വേദനയുടെ വലിയ ഗുഹാദ്വാരങ്ങള്‍ നിറഞ്ഞ ആ കാലുകളില്‍ കണ്ണീരോടെ ശിരസ്സ് കുനിക്കുന്നു

മദപ്പാടിന്റെ സമയത്ത് മറ്റു കാലുകളില്‍ ബന്ധിക്കുന്ന കൂര്‍ത്ത കൂച്ചു വിലങ്ങുകള്‍ സമ്മാനിച്ച വ്രണങ്ങള്‍ കൂടിയായപ്പോള്‍ നീലകണ്ഠന്റെ അവസ്ഥ വിവരണാതീതമായ ദുരിതത്തിന്റേതായി മാറി ..അപ്പോഴും ആള്‍ക്കാരെ വിനോദിപ്പിക്കാന്‍ സലാം വയ്ക്കാന്‍ നിര്ബന്ധിതനായ ആന സന്ദര്‍ശകരുടെ ശ്രദ്ധ തുമ്പിക്കൈ നീട്ടി തന്റെ വ്രണങ്ങള്‍ നിറഞ്ഞ കാലുകള്‍ സ്പര്‍ശിച്ചു ‘എന്റെ വേദന കാണൂ ‘എന്ന് പറഞ്ഞു തുടങ്ങി ..അത് ഷൂട്ട് ചെയ്ത റോഷന്‍ എന്ന മൃഗസ്‌നേഹി വീഡിയോ പുറത്തു വിട്ടതോടെയാണ് മാധ്യമങ്ങള്‍ അവന്റെ കഠിന വേദനയുടെ കഥ പുറത്തു അറിയിച്ചത്

കേരളത്തില്‍ ഈ വര്‍ഷത്തെ ഉത്സവകാലം അഥവാ ആനകളുടെ പീഡനകാലം ആരംഭിക്കുകയാണ്. ഉത്സവകമ്മിറ്റിക്കാരും ആനയുടമകളും ഏജന്റുമാരും പാപ്പാന്മാരും പൂരപ്രേമികളും ഡോക്ടര്‍മാരും ചേര്‍ന്ന് ഒരു ജീവിയെ എത്രമാത്രം പീഡിപ്പിക്കാമോ അത്രയും പീഡിപ്പിക്കുന്ന കാലം. ലോകമാകെയുള്ള മൃഗസ്‌നേഹികളില്‍നിന്നുള്ള പ്രതിഷേധം ഉയര്‍ന്നിട്ടും, മൃഗാവകാശങ്ങളെ കുറിച്ചുള്ള യു എന്‍ പ്രഖ്യാപനവും രാജ്യത്തും സംസ്ഥാനത്തുമുള്ള എല്ലാ നിയമങ്ങളും ലംഘിച്ചുള്ള പീഡനങ്ങള്‍ അരങ്ങേറുന്നത്. മാറിമാറി വരുന്ന എല്ലാ സര്‍ക്കാരുകളും മറ്റധികാരികളും ഈ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍, അടുത്തയിടെ ക്രൂരമായ പീഡനങ്ങളുടെ ഫലമായി ജീവന്‍ നഷ്ടപ്പെട്ട നീലകണ്ഠന്‍ എന്ന 26 വയസ്സുകാരന്‍ ആനയെ കുറിച്ച് എഴുത്തുകാരി ശ്രീദേവി എസ് കര്‍ത്തായുടെ ഫേസ് ബുക്ക് പോസ്റ്റാണിത്.

അല്പം മുന്‍പ് നീലകണ്ഠന്റെ ഉടല്‍ ഭൂമി തിരികെ എടുത്തു ..ശ്വാസം മുട്ടിക്കുന്ന വേദനയോടൊപ്പം ഇത്തിരി ആശ്വാസവും തോന്നുന്നുണ്ട് .. ഒരിക്കല്‍ ഗംഭീരവും സുന്ദരവുമായിരുന്നതും പിന്നീട് വല്ലാതെ തകര്‍ന്നു പോയതുമായ ആ ശരീരത്തില്‍ നിന്ന് അത്യന്തം സൗമ്യമായ അവന്റെ ജീവന്‍ മോചിപ്പിക്കപ്പെട്ടു …ഇനി അവനു വേണ്ടി ഒരു മനുഷ്യനും ,ഒരു കോടതിയ്ക്കും ഒരു സന്നദ്ധ സംഘടനകള്‍ക്കും ഒന്നും ചെയ്യേണ്ടതില്ല ..എങ്കിലും മനുഷ്യരുടെ ജടില ആചാര വിശ്വാസങ്ങള്‍ക്കും ആരാണ് കൂടുതല്‍ വമ്പന്‍ എന്ന മനുഷ്യാ ഹന്തയ്ക്കും ബലിയാടായിപ്പോയി 26വയസ്സ് മാത്രമുണ്ടായിരുന്ന തലപ്പൊക്കകാരന്‍ ആസ്സാം സ്വദേശി നീലകണ്ഠന്‍ .

