സമവായത്തില്‍ അതിരപ്പിള്ളി പദ്ധതി നടക്കില്ല ശ്രീ എം എം മണി

അതിരപ്പിള്ളി പദ്ധതി സൃഷ്ടിക്കുന്ന വനനാശം, ജൈവവൈവിധ്യനാശം, കീഴ് പ്രദേശങ്ങളില്‍ ചാലക്കുടി പുഴയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ലക്ഷകണക്കിനുപേര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, കുടിയൊഴിക്കപ്പെടുന്ന ആദിവാസികള്‍, ടൂറിസവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പതിനായിരങ്ങള്‍, പ്രളയ സാധ്യതകള്‍ എന്നിവയെല്ലാം ഏറെ ചര്‍ച്ച ചെയ്തതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ദശകങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെയാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ആ ജനശക്തിയെ കൊവിഡിന്റെ പേരില്‍ നിശബ്ദമാക്കാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്? അത് ജനകീയശക്തിയെ കുറച്ചുകാണലാണ്.

ഭരണകൂടങ്ങള്‍ തങ്ങളുടെ ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സന്ദര്‍ഭമായാണ് ഈ ദുരന്തകാലത്തെ ഉപയോഗിക്കുന്നത് എന്ന വിഷയം ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ജനങ്ങളെ മുഴുവന്‍ നിശബ്ദരാക്കി ലോക് ഡൗണിലിരുത്തിയാണ് ഇത്തരം നയങ്ങള്‍ നടപ്പാക്കുന്നത്. സാമൂഹ്യ ഉത്തരവാദിത്തം നിര്‍വ്വഹിക്കാനും സംഘം ചേരാതിരിക്കാനും തെരുവിലിറങ്ങാതിരിക്കാനുമുള്ള ഭരണകൂടങ്ങളുടെ ആഹ്വാനത്തെ ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കുമ്പോള്‍, തങ്ങളുടെ ആ ആഹ്വാനത്തോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. മറിച്ച് ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമുണ്ടാകില്ല എന്ന വിശ്വാസത്തിലാണ് ഇത്തരം നടപടികള്‍ പ്രഖ്യാപിക്കപ്പെടുന്നത്. അഖിലേന്ത്യാതലത്തില്‍ ഈയവസരം ഉപയോഗിച്ച് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ അന്യായമായി തടവിലിടുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പോരാടിയവരടക്കം അതില്‍ പെടുന്നു. പൗരന്മാരെന്ന നിലയില്‍ നമ്മുടെ എല്ലാ അവകാശങ്ങളും നിഷേധിച്ചാണ് ഈ നടപടികള്‍. മറുവശത്ത് പ്രതിരോധവും വിമാനത്താവളവുമടക്കം സ്വകാര്യവല്‍ക്കരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കായി നമ്മുടെ സാമ്പത്തികമേഖലയാകെ ഉടച്ചുവാര്‍ക്കുന്നു.

കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. പ്രതിപക്ഷ, വിമത ശബ്ദങ്ങളെയെല്ലാം അപഹസിച്ചും ഇല്ലാതാക്കിയും ഭരണകൂടം ഭീമാകാരരൂപം കൈവരിക്കുന്ന കാഴ്ച തന്നെയാണ് ഇവിടേയും കാണുന്നത്. വ്യത്യസ്ഥമായ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം നാടിന്റെ ശത്രുക്കളായി മുദ്രയടിക്കുന്നു. അവര്‍ക്കെതിരെ സംഘടിതമായ അക്രമണങ്ങള്‍ നടക്കുന്നു. എല്ലാ കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് പല നടപടികളും സ്വീകരിക്കുന്നു. ഡാറ്റാവിവാദം ഉദാഹരണം. ജനങ്ങളെല്ലാം നിശബ്ദരായിരിക്കുമ്പോള്‍ ഭരണകൂടം ആഘോഷിക്കുകയാണോ? അല്ലെങ്കില്‍ ദശകങ്ങള്‍ നീണ്ട ജനകീയ സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ശേഷം ഉപേക്ഷിച്ചു എന്നു നിയമസഭയില്‍ തന്നെ പ്രഖ്യാപിച്ച അതിരപ്പിള്ളി പദ്ധതിക്കായുള്ള നീക്കങ്ങള്‍ തുടരുകയില്ലല്ലോ. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ജനപ്രതിനിധി സഭക്ക് ഒരു വിലയും കൊടുക്കാതെ, കേന്ദ്രാനുമതിക്കുള്ള നടപടികള്‍ക്കായി കെഎസ്ഇബിക്ക് എന്‍ഒസി നല്‍കിയിരിക്കുകയാണ്. നേരത്തെ പദ്ധതിക്ക് കേന്ദ്രത്തിന്റെ പരിസ്ഥിതി, സാങ്കേതിക അനുമതികള്‍ ലഭിച്ചിരുന്നതാണ്. എന്നാല്‍ 2017 ജൂലൈ 18ന് പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിച്ചിരുന്നു. പദ്ധതി നടപ്പാക്കില്ലെന്ന് 2018 ജൂലൈയില്‍ വൈദ്യുതി മന്ത്രി എം എം മണി നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് കൊവിഡിന്റെ മറവില്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. കൂട്ടുമുന്നണി മന്ത്രിസഭയില്‍ അവശ്യം വേണ്ടതായ ജനാധിപത്യമര്യാദപോലും കാണിക്കാതെയാണ് സിപിഎമ്മിന്റെ ഈ നീക്കം എന്നതും പറയാതിരിക്കാനാവില്ല.

രണ്ടു പ്രളയാനുഭവങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു നീക്കമെന്നതും പ്രസക്തമാണ്. സിപിഐ നേതാവ് ബിനോയ് വിശ്വം ചൂണ്ടികാട്ടിയ പോലെ പ്രകൃതി തരുന്ന പാഠങ്ങള്‍ നാമിനിയും പഠിക്കുന്നില്ല. 2018ലെ പ്രളയത്തെ രൂക്ഷമാക്കുന്നതില്‍ ഡാമുകള്‍ വഹിച്ച പങ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അതംഗീകരിക്കാന്‍ സര്‍ക്കാരും കെ എസ് ഇ ബിയും ഇന്നും തയ്യാറല്ല. നേരെതിരിച്ച് ഡാമുകള്‍ പ്രളയത്തെ നിയന്ത്രിക്കുമെന്നാണ് അവരുടെ നിലപാട്. അതിനാല്‍ ഇനിയും ഡാമുകള്‍ ആകാമെന്നും. ഇപ്പോള്‍ തന്നെ ചാലക്കുടി പുഴയില്‍ ആറു ഡാമുകള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് ഈ വാദമുന്നയിക്കുന്നത്. ഏതാനും വര്‍ഷം മുമ്പുവരെ പദ്ധതിയുടെ അവശ്യകതക്കായി ഉന്നയിക്കപ്പെട്ടിരുന്ന വാദം വൈദ്യുതിക്ഷാമമായിരുന്നു. എന്നാല്‍ കേന്ദ്രപൂളില്‍ നിന്ന് ഇതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ദീര്‍ഘകാലത്തേക്ക് വൈദ്യതി ഇപ്പോള്‍ ലഭ്യമാണ്. അതിനാല്‍ തന്നെ ആ വാദവും ഇന്ന് കാലഹരണപ്പെട്ടതാണ്.

അതിരപ്പിള്ളി പദ്ധതി സൃഷ്ടിക്കുന്ന വനനാശം, ജൈവവൈവിധ്യനാശം, കീഴ് പ്രദേശങ്ങളില്‍ ചാലക്കുടി പുഴയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ലക്ഷകണക്കിനുപേര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, കുടിയൊഴിക്കപ്പെടുന്ന ആദിവാസികള്‍, ടൂറിസവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പതിനായിരങ്ങള്‍, പ്രളയ സാധ്യതകള്‍ എന്നിവയെല്ലാം ഏറെ ചര്‍ച്ച ചെയ്തതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ദശകങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെയാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ആ ജനശക്തിയെ കൊവിഡിന്റെ പേരില്‍ നിശബ്ദമാക്കാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്? അത് ജനകീയശക്തിയെ കുറച്ചുകാണലാണ്.

പദ്ധതിക്കനുകൂലമായി എന്നും ശക്തമായി രംഗത്തുവന്നത് ഏറെക്കുറെ സിപിഎമ്മും അവരുടെ വര്‍ഗ്ഗബഹുജനസംഘടനകളുമാണ്.വി എസ് അച്യുതാനന്ദന്‍ പതിവുപോലെ എന്നും പദ്ധതിക്കെതിരായിരുന്നു. ഇപ്പോഴും സിപിഎം മാത്രമാണ് പദ്ധതിക്കായി നിലകൊള്ളുന്ന പ്രധാന പാര്‍ട്ടി. കെ എസ് ഇ ബി എന്നും എടുത്തിട്ടുള്ള ജനവിരുദ്ധ നിലപാടുതന്നെ ആവര്‍ത്തിക്കുന്നു. വൈദ്യുതമന്ത്രി എം എം മണിക്കാകട്ടെ ഇടക്കിടെ അതിരപ്പള്ളി പദ്ധതിയെ കുറിച്ച് പറയാതിരിക്കാനാവില്ല. സമവായത്തോടെ നടപ്പാക്കുമെന്നാണ് മന്ത്രി ഇപ്പോഴും പറയുന്നത്. ആധുനികകാലത്ത് മനുഷ്യസമൂഹം നേടിയ പാരിസ്ഥിതിക അവബോധത്തെയാണ് ഇതിലൂടെ അദ്ദേഹം വെല്ലുവിളിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയുടെ വിഷയത്തില്‍ ഒരു സമവായം സാധ്യമല്ല. ഈ തലമുറക്കുവേണ്ടി മാത്രമല്ല, വരുംകാല തലമുറകള്‍ക്കും പ്രകൃതിയുടെ നിലനില്‍പ്പിനും വേണ്ടി അതിരപ്പിള്ളി പദ്ധതി പൊടിത്തട്ടി പുറത്തെടുക്കാതിരിക്കാനാണ് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply