നല്ലൊരു നാളേക്കായി ഇന്ത്യയെ ഇന്ന് രക്ഷിച്ചേ മതിയാകൂ
സീതാറാം യെച്ചൂരി അവിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍, പ്രധാനമന്ത്രി തന്റെ ഒന്നര മണിക്കൂര്‍ നീണ്ട മറുപടിപ്രസംഗത്തിന് അത്യധ്വാനം നടത്തിക്കൊണ്ടിരിക്കെയാണ് രാജസ്ഥാനിലെ ആല്‍വാറില്‍ റക്ബര്‍ എന്ന അക്ബര്‍ ഖാന്‍, പശുക്കടത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. ബിജെപി സര്‍ക്കാറുകളുടെ വാഴ്ചയ്ക്കിടയില്‍ പൊട്ടിമുളച്ച സ്വകാര്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം പെരുകുമ്പോള്‍ ആശങ്കപ്പെട്ട് ഒരുവാക്ക് ഇതേവരെ പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. ഈ സര്‍ക്കാരുകളാകട്ടെ, അക്രമിസംഘത്തെ ഗോരക്ഷയുടെയും സദാചാര പൊലീസിങ്ങിന്റെയും ലവ് ജിഹാദിന്റെയും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന്റെയുമൊക്കെ പേരില്‍ സംരക്ഷിക്കുകയാണ്. 2017 ഏപ്രിലിന് ശേഷം അല്‍വാര്‍ ജില്ലയില്‍ ഇത് മൂന്നാമത്തെ […]
അവിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍, പ്രധാനമന്ത്രി തന്റെ ഒന്നര മണിക്കൂര്‍ നീണ്ട മറുപടിപ്രസംഗത്തിന് അത്യധ്വാനം നടത്തിക്കൊണ്ടിരിക്കെയാണ് രാജസ്ഥാനിലെ ആല്‍വാറില്‍ റക്ബര്‍ എന്ന അക്ബര്‍ ഖാന്‍, പശുക്കടത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. ബിജെപി സര്‍ക്കാറുകളുടെ വാഴ്ചയ്ക്കിടയില്‍ പൊട്ടിമുളച്ച സ്വകാര്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം പെരുകുമ്പോള്‍ ആശങ്കപ്പെട്ട് ഒരുവാക്ക് ഇതേവരെ പ്രധാനമന്ത്രി മിണ്ടിയിട്ടില്ല.
ഈ സര്‍ക്കാരുകളാകട്ടെ, അക്രമിസംഘത്തെ ഗോരക്ഷയുടെയും സദാചാര പൊലീസിങ്ങിന്റെയും ലവ് ജിഹാദിന്റെയും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന്റെയുമൊക്കെ പേരില്‍ സംരക്ഷിക്കുകയാണ്. 2017 ഏപ്രിലിന് ശേഷം അല്‍വാര്‍ ജില്ലയില്‍ ഇത് മൂന്നാമത്തെ ആള്‍ക്കൂട്ടക്കൊലപാതകമാണ്. പെഹ്ലുഖാനും അക്ബര്‍ ഖാനുമിടയില്‍ ഒരു ഡസന്‍ സംസ്ഥാനങ്ങളിലായി ചുരുങ്ങിയത് 46 ആള്‍ക്കൂട്ടക്കൊലപാതകമെങ്കിലും അരങ്ങേറി.
അവിശ്വാസ പ്രമേയചര്‍ച്ചയ്ക്കുള്ള മറുപടിയില്‍, സുപ്രീംകോടതി നിരീക്ഷിച്ചതു പ്രകാരമുള്ള ഒരു സമഗ്രനിയമം ആള്‍ക്കൂട്ട നരഹത്യയ്‌ക്കെതിരെ ഈ നടപ്പുസമ്മേളനത്തില്‍ ത്തന്നെ അവതരിപ്പിക്കുന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പലരും കരുതിയത്. പക്ഷേ ഒരു പ്രഖ്യാപനവും വന്നില്ല. ജാര്‍ഖണ്ഡില്‍ സ്വാമി അഗ്‌നിവേശിനെതിരെ നടന്ന ഹീനമായ ആക്രമണത്തെക്കുറിച്ചും പരാമര്‍ശമുണ്ടായില്ല.
തങ്ങള്‍ ബാധ്യസ്ഥരായതുകൊണ്ട്, ജൂലൈ 23ന് പുതുതായൊരു നിയമം ചിട്ടപ്പെടുത്തുന്നതിനായി മോഡി സര്‍ക്കാര്‍ ഒരു മന്ത്രിസംഘത്തിന് രൂപം കൊടുത്തിരിക്കുന്നു. അത്തരം നടപടികളെല്ലാം സുപ്രീംകോടതി നിര്‍ദേശം അട്ടിമറിക്കാനും അത് നടപ്പാക്കുന്നത് താമസിപ്പിക്കാനുംവേണ്ടി മാത്രമാണ് എന്ന് ഇതിനകം വ്യക്തമായതാണല്ലോ.
പ്രധാനമന്ത്രിയുടെ ബഹുജനപിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ എന്നാണ് രാജസ്ഥാനില്‍നിന്നുള്ള ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി പ്രതികരിച്ചത്. ആരെങ്കിലും പശുവിനെ കടത്തിക്കൊണ്ടുപോകുകയോ കൊല്ലുകയോചെയ്താല്‍ അയാള്‍ കൊല്ലപ്പെടുമെന്നാണ് ഒരു ബിജെപി എംഎല്‍എയുടെ ഭീഷണി. ഇതിന്റെ അര്‍ഥം വ്യാജമായിപ്പോലും ഇത്തരം കുറ്റം ആരോപിച്ച് ആരെയും തങ്ങള്‍ കൊല്ലും എന്നാണ്.
ജനങ്ങള്‍ ഗോമാംസം തിന്നുന്നില്ലെങ്കില്‍, ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അവസാനിക്കും എന്നാണ് ആര്‍എസ്എസ് വക്താവ് ഇന്ദ്രേഷ് കുമാര്‍ പറയുന്നത്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണിത്.
പ്രധാനമന്ത്രിയുടെ നിശ്ശബ്ദത അദ്ദേഹത്തിന്റെ വാക്കുകളേക്കാള്‍ വാചാലമാണ്. ആ നിശ്ശബ്ദത ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായുള്ള ഇത്തരം ആക്രമണങ്ങള്‍ക്കും അരാജകത്വത്തിനുമുള്ള സര്‍ക്കാരിന്റെ പ്രകടമായ പ്രോത്സാഹനമാണ്.
ഹിന്ദുത്വശക്തികളില്‍ ഒരുവിഭാഗം ഈ സ്വകാര്യസേനയുടെ രക്ഷാധികാരികളായിനിന്ന് ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കും. അതേസമയം വേറൊരുവിഭാഗം, ഇക്കൂട്ടര്‍ പിടികൂടപ്പെടുകയും അവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ പുറത്താകുകയുംചെയ്യുമ്പോഴൊക്കെ, തങ്ങള്‍ക്ക് അവരുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിക്കും.
ജാര്‍ഖണ്ഡില്‍ ഒരു കേന്ദ്രമന്ത്രി ഇത്തരം ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുമ്പോള്‍പോലും ഇത്തരം നിഷേധക്കുറിപ്പുകളുമായി ഇക്കൂട്ടര്‍ രംഗത്തെത്തും. ആര്‍എസ്എസ് അനുകൂല സംഘടനകള്‍ ഇത്തരം ക്രിമിനലുകളെ രക്ഷിക്കാനെത്തും. അവര്‍ക്കെതിരെ നടപടികളെടുക്കുന്നതില്‍നിന്ന് നിയമപാലകരെ തടയും. മനുഷ്യത്വവിരുദ്ധമായ കഠ്വ കൂട്ട ബലാത്സംഗത്തില്‍ പങ്കെടുത്ത ക്രിമിനലുകളെ പ്രാദേശിക ബിജെപി നേതാക്കളാണ് സംരക്ഷിച്ചത്.
അവര്‍ക്കെതിരെ നിയമനടപടി എടുക്കുന്നത് തടയാന്‍ചെന്നത് ബിജെപി നേതാക്കളായ അഭിഭാഷകരായിരുന്നു. മരണ മൊഴിയില്‍ പേരെടുത്തുപറഞ്ഞിട്ടുപോലും, പെഹ്ലുഖാന്റെ കൊലയാളികളെ സൈ്വരവിഹാരത്തിന് വിട്ടു.
മോഡി നയിക്കുന്ന ബിജെപി ഗവണ്‍മെന്റിന്റെ കാലത്ത്, മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ വാഴ്ത്തപ്പെടുകയും ചിലേടത്തെങ്കിലും ആരാധിക്കപ്പെടുകയുമാണ്. എന്നിട്ടും ആര്‍എസ്എസ് പറയുന്നത് ഗാന്ധിജിയെ കൊലപ്പെടുത്തുമ്പോള്‍ ഗോഡ്‌സെ ആര്‍എസ്എസില്‍ ആയിരുന്നില്ല എന്നാണ്. ഇക്കാര്യം നാഥുറാമിന്റെ സഹോദരന്‍തന്നെ നിഷേധിച്ചതാണ്.
അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്: ഞങ്ങള്‍ എല്ലാ സഹോദരങ്ങളും ആര്‍എസ്എസിലായിരുന്നു. നാഥുറാം, ദത്താത്രേയ, ഞാന്‍, പിന്നെ ഗോവിന്ദും. ഞങ്ങള്‍ വീട്ടില്‍ വളര്‍ന്നു എന്നുപറയുന്നതിലും നല്ലത് ആര്‍എസ്എസില്‍ വളര്‍ന്നു എന്നുപറയുന്നതാണ്. അത് ഞങ്ങള്‍ക്ക് ഒരു കുടുംബം പോലെയായിരുന്നു. നാഥുറാം ആര്‍എസ്എസില്‍ ഒരു ബൗദ്ധിക പ്രവര്‍ത്തകനായിരുന്നു. താന്‍ ആര്‍എസ്എസ് വിട്ടു എന്നും ഒരു പ്രസ്താവനയില്‍ അദ്ദേഹം പറയുന്നുണ്ട്.
അയാള്‍ അത് പറയാന്‍കാരണം ഗോള്‍വാള്‍ക്കറും ആര്‍എസ്എസും അന്ന് ഗാന്ധിവധത്തിനുശേഷം ഒരുപാട് കുഴപ്പത്തില്‍ പെട്ടിരുന്നതുകൊണ്ടാണ്. പക്ഷേ അവന്‍ ആര്‍എസ്എസ് വിട്ടിരുന്നില്ല (ഫ്രണ്ട് ലൈന്‍.ജന.28 1994). ഇവിടെ പ്രശ്നം സാങ്കേതികമായി ഒരാള്‍ നിലവിലുള്ള അംഗമാണോ അല്ലയോ എന്നതല്ല. പ്രശ്നം, ആര്‍എസ്എസും അതിന്റെ ഘടക സംഘടനകളും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്ന വിഷമയമായ പ്രത്യയശാസ്ത്രമാണ്; അതിന്റെ ഹിംസാത്മകതയാണ്.
ഹിന്ദുക്കള്‍ക്ക് അക്രമാസക്തമായ പരിശീലനം നല്‍കുന്ന കാര്യത്തില്‍ ആര്‍എസ്എസിന് ദീര്‍ഘകാലചരിത്രമുണ്ട്. ഹിന്ദുത്വ എന്ന മുദ്രാവാക്യംതന്നെ വി ഡി സവര്‍ക്കര്‍ ഉണ്ടാക്കിയതാണ്. ഇതിന് മതവുമായി ഒരു ബന്ധവുമില്ലെന്നും ഹിന്ദുക്കളുടെ രാജ്യം സ്ഥാപിക്കുക എന്ന രാഷ്ട്രീയപദ്ധതിയാണ് അതിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ ലക്ഷ്യം നേടാനായി ‘എല്ലാ രാഷ്ട്രീയത്തെയും ഹിന്ദുവല്‍ക്കരിക്കുക; ഹിന്ദുത്വത്തെ സൈനികവല്‍ക്കരിക്കുക’ എന്ന മുദ്രാവാക്യം അദ്ദേഹം മുന്നോട്ടുവച്ചു. ഇതില്‍നിന്ന് ആവേശംകൊണ്ടാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ ഗുരു ഡോ. ബി എസ് മൂഞ്ചെ ഇറ്റലിയില്‍ചെന്ന് ഫാസിസ്റ്റ് ഏകാധിപതി മുസോളിനിയെ സമീപിക്കുന്നത്. 1931 മാര്‍ച്ച് 19നായിരുന്നു ആ കൂടിക്കാഴ്ച.
മൂഞ്ചെയുടെ മാര്‍ച്ച് 20ന്റെ ഡയറിക്കുറിപ്പ് ബോധ്യപ്പെടുത്തുന്നത്, ഇറ്റാലിയന്‍ ഫാസിസം അതിന്റെ യുവാക്കളെ സൈനികമായി പരിശീലിപ്പിക്കുന്നത് അദ്ദേഹത്തെ എത്രമാത്രം ആകര്‍ഷിച്ചുവെന്നാണ്; അദ്ദേഹത്തിന് അതിനോടുള്ള ആദരവ് എത്രയേറെ ഉണ്ട് എന്നാണ്. ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷം 1935ല്‍ മൂഞ്ചെ നാസിക്കില്‍ സെന്‍ട്രല്‍ ഹിന്ദു മിലിട്ടറി എഡ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിച്ചു.
അത് 1937ല്‍ സ്ഥാപിക്കപ്പെട്ട ബോണ്‍സാല മിലിട്ടറി സ്‌കൂളിന്റെ പ്രാഗ്രൂപമായിരുന്നു.
ഗോള്‍വാള്‍ക്കര്‍ ,1939ല്‍ നാസി ഫാസിസത്തിന്‍കീഴില്‍ ജൂതന്മാരെ തുരത്തിയ ഹിറ്റ്ലറെ സ്തുതിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞത് ‘നാം, ഹിന്ദുസ്ഥാനില്‍ ഉള്ളവര്‍ക്ക്, പഠിക്കാനും മെച്ചപ്പെടുത്താനും ഉള്ള നല്ല പാഠമാണ് ‘അതെന്നാണ്. ഏറെക്കഴിഞ്ഞ് 1970ല്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘പൊതുവില്‍ പറഞ്ഞാല്‍, ദുഷ്ടശക്തികള്‍ക്ക് (എന്നുവച്ചാല്‍ അഹിന്ദുക്കള്‍ക്ക് ) യുക്തിയുടെയും സല്‍സ്വഭാവത്തിന്റെയും ഭാഷ മനസ്സിലാവില്ല എന്നത് ഒരു പൊതു അനുഭവമാണ്. അവരെ ശക്തി ഉപയോഗിച്ചുമാത്രമേ നിയന്ത്രിക്കാനാകൂ.’
വര്‍ഗീയതയും മതമൗലികതാവാദവും പരസ്പരം പോറ്റുകയാണ്. തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സൈനികപരിശീലനം നല്‍കാനുള്ള ആര്‍എസ്എസ് പരിശ്രമത്തില്‍ അത് ‘ശക്തി ഉപയോഗിച്ച് നിയന്ത്രിക്കാനായി ‘ വെറുപ്പിന്റെയും അക്രമത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ്.
വര്‍ഗീയലഹളകളെക്കുറിച്ച് സ്വതന്ത്ര ഇന്ത്യയില്‍ നടന്ന മുഴുവന്‍ അന്വേഷണങ്ങളും (1969ലെ അഹമ്മദബാദ് കലാപംമുതല്‍ 70ലെ ഭീവണ്ടി, ജല്‍ഗാവ്, മഹദ് കലാപങ്ങളും 1971ലെ തലശേരി കലാപവും 79ലെ ജാംഷെഡ്പുര്‍ കലാപവും 1982ലെ കന്യാകുമാരി കലാപവും സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാകട്ടെ, 9293 കാലത്തെ മുംബൈ കലാപത്തെക്കുറിച്ച് ശ്രീകൃഷ്ണ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാകട്ടെ, 2002ലെ ഭരണകൂടസഹായത്തോടെ ഗുജറാത്തില്‍നടന്ന നിഷ്ഠുരമായ വംശഹത്യയെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമീഷനെ പോലുള്ള ഭരണഘടനാസ്ഥാപനങ്ങളും സ്വതന്ത്ര ജനകീയ കമീഷനുകളും സമര്‍പ്പിച്ച എണ്ണമറ്റ റിപ്പോര്‍ട്ടുകളാകട്ടെ) സംഘര്‍ഷങ്ങള്‍ ആളിക്കത്തിച്ചതിനും ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിനും പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്തിയത് ആര്‍എസ്എസിനെയാണ്. ഓര്‍ക്കുക, ഈ അന്വേഷണ കമീഷനുകളെല്ലാം തന്നെ, നയിച്ചത് ജുഡീഷ്യറിയിലെ പരമോന്നത അധികാരകേന്ദ്രങ്ങളില്‍ ഉള്ളവരായിരുന്നു. അവരെല്ലാവരുംതന്നെ, ഒന്നൊഴിയാതെ, ഹിന്ദുക്കളുമായിരുന്നു. അതുകൊണ്ടുതന്നെ പക്ഷപാതത്തെപ്പറ്റിയുള്ള ചോദ്യമേ ഉദിക്കുന്നുമില്ല.
ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ( അദ്ദേഹത്തെ റാഞ്ചിയെടുക്കാനാണല്ലോ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത് ) ഗാന്ധിവധത്തെത്തുടര്‍ന്ന് പറഞ്ഞ കാര്യം ഈ സാഹചര്യത്തില്‍ ഓര്‍ത്തെടുക്കേണ്ടതുണ്ട്. ആര്‍എസ്എസിനെ നിരോധിച്ചു കൊണ്ട് അദ്ദേഹം എഴുതി പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെ പറയുന്നു: ‘എങ്കിലും സംഘിന്റെ (ആര്‍എസ്എസ്) എതിര്‍ക്കപ്പെടേണ്ടതും ദ്രോഹകരവുമായ പ്രവര്‍ത്തനങ്ങള്‍ ഒട്ടും കുറയാതെ തുടര്‍ന്നു. സംഘിന്റെ നേതൃത്വത്തിലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ആവേശംകൊണ്ടും വളര്‍ന്ന ഹിംസയുടെ ആരാധന ഒരുപാടുപേരെ ഇരകളാക്കിയിട്ടുണ്ട്. ഇങ്ങനെ വീഴ്ത്തപ്പെട്ടവരില്‍ ഏറ്റവും ഒടുക്കത്തേതാണ് അമൂല്യനിധിയായ ഗാന്ധിജി.’1948 ഫെബ്രുവരി നാലിന്റെ പ്രസ്താവനയിലൂടെ സര്‍ദാര്‍ പട്ടേല്‍ വ്യക്തമാക്കിയ കാര്യം ആര്‍എസ്എസും ഘടകസംഘടനകളും ഹിംസയുടെ ആരാധന പ്രോത്സാഹിപ്പിച്ച് ഗാന്ധിജിയടക്കമുള്ള ഒട്ടേറെ ഇരകളെ കണ്ടെത്തിയിട്ടുണ്ട് എന്നാണ്.
ഈയൊരു മുന്‍കാലചരിത്രത്തില്‍നിന്ന് ധൈര്യം സംഭരിച്ചാണ് കറുത്ത കുപ്പായക്കാരും തവിട്ടുകുപ്പായക്കാരുംവഴി മുസോളിനിയും ഹിറ്റ്ലറും വളര്‍ത്തിയെടുത്ത ഫാസിസ്റ്റ് ഗുണ്ടാപ്പടയ്ക്ക് സമാനമായ സ്വകാര്യസേന പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഹിംസയും ഭീകരതയും അരാജകത്വവും ഇങ്ങനെ വളര്‍ത്തിയെടുത്ത് ഭരണഘടനയുടെ ആധാരശിലയെത്തന്നെ തകര്‍ത്തെറിയുകയാണ്.
അസഹിഷ്ണുതാപരവും ഫാസിസ്റ്റ് സ്വഭാവവുമുള്ള ഒരു ഹിന്ദുരാഷ്ട്രനിര്‍മാണത്തിനായി ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കന്‍ സ്വഭാവത്തെ തകര്‍ത്തെറിയാനാണ് ആര്‍എസ്എസ്് ശ്രമിക്കുന്നത്. ഈ ലക്ഷ്യം നേടാനായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയാവയവമാണ് ബിജെപി. ഈ അപകടത്തെ ചെറുത്തുതോല്‍പ്പിച്ചേ പറ്റൂ. നല്ലൊരു നാളേക്കായി മാറ്റിത്തീര്‍ക്കാന്‍വേണ്ടി ഇന്ത്യയെ ഇന്ന് രക്ഷിച്ചേ മതിയാകൂ.
കടപ്പാട്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in