രാഷ്ട്രീയജീര്‍ണ്ണത പ്രതിഫലിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്

ചുരുക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒഴികെ , കേരളത്തിലെ ടെലിവിഷന്‍ മാധ്യമങ്ങള്‍ അടക്കമുള്ളവയുടെ കൂടി വിധിയെഴുത്താണ് പുല്‍പ്പള്ളിയില്‍ നടന്നത്. ഒരു ബൂത്തില്‍ തികച്ച് നൂറു വോട്ടു പോലും ഇല്ലാത്ത BJP യുടെ നേതാക്കള്‍ക്കും വക്താക്കള്‍ക്കും വേണ്ടി തങ്ങളുടെ സ്‌ക്രീന്‍ ടൈമിന്റെ പരമാവധി മാറ്റി വയ്ക്കാന്‍ മത്സരിക്കുകയായിരുന്നു ചാനലുകള്‍.

കേരളത്തിലെ ഇരുമുന്നണികളും എത്തിപ്പെട്ടിട്ടുള്ള രാഷ്ട്രീയ ജീര്‍ണതകള്‍ കൃത്യമായി പ്രതിഫലിച്ച തെരഞ്ഞെടുപ്പ് എന്ന് മാത്രമേ പുതുപ്പള്ളിയെ പറ്റി പറയാനുള്ളൂ. രാഷ്ട്രീയമായ എന്തെങ്കിലും ഒരു നയമോ നയപരിപാടിയോ മുന്നോട്ടു വയ്ക്കാന്‍ കഴിയാതെ ഇരു മുന്നണികളും ദുര്‍ബലപ്പെട്ടു പോയ രാഷ്ട്രീയ ചിത്രമാണ് പുതുപ്പള്ളി ബാക്കി വക്കുന്നത്. ഒരു ഭാഗത്ത് ‘അപ്പാ അപ്പാ ‘ എന്ന വിളിയും വൈകാരികതയും ഒക്കെയായിരുന്നു തുരുപ്പുചീട്ടെങ്കില്‍, ആദ്യം തന്നെ പെരുന്നയില്‍ പോയി വണങ്ങി , സുകുമാരന്റെ സവര്‍ണ വര്‍ഗീയ അജണ്ടകളോട് സമരസപ്പെട്ട് , ഷംസീര്‍ വിഷയത്തില്‍ പറഞ്ഞ നിലപാടുകള്‍ പോലും വിഴുങ്ങി ഭരണമുന്നണി. പുതുപ്പള്ളിയിലെ വലിയ പുണ്യാളനാര് എന്നതു മാത്രമായിരുന്നു തര്‍ക്കം.

ഇതിനിടയിലും ബി.ജെ.പി. യെ ജനം കെട്ടിവച്ച കാശ് പോലും കൊടുക്കാതെ പറപ്പിച്ചു എന്നതു മാത്രമാണ് ഒരേയൊരു സമാധാനം.

ഇന്ത്യ അത്രയേറെ അപകടരമായ ഒരു രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്തിന്റെ പേരിന് പോലും നിലനില്‍പ്പില്ലാതാകുന്ന കാലത്തിലേക്ക് ചെന്നെത്തിയിരിക്കുന്നു. വലിയ ചെറുത്തു നില്‍പ്പുകള്‍ പോലും പോരാതെ വരുന്നു. ഈ സാഹചര്യത്തില്‍ , വിശാലമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടില്‍ , മതസാമുദായിക താത്പര്യങ്ങള്‍ക്ക് വഴി പെടാതെ ഇരുമുന്നണികളും തമ്മിലുള്ള ഒരു സൗഹൃദമത്സരം പോലും സാധ്യമാകുമായിരുന്ന മണ്ഡലമായിരുന്നു പുതുപ്പള്ളി. അങ്ങനെയെങ്കില്‍ ദേശീയ രാഷ്ട്രീയ സാഹചര്യത്തോട് കേരളം എടുക്കുന്ന ഒരു നിലപാടായി അത് മാറിയേനെ. പക്ഷെ ,അത്രക്കൊക്കെ രാഷ്ട്രീയ വിശാലത ഇരു പാര്‍ട്ടികളുടെയും ഇപ്പോഴുള്ള നേതൃത്വങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുക വയ്യ. പുതുപ്പള്ളിയുടെ അടിയൊഴുക്ക് മനസിലാവാതെ ഇത് സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്ന് ആദ്യമേ പ്രസ്താവനയിറക്കിയ പാര്‍ട്ടി സെക്രട്ടറിയാണ് ഏറ്റവുമാദ്യം സെല്‍ഫ് ഗോള്‍ അടിച്ചത്. വികസനം എന്ന, ഇലക്ഷനില്‍ ഇടതുപക്ഷം മുന്നോട്ടു വച്ച അജണ്ട കേരളം തള്ളിക്കളഞ്ഞതാണ്. ആ അജണ്ടയുടെ പിറകില്‍ കളിക്കുന്ന മധ്യവര്‍ഗ – കോര്‍പ്പറേറ്റ്, ബൂര്‍ഷ്വാ താത്പര്യങ്ങള്‍ , കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് മനസിലായിട്ടില്ലെങ്കിലും സാധാരണ ജനത്തിന് മനസിലാവുന്നുണ്ട് എന്നതു കൊണ്ടാണത്. ഏതെങ്കിലും വികസന അജണ്ടയുടെ പുറത്തല്ല , ഇടതു സര്‍ക്കാരിനെ തുടര്‍ഭരണത്തിലേക്ക് കൊണ്ടു വരാന്‍ ജനം തീരുമാനമെടുത്തത് എന്നാണ് മനസിലാക്കേണ്ടത്. അതിനുള്ള കാരണം , പ്രളയം , നിപ്പ – കോവിഡ് കാലത്തുണ്ടായിരുന്ന സവിശേഷ സാഹചര്യങ്ങളാണ്. സമാന സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ , ഭരണമുന്നണിക്കു തുടര്‍ച്ചയുണ്ടായാല്‍ മാത്രമേ സുരക്ഷിതത്വമുണ്ടാകൂ എന്നവര്‍ തീരുമാനിച്ചു. ശൈലജ ടീച്ചറെ പോലെയുള്ള കാര്യപ്രാപ്തിയും നിലപാടും ഉള്ള മന്ത്രിമാരുടെ പ്രവര്‍ത്തനവും ആ പ്രതീക്ഷയെ സ്വാധീനിച്ചിട്ടുണ്ട്. അതോടൊപ്പം , കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ നേതൃത്വവും ശബരിമല വിഷയത്തില്‍ പ്രകടനപത്രികയിലടക്കം കോണ്‍ഗ്രസ് കൈക്കൊണ്ട വര്‍ഗീയപരമായ നിലപാടിനോട് ജനം എതിരു നിന്നതും തുടര്‍ഭരണത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി എന്നതാണ് വാസ്തവം. സാമൂഹ്യ സുരക്ഷ , ഭക്ഷണം , ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രതീക്ഷകളുടെ പുറത്ത് ജനം നല്‍കിയ മാന്‍ഡേറ്റ് , തങ്ങളുടെ കോര്‍പ്പറേറ്റ് അനുകൂല – മധ്യവര്‍ഗ താത്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമായാണ് ഭരണമുന്നണി കാണുന്നതെങ്കില്‍ ജനം അത് തള്ളിക്കളയും എന്നതിന്റെ തെളിവാണ് സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബൂത്തില്‍ പോലും ഭൂരിപക്ഷം നേടാന്‍ കഴിയാതെ പോയ ഇടതുമുന്നണിയുടെ ദയനീയ പരാജയം കാണിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏതെങ്കിലും തരത്തില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന നേതാവല്ല താനെന്ന് തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ തന്നെ തെളിയിച്ച വ്യക്തിയാണ് ചാണ്ടി ഉമ്മന്‍. അപ്പനെ ‘രാമന്‍’ എന്നാണ് വിളിച്ചിരുന്നത് എന്ന പരാമര്‍ശത്തില്‍ തുടങ്ങി , ഇലക്ഷന്‍ റിസള്‍ട്ട് വന്നപ്പോള്‍ തന്നെ അമ്പലത്തിലും പള്ളിയിലും കയറിയ പ്രകടനപരതയില്‍ വരെ , താന്‍ യഥാര്‍ത്ഥത്തില്‍ ആരെയാണ് , എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് അയാള്‍ സ്വയം തുറന്നു കാട്ടുന്നുണ്ട്. അങ്ങനെ ഒരാളോടാണ് , എന്തൊക്കെ സഹതാപ തരംഗത്തിന്റെ ആനുകൂല്യം പറഞ്ഞാലും ഇത്രയൊക്കെ കനത്ത ഭൂരിപക്ഷത്തില്‍ തോറ്റതെന്നതിനെ ന്യായീകരിക്കാന്‍ സി.പി.എം. ഇപ്പോള്‍ ഉയര്‍ത്തുന്ന സൈദ്ധാന്തികരണങ്ങള്‍ മതിയാവില്ല. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അല്പമെങ്കിലും , ഈ തെരഞ്ഞെടുപ്പോടെ ചലിച്ചു തുടങ്ങിയിട്ടുണ്ട് എന്നതു മാത്രമാണ്, പോസിറ്റീവ് ആയി കാണാന്‍ കഴിയുന്ന ഒരേയൊരു കാര്യം. രാജ്യം ഒരു സവിശേഷ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍, പാന്‍ ഇന്ത്യന്‍ കോണ്‍ടക്സ്റ്റില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന ഏതൊരു വിജയവും പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ചും , ബി. ജെ.പി. യുടെ വോട്ടു നില , നാലക്കത്തിലേക്ക് ഒതുങ്ങി എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍..

കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഘടനാ നേതൃത്വം ഇടക്കൊക്കെ തമിഴ്‌നാട്ടിലേക്കെങ്കിലും നോക്കണം. തല പോയാലും , സവര്‍ണ- വര്‍ഗീയ നിലപാടുകളോട് സമരസപ്പെടാതെ ഭരണം കൊണ്ടു പോകുന്നതെങ്ങിനെയെന്ന് അവരെ നോക്കിയെങ്കിലും പഠിക്കണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചുരുക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒഴികെ , കേരളത്തിലെ ടെലിവിഷന്‍ മാധ്യമങ്ങള്‍ അടക്കമുള്ളവയുടെ കൂടി വിധിയെഴുത്താണ് പുല്‍പ്പള്ളിയില്‍ നടന്നത്. ഒരു ബൂത്തില്‍ തികച്ച് നൂറു വോട്ടു പോലും ഇല്ലാത്ത BJP യുടെ നേതാക്കള്‍ക്കും വക്താക്കള്‍ക്കും വേണ്ടി തങ്ങളുടെ സ്‌ക്രീന്‍ ടൈമിന്റെ പരമാവധി മാറ്റി വയ്ക്കാന്‍ മത്സരിക്കുകയായിരുന്നു ചാനലുകള്‍. ഒരു പടി കൂടി കടന്ന് , സംഘ് പരിവാറിന്റെ നേരിട്ടുള്ള നോമിനി എന്ന നിലയില്‍ തന്നെ പെരുമാറുന്ന ഒരു അവതാരിക , സഹ ആങ്കര്‍മാരെ നോക്കുകുത്തികളാക്കി ആ പാര്‍ട്ടിക്ക് വേണ്ടി വാദിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തി. ഒരു ദേശീയ തെരഞ്ഞെടുപ്പോ മറ്റോ ആണെങ്കില്‍ രാജ്യത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി. പ്രതിനിധിയെ കൂടി ആനുപാതികമായി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നത് മനസിലാക്കാം. എന്നാല്‍ ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ , പ്രാദേശിക വിഷയങ്ങളോ സംസ്ഥാന വിഷയങ്ങളോ മാത്രം പരിഗണനക്കു വന്ന ഒരിടത്ത്, രണ്ടു പ്രമുഖ മുന്നണികള്‍ക്കൊപ്പം അത്രയോ അതിലധികമോ വിസിബിലിറ്റി കൊടുക്കാന്‍ മാത്രം എന്തു രാഷ്ട്രീയ പ്രാധാന്യമാണ് ആ പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത് എന്ന് ആലോചിക്കേണ്ടതുണ്ട്. എല്ലാ മാധ്യമങ്ങളും തങ്ങളുടെ താത്പര്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പുറത്തെടുക്കാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന വേളയിലെങ്കിലും കഴിയുന്നത്ര നിഷ്പക്ഷമായും കൃത്യതയോടെയും മാധ്യമപക്ഷത്തു നിന്നു തന്നെ സംസാരിക്കുന്നതാണ് കാണാറുള്ളത്. ആ നൈതികത കൂടി കൈവിട്ട് , സംഘ്പരിവാറിന്റെ അജണ്ടാ പ്രചാരകര്‍ എന്ന അവസ്ഥയില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരകര്‍ എന്ന അവസ്ഥയിലേക്കു കൂടി ടെലിവിഷന്‍ മാധ്യമങ്ങള്‍ തരംതാണതാണ് പുതുപ്പള്ളിയില്‍ കണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply