ബിഷപ്പ്‌ പൗലോസ്‌ മാര്‍ പൗലോസിനോട്‌ എനിക്കുള്ളത്‌ പരിഭവം.

ജോണ്‍ പോള്‍ ബിഷപ്പ്‌ പൗലോസ്‌ മാര്‍ പൗലോസില്‍ നിന്ന്‌ കേരളത്തിനോ വിശ്വാസികള്‍ക്കോ കിട്ടേണ്ടത്‌ കിട്ടിയില്ല എന്നു വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. മാര്‍ക്‌സിസത്തേയും ക്രൈസ്‌തവതയേയും സമന്വയിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ അതിന്റെ ഭാഗമായി സാമൂഹ്യവിഷയങ്ങളിലും ഭൗതികവിഷയങ്ങളിലും സജീവമായി ഇടപെട്ടപ്പോള്‍ ഒരു ആത്മീയവിപ്ലവത്തില്‍ കാര്യമായുള്ള സംഭാവന അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. ഡോ എം എം തോമസിനേയോ ഫാദര്‍ കാപ്പന്റേയോ സംഭാവനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഷപ്പിന്റെ ഈ ദിശയിലുള്ള സംഭാവന കനപ്പെട്ടതല്ല. ഇടതുപക്ഷത്തെ കലാപകാരിയായ പുരോഹിതനായി സമൂഹം അദ്ദേഹത്തെ ബിംബവല്‍ക്കരിച്ചു. അതില്‍ ബിഷപ്പും സമരസപ്പെടുകയാണുണ്ടായത്‌. […]

pauloseജോണ്‍ പോള്‍

ബിഷപ്പ്‌ പൗലോസ്‌ മാര്‍ പൗലോസില്‍ നിന്ന്‌ കേരളത്തിനോ വിശ്വാസികള്‍ക്കോ കിട്ടേണ്ടത്‌ കിട്ടിയില്ല എന്നു വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. മാര്‍ക്‌സിസത്തേയും ക്രൈസ്‌തവതയേയും സമന്വയിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ അതിന്റെ ഭാഗമായി സാമൂഹ്യവിഷയങ്ങളിലും ഭൗതികവിഷയങ്ങളിലും സജീവമായി ഇടപെട്ടപ്പോള്‍ ഒരു ആത്മീയവിപ്ലവത്തില്‍ കാര്യമായുള്ള സംഭാവന അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. ഡോ എം എം തോമസിനേയോ ഫാദര്‍ കാപ്പന്റേയോ സംഭാവനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഷപ്പിന്റെ ഈ ദിശയിലുള്ള സംഭാവന കനപ്പെട്ടതല്ല. ഇടതുപക്ഷത്തെ കലാപകാരിയായ പുരോഹിതനായി സമൂഹം അദ്ദേഹത്തെ ബിംബവല്‍ക്കരിച്ചു. അതില്‍ ബിഷപ്പും സമരസപ്പെടുകയാണുണ്ടായത്‌.
ക്രിസ്‌തുവിന്റെ ബലിയെ അക്കാലത്തെ പോലെയല്ല ഇന്നു നോക്കികാണേണ്ടത്‌. കൃസ്‌തുവിനെ മാത്രമല്ല, ആരേയും ഏതാശയത്തേയും സമകാലിസാവസ്ഥയിലാണ്‌ നാം നോക്കികാണേണ്ടത്‌. ക്രിസ്‌തുവിനെപോലെ മാര്‍ക്‌സിനും ഇത്‌ ബാധകമാണ്‌. യുദ്ധങ്ങളും ഹിംസകളും വളരെ സര്‍വ്വസാധാരണമായിരുന്ന കാലത്താണ്‌ ഹിംസയിലൂടെയായാലും സാമൂഹ്യമാറ്റം എന്ന നിലപാട്‌ മാര്‍ക്‌സ്‌ അംഗീകരിച്ചത്‌. എന്നാല്‍ ഇന്നത്തെ കാലത്തും അങ്ങനെതന്നെയേ മാറ്റമുണ്ടാകൂ എന്നു കരുതുന്നത്‌ തെറ്റാണ്‌. ഇതു മനസ്സിലാക്കി തന്നെയാണ്‌ ബിഷപ്പ്‌ ഇടതുപക്ഷത്തിനു പിന്തുണ നല്‍കിയത്‌. അതസമയം അത്തരമൊരു ബന്ധത്തിന്റെ പ്രതീകമായി അദ്ദേഹം മാറിയതോടെ സ്വന്തം കര്‍മ്മമണ്ഡലത്തില്‍ അദ്ദേഹത്തിനു ഏകാഗ്രത കുറയുകയായിരുന്നു. ഭൗതികതയോടു സംവദിച്ച അദ്ദേഹം ആത്മീയതയോട്‌ കാര്യമായി സംവദിച്ചില്ല. കലാപകാരിയായ പുരോഹിതന്‍ എന്നു വിശേഷിക്കപ്പെട്ടപ്പോള്‍ ആ ആഘോഷത്തില്‍ അദ്ദേഹവും പങ്കുചേര്‍ന്നു. ഒരു വലിയ വിപ്ലവത്തിന്റെ സാധ്യതയാണ്‌ അദ്ദേഹമങ്ങനെ ഇല്ലാതാക്കിയത്‌. വിശ്വാസികള്‍ക്കിടയില്‍ ഒരു പള്ളി പൊളിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. അതു ചെയ്യാത്തതില്‍ അദ്ദേഹത്തോടെനിക്കു പരിഭവമുണ്ട്‌.
സഭ ഏറ്റവുമധികം കച്ചവടവല്‍ക്കരിക്കപ്പെട്ട കാലമാണിത്‌. ആതുരസേവനമെന്ന മഹത്തായ സങ്കല്‍പ്പത്തെ ഇന്ന്‌ സഭ അനുഷ്‌ഠിക്കുന്നത്‌ എങ്ങനെയാണെന്നു നോക്കുക. അബ്‌കാരി വ്യവസായത്തേക്കാള്‍ ലാഭകരമായി ആശുപത്രി വ്യവസായം മാറിയില്ലേ? അതുപോലെ തന്നെയല്ലേ അറിവു പകര്‍ന്നു കൊടുക്കുക എന്ന മഹത്തായ ആശയത്തിന്റെ പേരില്‍ വിദ്യാഭ്യാസകച്ചവടം നടത്തുന്നതും. ഇത്തരമൊരു ജീര്‍ണ്ണത തിരിച്ചറിഞ്ഞ്‌ ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. അതോടൊപ്പം ശരീരത്തിന്റെ കാമനകളെ തള്ളിക്കളയുക എന്ന കാപട്യത്തിനും ബിഷപ്പ്‌ തയ്യാറായിരുന്നില്ല. അതേവര്‍ക്കുമുണ്ട്‌. എന്നാല്‍ എന്തിനാണ്‌ നാം മുന്‍ഗണന കൊടുക്കുന്നത്‌ എന്നതാണ്‌ പ്രശ്‌നമെന്നാണ്‌ ബിഷപ്പ്‌ ചോദിച്ചിരുന്നത്‌. ജീവിക്കാനുള്ള കാമനയെ അമര്‍ത്തി, നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കഴുമരത്തിലേക്ക്‌ നടന്നുനീങ്ങിയ ഭഗത്സിംഗിനെയായിരുന്നു ബിഷപ്പ്‌ ചൂണ്ടികാട്ടിയിരുന്നത്‌. ഭൗതികവാദിയായിരുന്ന ഭഗത്സിംഗിന്‌ അതു കഴിഞ്ഞുവെങ്കില്‍ ആത്മീയവാദികള്‍ക്ക്‌ അതിനേക്കാള്‍ കഴിയുമെന്നും ബിഷപ്പ്‌ പറഞ്ഞു. വര്‍ഗ്ഗസമരത്തില്‍ വിശ്വസിച്ചിരുന്ന ഇടതുപക്ഷത്തോട്‌ മാനവികതയുടെ പേരിലായിരുന്നു അദ്ദേഹം സഹകരിച്ചത്‌. അല്ലെങ്കിലും കമ്യൂണ്‌സ്റ്റ്‌ പാര്‍ട്ടികള്‍ സംഘടനാ ചട്ടക്കൂടടക്കം പലതും സ്വാംശീകരിച്ചത ക്രൈസ്‌തവതയില്‍ നിന്നായിരുന്നല്ലോ. ധനികനോട്‌ പാവപ്പെട്ടവനെ സഹായിക്കാന്‍ ക്രിസ്‌തു പറഞ്ഞു. മാര്‍ക്‌സ്‌ മറ്റൊരു രീതിയിലാണെങ്കിലും പറഞ്ഞത്‌ അതുതന്നെ. അപ്പോള്‍ വിരുദ്ധമെന്നു തോന്നുന്ന ഇത്തരമൊരു ബന്ധത്തില്‍ അസ്വാഭാവികതയില്ല. എന്നാല്‍ ബിഷപ്പ്‌ അതിന്റെ തുടര്‍ച്ചയായി സാമൂഹ്യമണ്ഡലത്തില്‍ അമിതമായി അലിഞ്ഞുപോയി എന്നതാണ്‌ പ്രശ്‌നം. അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങള്‍ കാണാന്‍ ശ്രമിച്ചില്ല. ഫാദര്‍ കാപ്പനും എം എം തോമസും മറ്റും അതിനായി ശ്രമിച്ചു. ശ്രീരാമകൃഷ്‌ണ പരമഹംസന്റെ തലത്തിലേക്ക്‌ സ്വാമി വിവേകാനന്ദന്‍ എത്താതിരുന്നതുപോലെയാണത്‌. അതിലാണ്‌ എന്റെ പരിഭവം.

ബിഷപ്പ്‌ ഡോ പൗലോസ്‌ മാര്‍ പൗലോസ്‌ ഫൗണ്ടേഷന്‍ സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച 17-ാമത്‌ സ്‌മാരക പ്രഭാഷണത്തില്‍ നിന്ന്‌ 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply