സംഘപരിവാറിനും മോദിക്കും രക്ഷാകവചമാകുന്ന ബി.ബി.സി ഡോക്യുമെന്ററി

കര്‍ശനമായി ഗവേഷണം നടത്തി, ഉയര്‍ന്ന എഡിറ്റോറിയല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ചത് എന്ന അവകാശവാദത്തില്‍ ബിബിസി പുറത്തുവിട്ട ‘ഇന്ത്യ: മോദി ക്വസ്റ്റ്യന്‍’ എന്ന ഗുജറാത്ത് വംശഹത്യയുടെ ഡോക്യുമെന്ററി ഇന്ന് ഇന്ത്യയില്‍ സംഘപരിവാറിനും നരേന്ദ്രമോദിക്കും ഏറ്റവും മികച്ച സുരക്ഷാകവചമായി മാറിയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. മുഴുവന്‍ ചര്‍ച്ചകളും ഈ വിഷയത്തിലേക്ക് കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ അതിനു വിലക്ക് ഏര്‍പ്പെടുത്തിയത് എന്നു വേണം കരുതാം. ഈ വിവാദം പലരും കരുതുന്നപോലെ സംഘപരിവാറിനും മോദിക്കും ദോഷമല്ല, ഗുണമാണ് ചെയ്യുക എന്നതാണ് വസ്തുത. പ്രത്യകിച്ച് പല സംസ്ഥാനനിയമസഭകളിലേക്കും താമസിയാതെ പാര്‍ലിമെന്റിലേക്കും തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍, ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ 2002-ല്‍ ‘കലാപകാരികളെ’ ഒരു ‘പാഠം’ പഠിപ്പിച്ചു എന്ന് വീമ്പിളക്കിയിരുന്നു. അവര്‍ക്കു വീണ്ടും തല ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്നും അയാള്‍ കൊലച്ചോര പുരണ്ട വാക്കുകളില്‍ പറയുകയുണ്ടായി. അങ്ങനെ സംഘപരിവാര്‍ വോട്ട് ബാങ്കിന് എന്നും മുതല്‍ക്കൂട്ടായ ഗുജറാത്ത് വംശഹത്യ ഒരിക്കല്‍ കൂടി അവതരിപ്പിക്കപ്പെടുന്നത് ഹിംസയുടെ പ്രത്യയശാസ്ത്രത്തിന് ശക്തി പകരുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് – മുംബൈ – മുസാഫര്‍ നഗര്‍ – കാണ്ടമാല്‍ വംശഹത്യകളും ശ്രീറാം – ബീഫ് കൊലകളുമൊക്കെ സംഘപരിവാറിന് അധികാരത്തിലേക്കള്ള ചവിട്ടുപടികളായിരുന്നല്ലോ.

സഹസ്രാബ്ദങ്ങളായി ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം നിലനിന്നിട്ടുള്ളത് അതിഭീകരമായ സംഹാരങ്ങളുടെ ആവിഷ്‌കാരത്തിലൂടെയാണ്. ഇന്ന് അതിന്റെ ആധുനികരൂപമായ നവ ഫാസിസവും ചോരയില്‍ കുതിര്‍ന്ന മണ്ണില്‍ ചവിട്ടി നിന്നാണ് വിജയം കൈവരിച്ചത്. കൂട്ടക്കൊലയുടെയും മരണത്തിന്റെയും രസതന്ത്രത്തിലൂടെ അനുയായികളെ ആവേശം കൊള്ളിച്ചാണ് മോദി അധികാരത്തില്‍ തുടര്‍ന്നുപോരുന്നത്. അതുകൊണ്ടുതന്നെ ബിബിസി ഡോക്യുമെന്ററി വരച്ചിടുന്ന കൊലച്ചോരയുടെ നിറം സംഘപരിവാറിനും മോദിക്കും പ്രതികൂലമായിയല്ല, മറിച്ച് ആ രക്തക്കളവും ചോരയുടെ മണവും ബലി ജീവിതങ്ങളും മോദിയെ അയാളുടെ അനുയായികളുടേയും ആരാധകരുടേയും മൊത്തത്തില്‍ ഹിന്ദുത്വത്തിന്റെയും വീരനായകനാക്കുകയാണ് ചെയ്യുക എന്ന് ചരിത്രം വ്യക്തമാക്കിത്തരുന്നുണ്ട്.

ഗുജറാത്ത് കലാപം പോലെയുള്ള ആക്രമണങ്ങള്‍ക്കും, ഇസ്ലാമോഫോബിയക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസ്റ്റ് വല്‍ക്കരണത്തിനും അടിസ്ഥാന കാരണമായ ബ്രാഹ്മണ്യ വൈദിക പ്രത്യയശാസ്ത്രത്തെയോ, ധനകാര്യ മുതലാളിത്തത്തെയോ ബിബിസി ചര്‍ച്ചാ വിഷയമാക്കുന്നില്ല. മറിച്ച്, അടിത്തറയിളകിയ സംഘപരിവാറിന്റെ മോദി നേതൃത്വത്തിന് വോട്ടുബാങ്ക് സമൃദ്ധിയുടെ വരം കൊടുക്കുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗൗതം അദാനി ഗ്രൂപ്പ് ദശാബ്ദങ്ങളായി വന്‍തോതിലുള്ള സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ് തട്ടിപ്പ് പദ്ധതിയിലും ഏര്‍പ്പെട്ടിരുന്നു എന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പുറത്തുവരുന്നതും, ‘ഭാരത് ജോഡോ യാത്ര’ യുടെ കുതിപ്പും, ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 40% വും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ് എന്ന ‘ഫോക്‌സ്ഫാം’ റിപ്പോര്‍ട്ടും അദൃശ്യമാക്കാന്‍ ബിബിസി വീഡിയോ വാര്‍ത്തകള്‍ ഉപയോഗിച്ചുകൊണ്ട് സംഘപരിവാറിന് കഴിഞ്ഞിരിക്കുന്നു എന്ന രാഷ്ട്രീയ വസ്തുത ഗൗരവതരമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

ഇന്ത്യന്‍ കമ്പനിയായ അദാനി ഗ്രൂപ്പ് ദശാബ്ദങ്ങളായി ഏകദേശം 17.8 ട്രില്യണ്‍ ( 218 ബില്യണ്‍ US ഡോളര്‍) രൂപയുടെ സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ് തട്ടിപ്പിലും ഏര്‍പ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. നരേന്ദ്രമോദിയുടെ സംഹാരത്തിന്റെയും, ധനകാര്യ അധിനിവേശത്തിന്റെയും, വംശഹത്യയുടെയും ഇഷ്ട തോഴനായ ഗൗതം അദാനിയെക്കുറിച്ചുള്ളതും, സര്‍ക്കാരിനെ കൂടി പ്രതികൂലമായി ബാധിക്കുന്നതുമായ ഈ വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുകയും, ഇന്ത്യയില്‍ കോടതികള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും അറിയാവുന്ന 2000 പേരുടെ ജീവന്‍ പൊലിഞ്ഞ ഗുജറാത്ത് കലാപത്തിന്റെ ഡോക്യുമെന്ററി വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയിലെ മുഴുവന്‍ സവര്‍ണ്ണ ഫാസിസ്റ്റ് വിരുദ്ധ വര്‍ഗ്ഗ ബഹുജന രാഷ്ട്രീയ സംഘടനകളുടെയും പിന്തുണയോടെ 7 സെപ്റ്റംബര്‍ 2022ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര, 3500ല്‍ പരം കിലോമീറ്റര്‍, 129 ദിവസം, 10 സംസ്ഥാനങ്ങള്‍, 50ല്‍ അധികം ജില്ലകള്‍ പിന്നിട്ട്, കാശ്മീരില്‍ എത്തിച്ചേരാനിരിക്കുമ്പോള്‍, സംഘപരിവാറിന്റെ അടിത്തറയില്‍ ഉണ്ടാകുന്ന വിള്ളലുകളുടെ പ്രകമ്പനങ്ങള്‍, വ്യാപക ചര്‍ച്ചയാകും എന്ന സ്ഥിതി വന്നപ്പോള്‍ വളരെ ആസൂത്രിതമായാണ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ തന്നെ വലിയ സംഘര്‍ഷം സൃഷ്ടിച്ച് മുഴുവന്‍ ജനശ്രദ്ധയും ചിതറിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യം നാനാതരത്തിലുള്ള വര്‍ഗീയ ഫാസിസത്തിനെതിരെയും വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തിനെതിരെയും വലിയ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, സംഹാരത്തിന്റെയും അപരവല്‍ക്കരണത്തിന്റെയും വെറുപ്പിന്റെയും മരണ വ്യാപാരിയിലേക്ക് ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിപ്പിക്കാന്‍ സംഘപരിവാറിന് സാഹചര്യമൊരുക്കുകയാണ് ഈ ഡോക്യുമെന്ററി വിവാദം. ബലാല്‍സംഗവും കൂട്ടക്കൊലയും, മുസ്ലിം വംശഹത്യയും ലക്ഷ്യമാക്കി, ആസൂത്രിതമായി നിര്‍വഹിച്ച ഗുജറാത്ത് കലാപത്തിന് ബഹു പാഠങ്ങള്‍ നിര്‍മ്മിച്ച് വൈദിക ബ്രാഹ്മണ പ്രത്യയശാസ്ത്രവും, ധനകാര്യ മുതലാളിത്തവും മറച്ചുവെക്കുകയും നരേന്ദ്രമോദി എന്ന യമധര്‍മ്മന്റെ ശക്തി വര്‍ധിപ്പിക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ ഇതുകൊണ്ട് സംഭവിക്കുന്നത്.

ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയും, പ്രചണ്ഡമായ അന്തരീക്ഷം സൃഷ്ടിച്ചും വാര്‍ത്തകളില്‍ ഈ വിഷയം നിറഞ്ഞുനില്‍ക്കാന്‍ ഫാസിസ്റ്റ് ഭരണകൂടം തന്നെ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നത് ഒരു പരിധിവരെ JNUവും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെട്ട നമ്മുടെ വിദ്യാര്‍ത്ഥി സമൂഹത്തിനും മുന്‍കൂട്ടി നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

ലോകം മുഴുവന്‍ അറിയാവുന്ന അതിക്രൂരമായ വംശഹത്യയുടെ അന്വേഷണരേഖ ബ്രിട്ടീഷ് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചത് ബ്രിട്ടീഷ് നിയമപ്രകാരം കാലാവധി കഴിഞ്ഞതിനാല്‍ പുറത്തുവിട്ടപ്പോള്‍ ആ രേഖ ഉപയോഗിച്ച് മാധ്യമ വിപണി സാധ്യത വെട്ടിപ്പിടിക്കാന്‍ ബിബിസി നിര്‍മ്മിച്ച ഡോക്യുമെന്ററിയാണ് ഇന്ത്യയിലെ ഏക ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്.

ഇന്ത്യന്‍ നവ കൊളോണിയല്‍ ഫാസിസ്റ്റ് സമ്പദ്ഘടന ജനങ്ങള്‍ക്ക് എത്ര വേണമെങ്കിലും ഊതി വലുതാക്കാവുന്ന വികസനത്തിന്റെ ബലൂണ്‍ വിതരണം ചെയ്യുമ്പോള്‍, അത് ജനങ്ങളെ കടക്കെണിയില്‍ നിന്നും ആത്മഹത്യയിലേക്കുള്ള ദൂരം കുറച്ചു കൊണ്ടു വരുമ്പോള്‍, ആ യാഥാര്‍ത്ഥ്യങ്ങളെല്ലാം കുഴിച്ചുമൂടി, പൊതുജനങ്ങള്‍ക്കെല്ലാം അറിയാവുന്ന, നിരവധിതവണ വാര്‍ത്തയായ ഗുജറാത്ത് കലാപം അതിന്റെ സവര്‍ണ്ണ രാഷ്ട്രീയവും ഗൗരവവും ചോര്‍ത്തിക്കളഞ്ഞ് ചര്‍ച്ചയാക്കി ശ്രദ്ധ തിരിച്ച് ഇന്ത്യന്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ആഴക്കുഴിക്കു മുകളില്‍ ചതിപ്പലക ഇടുകയാണ് ബിബിസി.

കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ ഓമനക്കുട്ടനായ ശശിതരൂര്‍ സ്‌കൂളില്‍ ആഗോളവല്‍ക്കരണത്തിന് പഠിക്കുന്ന കോട്ടിട്ട യുവ ആന്റണി എന്ന അനില്‍ ആന്റണി ആര്‍എസ്എസ് /മോദി വിരുദ്ധതയെ രാജ്യവിരുദ്ധതയായി ചിത്രീകരിച്ച് കാവി പ്രചരണത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു. ആരോരുമറിയാതെ ട്വിറ്ററില്‍ ചാപിള്ളയായി കിടന്ന യുവ ആന്റണി ബിജെപി നവമാധ്യമ സംഘങ്ങളില്‍ ‘ഒറ്റുതാര’മായി മാറിക്കഴിഞ്ഞു. ഭാരത് ജോഡോ യാത്രയുടെ വാര്‍ത്തകളും ചര്‍ച്ചകളും ഒറ്റ രാത്രി കൊണ്ട് നിഷ്പ്രഭമാക്കിയാണ് ചന്ദനഗന്ധം പടര്‍ത്തുന്ന ഈ കോട്ടിട്ട യുവ ആന്റണി ബിബിസി ഡോക്യുമെന്ററി പ്രശ്‌നത്തെ കോണ്‍ഗ്രസിന്റെ ദുരന്തകാല ചര്‍ച്ചയാക്കി മാറ്റിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഘപരിവാറിന്റെ കാവി ഷാളില്‍ തൊട്ടുരുമ്മി നടക്കുന്ന കേരളത്തിലെ സിപിഎം ഭരണകൂടം വരുത്തിവച്ച അതിസങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയും, അഴിമതിയുടെ തൊണ്ടി മുതലായി മാറിയ പാര്‍ട്ടിയും, മന്ത്രിമാരും, ഉദ്യോഗസ്ഥ വര്‍ഗ്ഗങ്ങളും കേരളത്തിന്റെ വാര്‍ത്താന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍, അവയെല്ലാം വളരെ കൃത്യമായി ചെങ്കാവിക്കൊടിയില്‍ പൊതിഞ്ഞ് ഡിവൈഎഫ്‌ഐയുടെ ബിബിസി വീഡിയോ പ്രദര്‍ശനത്തിന്റെ ശബ്ദ കോലാഹലങ്ങളില്‍ ഒളിപ്പിച്ചു വെക്കാന്‍ കഴിഞ്ഞിരിക്കുന്നു.

ഫാദര്‍ സ്റ്റാന്‍ സ്വാമി ജയിലില്‍ കൊല്ലപ്പെട്ടപ്പോള്‍ ‘Jailed Indian tribal rights activist Stan Swamy has died of a cardiac arrest in Mumbai city. He was 84’ എന്നാണ് ബിബിസിയുടെ ആദ്യ റിപ്പോര്‍ട്ട്.. ബീമാ കൊറേഗാവ് അറസ്റ്റിനെ കുറിച്ച് ബിബിസിയുടെ പ്രഥമ റിപ്പോര്‍ട്ട് ഇങ്ങനെയാണ് : ‘Five prominent Indian activists have been arrested in connection with caste-based violence in the western state of Maharashtra’ ഇങ്ങനെ ജനങ്ങളെ ഒരു പ്രത്യേക രീതിയിലേക്ക് മന:ശാസ്ത്രപരമായി വലിച്ചടുപ്പിച്ചതിനു ശേഷം തങ്ങള്‍ യാഥാര്‍ത്ഥ്യം റിപ്പോര്‍ട്ട് ചെയ്യുകയാണ് എന്ന പ്രീതിതി സൃഷ്ടിക്കുകയാണ് ബിബിസി.

ഇതെല്ലാം കാണിക്കുന്നത് കോര്‍പ്പറേറ്റ് ധനകാര്യവല്‍ക്കരണത്തിനും അതിന്റെ അനിവാര്യമായ നവഫാസിസത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിരോധ കുത്തിവെയ്പ്പാണ് ബിബിസി നിര്‍വഹിച്ചു പോരുന്നത് എന്നുതന്നെയാണ്. ലോകം മുഴുവന്‍ ജനാധിപത്യ നാഗരികതയുടെ ശവമടക്കം ചെയ്യുന്ന ബിബിസിക്ക് ‘ഇന്ത്യ : ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയിലൂടെ വന്‍ പരസ്യ വിപണിയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply