രാഷ്ട്രീയകോലാഹലങ്ങള്‍ക്കിടിയല്‍ വനാവകാശനിയമം മറക്കുന്നു.

അരുവിക്കരയും സോളാറും ബാറുമൊക്കെ അരങ്ങുതകര്‍ക്കുമ്പോള്‍ കേരളീയ സമൂഹം വിസ്മരിക്കപ്പെടുന്ന പലതുമുണ്ട്. അവയാകട്ടെ മുഖ്യമായും ദുര്‍ബലവിഭാഗങ്ങളുടെ അവകാശങ്ങളാണ്. ആദിവാസി വിഭാഗങ്ങളുടെ വനാവകാശനിയമം നട്പപാക്കല്‍ തന്നെ ഒരുദാഹരണം. വനഭൂമിയില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വനാവകാശനിയമം അടിയന്തരമായി നടപ്പാക്കാന്‍ കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നു. എന്നാലതു നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഇനി വരുന്ന നാളുകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും പിന്നാലെ നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പു കോലാഹലങ്ങളായിരിക്കും. വോട്ടുബാങ്കല്ലാത്ത ആദിവാസികളുടെ ആവശ്യങ്ങളില്‍ ആര്‍ക്കു താല്‍പ്പര്യം? വനാവകാശനിയമം നടപ്പാക്കുന്നതില്‍ കേരളമടക്കമുള്ള […]

adivasi

അരുവിക്കരയും സോളാറും ബാറുമൊക്കെ അരങ്ങുതകര്‍ക്കുമ്പോള്‍ കേരളീയ സമൂഹം വിസ്മരിക്കപ്പെടുന്ന പലതുമുണ്ട്. അവയാകട്ടെ മുഖ്യമായും ദുര്‍ബലവിഭാഗങ്ങളുടെ അവകാശങ്ങളാണ്. ആദിവാസി വിഭാഗങ്ങളുടെ വനാവകാശനിയമം നട്പപാക്കല്‍ തന്നെ ഒരുദാഹരണം. വനഭൂമിയില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വനാവകാശനിയമം അടിയന്തരമായി നടപ്പാക്കാന്‍ കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നു. എന്നാലതു നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഇനി വരുന്ന നാളുകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും പിന്നാലെ നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പു കോലാഹലങ്ങളായിരിക്കും. വോട്ടുബാങ്കല്ലാത്ത ആദിവാസികളുടെ ആവശ്യങ്ങളില്‍ ആര്‍ക്കു താല്‍പ്പര്യം?
വനാവകാശനിയമം നടപ്പാക്കുന്നതില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വീവ്ച വരുത്തുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര നടപടി. നിയമം സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സെല്‍ രൂപവത്കരിക്കാനും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് കേന്ദ്ര പട്ടികവര്‍ഗമന്ത്രാലയം ആവശ്യപ്പെട്ടു. കേരളത്തിനു പുറമെ ബിഹാര്‍, പശ്ചിമബംഗാള്‍, ഹിമാചല്‍പ്രദേശ്, കര്‍ണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. രണ്ടുമാസത്തിനകം നിയമം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ ് നടപടി. കഴിഞ്ഞ ഏപ്രിലില്‍ നടന്ന വിലയിരുത്തല്‍യോഗത്തില്‍ ഈ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കാത്തതില്‍ പ്രധാനമന്ത്രി അതൃപ്തിപ്രകടിപ്പിച്ചിരുന്നു. തലമുറകളായി വനത്തില്‍ പാര്‍ക്കുന്ന ആദിവാസിവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. അടിസ്ഥാനസൗകര്യ വികസനത്തിന്റെ പേരില്‍ വനങ്ങള്‍ വന്‍തോതില്‍ കൈയ്യേറാന്‍ അവസരമൊരുക്കാന്‍ പരിസ്ഥിതിമന്ത്രാലയം2006ലെ വനാവകാശനിയമത്തില്‍ വെള്ളംചേര്‍ക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുയരുന്നതിനിടെയാണ് നിയമം വേഗത്തില്‍ നടപ്പാക്കാനുള്ള ഉത്തരവ്.
യു.പി.എ സര്‍ക്കാറാണ് ആദിവാസി വിഭാഗങ്ങള്‍ക്ക് വനഭൂമിയിലും വനവിഭവങ്ങളിലും കൂടുതല്‍ അധികാരം നല്‍കുന്ന നിയമം പാസാക്കിയത്.
വനാവകാശനിയമം നടപ്പാക്കത്തിനെ തുടര്‍ന്ന് സംസ്ഥാനത്ത് മിക്കയിടത്തും ആദിവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. അവരുടെ വരുമാന മാര്‍ഗമായിരുന്ന ചെറുകിട വനവിഭവ ശേഖരണം മുടങ്ങിയിരിക്കുകയാണ്. ആദിവാസികള്‍ അംഗങ്ങളായിട്ടുള്ള സഹകരണ സംഘങ്ങള്‍ വഴിയായിരുന്നു വിഭവശേഖരണം. ഇവര്‍ക്കുള്ള അനുമതി ഓരോ വര്‍ഷവും പുതുക്കി നല്‍കിയിരുന്നെങ്കിലും ഈ വര്‍ഷം നടപടി ഉണ്ടായില്ല. സംഘങ്ങള്‍ക്ക് ലഭിച്ച അനുമതിയുടെ കാലാവധി കഴിഞ്ഞ മാര്‍ച്ച് 31 ന് അവസാനിച്ചു. ഇതുമൂലം കഴിഞ്ഞ മൂന്നുമാസമായി വനവിഭവങ്ങള്‍ ശേഖരിക്കുന്നില്ല. ഇതോടെ അട്ടപ്പാടി, വയനാട്, ഇടുക്കി തുടങ്ങിയ ആദിവാസി മേഖലകളിലുള്ളവരാണു പ്രതിസന്ധിയിലായത്. അട്ടപ്പാടിയില്‍ മാത്രം രണ്ടായിരത്തിലധികം ആദിവാസികളാണ് ഇതുമൂലം പ്രതിസന്ധിയിലായിട്ടുള്ളതെന്നാണ് കണക്കുകള്‍. വന്യമൃഗശല്യമുള്ള ഉള്‍വനങ്ങളിലെ ആദിവാസികളാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതലും പ്രവര്‍ത്തിക്കുന്നത്. ഇവിടെ കൃഷി ചെയ്യാനാകില്ല. വനവിഭവങ്ങള്‍ ശേഖരിക്കുന്നത് വനസംരക്ഷണ സമിതികളെ (വി.എസ്.എസ്) ഏല്‍പ്പിക്കാണത്രെ നീക്കം. . ഇവര്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ പരിചയം കുറവാണെന്ന് ആദിവാസികള്‍ പറയുന്നു. മാത്രമല്ല അത് വനാവകാശനിയമത്തിന് കടകവിരുദ്ധവുമാണ്.
അതേസമയം വനാവകാശ നിയമത്തിന്റെ (2006) സാധ്യതകളെക്കുറിച്ച് വ്യക്തതയില്ലാതിരുന്ന കാലം കടന്നുപോവുകയാണ്. അപൂര്‍വ്വം ചിലയിടത്തെങ്കിലും അതിലെ പല വകുപ്പുകളും വിജയകരമായി നടപ്പക്കുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വനമേഖലയിലുള്ള കാടര്‍ ആദിവാസി ഊരുകള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള പല അവകാശങ്ങളും ലഭ്യമാവുകയും നിയമം പ്രധാനം ചെയ്യുന്ന സ്വയംഭരണാധികാരങ്ങള്‍ ഊരുക്കൂട്ടങ്ങള്‍ നിര്‍വ്വഹിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. സാമൂഹിക വനവിഭവ മേഖലയുടെ സംരക്ഷണവും പരിപാലനവും നിയമപരമായ അധികാരങ്ങളോടെ ആദിവാസികളുടെ മുന്‍കൈയില്‍ ആരംഭിച്ചിട്ടുണ്ട്. വനാശ്രിത സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പങ്കാളിത്ത ഭരണപ്രക്രിയ നമ്മുടെ ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ വികസിതമാക്കുകയാണ്. പൂര്‍ണ്ണമായും വനവിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി വിഭാഗമായതിനാല്‍ വിഭവങ്ങളുടെ മേലുള്ള അവകാശം അവര്‍ക്ക് പ്രധാനമായിരുന്നു. കാട്ടില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിച്ചും പുഴയില്‍ നിന്നും മീന്‍ പിടിച്ചുമാണ് അവരില്‍ അധികം പേരും ഇപ്പോഴും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഭവങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അധികാരം കിട്ടിയത് അവരെ സംബന്ധിച്ച് വലിയ കാര്യമാണ്. തലമുറകളായി ഇവര്‍ കാട്ടിനുള്ളില്‍ നിന്നും തേന്‍, തെള്ളി, ഏലം, ചീവയ്ക്ക, മഞ്ഞക്കൂവ എന്നിവ ശേഖരിക്കുകയും മീന്‍ പിടിക്കുകയും ചെയ്യുന്നുണ്ട്. വനാവകാശ നിയമം വന്നതോടെ അതിനെല്ലാം നിയമപരമായ പരിരക്ഷ കിട്ടിയിരിക്കുന്നു. ഇവരുടെ ഊരുക്കൂട്ടത്തിനാണ് ഇപ്പോള്‍ ഈ വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം. നിയമ പ്രകാരമുള്ള രേഖകള്‍ കിട്ടിയതോടെ ഇനിയൊരിക്കലും ഞങ്ങളുടെ അനുമതിയില്ലാതെ കുടിയൊഴിപ്പിക്കല്‍ നടക്കില്ല. ഊരുക്കൂട്ടത്തിന് ഇപ്പോള്‍ സ്വന്തമായി സീലും, ലെറ്റര്‍പാഡും, അക്കൗണ്ടുമുണ്ട്. ഇവരുടെ അധികാരപരിധിയിലെ മേഖലകളിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അവകാശം ഊരിനാണ്. കാടും വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള അവകാശമാണിത്. അപ്പോഴും വന്യജീവികളെ വേട്ടയാടുന്നതിനൊന്നും നിയമം അനുവദിക്കുന്നില്ല. വനം വകുപ്പിന്റെ അധികാരങ്ങള്‍ നഷ്ടമായി എന്നു പറയാനാകില്ല. അപ്പോഴും വനം സംരക്ഷിക്കുന്നതിന് വനം വകുപ്പിനുള്ള അതേ അധികാരം ഊരുക്കൂട്ടങ്ങള്‍ക്കും ഇപ്പോളുണ്ട്. വനാവകാശ നിയമ പ്രകാരമുള്ള സാമൂഹിക അവകാശങ്ങള്‍ ലഭിച്ച മേഖലയില്‍ ഇവരുടെ കൂടി പങ്കാളിത്തത്തോടെ ഭരണം നടത്തുന്നതിനാണ് വനം വകുപ്പ് ശ്രമിക്കേണ്ടത്. എന്നാല്‍ വനംവകുപ്പ് ഇപ്പോഴും ഈ അവകാശം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല എ്ന്നതാണ് ഇവരനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. പല ഉദ്യോഗസ്ഥര്‍ക്കും വനാവകാശ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. ഏലവും മറ്റും ഉണക്കുന്നതിനായി തീ കൂട്ടുന്നതിനുള്ള ഉണങ്ങിയ വിറക് ശേഖരിക്കുന്നതില്‍ പോലും പലപ്പോഴും വനംവകുപ്പ് വിഷാതമുണ്ടാക്കുന്നതായി ആദിവാസികള്‍ പുറയുന്നു. വനാവകാശ നിയമപ്രകാരം അനുവദിച്ചുകിട്ടിയ പൊതുവനവിഭവ മേഖലയില്‍ നിന്നും അതിനുള്ള വിറക് ശേഖരിക്കുന്നതിനുള്ള അവകാശമുണ്ട്. വനാവകാശനിയമത്തെ കുറിച്ച് വനംവകുപ്പിനെ മാത്രമല്ല, കേരള സര്‍ക്കാരിനെ മൊത്തം പഠിപ്പിക്കേണ്ട അവസ്ഥയാണു നിലനില്‍ക്കുന്നത്. വാഴച്ചാല്‍ മേഖലയിലെ അനുഭവങ്ങള്‍ അതിനുള്ള പാഠങ്ങളായി ഉപയോഗിക്കാം. കേന്ദ്രത്തിന്റെ ഇടപെടല്‍ ആ ദിശയിലൊരു കാല്‍വെപ്പായാല്‍ അത്രയും നന്ന്. രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ ഇത്തരം വിഷയങ്ങളിലും ഭരണപക്ഷവും പ്രതിപക്ഷവും ശ്രദ്ധിച്ചെങ്കില്‍ അത്രയും നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply