വൈക്കം ക്ഷേത്രത്തിലെ ബ്രാഹ്മണാധിപത്യം അവസാനിച്ചിട്ടില്ല – സണ്ണി എം കപിക്കാട്
എല്ലാ ജനവിഭാഗങ്ങളും പങ്കെടുത്ത സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന മതേതര ജനാധിപത്യ സമരത്തെ ഹൈന്ദവ പരിഷ്‌കരണ സമരമാക്കി മാറ്റിയത് സനാതന ഹിന്ദു എന്ന് അവകാശപ്പെട്ട ഗാന്ധിജിയുടെ ഇടപെടലിലൂടെയാണ്.
വൈക്കം സത്യഗ്രഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുമ്പോഴും വൈക്കം ക്ഷേത്രത്തിലെ ബ്രാഹ്മണാധിപത്യം അവസാനിച്ചിട്ടില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ചെയര്‍മാന്‍ സണ്ണി എം കപിക്കാട് പറഞ്ഞു. വൈക്കം ക്ഷേത്രത്തിലെ പൂജയിലും ആചാരങ്ങളും നടപ്പാക്കുന്നതും നിയന്ത്രിക്കുന്നതും ബ്രാഹ്മണ വിഭാഗക്കാര്‍ തന്നെയാണെന്നും ജാതി തിരിച്ചാണ് താലപ്പൊലി നടക്കുന്നതെന്നും ശതാബ്ദി ആഘോഷത്തിനിടയില്‍ മറക്കരുത്. പൂജ പഠിച്ച എല്ലാവര്‍ക്കും വൈക്കം അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളിലും പൂജാരിമാകാന്‍ അവസരം നല്‍കാന്‍ സമരം തുടരണം. അത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ക്ഷേത്ര പൂജയിലോ ആചാരത്തിലോ ഉള്ള വിശ്വാസം ഉറപ്പിക്കുന്നതിനല്ല, മറിച്ച് ഒരു ജനാധിപത്യ സമൂഹത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യാവകാശമുണ്ടെന്നതും ജാതിയുടെ പേരില്‍ അത് നിഷേധിക്കപ്പെടരുത് എന്നതിനാലുമാണ്. ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എറണാകുളം ജില്ല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ വൈക്കം സത്യഗ്രഹം: മിത്തും യാഥാര്‍ത്ഥ്യവും സംവാദത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു സണ്ണി എം കപിക്കാട്. Sunny M Kapikad said that the Brahmin rule in the Vaikom temple has not ended even while celebrating the centenary of Vaikom Satyagraha.
എല്ലാ ജനവിഭാഗങ്ങളും പങ്കെടുത്ത സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന മതേതര ജനാധിപത്യ സമരത്തെ ഹൈന്ദവ പരിഷ്‌കരണ സമരമാക്കി മാറ്റിയത് സനാതന ഹിന്ദു എന്ന് അവകാശപ്പെട്ട ഗാന്ധിജിയുടെ ഇടപെടലിലൂടെയാണ്. ഇ വി രാമസ്വാമി നായ്ക്കരും ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫും അബ്ദുറഹ്മാനും കെ പി കേശവമേനോനും ടി കെ മാധവനും ആമചാടി തേവനും സിഖുകാരുമെല്ലാം പങ്കെടുത്ത മതേതര ദേശീയ സമരം ഹിന്ദു പരിഷ്‌കരണത്തിലേക്ക് വഴി മാറിയത് കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ സമരങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.1806ല്‍ 200ഓളം ഈഴവ യുവാക്കളെ കൂട്ടക്കൊല ചെയ്ത ദളവാക്കുളം സംഭവം മുതല്‍ വ്യത്യസ്ത സമുദായങ്ങള്‍ നടത്തിയ സഞ്ചാര സ്വാതന്ത്ര്യ സമരമാണ് 603 ദിവസം സത്യഗ്രഹം നടത്തിയിട്ടും കാര്യമായി വിജയം അവകാശപ്പെടാനാകാതെ അവസാനിച്ചത്. ഇത്തരം ചരിത്ര വസ്തുതകള്‍ മൂടിവെച്ച് ആഘോഷങ്ങള്‍ നടത്തുന്നത് നിരര്‍ത്ഥകമാണെന്നും സണ്ണി കപിക്കാട് പറഞ്ഞു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വൈക്കം സത്യഗ്രത്തിലെ ഗാന്ധിയുടെ ഇടപെടല്‍ ഹൈന്ദവ സമരമാക്കി മാറ്റിയതിലൂടെ പില്‍ക്കാലത്ത് ഹിന്ദുത്വ വാദികള്‍ക്ക് ശക്തി പകരുന്നതായി മാറിയെന്ന് സംവാദത്തില്‍ സംസാരിച്ച സാമൂഹിക പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. ജാതി വിരുദ്ധ സമരങ്ങളിലൂടെ മുന്നോട്ടുവന്ന കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കുകയാണ് ഇതിലൂടെ സംഭവിച്ചത്. ഡോ. ബി ആര്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയതുപോലെ സാമൂഹിക പരിഷ്‌കരണത്തെയും രാഷ്ട്രീയ പരിഷ്‌കരണത്തെയും ഒരേ സമയം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയവും രാഷ്ട്രീയ പ്രസ്ഥാനവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ മാത്രമേ കേരളം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ.
മാര്‍ക്‌സിസം കേരളത്തില്‍ എത്തുന്നതിന് മുമ്പ് സമത്വ സമാജം സ്ഥാപിക്കുകയും വേലക്ക് കൂലി എന്ന ആവശ്യം ഉന്നയിക്കുകയും ചെയ്ത അയ്യാ വൈകുണ്ഠ സ്വാമിയെയും അയ്യന്‍ കാളിയെയും ചെങ്ങന്നൂരാദിയെയുമെല്ലാം വിസ്മരിച്ച് വൈക്കം സത്യഗ്രഹം വിജയിച്ച സമരമെന്ന നിലയില്‍ ആഘോഷിക്കുന്നത് ചരിത്രവിരുദ്ധമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ പി എ പ്രേം ബാബു അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇപ്പോഴും അവശേഷിക്കുന്ന രാജാധിപത്യത്തിന്റെയും ഫ്യൂഡലിസത്തിന്റെയും പ്രതീകങ്ങളായ പ്രതിമകള്‍ പിഴുതുമാറ്റുന്ന സാംസ്‌കാരിക മുന്നേറ്റം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കീഴാള സാംസ്‌കാരിക പൈതൃകങ്ങളെ വീണ്ടെടുക്കുന്ന സാംസ്‌കാരിക- സാമൂഹിക മുന്നേറ്റം രൂപപ്പെടണം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരാജയപ്പെട്ട സമരമെന്ന വിലയിരുത്തലിനോട് യോജിപ്പില്ലെന്ന് സാമൂഹിക പ്രവര്‍ത്തകനായ ജോണ്‍ ജോസഫ് പറഞ്ഞു. ഒരു സമരവും പൂര്‍ണമായി പരാജയപ്പെടുന്നില്ല. പില്‍ക്കാലത്ത് ആ സമരത്തിന്റെ പാഠങ്ങള്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കും. കേരളത്തില്‍ ജാതിക്കെതിരെയും പൗര സമത്വത്തിന് വേണ്ടിയും നടന്ന വലിയ സമരങ്ങളില്‍ ഒന്നാണ് സത്യഗ്രഹം. കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് വേണ്ടി നടക്കുന്ന മുന്നേറ്റങ്ങള്‍ക്ക് ഇത്തരം സമരങ്ങളില്‍ നിന്ന് ഊര്‍ജം നേടാന്‍ കഴിയണം.
സംവാദത്തില്‍ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ കെ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി പി രാജു സ്വാഗതവും പി വി സാനു നന്ദിയും പറഞ്ഞു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in