വനിതാമതില്‍ വര്‍ഗ്ഗീയമല്ല, തട്ടിപ്പാണ്

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കെ പി എം എസിന്റേയും എസ് എന്‍ ഡി പിയുടേയും സഹകരണത്തോടെ നവവത്സരദിനത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നിര്‍മ്മിക്കുന്ന വനിതാമതില്‍ വര്‍ഗ്ഗീയമതിലാണെന്ന എം കെ മുനീറിന്റെ പരാമര്‍ശം നിയമസഭയെ കലുഷിതമാക്കിയല്ലോ. ഹൈന്ദവ സാമുദായിക സംഘടനകളുടെ സാമിപ്യവും അതേസമയം മുസ്ലിം – ക്രിസ്ത്യന്‍ സംഘടനകളുടെ അഭാവവുമായിരിക്കാം അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിച്ചത്. എന്തായാലും വനിതാമതില്‍ വര്‍ഗ്ഗീയമതിലാണെന്നു പറയാനാകില്ല. പക്ഷെ അതൊരു തട്ടിപ്പുമതിലാണെന്ന് നിസംശയം പറയാം. എസ് എന്‍ ഡി പിയേയും കെ പി എം […]

xx

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കെ പി എം എസിന്റേയും എസ് എന്‍ ഡി പിയുടേയും സഹകരണത്തോടെ നവവത്സരദിനത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നിര്‍മ്മിക്കുന്ന വനിതാമതില്‍ വര്‍ഗ്ഗീയമതിലാണെന്ന എം കെ മുനീറിന്റെ പരാമര്‍ശം നിയമസഭയെ കലുഷിതമാക്കിയല്ലോ. ഹൈന്ദവ സാമുദായിക സംഘടനകളുടെ സാമിപ്യവും അതേസമയം മുസ്ലിം – ക്രിസ്ത്യന്‍ സംഘടനകളുടെ അഭാവവുമായിരിക്കാം അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിച്ചത്. എന്തായാലും വനിതാമതില്‍ വര്‍ഗ്ഗീയമതിലാണെന്നു പറയാനാകില്ല. പക്ഷെ അതൊരു തട്ടിപ്പുമതിലാണെന്ന് നിസംശയം പറയാം.
എസ് എന്‍ ഡി പിയേയും കെ പി എം എസിനേയും മുന്നില്‍ നിര്‍ത്തിയിട്ടാണ് വനിതാ മതില്‍ നിര്‍മ്മിക്കുന്നതെങ്കിലും അതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തി സിപിഎം തന്നെ. പാര്‍ട്ടിയുമായി ബന്ധപ്പെട്ട യുവതികളില്‍ വലിയൊരു വിഭാഗത്തെ രംഗത്തിറക്കിയാല്‍ വനിതാ മതിലിനു വിള്ളലുണ്ടാകില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളും സാമുദായികസംഘടനകളുടെ പങ്കാളിത്തവും കൂടിയായാല്‍ സംശയത്തിനൊരു സ്ഥാനവുമില്ലെന്ന് പാര്‍ട്ടി കരുതുന്നു. ഇടതുമുന്നണി ഒന്നാകെ മതില്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്നും പ്രതീക്ഷയുണ്ട്.
