നാം കേരളത്തില്‍ എന്താണ് പുനര്‍നിര്‍മിക്കുക?

പി ജെ ബേബി ചില മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളുടെയും കുറിപ്പുകളും ഒരു വിദഗ്ദനായ ജെ.എസ് അടൂരിന്റെ കേരള ഫസ്റ്റ് – 3 എന്ന കുറിപ്പുമാണ് എന്റെ ഈ കുറിപ്പിന്റെ പ്രകോപനം. ഒരു കേരള റീ കണ്‍സ്ട്രക്ഷന്‍ ഡവലപ്‌മെന്റ് ഫണ്ടും, കേരള റീ കണ്‍സ്ട്രക്ഷന്‍ ബോര്‍ഡും രൂപീകരിക്കണമെന്നദ്ദേഹം നിര്‍ദ്ദേശിക്കുന്നു. അദ്ദേഹത്തിന്റെ ഒരു മാസത്തെ ‘സാലറി ചലഞ്ച് ‘മുഖ്യമന്ത്രി കൂടി ഏറ്റെടുത്ത നിലക്ക് അദ്ദേഹം ഒരു ചെറിയ മീനല്ല – അതേ സമയം വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന ഒരഭിപ്രായം അദ്ദേഹത്തിന്റെയും റൂബിന്‍ […]

kkപി ജെ ബേബി

ചില മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളുടെയും കുറിപ്പുകളും ഒരു വിദഗ്ദനായ ജെ.എസ് അടൂരിന്റെ കേരള ഫസ്റ്റ് – 3 എന്ന കുറിപ്പുമാണ് എന്റെ ഈ കുറിപ്പിന്റെ പ്രകോപനം. ഒരു കേരള റീ കണ്‍സ്ട്രക്ഷന്‍ ഡവലപ്‌മെന്റ് ഫണ്ടും, കേരള റീ കണ്‍സ്ട്രക്ഷന്‍ ബോര്‍ഡും രൂപീകരിക്കണമെന്നദ്ദേഹം നിര്‍ദ്ദേശിക്കുന്നു. അദ്ദേഹത്തിന്റെ ഒരു മാസത്തെ ‘സാലറി ചലഞ്ച് ‘മുഖ്യമന്ത്രി കൂടി ഏറ്റെടുത്ത നിലക്ക് അദ്ദേഹം ഒരു ചെറിയ മീനല്ല – അതേ സമയം വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന ഒരഭിപ്രായം അദ്ദേഹത്തിന്റെയും റൂബിന്‍ ഡിക്രൂസിന്റെയുമായി ആരോ ഷെയര്‍ ചെയ്തിട്ടിരിക്കുന്നതായും ഒരോര്‍മ്മ. എന്നു വച്ചാല്‍ ചിലത് കണ്‍സ്ട്രക്ട് ചെയ്യരുത് എന്നതും ഇപ്പോള്‍ റീ കണ്‍സ്ട്രക്ഷനില്‍ വരണമെന്നര്‍ത്ഥം.
കേരളത്തില്‍ വികസനത്തെക്കുറിച്ചും കണ്‍സ്ട്രക്ഷനെക്കുറിച്ചും മനുഷ്യരുടെ അന്തസ്സിനെക്കുറിച്ചും രൂഢമൂലമായ ചില ധാരണകളുണ്ട്. അവയുടെ ഒരു വിപുലനമാകാതെ’ വികസന’ത്തില്‍ ഒരു ദിശാ വ്യതിയാനം സാധ്യമാകുമോ? 80 കള്‍ക്കു ശേഷം ക്രമേണ കേരള മോഡല്‍ വല്ലാതെ മാറി. ഒരു കാടന്‍ മുതലാളിത്ത രീതിയിലാണ് അത് മാറിയത്. കേരള സമ്പദ്ഘടനയില്‍ കൃഷിയുടെയും വ്യവസായത്തിന്റെയും പങ്ക് കുത്തനെ കുറഞ്ഞ് സേവനമേഖലയുടെ പങ്ക് വളരെ വലുതായി. അതിന്റെ അര്‍ത്ഥം? കേരളം വിദേശത്തേക്ക് Unskilled-semiskilled -skilled ചെറുപ്പക്കാരെ കയറ്റിയയച്ച് അവരയക്കുന്ന പണത്തെ ഉപജീവിച്ച് ജീവിക്കുന്ന ഒരു സംസ്ഥാനമായി.
അതിനൊപ്പം പുതിയൊരു മൂല്യ സങ്കല്പവും വളര്‍ന്നു വന്നു. ഏറ്റവും വില കൂടിയ ആഡംബര വാഹനങ്ങളും, ഏറ്റവും വലിയ കൊട്ടാരങ്ങളൂം, ഏറ്റവും ശമ്പളം കിട്ടുന്ന ജോലികളുമായി മക്കള്‍ ഇവിടില്ല, പുറത്താണ് എന്നതും മലയാളിയുടെ അന്തസ്സിന്റെ പ്രതീകമായി. ഇതോടെ കേരള വികസനത്തിന്റെ നായകസ്ഥാനം മനോരമ ഏറ്റെടുത്തു. പിന്നാലെ മാതൃഭൂമിയും.90 കളില്‍ ചാനലുകളും രംഗപ്രവേശം ചെയ്തു.
പരമാവധി പാറ പൊട്ടിച്ചും, മണല്‍ വാരിയും, സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയും കണ്‍സ്ട്രക്ഷന്‍ കുതിച്ചു കയറിയപ്പോള്‍ അത് അമ്പതിനായിരം കോടിയുടെ ഒരു മഫിയാ സാമ്രാജ്യത്തെ ഇവിടെ വളര്‍ത്തിയതായി ഒരു ഡി ജി പിവളരെ മുമ്പ് പറഞ്ഞു.അതിപ്പോള്‍ കൊട്ടേഷന്‍ ബലാല്‍സംഗം വരെ മുന്നേറി. അതോടെ കേരളത്തില്‍ ഒട്ടേറെ മികച്ച വരുമാനമുള്ള സ്വയംതൊഴില്‍ മേഖലകള്‍ വന്നു. സ്വണ്ണം വരവ്, ആഭരണങ്ങളാക്കല്‍, വില്പന എന്നിവ യാതൊരു നികുതിയും കൊടുക്കണ്ടാത്ത വിശുദ്ധ പശുവായി. സ്വാശ്രയ കോളേജുകളും, വമ്പന്‍ കച്ചവട ആശുപത്രികളും യാതൊരു നിയമങ്ങളും നികുതിയും കൊടുക്കേണ്ടാത്ത വിശുദ്ധപശുക്കളായി. ഇവരുടെ പരസ്യങ്ങള്‍ക്ക് സിനിമാ – ടിവി താരങ്ങള്‍ തികയാതെ വന്നു. താരങ്ങള്‍ക്ക് പരസ്യ വരുമാനം സിനിമാ വരുമാനത്തിന്റെ പത്തോ നൂറോ ഇരട്ടിയായി. അതോടെ അവര്‍ സ്വന്തം വരുമാനം ചെലവിട്ട് സൂപ്പര്‍ താര സിനിമകള്‍ പുറത്തിറക്കിയും തിയേറ്ററില്‍ ഒരാളും കണ്ടില്ലെങ്കിലും ചാനലുകളില്‍ കാണിച്ചും, വന്‍ വിജയം ഘോഷിച്ചും, പണം ചെലവാക്കിവലിയൊരു ഫാന്‍സ് സംഘത്തെ കെട്ടിപ്പടുത്തും സ്വയം ബിസിനസ് സാമ്രാജ്യങ്ങളായി. പെണ്‍വാണിഭം, സ്വര്‍ണ്ണകള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയുടെ പുറത്ത് പൊതിയുന്ന വര്‍ണ്ണക്കടലാസ് മാത്രമായി സിനിമ മാറി.
ഈ മാറ്റം കേരളത്തില്‍ കണ്‍സ്ട്രക്ഷനടക്കമുള്ള കായിക തൊഴില്‍ മേഖലകളില്‍ വമ്പിച്ച തൊഴിലാളി ക്ഷാമം സൃഷ്ടിച്ചു. കാരണം കൊട്ടേഷന്‍ സംഘങ്ങള്‍, കാറ്ററിംഗ്, ഇവന്റ് മാനേജ് മെന്റ്, വിവിധ തരം ബ്രോക്കറുകള്‍, മതപ്രഭാഷണങ്ങളും പ്രചാരണങ്ങളും എന്നിവ കാര്യമായ കായികാധ്വാനമില്ലാതെ നല്ല പണവും അംഗീകാരവും കിട്ടുന്ന മേഖലകളായി. കേരളത്തിന്റെ മദ്യ ഉപയോഗ വര്‍ദ്ധനവ് കേരളീയന്റെ വരുമാന വര്‍ദ്ധനവിന്റെ കൂടി നിദര്‍ശനമായിരുന്നു. ബ്രോക്കര്‍ പണവും കൊട്ടേഷന്‍ വരുമാനവും കൂട്ടു ബ്രോക്കര്‍ക്കും കൂട്ടു സംഘാംഗള്‍ക്കും ചെലവു ചെയ്യാതെ വീട്ടില്‍പ്പോയിക്കൂടാ എന്ന സോഷ്യലിസം വളര്‍ന്നു. വൈകിട്ടെന്താ പരിപാടി എന്നതിന് ഒരൊറ്റ ഉത്തരം വന്നു.രാഷ്ട്രീയം എന്നത് ഇതിന്റെയെല്ലാം ഫസിലിറ്റേഷന്‍ മാത്രമായി. പ്രദേശികരായ പ്രവര്‍ത്തകര്‍ സര്‍ക്കാരാഫീസില്‍ കാര്യം നടത്തുന്നതിന്റെയടക്കം ഫസിലിറ്റെറ്റര്‍മാരായ ഈ സ്ഥിതി പിന്നീട് എങ്ങോട്ടെത്തിയെന്നേവര്‍ക്കുമറിയാം.
കേരളത്തിനു പുറത്തു പോയി നൂറുകണക്കിനോ കോടിക്കണക്കിനോ പണവുമായി വരുന്ന വന്‍ പണച്ചാക്കുകള്‍ കേരള വികസനം ഏറ്റെടുത്തു. കുവൈത്തില്‍ സ്‌കൂള്‍ തട്ടിപ്പ് നടത്തിയ ചെറുകോടീശ്വരന്‍ അവിടെ നിന്നു മുങ്ങി ഇവിടെ പൊങ്ങി പ്രമുഖ ചാനലില്‍ക്കയറി നമ്മോട് സാരോപദേശം നടത്തി.നമതു കേട്ട് (സോറി, ഞാന്‍ ) പ്രബുദ്ധനായി. അധികാരത്തിന്റെ സമീപത്തേ എത്താത്ത കേരളത്തിലെ മൂന്നാം മുന്നണിയുടെ നേതാവ് ബി.ജെ.പിയെ നമുക്കൊരു ഉദാഹരണമാക്കാം . ആ പാര്‍ട്ടി നടത്തിയ അഴിമതിയുടെ വാര്‍ത്തകള്‍ കൊണ്ട് കേരളത്തിലെ സകല മാധ്യമങ്ങളും നിറഞ്ഞു തുളുമ്പിയിട്ട് മാസങ്ങളേ ആയുള്ളു. കോണ്‍ഗ്രസില്‍ കരുണാകരന്റെ പാവം പയ്യന്‍ ഒരു സോളാര്‍ പ്രൊജക്ടുമായി പോയപ്പോള്‍ നേരിട്ട ദുരനുഭവം കരഞ്ഞു പറഞ്ഞു.ഗോപി കോട്ടമുറിക്കല്‍ ഒരു ഏരിയാ കമ്മറ്റിയംഗം ഒന്നേകാല്‍ കോടിയുടെ വീടുവച്ചതെങ്ങനെ എന്നു ചോദിച്ചതായി വാര്‍ത്തള്‍ വന്നു.
കേരളം വികസന രംഗത്ത് കുതിച്ചു കയറി. ഈ സാഹചര്യമാണ് കേരളത്തില്‍ 30 ലക്ഷം അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലെടുക്കുന്ന സ്ഥിതിയുണ്ടാക്കിയത്. കേരളം നികുതി വെട്ടിപ്പിന്റെ പറുദീസയായത്. കേരളത്തിലെ ഷോപ്പുകളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്കു കിട്ടുന്ന കൂലി മൊത്തം എത്ര കോടിയായിരിക്കും? ആ ഷോപ്പുകാര്‍ സര്‍ക്കാരിനു കൊടുക്കുന്ന വില്‍പ്പന നികുതി എത്രയായിരിക്കും? കേരളത്തില്‍ ബാങ്കുകാര്‍ ഓടിച്ചിട്ട് പിടിച്ച് വാഹനവായ്പ നല്കി ആളൊന്നിന് ഏതാണ്ട് ഒരു വാഹനമാക്കി. അതോടെ നമുക്ക് ദുബായി മോഡല്‍ പാതയില്ലാത്തത് മുഖ്യ വികസന പ്രശനമായി.ലംബോര്‍ഗിനികള്‍ക്ക് ഓടാനുള്ള നല്ല റോഡുകള്‍; മലയാളം പഠിപ്പിക്കാത്ത സര്‍ക്കാര്‍, എയിഡഡ് -സ്വാശ്രയ സ്‌കുളുകള്‍, യാതൊരു കായിക ക്ഷമതയുമില്ലാത്ത 14-17 പ്രായത്തിലെ പെണ്‍കുട്ടികള്‍, മെഗാ കല്യാണങ്ങള്‍ക്കു വേണ്ട പഞ്ചനക്ഷത്ര കല്യാണമണ്ഡപങ്ങള്‍, പഞ്ചനക്ഷത്ര ആശുപത്രികളില്‍ ആളുകളെ ഓടിച്ചിട്ടു പിടിച്ച് ബൈപാസുകളും ആന്‍ജിയോപ്‌ളാസ്റ്റികളും സിസേറിയനുകളും എന്നിങ്ങനെ കേരളം വളര്‍ന്നു.
ഈ വികസന സങ്കല്പം നമുക്കെത്ര നാള്‍ നിലനിര്‍ത്താന്‍ പറ്റും? ഇതിനെയല്ലാതെ മറ്റൊന്നിനെ റീ കണ്‍സ്ട്രക്റ്റ് ചെയ്യാന്‍ നമുക്കാകുമോ?
ഒരു കാര്യം മറക്കരുത്. നമ്മുടെ ഇടതുപക്ഷം നവലിബറല്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്നുണ്ട്. കോണ്‍ഗ്രസും മോഡിയും ഒരേ സാമ്പത്തിക നയമാണെന്ന് സാക്ഷ്യം പറയുന്നുണ്ട്. പക്ഷേ നവലിബറല്‍ ഇതിന്റെ പത്തിലൊന്ന് കാടനല്ല. കാടന്‍ മുതലാളിത്തത്തിന്റെ പ്രാദേശിക – പ്രായോഗിക നടത്തിപ്പ് എന്നത് ഉടനെ ഒഴിവാക്കാന്‍ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കഴിയില്ല എന്നറിയാം. ജീവിക്കാന്‍ മറ്റൊരു വഴി കണ്ടെത്തല്‍ എളുപ്പമല്ല. അവരെല്ലാം കള്ളന്മാരുമല്ല. നാട്ടിലെ പ്രായോഗിക മൂല്യങ്ങള്‍ക്കനുസരിച്ചു നീങ്ങാതെ ഓരോ പുതിയ ‘പാനലുകള്‍’ വരുമ്പോള്‍ പുറത്തു പോകുന്ന ആദര്‍ശ വാദികളായി വീട്ടില്‍ ചൊറികുത്തിയിരുന്ന് ശേഷക്രിയയിലെ കുയ്യഞ്ഞയ്യപ്പന്‍ ഭയപ്പെട്ട പോലെ പഴുത്തളിഞ്ഞ് ദുര്‍ഗന്ധം പരത്തിയിട്ട് എന്ന കാര്യം? നമേത് പ്രായേഗിക സോഷ്യലിസം – ഏതു കണ്‍സ്ട്രക്ഷന്‍ – ഏത് മാന്യതാ സങ്കല്പം ആണ് റീ കണ്‍സ്ട്രക്റ്റ് ചെയ്യുക?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply