പ്രതീക്ഷ നല്‍കുന്നു കോണ്‍ഗ്രസ് തീരുമാനവും ബില്‍ക്കീസ് ബാനു കേസ് വിധിയും
‘മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍, ബി.ജെ.പിയും ആര്‍.എസ്.എസും അയോധ്യയെ മുന്‍നിര്‍ത്തി കാലങ്ങളായി രാഷ്ട്രീയം കളിക്കുകയാണ്. ബി.ജെ.പി., ആര്‍.എസ്.എസ്. നേതാക്കള്‍ പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നതു തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടാണ്.’- ഇങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷിന്റെ പ്രസ്താവന.
ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ജുഡീഷ്യറിയിലും ഇനിയും ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാമെന്നു വ്യക്തമാക്കുന്ന രണ്ടുവാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് തീരുമാനമാണ് ഒന്ന്. ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവനുവദിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം സുപ്രിംകോടതി റദ്ദാക്കിയതാണ് മറ്റൊന്ന്. രാജ്യം നിര്‍ണ്ണായകമായ ഒരു ലോകസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന വേളയില്‍ ഈ രണ്ടു വാര്‍ത്തകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്നാരോപിച്ചാണ് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസ്സ് തീരുമാനം. ‘മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍, ബി.ജെ.പിയും ആര്‍.എസ്.എസും അയോധ്യയെ മുന്‍നിര്‍ത്തി കാലങ്ങളായി രാഷ്ട്രീയം കളിക്കുകയാണ്. ബി.ജെ.പി., ആര്‍.എസ്.എസ്. നേതാക്കള്‍ പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നതു തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടാണ്.’- ഇങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ്ിന്റെ പ്രസ്താവന. 2019 ലെ സുപ്രീം കോടതി വിധിയും ലക്ഷക്കണക്കിനു ശ്രീരാമ ഭക്തരുടെ വികാരവും മാനിച്ചു ഖാര്‍ഗെയും സോണിയ ഗാന്ധിയും അധീര്‍ രഞ്ജന്‍ ചൗധരിയും, ആര്‍.എസ്.എസ്./ബി.ജെ.പി. പരിപാടിയെന്നു വ്യക്തമായ ചടങ്ങിലേക്കുള്ള ക്ഷണം ആദരപൂര്‍വം നിരസിക്കുകയാണ് എന്നും ജയ്റാം രമേഷ് കൂട്ടിചേര്‍ക്കുന്നു.
തീര്‍ച്ചയായും വളരെ മൃദുവാണ് ഈ പ്രസ്താവന എന്നാരോപിക്കാം. എന്നാല്‍ കേരളത്തിലിരുന്ന് നമ്മള്‍ കരുതുന്നപോലെയല്ലല്ലോ രാജ്യത്തെ പൊതുവായ അവസ്ഥ. നിലവിലെ സാഹചര്യത്തില്‍ ഹിന്ദുത്വത്തിനെതിരെ അതിശക്തമായ നിലപാടെടുക്കാന്‍ ഒരു പാര്‍ട്ടിക്കും എളുപ്പമല്ല. ബാബറി മസ്ജിദ് തകര്‍ത്താണ് രാമക്ഷേത്രം നിര്‍മ്മിച്ചത്, അതിനാല്‍ തങ്ങള്‍ പങ്കെടുക്കില്ല എന്നാകണമായിരുന്നു പ്രസ്താവന എന്നു നമുക്ക് ആശിക്കാം. എന്നാലതത്ര എളുപ്പമല്ല. മാത്രമല്ല, അതുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ അന്തിമവിധിയുടെ പശ്ചാത്തലത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണം നടക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ ഏറ്റവും എളുപ്പത്തില്‍ നിലപാടെടുക്കാന്‍ കഴിയുന്ന സിപിഎം പോലും തങ്ങളുടെ പ്രസ്താവനയില്‍ ബാബറി മസ്ജിദ് എന്ന വാക്കുപയോഗിച്ചില്ല എന്നു മറക്കരുത്. പകരം പറഞ്ഞത് ചടങ്ങിനെ സര്‍ക്കാര്‍ പരിപാടിയാക്കുന്നു എന്നാണ്.
ബി.ജെ.പിയും ആര്‍.എസ്.എസും അയോധ്യയെ മുന്‍നിര്‍ത്തി കാലങ്ങളായി രാഷ്ട്രീയം കളിക്കുകയാണ് എന്നു പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ്സ് പ്രകടമാക്കിയതില്‍ അവരെ അഭിനന്ദിച്ചേ പറ്റൂ. ജയറാം രമേഷിനേയും കെ സി വേണുഗോപാലിനേയും പോലുള്ള നേതാക്കളാണ് ഈ നിലപാടിനു പുറകില്‍ എന്നു കരുതുന്നതില്‍ തെറ്റില്ല. പാര്‍ട്ടിക്കകത്തുതന്നെ അതിരൂക്ഷമായ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോഴാണ് ഈ പ്രഖ്യാപനമെന്നതും പ്രധാനമാണ്. എത്രയോ സീനിയറായ നേതാക്കളാണ് പരസ്യമായി തന്നെ ചടങ്ങില്‍ പങ്കെടുക്കണമെന്ന അഭിപ്രായം പറഞ്ഞിട്ടുള്ളത്. രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്കല്ല, തങ്ങള്‍ക്കാണെന്നു പറഞ്ഞ നേതാക്കളെപോലും നമ്മള്‍ കണ്ടല്ലോ. കോണ്‍ഗ്രസ്സില്‍ മാത്രമല്ല, ഇന്ത്യ സഖ്യത്തിലും ഇക്കാര്യത്തില്‍ വലിയ ഭിന്നത നിലവിലുണ്ട്. എന്നാല്‍ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രാതിയില്‍ അതു വളരുമെന്നു ആരും പ്രതീക്ഷിക്കുന്നില്ല.
വളരെ തന്ത്രപൂര്‍വ്വമാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും പ്രതിഷ്ഠാദിന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. അതിലേറ്റവും പ്രധാനം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതായിരുന്നു. അതിലൂടെ അവരെ അക്ഷരാര്‍ത്ഥത്തില്‍ കെണിയില്‍ പെടുത്തുകയായിരുന്നു. ഏറ്റവും പ്രതിസന്ധി നേരിട്ടത് സ്വാഭാവികമായും കോണ്‍ഗ്രസ്സ് തന്നെ. മുകളില്‍ പറഞ്ഞ പോലെ അയോദ്ധ്യയിലെ ക്ഷേത്രനിര്‍മ്മാണത്തിനു കാരണമായത് തങ്ങളുടെ നടപടികളായിരുന്നു എന്നു വാദിക്കുന്ന നേതാക്കള്‍ ആ പാര്‍ട്ടിയിലുണ്ടല്ലോ. അതില്‍ കുറെ ശരിയില്ല എന്നു പറയാനുമാകില്ല. ബാബറി മസ്ജിദ് കോമ്പൗണ്ടില്‍ രാമാരാധനക്കുള്ള അനുമതി ആദ്യം നല്‍കിയത് രാജീവ് ഗാന്ധിയായിരുന്നല്ലോ. ബാബറി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ തന്നെ. അന്നവര്‍ ഒന്നും ചെയ്യാതെ മൂകസാക്ഷിയായി ഇരിക്കുകയായിരുന്നു. വാസ്തവത്തില്‍ ഹിന്ദുവോട്ടുകളിലൂടെ അധികാരത്തിലെത്താന്‍ ബിജെപി ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ അതേ കാര്‍ഡിറക്കി അവരോട് മത്സരിക്കുകയായിരുന്നു കോണ്‍ഗ്രസ്സ്. എന്നാല്‍ പിന്നീട് ബിജെപി ഒരു ഹിന്ദുത്വ വര്‍ഗ്ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുന്നതും മസ്ജിദ് തകര്‍ക്കുന്നതും രാജ്യമാകെ വര്‍ഗ്ഗീയ കലാപങ്ങളും വംശഹത്യകളും നടത്തി, മുസ്ലിം വിരുദ്ധ വികാരം ഇളക്കിവിട്ട് അധികാരത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നതുമാണ് നാം കണ്ടത്. അതിന്റെ തുടര്‍ച്ചയാണ് രാമക്ഷേത്ര പ്രതീഷ്ഠാ ചടങ്ങും.
സത്യത്തില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ തന്നെ മിക്കപാര്‍ട്ടികളുടേയും നിലപാടുകള്‍ നാം കണ്ടതാണ്. മുഖ്യമന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ്സ് പല നേതാക്കളും അതിനെ പിന്തുണക്കുകയായിരുന്നു. അവരില്‍ പുതുതലമുറയുടെ പ്രതിനിധി പ്രിയങ്കാഗാന്ധിയും പെട്ടിരുന്നു. വ്യത്യസ്ഥ അഭിപ്രായക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ വാ തുറന്നതുമില്ല. കോണ്‍ഗ്രസ്സ് മാത്രമല്ല, രാജ്യത്തെ ഏതെങ്കിലും പാര്‍ട്ടി അതിനെതിരെ ശക്തമായി രംഗത്തുവന്നതുമില്ല. സത്യത്തില്‍ ഹിന്ദുത്വത്തിന്റെ മൃദുരൂപം പറഞ്ഞ് ബിജെപിയെ നേരിടാനാകുമെന്ന ഇവരില്‍ പലരുടേയും ധാരണ തെറ്റാണ്. അതാണ് രാജസ്ഥാനിലേയും മധ്യപ്രദേശിലേയും നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഹിന്ദുത്വം പറയാന്‍ ബിജെപിയുള്ളപ്പോള്‍ വേറെ പാര്‍ട്ടി എന്തിനാണ് ഫലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകുകയാണ് അതിലൂടെ സംഭവിക്കുക. എന്നിട്ടും പ്രതിഷ്ഠ നടക്കുന്ന 22-ാം തിയതി സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടത്താന്‍ ഉത്തരവിട്ട കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനു പുറകില്‍ എന്താണെന്നു മനസ്സിലാകുന്നില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇത്തവണ 400 സീറ്റുനേടി, തങ്ങളുടെ അജണ്ട പരിപൂര്‍ണ്ണമായി നടപ്പാക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതിനുള്ള ഉപകരണം മാത്രമാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള രാമക്ഷേത്ര ഉദ്ഘാടനം എന്നത് പകല്‍പോലെ പ്രകടം. വന്‍പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് രണ്ടുകോടിയോളം പേരെ അയോദ്ധ്യയിലെത്തിക്കാനാണ് നീക്കം. അതിനായി ആയിരകണക്കിനു തീവണ്ടികളും വിമാനങ്ങളും മറ്റു വാഹനങ്ങളുമാണ് ഉപയോഗിക്കാന്‍ പോകുന്നത്. ഭാരത് ദര്‍ശന്‍ യാത്ര എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങുമ്പോള്‍ തന്നെയാണ് ഈ യാത്രയെന്നതും ശ്രദ്ധേയമാണ്. ലക്ഷകണക്കിനു കോടി രൂപയാണ് അയോദ്ധ്യ നഗരത്തിന്റെ വികസനത്തിനായി ചിലവഴിക്കാന്‍ പോകുന്നത്. ഇത്തരം അതിസങ്കീര്‍ണ്ണ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നതാണ് ജനാധിപത്യ, മതേതരവാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികള്‍ക്കും ഈ തീരുമാനം പ്രചോദനമാകുമെന്നതിലും സംശയമില്ല.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലേക്കു വരുമ്പോഴും ആശ്വാസകരമായ തീരുമാനമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ജുഡീഷ്യറിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്ന വിധി. ഗുജറാത്ത് സര്‍ക്കാര്‍ ഇല്ലാത്ത അധികാരം വിനിയോഗിച്ചാണ് പ്രതികള്‍ക്ക് ശിക്ഷ ഇളവു നല്‍കിയതെന്നും അത് റദ്ദാക്കുന്നു എന്നും പ്രതികള്‍ രണ്ടാഴ്ചക്കുള്ളില്‍ ജയിലില്‍ തിരിച്ചെത്തണമെന്നുമാണ് വിധി. തീര്‍ച്ചയായും മഹാരഷ്ട്രാ സര്‍ക്കാരിനെ പ്രതികള്‍ സമീപിച്ചാല്‍ ശിക്ഷാ ഇളവു കൊടുക്കില്ലേ, അതു തടയാന്‍ കോടതിക്കാവുമോ എന്ന ചോദ്യങ്ങളൊക്കെ ഉയരുന്നുണ്ട്. പ്രതികളാകട്ടെ ജയിലില്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കാനും വയ്യ. അവര് ഒളിവില്‍ പോയി കഴിഞ്ഞു. അപ്പോഴും മുകളില്‍ വിവരിച്ച രീതിയില്‍ രക്തപുഴകളില്‍ നീന്തി അധികാരത്തിലെത്തിയ ബിജെപിയുടെ ജൈത്രയാത്രയിലെ ഏറ്റവും ഭയാനകമായ ഒരു അധ്യായത്തെയാണ് സുപ്രിംകോടതി വീണ്ടും പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. അതും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പും അതിനു മുന്നോടിയായി കൊട്ടിഘോഷിച്ച് അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്ന വേളയില്‍. അതിനാലാണ് ഈ വിധി ഏറെ പ്രസക്തമാകുന്നത്.
വാല്‍ക്കഷ്ണം – വീണ്ടും അധികാരത്തിലെത്താനാണ് ഇപ്പോള്‍ നടത്തുന്ന രാമക്ഷേത്ര ഉദ്ഘാടനം എന്നു വിലയിരുത്തുമ്പോഴും മറ്റൊന്നു മറക്കരുത്. തങ്ങള്‍ വിഭാവനം ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രത്തിലെ ഭരണഘടന എന്തായിരിക്കുമെന്നതിന്റെ സൂചന ഇതില്‍ വ്യക്തമാണ്. ഒറ്റ ഉദാഹരണം മാത്രം മതി അതു മനസ്സിലാക്കാന്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല എന്നതാണത്. കാരണം ഇവിടെ വ്യക്തമാക്കേണ്ടതില്ലല്ലോ. തങ്ങളുടെ ഭരണഘടന രചിച്ചത് അംബേദ്കറല്ല, മനുവാണെന്നാണ് അവരിതിലൂടെ പ്രഖ്യാപിക്കുന്നത്. പിന്നാലെ രാഷ്ട്രപിതാവായ ഗാന്ധിക്കും രാഷ്ട്രശില്‍പ്പിയായ നെഹ്‌റുവിനും ഇവര്‍ പകരക്കാരെ കൊണ്ടുവരും. അതിന്റെയെല്ലാം വ്യക്തമായ പ്രഖ്യാപനമാണ് ജനുവരി 22ന് അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in