മാരാമണിലെ സ്ത്രീവിവേചനം അവസാനിപ്പിക്കണം

ലില്ലി തോമസ് പാലോകാരന്‍ ഒരു നൂറ്റാണ്ടിലേറെയായി നടന്നു വരുന്ന മാര്‍ത്തോമാസഭാസുവിശേഷ സമ്മേളന പ്രക്രിയയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍. പ്രസ്തുത കണ്‍വന്‍ഷന്റെ ആരംഭകാലഘട്ടത്തില്‍ ഒരു തലത്തിലും സ്ത്രീ വിവേചനമുണ്ടായിരുന്നില്ല. ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് മുതലാണ് സ്ത്രീകള്‍ക്ക് രാത്രികാല യോഗവേദികളില്‍ വിലക്കാരംഭിച്ചത്. ഏതോ സാമൂഹ്യദ്രോഹികള്‍ നടത്തിയ ആഭരണ മോഷണമാണ് സ്ത്രീവിലക്കിനു കാരണമായി പറഞ്ഞുകേട്ടിരിക്കുന്നത്. ഇതൊരു തലതിരിഞ്ഞ തീരുമാനമായി ഇന്നും നിലനില്‍ക്കുന്നു. മോഷ്ടാക്കളായ സാമൂഹ്യദ്രോഹികളെ നിയമപരമായി കൈകാര്യം ചെയ്യുന്നതിനു പകരം സ്ത്രീകളെ രാത്രികാല യോഗങ്ങളില്‍നിന്നും എന്നന്നേക്കുമായി വിലക്കുകയാണുണ്ടായത്. ഇതിനെതിരെ പല അവസരങ്ങളിലും ഉല്‍പതിഷ്ണുക്കളായ […]

mmm

ലില്ലി തോമസ് പാലോകാരന്‍

ഒരു നൂറ്റാണ്ടിലേറെയായി നടന്നു വരുന്ന മാര്‍ത്തോമാസഭാസുവിശേഷ സമ്മേളന പ്രക്രിയയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍. പ്രസ്തുത കണ്‍വന്‍ഷന്റെ ആരംഭകാലഘട്ടത്തില്‍ ഒരു തലത്തിലും സ്ത്രീ വിവേചനമുണ്ടായിരുന്നില്ല. ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് മുതലാണ് സ്ത്രീകള്‍ക്ക് രാത്രികാല യോഗവേദികളില്‍ വിലക്കാരംഭിച്ചത്. ഏതോ സാമൂഹ്യദ്രോഹികള്‍ നടത്തിയ ആഭരണ മോഷണമാണ് സ്ത്രീവിലക്കിനു കാരണമായി പറഞ്ഞുകേട്ടിരിക്കുന്നത്. ഇതൊരു തലതിരിഞ്ഞ തീരുമാനമായി ഇന്നും നിലനില്‍ക്കുന്നു. മോഷ്ടാക്കളായ സാമൂഹ്യദ്രോഹികളെ നിയമപരമായി കൈകാര്യം ചെയ്യുന്നതിനു പകരം സ്ത്രീകളെ രാത്രികാല യോഗങ്ങളില്‍നിന്നും എന്നന്നേക്കുമായി വിലക്കുകയാണുണ്ടായത്. ഇതിനെതിരെ പല അവസരങ്ങളിലും ഉല്‍പതിഷ്ണുക്കളായ സഭാവിശ്വാസികള്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എങ്കിലും സഭാനേതൃത്വം ഇതുവരെ അവരുടെ സ്വരങ്ങള്‍ ചെവിക്കൊള്ളുകയുണ്ടായില്ല.
മാര്‍ത്തോമാസഭ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുകയും പുരോഗമനപരമായി ചിന്തിക്കുകയും ചെയ്യുന്ന മാതൃകാ ക്രിസ്തീയ വിശ്വാസ സമൂഹമാണ്. അമേരിക്കയില്‍ സ്ത്രീകള്‍ക്കു വോട്ടവകാശം ലഭിക്കുന്നതിനു മുമ്പു തന്നെ മാര്‍തോമാ സഭയില്‍ വനിതകള്‍ക്ക് സഭായോഗങ്ങളില്‍ വോട്ടുചെയ്യുന്നതിന് അവകാശം അനുവദിച്ചുകൊടുത്ത മഹത്തായ പാരമ്പര്യമാണു മാര്‍ത്തോമാസഭയ്ക്കുള്ളത്. സഭാ കൗണ്‍സിലുകളി ല്‍ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുള്ളതും മാര്‍ത്തോമാ സഭയാണ്.
പൊതുവേ മതസമൂഹങ്ങളാണു സ്ത്രീകളുടെ എല്ലാ വിധത്തിലുമുള്ള പൗരസ്വാതന്ത്ര്യങ്ങളെ വിലക്കുന്നത്. മതസമൂഹത്തിനകത്തു തന്നെയുള്ള ചില സങ്കുചിതമനസ്‌ക്കരായ കുബുദ്ധികളാണു സ്ത്രീ സുരക്ഷയുടെ പേരുപറഞ്ഞ് സ്ത്രീകളെ വിവിധ മതങ്ങളുടെ വിശ്വാസ സംഗമങ്ങളില്‍ നിന്നും പ്രാര്‍ഥനകളില്‍ നിന്നും പൊതുഇടങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നത്. ക്രിസ്തീയ വിശ്വാസം പുലര്‍ത്തുന്ന സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഉന്നത വിദ്യാഭ്യാസം നേടി രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളുള്‍പ്പെടെ എല്ലാ മേഖലകളിലും എല്ലാത്തരം തൊഴിലിടങ്ങളിലും ഉയര്‍ന്ന നിലയില്‍ ജോലി ചെയ്ത് നാടിനെ സമ്പല്‍സമൃദ്ധിയിലാക്കുവാന്‍ വലിയ പങ്കു വഹിക്കുന്നവരാണ് ക്രിസ്തീയ വനിതകള്‍. യാതൊരു മടിയുമില്ലാതെ ആതുരസേവന വിദ്യാഭ്യാസവാണിജ്യവ്യവസായ രംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലും സ്ത്രീ എന്ന പരിമിതി മറികടന്നു ആത്മാഭിമാനത്തോടെ തൊഴിലെടുക്കുന്ന ്ര!െകെസ്തവ വനിതകള്‍ ഒരിക്കലും ഇത്തരത്തിലുള്ള വിവേചനം അംഗീകരിക്കുകയില്ല.
ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങളും സ്വാതന്ത്ര്യവും തുല്യനീതിയും സ്വത്വബോധവും പൗരനെന്ന നിലയ്ക്കു സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളെ അംഗീകരിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു മതവിഭാഗമാണ് മാര്‍ത്തോമാസഭ. അതുകൊണ്ട് ഭരണഘടന സ്ത്രീകള്‍ക്കു ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങളും തുല്യനീതിയും വിവേചനരഹിതമായി സ്വന്തം സഭയില്‍ പ്രാവര്‍ത്തികമാക്കാന്‍ മാര്‍ത്തോമാസഭ ബാധ്യസ്ഥരാണ്.
മാര്‍ത്തോമാസഭയുടെ റാന്നി, ആറാട്ടുപുഴ, അടൂര്‍, കൊട്ടാരക്കര, കോട്ടയം, ചുങ്കത്തറ തുടങ്ങിയ കണ്‍വന്‍ഷനുകളില്‍ രാത്രിയോഗങ്ങളില്‍ നിലവില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിട്ടില്ല. വര്‍ഷംതോറും പുതുവത്സരദിനത്തില്‍ രാത്രി 12 മണിക്കു നടക്കുന്ന പ്രാര്‍ഥനകളിലും ഈസ്റ്റര്‍ദിനത്തില്‍ പുലര്‍ച്ചെയുള്ള യോഗങ്ങളിലും സ്ത്രീകള്‍ക്കു നിരോധനമില്ല. ഇവിടെയെങ്ങുമില്ലാത്ത സുരക്ഷാപ്രശ്‌നം മാരാമണില്‍ മാത്രമായി എങ്ങനെയുണ്ടാകുമെന്നാണ് നവീകരണവേദിയും സ്ത്രീകൂട്ടായ്മയും ഉന്നയിക്കുന്ന ചോദ്യം.
മാരാമണിലെ രാത്രികാല വിലക്കിനെ സംബന്ധിച്ചു വിയോജിപ്പുള്ള നവീകരണവേദി പ്രവര്‍ത്തകര്‍ ഫെബ്രുവരി 10നു കോഴഞ്ചേരിയില്‍ സി കേശവന്‍ പ്രതിമയ്ക്ക് സമീപം ഒരു പൊതു ചര്‍ച്ചാവേദി സംഘടിപ്പിക്കുകയുണ്ടായി. നവീകരണവേദിയുടെ ക്ഷണപ്രകാരം യുവകലാസാഹിതി വനിതാകലാസാഹിതി സംസ്ഥാന ഭാരവാഹികള്‍ അതില്‍ പങ്കെടുക്കാന്‍ അവിടെ എത്തിയിരുന്നു. നവീകരണവേദിക്കാര്‍ സംഘടിപ്പിച്ച യോഗം ആരംഭിക്കുന്ന സമയത്ത് സഭാവിശ്വാസികള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട കുറച്ചാളുകള്‍ യോഗം അലങ്കോലപ്പെടുത്തി. ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് പൊലീസ് മൈക്ക് അനുമതി നിഷേധിച്ചു. ഈ സാഹചര്യത്തില്‍ യോഗത്തിനെത്തിയവര്‍, ഒരു മണിക്കൂറിലധികം സമയം നിശ്ശബ്ദരായി, സാന്നിധ്യം തന്നെ സമരമാക്കികൊണ്ട്, പന്തലില്‍ കുത്തിയിരുന്നു. വിശ്വാസികള്‍ എന്ന് പറഞ്ഞ് എതിര്‍പ്പിനെത്തിയവര്‍ സഭ്യമല്ലാത്ത തരത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സദസിനെ ആക്ഷേപിക്കുകയും പിരിഞ്ഞുപോകാന്‍ ആക്രോശിക്കുകയും ചെയ്തു. മാര്‍ത്തോമാസഭയുടെ മഹിതമായ ജനാധിപത്യ പാരമ്പര്യത്തിനു കളങ്കമേല്‍പ്പിക്കുന്ന നടപടിയായിരുന്നു ഇത്.
ജാതി മത ലിംഗഭേദമില്ലാതെ സ്ത്രീപുരുഷ സമത്വം യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കലാസാഹിത്യസാംസ്‌കാരിക പുരോഗമന പ്രസ്ഥാനമാണ് യുവകലാസാഹിതി, വനിതാകലാസാഹിതി. സമീപകാലത്തു ‘ജാതിയല്ല മതമല്ല മനുഷ്യനാണു പ്രധാനം’ എന്ന മുദ്രാവാക്യമുയര്‍ത്തി നിരവധി ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചുവരികയാണ് കേരളത്തിലുടനീളം. മാരാമണില്‍ നിലനില്‍ക്കുന്ന സ്ത്രീ വിവേചനത്തിനെതിരായ നവീകരണവേദിയുടെ കാഴ്ചപ്പാടുകളോടും പ്രവര്‍ത്തനങ്ങളോടും ഐക്യപ്പെടാന്‍ അതുകൊണ്ട് യുവകലാസാഹിതിവനിതാകലാസാഹിതി ബാധ്യസ്ഥരാണ്. വൈക്കം മഹാദേവക്ഷേത്രത്തില്‍ ജാതി അടിസ്ഥാനത്തില്‍ നടക്കുന്ന ജാതിത്താലത്തിനെതിരെ യുവകലാസാഹിതിവനിതാകലാസാഹാതി സംഘടിപ്പിച്ചുവരുന്ന പ്രതിരോധം കേരളം ശ്രദ്ധിച്ചു കഴിഞ്ഞിട്ടുള്ളതാണ്.
മാരാമണ്‍ കണ്‍വന്‍ഷനില്‍ നടക്കുന്ന സ്ത്രീ വിവേചനം അവസാനിപ്പിക്കാന്‍ ജനാധിപത്യ ബോധമുള്ള വിശ്വാസസമൂഹം ആസന്ന ഭാവിയില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടു വരുമെന്നു നമുക്കു പ്രത്യാശിക്കാം.

(വനിതാകലാസാഹിതി സംസ്ഥാന പ്രസിഡന്റാണ് ലേഖിക)

ജനയുഗം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply