മാണി ചോരപ്പുഴ നീന്തുമോ?

തന്റെ പതിമൂന്നാം ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ എം . മാണിക്ക് ചെരപ്പുഴ നീന്തിക്കടക്കേടിവരുമോ? ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് പ്രതിപക്ഷം.. എന്തുവന്നാലും ഭരണഘടനാബാധ്യത നിറവേറ്റുമെന്ന് മുഖ്യമന്ത്രിയും മാണിയും. ബജറ്റ് അവതരിപ്പിക്കാന്‍ മാണിക്ക് ചോരപ്പുഴ നീന്തികടക്കേണ്ടിവരുമെന്ന്   പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി. അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചരിത്രത്തില്‍ കാണാത്ത സംഭവങ്ങള്‍ സഭയില്‍ അരങ്ങേറും. എല്‍.ഡി.എഫ്. ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേന്നുതന്നെ ജനങ്ങളെ അണിനിരത്തി സെക്രട്ടേറിയറ്റ് തന്നെ ഉപരോധിക്കും. അതേസമയം, […]

kmതന്റെ പതിമൂന്നാം ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ എം . മാണിക്ക് ചെരപ്പുഴ നീന്തിക്കടക്കേടിവരുമോ? ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് പ്രതിപക്ഷം.. എന്തുവന്നാലും ഭരണഘടനാബാധ്യത നിറവേറ്റുമെന്ന് മുഖ്യമന്ത്രിയും മാണിയും.
ബജറ്റ് അവതരിപ്പിക്കാന്‍ മാണിക്ക് ചോരപ്പുഴ നീന്തികടക്കേണ്ടിവരുമെന്ന്   പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി. അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചരിത്രത്തില്‍ കാണാത്ത സംഭവങ്ങള്‍ സഭയില്‍ അരങ്ങേറും. എല്‍.ഡി.എഫ്. ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേന്നുതന്നെ ജനങ്ങളെ അണിനിരത്തി സെക്രട്ടേറിയറ്റ് തന്നെ ഉപരോധിക്കും.
അതേസമയം, പ്രതിപക്ഷം ഉയര്‍ത്തുന്ന സമരഭീഷണിക്ക് വഴങ്ങരുതെന്ന് യു.ഡി.എഫ്. നേതൃയോഗം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരം നേരിടുന്നതുസംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും യു.ഡി.എഫ്. യോഗം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു. മാണിക്കാകട്ടെ തലേദിവസം നിയമസഭാ മന്ദിരത്തില്‍ തലേദിവസം വന്നു താമസിക്കാന്‍ താല്‍പ്പര്യമില്ലത്രെ. പതിവുപോലെ വീട്ടില്‍ നിന്നു വരണമെന്നാണ് ആഗ്രഹം.
എന്തായാലും ശക്തമായ ജനമുന്നേറ്റം ഉണ്ടായാല്‍ പോലീസിനെ ഉപയോഗിച്ച് തടയാനാകില്ല. അതിനു പ്രതിപക്ഷം തയ്യാറാകുമോ അതോ സോളാര്‍ സമരം പോലെ പ്രഹസനമാകുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. മാണിയോട് സിപിഎമ്മിനുള്ള സ്‌നേഹം പ്രസിദ്ധമാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാകാത്തതില്‍ ഏറ്റവും ദുഃഖിച്ച പാര്‍ട്ടിയാണല്ലോ സി.പി.എം. എന്നാല്‍ പുതുനേതൃത്വത്തിന്റെ കീിഴല്‍ ആദ്യസമരം നടക്കുന്ന സിപിഎമ്മും സിപിഐയും ഇക്കുറി അതിനു തയ്യാറാകില്ല എന്നാണ് അണികളുടെ വിശ്വാസം. പ്രത്യേകിച്ച് ഒത്തുതീര്‍പ്പുസമരം എന്ന പദം പന്ന്യന്‍ സംഭവന ചെയ്തതിനു ശേഷം. എങ്കില്‍ ബജറ്റ് അവതരണം മറ്റൊരു ദുഃഖവെള്ളിയാഴ്ച സൃഷ്ടിക്കുമോയെന്ന് ആശങ്കപ്പെടുന്നത് സ്വാഭാവികം.
ബജറ്റ് ഭരണഘടനാ ബാധ്യതയാണെന്ന സാങ്കേതികത ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പ്രശ്‌നത്തിന്റെ ധാര്‍മ്മികവും നിയമപരവുമായ മറുവശം മറച്ചുപിടിക്കുകയാണു മുഖ്യമന്ത്രി ചെയ്യുന്നത്. അഴിമതി നിരോധ നിയമത്തിലെ 13(ഡി) വകുപ്പുപ്രകാരം ധനമന്ത്രിക്കെതിരേ അന്വേഷണം നടക്കുകയാണ്. അതുസംബന്ധിച്ച റിപ്പോര്‍ട്ടും, ആരോപണങ്ങളുടെ വിവരണവും തെളിവുകളുടെ സൂചനയും വിജിലന്‍സ് കോടതിക്കു മുന്നിലുണ്ട്. ധനമന്ത്രിയെന്ന നിലയില്‍ 116 കോടിയുടെ റവന്യൂറിക്കവറി സ്‌റ്റേ ചെയ്തതടക്കമുള്ള ആരോപണങ്ങളും തെളിവുകളുടെ ശബ്ദരേഖകളും നിയമസഭയുടെ മേശപ്പുറത്തും പൊതുജനങ്ങളുടെ മുമ്പിലുമുണ്ട്. ഈ സാഹചര്യത്തില്‍ മാണി മാറിനിന്നിരുന്നെങ്കില്‍ അതായിരുന്നു ധാര്‍മ്മികമായി ശരി. ജനാധിപത്യത്തെ അത് ശക്തിപ്പെടുത്തുമായിരുന്നു. കുറ്റവാളിയെന്നു കോടതിവിധി വരുംവരെ നിരപരാധിയായി കാണണമെന്ന തത്വം സാങ്കേതികമായി ശരിയാണ്. എന്നാല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പൊതുപ്രവര്‍ത്തര്‍ അതില്‍ കടിച്ചുതൂങ്ങുന്നത് ശരിയല്ല.
അതിനിടെ ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിക്ക് പുറമെ മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരെക്കൂടി പ്രതിക്കൂട്ടിലാക്കുന്ന ശബ്ദരേഖ പുറത്തുവന്നത് പ്രതിപക്ഷത്തിന് ആയുധമാക്കാം. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ കോഴ വാങ്ങിയെന്ന് ബാര്‍ ഉടമകള്‍ പറയുന്ന ശബ്ദരേഖയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടത്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ഉള്‍പ്പെടെ പ്രമുഖര്‍ സംസാരിക്കുന്ന ശബ്ദരേഖയാണിത്. ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഇപ്രകാരം: കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തണമെന്ന് ബാര്‍ ഉടമകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ രമേശ് ചെന്നിത്തല പ്രതിയാകില്ലേ എന്ന് ഒരു ബാര്‍ ഉടമ ചോദിക്കുന്നു. നിങ്ങള്‍ കെ.പി.സി.സി ആസ്ഥാനത്തുവെച്ച് രമേശ് ചെന്നിത്തലക്ക് പണം കൊടുത്തിട്ടുണ്ടല്ലോ എന്ന് ബിജു രമേശ് ചോദിക്കുമ്പോള്‍ അതെയെന്നാണ് മറുപടി. വി.എസ്. ശിവകുമാറിനും പണം കൊടുത്തിട്ടുണ്ട്. മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ട, കോഴ വാങ്ങിയവരുടെ വിവരം പുറത്തുവിടുമെന്ന് സമ്മര്‍ദം ചെലുത്തിയാല്‍ മതിയെന്ന് വ്യവസായി വി.എം. രാധാകൃഷ്ണന്‍ പറയുന്നു. ഡല്‍ഹിയില്‍നിന്ന് സാഹിബ് വിളിച്ചിരുന്നു, കേസ് ഇങ്ങനെ നീട്ടിക്കൊണ്ടുപോകാതെ സെറ്റില്‍ ചെയ്യണമെന്ന് സാഹിബ് നിര്‍ദേശിച്ചതായും രാധാകൃഷ്ണന്‍ പറയുന്നുണ്ട്. സാഹിബ് എന്ന് പറഞ്ഞത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ആണെന്ന് രാധാകൃഷ്ണന്‍ സ്ഥിരീകരിച്ചതായി ചാനല്‍ അവകാശപ്പെട്ടു ശബ്ദരേഖ വിശ്വസനീയമാണെന്നു പറയാനാകില്ലെങ്കിലും രാഷ്ടീയത്തില്‍ അതൊക്കെ ധാരാളമാണല്ലോ.
അതിനിടെ രാഷ്ട്രീയമായി പ്രാധാന്യമുള്ള മറ്റുചില സംഭവങ്ങളും അരങ്ങേറി. സാങ്കേതികമായി കേരള കോണ്‍ഗ്രസ്(ബി) പ്രതിപക്ഷത്താണെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞതാണ് ഒന്ന്. എല്‍.ഡി.എഫിനെ പിന്തുണക്കണോ എന്ന് ആലോചിച്ച് തീരുമാനിക്കും. യു.ഡി.എഫ് അധികാരത്തിലേറി ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ അഴിമതി സഹിക്കാന്‍ വയ്യാതായി. യു.ഡി.എഫിന്റെ യോഗങ്ങളില്‍ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പിള്ള തുറന്നടിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി പിള്ള ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, കേരള കോണ്‍ഗ്രസ്(ബി) യു.ഡി.എഫിന് പുറത്താണെന്നും സാങ്കേതികമായി മാത്രമാണ് മുന്നണിയിലുള്ളതെന്നും കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പ്രതികരിച്ചു.
മറ്റൊന്ന് കോണ്‍ഗ്രസ്സിന് അഖിലേന്ത്യാതലത്തില്‍ ലഭിച്ച പ്രഹരമാണ്. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രത്യേക സി.ബി.ഐ കോടതി പ്രതി ചേര്‍ത്തിരിക്കുകയാണ്. സിങ്ങടക്കം 6 പേര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ കോടതി നോട്ടീസ് അയച്ചു. ഏപ്രില്‍ എട്ടിന് കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മന്‍മോഹന്‍സിങ്ങിനെ വിചാരണ ചെയ്യാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും ഈ സംഭവം കേരളത്തിലെ കോണ്‍ഗ്രസ്സിനേയും ദുര്‍ബ്ബലപ്പെടുത്തുമെന്നുറപ്പ്. ഈ സാഹചര്യത്തിലാണ് ചോരപ്പുഴയൊഴുകുമെന്ന ആശങ്ക ശക്തമായിരിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply