സാംസ്‌കാരിക നായകര്‍ വരുമ്പോള്‍ ആം ആദ്മി സൂക്ഷിക്കുക:

സിവിക് ചന്ദ്രന്‍ സദ്‌വാര്‍ത്ത എന്നൊരു പത്രം കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നവരുണ്ടാകുമല്ലോ. ലത്തീന്‍ കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണമായിരുന്നു അത്. എല്ലാ മാധ്യമങ്ങളില്‍ നിന്നും ബുദ്ധിജീവികളുടെ വലിയൊരു ഒഴുക്ക് ആ പത്രത്തിലേക്കും ഒപ്പം പ്രസിദ്ധീകരിച്ചിരുന്ന ‘ഇന്ത്യന്‍ കമ്മ്യൂണിക്കേറ്ററി’ലേക്കും ഉണ്ടായി. പ്രസിദ്ധീകരണം തുടങ്ങിയതിന്റെ പിറ്റേ ആഴ്ച അതിന്റെ പത്രാധിപന്മാരിലൊരാള്‍ എന്നോട് ചോദിച്ചു: ഞങ്ങളുടെ സാഡ് – വാര്‍ത്ത വായിക്കാറില്ലേ, ലാട്രിന്‍ കത്തോലിക്കരുടെ പുത്തന്‍ സുവിശേഷം? ജോലി ചെയ്യുന്ന സ്വന്തം പ്രസിദ്ധീകരണത്തോടുള്ള ഒരു ബുദ്ധിജീവി മനോഭാവത്തിന്റെ പ്രകാശനമായിരുന്നു ആ പരിഹാസം. ബുദ്ധിജീവികളുടെ […]

DSC07958സിവിക് ചന്ദ്രന്‍

സദ്‌വാര്‍ത്ത എന്നൊരു പത്രം കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നവരുണ്ടാകുമല്ലോ. ലത്തീന്‍ കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണമായിരുന്നു അത്. എല്ലാ മാധ്യമങ്ങളില്‍ നിന്നും ബുദ്ധിജീവികളുടെ വലിയൊരു ഒഴുക്ക് ആ പത്രത്തിലേക്കും ഒപ്പം പ്രസിദ്ധീകരിച്ചിരുന്ന ‘ഇന്ത്യന്‍ കമ്മ്യൂണിക്കേറ്ററി’ലേക്കും ഉണ്ടായി. പ്രസിദ്ധീകരണം തുടങ്ങിയതിന്റെ പിറ്റേ ആഴ്ച അതിന്റെ പത്രാധിപന്മാരിലൊരാള്‍ എന്നോട് ചോദിച്ചു: ഞങ്ങളുടെ സാഡ് – വാര്‍ത്ത വായിക്കാറില്ലേ, ലാട്രിന്‍ കത്തോലിക്കരുടെ പുത്തന്‍ സുവിശേഷം? ജോലി ചെയ്യുന്ന സ്വന്തം പ്രസിദ്ധീകരണത്തോടുള്ള ഒരു ബുദ്ധിജീവി മനോഭാവത്തിന്റെ പ്രകാശനമായിരുന്നു ആ പരിഹാസം. ബുദ്ധിജീവികളുടെ ഭാരം കൊണ്ടും അവരുടെ സഹജമായ സിനിസിസം കൊണ്ടും വളരെ വൈകാതെ ആ പ്രസിദ്ധീകരണങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നു.
തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ മാത്രമല്ല, തങ്ങളുണ്ടാക്കുന്ന സംഘടനകളും ഇങ്ങനെ പൊളിക്കാറുണ്ട് ബുദ്ധിജീവികള്‍. പ്രത്യേകിച്ചും സാംസ്‌കാരിക നായകര്‍ എന്ന് സവിശേഷമായി വിളിക്കപ്പെടുന്ന അപൂര്‍വ്വ ജീവികള്‍. സാക്ഷരതാ യത്‌നം കഴിഞ്ഞപ്പോള്‍ ആ അന്തരീക്ഷത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട സെക്യുലര്‍ കള്‍ച്ചര്‍ എന്നൊരു പ്രസ്ഥാനം ഓര്‍മ്മയുണ്ടോ? അഴീക്കോട്, എം.ടി., എന്‍.പി.മുഹമ്മദ്, സച്ചിദാനന്ദന്‍, ബി.രാജീവന്‍, ആനന്ദ്, എന്‍.എസ്.മാധവന്‍ – ഏതാണ്ടെല്ലാ സാംസ്‌കാരിക നായകരുമുണ്ടായിരുന്നു കൊടുങ്കാറ്റുപോലെ വന്ന ആ സംഘത്തില്‍. പിന്നീടെന്തെങ്കിലും ആ സംഘത്തെ, സംഘടനയെക്കുറിച്ച് ആരെങ്കിലും കേട്ടുവോ?
ജെ.എസ്.എസ്. വന്നപ്പോഴും ഇതുപോലൊരൊഴുക്കുണ്ടായി, കെ.വേണുവും അജിതയും അടക്കം പഴയ നക്‌സലൈറ്റുകളുടെ മുന്‍കൈയ്യില്‍: ഒടുവിലിതാ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നു നാം. മൂന്നു മാസത്തിനുള്ളില്‍ വി.എസ്. പാര്‍ട്ടി വിട്ടുവരും, അപ്പോള്‍ നാമാവും യഥാര്‍ത്ഥ സി.പി.എം. ഒരു മൂന്നു കൊല്ലം കൂടി ഗൗരിയമ്മക്ക് ആയുസ്സ് നല്‍കണേ എന്നു മാത്രമാണ് പ്രാര്‍ത്ഥന. വേലിയേറ്റം പോലെ വേലിയിറക്കവും സംഭവിച്ചു. കെ.വേണു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റു തുന്നം പാടിയതിന്റെ തീരാക്കളങ്കം മാത്രം ബാക്കി.
സാംസ്‌കാരിക നായകരുടെ ഏറ്റവും ഒടുവിലത്തെ മുന്‍കൈ ‘ഫിഫ്ത്ത് എസ്റ്റേറ്റാ’യിരുന്നല്ലോ. വേണുവിന്റെ കൂടെ ഇത്തവണ സാറാ ജോസഫും സി.ആര്‍.പരമേശ്വരനും എം.എന്‍.കാരശ്ശേരിയും ബി.ആര്‍.പി.യും ഹമീദ് ചേന്ദമംഗലൂരും മറ്റുമുണ്ടായിരുന്നു. നാല് എസ്റ്റേറ്റുകളേയും സുധീരം നിര്‍ഭയം വിമര്‍ശിക്കാനായിരുന്നു ഈ അവതാരം. അടുത്തെങ്ങാനും അവരെക്കുറിച്ച് നിങ്ങളാരെങ്കിലും എന്തെങ്കിലും കേട്ടിട്ടുണ്ടോ? അവരുടെ വെബ്‌സൈറ്റ് പുതുക്കിയിട്ടുതന്നെ എത്ര കാലമായിട്ടുണ്ടെന്നും സെര്‍ച്ച് ചെയ്തു നോക്കുക.
അന്നന്നത്തെ ഓരോ തോന്നലിനനുസരിച്ച് കൂട്ട പ്രസ്താവനയിലൊപ്പിടാന്‍ വേണ്ടി ഒന്നിച്ചുകൂടുകയല്ലാതെ, ഒഴുക്കിനനുസരിച്ച് ചുമ്മാ തോണിയിറക്കിക്കളിക്കുകയല്ലാതെ, സാംസ്‌കാരിക നായകര്‍ എന്ന വംശം എപ്പോഴെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തതായി ചരിത്രമുണ്ടോ? കാലാകാലങ്ങളില്‍ ഇവരെ വിശ്വസിച്ച് പിന്നാലെ പോകുന്നവര്‍ക്ക് ഹാ, കഷ്ടം! ടി.പി.ചന്ദ്രശേഖരന്‍ വധത്തിനുശേഷം പ്രസിദ്ധീകരിച്ച വെട്ടുവഴി കവിതാസമാഹാരത്തില്‍ തന്നെ കയ്യൊപ്പിട്ടവര്‍ അമ്പത്തൊന്നാണ്. അമ്പത്തൊന്ന് വെട്ടിന് അമ്പത്തൊന്ന് കവിതകള്‍! അവരാരെങ്കിലും പിന്നീട് സി.പി.എം.വേദികളില്‍ നിന്നൊഴിഞ്ഞുനിന്നിട്ടുണ്ടോ? അവരുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതാതിരുന്നിട്ടുണ്ടോ? അവര്‍ കയറ്റാത്തതുകൊണ്ടുമാത്രം അവരോടൊപ്പം പ്രത്യക്ഷപ്പെടാത്തവരല്ല പരാമര്‍ശിക്കപ്പെടുന്നത്. നേരത്തെ ഉണ്ടായിരുന്ന ഉമേഷ് ബാബു ഇപ്പോഴുമുണ്ട്. അത് പക്ഷേ നമ്മുടെ വാദം ദുര്‍ബലമാക്കുന്നില്ല. ആര്‍.എം.പി.യുടെ കൂടെ തുടര്‍ന്ന് വെട്ടുവഴി നായകരാരെങ്കിലുമുണ്ടായോ?
കേരളത്തിലേറ്റവും എളുപ്പമുള്ള കാര്യം ഒരു സംഘടന ഉണ്ടാക്കലാണ്. എന്നോടൊപ്പം രണ്ടേ രണ്ടു പേര്‍ നില്‍ക്കാമോ? ഞങ്ങള്‍ക്ക് മൂന്ന് മാസവും തരൂ. പതിനായിരം പേരുടെ സംഘടന ഞങ്ങള്‍ ഉണ്ടാക്കിത്തരാം. വെല്ലുവിളി ഏറ്റെടുക്കുന്നോ? ഏതെങ്കിലും പുതിയ സംഘടന വരാന്‍ വേണ്ടി കാത്തുകെട്ടിക്കിടക്കുന്ന നൂറുകണക്കിന് പേര്‍ നമ്മുടെ നാട്ടിലുണ്ട്. മറ്റു സംഘടനകളില്‍ രക്ഷ കിട്ടാതെ പോയവര്‍, പുറത്താക്കപ്പെട്ടവര്‍, സാമൂഹ്യവിരുദ്ധര്‍, മാനസികമായി അത്ര നോര്‍മലല്ലാത്തവര്‍ – ഇവരുടെ ഒഴുക്കാണ് ഈ സാംസ്‌കാരിക നായക മുന്‍കൈയ്യോടൊപ്പം സംഭവിക്കുന്നത്. കേരളത്തില്‍ നക്‌സലൈറ്റുകളെപ്പോലും തകര്‍ത്തുകളഞ്ഞത് ഈ ഒഴുക്കാണ്. സാംസ്‌കാരിക നായകര്‍ക്ക് ലെറ്റര്‍ ഹെഡ്ഡ് കീറി ചവറ്റുകൊട്ടയിലിട്ട് ദന്തഗോപുരത്തിലേക്ക് തിരിച്ചുപോകാം. നഷ്ടപ്പെടാനൊന്നുമില്ല. കിട്ടാനുള്ളതോ ഒരാഴ്ചത്തെ മീഡിയാ കവറേജ്!
ഏറ്റവുമൊടുവിലത്തെ ഇര ആം ആദ്മി പാര്‍ട്ടിയാണ്. ദല്‍ഹിയിലെ വിജയത്തിനുശേഷം (പ്രീ ഡല്‍ഹിക്കാലത്തല്ല) നൂറുകണക്കിനാളുകളാണ് അംഗത്വത്തിന് വേണ്ടി ക്യൂ നില്‍ക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷനുമുമ്പിലെ ക്യൂ കഴിഞ്ഞാല്‍ ഏറ്റവും വലിയ ക്യൂ. സാംസ്‌കാരിക നായകര്‍ക്ക് അടങ്ങിയൊതുങ്ങി ഇനിയും ദന്തഗോപുരത്തിലൊളിക്കാനാവുമോ? അവരുമതാ ക്യൂവിന്റെ മുന്‍നിരയില്‍ തന്നെ അണിനിരന്നുകഴിഞ്ഞു. അഴിമതിക്കെതിരെ കെജ്‌റിവാളിനേക്കാള്‍ മുമ്പേ ചൂലെടുത്തത് താനെന്നവകാശപ്പെട്ട് സാറാജോസഫ് തന്നെ രണ്ടും കല്പിച്ചിറങ്ങിയ സാംസ്‌കാരിക നായകരില്‍ ഒന്നാമത്തെയാള്‍. ആരൊക്കെ പിന്നാലെ വരുന്നെന്നറിയാന്‍ വരും ദിവസങ്ങളിലെ വാര്‍ത്തകള്‍ കാണുക.
സാംസ്‌കാരിക നായകന്മാരിലുള്ള വിശ്വാസം ആരിലെങ്കിലും കൂടി മലയാളത്തിലവശേഷിക്കുന്നുണ്ടോ എന്ന് മൂക്കത്തു വിരല്‍ വെക്കാന്‍ വേണ്ടി മാത്രം, ഈ ഇടപെടല്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ സ്വന്തം വാര്‍ഡില്‍ പോലും കെട്ടിവെച്ച കാശ് തിരിച്ചുകിട്ടാവുന്ന ഒരൊറ്റ സാംസ്‌കാരിക നായകനും കേരളത്തിലവശേഷിക്കുന്നില്ല. ഏതെങ്കിലും ജനകീയ പ്രശ്‌നങ്ങളുടെ കൂടെ ഉറച്ചുനിന്ന് പൊരുതിയ ഏത് സാംസ്‌കാരിക നായകനുണ്ട് നമുക്ക്? വിശ്വാസ്യത നഷ്ടപ്പെടുത്തിയ ആക്ടിവിസ്റ്റ് നേതൃശിങ്കങ്ങളില്‍ ചിലരും പിന്നാലെ വരുന്നുണ്ടത്രെ. ചില താരങ്ങള്‍ നേതൃത്വത്തില്‍ വന്ന് വെള്ളിത്താലത്തില്‍ ഭരണം കൈയില്‍ വെച്ചുതരുമെന്ന് ഇപ്പോള്‍ ‘ആപ്പി’ലുള്ള ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കേരളവും മലയാളവുമറിയില്ല. ചന്തിയിലെ പൊടിയും തട്ടി സാംസ്‌കാരിക നായകര്‍ സ്വന്തം ദന്തഗോപുരത്തിലേക്കു തിരിച്ചുപോകും.
പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷിയാവണമെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവുന്നവര്‍ രാഷ്ട്രീയത്തില്‍ വരണം. ചൂല് ഒരു ചിഹ്നമല്ല, പ്രതീകവുമല്ല, അടിച്ചുവാരാനുള്ള ഒരുപകരണമാണ്. അടിച്ചുവാരാനറിയാവുന്നവര്‍ വേണം ചൂലെടുക്കാന്‍! നിശ്ചയമായും കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ഈജിയന്‍ തൊഴുത്തുകള്‍ വൃത്തിയാക്കപ്പെടേണ്ടതുണ്ട്. പക്ഷേ, സാംസ്‌കാരിക നായകരെ നമ്പിക്കൂടാത്. ഇക്കൂട്ടരെ നേതൃത്വവുമേല്‍പ്പിക്കരുത്. വേറെ ചുണക്കുട്ടികള്‍ രംഗത്തുവരട്ടെ. ധിഷണയും സര്‍ഗ്ഗാത്മകതയും ഉശിരുമുള്ള ഏറെയേറെ മിടുക്കന്മാരും മിടുക്കികളും. സാംസ്‌കാരിക നായകരെ രാത്രി ഒമ്പതുമണിയിലെ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിട്ടുകൊടുത്തേക്ക്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “സാംസ്‌കാരിക നായകര്‍ വരുമ്പോള്‍ ആം ആദ്മി സൂക്ഷിക്കുക:

  1. Bale Bhesh

  2. ഒരു തലമുറയിലെ യുവത്വത്തെ നശിപ്പിക്കുവാൻ മുൻ നിന്നവരിൽ ഒരാളുടെ ജൽപ്പ്നങ്ങൾ

  3. AAPൽ ചേരാൻ പ്രത്യേഗിച്ചു എന്തെങ്കിലും ആവിശ്യമില്ല.

    എന്നാല്‍, ആർഎംപിയിൽ ചേരണമെങ്കിൽ ചുരുങ്ങിയപക്ഷം കുറച്ചു ധൈര്യമെങ്കിലും വേണം CVK. അതാണ്‌ പലരും ഭയന്നു നില്‍ക്കുന്നത്. ഇത്രയും എഴുതിയ നിങ്ങള്‍ അതെഴുതാന്‍ വിട്ടു പോയത് മോശമായിപ്പോയി.

Leave a Reply