യോഗിയേയും അമൃതാനന്ദമയിയേയും ഉള്‍ക്കൊള്ളുന്ന മാര്‍ക്‌സിസം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

ബുള്‍ഡോസര്‍ രാജിലൂടെ ഒരു സമുദായത്തെ ഉന്മൂലനം ചെയ്യാന്‍ ഓര്‍ഡര്‍ കൊടുത്തുകൊണ്ടിരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് യോഗിആദിത്യനാഥ്. ഇന്ത്യന്‍ ഫാസിസത്തിന്റെ ഏറ്റവും മാരകമായ മുഖമാണ് യോഗി. അത്തരത്തില്‍ ഹിംസാത്മകമായ മുഖമുള്ള ഒരാളെ ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കുകയും അവരുടെ സന്ദേശം വായിക്കുകയും ചെയ്യുന്ന ഒരു കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെയാണ് നാം കാണുന്നത്. യോഗി ആദിത്യനാഥിനെ പോലുള്ള ആളുകളെ ഉള്‍ക്കൊള്ളാന്‍ മാത്രം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് രൂപമാറ്റം സാധിച്ച പുതിയ കേരളത്തിലാണ് നാം ജീവിക്കുന്നത് എന്നര്‍ഥം.

മന്ത്രി വാസവന്‍ യോഗിയുടെ സന്ദേശം വായിച്ച് ആനന്ദ നിര്‍വൃതി കൊള്ളുന്നത് കേരളീയ സമൂഹം കണ്ടതാണ് . അഥവാ യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാര്‍ക്‌സിസവും സന്ധി ചെയ്യുന്ന ഒരിടത്താണ് ആ സന്ദേശം വായിച്ചിരിക്കുന്നത്. മറ്റൊരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഹിന്ദുത്വ മാര്‍ക്‌സിസത്തിന്റെ മാനിഫെസ്റ്റോ പ്രകാശനമാണ് അയ്യപ്പസംഗമത്തില്‍ നടന്നത് . ബ്രാഹ്മണ മാര്‍ക്‌സിസമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന് നേരത്തെ നിരീക്ഷിച്ചത് എസ് കെ ബിശ്വാസ് ആണ്. അദ്ദേഹത്തിന്റെ ബ്രാഹ്മണ മാര്‍ക്‌സിസം എന്ന പുസ്തകത്തില്‍ എങ്ങനെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ബ്രാഹ്മണ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായി രൂപീകരണം നടത്തിയത് എന്ന് വിശദമായും അധികാരികവുമായും പ്രതിപാദിക്കുന്നുണ്ട്.

”ഹിന്ദുമതത്തെ, അതായത് ജാതീയതയെ രക്ഷിക്കാനായി ശ്രീ ചൈതന്യ പതിനാറാം നൂറ്റാണ്ടിലും രാജാറാം മോഹന്‍ റോയ് പത്തൊമ്പതാം നൂറ്റാണ്ടിലും നിര്‍വഹിച്ച അതേ പങ്കു തന്നെയാണ്ബ്രാഹ്മണ മാര്‍ക്‌സിസം യഥാര്‍ത്ഥത്തില്‍ നിര്‍വഹിച്ചത്. വര്‍ഗ്ഗസമരം, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസങ്ങളും അസമത്വവും ഇല്ലാതാക്കും എന്ന് വെറുതെ പ്രചരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ അറിവില്ലാത്തവരും നിരക്ഷരരും നിരാലംബരുമായ ജനതയെ സ്വാതന്ത്രത്തിന്റെ യഥാര്‍ത്ഥ പാതയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതില്‍ വിജയിച്ചു. സമൂഹത്തില്‍, വര്‍ഗ്ഗങ്ങളില്ലാതിരിക്കെ വര്‍ഗ്ഗസമരം ആരംഭിക്കുന്ന പ്രശ്‌നം തന്നെ അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിയാന്‍ ജനങ്ങളെ ഒരിക്കലും അവര്‍ അനുവദിച്ചില്ല. അവര്‍ ജാതീയതയിലല്ല വര്‍ഗ്ഗത്തിലാണ് വിശ്വാസം അര്‍പ്പിച്ചത് . ദാരിദ്ര്യം , കഷ്ടപ്പാട്, അക്രമങ്ങള്‍, ചൂഷണം എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ ജാതി ഒരു പ്രധാനപ്പെട്ട ഘടകമേയെല്ലന്നാണ് കീഴ്ജാതി ജനവിഭാഗങ്ങളെ ബ്രാഹ്മണ കമ്മ്യൂണിസ്റ്റുകള്‍ പഠിപ്പിച്ചിരുന്നത്. ജാതിയെ അവഗണിക്കണം, മതപരിവര്‍ത്തനം ഒരു പരിഹാരമല്ല അവരെ സംബന്ധിച്ച് ജാതി നിര്‍മൂലനത്തിന് വേണ്ടിയുള്ള പ്രസ്ഥാനം അഥവാ ഹിന്ദുമതത്തിനെതിരായുള്ള പ്രസ്ഥാനം തീര്‍ത്തും നിഷ്ഫലവും ഉപയോഗശൂന്യവും ആയിരുന്നു” (ബ്രാഹ്മണ മാര്‍ക്‌സിസം എസ്.കെ ബിശ്വാസ് പേജ് 82)

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ അര്‍ത്ഥത്തില്‍ ഹിന്ദുമതത്തെ രക്ഷിച്ചെടുക്കുന്നതിലേക്കാണ് ബ്രാഹ്മണ മാര്‍ക്‌സിസം ആ കാലഘട്ടത്തില്‍ ശ്രമിച്ചത് എന്നാണ് എസ് കെ ബി ബിശ്വാസ് സൂചിപ്പിച്ചത്. മതപരിവര്‍ത്തനത്തിലൂടെയുള്ള സാമൂഹികമാറ്റം എന്ന അംബേദ്കറുടെ ആശയത്തെ വര്‍ഗ്ഗസമരം എന്ന ഉട്ടോപ്യ കാണിച്ച് ഹിന്ദുമതത്തെ ജാതീയമായി നിലനിര്‍ത്താന്‍ ആയിരുന്നു പാര്‍ട്ടി ശ്രമിച്ചത് എന്നാണ് ബിശ്വാസ് നിരീക്ഷിച്ചത്. നിലനില്‍ക്കുന്ന അധികാര വ്യവസ്ഥയില്‍ ജാതിവ്യവസ്ഥയെ അംഗീകരിച്ച് ഹിന്ദുമതത്തെ സ്വാംശീകരിച്ച് എങ്ങനെ ഇടപെടാം എന്നാണ് ബ്രാഹ്മണ മാര്‍ക്‌സിസം ശ്രമിച്ചത്. ഒരു ഭൗതിക പ്രത്യയശാസ്ത്രമായ മാര്‍ക്‌സിസം ഭൂരിപക്ഷമതത്തിന്റെ സാംസ്‌കാരിക യുക്തിയോടൊപ്പം സഞ്ചരിക്കുന്നതാണ് നാം ഇവിടെ കാണുന്നത്. ഭൂരിപക്ഷ മതത്തിന്റെ അഥവാ ഹിന്ദുമതത്തിന്റെ നവീകരണത്തിന് വേണ്ടി ഗാന്ധിയുടെ രീതിശാസ്ത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നതിന് ഒരര്‍ത്ഥത്തില്‍ കുറ്റം പറയാന്‍ സാധ്യമല്ല. പക്ഷേ അവിടെ നിന്നും മാറി ബ്രാഹ്മണ മാര്‍ക്‌സിസത്തില്‍ നിന്ന് ഇപ്പോള്‍ ഹിന്ദുത്വ മാര്‍ക്‌സിസമായി വികാസം പ്രാപിച്ചിരിക്കുന്നതാണ് നാം കാണുന്നത്.

ഇവിടെ ബ്രാഹ്മണ്യം അഥവാ ഹിന്ദുമതവും ഹിന്ദുത്വയും തമ്മില്‍ വൈരുദ്ധ്യം ഉണ്ടോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഒരര്‍ത്ഥത്തിലുമുള്ള വൈരുദ്ധ്യം ഇല്ല എന്നും , രണ്ടും ഒന്ന് തന്നെയാണ് എന്നും, ദളിത് ബുദ്ധിജീവികള്‍ സമര്‍പ്പിക്കുന്നതായി കാണാം. അഥവാ ഹിന്ദുമതം തന്നെയാണ് ഹിന്ദുത്വ എന്ന് അവര്‍ വിശദീകരിക്കുന്നു. മനുവാദത്തില്‍ അധിഷ്ഠിതമായ ജാതി വിഭജനത്തെ തന്നെയാണ് സംഘ്പരിവാര്‍ വിഭാവന ചെയ്യുന്ന ഹിന്ദുത്വമുന്നോട്ട് വെക്കുന്നത്എന്നാണ് അവര്‍ വാദിക്കുന്നത് . അങ്ങനെയല്ല രണ്ടും തമ്മില്‍ വൈരുദ്ധ്യമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യര്‍. അഥവാ ഹിന്ദുമതത്തെ അതിന്റെ നന്മകളെ സ്വീകരിച്അതില്‍ അടങ്ങിയിരിക്കുന്നമനുഷ്യ വിരുദ്ധമായ ആശയത്തെ നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത് എന്നവര്‍ വാദിക്കുന്നു. അങ്ങനെയെങ്കില്‍ ബ്രാഹ്മണമാര്‍ക്‌സിസം എന്നപരികല്പന ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ അവസ്ഥയില്‍ സ്വീകരിക്കപ്പെടുന്നതിന് വിമര്‍ശന വിധേയമാക്കുവാന്‍ സാധ്യമല്ല. പക്ഷേ ഇപ്പോള്‍ പാര്‍ട്ടി അവിടെ നിന്നും മാറിഹിന്ദുത്വയെ സ്വാംശീകരിക്കുന്ന പ്രകിയയിലാണ്. അഥവാ ഹിന്ദുത്വമാര്‍ക്‌സിസത്തിലേക്കുള്ള പരിണാമത്തിന് പാര്‍ട്ടി വിധേയമായി കൊണ്ടിരിക്കുന്ന സൂചകങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം. വിനാശകരവും ഹിംസാരവുമായ ഹിന്ദുത്വയെ അംഗീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് കൊണ്ടായിരിക്കണം കേരളത്തിലെ പാര്‍ട്ടി മുസ്ലിം വിരുദ്ധതയെ പ്രമോട്ട് ചെയ്യുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദിവസവും മുസ്ലിം വിരുദ്ധതയും വംശീയതയും ഛര്‍ദ്ദിക്കുന്ന വെള്ളാപ്പള്ളിയെ പോലെ ഒരാളെ കൂടെ നിര്‍ത്തി പിന്തുണക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് നാം കാണുന്നത്. 2016 ന് ശേഷം കേരളത്തില്‍ അധികരിച്ച് വരുന്ന ഇസ്ലാമോഫോബിക് കണ്ടെന്റുകളെ ഉത്പാദിപ്പിക്കുന്നതില്‍ പാര്‍ട്ടി വഹിച്ച പങ്ക് അത്ര ചെറുതല്ല .ഇവിടെയാണ് യോഗി ആദിത്യനാഥ് എന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖം പാര്‍ടിക്ക്അഭിമതനായിതീരുന്നത് .പുതിയ കാലത്തെ ഇടതുപക്ഷ വിദ്യാര്‍ത്ഥികളും ഇത്തരത്തിലുള്ള ഹിന്ദുത്വബോധത്തെ പേറുന്നവരായി നാം കാണുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി msf നെതിരെ നടത്തിയ പരാമര്‍ശം അങ്ങേയറ്റം വംശീയത നിറഞ്ഞതും ഇസ്ലാമോഫോക്കുമായിരുന്നു.അഥവാ എം എസ് എഫിന്റെ പൂര്‍ണ്ണരൂപം പറഞ്ഞാല്‍ ആ സംഘത്തെ നമുക്ക് മനസ്സിലാകും എന്നാണ് സെക്രട്ടറി പറഞ്ഞത്. ഇതിന് സമാനമായ ഒരു പരാമര്‍ശം മുമ്പ് നാം കേട്ടത് പ്രധാനമന്ത്രി നരേന്ദ്രമോഡി പൗരത്വ സമരത്തില്‍ അണിനിരന്ന ആള്‍ക്കാരുടെ മുഖത്തുനോക്കി പറഞ്ഞതാണ്. അഥവാ പുതിയ കാലത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഹിന്ദുത്വ മാര്‍ക്‌സിസത്തിന്റെ പാഠശാലയിലാണ് പഠനം നടത്തുന്നത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഇന്നത്തെ പാര്‍ട്ടിയുടെ ഹിന്ദുത്വ മാര്‍ക്‌സിസത്തിലേക്കുള്ള പരിണാമത്തെ കേരളീയ സമൂഹം അതീവ ഗൗരവത്തില്‍ കാണേണ്ട ഒന്നാണ്. ഹിന്ദുത്വയെ പ്രതിരോധിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് ഹിന്ദുത്വമാര്‍ക്‌സിസത്തെ പ്രതിരോധിക്കല്‍. കാരണം ഹിന്ദുത്വഎന്നത് കൃത്യമായ ഒരു ശത്രുവാണ്. എന്നാല്‍ ഹിന്ദുത്വ മാര്‍ക്‌സിസം പ്രഛന്ന ഹിന്ദുത്വമാണ് അതിനെ തിരിച്ചറിയാന്‍ പ്രയാസകരമായിരിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തില്‍ ഹിന്ദുത്വ മാര്‍ക്‌സിസം വലിയ പരിക്കുകള്‍ സമ്മാനിക്കും എന്ന് തിരിച്ചറിയേണ്ടതാണ്. അതിനാല്‍ ഹിന്ദുത്വ മാര്‍ക്‌സിസത്തിന്റെ സാംസ്‌കാരിക യുക്തിയെ നിരന്തരമായി ചോദ്യം ചെയേണ്ടതുണ്ട്.ഇവിടെയാണ് കമ്യൂണിസ്‌റ് മന്ത്രിസഭയിലെ ഒരംഗം മാതാ അമൃതാനന്ദമയിയെ ആശീര്‍വദിക്കുന്നത് നാം കാണുന്നത്. അഥവാ സംഘ്പരിവാറിന്റെ ആശയ പ്രചരണത്തിനുള്ളെ ഒരു ടൂള്‍ ആയ ആള്‍ ദൈവവത്തെ ആശീര്‍വദിക്കാന്‍ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ പോയതും ഇവിടെ വായിച്ചാല്‍ ഹിന്ദുത്വ മാര്‍ക്‌സിസം എന്ന പരികല്പന ഒരു യാഥാര്‍ത്ഥ്യമായി നമുക്ക് മനസ്സിലാക്കാം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply