ബ്രെക്‌സിറ്റിന്റെ ബാക്കിപത്രം

അഡ്വ. ജി. സുഗുണന്‍ രണ്ടാം ലോക യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ ലക്ഷോപലക്ഷം പേരുടെ ചാരത്തില്‍നിന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആദ്യ രൂപമായ യൂറോപ്യന്‍ എക്കണോമിക് കമ്യൂണിറ്റിയുടെ ജനനം. യൂറോപ്യന്‍ യൂണിയന്റെ 60 ാം വാര്‍ഷികം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കിടയിലാണ് അതിന്റെ പ്രധാന പങ്കാളിയായ ബ്രിട്ടന്‍, യൂണിയന്‍ വിടാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന ആ രാജ്യം ലോക ഭൂപടത്തില്‍നിന്നു കൂടുതല്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളതെന്നു ചില രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 1963 ല്‍ യൂറോപ്യന്‍ […]

Drapeaux des Etats membre de l'Union européenne à 28 pays et drapeau européen (au 1er juillet 2013)അഡ്വ. ജി. സുഗുണന്‍

രണ്ടാം ലോക യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ ലക്ഷോപലക്ഷം പേരുടെ ചാരത്തില്‍നിന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആദ്യ രൂപമായ യൂറോപ്യന്‍ എക്കണോമിക് കമ്യൂണിറ്റിയുടെ ജനനം. യൂറോപ്യന്‍ യൂണിയന്റെ 60 ാം വാര്‍ഷികം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കിടയിലാണ് അതിന്റെ പ്രധാന പങ്കാളിയായ ബ്രിട്ടന്‍, യൂണിയന്‍ വിടാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന ആ രാജ്യം ലോക ഭൂപടത്തില്‍നിന്നു കൂടുതല്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളതെന്നു ചില രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
1963 ല്‍ യൂറോപ്യന്‍ യൂണിയന്റെ അംഗത്വത്തിനുള്ള യു.കെയുടെ അപേക്ഷ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റായ ചാര്‍ലസ് ഡിഗാള്‍ വീറ്റോ ചെയ്യുകയുണ്ടായി. 1967 ലും ബ്രിട്ടന്റെ അപേക്ഷ വീറ്റോ ചെയ്യപ്പെട്ടു. എന്നാല്‍ 1973 ല്‍ യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ബ്രിട്ടനു ലഭ്യമായി. യൂറോപ്യന്‍ യൂണിയന്റെ മുഖ്യഘടക രാജ്യമായി താമസിയാതെ തന്നെ യു.കെ. മാറുകയും ചെയ്തു.
യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തേക്കു പോകുന്ന ബ്രിട്ടന്റെ നടപടികള്‍ക്കു (ബ്രെക്‌സിറ്റ്) ഔദ്യോഗിക തുടക്കം കുറിച്ചിരിക്കുകയാണ്. ബ്രെക്‌സിറ്റിനു തയാറാണെന്നു കാണിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് ഒപ്പുവച്ച ഔദ്യോഗിക കത്ത് യൂറോപ്യന്‍ യൂണിയന്‍ (ഇ.യു.) പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിനു കൈമാറിയതോടെയാണു നടപടികള്‍ക്കു തുടക്കമായത്. ലിസ്ബണ്‍ കരാറിലെ ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന നടപടിക്രമം പൂര്‍ത്തീകരിക്കുന്നതിലൂടെ ഇ.യുമായുള്ള 40 വര്‍ഷത്തെ ബന്ധത്തിനാണു ബ്രിട്ടന്‍ വിരാമമിടുക.
തെരേസാ മേയ് ഒപ്പുവച്ച ആറുപേജുള്ള ഔദ്യോഗിക കത്ത് ബ്രിട്ടന്റെ ഇ.യു. പ്രതിനിധി സര്‍ട്ടിം ബാരോ ആണു ബ്രസല്‍സിലെ യൂണിയന്‍ ആസ്ഥാനത്ത്‌വച്ചു ടസ്‌കിനു കൈമാറിയത്. ഇതിനോട് വൈകാരികമായാണ് ഇ.യു. തലവന്‍ പ്രതികരിച്ചത്. തുടര്‍ന്നു ബ്രിട്ടന്‍ ബ്രെക്‌സിറ്റ് നടപടി ആരംഭിച്ചതായി അദ്ദേഹം ട്വിറ്റ് ചെയ്തു. ഈ സമയത്ത് തന്നെ ബ്രെക്‌സിറ്റിനു ഔദ്യോഗികമായി തുടക്കമിട്ടതായി തെരേസാ മേയ് ബ്രിട്ടീഷ് പാര്‍ലമെന്റിനെയും അറിയിച്ചു.
‘ഇതു ചരിത്ര നിമിഷമാണ്. ജനതയുടെ തീരുമാനപ്രകാരം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണ്. ഇനി തിരിച്ചു പോക്കില്ല. ആര്‍ട്ടിക്കിള്‍ 50 നടപടിക്രമം ആരംഭിച്ചിരിക്കുകയാണ്.’ മേയ് പാര്‍ലമെന്റില്‍ പറഞ്ഞു.
‘ഈ നിമിഷം മുതല്‍ ബ്രിട്ടന്‍ മാറ്റങ്ങള്‍ക്കു തുടക്കംകുറിക്കുകയാണ്. യൂറോപ്പിന്റെ അതിരുകള്‍ക്ക് അപ്പുറത്തേക്കു വ്യാപിക്കുന്ന കൂടുതല്‍ ശക്തവും ഐക്യപൂര്‍ണവും, സുരക്ഷിതവും, സുഭിഷവും, സഹിഷ്ണത നിറഞ്ഞതുമായ ഒരു രാജ്യമാകും ബ്രിട്ടന്‍’ കണ്‍സര്‍വേറ്റീവ് പ്രതിനിധികളുടെ നിറഞ്ഞ ഹര്‍ഷാരവത്തിനിടെ തെരേസാ മേയ് പ്രഖ്യാപിച്ചു.
ഇ.യുവില്‍നിന്നു പിന്‍വാങ്ങാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം വളരെ വ്യക്തമാണ്. രാജ്യത്തെ സമ്പദ്‌രംഗവും രാജ്യാന്തര കുത്തകകളുടെ നികുതി ഘടനയും മെച്ചപ്പെടുത്താനാണു കണ്‍സര്‍വേറ്റീവുകളുടെ ശ്രമം. ഇതിനു ശക്തമായ വിമര്‍ശനം ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഉന്നയിച്ചിട്ടുമുണ്ട്.
2016 ജൂണ്‍ 23 നാണു ബ്രെക്‌സിറ്റ് ഹിതപരിശോധന ബ്രിട്ടനില്‍ നടന്നത്. രാജ്യാന്തരതലത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച വിധിയാണു ജനഹിതത്തിലൂടെ പുറത്തുവന്നത്. ആകെ 72 ശതമാനമാണു ഹിതമറിയിച്ചത്. 51.9% വോട്ടര്‍മാര്‍ ബ്രിട്ടന്‍ ഇ.യു. വിടുന്നതിനെ അനുകൂലിച്ചു. ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള ഭൂരിപക്ഷവും ബ്രക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സ്‌കോട്ട്‌ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷം ജനങ്ങളും ഇ.യുവില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു.
ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലും ബ്രിട്ടീഷ് ഓവര്‍സീസ് പ്രദേശവും ജിബ്രാള്‍ട്ടറിലും ഭൂരിപക്ഷവും ഇ.യുവില്‍ തുടരുന്നതിന് അനുകൂലമായിരുന്നു. 1973 ല്‍ യൂണിയനില്‍ ചേര്‍ന്ന ബ്രിട്ടന്‍ ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ 2019 മാര്‍ച്ച് 31 നു പൂര്‍ണമായും യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതാകും.
2017 മാര്‍ച്ച് മാസത്തോടെ ഇ.യു. അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള ആദ്യ ഔദ്യോഗിക നടപടിയായ ലിസ്ബന്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കുമെന്നു കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ തന്നെ പ്രധാനമന്ത്രി തെരേസാ മേയ് ബ്രിട്ടീഷ് ജനതക്ക് ഉറപ്പുനല്‍കിയിരുന്നതാണ്.
യൂറോപ്യന്‍ യൂണിയനില്‍നിന്നും പിന്‍വാങ്ങുന്നതായി അറിയിച്ചുകൊണ്ടുള്ള തെരേസാ മേയുടെ കത്തിന് അധികം താമസിക്കാതെ പ്രതികരണം നല്‍കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് അറിയിച്ചു.
ബ്രിട്ടനുമായി യൂറോപ്യന്‍ യൂണിയന്‍ നടത്താനിരുന്ന ചര്‍ച്ചകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരട്‌രൂപം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നു ടസ്‌ക് വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട അംഗരാജ്യങ്ങളിലെ സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തിയതിനുശേഷം യൂറോപ്യന്‍ കൗണ്‍സില്‍ വരുന്ന ഈ മാസം 29 ന് യോഗം ചേരും. ഈ യോഗത്തിലായിരിക്കും ചര്‍ച്ചകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട അംഗരാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ബിസിനസുകള്‍ക്കും അംഗരാജ്യങ്ങള്‍ക്കുംമേല്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ ദൂരീകരിക്കുക എന്നതായിരിക്കും ഈ ചര്‍ച്ചകളില്‍ ഇ.യു പ്രാധാന്യം കൊടുക്കുകയെന്നു ഡോണള്‍ഡ് ടസ്‌ക് വ്യക്തമാക്കി.
അതേസമയം, കുറ്റകൃത്യങ്ങള്‍ക്കും തീവ്രവാദത്തിനുമെതിരേ ഒരുമിച്ചുനിന്നു പോരാട്ടം നയിക്കേണ്ടതുണ്ടെന്നു സൂചിപ്പിച്ച തെരേസാ മേയ് ഇതിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയനുമായി ഭാവിയില്‍ സുരക്ഷിതമായൊരു വ്യാപാരബന്ധം സ്ഥാപിച്ചെടുക്കാനും ശ്രമിക്കുന്നുണ്ട്.
ഇനി വരാന്‍ പോകുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുളള പ്രധാന വിഷയങ്ങള്‍ പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബ്രിട്ടനില്‍ താമസിക്കുന്ന 30 ലക്ഷം ഇ.യു. പൗരന്‍മാരുടെ അവകാശങ്ങളെക്കുറിച്ചായിരിക്കും. അതോടൊപ്പം തന്നെ ഇ.യു. രാജ്യങ്ങളില്‍ കഴിയുന്ന ഏകദേശം 10 ലക്ഷത്തോളം വരുന്ന ബ്രിട്ടീഷ് പൗരന്‍മാരുടെ കാര്യവും ഉയര്‍ന്നുവരും. ഇക്കാര്യങ്ങളില്‍ ഇരുവിഭാഗവും കാര്യമായ എതിര്‍പ്പുകള്‍ ഉന്നയിക്കാതെ സമവായത്തിലെത്തിച്ചേരാനാണു സാധ്യത.
ബ്രിട്ടനിലുള്ള ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാരടക്കമുള്ളവരും പരിഭ്രാന്തിയിലാണ്.
ബ്രെക്‌സിറ്റിനു തുടക്കമായതോടെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ഒഴിവാക്കുന്നതിനും പകരം നിയമം കൊണ്ടുവരുന്നതിനുമുള്ള നടപടി ബ്രിട്ടന്‍ ആരംഭിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഗ്രേറ്റ് റിവീല്‍ ബില്ലിലാകും പ്രധാന നിര്‍ദേശങ്ങള്‍ ഉണ്ടാകുക.
ഇ.യു. നിയമങ്ങളെ ബ്രിട്ടീഷ് നിയമങ്ങളിലേക്ക് എഴുതിച്ചേര്‍ക്കും. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണു ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പുറത്തു വരല്‍ നടപടികള്‍.
ബ്രിട്ടനെ സ്വതന്ത്രവും പരമാധികാരവുമുളളതുമായ രാജ്യമായി നിര്‍ണയിക്കുന്നതാണു പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഗ്രേറ്റ് റിപ്പീല്‍ ബില്ലെന്നു തെരേസാ മേയ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇ.യു. നിയമങ്ങള്‍ക്ക് രാജ്യത്തെ നിയമങ്ങളെക്കാളും അധികാരമുണ്ടെന്ന് അംഗരാജ്യങ്ങള്‍ സമ്മതിക്കുന്ന യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ചട്ടം പിന്‍വലിക്കാന്‍ ഗ്രേറ്റ് റിപ്പീല്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
യൂറോപ്യന്‍ നീതിന്യായ കോടതിയുടെ പരിധിയില്‍നിന്നു ബ്രിട്ടനെ ഒഴവാക്കും. യൂറോപ്യന്‍ യൂണിയന്‍ ഭരണഘടനക്കു പകരം ആഭ്യന്തര ഭരണഘടന പ്രാബല്യത്തിലാക്കും.
ബ്രിട്ടന്റെ ആവശ്യം തള്ളി ഇ.യു. നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ബ്രെക്‌സിറ്റിനായി മേയ് മുന്നോട്ടു വച്ച ഓപ്പണിങ് സ്ട്രാറ്റജിയാണ് ഇ.യു. നേതാക്കള്‍ തള്ളിയത്. വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ ആരംഭിക്കാമെന്ന മേയുടെ ആവശ്യം ജര്‍മന്‍ ചാന്‍സിലര്‍ ഏന്‍ജല മെര്‍ക്കല്‍ തള്ളിക്കളഞ്ഞു. ഇ.യു. വില്‍ നിന്ന് വേര്‍പെട്ട് പോകുന്ന ബ്രിട്ടന്‍ നല്‍കാനുളള ആറ് കോടി യൂറോയുടെ ബില്ലടക്കമുള്ള കാര്യങ്ങളില്‍ തീരുമാനത്തിലെത്തിയശേഷം വ്യാപാരക്കരാര്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് മെര്‍ക്കലിന്റെ നിലപാട്. വ്യാപാരക്കരാര്‍ ലഭിച്ചില്ലെങ്കില്‍ ബ്രിട്ടന്‍ ഇ.യുവിന്റെ തീവ്രവാദ, ക്രൈം സഹരണത്തില്‍നിന്ന് പിന്‍മാറുമെന്ന മേയുടെ ഭീഷണിയെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ചീഫ് നെഗോഷ്യേറ്ററായ ഗൈവര്‍ഷോഡ്റ്റ് അപലപിച്ചു. ബ്രിട്ടന്‍ വിട്ടുപോയാല്‍ യൂറോപ്യന്‍ യൂണിയന്റെ സുരക്ഷക്ക് യാതൊരു ഭീഷണയുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
സുരക്ഷയും വ്യാപാരവും സമ്പത്തും തമ്മിലുള്ള പരസ്പര കൈമാറ്റം സാധ്യമല്ലെന്നു ചീഫ് നെഗോഷ്യേറ്ററായ വെര്‍ഷോഡ്റ്റ് ചൂണ്ടിക്കാട്ടി. പൗരന്‍മാരെ സംബന്ധിച്ച് വ്യാപാരത്തെക്കാള്‍ പ്രാധാന്യം സുരക്ഷയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേയുടെ ബ്രെക്‌സിറ്റ് നയങ്ങള്‍ വീണ്ടു വിചാരമില്ലാത്തതും ദോഷകരവുമാണെന്നു ലേബര്‍ നേതാവ് ജെറമി കോര്‍ബിനും വ്യക്തമാക്കി. നയതന്ത്ര, സാമ്പത്തിക, വ്യാപാര ബന്ധങ്ങളില്‍ ഇനി രണ്ടു വര്‍ഷം നീളുന്ന ചര്‍ച്ചകളിലൂടെ ഓരോ രാജ്യവുമായി ബ്രിട്ടനു പുതിയ കരാറുകള്‍ ഉറപ്പിക്കണം.
യൂണിയനുമായുള്ള ബന്ധം പരിപൂര്‍ണമായി വേര്‍പെടുന്ന 2019 മാര്‍ച്ചിനു മുമ്പ് എല്ലാ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകള്‍ക്കുള്ള നടപടികളും പുരോഗമിക്കും. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാര പരിധി, ഇരുപക്ഷത്തും നിലവിലുള്ള കുടിയേറ്റക്കാരുടെ ഭാവി, യൂറോപ്യന്‍ വിപണിയില്‍നിന്നുള്ള വിടുതല്‍ തുടങ്ങിയവയാണു ചര്‍ച്ചകളില്‍ നിര്‍ണായകമാകുക. യൂണിയന്‍ വിടുന്നതിനായി ബ്രിട്ടന്‍ നല്‍കേണ്ടി വരുന്ന നഷ്ടപരിഹാര തുകയും ചര്‍ച്ച സങ്കീര്‍ണമാക്കും.
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് ആ രാജ്യത്തിന് വലിയ വിലനല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ബ്രിട്ടന്റെ ഭാഗമായ സ്‌കോട്ട്‌ലന്‍ഡിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും ഭൂരിപക്ഷം ജനങ്ങളും ബ്രിട്ടന്‍ ഇ.യു. വിടാനും സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും ആഗ്രഹിക്കുന്നവരാണ്.
ബ്രിട്ടന്‍ വിടാനുള്ള സ്‌കോട്ട്‌ലന്‍ഡ് ജനതയുടെ ഹിതപരിശോധന നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെട്ടിട്ടുള്ളത്. സ്‌കോട്‌ലന്റിലെ സ്വാതന്ത്ര്യ മോഹത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പല ഘട്ടങ്ങളിലായി സ്‌കോട്ടീഷ് ജനത ഈ സ്വാതന്ത്ര്യ മോഹം സഫലമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണുണ്ടായത്. വീണ്ടും സ്‌കോട്ട്‌ലന്‍ഡിലെ ആ മോഹത്തിന് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നേതൃത്വവുമായി യു.കെ. ഇപ്പോള്‍ മുന്നോട്ടു പോകുകയാണ്. പഴയ ബ്രിട്ടീഷ് രാജാധികാരവുമായി ബന്ധമുള്ള രാജ്യങ്ങളാണ് ഇതില്‍ ഉള്ളതെങ്കിലും ഭാവിയില്‍ കോമണ്‍വെല്‍ത്ത് വിട്ട് പുറത്തുപോകാന്‍ ചില രാജ്യങ്ങളെങ്കിലും തയാറായേക്കും. ബ്രിട്ടന്റെ ബ്രെക്‌സിറ്റ് തീരുമാനം ആ നിലയിലേക്കു കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചാലും അത്ഭുതപ്പെടേണ്ടതായിട്ടില്ല.
(ലേഖകന്‍ സി.എം.പി. പോളിറ്റ് ബ്യൂറോ അംഗമാണ്)

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply