മേധയുടെ വിജയത്തിനായി 21 അംഗ മലയാളി സംഘം

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറുടെ വിജയത്തിനായി കേരളത്തില്‍ നിന്നുപോയ 21 പേര്‍ രാവും പകലുമില്ലാതെ പ്രചാരണ പ്രവര്‍ത്തനത്തിലാണ്. മേധ നേതൃത്വം നല്‍കുന്ന നാഷണല്‍ അലെയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് പ്രവര്‍ത്തകരായ പി ടി മുഹമ്മദ് ഹുസൈന്‍, ജിയോ ജോസ്, വിളയോടി വേണുഗോപാല്‍, എം എന്‍ ഗിരി എന്നിവര്‍ക്കൊപ്പം തൃശൂര്‍ കിരാലൂര്‍ സല്‍സബില്‍ സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികളാണ് ഒരു മാസമായി ആം ആദ്മി സ്ഥാനാര്‍ത്ഥിയായി നോര്‍ത്ത് ഈസ്റ്റ് മുംബൈയില്‍ നിന്ന് മത്സരിക്കുന്ന മേധയുടെ വിജയത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത്. […]

download

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറുടെ വിജയത്തിനായി കേരളത്തില്‍ നിന്നുപോയ 21 പേര്‍ രാവും പകലുമില്ലാതെ പ്രചാരണ പ്രവര്‍ത്തനത്തിലാണ്. മേധ നേതൃത്വം നല്‍കുന്ന നാഷണല്‍ അലെയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് പ്രവര്‍ത്തകരായ പി ടി മുഹമ്മദ് ഹുസൈന്‍, ജിയോ ജോസ്, വിളയോടി വേണുഗോപാല്‍, എം എന്‍ ഗിരി എന്നിവര്‍ക്കൊപ്പം തൃശൂര്‍ കിരാലൂര്‍ സല്‍സബില്‍ സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികളാണ് ഒരു മാസമായി ആം ആദ്മി സ്ഥാനാര്‍ത്ഥിയായി നോര്‍ത്ത് ഈസ്റ്റ് മുംബൈയില്‍ നിന്ന് മത്സരിക്കുന്ന മേധയുടെ വിജയത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത്. മണ്ഡലത്തെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന എന്‍സിപിക്കും ബിജെപിക്കും ശക്തമായ വെല്ലുവിളിയാണ് മേധ ഉയര്‍ത്തിയിരിക്കുന്നതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
മലയാളികളും തമിഴരും ധാരാളമായി താമസിക്കുന്ന മണ്ഡലമാണ് നോര്‍ത്ത് ഈസ്റ്റ്. മുളണ്ട്, വിക്രോളി, ബാന്ദൂപ്പ് വെസ്റ്റ്, ഘാട്കൂപ്പര്‍ ഈസ്റ്റ്, ഘാട്കൂപ്പര്‍ വെസ്റ്റ്, മാന്‍കുണ്ട് ശിവജി നഗര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് ഈ ലോകസഭാ മണ്ഡലം. ഒരു ഭാഗത്ത് മിഡില്‍ ക്ലാസ്സ് – അപ്പര്‍ മിഡില്‍ ക്ലാസ്സ് വിഭാഗങ്ങള്‍ ജീവിക്കുന്ന ഇവിടെ പല നിലവാരത്തിലുള്ള ചേരികള്‍ നൂറുകണക്കിനാണ്. പകല്‍ തങ്ങള്‍ ഫഌറ്റുകളും ചേരികളും കയറിയിറങ്ങി വോട്ടു ചോദിക്കുമെന്നും വൈകീട്ട് മലയാളികളും തമിഴരും കൂടുതലുള്ള മേകലകളെ കേന്ദ്രീകരിച്ച് പ്രചരണം നടത്തുകയാണെന്നും മുഹമ്മദ് ഹുസൈന്‍ പറയുന്നു. നാട്ടില്‍ വന്ന് വോട്ടുചെയ്യണമെന്ന് കരുതിയിരുന്നെങ്കിലും തിരക്കില്‍ അതിനുകഴിഞ്ഞില്ല.
പാട്ടുകളും അനൗണ്‍സ്‌മെന്റുകളുമായുള്ള പദയാത്രകളാണ് മുഖ്യമായും ഇവിടെ നടത്തുന്നത്. ചേരിപ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് മുഖ്യമായും മേധയുടെ പ്രവര്‍ത്തനം. അഴിമതിക്കെതിരെയാണ് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമുദ്രാവാക്യമെങ്കിലും അതിലൊതുങ്ങിയല്ല മേധയുടെ പ്രചരണമെന്നു പറയുന്നു ഹുസൈന്‍. നഗരത്തിലെ താഴെക്കിടയിലുള്ളവരുടെ താമസം, കുടിവെള്ളം, ഭക്ഷണം, പ്രാഥമിക സൗകര്യങ്ങള്‍, തൊഴില്‍ തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാന്‍ കൂടിയാണ് മേധ വോട്ടുചോദിക്കുന്നത്. മാറി മാറി ഭരിച്ചവര്‍ക്കൊന്നും കഴിയാത്ത വിഷയങ്ങളാണിവ. തങ്ങളിവിടെ എത്തിയ ആദ്യദിവസങ്ങളില്‍ തന്നെ കെജ്രിവാളും പ്രചാരണത്തിനെത്തിയിരുന്നതായും ഹുസൈന്‍ കൂട്ടിചേര്‍ത്തു.
2009ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കിരിത് സോമിയയെ 2933 വോട്ടിനു പരാജയപ്പെടുത്തിയാണ് എന്‍സിപി സ്ഥാനാര്‍ത്ഥി സഞ്ജയ് ദിനാ പാട്ടില്‍ വിജയിച്ചത്. ഇവര്‍തന്നെയാണ് ഇക്കുറിയും ഇവിടെ മുഖ്യമായും ഏറ്റുമുട്ടുന്നത്. അന്ന് രണ്ടുലക്ഷത്തോളം വോട്ടുപിടിച്ച എം എന്‍ എസ് ഇക്കുറി രംഗത്തില്ല. അവരുടെ വോട്ടുകള്‍ തങ്ങള്‍ക്കു ലഭിക്കുമെന്നും അതിനാല്‍ ഇക്കുറി വന്‍വിജയം നേടുമെന്നുമാണ് ബിജെപിയുടെ വിശ്വാസം. ഇതു തിരിച്ചറിഞ്ഞ് ശക്തമായ പ്രചാരണമാണ് എന്‍സിപിയും നടത്തുന്നത്. എന്നാല്‍ അവരിരുവരേക്കാള്‍ സജീവമാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നു പറയുന്നു മുഹമ്മദ് ഹുസൈന്‍. മണ്ഡലത്തിലെ എല്ലാ വീടുകളിലും ഒന്നില്‍ കൂടുതല്‍ തവണ പ്രവര്‍ത്തകര്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ തവണ എട്ടുലക്ഷത്തോളം പേരാണത്രെ ഇവിടെ വോട്ടുചെയ്യാതിരുന്നത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും ചെറുപ്പക്കാരുമായിരുന്നു. ഇവരെ ഇക്കുറി ബൂത്തിലെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അതില്‍ വിജയിച്ചാല്‍ മേധയുടെ വിജയം സുനിശ്ചിതമാണെന്നും ഹുസൈനും കൂട്ടര്‍ക്കും സംശയമില്ല. അതിനായുള്ള അവസാന ശ്രമങ്ങളിലാണ് എല്ലാവരും.
മുംബൈയിലെ നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപെട്ടിട്ടുള്ള മേധ മണ്ഡലത്തിനു അപരിചിതയല്ലെന്നും ഹുസൈന്‍ ചൂണ്ടികാട്ടുന്നു. നര്‍മ്മദാ സമരത്തിനിടയിലും മഹാനഗരത്തിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ അവര്‍ സമയം കണ്ടെത്താറുണ്ട്. സിറ്റിംഗ് എംപി പട്ടേല്‍ ലോകസഭയില്‍ എന്തെങ്കിലും ശ്രദ്ധേയമായ ഇടപെടലുകളോ മണ്ഡലത്തിനായി എന്തെങ്കിലും ശ്രദ്ധേയമായ പദ്ധതികളോ നടപ്പാക്കിയിട്ടില്ല. ചേരിനിര്‍മ്മാര്‍ജ്ജനമെന്ന വാഗ്ദാനം അകന്നകന്നു പോകുന്നു. മാത്രമല്ല, പലയിടത്തും ചേരിയില ജീവിതത്തേക്കാള്‍ മോശമാണത്രെ ലോവര്‍ മിഡില്‍ ക്ലാസ്സ് വിഭാഗങ്ങളുടെ അവസ്ഥ. ഒരു വശത്ത് അവരുടെ വോട്ടുകളും മറുവശത്ത് സ്ത്രീകളുടേയും ചെറുപ്പക്കാരുടേയും വോട്ടുകളും പിന്നെ ആം ആദ്മി തരംഗം മൂലം ലഭിക്കുന്ന വോട്ടുകളും മേധയുടെ വിജയത്തിനു കാരണമാകുമെന്നുതന്നെയാണ് ഹുസൈനും കൂട്ടരും വിശ്വസിക്കുന്നത്. എന്തായാലും അവസാന നിമിഷം വരെ പോരാടി, 24ന്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 25നു മടങ്ങാനാണ് ഇവരുടെ തീരുമാനം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply