14ല്‍ 12 ലക്ഷണവും തികഞ്ഞ ഇന്ത്യന്‍ ഫാസിസം..

എന്‍ എസ്‌ മാധവന്‍ ഫാസിസം, സാംസ്‌കാരിക ഫാസിസം…ഫാസിസം എന്ന വാക്കിനെക്കുറിച്ച്, ഇന്ത്യയില്‍ ഫാസിസം വന്നോ ഇല്ലയോ എന്ന് നമുക്ക് നേരം പുലരുന്നതുവരെ ചര്‍ച്ച ചെയ്യാം. ഇതിന് അടിസ്ഥാനപരമായി 14 ലക്ഷണങ്ങള്‍ ഉണ്ട് എന്നാണ് പറയുന്നത്. ഈ പതിനാല് ലക്ഷണങ്ങളില്‍ കൂലങ്കഷമായി പരിശോധിക്കുകയാണെങ്കില്‍ രണ്ടെണ്ണം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവിടെ പ്രകടമാണ്. പ്രകടമല്ലാത്ത രണ്ടില്‍ ഒന്ന് തെരഞ്ഞെടുപ്പില്‍ കളവ് കാണിക്കുക എന്നതാണ്. ഇപ്പോഴും ദൈവം സഹായിച്ച് തെരഞ്ഞെടുപ്പ് നടന്നാല്‍ ഭരണമാറ്റം ഉണ്ടാകുന്നുണ്ട്. പിന്നെ സൈന്യത്തിന്റെ […]

fff

എന്‍ എസ്‌ മാധവന്‍

ഫാസിസം, സാംസ്‌കാരിക ഫാസിസം…ഫാസിസം എന്ന വാക്കിനെക്കുറിച്ച്, ഇന്ത്യയില്‍ ഫാസിസം വന്നോ ഇല്ലയോ എന്ന് നമുക്ക് നേരം പുലരുന്നതുവരെ ചര്‍ച്ച ചെയ്യാം. ഇതിന് അടിസ്ഥാനപരമായി 14 ലക്ഷണങ്ങള്‍ ഉണ്ട് എന്നാണ് പറയുന്നത്. ഈ പതിനാല് ലക്ഷണങ്ങളില്‍ കൂലങ്കഷമായി പരിശോധിക്കുകയാണെങ്കില്‍ രണ്ടെണ്ണം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവിടെ പ്രകടമാണ്. പ്രകടമല്ലാത്ത രണ്ടില്‍ ഒന്ന് തെരഞ്ഞെടുപ്പില്‍ കളവ് കാണിക്കുക എന്നതാണ്. ഇപ്പോഴും ദൈവം സഹായിച്ച് തെരഞ്ഞെടുപ്പ് നടന്നാല്‍ ഭരണമാറ്റം ഉണ്ടാകുന്നുണ്ട്. പിന്നെ സൈന്യത്തിന്റെ സര്‍വ്വാധിപത്യം. ഈ രണ്ട് ഫാസിസ്റ്റ് ഘടകങ്ങള്‍ ഒഴിച്ചാല്‍ ബാക്കി ഏതാണ്ട് ലക്ഷണയുക്തമായിട്ടുള്ള ഒരു ഫാസിസ്റ്റ് കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഇത് നിര്‍മ്മിക്കുന്നത് കപട ദേശീയതയാണ്. ഈ കപട ദേശീയതയുടെ അടിസ്ഥാനം ഒരു ശത്രുവാണ്. അപരനാണ്, മറ്റുള്ളവനാണ്, അതൊരു മറ്റൊരു ജാതിക്കാരനാണ്, വര്‍ഗ്ഗക്കാരനാണ്. ഇവനെ ശത്രുവായി മുന്നില്‍ നിര്‍ത്തിക്കൊണ്ട് ഒരു ദേശീയത നിര്‍മ്മിക്കുക. ആ ദേശീയതക്കെതിരായിട്ട് ആര് ശബ്ദിച്ചാലും, അത് യുവതിയായ ചേതന തീര്‍ത്ഥഹല്ലി ആയാലും വയോവൃദ്ധനായ കല്‍ബുര്‍ഗി ആയാലും ആര് ശബ്ദിച്ചാലും അതിനെ അക്രമാസക്തമായിട്ട് തന്നെ നേരിടും എന്നുള്ളതാണ് ഈ കപട ദേശീയതയുടെ പ്രത്യേകത.
മറ്റൊരു ലക്ഷണം എന്താണെന്നാല്‍ ബുദ്ധിജീവികളോടുള്ള എതിര്‍പ്പ്. ബുദ്ധിജീവി എന്ന വാക്ക് ഞാന്‍ ഉദ്ദേശിക്കുന്നത് ചിന്തകന്മാര്‍ എന്നുള്ള അര്‍ത്ഥത്തിലാണ്. ബുദ്ധിജീവികളോടുള്ള എതിര്‍പ്പ്. കാരണം എന്നും ഫാസിസ്റ്റുകള്‍ മൂന്ന് വിഭാഗക്കാരെയാണ് പേടിച്ചിരുന്നത്. ഹിറ്റ്‌ലറും മുസ്സോളിനിയും ഫ്രാങ്കോയും ഇന്തോനേഷ്യയില്‍ സുഹാര്‍ത്തോയും മറ്റും പേടിച്ചിരുന്നത് മൂന്ന് വിഭാഗക്കാരെയാണ്. ഒന്ന് ബുദ്ധിജീവികള്‍, ചിന്തകന്മാര്‍, രണ്ട് അക്കാലത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാര്‍, മൂന്നാമത്തേത് വിദ്യാര്‍ത്ഥികള്‍. ബുദ്ധിജീവികളെ തെരഞ്ഞുപിടിച്ചുകൊണ്ടുള്ള ആക്രമണം. അന്നാണ് ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകള്‍ ആരംഭിക്കുന്നത്. ധബോല്‍ക്കര്‍… എന്തായിരുന്നു ധബോല്‍ക്കറുടെ കുറ്റം. ധബോല്‍ക്കര്‍ ഹിന്ദുവിരുദ്ധമായിട്ട് ഒന്നു ചെയ്തിട്ടില്ല. അദ്ദേഹം ഒരു യുക്തിവാദിയാണ്. ദൈവം ഇല്ലെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി. ഈ യുക്തിവാദം ഭാരതീയ ചിന്തയുടെ ഭാഗമാണെന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ചാര്‍വാകന്‍, കനാദന്‍ തുടങ്ങി പുരാണ വേദേതിഹാസങ്ങളിലും മറ്റും ഈ യുക്തിവാദം നമ്മുടെ ചിന്തയുടെ ഭാഗമായിരുന്നു. അതിനെ പൊലിപ്പിച്ചു പറഞ്ഞു എന്ന് മാത്രം.
മറ്റൊരു വ്യക്തി പന്‍സാരെ. എന്താണ് പന്‍സാരെയുടെ തെറ്റ്. പന്‍സാരെ ഒരു യഥാര്‍ത്ഥ ചരിത്രകാരനായിരുന്നു. ഒരു കപടദേശീയതയുടെ ഭാഗമായിട്ട് മഹാരാഷ്ട്രയില്‍ നിര്‍മ്മിച്ച ഒരു ബിംബമാണ് ശിവജി. ഈ ശിവജി എന്ന ബിംബത്തിന്റെ അര്‍ത്ഥം അദ്ദേഹം ഹിന്ദു ഹൃദയ സമ്രാട്ടാണ്. മുസ്ലീംങ്ങള്‍ക്കെതിരായിട്ടുള്ള ഒരു ഹിന്ദു മുന്നണി പോരാളി. ഇത്തരത്തിലാണ് ശിവജി എന്ന ബിംബത്തിന്റെ നിര്‍മ്മിതി മഹാരാഷ്ട്രയില്‍ ഉണ്ടായത്. എന്നാല്‍ പന്‍സാരെ പറഞ്ഞു. ഇത് ചരിത്രപരമായി തെറ്റാണ്. ശിവജി ബീജാപൂര്‍ സുല്‍ത്താനുമായി യുദ്ധം ചെയ്യുമ്പോള്‍ അദ്ദേഹം ഔറംഗസേബുമായി സഖ്യം ചെയ്തിരുന്നു. ശിവജിയുടെ ദിവാന്‍ ഒരു മുസ്ലീം ആയിരുന്നു. അപ്പോള്‍ ഈ കപട നിര്‍മ്മിതിയെ ചോദ്യം ചെയ്യിച്ചു. പിന്നെ പന്‍സാരെ ചെയ്ത കുറ്റം എന്താണ്. മഹാത്മാഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ മഹത്വവത്കരിക്കുന്ന പ്രവണതയെ അദ്ദേഹം എതിര്‍ത്തു. അതിന് അദ്ദേഹം കൊടുത്ത വില അദ്ദേഹത്തിന്റെ ജീവന്‍ തന്നെ ആയിരുന്നു. കല്‍ബുര്‍ഗിയുടെ കഥ നമുക്ക് അറിയാം.
കേരളത്തിലേക്ക് വന്നാല്‍ എം എം ബഷീര്‍. എന്താണ് ബഷീര്‍ ചെയ്തത്. അദ്ദേഹം യാതൊന്നും ചെയ്തിട്ടില്ല. അദ്ദേഹം മാതൃഭൂമിയില്‍ ഒരു കോളം എഴുതി. ഈ കോളത്തില്‍ അദ്ദേഹം വാത്മീകിയുടെ രാമായണം, സ്വന്തം അഭിപ്രായമില്ലാതെ അതേപോലെ അവതരിപ്പിച്ചു. വാത്മീകി രാമായണത്തിന്റെ പ്രത്യേകത, ആ രാമായണ പ്രകാരം വാത്മീകി രാമന്റെ സമകാലികനായിരുന്നു. ആ രാമായണത്തിന്റെ ആദ്യത്തെ ശ്ലോകത്തില്‍ വാത്മീകിയുണ്ട്. മാ നിഷാദാ! എന്ന പ്രസിദ്ധമായ ശ്ലോകത്തില്‍. രാമന്‍ സീതയെ പരിത്യജിക്കുമ്പോള്‍ പോകുന്നത് വാത്മീകിയുടെ കുടിലിലേക്കാണ്. തന്റെ സമകാലികനായ, രാജാവായ രാമന് വാത്മീകി ദൈവീക സ്വഭാവം നല്‍കുന്നില്ല. വാത്മീകി ചെയ്തത് രാമനെന്ന മര്യാദക്കാരനായ മനുഷ്യനെ അതേപോലെ അവതരിപ്പിച്ചു. എന്നാല്‍ അതിന് ശേഷം പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ രാമന്റെ വിഗ്രഹത്തിന്റെ നിര്‍മ്മിതിയില്‍ ഭക്തിയുടെ അംശവും ദൈവത്തിന്റെ അംശവും എല്ലാം കലര്‍ന്നു. അതും വാത്മീകിയുടെ രാമായണവുമായിട്ട് യാതൊരു ഭിന്നത്വവും ഇന്ത്യയില്‍ ആരും കണ്ടിട്ടില്ല. അതുകൊണ്ട് ഈ ബിന്ദുവിന്റെ പേരില്‍ എം എം ബഷീറിനെ അക്രമിക്കുക എന്നത് സാധ്യമല്ലായിരുന്നു. അദ്ദേഹം ഹിന്ദുമത വിശ്വാസത്തിനെ വ്രണപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിനെതിരായിട്ടുള്ള ആരോപണം എന്തായിരുന്നു. ഒരു മുസ്ലീം എന്തുകൊണ്ട് രാമായണത്തെക്കുറിച്ച് എഴുതണം എന്നായി. മുസ്ലീം ഖുറാനെ കുറിച്ച് എഴുതിക്കോട്ടെ, രാമായണത്തെക്കുറിച്ച് എഴുതാന്‍ പാടില്ല. ഇത് എന്തൊരു തരത്തിലുള്ള അസഹിഷ്ണുതയാണ്. 30 കൊല്ലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംസ്‌കൃതം പഠിപ്പിച്ചിട്ടുള്ള പണ്ഡിതനോടാണ് ഇന്ന് ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ കൊല്ലം വരെ പറഞ്ഞിട്ടില്ല. കഴിഞ്ഞ കൊല്ലവും അദ്ദേഹം എഴുതി. രാമായണമാസത്തില്‍, കര്‍ക്കടക മാസത്തില്‍ മാതൃഭൂമിയില്‍ അദ്ദേഹം കോളം എഴുതി. ആരും ഒന്നും മിണ്ടിയില്ല. ഈ ഒരു വര്‍ഷത്തിനുള്ളില്‍ എന്താണ് സംഭവിച്ചിരിക്കുന്ന മാറ്റം. അത് നമുക്ക് വളരെ വ്യക്തമായി അറിയാവുന്നതാണ്.
ഫാസിസത്തിന്റെ മറ്റൊരു ലക്ഷണം അവര്‍ക്ക് ഈ ബുദ്ധിജീവികളോടുള്ള, ചിന്തകന്മാരോടുള്ളതുപോലെ അവര്‍ എതിര്‍ക്കുന്ന മറ്റൊരു കാര്യമാണ് ഉന്നത വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിന്റെ തുടക്കം ആണ് മാനവശേഷി മന്ത്രാലയം. അതിന്റെ മുകളില്‍ ആരാണെന്ന് നമുക്കറിയാം. ഓരോരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡോക്ടര്‍ കെഎന്‍ പണിക്കര്‍ ഇരുന്ന ഐസിഎച്ച്ആറില്‍ ഇന്ന് ഇരിക്കുന്ന ആള്‍ രാമായണവും മഹാഭാരതവും ഒക്കെ ചരിത്രമാണെന്ന് തെളിയിക്കുന്ന സുദര്‍ശന റാവു ആണ്. ഡല്‍ഹി ഐഐടിയിലും ഇതുപോലെ തന്നെ. ഇന്ത്യയുടെ അഭിമാനമായിരുന്ന, ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയെ മുന്നോട്ട് നിര്‍ത്തിയിരുന്ന ഓരോരോ സ്ഥാപനങ്ങളെ കഴിഞ്ഞ ഒരു വര്‍ഷമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഫാസിസത്തിന്റെ മറ്റൊരു ലക്ഷണം അപരനെ സൃഷ്ടിക്കുകയാണ്. ബീഫ് കഴിക്കുകയാണെങ്കില്‍ പാകിസ്താനിലേക്ക് പോവുക. തനിക്ക് അപരമായിട്ടുള്ള ഏതെങ്കിലും, തന്റെ വിശ്വാസത്തിനെയോ തന്റെ കപട നിര്‍മ്മിതികള്‍ക്കോ എതിരായിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഉടനെ പാകിസ്താനില്‍ പോകുക അതാണ് ഈ അടുത്ത കാലത്തായിട്ട് കേട്ടുവരുന്ന സംഭവം. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ വീട്, രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിന് ശേഷം താമസിച്ച വീട്, ഇന്നത്തെ സാംസ്‌കാരിക മന്ത്രിയായ മഹേഷ് ശര്‍മ്മയ്ക്ക് കൊടുത്തു. ഈ മഹേഷ് ശര്‍മ്മയാണ് അബ്ദുള്‍ കലാമിനെ പുകഴ്ത്തിയത്. ‘ഇന്‍സ്‌പൈറ്റ് ഓഫ് ബീയിംഗ് എ മുസ്ലീം, ഒരു മുസ്ലീം ആയിട്ടും അദ്ദേഹം ഇന്ത്യക്കാരനായിരുന്നു’ എന്ന്. ഇത്തരത്തിലുള്ള അപര നിര്‍മ്മിതികളാണ് ഇപ്പോഴുണ്ടാകുന്നത്.
ഫാസിസത്തിന്റെ മറ്റൊരു ലക്ഷണം അത് പുരുഷ കേന്ദ്രീകൃതമാണ് എന്നതാണ്. ഒറ്റ ഉദാഹരണം പറയാം. നമ്മുടെ പ്രധാനമന്ത്രി, ബംഗ്ലാദേശിലെ മഹിളാ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയെ പുകഴ്ത്തിയത് എങ്ങനെയായിരുന്നു. ‘ഇന്‍സ്‌പൈറ്റ് ഓഫ് ബീയിംഗ് എ വുമണ്‍’, ഒരു സ്ത്രീ ആയിട്ടും അവര്‍ ധീരയാണ്. പരിപൂര്‍ണമായി ഒരു പുരുഷ കേന്ദ്രീകൃതമായ നിര്‍മ്മിതിയാണ് ഫാസിസം. അതിന്റെ ഒരു കാലഘട്ടത്തില്‍ കൂടി കടന്നുപോകുമ്പോള്‍ അതിന് എതിരായിട്ടുള്ള ചെറുത്തുനില്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അവ പരാജയപ്പെട്ടിട്ടുമുണ്ട്. അതിന് ഏറ്റവും ദുഃഖകരമായിട്ടുള്ള ഉദാഹരണം പിന്‍വലിക്കപ്പെട്ട പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരമാണ്. വലിയ വലിയ ആളുകള്‍ ഇരുന്ന, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങുമ്പോള്‍ ഇന്ത്യയില്‍ നല്ല സിനിമകള്‍ ഉണ്ടായിരുന്നില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി വലിയൊരു തലമുറ സിനിമാ സംവിധായകരേയും നടന്മാരേയും എഡിറ്റര്‍മാരേയും സൗണ്ട് എഞ്ചിനീയര്‍മാരേയും ഇന്ത്യയ്ക്ക് സമ്മാനിച്ചു. ആ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്താണ് ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുക എന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി ഒരു ഗജേന്ദ്ര ചൗഹാന്‍ വന്നത്. അതിനെതിരെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ 139 ദിവസം സമരം ചെയ്തു, ക്ലാസില്‍ കയറാതെ. എന്നാല്‍ പൊതുസമൂഹത്തിന്റെ നിശബ്ദത, അതാണ് ഫാസിസത്തിന്റെ വളം. പൊതുസമൂഹത്തിന്റെ നിശബ്ദത കൊണ്ടോ എന്തുകൊണ്ടോ എന്നറിയില്ല അവസാനം, അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാതെ സമരം പിന്‍വലിച്ച് ക്ലാസില്‍ കയറി. ഇതിന് എന്തൊക്കെയാണ് ഫലം ഉണ്ടാകുന്നത്, നാളെ ഏത് സ്ഥാപനത്തിന്റെ തലപ്പത്തും ആരെയും ആക്കാം. വലിയൊരു ചെറുത്തുനില്‍പ്പാണ്, വലിയൊരു സമരമാണ് അവസാനിച്ചിട്ടുള്ളത്. ഇതിന്റെ വരും വരായ്കകള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. സമരം തീര്‍ന്ന ഉടനെ സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. എഫ്ടിഐഐയിലെ നക്‌സലുകള്‍ തോറ്റു. അവര്‍ നക്‌സലുകള്‍ ഒന്നുമല്ല. ഈ സ്ഥാപനങ്ങളെല്ലാം നശിപ്പിക്കുകയും പൊതുസമൂഹം നിശബ്ദരായിരിക്കുകയും തന്നെയാണ് ജര്‍മ്മനിയിലും നടന്നത്.
ഫാസിസ്റ്റ് ആഖ്യാനത്തിന്റെ കാലഘട്ടത്തില്‍ കൂടിയാണ് നമ്മള്‍ കടന്നുപോകുന്നത്. എപ്പോഴും എന്ത് ചോദ്യം ഉയര്‍ത്തിയാലും ഫാസിസ്റ്റുകള്‍ക്ക തിരിച്ചൊരു ചോദ്യം ഉണ്ട്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ചോദിച്ചാല്‍ 1984 ലെ സിഖ് കലാപമോ? അഖ്‌ലാക്കിനെ ദാദ്രിയില്‍ കൊന്നതിനെക്കുറിച്ച് നമ്മള്‍ പ്രതികരിക്കുകയാണെങ്കില്‍ അപ്പോള്‍ ചോദിക്കും, തൊടുപുഴയിലെ കോളേജ് അധ്യാപകന്റെ കൈവെട്ടിയതിനെക്കുറിച്ച് എന്താ നിങ്ങള്‍ സംസാരിക്കാത്തത്. ഇത്തരത്തില്‍ തര്‍ക്കുത്തരങ്ങളില്‍ കൂടിയാണ് ഫാസിസ്റ്റുകള്‍ ആഖ്യാനത്തെ ഹൈജാക്ക് ചെയ്യുന്നത്. ഈ നിമിഷത്തെ ചൂടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധ തെറ്റിക്കാന്‍ ആ പ്രശ്‌നങ്ങളില്‍ എല്ലാം കേന്ദ്രമായിരിക്കുന്ന ഫാസിസ്റ്റുകള്‍ ഉപയോഗിക്കുന്ന ഒരു അടവാണ്. അതുകൊണ്ട് ഞാന്‍ എപ്പോഴും എന്റെ സുഹൃത്തുക്കളോടും മാധ്യമസുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നത് ഒരിക്കലും ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കരുത്. നിങ്ങള്‍ ഇസ്ലാമിക ഭീകരതയ്ക്ക് എതിരായിട്ട് സംസാരിക്കുകയാണെങ്കില്‍ അത് തന്നെ തുടര്‍ന്ന് സംസാരിക്കുക. അതിനെ ബാലന്‍സ് ചെയ്യാന്‍ വേണ്ടി ഒരു ഹിന്ദു ഭീകരത പറയണമെന്നില്ല. വലിയൊരു ചരിത്രമുണ്ട് ഈ ബാലന്‍സിംഗിന്. ലക്ഷക്കണക്കിന് ജൂതന്മാരെയാണ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത്. അതിനെതിരൊയിട്ട് ശബ്ദം ഉയര്‍ത്തുമ്പോള്‍ അന്നത്തെ നാസി ബുദ്ധിജീവികള്‍ ചോദിക്കുമായിരുന്നു. അപ്പോള്‍ ജൂതന്മാര്‍ കൊന്ന ജീസസ് െ്രെകസ്റ്റിനെക്കുറിച്ച് നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തത്. ഈ ഒരു കപട ആഖ്യാനത്തിന്റെ പാരമ്പര്യം ആണ് ഫാസിസ്റ്റ് കമ്മ്യൂണിക്കേഷന്‍.
നമ്മള്‍ അവരുടെ പല കാര്യങ്ങളും കാണുന്നുണ്ട്, സ്ഥാപനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അതെല്ലാം ദൃഷ്ടി ഗോചരമാണ്. പക്ഷേ സംസാരത്തിനിടയ്ക്ക് ആഖ്യാനത്തിന്റെ ഇടയ്ക്ക്, വാഗ്വാദങ്ങള്‍ക്ക് ഇടയിലേക്ക് അവര്‍ അഴിച്ചുവിടുന്ന ഇത്തരം വൈറസുകള്‍ക്ക് നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണം. ഇതിനെതിരായിട്ട് എഴുത്തുകാര്‍ ശബ്ദം ഉയര്‍ത്തി. അപ്പോഴും ആഖ്യാനം മാറി. എഴുത്തുകാര്‍ ശബ്ദം ഉയര്‍ത്തി, അവാര്‍ഡുകള്‍ തിരിച്ച് കൊടുത്തു. കിട്ടിയ അവാര്‍ഡ് തിരിച്ച് കൊടുക്കണമോ, വാങ്ങിയ അവാര്‍ഡ് തിരിച്ചുകൊടുക്കണമോ, ഇത്തരത്തില്‍ ആഖ്യാനത്തെ മാറ്റി കല്‍ബുര്‍ഗിയില്‍ നിന്നും പന്‍സാരയില്‍ നിന്നും പെരുമാള്‍ മുരുകനില്‍ നിന്നും ചര്‍ച്ച മാറ്റി. ഇത് ഒരു തരത്തില്‍ വളരെ ലാഘവമുള്ള ഒരു ചര്‍ച്ചയാക്കി. ഇതൊരു ഫാസിസ്റ്റ് അടവാണ്. ഇതില്‍ ആരെങ്കിലും വീണ് പോവുകയാണെങ്കില്‍, വളരെ സങ്കടത്തോടുകൂടി പറയട്ടെ വളരെ വിശാലമനസ്‌കരായ മതേതരത്വരായ എഴുത്തുകാര്‍ പോലും ഈ കെണിയില്‍ വീണുപോയിട്ടുണ്ട്. ഫാസിസ്റ്റ് സംവാദത്തിന് ഒരിക്കലും ഇരയാകരുത്. അത് വളരെ വിദഗ്ധവും നിങ്ങളെ കെണിയില്‍ ചാടിക്കുന്നതുമാണ്. എഫ്ടിഐഐയിലെ കുട്ടികളുടെ അതേ പ്രശ്‌നം തന്നെയാണ് ഇന്ന് എഴുത്തുകാരും ബുദ്ധിജീവികളും നേരിടുന്നത്. കുറച്ചുകാലം കൂടി പിടിച്ചുനില്‍ക്കാന്‍ പറ്റുമായിരിക്കും.
കഴിഞ്ഞയാഴ്ച വരെ ഞാന്‍ ബീഹാറില്‍ ഉണ്ടായിരുന്നു. അത്യന്തം ആശങ്കയോടുകൂടിയാണ് തിരിച്ചുവന്നത്. കാരണം അവിടെ കണ്ടുവന്നത്് വര്‍ഗ്ഗീയത ആളിക്കത്തിക്കാനുള്ള പ്രവണതയാണ്. ദളിതരും പിന്നാക്ക വര്‍ഗ്ഗക്കാരും മതേതരത്വക്കാരും ഇന്ന് നിലവിലിരിക്കുന്ന ഹിന്ദു ഭൂരിപക്ഷവാദികള്‍ക്കെതിരെ തിരിയുമെന്ന് കണ്ടപ്പോള്‍ വിശാല ഹിന്ദു ഐക്യം ഉണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ഒരു തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നു. അതാണ് ബിഹാറിലെ സ്ഥിതി. മുസ്ലീങ്ങളും ദളിതരും അത്യന്തം ഭീതിയോടെയാണ് കഴിയുന്നത്. തെരഞ്ഞെടുപ്പ് ജയിക്കില്ല എന്ന തോന്നലുണ്ടായപ്പോള്‍ കഴിഞ്ഞദിവസം ബീഹാറിലെ ഭക്‌സര്‍ എന്ന സ്ഥലം, ഭക്‌സര്‍ നിങ്ങള്‍ കേട്ടുകാണും ബാറ്റില്‍ ഓഫ് ഭക്‌സര്‍ 251 വര്‍ഷം മുമ്പ് അവിടെ വച്ചാണ് മുഗളന്മാരുടെ സൈന്യത്തെ തോല്‍പ്പിച്ച് ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭരണം കൈയടക്കുന്നത്. ഭക്‌സറില്‍ പ്രധാനമന്ത്രി പറഞ്ഞു: ‘ഇവിടെ വലിയൊരു ഗൂഢാലോചന നടക്കുകയാണ്, പിന്നോക്കവര്‍ഗ്ഗക്കാരുടേയും ദളിതന്മാരുടെയും സംവരണത്തിന് അഞ്ച് ശതമാനം എടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ പോവുകയാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. കാരണം ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം മതങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുകയില്ല’. ഇത്തരത്തില്‍ മുസ്ലീം വിരുദ്ധ വികാരം രാജ്യത്തിന്റെ തലപ്പത്ത്‌നിന്നേ വന്നുകൊണ്ടിരിക്കുമ്പോള്‍ ഈ വക കാണുന്ന വാക്കുകള്‍ ഒന്നും അര്‍ത്ഥശൂന്യമല്ല. ഒടുവില്‍ എഫ്ടിഐഐ വിദ്യാര്‍ത്ഥികളുടെ നിരാശജനകമായ പിന്‍വാങ്ങല്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ പറയുകയാണ്. ഏകാന്തരായി സര്‍ഗ്ഗസൃഷ്ടി നടത്തുന്ന എഴുത്തുകാര്‍ക്കോ ചിന്തകര്‍ക്കോ അധികംകാലം പിടിച്ചുനില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് പൊതുസമൂഹം ഇതില്‍ ഇടപെട്ടേ തീരൂ. ഇതിനെക്കുറിച്ച് ചിന്തിച്ചേ തീരൂ….

തിരുവനന്തപുരത്ത് വര്‍ഗീയ ഫാസിസത്തിനെതിരെ സാംസ്‌കാരിക പ്രതിരോധം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply