‘സംസ്‌കൃത സംഘ’ത്തിന്റെ ഗതിയും ചാപിള്ളയായ ‘സര്‍വധര്‍മ്മ സമഭാവന’യുടേതു തന്നേയോ?
പി ജെ ജെയിംസ് 2018 ആരംഭത്തില്‍, ‘ധൈഷണിക നേതൃത്വം’ വിക്ഷേപിക്കുകയും നിലം തൊടാതെ ചീറ്റിപ്പോകുകയും ചെയ്ത ‘സര്‍വധര്‍മ്മ സമഭാവന’യെ അപേക്ഷിച്ച് കൂടുതല്‍ ദുര്‍ബലമായ വിക്ഷേപണാടിത്തറയാണ് ഇപ്പോള്‍ സംസ്‌കൃതപണ്ഡിതരുടേതും അദ്ധ്യാപകരുടേതുമെന്ന പേരില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ‘സംസ്‌കൃത സംഘ’ത്തിന്റേതെന്നും അതിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിട്ടുള്ള ‘രാമായണ മാസാചരണ’ത്തിന്റേതെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതികരണങ്ങളില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തിന്റെ തന്നെ കയ്യൊഴിയലില്‍ നിന്നും വ്യക്തമാകുന്നു. ജാതി വിരുദ്ധതയിലും മതേതര മാനവികതയിലും അധിഷ്ഠിതമായ ഇടതുപക്ഷത്തിന്റെ ആശയ വ്യക്തതയോടെ ജനകീയ ഐക്യനിര കെട്ടിപ്പെടുക്കേണ്ടതിനു പകരം […]
2018 ആരംഭത്തില്‍, ‘ധൈഷണിക നേതൃത്വം’ വിക്ഷേപിക്കുകയും നിലം തൊടാതെ ചീറ്റിപ്പോകുകയും ചെയ്ത ‘സര്‍വധര്‍മ്മ സമഭാവന’യെ അപേക്ഷിച്ച് കൂടുതല്‍ ദുര്‍ബലമായ വിക്ഷേപണാടിത്തറയാണ് ഇപ്പോള്‍ സംസ്‌കൃതപണ്ഡിതരുടേതും അദ്ധ്യാപകരുടേതുമെന്ന പേരില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ‘സംസ്‌കൃത സംഘ’ത്തിന്റേതെന്നും അതിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിട്ടുള്ള ‘രാമായണ മാസാചരണ’ത്തിന്റേതെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതികരണങ്ങളില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തിന്റെ തന്നെ കയ്യൊഴിയലില്‍ നിന്നും വ്യക്തമാകുന്നു.
ജാതി വിരുദ്ധതയിലും മതേതര മാനവികതയിലും അധിഷ്ഠിതമായ ഇടതുപക്ഷത്തിന്റെ ആശയ വ്യക്തതയോടെ ജനകീയ ഐക്യനിര കെട്ടിപ്പെടുക്കേണ്ടതിനു പകരം ഗാന്ധിയെയും അംബേദ്കറെയും ഉത്തരാധുനിക കോണിലൂടെ നോക്കിക്കാണുന്ന ഓറിയന്റലിസ്റ്റ് റിവൈവലിസവും തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വെക്കുന്ന പ്രാഗ് മാറ്റിസവും, ‘പാശ്ചാത്യ സെക്കുലറിസ’ത്തിനെതിരെ ഇന്ത്യയുടെ തനതു മതാത്മക പാരമ്പര്യത്തെ പ്രതിസ്ഥാപിക്കുന്ന സംഘ പരിവാര്‍ യുക്തിയെയാണ് പോഷിപ്പിക്കുന്നതെന്ന് അന്നൊരു കുറിപ്പില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2012 ല്‍ പട്ടികജാതി ക്ഷേമ സമിതി രൂപവല്‍കരിച്ചു കൊണ്ട് ഇവര്‍ കീഴാളരുടെ ഒരു ‘മാഗ്‌നാകാര്‍ട്ട’ യും പ്രസിദ്ധീകരിച്ചിരുന്നു. ഭൂമിയുടെ മേലുള്ള സവര്‍ണ്ണാധിപത്യത്തോടൊപ്പം ഹിന്ദുത്വവും അതിന്റെ ചിഹ്നങ്ങളും ദളിതരുടെ ആജന്മ ശത്രുക്കളാണെന്ന് ഡോ. അംബേദ്കര്‍ ചൂണ്ടിക്കാട്ടിയതും അക്കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ ‘ബ്രാഹ്മിന്‍ ബോയ്‌സ്’ എന്നദ്ദേഹം വിശേഷിപ്പിച്ചതും തിരിച്ചറിഞ്ഞ്, അതിന് ആധാരമായ സമീപനം തിരുത്താതെ ഈ നീക്കം അപ്രസക്തമാണെന്ന് അന്ന് ഞങ്ങള്‍ വിശദമാക്കിയിരുന്നു.
ഇപ്പോള്‍ വീണ്ടും ‘രാമായണ മാസാചരണ’ (ഡസന്‍ കണക്കിന് രാമായണ ‘വേര്‍ഷന്‍സി’ല്‍ ഏതാണ് ഇവരുദ്ദേശിക്കുന്നതെന്ന വിഷയത്തിലേക്ക് ഇവിടെ കടക്കുന്നില്ല)മെന്ന പേരില്‍ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര ആയുധമായ രാമായണത്തെയും അതിന്റെ ചിഹ്നങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അപ്രോപ്രിയേറ്റ് ചെയ്യുന്നത് ഏതാനും സംസ്‌കൃത ബുദ്ധിജീവികളുടെ തലയിലുദിച്ചതല്ലെന്നും, മറിച്ച് തികഞ്ഞ ആശയ പാപ്പരത്വത്തോടൊപ്പം വോട്ടിനു വേണ്ടിയുള്ള ഭരണവര്‍ഗരാഷ്ട്രീയമാണ് അതിനു പിന്നിലെന്നും വ്യക്തമാണ്. മൃദു ഹിന്ദുത്വ പ്രയോഗത്തിലൂടെ ആക്രമണ ഹിന്ദുത്വത്തെ അധികാരത്തിലെത്തിച്ച കോണ്‍ഗ്രസിന്റെ പാത തന്നെയാണത്. ‘സിപിഎം ഞങ്ങളുടെ പണി എളുപ്പമാക്കിയിരിക്കുന്നുവെന്ന’ കേരളത്തിലെ ആര്‍എസ്എസ് നേതാവു കൂടിയായ ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. കാവിവല്‍ക്കരണത്തിന്റെ പേരില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാലും ആര്‍എസ്എസ് ശക്തിപ്പെടുകയേ ഉള്ളൂ എന്ന അതിന്റെ തലവന്‍ മോഹന്‍ ഭഗവതിന്റെ അടുത്ത കാലത്തെ നിരീക്ഷണവും ഇവിടെ പ്രസക്തമാണ്.
പെരിയോറിന്റെ ‘കീമായണം’ പോലെ രാവണമാസാചരണം ഉള്‍പ്പെടെ നടത്തുകയും രാമായണവും മഹാഭാരതവും പോലുള്ള ഐതിഹ്യങ്ങളിലും മിത്തുകളിലും അധിഷ്ഠിതമായ പിന്തിരിപ്പത്വത്തെയും ബ്രാഹ്മണ്യ മൂല്യങ്ങളെയും പരിമിതികളോടെയെങ്കിലും വെല്ലുവിളിക്കുകയും ചെയ്ത കേരളത്തിന്റെ നവോത്ഥാന – ജനകീയ ധാരകളൊന്നും കാണാതെ, മഹിഷാസുരദിനം ആചരിക്കുന്നവരെ ദേശദ്രോഹികളാക്കുന്ന സാംസ്‌കാരികാവസ്ഥക്കെതിരെ പ്രതികരിക്കാതെ, മതശക്തികളില്‍ നിന്നു മുക്തമായ ശാസ്ത്രീയ ചിന്തയും ഐഹികതയുടെ മൂല്യങ്ങളും എങ്ങനെയാണു വളര്‍ത്തിയെടുക്കുക? കേരളത്തില്‍ പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുന്‍കയ്യില്‍ ഈ ദിശയിലുള്ള ചില നീക്കങ്ങള്‍ 1980 കളുടെ തുടക്കത്തില്‍ ശക്തിപ്പെട്ട സന്ദര്‍ഭത്തിലായിരുന്നു സംഘപരിവാര്‍ രാമായണ മാസാചരണത്തിനു തുടക്കമിട്ടതെന്ന കാര്യം വിസ്മരിച്ചു കൂടാ. ഇന്നാകട്ടെ, വിശ്വാസികളുടെ വൃണം പൊട്ടുമെന്നതിനാല്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന, സ്ത്രീകള്‍ക്കെതിരെ കൊടിയ അതിക്രമം നടത്തിയ ളോഹയിട്ട ക്രിമിനലുകളെ കസ്റ്റഡിയിലെടുക്കാതിരിക്കുന്നിടത്തു വരെ കാര്യങ്ങള്‍ അധ:പതിച്ചിരിക്കുന്നു!
കാറ്റിനൊത്തു തൂറ്റുന്ന, കോപ്പറേറ്റ് മാഫിയ വ്യവസ്ഥയെ സേവിക്കുന്ന രാഷ്ട്രീയാപചയവുമായി ബന്ധപ്പെട്ടതാണു വിഷയം. രാഷ്ടീയ – സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് സ്വതന്ത്രമായി പ്രയോഗിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുകയും അടവുപരമായി അതു പ്രയോഗിക്കാന്‍ കരുത്തു നേടുകയും ചെയ്യുന്നതിനു പകരം ആയുധം നഷ്ടപ്പെട്ടവന്റെ ഗതികേടാണ് കാവിവല്‍ക്കരണത്തിനു സഹായകരമായ ഘടകങ്ങളെ തന്നെ ആശ്രയിക്കുന്ന ഇമ്മാതിരി അഡ്‌ഹോക് -പ്രയോഗ മാത്ര ആവിഷ്‌കാരങ്ങളിലൂടെ പുറത്തു വരുന്നത്. ആത്യന്തികമായി തീവ്രവലതുപക്ഷത്തെയാണ് അതു ശക്തിപ്പെടുത്തുക.
തീര്‍ച്ചയായും, ഇക്കാര്യത്തില്‍ ഇന്ന് സമസ്ത മേഖലകളിലും ഇടതുപക്ഷം നേരിടുന്ന ആ ശയപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ തുറന്നു സംവദിക്കാനും ജാതിവിരുദ്ധവും മതേതരവും സ്ത്രീ സൗഹൃദപരവുമായ ജനാധിപത്യവല്‍ക്കരണ പ്രക്രിയക്കു ബദലുകള്‍ കണ്ടെത്താനുമുള്ള കൂട്ടായ ശ്രമങ്ങളാവശ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in