മാരാമണ്‍ : സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുക

ഷിജു അലക്‌സ് ജനുവരി 27ാംതിയതി മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഒരു മാനേജിംഗ് കമ്മിറ്റി യോഗം ചേരുകയുണ്ടായി. ഇക്കൊല്ലത്തെ മാരാമണ്‍ കണ്‍വന്‍ഷന്റെ സംഘാടനത്തിന്റെയും ക്രമീകരണങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായാണ് യോഗം ചേര്‍ന്നത്. ഞാന്‍ അവതാരകനായും സുവിശേഷപ്രസംഗസംഘം ട്രഷറര്‍ അഡ്വ. റോയി ഫിലിപ്പ് അനുവാദകനുമായി് ഒരു പ്രമേയം പ്രസ്തുത യോഗത്തില്‍ അവതരിപ്പിക്കുന്നതിനുള്ള അനുമതി തേടി സമര്‍പ്പിച്ചിരുന്നു. മാരാമണ്‍ കണ്‍വന്‍ഷന്റെ രാത്രികാലയോഗങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് വിശ്വാസപരമായും രാജ്യത്തിന്റെ നിയമപ്രകാരവും ന്യായമായ നടപടിയല്ലാത്തതിനാല്‍ ഇക്കൊല്ലം മുതല്‍ സ്ത്രീകള്‍ക്കും, […]

mmm

ഷിജു അലക്‌സ്

ജനുവരി 27ാംതിയതി മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഒരു മാനേജിംഗ് കമ്മിറ്റി യോഗം ചേരുകയുണ്ടായി. ഇക്കൊല്ലത്തെ മാരാമണ്‍ കണ്‍വന്‍ഷന്റെ സംഘാടനത്തിന്റെയും ക്രമീകരണങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായാണ് യോഗം ചേര്‍ന്നത്. ഞാന്‍ അവതാരകനായും സുവിശേഷപ്രസംഗസംഘം ട്രഷറര്‍ അഡ്വ. റോയി ഫിലിപ്പ് അനുവാദകനുമായി് ഒരു പ്രമേയം പ്രസ്തുത യോഗത്തില്‍ അവതരിപ്പിക്കുന്നതിനുള്ള അനുമതി തേടി സമര്‍പ്പിച്ചിരുന്നു. മാരാമണ്‍ കണ്‍വന്‍ഷന്റെ രാത്രികാലയോഗങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് വിശ്വാസപരമായും രാജ്യത്തിന്റെ നിയമപ്രകാരവും ന്യായമായ നടപടിയല്ലാത്തതിനാല്‍ ഇക്കൊല്ലം മുതല്‍ സ്ത്രീകള്‍ക്കും, മണല്‍പ്പുറത്തെ ക്രമീകരണങ്ങള്‍ക്കു വിധേയമായി രാത്രിയോഗങ്ങളില്‍ പൂര്‍ണ്ണ അവകാശത്തോടെയും സ്വാതന്ത്ര്യത്തോടെയും പങ്കെടുക്കാവുന്നതാണെന്നതാണ് പ്രമേയത്തിന്റെ ഉള്ളടക്കത്തിന്റെ ചുരുക്കം. അതിനു പശ്ചാത്തലത്തിലുള്ള വിശ്വാസപരവും ആചാരപരവും, നിയമപരവും, പ്രായോഗികവുമായ കാര്യകാരണങ്ങള്‍ സ്വയം വിശദീകരിക്കുന്ന വിധത്തില്‍ അതില്‍ പരാമര്‍ശിച്ചിരുന്നു. (പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം അന്യത്ര).
ജനുവരി 5ാംതിയതി തന്നെ പ്രമേയത്തിന്റെ പകര്‍പ്പു സഹിതം അവതരണാനുമതിക്കുള്ള നോട്ടീസ് സമര്‍പ്പിച്ചിരുന്നു. അതിനു ശേഷം അഭിവന്ദ്യ പ്രസിഡന്റിനെ നേരില്‍ കണ്ട് വിശദമായി സംസാരിക്കുകയും ചെയ്തു. അഭിവന്ദ്യ മെത്രാപ്പോലീത്തായേയും നേരില്‍ക്കണ്ട് വിവരം ധരിപ്പിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല എന്നതിനാല്‍ ഇ മെയില്‍ വഴി വിവരങ്ങള്‍ ധരിപ്പിക്കുകയുണ്ടായി. രണ്ടു മേല്‍പ്പട്ടക്കാരുമായും ഞാന്‍ പങ്കുവച്ച പ്രധാന സംഗതികള്‍ താഴെപ്പറയുന്നവയാണ്:
കാലഹരണപ്പെട്ട പതിവുകള്‍ തുടരാന്‍ നമുക്ക് എന്നെന്നും ആവില്ല; നീതിപൂര്‍വമായ മാറ്റങ്ങള്‍ ഉണ്ടായേ തീരൂ.
സമൂഹം നമ്മെ മാറ്റുന്നതുവരെ കാത്തു നില്‍ക്കുകയല്ല വേണ്ടത്; സമൂഹത്തെ മാറ്റുന്ന പ്രേരകശക്തിയായി മാറാനാണു സഭ വിളിക്കപ്പെട്ടിരിക്കുന്നത്. അതു ചെയ്യുന്നില്ലയെങ്കില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുന്ന സംഘടന മാത്രമായി സഭ ഒതുങ്ങും.
(ഇതിനു ഞാന്‍ ഒരു ഉദാഹരണവും ചൂണ്ടിക്കാട്ടുകയുണ്ടായി. പള്ളികളില്‍ നടക്കുന്ന വിവാഹങ്ങള്‍ പുറമേയുള്ള ഒരു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നു റജിസ്റ്റര്‍ ചെയ്യണമെന്ന നിയമം വന്നിട്ട് നമുക്ക് വഴങ്ങിക്കൊടുക്കാനല്ലേ കഴിഞ്ഞുള്ളൂ എന്നതാണ് ഞാന്‍ ഉയര്‍ത്തിക്കാട്ടിയത്.)
ഈ മാറ്റത്തിനു നേതൃത്വം നല്‍കുന്ന ഊര്‍ജ്ജസ്വലതയുള്ള സഭയായി മാര്‍ത്തോമ്മാ സഭ നിലപാടെടുത്തു കാണാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണ് ഞാന്‍ ഈ നിലപാടെടുക്കുന്നത്. ഇപ്പോള്‍ നടന്നാല്‍ ക്ഷേത്രപ്രവേശനവിളംബരത്തിനു തുല്യമായ വമ്പിച്ച ഒരു മാറ്റമായി ഇതു ചരിത്രത്തില്‍ ഇടം പിടിക്കും ആ അഭിമാനത്തില്‍ വെറുമൊരു സഭാംഗമായി പങ്കുചേരുന്നതിനപ്പുറം ഇതില്‍ യാതൊരു പേരും പെരുമയും ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ സഭാ നേതൃത്വത്തില്‍ നിന്നും ഇങ്ങനെയൊരു മാറ്റത്തിന് ഇക്കൊല്ലം നേതൃത്വം നല്‍കുമെന്ന ഉറപ്പു ലഭിച്ചാല്‍ പ്രമേയം പിന്‍ വലിക്കാന്‍ പോലും ഞാന്‍ ഒരുക്കമാണ്.
ഈ അറിയിപ്പുകള്‍ നല്‍കിയശേഷം ജനുവരി 27ന്റെ മാനേജിംഗ് കമ്മിറ്റി വരെയും ഞാന്‍ കാത്തു. യാതൊരു ഉറപ്പും നേതൃത്വത്തില്‍ നിന്നു ലഭിച്ചില്ല എന്നു മാത്രമല്ല, മാനേജിംഗ് കമ്മിറ്റിയില്‍ വെറും സാങ്കേതികമായ തൊടുന്യായം പറഞ്ഞ് പ്രമേയത്തെ തമസ്‌കരിക്കാനുള്ള ശ്രമമാണുണ്ടായത്. അതിനുവേണ്ടി നന്നായി സംവിധാനം ചെയ്ത ഒരു നാടകം അരങ്ങേറി. പ്രമേയം അവതരിപ്പിക്കുന്നതിന് പ്രസിഡന്റ് അനുവദിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുന്നു; ആ സന്ദര്‍ഭത്തില്‍ ‘നേതൃഭക്ത’നായ ശ്രീ. പി. പി. അച്ചന്‍കുഞ്ഞ് ഒരു പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിക്കുന്നു. സുവിശേഷസംഘം മാനേജിംഗ് കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ബൈലോയില്‍ വ്യവസ്ഥ ഇല്ലത്രേ. നേതൃത്വം ഔദ്യോഗിക അജന്‍ഡയില്‍ ഉള്‍പ്പെടുത്താത്ത ഒരിനം ഉള്‍പ്പെടുത്തുന്നതിന് ഒരംഗത്തിനു മുന്നിലുള്ള മാര്‍ഗ്ഗം വേറെ എന്താണെന്ന് അദ്ദേഹം പക്ഷേ പറഞ്ഞില്ല. ഏറാന്‍ മൂളിയാകാനും ഏത്തയ്ക്കാ അപ്പം തിന്നാനുമായി മാത്രം കമ്മിറ്റിയില്‍ പോകുന്ന ഒരാള്‍ക്ക് ആ വശത്തുനിന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ലായിരിക്കാം. ഏതായാലും ഈ സാങ്കേതികത്വ വാദത്തിലൂടെ ചരിത്രപ്രാധാന്യമുള്ള ഒരു വിഷയത്തിന്റെ അവതരണത്തെയാണ് അദ്ദേഹം തടയാന്‍ ശ്രമിച്ചത്. യേശു പറഞ്ഞില്ലേ, നിങ്ങള്‍ ഒട്ടകത്തെ വിഴുങ്ങുകയും കൊതുകിനെ അരിച്ചെടുക്കുകയും ചെയ്യുന്നു എന്ന്. അതു തന്നെയാണു സംഭവിച്ചത്. സാങ്കേതികത്വം അരിച്ചെടുത്ത് ഈ ‘സഭാസ്‌നേഹി’ സഭയുടെ വലിയ ഒരു ദര്‍ശനത്തെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.
തുടര്‍ന്ന് പ്രസിഡന്റ് പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നു. അവതാരകനായ ഞാന്‍, ‘മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീവിവേചനം അവസാനിപ്പിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി മാനേജിംഗ് കമ്മിറ്റിയില്‍ കുത്തിയിരുപ്പു സത്യഗ്രഹം നടത്തി. തുടര്‍ന്ന് പ്രമേയമായല്ലാതെ വിഷയം അവതരിപ്പിക്കുന്നതിന് എനിക്ക് അനുമതി നല്‍കി, യാതൊരു ചര്‍ച്ചയും കൂടാതെ, വിഷയം അവതരിപ്പിച്ചു എന്നു മാത്രം മിനിറ്റ്‌സില്‍ രേഖപ്പെടുത്തി കമ്മിറ്റി അവസാനിപ്പിച്ചു.
എന്റെ ഭാഗത്തുനിന്നുള്ള വീഴ്ച എന്താണ് എന്നു വിശദീകരിക്കാന്‍ സഭാനേതൃത്വത്തിനു ബാദ്ധ്യതയുണ്ട്. ജനാധിപത്യപരമായ എല്ലാ പ്രക്രിയകളും കൃത്യമായി പൂര്‍ത്തിയാക്കി, വെല്ലുവിളിയുടെയോ പ്രകോപനത്തിന്റെയോ ഒരു ലാഞ്ഛനയും കൂടാതെ അവതരിപ്പിച്ച ഈ സദുദ്ദേശ്യത്തെ വെട്ടിനിരത്തിയത് എന്തിനുവേണ്ടിയാണ്?
അമേരിക്കയില്‍ സ്ത്രീകള്‍ക്കു വോട്ടവകാശം ലഭിക്കുന്നതിനു മുമ്പ് സ്ത്രീകള്‍ക്കു വോട്ടവകാശം നല്‍കിയ മാര്‍ത്തോമ്മാ സഭയിലെ സ്ത്രീകള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും തലയില്‍ തുണിയുമിട്ട്, മെത്രാന്മാരെയും പട്ടക്കാരെയും കാണുമ്പോള്‍ സങ്കോചിച്ചു ചിരിച്ചുംകൊണ്ട് കോഴിക്കറി വിളമ്പുന്ന പിന്‍നിരക്കാരായി തുടര്‍ന്നാല്‍ മതിയോ?
ഇനി എന്ത് എന്ന് സഭാജനങ്ങള്‍ കൂട്ടായി ചിന്തിക്കുക, പ്രതികരിക്കുക.

പ്രമേയം

മാരാമണ്‍ കണ്‍വന്‍ഷന്റെ രാത്രികാലയോഗങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്ന പതിവിന് വിശ്വാസപരമായ യാതൊരടിസ്ഥാനവും ഇല്ലയെന്നും കണ്‍വന്‍ഷന്റെ ആദ്യകാലങ്ങളില്‍ ഈ നിഷേധം നിലനിന്നിരുന്നില്ലെന്നും, ചില പ്രത്യേക സംഭവങ്ങളുടെ പേരില്‍ ഒരിക്കല്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ക്രമീകരണം പിന്നീട് തിരുത്താനാവാത്ത ആചാരത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കുകയായിരുന്നുവെന്നും, ഇനിയും ഇതു തുടരുന്നത് അനാചാരത്തിലേക്കാണ് നമ്മെ നയിക്കുകയെന്നും മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ രണ്ടായിരത്തിപതിനേഴ് ജനുവരി മാസം ഇരുപത്തെട്ടാംതിയതി ചേര്‍ന്നിരിക്കുന്ന ഈ മാനേജിംഗ് കമ്മിറ്റി വിലയിരുത്തുന്നു.
സ്ത്രീകളുടെ സുരക്ഷിതത്വവും മണല്‍പ്പുറത്തെ ശിക്ഷണവും ക്രമസമാധാനപാലനവും കണക്കിലെടുത്ത് തികച്ചും പ്രായോഗിക കാരണങ്ങളാല്‍ മാത്രമാണ് ഇതുവരെ ഈ പതിവ് നിലനിര്‍ത്തിയതെന്ന് ഈ യോഗം വ്യക്തമാക്കുകയും, എന്നാല്‍ പ്രസംഗശ്രവണത്തിനായി മണല്‍പ്പുറത്തിനു പുറത്ത് ഇരിക്കുന്ന സ്ത്രീകളുടെയും, ദൂരെ ദിക്കുകളില്‍നിന്നും കണ്‍വന്‍ഷന് കുടുംബമായി എത്തി ആയതിന്റെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കുന്നതിനായി വൈകുന്നേരത്തെ യോഗത്തില്‍ക്കൂടി പങ്കെടുക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെയുമൊക്കെ സുരക്ഷിതത്വവും ബുദ്ധിമുട്ടുകളും നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വത്തില്‍പ്പെടുന്നതാണെന്നും, ക്രമസമാധാനപാലനത്തിന് ഉന്നതവും അനന്യവുമായ മാതൃക സൃഷ്ടിച്ചിട്ടുള്ള കണ്‍വന്‍ഷന്‍ മണല്‍പ്പുറത്ത് സ്ത്രീകള്‍ക്കുകൂടി പ്രവേശനം അനുവദിക്കുന്നതാണ് സ്ത്രീസുരക്ഷിതത്വത്തിനും ക്രമസമാധാന പാലനത്തിനും കൂടുതല്‍ സഹായകരമാകുക എന്നും മാനേജിംഗ് കമ്മിറ്റി തിരിച്ചറിയുകയും ചെയ്യുന്നു.
രാപ്പകല്‍ ഭേദമെന്യേ ലിംഗപരമായ വിവേചനം കൂടാതെയുള്ള സഞ്ചാരസ്വാതന്ത്ര്യവും ഒരു സ്ഥലത്തുനിന്നും ഒഴിച്ചുനിര്‍ത്തപ്പെടാതെയിരിക്കുന്നതിന് ഏതു പൗരനുമുള്ള അവകാശവും ഉറപ്പുനല്‍കുന്ന സമത്വാധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള ബാദ്ധ്യതയും പ്രസ്തുത മൂല്യങ്ങള്‍ ക്രിസ്തീയവിശ്വാസത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നതാണെന്ന വസ്തുതയും കമ്മിറ്റി കണക്കിലെടുക്കുന്നു.
കാലത്തിനു മുന്നോടിയായി സഞ്ചരിച്ച പാരമ്പര്യമാണ് മാര്‍ത്തോമ്മാ സഭ എന്നും സൃഷ്ടിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുള്ളത്.
ഇക്കാരണങ്ങളാല്‍ രണ്ടായിരത്തിപതിനേഴാമാണ്ടിലെ മാരാമണ്‍ കണ്‍വന്‍ഷന്‍ മുതല്‍ മണല്‍പ്പുറത്തെ ക്രമീകരണങ്ങള്‍ക്കു വിധേയമായി പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ മണല്‍പ്പുറത്തു പ്രവേശിച്ചുതന്നെ സ്ത്രീകള്‍ക്കു രാത്രിയോഗങ്ങളില്‍ പങ്കെടുക്കാവുന്നതാണെന്ന് ഈ മാനേജിംഗ് കമ്മിറ്റി തീരുമാനിക്കുന്നു.

അവതാരകന്‍ :ഷിജു അലക്‌സ്
അനുവാദകന്‍: റോയി ഫിലിപ്പ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply