കേരള ലളിതകലാ അക്കാദമി പുനസംഘടിപ്പിക്കണമെന്ന് കലാകാരര്‍
മുന്നൂറോളം കലാകാരര്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക വകുപ്പിനും സമര്‍പ്പിച്ച നിവേദനം
കേരളീയ ചിത്ര- ശില്പകലകളുടെ സര്‍വ്വതോമുഖമായ ഉന്നതിയും കലാകാരരുടെ ക്ഷേമവും പ്രോത്സാഹനവും ലക്ഷ്യമാക്കി കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. കലയോട് പ്രതിപത്തിയും കലാസംബന്ധിയായ കാര്യങ്ങളില്‍ ഉള്‍ക്കാഴ്ചയും ഇച്ഛാശക്തിയുമുള്ളവര്‍ ഭരണസാരഥ്യം വഹിച്ചപ്പോഴൊക്കെ ഇതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുന്‍നിറുത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കുറേക്കാലമായി അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ആത്യന്തികമായ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നും വഴിമാറി, ശരാശരിയോ അതിനും താഴെയോ ആയ ഒരു നിലവാരത്തിലേക്കു അധഃപ്പതിച്ചിട്ടുണ്ട് എന്നത് നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്.
ഓരോ സര്‍ക്കാരിന്റെ ഭരണ കാലത്തും പലവിധങ്ങളായ സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ അനര്‍ഹരായവര്‍ ഈ സ്ഥാപനത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ കയറിപ്പറ്റുന്ന പതിവാണ് കുറേക്കാലങ്ങളായി നിലനില്‍ക്കുന്നത്. അക്കാദമിയുടെ പ്രാരംഭകാലംതൊട്ടേ പിന്തുടര്‍ന്നുവരുന്ന ചില പ്രവര്‍ത്തനമാതൃകകളെ അര്‍ത്ഥശൂന്യമായ ഒരാചാരമെന്നപോലെ തുടരുക എന്നതിനപ്പുറം കാലികമായ ദിശാബോധത്തോടുകൂടി ഇതിനെ മുന്നോട്ടു നയിക്കാനോ, ഇതിന്റെ പ്രവര്‍ത്തനങ്ങളെ കലയ്ക്കും കലാസമൂഹത്തിനും പ്രയോജനകരമായ രീതിയില്‍ വികസിപ്പിക്കാനോ, ഇവര്‍ക്ക് കഴിയുന്നില്ല. ഏകാധിപത്യസ്വഭാവത്തോടെയും വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയും നടപ്പിലാക്കപ്പെടുന്ന പദ്ധതികളാകട്ടെ, ഏറിയകൂറും കലയുടെ വളര്‍ച്ചക്കോ പുരോഗതിക്കോ ഒരര്‍ത്ഥത്തിലും ഉപകരിക്കാത്തതെന്നുമാത്രമല്ല വിപരീത ഫലങ്ങള്‍ ഉളവാക്കുന്നവയുമാണ് മൂല്യബോധമോ ആത്മാര്‍ത്ഥതയോ ഇല്ലാത്ത ഭരണനിര്‍വഹണത്തിലൂടെ ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയും നിലവാരവും നഷ്ടപ്പെടുകയും, കലാസമൂഹത്തിലും പൊതു സമൂഹത്തിലും അക്കാദമി വളരെ ലജ്ജാകരവും പരിഹാസ്യവുമായ ഒരു നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിട്ടുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പ്രതികൂല സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങളിലും ജീവിതാവസ്ഥകളിലും ഇച്ഛാശക്തിയും ആത്മാര്‍പ്പണവും കൊണ്ടുമാത്രം നിലനില്‍ക്കുകയും കലാസപര്യ ജീവിതലക്ഷ്യവും മൂല്യവുമായിക്കണ്ടു പ്രശംസനീയമായ രീതിയില്‍ കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന ഊര്‍ജ്വസ്വലമായ ഒരു കലാകാരസമൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും നിലനില്‍ക്കുന്നുണ്ട്. സാംസ്‌കാരിക കേരളത്തിന്റെ സര്‍ഗ്ഗശേഷിയെ ഇവരുടെ വളര്‍ച്ചക്ക് ഗുണപരമായി പ്രയോജനപ്പെടുത്താനും അതിലൂടെ ദൃശ്യാവബോധവും സംവേദനക്ഷമതയുമുള്ള ഒരു സമൂഹസൃഷ്ടിക്കു നേതൃത്വം നല്‍കാനും ലളിതകലാ അക്കാദമിക്ക് കഴിയേണ്ടതുണ്ട്. പക്ഷേ, ഈ സ്ഥാപനത്തെ നയിക്കുന്നവരുടെ സങ്കുചിത ചിന്താരീതികളും കാലഹരണപ്പെട്ട ലോകവീക്ഷണവും മൂലം അക്കാദമിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കലാ സമൂഹം അപ്പാടെ അവഗണിക്കുന്ന സ്ഥിതിയിലേക്ക് ഇന്ന് ചെന്നെത്തിയിരിക്കുന്നു എന്നത് കേരളത്തിന്റെ സാംസ്‌കാരിക വളര്‍ച്ചക്ക് ഒട്ടും ഗുണകരമല്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍ ഭരണസമിതിയുടെകാലത്തു നിലനിന്നിരുന്ന പരിതാപകരമായ സ്ഥിതിവിശേഷം, നിലവിലുള്ള ഭരണ സമിതിയും തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിലെ കലാകാരസമൂഹമൊന്നായി സര്‍ക്കാരിന് ഈ നിവേദനം നല്‍കാന്‍ നിര്‍ബന്ധിതരായത്. ലളിതകലാ അക്കാദമി നവീനവും സജീവവും കാലികപ്രസക്തിയുമുള്ള ഒരു സ്ഥാപനമായി, ദൃശ്യകലകളുടെ വളര്‍ച്ചക്കും വികാസത്തിനും ദിശാബോധം നല്കാന്‍ കഴിയുന്ന തരത്തില്‍ ഉയര്‍ന്നുവരണമെന്ന് കേരളത്തിലെ കലാകാരസമൂഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഒപ്പംതന്നെ ദൃശ്യസംസ്‌ക്കാരത്തെയും ദൃശ്യസാക്ഷരതയെയും പോഷിപ്പിക്കാനുതകുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ സമൂഹത്തില്‍ നടത്താന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അക്കാദമി വിഭാവനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഇതിനുവേണ്ടിയുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങളുടെ ആദ്യപടി എന്ന നിലയില്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
1 ) നിലവിലുള്ള കേരള ലളിതകലാ അക്കാദമി ഭരണസമിതിയെ എത്രയും പെട്ടെന്ന് പിരിച്ചുവിടുകയും യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുകയും ചെയ്യുക .
2 ) അക്കാദമിയുടെ ഭരണനേതൃത്വത്തിലേക്ക് നിയോഗിക്കപ്പെടുന്ന ചെയര്‍മാന്‍, സെക്രട്ടറി, നിര്‍വ്വാഹകസമിതി തുടങ്ങിയവര്‍ കല/കലാചരിത്ര മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും സമകാലിക കലയെക്കുറിച്ചും, കലാരംഗത്ത് സജീവമായി ഇടപെടുന്ന കലാകാരരെക്കുറിച്ചും, കലയില്‍ നടന്നുവരുന്ന നവീന പ്രവണതകളെക്കുറിച്ചുള്ള അറിവും ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളിലുള്ള കലാകാരരുമായി ആശയവനിമയം നടത്താനും സംവാദങ്ങളും ചര്‍ച്ചകളും പ്രദര്‍ശനങ്ങളുമൊക്കെ സംഘടിപ്പിക്കാന്‍ കഴിവും ഭാഷാപരിജ്ഞാനവും ഉള്ളവരും ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ പുലര്‍ത്തുന്നവരുമായിരിക്കുക.
3 ) പൊതു സമൂഹത്തിലെന്ന പോലെ കലാരംഗത്തും പ്രകടമായിട്ടുള്ള അസമത്വങ്ങള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനം എന്ന നിലയില്‍ ഭരണ സമതിയിലേക്ക് മുകളില്‍ സൂചിപ്പിച്ച നിലവാരത്തില്‍ കലാരംഗത്തു പ്രവര്‍ത്തിക്കുന്ന കലാകാരികള്‍, ദളിത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ കൂവെര്‍ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് നീതിപൂര്‍വ്വമായ പ്രാതിനിധ്യം നല്‍കുക.
4 ) എല്ലാ ജില്ലകളിലേക്കും ലളിതകലാ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനം നടത്തുന്നതിനും അക്കാദമിയുടെ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍ ഒരാള്‍ വീതമെങ്കിലും ഓരോ ജില്ലയില്‍നിന്നും ഭരണസമിതിയില്‍ ഉള്‍പ്പെടുന്നു എന്നുറപ്പാക്കുക.
5 ) നിര്‍വ്വാഹകസമിതിയുടെ നിര്‍ദ്ദേശങ്ങളും കലാരംഗത്ത് ഗുണകരമായ പരിവര്‍ത്തനങ്ങള്‍ക്കുതകുന്ന പദ്ധതികളും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാനുമുള്ള ഭാവനാശേഷിയും കര്‍മ്മകുശലതയുമുള്ള വ്യക്തിയെ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കുക.
6 ) അക്കാദമി ഭരണഘടന സമകാലിക കലാവ്യവഹാരങ്ങളെയും പുതിയ രീതികളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കുകയും, കേരളത്തിലെ കലാകാരരും അക്കാദമി ഭരണകര്‍ത്താക്കളും ഒരുപോലെ കലയുടെ പുരോഗതിക്കു വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷം വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുകയും ചെയ്യുക .
7 ) അക്കാദമിയുടെ ഏതൊരു ഭരണസ്ഥാനത്തേക്കോ സമിതിയിലേക്കോ ഉള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ കക്ഷി-രാഷ്ട്രീയപരിഗണനകള്‍ മാനദണ്ഡമാക്കാതിരിക്കുക.
കലാകാരര്‍ ഈ സര്‍ക്കാറിന്റെ തുടര്‍ഭരണം പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഉറ്റുനോക്കുന്നത്. അതുകൊണ്ടുതന്നെ കരുതലോടും അവധാനതയോടെയുമുള്ള ഒരു തിരഞ്ഞെടുപ്പ് ഉടനെതന്നെ അക്കാദമി ഭാരവാഹികളുടെ നിയമനകാര്യങ്ങളില്‍ ഉണ്ടാകണം എന്നും കേരളത്തിലെ കലാകാരസമൂഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് കേരളത്തിലെ കലാരംഗത്തെ വികസനോന്മുഖവും വിപ്ലവാത്മകവുമായ പാതയിലേക്ക് നയിക്കാന്‍ പര്യാപ്തമായ വിധത്തില്‍ കേരള ലളിതകലാ അക്കാദമിയെ പുനഃസംഘടിപ്പിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in