2005ലാണ് 6 വയസ്സുകാരന്‍ കുഞ്ഞനെ ശാസ്താം കോട്ട ധര്‍മ ശാസ്താവിന് മുന്നില്‍ ഒരു ഭക്തന്‍ നടയ്ക്കിരുത്തുന്നത് ..കുറഞ്ഞ കാലത്തിനുള്ളില്‍ അല്പം അനുസരണക്കുറവുണ്ടായിരുന്ന കുട്ടിയാനയെ ചട്ടം പഠിപ്പിക്കാന്‍ ആനകളെ ക്രൂര പീഡനങ്ങള്‍ക്കു വിധേയമാക്കിയതിന്റെ പേരില്‍ പലവട്ടം ശാസനയ്ക്കു പാത്രമായ പാപ്പാനെ ദേവസ്വം ബോര്‍ഡ് ഏര്‍പ്പാട് ചെയ്തു .അയാള്‍ കൂര്‍ത്ത ആയുധങ്ങള്‍ കൊണ്ടു ആക്രമിച്ചതിന്റെ ഭാഗമായി നീലകണ്ഠന്റെ മുന്‍വശത്തെ ഇടതു കാല്‍ തകര്‍ന്നു ..കൃത്യമല്ലാത്ത ചികിത്സ ആകാം താമസിയാതെ ആ അംഗഭംഗം സ്ഥിരാവസ്ഥ ആയിത്തീര്‍ന്നു (Ankylosis).എന്നിട്ടും പലവട്ടം അവനെ എഴുന്നെള്ളിച്ചു .മദപ്പാടിന്റെ സമയത്ത് മറ്റു കാലുകളില്‍ ബന്ധിക്കുന്ന കൂര്‍ത്ത കൂച്ചു വിലങ്ങുകള്‍ സമ്മാനിച്ച വ്രണങ്ങള്‍ കൂടിയായപ്പോള്‍ നീലകണ്ഠന്റെ അവസ്ഥ വിവരണാതീതമായ ദുരിതത്തിന്റേതായി മാറി ..അപ്പോഴും ആള്‍ക്കാരെ വിനോദിപ്പിക്കാന്‍ സലാം വയ്ക്കാന്‍ നിര്ബന്ധിതനായ ആന സന്ദര്‍ശകരുടെ ശ്രദ്ധ തുമ്പിക്കൈ നീട്ടി തന്റെ വ്രണങ്ങള്‍ നിറഞ്ഞ കാലുകള്‍ സ്പര്‍ശിച്ചു ‘എന്റെ വേദന കാണൂ ‘എന്ന് പറഞ്ഞു തുടങ്ങി ..അത് ഷൂട്ട് ചെയ്ത റോഷന്‍ എന്ന മൃഗസ്‌നേഹി വീഡിയോ പുറത്തു വിട്ടതോടെയാണ് മാധ്യമങ്ങള്‍ അവന്റെ കഠിന വേദനയുടെ കഥ പുറത്തു അറിയിച്ചത് .. ഹൈക്കോടതി സ്വമേധയാ (suo moto) കേസ്സെടുത്തു ..ആ കേസില്‍ Respondent ആയി Society for Elephant Welfare (SEW ,People for Animals Trivandrum,Animal Legal Force എന്നീ മൃഗാവകാശ സംഘടനകള്‍ കോടതി സമക്ഷം എത്തി ..SEW, PFA എന്നിവരുടെ വക്കീല്‍ ആയി ശ്രീ അനില്‍ ആണ് കോടതിയില്‍ ഹാജരായത് ..നീലകണ്ഠന്റെ സവിശേഷ അവസ്ഥ പരിഗണിച്ചു ആഗ്രയിലുള്ള Wild Life SOS എന്ന ഇന്ത്യയിലെ ഒരേയൊരു ആന ഹോസ്പിറ്റലിലേക്ക് എത്രെയും വേഗം അവനെ മാറ്റണം എന്നാണ് ഞങ്ങള്‍ NGO കള്‍ കോടതിയോട് നിരന്തരം അഭ്യര്‍ഥിച്ചത് ..WSOS ല്‍ മദപ്പാട് സമയത്തു പോലും ആനകള്‍ക്ക് ചങ്ങല ഇല്ല എന്നതും അതൊരു ടൂറിസ്റ്റ് വിനോദ കേന്ദ്രമല്ല എന്നതും 24മണിക്കൂറും സേവന സന്നദ്ധരായ ഡോക്ടര്‍മാരും വോളന്റീര്‍മാരും ഉണ്ടെന്നുള്ളതും നീലകണ്ഠന്‍ വീണു പോയാല്‍ എഴുന്നേല്‍പ്പിച്ചു നിറുത്താന്‍ കഴിയുന്ന Medical Hoist, അവന്റെ ചികിത്സയ്ക്കും വ്യായാമത്തിനും വേണ്ട ഹൈഡ്രോതെറാപ്പി പൂള്‍ എന്നിവയുണ്ട് ,ലേസര്‍ ചികിത്സ ലഭ്യമാണ് എന്നുമായിരുന്നു അവനെ എങ്ങിനെയും അവിടെയെത്തിക്കണം എന്ന ഞങ്ങളുടെ ആവശ്യത്തിന്റെ കാരണങ്ങള്‍ .എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ദുസ്സഹ യാതന അനുഭവിച്ചു വര്‍ഷങ്ങള്‍ നീലകണ്ഠന്‍ കഴിഞ്ഞപ്പോള്‍ കാണിക്കാത്ത താല്പര്യവും സ്‌നേഹവും വനം വകുപ്പു പൊടുന്നനെ അവനെപ്രതി പ്രദര്‍ശിപ്പിച്ചു ..ആനയെ അവര്‍ക്കു തന്നെ വേണമെന്ന് അവര്‍ വാദിച്ചു .WSOS ല്‍ ഉള്ള എല്ലാ സംവിധാനവും വനവകുപ്പിന്റെ കീഴിലുള്ള കോട്ടൂരില്‍ ഉണ്ടെന്ന പച്ചക്കള്ളങ്ങള്‍ അവര്‍ കോടതിക്ക് മുന്‍പില്‍ നിരത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചു ആനയെ കോട്ടൂരേക്ക് കൊണ്ട് പോകാന്‍ തല്ക്കാല അനുവാദം നേടി .18 ആനകള്‍ ഉള്ള ഒരു ഗവണ്മെന്റ് പുനരധിവാസ കേന്ദ്രത്തില്‍ ഒരു മുഴുവന്‍ സമയ ഡോക്ടറോ ഒരു പൂര്‍ണ സജ്ജമായ ക്ലിനിക്കോ ഇല്ല എന്ന സത്യം തെളിവുകളോടെ ഞങ്ങള്‍ വീണ്ടും വീണ്ടും കോടതിയോട് പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു . ഒരു വര്‍ഷത്തോളം കേസ് നീണ്ടു ..കഴിഞ്ഞ രണ്ടു ആഴ്ച മുന്‍പുള്ള വാദത്തില്‍ നീലകണ്ഠന്റെ ദയനീയ അവസ്ഥ കോടതിക്ക് ബോധ്യം വന്നു .ഈ ആഴ്ച കോടതി അവനെ നേരീട്ട് സന്ദര്‍ശിച്ചു WSOS ലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ വിധി പറയാനിരിക്കെ ആണ് നീലകണ്ഠന്‍ എല്ലാം മതി എന്ന് തീരുമാനിച്ചു മടങ്ങിപ്പോയത്

 

 

 

 

 

 

 

 

ഒന്ന് പറയാനാഗ്രഹിക്കുന്നു .നീലകണ്ഠന്റെ വേദനയുടെ ലോകം തുറന്നത് ശാസ്താം കോട്ട ക്ഷേത്രത്തില്‍ നിന്നാണ് ..അവന്റെ ചിത ഒരുക്കപ്പെട്ടതു വനം വകുപ്പ് കെട്ടിപ്പൊക്കിയ കള്ളങ്ങളുടെ വിറകു കൊള്ളികളിലും .പക്ഷെ .കോട്ടൂരില്‍ അവന്‍ ഒരു പ്രകാരത്തിലും ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല .അവിടെ ഉള്ള Consultant ഡോക്ടര്‍മാര്‍ ആയ Dr ഈശ്വരന്‍ ,Dr ആനന്ദ് എന്നിവര്‍ അവിടെയുള്ള സംവിധാനങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അവനെ പരമാവധി ചികില്‍സിക്കുകയും ചെയ്തു ..ഞങ്ങള്‍ക്ക് ആ കാര്യത്തില്‍ പൂര്‍ണ ഉറപ്പുമുണ്ട് .ഇല്ലാതെ പോയത് ഒരു പുനരധിവാസ കേന്ദ്രത്തിനു അവശ്യം വേണ്ട സംവിധാനങ്ങളാണ് ..താമസിയാതെ കോട്ടൂരില്‍ കോടിക്കണക്കിനു രൂപ ചിലവിടാന്‍ പോകുന്ന വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള പദ്ധതികള്‍ ആരംഭിക്കും ..ഞങ്ങള്‍ക്കിനി ഒരു അഭ്യര്‍ഥന ആണ് മാത്രമാണുള്ളത് ..വളരെ ശാസ്ത്രീയമായ ,ഏറ്റവും ആധുനികമായ സൗകര്യമുള്ള ഏറ്റവും പ്രകൃതി സൗഹൃദമായ ആനകളുടെ ഒരു ആനന്ദ വനമാണ് വിഭാവന ചെയേണ്ടത് ..കോട്ടൂരിന്റെ ഉള്‍പ്പെടെ ഉള്ള ആന പുനരധിവാസ കേന്ദ്രങ്ങളില്‍ അടിയന്തിരമായി സദാ ഡോക്ടര്‍മാരുടെ സാന്നിധ്യം ഉടനടി ഉറപ്പ് വരുത്തണം .ഓര്‍മിക്കണം ആന പ്രേമികള്‍ എന്ന മാഫിയക്കാരുടെയും ആചാര പാലകര്‍ എന്ന പേരിലുള്ള ആന ദ്രോഹികളുടെയും അടുത്ത് എത്തുന്ന ഓരോ ആനയും എന്ത് വില കൊടുത്തും വന്യ ജീവികളെ സംരക്ഷിക്കും എന്ന വനം വനം വകുപ്പിന്റെ പരാജയത്തിന്റെ ചിഹ്നമാണ് .ഈ ഭീകര വര്‍ഗ്ഗത്തില്‍ നിന്ന് പുനരധിവാസ കേന്ദ്രത്തില്‍ എത്തുന്ന ഓരോ ആനയും അടിമ ജീവിതത്തിന്റെയും , കാട്ടില്‍ നിന്ന് പിടിക്കപ്പെടുന്ന ആനകള്‍ അനാഥത്വത്തിന്റെയും അടയാളം പേറിയാണ് അവിടെയെത്തുന്നത് .അവര്‍ക്ക് അതൊരു അഭയാരണ്യം തന്നെ ആയിരിക്കണം .മനുഷ്യര്‍ക്ക് ആന എന്ന വന്യജീവിയെ കണ്ടു രസിക്കാനുള്ള വിനോദ കേന്ദ്രമായിരിക്കരുത് . അതിന് വേണ്ടി എല്ലാ പിന്തുണയും മൃഗാവകാശ സംഘടനകള്‍ വീണ്ടും വാഗ്ദാനം ചെയ്യുന്നു.ഇതോടെ എല്ലാം ശരിയാകും എന്ന കാല്പനിക സ്വപ്നമൊന്നും ഉണ്ടായിട്ടല്ല .ശ്രമിക്കുകയാണ് .ഞങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കുകയാണ് .

നീലകണ്ഠന്‍ എന്ന ഉജ്ജ്വലനായ ആന മനുഷ്യകുലത്തിനു മാപ്പു തരട്ടെ.. പൊന്നു മോനെ നിന്റെ ജീര്‍ണിച്ച, വേദനയുടെ വലിയ ഗുഹാ ദ്വാരങ്ങള്‍ നിറഞ്ഞ ആ കാലുകളില്‍ കണ്ണീരോടെ ശിരസ്സ് കുനിച്ചു വയ്ക്കുന്നു ..നനഞ്ഞ ആ തുമ്പിക്കൈ കൊണ്ട് നിറുകയില്‍ ഒന്ന് കൂടി സ്പര്‍ശിക്കണെ നീ ..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply