ശില്‍പ്പനിര്‍മ്മാണത്തിലും അഭിനയത്തിലും ഏകലവ്യന്‍
സംസ്‌ഥാന ചലചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം കഴിഞ്ഞ് പിറ്റേന്നിറങ്ങിയ പത്രങ്ങള്‍ കണ്ടപ്പോള്‍ ചിലരെങ്കിലും ശ്രദ്ധിച്ച ഒന്നുണ്ടായിരുന്നു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടിയ അശോക് കുമാറിന്റെ ഫോട്ടോ ഒരു പത്രത്തിലുമുണ്ടായിരുന്നില്ല. സാധാരണ നിലക്ക് സംഭവിക്കാനിടയില്ലാത്ത കാര്യം. എന്നാല്‍ മലയാള സിനിമയുടെ സമകാലികാവസ്‌ഥയില്‍ അതു സംഭവിച്ചതില്‍ അത്ഭുതമില്ല. ഗ്ലാമറിന്റേയും പണക്കൊഴുപ്പിന്റേയും ലോകത്ത് ഒരു പാവപ്പെട്ട സിനിമയില്‍ പാവപ്പെട്ടവനായി അഭിനയിച്ച പാവപ്പെട്ടവന്റെ പടത്തിന് എന്തു പ്രസക്‌തി? ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്‌ഥാനപുരസ്‌കാരം നേടിയ ക്രൈം നമ്പര്‍ 89 കണ്ടവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. […]
സംസ്‌ഥാന ചലചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം കഴിഞ്ഞ് പിറ്റേന്നിറങ്ങിയ പത്രങ്ങള്‍ കണ്ടപ്പോള്‍ ചിലരെങ്കിലും ശ്രദ്ധിച്ച ഒന്നുണ്ടായിരുന്നു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടിയ അശോക് കുമാറിന്റെ ഫോട്ടോ ഒരു പത്രത്തിലുമുണ്ടായിരുന്നില്ല. സാധാരണ നിലക്ക് സംഭവിക്കാനിടയില്ലാത്ത കാര്യം. എന്നാല്‍ മലയാള സിനിമയുടെ സമകാലികാവസ്‌ഥയില്‍ അതു സംഭവിച്ചതില്‍ അത്ഭുതമില്ല. ഗ്ലാമറിന്റേയും പണക്കൊഴുപ്പിന്റേയും ലോകത്ത് ഒരു പാവപ്പെട്ട സിനിമയില്‍ പാവപ്പെട്ടവനായി അഭിനയിച്ച പാവപ്പെട്ടവന്റെ പടത്തിന് എന്തു പ്രസക്‌തി?
ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്‌ഥാനപുരസ്‌കാരം നേടിയ ക്രൈം നമ്പര്‍ 89 കണ്ടവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. എന്നാല്‍ കണ്ടവരെയെല്ലാം വിസ്‌മയപ്പെടുത്തിയ അഭിനയമായിരുന്നു അശോക് കുമാറിന്റേത്. ക്വട്ടേഷന്‍ സംഘത്തിന്റെ കേടുവന്ന കാര്‍ റിപ്പയര്‍ ചെയ്യാനുള്ള സമ്മര്‍ദ്ദത്തെ മുറുക്കി തുപ്പി നേരിടുന്ന സാധാരണക്കാരനായ ഒരു മെക്കാനിക്ക്. സമ്മര്‍ദ്ദം കൊടിയ മര്‍ദ്ദനത്തിലെത്തിയിട്ടും അതിനെ അതിജീവിക്കുന്ന പേരില്ലാത്ത മെക്കാനിക്കിനെ തന്മയത്വത്തോടെ അവതരിപ്പിച്ച അശോക് കുമാറാണ് ക്രൈം നമ്പര്‍ 89നെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത്.
പഠിക്കുമ്പോള്‍ മറ്റുപലരേയുംപോലെ നാടകത്തിലും മറ്റുമഭിനിയച്ചിട്ടുണ്ടെങ്കിലും ഒരു സിനിമാ നടനായി മാറുമെന്ന് അശോക് കുമാര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മറിച്ച് ഇദ്ദേഹം ചിത്രകാരനാണ്. ശില്‍പ്പിയാണ്. വാദ്യകലാകാരന്മാരെപോലെ ശില്‌പ്പികളുടേയും കേന്ദ്രമാണ് പെരിങ്ങോട് ഗ്രാമം. ശില്‍പ്പനിര്‍മ്മാണമാണ് ഇദ്ദേഹത്തിന്റെ പ്രധാന ജീവിതമാര്‍ണ്മം. മമുഖ്യമായും നിര്‍മ്മിക്കുന്നത് ഈശ്വരന്മാരുടെ ശില്‍പ്പങ്ങള്‍. അകിലാണം ശിവക്ഷേത്രത്തില്‍ ശില്‍പ്പം നിര്‍മ്മിക്കുമ്പോഴാണ് പുരസ്‌കാരത്തെ കുറിച്ചറിഞ്ഞത്. ഭാര്യയോട് മാത്രം ഇത്തവണ പുരസ്‌കാരമടിക്കുമോ എന്ന് തമാശക്ക് പറഞ്ഞിരുന്നെങ്കിലും വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. പിന്നീട് അഭിനന്ദനങ്ങളുടെ പ്രവാഹം. എ ന്നാല്‍ സിനിമയുടെ മുഖ്യധാരയില്‍ നിന്ന് ഏറെ അകന്നു കിടക്കുന്ന ഈ ഗ്രാമത്തില്‍ നിന്ന് അശോക് കുമാറിന്റെ ഒരു പടം പുറത്തുവരാന്‍ രണ്ടു ദിവസമെടുത്തു.
ശില്‍പ്പനിര്‍മ്മാണമായാലും അഭിനയമായാലും താന്‍ ഏകലവ്യനാണെന്ന് അശോക് കുമാര്‍ പറയുന്നു. ഗുരുക്കന്മാര്‍ ആരുമില്ല. സിനിമയിലെത്തിയത് യാദൃശ്‌ചികം. നാട്ടുകാരനും ചെറുപ്പക്കാരനുമായ സുദേവന്‍ സിനിമയുടെ മോഹവുമായി എത്തിയപ്പോള്‍ സഹകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുദേവന്റേയും സന്തതസഹചാരിയായ അച്യുതാന്ദന്റേയും സിനിമയോടുള്ള പ്രതിബദ്ധതയാണ് അഭിനയലോകത്തെത്തിച്ചത്. സുദേവന്റെ നാലു ചെറുസിനിമകളിലും അഭിനയിച്ചു. പ്ലാനിങ്ങ് എന്ന സിനിമയിലെ അഭിനയത്തിനു സംസ്‌ഥാന സര്‍ക്കാരിന്റെ ടിവി പുരസ്‌കാരം അച്യുതാനന്ദനും അശോക് കുമാറും പങ്കുവെച്ചു.
ആദ്യമഭിനയിച്ച ഫീച്ചര്‍ ഫിലിം പ്രേലാലിന്റെ ഔട്ട് സൈഡര്‍ ആയിരുന്നു. ശ്രീനിവാസനോടൊപ്പം അഭിനയിക്കാന്‍ സത്യത്തില്‍ ഭയമായിരുന്നു. ഇത്ര വലിയ നടനോടൊപ്പം…. അതു മനസ്സിലായ ശ്രീനിവാസന്‍ പറഞ്ഞത് അശോകിന്റെ ഷോര്‍ട്ട് സിനിമകള്‍ കണ്ട് താനാണ് ഭയക്കുന്നതെന്ന്. എന്തായാലും അഭിനയം നന്നായി. പിന്നീടാണ് ക്രൈം 89. സത്യത്തില്‍ ഒരു വര്‍ഷത്തിനുമുമ്പെ കഥാപാത്രത്തെ കുറിച്ച് സുദേവന്‍ വിശദീകരിച്ചിരുന്നു. എപ്പോഴും അതു മനസ്സിലിട്ട് നടന്നു. തടി കുറക്കാനുള്ള ശ്രമവും നടത്തി. പിന്നെയെല്ലാം അവിശ്വസനീയമായിരുന്നെന്നു പറയുന്നു അശോക് കുമാര്‍. സംവിധായകന്റെ യാതൊരു ഭാവവുമില്ലാത്ത സുദേവന്‍ എല്ലാം തനിക്കു ിട്ടുതരുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അഭിനയിക്കുകയാണെന്ന തോന്നല്‍ പോലും തനിക്കുണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു. എപ്പോഴും മുറുക്കി തുപ്പുന്ന സ്വഭാവം അതേപടി സിനിമയിലും ഉപയോഗിച്ചതാണ് അഭിനയം ഏറ്റവും അനായാസകരമാക്കിയത്. അങ്ങനെയാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ അത്യപൂര്‍വ്വമായ ഒരു കഥാപാത്രവും പിന്നാലെ ഒരു പുരസ്‌കാരവും പിറന്നത്.
അഭിനയരംഗത്തു തുടരുന്നോ എന്ന ചോദ്യത്തിനു ഭഗവാന്റെ ശില്‍പ്പത്തില്‍ അവസാനമിനുക്കുപണി ചെയ്യുന്ന അശോക് കുമാര്‍ മുറുക്കി ചുവന്ന ചിരി ചിരിച്ചു. 47 വയസ്സായി. ഭാര്യയും രണ്ടു മക്കളും. ജീവിക്കാന്‍ ഈ ജോലി തന്നെ തുടരും. പിന്നെ സിനിമ. അതു വരുമ്പോള്‍ ആലോചിക്കും. ഇടക്ക് ഇടുക്കി ഗോള്‍ഡില്‍ മുഖം കാട്ടിയിരുന്നു. കാത്തിരുന്നു കാണാം.
തിരിച്ചു വരുമ്പോള്‍ സത്യത്തില്‍ നമിച്ചുപോയി. ഇങ്ങനേയും ചിലര്‍, അതും നമ്മുടെ ഗ്രാമങ്ങളില്‍.. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായ ഭരത് രാജയേയും കൂട്ടരേയും അഭിനന്ദിക്കാതെ വയ്യ……..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in