ഏറെക്കുറെ സാലറി ചലഞ്ചിനു സമാനമായ രീതിയില്‍ നിര്‍ബന്ധപൂര്‍വ്വം സര്‍ക്കാര്‍ ജീവനക്കാരെ മതിലിലണിനിരത്താനാണ് നീക്കം. ഓരോ ജില്ലയിലേയും ഉത്തരവാദിത്തം ഓരോ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട.് മുഖ്യസംഘാടനം സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പാണ് നിര്‍വ്വഹിക്കുന്നത്. പി.ആര്‍.ഡിയെ പ്രചാരണത്തിന്റെ ചുമതലയും ഏല്‍പ്പിച്ചു. ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കാനാണ് തീരുമാനം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എന്തിനാണ് വനിതാമതില്‍ എന്ന ചോദ്യം ബാക്കിയാകുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടല്ല വനിതാമതില്‍ നിര്‍മ്മിക്കുന്നതെന്ന് ദേവസ്വം മന്ത്രിയടക്കമുള്ള പാര്‍ട്ടി നേതാക്കളും ”മതില്‍ നിര്‍മ്മാണ സമിതി ചെയര്‍മാന്‍” വെള്ളാപ്പള്ളി നടേശനുമടക്കമുള്ളവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. രണ്ടുകാരണങ്ങളാണ് അതിനുള്ളത്. ഒന്ന് വനിതാ മതിലിനു തീരുമാനമെടുത്ത യോഗത്തില്‍ പങ്കെടുത്ത മിക്കവാറും സംഘടനകളും വ്യക്തികളും ശബരിമലയിലെ സ്ത്രീപ്രവേശനം അംഗീകരിക്കുന്നില്ല. വെള്ളാപ്പള്ളി അതു തുറന്നുതന്നെ പറഞ്ഞല്ലോ. നവോത്ഥാനത്തിനാണ് വനിതാമതില്‍, ശബരിമല യുവതീപ്രവേശനം അതില്‍ പെടില്ല, ആര്‍ത്തവം അശുദ്ധമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതാണ്, നാരായണഗുരുവും അതംഗീകരിക്കുന്നു എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദങ്ങള്‍. എന്തായാലും വെള്ളാപ്പള്ളി അതു തുറന്നു പറഞ്ഞു. സിപിഎം നേതാക്കളാകട്ടെ ഈ ചോദ്യത്തിനു മുന്നില്‍ ഉരുണ്ടു കളിക്കുന്ന കാഴ്ചയാണ് കാണുന്നത്. കടകംപള്ളിയേയും പത്മകുമാറിനേയും പോലുള്ളവര്‍ വനിതാപ്രവേശനത്തിന് പൂര്‍ണ്ണമായും എതിരാണെന്നു വ്യക്തം. മറ്റുനേതാക്കളുടെ മനസ്സിലരിപ്പ് വ്യക്തമല്ല. അപ്പോഴും ശബരിമല വിഷയം വനിതാ മതിലിന്റെ അജണ്ടയായാല്‍ മതിലാകെ വിള്ളലാകുമെന്ന് അവര്‍ക്കറിയാം. അതിനാലാണ് ശബരിമല വിഷയത്തിലല്ല വനിതാ മതിലെന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം. സമിതിയുടെ ജോ കണ്‍വീനറായ സുഗതന്റെ നിലപാടുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ നടന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വനിതാമതിലെങ്കില്‍ യുവതീപ്രവേശനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം, രഹ്ന ഫാത്തിമയെ നിരുപാധികം വിട്ടയക്കണം. കേരളം അഭിമുഖീകരിക്കുന്ന മറ്റെന്തെങ്കിലും വിഷയമാണെങ്കില്‍ വനിതാ മതിലല്ല വേണ്ടത്, എല്ലാവരുടേയും മതിലാണ്, മുസ്ലിം – ക്രിസ്ത്യന്‍ സാമുദായിക സംഘടനകളേയും അതിന്റെ സംഘാടകരാക്കണം… അവിടെയാണ് സര്‍ക്കാരിന്റെ തട്ടിപ്പ് വ്യക്തമാകുന്നത്.
വാസ്തവത്തില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ഈ കോലാഹലമൊക്കെ ഉയര്‍ന്നു വന്നതെന്ന് ആര്‍ക്കാണറിയാത്തത്? ഈ വിഷയമുയര്‍ന്നു വന്നതിനാലാണല്ലോ നവോത്ഥാനത്തെ കുറിച്ച് പഠിക്കാനും സംസാരിക്കാനും സിപിഎം നേതാക്കള്‍ പോലും തയ്യാറായത്? കേരളം സൃഷ്ടിച്ചതില്‍ നവോത്ഥാന പ്രസ്ഥാനങ്ങളേക്കാള്‍ തങ്ങള്‍ക്കാണ് പങ്കെന്ന് അഹങ്കരിച്ചിരുന്നവരുടെ അഹങ്കാരം കുറെയൊക്കെ ഇല്ലാതാക്കാന്‍ ഈ സംഭവങ്ങള്‍ കാരണമായി എന്നത് സത്യമാണ്. എന്നാല്‍ അതേ നവോത്ഥാനപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് എവിടേയും ലിംഗവിവേചനം ഇല്ലാതാക്കുന്ന പ്രവര്‍ത്തനം എന്നംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. ബിജെപി ഒന്നുമല്ലെങ്കില്‍ അവരുടെ നിലപാടിനോടെങ്കിലും സത്യസന്ധരാണ്. സിപിഎം അതിനുപോലും തയ്യാറല്ല. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് അവരാവര്‍ത്തിക്കുന്നത്. എന്നാല്‍ അതു വിശ്വസിച്ച് മല കറാന്‍ പോയ രഹ്ന ഫാത്തിമ ഇപ്പോളും ജയിലിലാണ്. രഹ്നയെ ആക്ഷേപിക്കുന്നതിനാല്‍ സംഘപരിവാറിനേക്കാള്‍ മുന്നിലാണ് നവോത്ഥാനവാദികള്‍ എന്നതാണ് കൗതുകകരം. പുതിയ നവോത്ഥാന പ്രഭാഷകനായ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനിയാണ്. സുപ്രിംകോടതി വിധി മറിച്ചായാല്‍ അതും തങ്ങള്‍ നടപ്പാക്കുമെന്ന ലളിതമായ യുക്തി മാത്രമാണ് സിപിഎമ്മിനേയും സര്‍ക്കാരിനേയും നയിക്കുന്നത്. ശബരിമല വിഷയത്തിലാകട്ടെ സര്‍ക്കാരും ബിജെപിയും ധാരണയെത്തി എന്ന ആരോപണം വിശ്വസനീയവുമാണ്. സമരം സെക്രട്ടറിയേറ്റിനുമുന്നിലേക്കു മാറ്റാനുള്ള തീരുമാനം ബിജെപി എടുത്തത് ഒരു യുവതിയും മല കയറില്ല എന്ന സര്‍ക്കാരിന്റഎ ഉറപ്പിനെ തുറന്നുതന്നെയായിരിക്കണം. മാത്രമല്ല, സംഘപരിവാര്‍കാര്‍ക്ക് നിരീക്ഷണം ശക്തമാക്കാന്‍ സഹായിക്കുന്ന രിതിയില്‍ ഭക്ഷണവിതരണം അയ്യപ്പസേവാസംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തല്ലോ.
ഇത്തരമൊരു സാഹചര്യത്തില്‍ ശബരിമലയിലെ യുവതീപ്രവേശനം തടയാനാണ് വനിതാമതില്‍ തീരുമാനമെന്ന വിമര്‍ശനവും തള്ളിക്കളയാനാവില്ല. വനിതാ മതില്‍ സമിതിയിലെ സംഘടനാ നേതാക്കളില്‍ പുന്നല ശ്രീകുമാര്‍ മാത്രമാണത്രെ യുവതീപ്രവേശനത്തെ പിന്തുണക്കുന്നത്. എന്നാല്‍ കെ പി എം എസിലെ തന്നെ ഭൂരിഭാഗം സ്ത്രീകളും അതിനെതിരാണെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് വനിതാമതിലിനു ശബരിമല യുവതി പ്രവേശനവുമായി ബന്ധമില്ലെന്ന നിലപാടിനെ തള്ളിക്കളഞ്ഞ് അതേ യോഗത്തില്‍ തന്നെ പങ്കെടുത്ത സണ്ണി കപിക്കാടിനെ പോലുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റേയും മറ്റു വനിതാ മതില്‍ നിര്‍മ്മാതാക്കളുടേയും ഇക്കാര്യത്തിലെ കാപട്യം അനാവരണം ചെയ്യുകയാണ് ഇപ്പോള്‍ ജനാധിപത്യ – മതേതരവാദികള്‍ ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply