പിണറായി മുണ്ടെടുത്ത മോദിതന്നെ
ഇവരെ ബലിയാടുകളാക്കി സ്വന്തം പ്രവര്‍ത്തകര്‍ക്കിടയില്‍ ഭീതിപരത്താനും അവരെ നിശ്ശബ്ദരാക്കാനുമാണോ പിണറായിയുടെ ശ്രമമെന്നു സംശയിക്കുന്നതില്‍ തെറ്റില്ല. അല്ലാതെ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണ്, പിന്നീട് UAPA ഒഴിവാക്കപ്പെടും, ജാമ്യം കിട്ടുമെന്നുമെല്ലാമുള്ള ന്യായീകരണവാദക്കാരുടെ വാദമെല്ലാം അര്‍ത്ഥശൂന്യമാണ്.
മുണ്ടെടുത്ത മോദി എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നതു കാണുമ്പോള്‍ അങ്ങനെ ആക്ഷേപിക്കുന്നത് ശരിയല്ല എന്നുതന്നെയാണ് തോന്നാറുള്ളത്. എന്നാല്‍ അലന്‍ – താഹ വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് കാണുമ്പോള്‍ ആ വിശേഷണത്തില്‍ തെറ്റില്ല എന്നുതന്നെ പറയേണ്ടിവരും. ഒരു ജനാധിപത്യസമൂഹത്തില്‍ നിലനില്‍ക്കുമെന്ന് ആരും പ്രതീക്ഷിക്കുന്ന മുഴുവന്‍ മനുഷ്യാവകാശങ്ങളേയും വെല്ലുവിളിച്ച്, രണ്ടു കൗമാരക്കാരില്‍ ഏറ്റവും ഭീകരമായ യുഎപിഎ അടിച്ചേല്‍പ്പിച്ച്, അവരെ എന്‍ഐഎക്ക് വിട്ടുകൊടുത്ത നടപടി അതിന്റെ സൂചനയല്ലാതെ മറ്റെന്താണ്? നീതിയുടെയും നിയമത്തിന്റേയും മുന്നില്‍ എല്ലാവരും തുല്ല്യരാണെങ്കിലും, ഇവര്‍ സിപിഎം പ്രവര്‍ത്തകര്‍ കൂടിയായിട്ടും ഇത്തരത്തില്‍ തീരുമാനമെടുക്കുന്ന മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ കൊച്ചുപതിപ്പല്ലാതെ മറ്റെന്താണ്?
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൂന്നു തവണയായി വ്യാജ ഏറ്റുമുട്ടലിലൂടെ ഏഴുപേരെ കൊല്ലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചതാണ് ഈ കുട്ടികളെ എന്‍ഐഎയുടെ കൈവശമെത്തിച്ചതിനു പ്രധാന കാരണമായത്. അലനെയും താഹയേയും പോലെ സിപിഎം പ്രവര്‍ത്തകരടക്കം നിരവധി പേര്‍ ഇതിനെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. മോദിയെപോലെ അവരെയെല്ലാം നഗരനക്‌സലുകള്‍ എന്നാണ് പിണറായിയും വിശേഷിപ്പിക്കുന്നത്. പോലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ അവരിവരും മാവോയിസ്റ്റുകളാണെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി തന്നെ നടത്തി. മാവോയിസ്റ്റുകള്‍ക്കുപുറകില്‍ മുസ്ലിം തീവ്രവാദികളാണെന്ന് സിപിഎം ജില്ലാസെക്രട്ടറിയും പറഞ്ഞുവെച്ചിരുന്നു. സംസ്ഥാനസര്‍ക്കാര്‍ കടുത്ത നിലപാടെടുക്കുമ്പോള്‍ സ്വാഭാവികമായും കേന്ദ്രം എന്‍ഐഎ ചുമത്തുമെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നത്. ഇനി കേരള സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും ഇവരെ എളുപ്പം രക്ഷപ്പെടുത്താനാവില്ല എന്നു വ്യക്തം. ഈ സാഹചര്യത്തില്‍ ഇവരെ ബലിയാടുകളാക്കി സ്വന്തം പ്രവര്‍ത്തകര്‍ക്കിടയില്‍ ഭീതിപരത്താനും അവരെ നിശ്ശബ്ദരാക്കാനുമാണോ പിണറായിയുടെ ശ്രമമെന്നു സംശയിക്കുന്നതില്‍ തെറ്റില്ല. അല്ലാതെ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണ്, പിന്നീട് UAPA ഒഴിവാക്കപ്പെടും, ജാമ്യം കിട്ടുമെന്നുമെല്ലാമുള്ള ന്യായീകരണവാദക്കാരുടെ വാദമെല്ലാം അര്‍ത്ഥശൂന്യമാണ്. ഇരുവരും മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രിയും മാവോയിസ്റ്റുകളുടെ പുറകില്‍ മുസ്ലിംതീവ്രവാദികളാണെന്നു സിപിഎം ജില്ലാ സെക്രട്ടറിയും പറയുന്നതുതന്നെ ഇരുവരേയും അമിത് ഷാക്കെറിഞ്ഞുകൊടുക്കാനുള്ള നീക്കമായിരുന്നു. രണ്ടുപേരും മുസ്ലിംനാമധാരികളാണെന്നതും ചെറിയ കാര്യമല്ലല്ലോ.
എല്ലാം കഴിഞ്ഞപ്പോള്‍ ഒരു പ്രതിഷേധ കുറിപ്പിറക്കി കൈ കഴുകുന്ന പാര്‍ട്ടിനീക്കവും ആസൂത്രിതമെന്നുതന്നെ കരുതേണ്ടിവരും. അതാകട്ടെ പാര്‍ട്ടി അനുഭാവിയായ അലന്റെ മാതാവില്‍ നിന്ന് അതിരൂക്ഷമായ പ്രതിഷേധമുണ്ടായശേഷം.
ഒരാള്‍ മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്നും നേരിട്ട് കുറ്റകൃത്യത്തില്‍ ഇടപെട്ടി്ടടുണ്ടോ എന്നതാണ് പ്രശ്‌നമെന്നുമുള്ള കോടതിവിധി നിലനില്‍ക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇനി സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് കേന്ദ്രനീക്കം എങ്കില്‍ ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നു ചൂണ്ടികാട്ടി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതിനെതിരെ രംഗത്തിറങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്. വാസ്തവം അതല്ല എന്നതുതന്നെ സത്യം. യുഎപിഎയും മറ്റും സര്‍ക്കാര്‍ നയമല്ല എന്നതുതന്നെ പച്ചക്കള്ളമാണെന്നതാണ് സത്യം. കേന്ദ്രം നിര്‍ബന്ധിച്ചിട്ടോ മതിയായ കാരണങ്ങളുണ്ടായിട്ടോ അല്ല ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതെന്നത് പകല്‍പോലെ വ്യക്തമാണല്ലോ. ബഹ്‌റയേയും ശ്രീവാസ്തവയേയും ഇരുവശത്തുമിരുത്തി ആഭ്യന്തരം നോക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ വിഡ്ഢികള്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in