വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തിന്റെ 60 വര്‍ഷം
കെ.വി. രാജേഷ് നെല്ലിക്കല്‍ കുഞ്ചാപ്പന്‍ മകള്‍ ജാനകിയ്ക്ക് ജീവിതം സമരംതന്നെയാണ്. 20-ാം വയസ്സില്‍ ആരംഭിച്ച ജീവിതസമരം ഇന്നും അവസാനിക്കുന്നില്ല. ഒരു ചെറിയ കാലയളവ് മാത്രം ദാമ്പത്യം. അതില്‍ പിറന്ന മകന്‍. ഇപ്പേള്‍ വയസ്സ് എണ്‍പത്തിനാലായി. ഇടയ്ക്കിടയ്ക്കുള്ള ആശുപത്രിവാസം ഏറെ ക്ഷീണിപ്പിച്ചിട്ടുണ്ട്. സഹായിയായി ഒപ്പം മരുമകളുണ്ട്. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു അധ്യാപികയേപോലെ “മനസ്സിലായോ”യെന്ന് തുടര്‍ച്ചയായി ചോദിയ്ക്കും. ഓര്‍മ്മകളില്‍ ഇടയ്ക്കിടയ്ക്ക് നിഴലുവീഴും. പക്ഷേ യുവത്വത്തിലെ ഓര്‍മ്മകളൊക്കയും ഇന്നലെ കഴിഞ്ഞപോലെയാണീ പോരാളിയ്ക്ക്. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ കണ്ണുകളില്‍ ഊര്‍ജ്ജം ഇരമ്പിയെത്തും. […]
നെല്ലിക്കല്‍ കുഞ്ചാപ്പന്‍ മകള്‍ ജാനകിയ്ക്ക് ജീവിതം സമരംതന്നെയാണ്. 20-ാം വയസ്സില്‍ ആരംഭിച്ച ജീവിതസമരം ഇന്നും അവസാനിക്കുന്നില്ല. ഒരു ചെറിയ കാലയളവ് മാത്രം ദാമ്പത്യം. അതില്‍ പിറന്ന മകന്‍. ഇപ്പേള്‍ വയസ്സ് എണ്‍പത്തിനാലായി. ഇടയ്ക്കിടയ്ക്കുള്ള ആശുപത്രിവാസം ഏറെ ക്ഷീണിപ്പിച്ചിട്ടുണ്ട്. സഹായിയായി ഒപ്പം മരുമകളുണ്ട്. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു അധ്യാപികയേപോലെ “മനസ്സിലായോ”യെന്ന് തുടര്‍ച്ചയായി ചോദിയ്ക്കും. ഓര്‍മ്മകളില്‍ ഇടയ്ക്കിടയ്ക്ക് നിഴലുവീഴും. പക്ഷേ യുവത്വത്തിലെ ഓര്‍മ്മകളൊക്കയും ഇന്നലെ കഴിഞ്ഞപോലെയാണീ പോരാളിയ്ക്ക്. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ കണ്ണുകളില്‍ ഊര്‍ജ്ജം ഇരമ്പിയെത്തും. കൈകള്‍ ഇടയ്ക്കിടെ കൂട്ടിതിരുമ്മുകയും കാലുകൊണ്ട് പതുക്കെ തറയില്‍ ചവിട്ടി ശബ്ദമുണ്ടാക്കുകയും ചെയ്യും. വേലൂരിനേയും പരിസരപ്രദേശത്തേയും പിടിച്ചുകുലുക്കിയ മാറുമറയ്ക്കല്‍ സമരമെന്ന സാമൂഹ്യവിപ്ലത്തിന്റെ നെടുനായകത്വം വഹിച്ചവരില്‍ ഇന്ന് അവശേഷിച്ച രണ്ടുപേരില്‍ ഒരാളാണീ മുത്തശ്ശി. മറ്റൊരാള്‍ വെള്ളറോട്ടില്‍ മീനാക്ഷി. രണ്ടുപേരും ഒരേ കുടുംബപശ്ചാത്തലമുള്ളവര്‍. അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകരും ദരിദ്രരുമായ മാതാപിതാക്കളുടെ മക്കള്‍. വളരെ ചെറുപ്പത്തില്‍ തന്നെ ജന്മികളുടെ കൃഷിയിടങ്ങളില്‍ തൊഴിലെടുത്തവര്‍. പ്രാഥമിക വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കത്തവര്‍. അവരാണീ സമരത്തിന്റെ പോരാളികളായി വേളത്ത് ലക്ഷ്മികുട്ടിയോടൊന്നിച്ച് അങ്കത്തിനിറങ്ങിയത്. പതിനെട്ട് ദേശങ്ങളുടെ കേന്ദ്രമായ മണിമലര്‍ക്കാവ് ക്ഷേത്രത്തില്‍ അവര്‍ണര്‍ താലമെടുക്കാനോ വസ്ത്രം ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാനോ, സവര്‍ണര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനോ പാടില്ലെന്ന പ്രാകൃത നിയമത്തെയാണ് ഇവര്‍ തകര്‍ത്തെറിയാന്‍ ശ്രമിച്ചത്. ക്ഷേത്രോത്സവത്തോട് ബന്ധപ്പെട്ട താലപ്പൊലിയ്ക്കിടയിലാണ് ഈ സമരം അരങ്ങേറുന്നത്. കുംഭത്തിലെ അശ്വതിനാള്‍ മുതല്‍ കാര്‍ത്തിക വരെ നീളുന്ന ആഘോഷമാണ് തൃശൂര്‍ വേലൂര്‍ മണിമലര്‍ക്കാവിലെ ഭരണി കുതിരവേല. പതിനെട്ട് ദേശങ്ങളില്‍ നിന്ന് എഴുന്നെള്ളിച്ച കുതിരകളെ അമ്പലമൈതാനത്ത് അണിനിരത്തും. വിവിധ സമുദായക്കാര്‍ തങ്ങളുടെ പരമ്പരാഗത അവകാശപ്രകാരം മുളകൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ ഫ്രൈമുകള്‍ക്ക് ് മുകളില്‍ ചുവന്ന പട്ടുചുറ്റി, മരത്തില്‍ പണിത ആടയാഭരണങ്ങള്‍ ചാര്‍ത്തിയൊരുക്കും. കുതിരകളെ ഒരുക്കുവാന്‍ ദിവസങ്ങളെടുക്കും. മുളയിലും മരത്തിലും തിര്‍ക്കുന്ന കുതിരകളുടെ ഫ്രെയിം തീര്‍ക്കുവാന്‍ ദേശത്തെ ആശാരി വിഭാഗത്തിലെ മുതിര്‍ന്നവര്‍ക്കാണ് അവകാശം . മണ്ണാന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പട്ട് തുന്നിചേര്‍ക്കുന്നതോടെ കുതിര തയ്യാറാവും. വിത്യസ്തമായ താളമേളങ്ങളോടെ ആയിരകണക്കിന് വരുന്ന ആളുകളുടെ അകമ്പടിയില്‍ കൊണ്ടുവരുന്ന ഒരോ കുതിരയേയും ചുമക്കാന്‍ നൂറോളംപേര്‍ ഉണ്ടാകും. പലകകൊണ്ട് തീര്‍ത്ത ഇരിപ്പിടത്തില്‍ കുതിരകള്‍ കറങ്ങികൊണ്ടിരിക്കും. വിവിധ ജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ആളുകള്‍ കുതിരകളെ ക്ഷേത്ര വളപ്പില്‍ കൊണ്ടുവെയ്ക്കും. അവര്‍ണര്‍ തീണ്ടിയ ഈ കുതിരകളെ ശുദ്ധിവരുത്തി നായന്മാര്‍ ക്ഷേത്ര കോമ്പൗണ്ടിലേയ്ക്ക് കയറ്റിവെക്കും. ദേശത്തെ ജാതി വിഭാഗങ്ങള്‍ കൊണ്ടുവരുന്ന കെട്ടിയാടപ്പെട്ട ദൈവങ്ങളും അനുഷ്ഠാന കലകളും തങ്ങള്‍ക്ക് സവര്‍ണര്‍ അനുവദിച്ചുകൊടുത്ത ക്ഷേത്രമതിലിന് പുറത്തെ ഒരു ആല്‍ചുവട്ടില്‍ തോറ്റം ചൊല്ലി പിരിയുന്നതോടെ പൊതുവായ ആഘോഷങ്ങള്‍ സമാപിക്കും. അതിന് ശേഷമാണ് സവര്‍ണരുടേത് മാത്രമായ അരിത്താലം ആരംഭിക്കുന്നത്. അതില്‍ പങ്കെടുക്കുന്നതിന് അവര്‍ണസ്ത്രീകള്‍ക്ക് അനുവാദമില്ല. പങ്കെടുക്കാവുന്ന സവര്‍ണസ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനും അനുവാദമില്ലായിരുന്നു. “പൂക്കളും, പൂജാദ്രവ്യങ്ങളും , പാതി തേങ്ങാമുറിയും, കത്തിച്ചുവെച്ച ചെരാതും , കവുങ്ങിന്‍ പൂക്കുലയും നിറച്ചുവെച്ച തളികയെടുത്ത് നായര്‍-നമ്പ്യാര്‍ യുവതികള്‍ നിരന്ന് നില്‍ക്കും. ചെണ്ടമേളത്തിനനുസരിച്ച് വാളുംചിലമ്പും ഇളക്കി, അഴിച്ചിട്ട മുടിയില്‍ തലോടി, ചുവന്ന പട്ടില്‍ ചിലമ്പുകൊണ്ട് പതുക്കെ തട്ടി ശബ്ദമുണ്ടാക്കി വെളിച്ചപ്പാട് ദേവിയായി ഇടയ്ക്കിടെ ഉറഞ്ഞുതുള്ളും. ചെരാതില്‍ നിറഞ്ഞുകത്തുന്ന മഞ്ഞവെളിച്ചത്തില്‍ റൗക്ക അഴിച്ചുവെച്ച് മാറിടങ്ങള്‍ നഗ്നമാക്കിയ യുവതികള്‍ ചെണ്ടമേളത്തിനൊപ്പം നടന്നുനീങ്ങും. നഗ്നമായ മുലകള്‍ കാണുന്നതിന് ആണുങ്ങള്‍ തിക്കിതിരക്കി നില്‍ക്കും. ആയിരങ്ങളുടെ തുറിച്ചുനോട്ടങ്ങള്‍ക്ക് മുമ്പില്‍ സ്ത്രീകള്‍ അപമാനം കൊണ്ട് തലതാഴ്ത്തി നില്‍ക്കും. മേല്‍ജാതിയിലെ ജന്മിമാരും പ്രമാണിമാരും ഉറക്കെ ചിരിച്ചുകൊണ്ട് വെടി പറയും. വിദൂരദേശങ്ങളില്‍നിന്ന് പോലും ആളുകള്‍ ഈ കാഴ്ച കാണാന്‍ വരും. അയിത്തം പാലിക്കുന്ന ജാതികള്‍ ആചാരപ്രകാരമുള്ള അകലം പാലിച്ചുകൊണ്ട് ഇരുവിഭാഗത്തിലുമുള്ള ആണുങ്ങള്‍ നിരന്നുനില്‍ക്കും. പുലയരിലും പറയരിലുംപ്പെട്ടവര്‍ വേലിക്കുപുറത്തുനിന്ന് മേല്‍ജാതി യുവതികളെ കൊതിയോടെ നോക്കിനില്ക്കും. മണിമലര്‍ക്കാവ് വേലയെന്നാല്‍ ആണുങ്ങള്‍ക്ക് ഈ കാഴ്ചയായിരുന്നു പ്രധാനം. . ഭരണിനാളില്‍ സന്ധ്യയ്ക്കു തുടങ്ങി അര്‍ദ്ധരാത്രിയെടെ അവസാനിക്കുന്ന അരിപറയ്ക്കാണ് ആളുകള്‍ കൂടുക. ഈശ്വരവിശ്വാസത്തിന്റെ മറവില്‍ പെണ്ണുങ്ങളുടെ വസ്ത്രമുരിയിച്ച് അത് ആസ്വദിച്ചുനില്‍ക്കുന്ന സവര്‍ണ അശ്ലീലതയ്‌ക്കെതിരേയായിരുന്നു വേലൂരിലെ സ്ത്രീകളുടെ പോരാട്ടം മേല്‍ജാതി സ്ത്രീകള്‍ക്കല്ലാതെ പങ്കെടുക്കാന്‍ അനുവാദമില്ലാതിരുന്ന അരിത്താലത്തില്‍ മാറിടം പ്രദര്‍ശിപ്പിച്ചുനടക്കുന്ന സ്ത്രീകള്‍ക്കിടയിലൂടെ വേളത്ത് ലക്ഷ്മികുട്ടിയും നെല്ലിക്കല്‍ ജാനകിയും നയിച്ച ഇരുപതോളം അവര്‍ണ സ്ത്രീകള്‍ ബ്ലൗസ് ധരിച്ച് താലവുമെടുത്തുകൊണ്ട് നീങ്ങിയതോടെ നായര്‍-നമ്പ്യാര്‍ സ്ത്രീകള്‍ അകന്നുമാറി. വെളിച്ചപാട് രാവുണ്ണിനായര്‍ കോപംകൊണ്ട് ജ്വലിച്ചു. ദേവിയായിനിന്ന് ശാപവാക്കുകള്‍ ചൊരിഞ്ഞ അദ്ദേഹം നാടാകെ വസൂരി (ചിക്കന്‍പോക്‌സ്) വിതറുമെന്ന് ആക്രോശിച്ച് സ്വന്തം തല വെട്ടിപൊളിച്ചു. ഉള്ളം കൈയ്യില്‍ നെല്ല് വെച്ച് വസൂരിയെന്ന ഭാവത്തില്‍ വിതറാന്‍ ഒരുങ്ങിയ അദ്ദേഹത്തോട് അപ്പാടെ വിതറേണ്ടതില്ല എന്റെ കൈയ്യില്‍ തന്നോളുവെന്ന് പറഞ്ഞു മുന്നോട്ടുവന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന എ.എസ്.എന്‍ നമ്പീശന്‍, കെ.എസ്. ശങ്കരന്‍ തുടങ്ങിയവരെ പോലുള്ള യുവാക്കളുടെ ഇടപെടല്‍ സവര്‍ണരുടെ നേതൃത്വമുള്ള നായര്‍പ്രമാണിമാരെ പ്രകോപിതരാക്കി. കത്തിച്ചുപിടിച്ച പന്തങ്ങളും കവുങ്ങിന്‍തണ്ടുകളുമായി അവര്‍ സംഘടനത്തിനൊരുങ്ങി. അതുവരെ പതിവില്ലാത്ത പ്രദേശം സഘര്‍ഷാവസ്ഥയിലായി. സംഘട്ടത്തിന് തയ്യാറെടുത്ത നായര്‍ പ്രമാണിമാരെ കൈകാര്യംചെയ്യാന്‍ കമ്മ്യൂണിസ്റ്റ് വളണ്ടിയര്‍മാരുടെ നിരയും തയ്യാറെടുത്തു. ഇതിനിടയ്ക്ക് നായര്‍-നമ്പ്യാര്‍ സ്ത്രീകള്‍ നടയ്ക്കലേയ്ക്ക് ഓടി താലം ചൊരിഞ്ഞതേടെ ജാനകിയും സഹപ്രവര്‍ത്തകരും നടയ്ക്കല്‍ പറ ചൊരിഞ്ഞു. ദൈവഹിതമെന്ന പേരില്‍ അതുവരെ അനുഷ്ഠിച്ചിരുന്ന സവര്‍ണമൂല്യബോധത്തെയാണ് അന്ന് ആ സ്ത്രീകള്‍ പൊളിച്ചെഴുതിയത്. ഇനിമേല്‍ മാറുമറയ്ക്കാതെ അരിത്താലം നടത്താന്‍ കഴിയില്ലെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപനം മണിമലര്‍ക്കാവിലും സമീപ പ്രദേശങ്ങളിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടപ്പിലാവുകയായിരുന്നു. പക്ഷേ എന്നിട്ടും അവര്‍ണര്‍ അരിത്താലത്തില്‍ പങ്കെടുത്തു തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. പൊതുസ്ഥലങ്ങളും വഴിനടക്കാനുള്ള സഞ്ചാരപാതകളും നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ അമ്മ ദൈവസങ്കല്‍പ്പത്തിന്റെ കേന്ദ്രമായിരുന്നു കാവുകള്‍. ഈ കാവുകള്‍കൂടി സവര്‍ണ അധിനിവേശത്തിനും സവര്‍ണവല്‍ക്കരണത്തിനും വിധേയമായപ്പോള്‍ പരമ്പരാഗത കീഴാള വിഭാഗങ്ങള്‍ക്ക് കാവുകളുടെ പരിസരത്തുനിന്നും പുറത്തേയ്ക്ക് , കൂടുതല്‍ അകലേയ്ക്ക് ഏതെങ്കിലും ആലിന്റെയോ കാഞ്ഞിരത്തിന്റെയോ കീഴിലേയ്ക്ക് പിന്‍വാങ്ങേണ്ടി വന്നു. ഇക്കാലഘട്ടം സവര്‍ണരുടെ ആത്മീയതയുടേയും അധികാരത്തിന്റേയും കേന്ദ്രങ്ങളായിരുന്ന ക്ഷേത്രങ്ങള്‍ക്ക് പുറമെ അവര്‍ണ ആരാധന കേന്ദ്രങ്ങള്‍കൂടി അധീനപ്പെടുത്തുകയാണുണ്ടയത്. ഇതിന്റെ ഭാഗമായാണ് അവര്‍ണരുടെ രൗദ്രമൂര്‍ത്തികളില്‍ ഒന്നായ കാളി, ഭഗവതിയായും ക്രമേണ ദേവിയായും മാറിയത്. ഇതിലൂടെ സവര്‍ണരുടെ ശുദ്ധാശുദ്ധി സങ്കല്‍പ്പങ്ങള്‍ ഇവിടെക്കൂടി സാധ്യമാക്കുക കൂടിയായിരുന്നു. ഇതിന്റെ ഫലമായിരുന്നു ക്ഷേത്രപരിസരങ്ങളില്‍ വ്യവഹാരത്തിന്റേയും സഞ്ചാരത്തിന്റേയും വസ്ത്രധാരണത്തിന്റേയുമൊക്കെ പരിധി നിര്‍ണയിക്കപ്പെട്ടത്. ഇതാകട്ടെ ഇപ്പോഴും ഏറിയും കുറഞ്ഞും നിലന്ല്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ പരിധി നിര്‍ണയിക്കപ്പെട്ട സഞ്ചാര-വ്യവഹാര-വസ്ത്രധാരണ പരിധികളെ ലംഘിക്കാന്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യംമുതല്‍തന്നെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ ഫലമായാണ് നവോത്ഥാനപ്രസ്ഥാനങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നത്. വൈകുണ്ഠസ്വാമിയും അയ്യങ്കാളിയും ശ്രീ നാരായണഗുരുവും മുന്നോട്ട് കൊണ്ടുപോയ നവോത്ഥാന ശ്രമങ്ങളുടെ ഭാഗമായിരുന്നു മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. . ആധുനികകേരളത്തെ രൂപപ്പെടുത്തിയ നവോത്ഥാന സമരങ്ങളില്‍ അപ്രധാനമാക്കപെടുകയോ, വിസ്മരിക്കുകയോ ചെയ്യപ്പെട്ട ഒന്നാണ് മണിമലര്‍ക്കാവ് മാറുമറക്കല്‍ സമരം. സവര്‍ണരെ കാണുമ്പോള്‍ മാറിടം വിവസ്ത്രമാക്കണമെന്ന ജന്മിത്വ-സവര്‍ണമാടമ്പിത്തരത്തിനും വിശ്വാസ സംഹിതയ്ക്കുമെതിരെ സ്ത്രീകളുടെ ചെറുത്തുനില്‍പ്പായിരുന്നു ഇത്. ക്ഷേത്രപ്രവേശനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന , ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സമരങ്ങളില്‍ ഒന്ന് മാത്രമല്ല മണിമലര്‍ക്കാവ് മാറുമറക്കല്‍ സമരം. ജാതി കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീകളെ അടിമകളായും ഉപകരണങ്ങളായും കണ്ടിരുന്ന സാമൂഹ്യവ്യവസ്ഥക്കെതിരെ കേരളത്തില്‍ നടന്ന സ്ത്രീ വിമോചനപോരാട്ടങ്ങളില്‍ അപൂര്‍വ്വമായ സമരങ്ങളില്‍ ഒന്നാണിത്. ജാതി-ജന്മിത്വത്തിനും സവര്‍ണ മേല്‍കോയ്മക്കും അതിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്കുമെതിരെ വിപുലമായ പ്രചരണത്തിനൊടുവില്‍ 1956 ലാണീ സമരം നടക്കുന്നത്. 1954 ല്‍ വേലൂര്‍ കേന്ദ്രീകരിച്ച് വാഴാനി ഡാമില്‍ നിന്നു വരുന്ന കനാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴില്‍ സമരമാണ് സ്ത്രീകള്‍ നേതൃത്വമായുള്ള ഈ സമരത്തിന് അവരെ കരുത്തുള്ളവരാക്കി മാറ്റിയത്. അറുപതോളം സ്ത്രീകളാണ് അന്ന് ജയില്‍വാസമനുഭവിച്ചത്. അതില്‍ പങ്കെടുത്ത മുഴുവന്‍ സ്ത്രീനേതൃത്വവും ഈ സമരത്തിലും പങ്കെടുത്തു. വേളത്ത് ലക്ഷ്മികുട്ടി, കെ.സി. കാളികുട്ടി, കെ.കെ. കുറുമ്പ, അത്താണിക്കല്‍ ജാനകി, അത്താണിക്കല്‍ കമലു, വേളത്ത് വള്ളിയമ്മു, വെള്ളറോട്ടില്‍ മീനാക്ഷി, ഞാലില്‍ അമ്മു, നെല്ലിക്കല്‍ ജാനകി എന്നിവരാണ് മാറുമറക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയത്. പോരാളികളില്‍ മിക്കവാറും ആളുകള്‍ മരണപ്പെട്ടുപോയെങ്കിലും വെള്ളറോട്ടില്‍ മീനാക്ഷി, നെല്ലിക്കല്‍ ജാനകി എന്നിവര്‍ ഇന്നും ജീവിച്ചിരിക്കുന്നവരാണ്. ബ്രാഹ്മണര്‍ നിത്യവിശുദ്ധരെന്ന് പറഞ്ഞത് മനുസ്മൃതിയാണ്. മനുഷ്യ സമൂഹങ്ങള്‍ക്കിടയിലെ ശുദ്ധാശുദ്ധിയുടെ അതിരുകള്‍ നിര്‍ണയിച്ചതും ഈ കൃതിയാണ്. അതിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ നിശ്ചിത ഘടനയെ നൂറ്റാണ്ടുകളായി നിലനിര്‍ത്തിപോരുന്ന ഈ സങ്കല്‍പ്പത്തിന്റെ പ്രയോഗ സാധ്യത ഇന്നും സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജാതിവ്യവസ്ഥയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ശാരീരിക-സൈദ്ധാന്തിക അയിത്ത സങ്കല്‍പ്പം ചൂഷ്ണാത്മകമായ ജാതിവ്യവസ്ഥയുടെ അടികല്ലായിതന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. പ്രത്യേക വാസ സങ്കേതങ്ങളും വ്യവഹാര പരിസരങ്ങളും ഭാരതത്തിലുടനീളം സൃഷ്ടിക്കപ്പെട്ടത് അതിനാലാണ്. കേരളത്തിലത് തീണ്ടാപാടെന്ന രീതിയില്‍ ദൂരപരിധിയെ തന്നെ നിര്‍ണയിച്ചു. ഉല്പാദനവ്യവസ്ഥയുമായി ബന്ധമില്ലാതിരുന്ന ബ്രാഹ്മണ- നായര്‍ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഭക്ഷ്യോല്‍ദനംപോലും തീണ്ടാപാടിനെ ലംഘിക്കാതെ നിര്‍വഹിക്കേണ്ടത്ര തീവ്രമായിരുന്നു കേരളത്തിലെ ജാതിവ്യവസ്ഥയുടെ പരിസരം. ഇന്ത്യയുടെ സ്വാതന്ത്ര്യ സ്വപ്നം പൂവണിഞ്ഞെന്ന് കരുതുന്ന 1947 കഴിഞ്ഞ് ഒമ്പത് വര്‍ഷം കഴിഞ്ഞ് 1956 ലാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വസ്ത്രം ധരിക്കാനും പൊതുവഴിയില്‍ കൂടി സഞ്ചരിക്കാനും വേണ്ടി സമരം ചെയ്യേണ്ടി വന്നതെന്ന അതിശയോക്തി ഇതിനുണ്ട്. ഈ മഹാചരിത്രസംഭവത്തിന്റെ 60-ാം വാര്‍ഷമാണ് 2016. കേരളത്തിലെ നവോത്ഥാന സമരങ്ങളില്‍ ഒരുപക്ഷേ അവസാനത്തെതാണ് മണിമലര്‍ക്കാവ് മാറുമറക്കല്‍ സമരം. നാം ജനിച്ചുവളര്‍ന്ന സമൂഹത്തില്‍ സംസ്‌കാരവും സമ്പദ്‌വ്യവസ്ഥയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്ന ഓര്‍മ്മപെടുത്തലുകള്‍ ജാനകിയേപോലുള്ളവരാണ് നമുക്കു മുന്നിലെത്തിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in