അതിവേഗ തീവണ്ടിപ്പാതയ്‌ക്കൊരു ബദല്‍
മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രക്ക് ഒരു അതിവേഗ തീവണ്ടിപ്പാത എന്ന ആശയം ഇന്ന് കേരളത്തില്‍ വളരെ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ നമ്മുടെ നിലവിലുള്ള സാഹചര്യത്തില്‍ അതിവേഗയാത്രയുടെ ആവശ്യകതയെക്കുറിച്ചും അതിന്റെ പരിധിയെക്കുറിച്ചും ഗൗരവമേറിയ പഠനങ്ങളും ചര്‍ച്ചകളും ഉണ്ടാകേണ്ടതുണ്ട്. മണിക്കൂറില്‍ 200-250 കി.മീ. വേഗതയില്‍ സഞ്ചരിക്കുന്ന തീവണ്ടികളെ വേഗതീവണ്ടികളായും അതിനു മുകളിലുള്ളവയെ അതിവേഗ തീവണ്ടികളായും പരിഗണിക്കുന്നു. ലോകത്തില്‍ ഇന്ന് ഓടുന്ന അതിവേഗ തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറില്‍ 300-350 കി.മീ.യാണ്. നമ്മുടെ നാട്ടില്‍ കാണുന്ന തരം പാതകളിലാണ് വേഗ […]
മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രക്ക് ഒരു അതിവേഗ തീവണ്ടിപ്പാത എന്ന ആശയം ഇന്ന് കേരളത്തില്‍ വളരെ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ നമ്മുടെ നിലവിലുള്ള സാഹചര്യത്തില്‍ അതിവേഗയാത്രയുടെ ആവശ്യകതയെക്കുറിച്ചും അതിന്റെ പരിധിയെക്കുറിച്ചും ഗൗരവമേറിയ പഠനങ്ങളും ചര്‍ച്ചകളും ഉണ്ടാകേണ്ടതുണ്ട്.
മണിക്കൂറില്‍ 200-250 കി.മീ. വേഗതയില്‍ സഞ്ചരിക്കുന്ന തീവണ്ടികളെ വേഗതീവണ്ടികളായും അതിനു മുകളിലുള്ളവയെ അതിവേഗ തീവണ്ടികളായും പരിഗണിക്കുന്നു. ലോകത്തില്‍ ഇന്ന് ഓടുന്ന അതിവേഗ തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറില്‍ 300-350 കി.മീ.യാണ്. നമ്മുടെ നാട്ടില്‍ കാണുന്ന തരം പാതകളിലാണ് വേഗ തീവണ്ടികള്‍ ഓടുന്നത്. എന്നാല്‍, അതിവേഗ തീവണ്ടികള്‍ക്ക് പ്രത്യേകമായി രൂപകല്പന ചെയ്ത് നിര്‍മ്മിച്ച തീവണ്ടിപ്പാതകള്‍ തന്നെ വേണം.
വേഗത
മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ ഏതാണ്ട് 600 കി.മീ. ദൂരത്തിലാണ് അതിവേഗ തീവണ്ടിപ്പാത നിര്‍മ്മിക്കുവാനുദ്ദേശിക്കുന്നത്. ഈ ദൂരം അതിവേഗ തീവണ്ടിയില്‍ ഏതാണ്ട് 2.30 – 3.00 മണിക്കൂര്‍ കൊണ്ട് പിന്നിടാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, കേരളത്തില്‍ നിലവിലുള്ള മംഗലവാപുരം – തിരുവനന്തപുരം തീവണ്ടിപ്പാത ഇരട്ടിപ്പിക്കുകയും, വൈദ്യുതീകരിക്കുകയും, ശക്തിപ്പെടുത്തുകയും, ആധുനീകരിക്കുകയും, സിഗ്നല്‍ സംവിധാനം നവീകരിക്കുകയും ചെയ്താല്‍ അതിലൂടെ വേഗ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയും. നിലവില്‍ കേരളത്തിലെ തീവണ്ടികളുടെ പരമാവധി വേഗത മണിക്കൂറില്‍ 110-120 കി.മീ. ആണ്. മേല്‍പറഞ്ഞ രീതിയില്‍ പാതകള്‍ ശക്തിപ്പെടുത്തുകയും ആധുനീകരിക്കുകയും ചെയ്താല്‍ മണിക്കൂറില്‍ 150-200 കി.മീ. പരമാവധി വേഗം കൈവരിക്കുവാന്‍ കഴിയുമെന്നാണ് റെയില്‍വേ പറയുന്നത്. വേഗ തീവണ്ടികള്‍ക്ക് മണിക്കൂറില്‍ ശരാശരി 150 കി.മീ. വേഗത കിട്ടുമെന്ന് കണക്കാക്കിയാല്‍ തന്നെ മേല്‍പ്പറഞ്ഞ ദൂരം 4.00 – 4.30 മണിക്കൂര്‍ കൊണ്ട് പിന്നിടാവുന്നതാണ്.
മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്ര 3 മണിക്കൂര്‍ കൊണ്ടുതന്നെ നിര്‍വ്വഹിക്കണമെന്ന ആവശ്യം എത്ര പേര്‍ക്കുണ്ടെന്നതാണ് കാതലായ ചിന്താവിഷയം.
പദ്ധതിച്ചെലവ്
അതിവേഗ തീവണ്ടിപ്പാതയുടെ നിര്‍മ്മാണത്തിന് ഇന്നത്തെ കണക്കനുസരിച്ച് കിലോമീറ്ററിന് ശരാശരി 200 കോടിയിലധികം രൂപ ചെലവു വരും. തടസ്സങ്ങളെല്ലാം നീക്കി, നടപടികളെല്ലാം പൂര്‍ത്തിയാക്കി നിര്‍മ്മാണമാരംഭിച്ചാല്‍ 5 മുതല്‍ 7 വര്‍ഷം കൊണ്ടു മാത്രമേ ഈ പദ്ധതി നടപ്പാക്കുവാന്‍ കഴിയുകയുള്ളൂ. അതിനിടയില്‍ പദ്ധതിച്ചെലവ് ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്.
നിലവിലുള്ള പാതകളുടെ വികസനത്തിനും നവീകരണത്തിനും ഇത്രയും ചെലവ് വരില്ല. വേഗത കുറഞ്ഞ സാധാരണ തീവണ്ടികള്‍ക്ക് 2 പ്രത്യേക പാതകള്‍ നിര്‍മ്മിക്കേണ്ടി വരികയാണെങ്കില്‍ തന്നെ നഗര പ്രദശങ്ങളിലൊഴികെയുള്ളയിടങ്ങളില്‍ നിലവിലുള്ള പാതകളോട് ചേര്‍ന്ന് കുറെയേറെ സ്ഥലം റയില്‍വേയുടെ കൈവശമുണ്ട്. അതിനാല്‍, ഭൂമിയേറ്റെടുക്കല്‍ താരതമ്യേന കുറവ് മതിയാകും. നഗരപ്രദേശങ്ങളില്‍ തൂണുകളില്‍ ഉയര്‍ത്തിയ മേല്പാലങ്ങള്‍ നിര്‍മ്മിക്കുകയുമാകാം.
ഈ രീതിയില്‍ നിലവിലെ തീവണ്ടിപ്പാതകള്‍ വികസിപ്പിക്കുന്നതിന് കിലോമീറ്ററിന് ശരാശരി 50 കോടി രൂപ മതിയാകുമെന്ന് കരുതുന്നു. രാജ്യത്തിന്റേയും കേരളത്തിന്റേയും ഇന്നത്തെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോള്‍, ഒരു ലക്ഷത്തിലധികം കോടി രൂപ ചെലവുചെയ്ത് ഏതാനും പേര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന അതിവേഗ തീവണ്ടിപ്പാത നിര്‍മ്മിക്കുന്നതിനോ, അതോ അതിന്റെ ചെറിയൊരു ഭാഗം മാത്രം ചെലവ് ചെയ്ത് കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനോ, ഏതിനാണ് ഊന്നല്‍ കൊടുക്കേണ്ടതെന്ന് കേരളീയ സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യണം.
നടത്തിപ്പ്
റെയില്‍വേയുമായി സഹകരിച്ച് സംസ്ഥാനത്തെ തീവണ്ടിപ്പാതകള്‍ ഇത്തരത്തില്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ സംയുക്ത സംരഭങ്ങളിലൂടെയും ധാരണാ പത്രങ്ങളിലൂടെയും റെയില്‍വേയുമായി സഹകരിച്ച് ചെലവ് പങ്കുവെച്ചു കൊണ്ടാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. കേരളസംസ്ഥാനവും ഇതേ രീതിയില്‍ റെയില്‍വേയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ട് റെയില്‍വേ വികസനം നടപ്പാക്കുവാന്‍ തയ്യാറായാല്‍ അത് പുതിയൊരു കാല്‍വെപ്പാകും.
പി.കൃഷ്ണകുമാര്‍
ജനറല്‍സെക്രട്ടറി
തൃശ്ശൂര്‍ റയില്‍വേപായഞ്ചേഴ്‌സ് അസോസിയേഷന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in