മാധ്യമങ്ങളുടെ വിശ്വാസ്യത ഇടിയുന്നു
വി എസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പരമ്പരാഗത രീതിശാസ്‌ത്രമാകെ അത്യത്ഭുതകരമായി മാറിയ സാഹചര്യമാണിന്ന്. മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുള്ള അച്ചടി മാധ്യമത്തിന്റെയും ഒന്നര നൂറ്റാണ്ട് പിന്നിട്ട ശ്രവ്യമാധ്യമത്തിന്റെയും പരിചിത പ്രവണതകളെ അപ്പാടെ അട്ടിമറിച്ച ടെലിവിഷന്‍-ഇന്റര്‍നെറ്റ് മാധ്യമരീതികള്‍ ആടിത്തിമിര്‍ക്കുന്ന കാലമാണിപ്പോള്‍. ആഗോള-ദേശീയ-സംസ്ഥാന സാഹചര്യങ്ങളിലെ മാധ്യമസംവിധാനം മുതലാളിത്ത-കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണിന്ന്. മൂലധന-സാമ്രാജ്യത്വശക്തികളുമായി ഒത്തുപോവുകയും അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവയാണ് മാധ്യമങ്ങള്‍ പൊതുവില്‍ എന്ന നിരീക്ഷണവുമുണ്ട്. നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട 40ഓളം പത്രങ്ങളും അനുബന്ധ പ്രസിദ്ധീകരണങ്ങളും ടാറ്റയും ബിര്‍ളയും ബെന്നറ്റ് കോള്‍മാനും […]
മാധ്യമപ്രവര്‍ത്തനത്തിന്റെ പരമ്പരാഗത രീതിശാസ്‌ത്രമാകെ അത്യത്ഭുതകരമായി മാറിയ സാഹചര്യമാണിന്ന്. മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുള്ള അച്ചടി മാധ്യമത്തിന്റെയും ഒന്നര നൂറ്റാണ്ട് പിന്നിട്ട ശ്രവ്യമാധ്യമത്തിന്റെയും പരിചിത പ്രവണതകളെ അപ്പാടെ അട്ടിമറിച്ച ടെലിവിഷന്‍-ഇന്റര്‍നെറ്റ് മാധ്യമരീതികള്‍ ആടിത്തിമിര്‍ക്കുന്ന കാലമാണിപ്പോള്‍.
ആഗോള-ദേശീയ-സംസ്ഥാന സാഹചര്യങ്ങളിലെ മാധ്യമസംവിധാനം മുതലാളിത്ത-കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണിന്ന്. മൂലധന-സാമ്രാജ്യത്വശക്തികളുമായി ഒത്തുപോവുകയും അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവയാണ് മാധ്യമങ്ങള്‍ പൊതുവില്‍ എന്ന നിരീക്ഷണവുമുണ്ട്.
നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട 40ഓളം പത്രങ്ങളും അനുബന്ധ പ്രസിദ്ധീകരണങ്ങളും ടാറ്റയും ബിര്‍ളയും ബെന്നറ്റ് കോള്‍മാനും അടക്കമുള്ള നാലഞ്ച് കുത്തകകളുടെ ഉടമസ്ഥതയിലാണ്. കേരളത്തിലെ കാര്യമെടുക്കുമ്പോഴും പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമസ്ഥത ഇത്തരം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നതാണ് സത്യം.
മാധ്യമസംവിധാനത്തിന്റെ ഉടമസ്ഥതയില്‍ വന്ന പ്രകടമായ ഈ മാറ്റം മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവം പൂര്‍ണമായി മാറ്റിമറിച്ചിരിക്കുകയാണ്. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും രാജ്യത്തെ മാധ്യമങ്ങളൊന്നും ലാഭക്കണ്ണോടെയായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്തെ പത്രാധിപന്മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അത്തരത്തിലുള്ള ഗൂഢതാല്‍പര്യങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. പത്രാധിപന്മാരും പത്ര ഉടമകളും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തനം ഏറ്റെടുത്തവരായിരുന്നു. അഥവാ, പൊതുപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉപാധി മാത്രമായിരുന്നു അവര്‍ക്ക് പത്രപ്രവര്‍ത്തനം. സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയുടെയും വക്കം അബ്‌ദുള്‍ഖാദര്‍ മൗലവിയുടെയും കേസരി ബാലകൃഷ്‌ണപിള്ളയുടെയുമൊക്കെ കാര്യത്തില്‍ നാം കാണുന്നത് ഇതാണ്. എന്നാല്‍ ഇന്ന് ഇതൊക്കെ പഴങ്കഥകള്‍ മാത്രമായിരിക്കുകയാണ്.
പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനം മാധ്യമങ്ങളെപ്പറ്റിയുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണെന്നും കാവല്‍നായ്‌ക്കളെന്നുമൊക്കെ വിശേഷിക്കപ്പെടുന്ന മാധ്യമങ്ങളാണ് കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ സ്വയം മുഖം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യജീവിതത്തിലെ കാലുഷ്യങ്ങളെ കണ്ടറിയുവാനും അവ ഇല്ലാതാക്കി ജീവിതത്തെ ചിട്ടപ്പെടുത്താനും പുതുക്കിപ്പണിയാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് നാം കരുതിപ്പോന്നിരുന്നത്. ഉല്‍കൃഷ്ടമായ ഇത്തരമൊരു ധര്‍മ്മം നിര്‍വ്വഹിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും സമൂഹം ബഹുമാനിക്കുന്നത്. ഇങ്ങനെ ഉല്‍ക്കൃഷ്ടമായ സങ്കല്‍പ്പങ്ങളില്‍ വ്യാപരിച്ചിരുന്ന മാധ്യമങ്ങളാണ് ഇന്ന് പെയ്‌ഡ് ന്യൂസിന്റെയും പ്രൈവറ്റ് ട്രീറ്റി ജേര്‍ണലിസത്തിന്റെയും പേരില്‍ അധിക്ഷേപം ഏറ്റുവാങ്ങേണ്ടിവരുന്നത്. പണമോ, ഓഹരി പങ്കാളിത്തമോ നല്‍കി വാര്‍ത്തകള്‍ നല്‍കുന്നു എന്നുവരുമ്പോള്‍ വാര്‍ത്തകളുടെ വസ്‌തുനിഷ്‌ഠതയാണ് ചോര്‍ന്നുപോകുന്നത്. എന്നുമാത്രമല്ല, പണം നല്‍കാന്‍ കഴിയാത്തവര്‍ വാര്‍ത്തകളുടെ ലോകത്തു നിന്നു മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ജനാധിപത്യം എന്ന സങ്കല്‍പത്തിനു തന്നെ പ്രസക്തിയില്ലാതാവുകയും ഫലം.
പണം നല്‍കി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യതയാണ് മറ്റൊരു പ്രശ്‌നം. വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ പിന്നെ അത്തരം മാധ്യമപ്രവര്‍ത്തനം കൊണ്ട് സമൂഹത്തിന് ഒരു പ്രയോജനവും ഉണ്ടാവുകയില്ല. 2009ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് അശോക് ചവാനാണ് പെയ്‌ഡ് ന്യൂസ് സംവിധാനം ആഘോഷിച്ചത്. നിയമസഭാ മണ്‌ഡലത്തിലെ തെരഞ്ഞെടുപ്പിന് അന്ന് ചവാന്‍ 115 കോടി രൂപയോളം ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ `ഞാന്‍ മുമ്പ് ഞാന് മുമ്പ്’ എന്ന മട്ടില്‍ ചവാന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്‌ത്തി. പക്ഷെ 2010ല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പ്രസ് കൗണ്‍സിലും പ്രശ്‌നത്തില്‍ ഇടപെട്ടു. പിന്നീട് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ടു. 2012 ഡിസംബറില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും വന്നു. പത്രക്കാരും രാഷ്‌ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടുള്ളതായിരുന്നു റിപ്പോര്‍ട്ട്. പെയ്‌ഡ് ന്യൂസ് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന്റെ സാംഗത്യം തന്നെ ചോദ്യം ചെയ്യുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ പല കാര്യങ്ങളിലും ഘോരഘോരം പ്രസംഗിക്കുന്ന ചാനല്‍ വിദഗ്‌ദ്ധരാരും തന്നെ ഈ റിപ്പോര്‍ട്ടിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല എന്നോര്‍ക്കണം.
ജനാധിപത്യമൂല്യങ്ങള്‍, ധാര്‍മ്മികത, സാമൂഹ്യബോധം തുടങ്ങിയവയെപ്പറ്റിയൊക്കെ വാതോരാതെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന മാധ്യമങ്ങളില്‍ ചിലവയും മാധ്യമപ്രവര്‍ത്തകരില്‍ ചിലരുമൊക്കെ അന്യായവും അനര്‍ഹവുമായ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നു എന്നുവരുമ്പോഴും തകരുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. തലസ്ഥാനത്ത് സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ വീട് അനുവദിക്കപ്പെട്ട 54 പത്രപ്രവര്‍ത്തകര്‍ വീട്ടില്‍ താമസിക്കുകയോ വീട് വാടകയ്‌ക്ക് കൊടുക്കുകയോ ചെയ്‌തിട്ട് വര്‍ഷങ്ങളായിട്ടും ഒരുപൈസ പോലും തിരിച്ചടച്ചില്ല എന്നായിരുന്നു കുറച്ചുനാള്‍ മുമ്പു വന്ന ഒരു വാര്‍ത്ത. 19.37 കോടിയുടെ കുടിശ്ശിക സര്‍ക്കാരിന് ലഭിക്കാനുണ്ടായിരുന്നു. ചുരുക്കം ചില പത്രങ്ങളിലും അപൂര്‍വ്വം ചില ചാനലുകളിലും മാത്രമേ ഈ വാര്‍ത്ത വന്നിരുന്നുള്ളൂ. ദിവസങ്ങള്‍ക്കുള്ളില്‍ ഏതായാലും സര്‍ക്കാര്‍ ഇടപെട്ട് സംഗതി ഒത്തുതീര്‍പ്പാക്കി. പിന്നീട് വാര്‍ത്തയൊന്നും കണ്ടതേയില്ല. എല്ലാത്തിനേയും വിമര്‍ശിക്കുന്ന ഫോര്‍ത്ത് എസ്റ്റേറ്റിനെ ആരു വിമര്‍ശിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
സര്‍ക്കുലേഷന്‍ വര്‍ധനയ്‌ക്കും ടിവി ചാനലുകളുടെ ടാം റേറ്റിങ്ങ് വര്‍ദ്ധനയ്‌ക്കുമായി അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഊതിപ്പെരുപ്പിച്ച നുണകളും വാര്‍ത്തകളും കഥകളുമാക്കുന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ ഫലമായും ഇത്തരം വസ്‌തുതാവിരുദ്ധമായ വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരം അസംബന്ധവാര്‍ത്തകളെ എല്ലാക്കാലത്തും ജനങ്ങള്‍ നെഞ്ചേറ്റുകയില്ല എന്നതിന്റെ ഉദാഹരണമാണ് കുറച്ചുനാള്‍ മുമ്പ് ബ്രിട്ടനില്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ `ന്യൂസ് ഓഫ് ദ വേള്‍ഡി’ നുണ്ടായ ദുര്‍ഗതി. ഇത് നമ്മുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.
പെയ്‌ഡ് ന്യൂസിന്റെ പ്രാണേതാവായി പരിഗണിക്കപ്പെടുന്ന അശോക് ചവാന്‍ ഏതുനിമിഷവും നടപടി നേരിടാമെന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമാനമായ പെയ്‌ഡ് ന്യൂസ് അരങ്ങേറിയതെന്നോര്‍ക്കണം. രാജ്യത്തൊട്ടാകെ 3000 പെയ്‌ഡ് ന്യൂസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ഇതില്‍ 790 എണ്ണത്തില്‍ പ്രഥമദൃഷ്‌ട്യാ കേസുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പെയ്‌ഡ് ന്യൂസ് തെരഞ്ഞെടുപ്പ് കുറ്റമാക്കുന്ന നിയമഭേദഗതി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് മറ്റൊരു വാര്‍ത്ത പുറത്തുവന്നത്. കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങള്‍ക്ക്, മറ്റ് പത്രങ്ങള്‍ക്ക് നല്‍കുന്നതിന്റെ മൂന്നിരട്ടി നിരക്കില്‍ സര്‍ക്കാര്‍ പരസ്യം നല്‍കി എന്നാണ് വിവരാവകാശനിയമപ്രകാരം ലഭിച്ച വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പറയുന്നത്. അതായത് സര്‍ക്കാര്‍ തന്നെ പെയ്‌ഡ് ന്യൂസിന്റെ വക്താക്കളാകുന്നു എന്ന ഏറ്റവും അപകടകരമായ സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്.
16-ാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ മാധ്യമപ്രചാരണം നരേന്ദ്രമോഡിയെ എങ്ങനെയാണ് ഭാരതത്തിന്റെ `രക്ഷകന്‍’ എന്നനിലയില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നത് കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്ന കാര്യമാണ്. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ഹിറ്റ്‌ലറോട് ഉപമിക്കപ്പെടുന്ന ആക്ഷേപങ്ങള്‍ക്ക് വിധേയനായിരുന്ന മോഡിയെ മാധ്യമപ്രചാരണത്തിന്റെ അത്ഭുത സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിനയാന്വിതനും കാരുണ്യവാനും ദുര്‍ബലചിത്തനും സര്‍വ്വോപരി പാവങ്ങളുടെ രക്ഷകനുമായി അവതരിപ്പിക്കുകയായിരുന്നു, ബി.ജെ.പി. എന്ന രാഷ്‌ട്രീയപാര്‍ട്ടിയുടെ കൊടിക്കീഴില്‍ മോഡി മുന്നേറുകയായിരുന്നില്ല മറിച്ച്, മോഡി എന്ന രാഷ്‌ട്രീയ വിഗ്രഹത്തിന്റെ പിന്നാലെ ബി.ജെ.പി. എന്ന പാര്‍ട്ടി സഞ്ചരിക്കുകയായിരുന്നു. ഇത്തരമൊരു പ്രതീതിയാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്തത്. മോഡിയുടെ ഇത്തരമൊരു ബിംബസൃഷ്ടിക്ക് ചെലവാക്കിയ കോടികളെപ്പറ്റി പല കണക്കുകളും ഇതിനകം വന്നിട്ടുണ്ട്. പെയ്‌ഡ് ന്യൂസിന്റെയും മാധ്യമവിശ്വാസ്യതയുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ഇതും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
കേരള സീനിയേഴ്‌സ് ജേര്‍ണ്ണലിസ്‌റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളുടെ വിശ്വാസ്യത ഇടിയുന്നോ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് തൃശൂരില്‍ നടന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in