‘ഇടതുപക്ഷ’ ചരിത്ര രചനയും ഡോ വിനില്‍ പോളിന്റെ തിരിഞ്ഞുനോട്ടവും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

ശ്രീ ഐ ഗോപിനാഥ് അവതാരകനായി ‘ദ ക്രിട്ടിക് ‘ സംപ്രേഷണം ചെയ്ത ‘അയ്യങ്കാളിമാര്‍ ഇല്ലാത്ത കേരള ചരിത്രങ്ങള്‍’ എന്ന ഡോ വിനില്‍ പോളിന്റെ പ്രഭാഷണം ആണ് ഈ എഴുത്തിന് ആധാരം.

ഈ പ്രഭാഷണത്തിന്റെ ആദ്യ പകുതിയില്‍ ഡോ വിനില്‍ പോള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ കേരളത്തിലെ കീഴാള മുന്നേറ്റങ്ങളുടെ ചരിത്ര പഥങ്ങള്‍ പൂര്‍ണ്ണമായും അവരുടെ ചരിത്ര പരിശോധനകളില്‍ നിന്ന് മാറ്റിനിര്‍ത്തി എന്നാണ്. ഇതിനു കാരണമായി വിനില്‍ പോള്‍ കണ്ടെത്തുന്നത്, മാര്‍ക്‌സിസ്റ്റ് വര്‍ഗ്ഗ സിദ്ധാന്തത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ചരിത്രത്തെ സമീപിച്ചതുകൊണ്ട് സംഭവിച്ച വ്യതിക്രമം ആണ് എന്നാണ്. അതേസമയം ജാതി-വര്‍ഗ്ഗ ബന്ധങ്ങളില്‍, ജാതിയെ പ്രശ്‌ന വല്‍ക്കരിക്കുന്നതില്‍ പരാജയപ്പെട്ടത് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകള്‍ക്ക് സംഭവിച്ച ബോധപൂര്‍വ്വമോ അല്ലാത്തതോ ആയ പിഴവാണോ, അതോ മാര്‍ക്‌സിസത്തിന്റെ തന്നെ വര്‍ഗ്ഗ വിശകലനത്തെ കുറിച്ചുള്ള പ്രത്യയശാസ്ത്ര പരാജയമാണോ എന്ന് കൃത്യമായി വിനില്‍ പോളിന് നിര്‍വചിക്കാന്‍ കഴിയുന്നുമില്ല.

ഒരു ചരിത്രകാരന്‍ വര്‍ത്തമാനകാലത്ത് നിന്നുകൊണ്ട് ചരിത്രത്തെയും അതിന്റെ പഠനങ്ങളെയും പരിശോധിച്ചു സംസാരിക്കുമ്പോള്‍, ഭൂതകാലത്തിന്റെ തല്‍സമയ വിവരണം അല്ല വേണ്ടത്, മറിച്ച് ആ ചരിത്രരചനക്ക് ഉപയോഗിച്ച ജ്ഞാന വ്യവസ്ഥയും അതിലെ പ്രത്യയശാസ്ത്ര വ്യക്തതയും വളരെ പ്രധാനമാണ്. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഇഎംഎസ്, കെ എന്‍ ഗണേഷ് മുതല്‍ പേര്‍ ചരിത്രവഴിയില്‍ സഞ്ചരിക്കുന്നത് എന്ന് വിനില്‍ പോള്‍ കുറേക്കൂടി വികസിപ്പിച്ചു പറയുന്നുണ്ട്. അത്തരം നിഗമനങ്ങളില്‍ അദ്ദേഹം എത്തിച്ചേരുന്നത് മാര്‍ക്‌സിസം എന്തെന്ന് മനസ്സിലാക്കുന്നതില്‍ സംഭവിച്ച പിഴവാണ് എന്ന് വിവക്ഷിക്കേണ്ടിവരുന്നുണ്ട്.

കേരളത്തിലെ / ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് വായനയില്‍ സംഭവിച്ച അപചയം, ജാതി ബന്ധങ്ങളെ പരിശോധിക്കുന്നതില്‍ മാത്രമല്ല, വര്‍ഗ്ഗ ബന്ധങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യുന്നതില്‍ പോലും പരാജയപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ അവര്‍ മാര്‍ക്‌സിസവുമായല്ല കൂടുതല്‍ അടുത്തുനിന്നത്, മറിച്ച് സോവിയറ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടി നിര്‍വ്വചനങ്ങളെ കാര്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ അതുപോലെ അനുവര്‍ത്തിക്കുകയായിരുന്നു. ചുരുക്കത്തില്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധമായ ഒരു ചരിത്രമാണ് ഭരണകൂട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതിന്റെ പ്രയോക്താക്കളോ നേതൃത്വത്തിലുള്ളവരോ, സഹയാത്രികരോ ആണ് ചരിത്രത്തില്‍ ഇടപെട്ടിരുന്നത് എന്നതാണ് വസ്തുത.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കാള്‍ മാര്‍ക്‌സിന്റെ തന്നെ ലോറന്‍സ് ക്രേഡര്‍ (Lawrence Krader) പ്രസിദ്ധീകരിച്ച എത്‌നോളജിക്കല്‍ നോട്ട് ബുക്ക് (Ethnological notebook) അച്ചടിച്ച് പുറത്തിറങ്ങുന്നത് 1972ല്‍ മാത്രമാണ്. അതു പോലെയുള്ള പല കുറിപ്പുകളും മറ്റും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് (ഇഎംഎസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവ വായിച്ചിട്ടുണ്ടോ എന്ന കാര്യം പോലും സംശയമാണ്) തന്നെ സോവിയറ്റ് മോഡല്‍ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെടുകയും എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടുകയും ചെയ്തിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രൂപീകരണം തന്നെ ഒരു ഘട്ടത്തില്‍ ബംഗാള്‍ ഭദ്രലോക് സവര്‍ണ്ണരുടെ ‘സവര്‍ണ്ണ നവീകരണ’ പ്രക്രിയയുടെ ഭാഗമായി അപചയപ്പെടുകയാണ് ഉണ്ടായത്. അതിന് ഉദാഹരണമാണ് വി ടി ഭട്ടതിരിപ്പാട് ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളെ നവോത്ഥാനമായി വ്യാഖ്യാനിക്കുമ്പോള്‍, അത് പൂര്‍ണ്ണമായും അയ്യങ്കാളി ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അത് തങ്ങളുടെ സവര്‍ണ്ണ സമുദായത്തില്‍ സ്വീകരിക്കുകയായിരുന്നു എന്നും നാം വേര്‍തിരിച്ചു മനസ്സിലാക്കാതെ പോകുന്നത്.

മാര്‍ക്‌സ് ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ഇന്ത്യയിലെ ബ്രാഹ്മണ്യ ജാതി മേല്‍ക്കോയ്മയെ കുറിച്ചും അതിന്റെ സങ്കീര്‍ണതകളെ കുറിച്ചും അംബേദ്കറിനു മുമ്പേ പോലും കാള്‍ മാര്‍ക്‌സ് വിശകലനം ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും നൃശംസമായ പ്രത്യശാസ്ത്ര ഘടനയാണ് ബ്രാഹ്മണ്യം എന്ന് കാള്‍ മാര്‍ക്‌സ് സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ഏറെക്കുറെ സമ്പൂര്‍ണ്ണമായി അവഗണിക്കുകയോ മനസ്സിലാക്കാതെ പോവുകയോ ചെയ്ത മാര്‍ക്‌സിന്റെ പ്രധാനപ്പെട്ട രചനകളാണ് നരവംശശാസ്ത്ര കുറിപ്പുകള്‍.

ഇന്ത്യയെ കുറിച്ചുള്ള രാഷ്ട്രീയ – സാമൂഹ്യ – സമ്പദ്ശാസ്ത്ര നിരീക്ഷണങ്ങളില്‍ ‘ബ്രാഹ്മണ്യ വിമര്‍ശനം’ എന്ന ഒരു പരികല്പന തന്നെ മാര്‍ക്‌സ് മുന്നോട്ടുവയ്ക്കുന്നുണ്ട്. അംബേദ്കറിന് മുമ്പ് ഇത്രയും ആഴത്തില്‍ ബ്രാഹ്മണ്യ വിമര്‍ശനം നടത്തിയ മറ്റൊരു ചിന്തകന്‍ കാള്‍ മാര്‍ക്‌സിനെ പോലെ ലോകത്ത് ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. പൗരസ്ത്യ ദാര്‍ശനികരുടെ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തോടുള്ള മസൃണ സമീപനം പോലും മാര്‍ക്‌സ് അതിനിശിതമായ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. ഇന്ത്യയിലെ ബ്രാഹ്മണാധികാരത്തിന്റെ ഏറ്റവും നൃശംസമായ ജാതി സ്വരൂപത്തെക്കുറിച്ച് മാത്രമല്ല, അതിന്റെ സ്ത്രീ വിരുദ്ധതയെക്കുറിച്ചും അദ്ദേഹത്തിന്റെ പില്‍ക്കാല കുറിപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്.

തോമസ് സ്‌ട്രേഞ്ച് 1825ല്‍ എഴുതിയ ‘ഹിന്ദു നിയമത്തിന്റെ മൂല പ്രമാണം’ (Elements of Hindu Law – Thomas Strange) എന്ന രചനയെ മുന്‍നിര്‍ത്തി ഹെന്‍ട്രി മെയിന്‍ (Henry Sumner Maine) 1875 ല്‍ നടത്തിയ വിമര്‍ശനത്തേക്കാള്‍ തീക്ഷ്ണമായ ബ്രാഹ്മണ്യ പ്രത്യയശാസ്ത്ര വിമര്‍ശനമാണ് മാര്‍ക്‌സ് നിര്‍വ്വഹിക്കുന്നത്. എന്നുമാത്രമല്ല ഹെന്‍ട്രി മെയിനിന്റെ കടുത്ത ഓറിയന്റലിസ്റ്റ് വായനയെ വളരെ പ്രകോപിതമായാണ് മാര്‍ക്‌സ് സമീപിക്കുന്നത്.

ബ്രാഹ്മണ്യ ഭീകരത സതി എന്ന വിധവാ ദഹനത്തിലേക്ക് എത്തുന്നതും, അതിലെ കുല്‍സിതമായ സാമ്പത്തിക താല്പര്യവും, അനന്തരാവകാശം ഭര്‍തൃ കുടുംബത്തിലേക്ക് എത്താനുള്ള ബ്രാഹ്മണ്യ കുടിലത വരെ മാര്‍ക്‌സ് വിശകലനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ/കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചിന്തകര്‍, പ്രത്യേകിച്ച് ഇഎംഎസ് നെ പോലെയുള്ളവര്‍ ഇന്ത്യയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സമീപനങ്ങളെ പരാമര്‍ശിക്കുന്നതിന് 1800കളിലെ Marx and Engels പോലെയുള്ള രചനകള്‍ മാത്രമാണ് ഉപയോഗിച്ചു കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ കാള്‍ മാര്‍ക്‌സ് അദ്ദേഹത്തിന്റെ നരവംശശാസ്ത്ര പഠനങ്ങളിലൂടെ, അതില്‍ നിന്നും എത്രയോ ദൂരം മുന്നോട്ടു സഞ്ചരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടിരുന്നു. ഇന്ത്യയെ കുറിച്ചുള്ള കാള്‍ മാര്‍ക്‌സിന്റെ നിരീക്ഷണങ്ങള്‍ എന്ന നിലയില്‍ പലപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുന്നത് 1950 കളില്‍ അദ്ദേഹം ന്യൂയോര്‍ക്ക് ഡെയിലി ട്രിബ്യൂണ്‍ പത്രത്തില്‍ എഴുതിയ ലേഖനങ്ങളും ഏംഗല്‍സുമായി ആശയ വിനിമയം നടത്തിയ കത്തുകളും ആണ്. എന്നാല്‍ ഇവയെല്ലാം സമ്പൂര്‍ണ്ണമായി എത് നോളജിക്കല്‍ കുറിപ്പുകളിലൂടെ പുന: പരിശോധിക്കുന്നുണ്ട് അദ്ദേഹം.

ചുരുക്കത്തില്‍ ബ്രാഹ്മണ്യ പ്രത്യയശാസ്ത്ര ഇടപെടലിനെ ഇന്ത്യയുടെ മൊത്തം ആശയമണ്ഡലമായി കരുതിയിരുന്ന ഓറിയന്റലിസ്റ്റ് സമീപനത്തെ സമ്പൂര്‍ണ്ണമായും മാറ്റിമറിച്ച് ഓറിയന്റലിസ്റ്റ് വാദങ്ങളുടെ കേവല പരിമിതികള്‍ക്ക് പുറത്തേക്ക് ബ്രാഹ്മണ്യ അധികാരത്തിന്റെ വിമര്‍ശനത്തെ വികസിപ്പിക്കുക കൂടിയാണ് കാള്‍ മാര്‍ക്‌സ് ചെയ്തത്. എന്നാല്‍ വിനില്‍ പോളിന്റെ വിശദീകരണത്തില്‍ ഇന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ബ്രാഹ്മണ്യവും ജാതിബന്ധങ്ങളും അതുമായി ബന്ധപ്പെട്ട കീഴാളചരിത്രവും അവഗണിക്കുകയും, മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു എന്നു പറയുമ്പോള്‍, അത് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സ്വാഭാവികമായ പരിമിതിയായി അവതരിപ്പിക്കപ്പെടുന്നു എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. ചരിത്ര വിശകലനം എന്ന നിലയില്‍ പ്രത്യയശാസ്ത്ര വ്യക്തതയും സ്പഷ്ടതയും ഈ വിഷയത്തില്‍ വരുത്തേണ്ടത് ഒരു ചരിത്രകാരന്റെ ഉത്തരവാദിത്വമാണ്.

കേവല വ്യക്തികള്‍ മാത്രമായി ആരും സമൂഹത്തില്‍ നിലനില്‍ക്കുന്നില്ല, മനുഷ്യ സമൂഹം വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു, വര്‍ഗ്ഗം ജാതി രൂപപ്പെടുന്നതിനു മുമ്പുള്ള ചരിത്രാവസ്ഥ ആണെന്നും എന്നാല്‍ അത് പൂര്‍ണമായും മാഞ്ഞു പോയിട്ടില്ല എന്നും ഡോ അംബേദ്കര്‍ (Buddha or Karl Marx, Caste in India their mechanism genesis and development) തന്നെ പറയുന്നുണ്ട്. അതായത് വര്‍ണ്ണ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നിരുന്ന വര്‍ഗ്ഗവ്യവസ്ഥയെയാണ് ജാതി കടം കൊള്ളുന്നത് എന്ന് ഡോ അംബേദ്കര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഒരുവേള ബ്രാഹ്മണിസവും മുതലാളിത്തവും ആണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശത്രുക്കള്‍ എന്ന് തെളിച്ചു പറഞ്ഞ് മാര്‍ക്‌സിസത്തെ കൃത്യമായി മനസ്സിലാക്കാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സ്വന്തം തെറ്റുകള്‍ തിരുത്താന്‍ ഉള്ള സഹായഹസ്തം പോലും ഡോ അംബേദ്കര്‍ നീട്ടുന്നുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാര്‍ക്‌സിസ്റ്റ് ഹിസ്റ്ററിയോഗ്രാഫി ചരിത്രരചനാ മാതൃകയായി സ്വീകരിച്ച ഡി.ഡി. കൊസാംബിയും അദ്ദേഹത്തിന്റെ സ്വാധീനം ഉണ്ടായിട്ടുള്ള റോമില ഥാപ്പറിനെ പോലെയുള്ള ചരിത്രരചയിതാക്കളും എന്തുകൊണ്ടാണ് ഡോ വിനില്‍ പോളിന്റെ ചിന്താമണ്ഡലത്തിന് പുറത്തുനില്‍ക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം, ഇന്‍ഡോളജി എന്നിവയില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകളുമായി മാര്‍ക്‌സിസ്റ്റ് ചട്ടക്കൂടുകളെ സംയോജിപ്പിച്ച്, പുരാതന ഇന്ത്യന്‍ ചരിത്രത്തോടുള്ള തന്റെ നൂതനമായ, അന്തര്‍ശാസ്ത്രപരമായ സമീപനം റോമില ഥാപ്പര്‍ മാര്‍ക്സിസ്റ്റ് ചരിത്രരചനയില്‍ ഊന്നിയാണ് നിര്‍വഹിക്കുന്നത്. അത്തരത്തിലുള്ള ചരിത്രരചനയുടെ രീതിശാസ്ത്രത്തെ തന്നെ റോമില ഥാപ്പര്‍ നവീകരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

സവര്‍ണ്ണ സമുദായങ്ങള്‍ക്ക് ഒരു പങ്കുമില്ലാത്ത, കേരളത്തില്‍ കീഴാള – ദളിത് – മുസ്ലിം സമുദായങ്ങള്‍ മാത്രം നയിച്ച നവോത്ഥാന മുന്നേറ്റങ്ങളെ സവര്‍ണ്ണ അധീശത്വം ചരിത്രരചനകളില്‍ എന്നല്ല സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ നിന്നുപോലും അടര്‍ത്തി മാറ്റിയത് കേരളത്തിന്റെ രാഷ്ട്രീയ – സാംസ്‌കാരിക – സാമൂഹ്യ മുന്നേറ്റത്തെ ആകെത്തന്നെ പുറകോട്ടു വലിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് ചില ഭരണകൂട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബുദ്ധിജീവികളുടെ ചരിത്രരചനയില്‍ അടയാളപ്പെടാതെ പോയത് മാര്‍ക്‌സിസ്റ്റ് വര്‍ഗ്ഗവിശകലനത്തിന്റെയും സിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തില്‍ സമീപിച്ചത് കൊണ്ടാണ് എന്ന തെറ്റായ നിഗമനത്തിലാണ് ഡോ വിനില്‍ പോള്‍ എത്തിച്ചേരുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply