹിത് സെന്‍
ഉണ്ണിയും ഞാനും ഒരു മുറിയിലായിരുന്നു താമസം. എല്ലാ സൗകര്യങ്ങളുമുള്ള ഓഫീസില്‍ വിശാലമായ ലൈബ്രറിയും ഗവേഷണ കേന്ദ്രവും. ഓരോ നിലയിലും ഭംഗിയായി ഫര്‍ണിഷ് ചെയ്ത കമനീയമായ മുറികളും. സി. രാജേശ്വര റാവു ഉള്‍പ്പെടെ ഒമ്പത് കേന്ദ്ര സെക്രട്ടരിയേറ്റംഗങ്ങള്‍ക്കും പ്രത്യേകം മുറികള്‍. പാര്‍ട്ടി ചെയര്‍മാന്‍ എസ്.എ. ഡാങ്കെ സദാസമയവും ലൈബ്രറിയില്‍. ഏറ്റവും മുകളിലെ വിശാലമായ ഹാളില്‍ കാലത്ത് മുതല്‍ ക്ലാസുകള്‍. ഞായറാഴ്ചകളില്‍ അവധി. താത്ത്വിക വിഷയങ്ങളില്‍ എസ്.എ. ഡാങ്കെ, ഹിരണ്‍ മുഖര്‍ജി, മോഹിത്സെന്‍, ഭൂപേഷ് ഗുപ്ത തുടങ്ങിയവരും സംഘടനാ വിഷയങ്ങളില്‍ സി. രാജേശ്വര റാവു, എന്‍.ഇ. ബാലറാം, ലിറ്റോ ഘോഷ് (അജോയ്ഘോഷിന്റെ പത്നി), വിമലാ ഫാറൂഖി തുടങ്ങിയവരുടേതുമായിരുന്നു പ്രൗഢമായ ക്ലാസുകള്‍. സരസവും സജീവവുമെന്ന പോലെ ഏറെ പഠനാര്‍ഹവുമായിരുന്നു എല്ലാ ക്ലാസുകളും. കശ്മീരിലെ അബ്ദുല്‍ സത്താര്‍ മഖ്ബൂല്‍ മുതല്‍ തമിഴ്നാട്ടിലെ എസ്. ഗുണാളന്‍ വരെയുള്ള അമ്പതോളം വിദ്യാര്‍ഥികളുടെ കൂട്ടായ്മ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായി. അന്നത്തെ വിദ്യാര്‍ഥികളില്‍ ചിലര്‍ പിന്നീട് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളിലെത്തി. മറ്റു ചിലര്‍ ജീവിതത്തിന്റെ മറ്റു പല മേഖലകളിലേക്കും ചേക്കേറി. രാഹുല്‍ അമോലക് ശാസ്ത്രിയെന്ന ഹൈദരബാദുകാരന്‍ ചങ്ങാതി അമേരിക്കയില്‍ സ്പേസ് ശാസ്ത്രജ്ഞനായി.
എസ്.എ. ഡാങ്കെ
അജോയ് ഭവനിലെ കാന്റിന്‍ നടത്തിപ്പുകാരന്‍ ചെങ്ങന്നൂര്‍ സ്വദേശി രാജനായിരുന്നു. എനിക്കും ഉണ്ണിക്കും കാന്റീനില്‍ പ്രത്യേക പരിഗണന കിട്ടി. എസ്.എ. ഡാങ്കെയുടെ ഭക്ഷണം ചപ്പാത്തിയും ദാലും മാത്രം. തൈര് അദ്ദേഹത്തിന്റെ മെനുവിലെ സ്ഥിരം ഇനം. ഭക്ഷണം കഴിക്കുമ്പോഴും തടിച്ച പുസ്തകം വായിക്കുന്ന ഡാങ്കെ ഞങ്ങള്‍ക്ക് അല്‍ഭുതമായിരുന്നു. ഇന്ത്യയിലാദ്യമായി ചെങ്കൊടി പിടിച്ച ഡാങ്കെ, ലെനിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ഡാങ്കെ. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം പില്‍ക്കാലത്ത് ഡാങ്കെയെയും മോഹിത്സെന്നെയും പുറത്താക്കി. (ഇരുവരുടേയും മരണവാര്‍ത്തയെക്കാള്‍ എന്റെ മനസ്സിനെ മുറിപ്പെടുത്തുന്നതായിരുന്നു ആയിടയ്ക്ക് അവരെ സി.പി.ഐ നിഷ്‌കരുണം പുറത്താക്കിയ വാര്‍ത്ത). ഡാങ്കെ മരിക്കുമ്പോള്‍ ഓള്‍ ഇന്ത്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മോഹിത് സെന്‍ മരിക്കുമ്പോള്‍ യുനൈറ്റഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചെയര്‍മാന്മാര്‍ ആയിരുന്നു.
ഞായറാഴ്ചകളില്‍ ഡല്‍ഹി നഗരക്കാഴ്ചകള്‍. ഹുമയൂണ്‍സ് ടോംബായിരുന്നു എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. താജ്മഹല്‍, ചെങ്കോട്ട, കുത്തബ്മിനാര്‍, ലോധി ഗാര്‍ഡന്‍സ്, തീന്‍മൂര്‍ത്തി ഭവന്‍, രാജ്ഘട്ട്, സുപ്രീം കോടതി, പാര്‍ലമെന്റ്.. അജോയ് ഭവനിലെ വിദേശ ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുള്ള ശര്‍മാജിയായിരുന്നു ഞങ്ങളുടെ ഗൈഡ്. രാജ്യസഭാംഗം എസ്. കുമാരന്‍, എനിക്കും ഉണ്ണിക്കും സൗത്ത് അവന്യൂവിലെ വസതിയില്‍ വിരുന്ന് തന്നത് മധുരമുള്ള ഓര്‍മ. ക്യൂബന്‍ എംബസിയിലുള്ള ഉണ്ണിയുടെ ബന്ധു കെ.പി. നമ്പീശന്‍ ഞങ്ങളെ ബാരകാംബ റോഡിലെ സോവ്യറ്റ് എംബസിയും ക്യൂബന്‍ എംബസിയും കാണിച്ചു തന്നു. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ‘ഗ്രാന്‍മ’ യുടെ കുറെ ലക്കങ്ങളും ചെഗുവേരയുടെ ഡയറിയും കാസ്ട്രോ ചിത്രങ്ങളും തന്നാണ് നമ്പീശന്‍ ഞങ്ങളെ യാത്രയാക്കിയത്.
അജോയ്ഭവനിലെ റിസപ്ഷനിസ്റ്റ് നന്ദിനി ബഹന്‍, ഞങ്ങള്‍ക്ക് ഏറെ വാല്‍സല്യം ചൊരിഞ്ഞു തന്ന സഖാവായിരുന്നു. എം.എന്‍. ഗോവിന്ദന്‍ നായരുടെ പുത്രന്‍ ജി. നാരായണന്‍ എന്ന മിടുക്കനായ വിദ്യാര്‍ഥിയുടെ ദുര്‍മരണത്തെത്തുടര്‍ന്ന് തളര്‍ന്നു പോയ എം.എനേയും പത്നി ദേവകി പണിക്കരേയും മലയാളിയായ നന്ദിനി ബഹന്‍ കണ്ണീരോടെ സാന്ത്വനിപ്പിച്ച രംഗം എനിക്കും ഉണ്ണിക്കും കണ്ടു നില്‍ക്കാനായില്ല.
ഇക്കാലത്ത് തന്നെയാണ് ബ്രഷ്നേവിന്റെ ചരിത്രപ്രധാനമായ ദല്‍ഹി സന്ദര്‍ശനം നടന്നത്. അന്ന് പാര്‍ട്ടി ക്ലാസിന് അവധിയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രദുല്‍ ലാഹ്രിയെന്ന സഖാവിന്റെ നേതൃത്വത്തില്‍ (ഇദ്ദേഹം പിന്നീട് കാറപകടത്തില്‍ മരിച്ചു) ഞങ്ങള്‍ ഒരു ബസില്‍ പാലം വിമാനത്താവളത്തിലേക്ക് പോയി. പടുകൂറ്റന്‍ എയറോഫ്ളോട്ട് വിമാനത്തില്‍ സോവ്യറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ലിയോനിഡ് ബ്രഷ്നേവ് ചുവന്ന കാര്‍പെറ്റിലേക്കിറങ്ങവെ, ഞങ്ങള്‍ ആര്‍ത്ത് വിളിച്ചു: കോമ്രേഡ് ബ്രഷ്നേവ്, സിന്ദാബാദ്, സിന്ദാബാദ്.. ഞങ്ങള്‍ക്ക് സമീപം ബാരിക്കേഡിന് ചാരി യൂത്ത് കോണ്‍ഗ്രസ് സംഘം. അംബികാ സോണിയാണ് മുദ്രാവാക്യം വിളിക്കുന്നത്: ഇന്ദിര- ബ്രഷ്നേവ് സിന്ദാബാദ്, സിന്ദാബാദ്.. ഏറ്റുവിളിച്ചവരില്‍ പില്‍ക്കാലത്ത് പ്രമുഖ ധനശാസ്ത്രജ്ഞനായ ഡോ. മോഹന്‍ ഗോപാലുമുണ്ടായിരുന്നു. കേരളത്തില്‍ പോലീസ് ഐ.ജിയായിരുന്ന എം. ഗോപാലിന്റെ പുത്രനാണ് മോഹന്‍ ഗോപാല്‍.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്രഷ്‌നേവിനൊപ്പം ഒരു വന്‍ സാംസ്‌കാരിക സംഘവുമുണ്ടായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിഞ്ജാന്‍ ഭവനില്‍ റഷ്യന്‍ നര്‍ത്തകരുടെ ബാലെ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഞങ്ങള്‍ക്കും ആസ്വദിക്കാനായി. സി.കെ. ചന്ദ്രപ്പന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ യുവജന ഫെഡറഷനും ഇന്തോ സോവ്യറ്റ് സൗഹൃദ സംഘടനയുമാണ് (ഇസ്‌കസ് ) സാംസ്‌കാരിക പരിപാടികള്‍ നിയന്ത്രിച്ചത്. ബംഗാളില്‍ നിന്നുള്ള ബുലുറോയ് ചൗധരിയും ഇവര്‍ക്ക് നേതൃത്വം നല്‍കി. സി.പി.ഐ ബംഗാള്‍ ഘടകത്തിലെ ബുലുറോയ് പിന്നീട് ചന്ദ്രപ്പന്റെ ജീവിതസഖിയായി. ലോകപ്രസിദ്ധ ഗോള്‍കീപ്പര്‍ ലെവ് യാഷീനും സോവ്യറ്റ് സംഘത്തിലുണ്ടായിരുന്നു. ആജാനബാഹുവായ അദ്ദേഹത്തിന് ഹസ്തദാനം നല്‍കിയത് ഫുട്ബോള്‍ കമ്പക്കാരനായ എനിക്ക് മധുരോദാരമായ അനുഭവമായി. ആയിടയ്ക്ക് തന്നെ ചെക്കോസ്ലോവാക്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഗുസ്റ്റാവ് ഹുസാക്കിന്റെ ദല്‍ഹി സന്ദര്‍ശനവും ലോക പ്രശസ്ത നയതന്ത്രജ്ഞന്‍ കെ.പി.എസ്. മേനോന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് നല്‍കിയ സ്വീകരണവും മായാത്ത മറ്റൊരു ദല്‍ഹി ചിത്രം.
എല്ലാ വൈകുന്നേരങ്ങളിലും ഞാനും ഉണ്ണിയും പുറത്ത് കറങ്ങാനിറങ്ങി. ദിവസവും വ്യത്യസ്ത വഴികളിലൂടെയായിരുന്നു നടത്തം. ഗലികളിലേയും ചേരികളിലേയും തിളയ്ക്കുന്ന ജീവിതം നേരില്‍ കണ്ടു. പുരാതന ഡല്‍ഹിയിലെ പഴയ കെട്ടിടങ്ങളിലെ വൃത്തിഹീനമായ ഇടനാഴികകളില്‍ പൂ ചൂടിയ രജനീഗന്ധികള്‍ ആവശ്യക്കാരേയും കാത്ത് കിടന്നു. ഒറ്റുകാരുടേയും കൂട്ടിക്കൊടുപ്പുകാരുടേയും അധോലോകം അരങ്ങ് വാഴുന്ന പുരാതന ഡല്‍ഹി. വാടക ഗുണ്ടകളുടെ വാഴ്ച. അജോയ് ഭവനിലെ വാച്ച്മാന്‍ ജേക്കബ് എന്നെ പിന്നിലിരുത്തി ആര്‍.കെ. പുരത്തേക്ക് സൈക്കിള്‍ ചവിട്ടി. ആര്‍.കെ. പുരത്തെ വന്‍ മലയാളി കൂട്ടായ്മ ഇന്നെന്ന പോലെ അന്നും ഡല്‍ഹിയില്‍ സജീവമായിരുന്നു.
അജോയ് ഭവന്റെ മുറ്റത്ത് തണുപ്പ് മാറ്റാന്‍ രാത്രി ക്യാമ്പ്ഫയറൊരുക്കി ഞങ്ങള്‍ നീണ്ട സംവാദങ്ങളില്‍ മുഴുകി. ബിഹാറില്‍ നിന്നുള്ള സഖാക്കള്‍ പാട്ട് പാടി. മണിപ്പൂരില്‍ നിന്ന് മംഘിസിംഗും കൂട്ടരും നൃത്തച്ചുവടുകള്‍ വെച്ചു. മൂന്നു മാസത്തിനു ശേഷം വേര്‍പിരിയുമ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു. മോഹിത് സെന്‍, സൗഹൃദത്തിന്റെ സുഖശീതളമായ ഉള്ളംകൈ കൊണ്ട് എന്നെ അമര്‍ത്തിപ്പിടിച്ചു.