
തെറ്റുതിരുത്താന്‍ വീണ്ടും രേഖയുമായി സിപിഎം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
തെറ്റുതിരുത്തല്‍ പ്രക്രിയയുമായി ഇടക്കിടെ രംഗത്തുവരാറുള്ള പാര്‍ട്ടിയാണ് സിപിഎം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യേണ്ടതുതന്നെ. എന്നാല്‍ ഒരിക്കലും ആത്മാര്‍ത്ഥമായി പാര്‍ട്ടി അതു ചെയ്യാറില്ല. ഇപ്പോഴും അതുതന്നെ സംഭവിക്കാനാണ് സാധ്യത.
പതിവുപോലെ അടിമുടി മാറ്റത്തിന് സൂചന നല്‍കിയാണ് പുതിയ നയരേഖ തയ്യാറായിരിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗ പ്രതിച്ഛായ മാത്രം പോര. മധ്യവര്‍ഗത്തേയും യുവാക്കളെയും ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയണം. മുതിര്‍ന്നവരുടെ പാര്‍ട്ടിയാണ് ഇതെന്ന് യുവാക്കള്‍ കരുതുന്നു. പാര്‍ട്ടിയുടെ സമരരീതികള്‍ മാറ്റണം. ഫ്‌ളാഷ് മോബ്, ഓണ്‍ലൈന്‍ പെറ്റീഷന്‍ തുടങ്ങിയവ പരീക്ഷിക്കണം. പ്രസംഗശൈലി, ഭാഷ എന്നിവ മാറ്റണം. ലഘുലേഖകളുടെ ശൈലി മാറ്റണം. പുതിയ സംഘടനയും സാംസ്‌കാരിക പ്രവര്‍ത്തനവും വേണം. പാര്‍ട്ടി നേതാക്കള്‍ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കണം. എന്നിങ്ങനെ പോകുന്നു രേഖ.
മധ്യവര്‍ഗ്ഗത്തെ കുറിച്ചാണ് രേഖ ഏറ്റവും ആശങ്കപ്പെടുന്നത്. പരമ്പരാഗത മധ്യവര്‍ഗം പാര്‍ട്ടിയെ കൈവിടുകയാണ്. അവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബഹുജനനേതാക്കള്‍ക്ക് മടിയാണ്. മധ്യവര്‍ഗം പാര്‍ട്ടിയെ ശല്യക്കാരായി കാണുന്നു. പാര്‍ട്ടി കാലഹരണപ്പെട്ടെന്ന് അവര്‍ കരുതുന്നു. മൂല്യത്തകര്‍ച്ച മൂലം മധ്യവര്‍ഗം ബൂര്‍ഷ്വാ നേതാക്കളെപ്പൊലെ പാര്‍ട്ടി നേതാക്കളെയും നോക്കിക്കാണുന്നു. ബൂര്‍ഷ്വാ രീതി പിന്തുടരുന്നവരാണെന്ന് അവരുടെ വസ്‌ത്രം നോക്കി യുവാക്കള്‍ വിലയിരുത്തുന്നു. ന്യൂനപക്ഷ പ്രീണനം പാര്‍ട്ടി നടത്തുന്നുവെന്ന് പൊതുധാരണയുണ്ടെന്നും രേഖയില്‍ പറയുന്നു.
രസകരമായ മറ്റൊരു കാര്യവും മധ്യവര്‍ഗ്ഗത്തെ കുറിച്ച് പറയുന്നു. അവര്‍ക്ക് രാഷ്ട്രീയക്കാരോട് പുച്ഛമാണ്. അവര്‍ രാഷ്ട്രീയക്കാരെ ബഹുമാനിക്കുന്നില്ലെന്നതായിരുന്നു അവസ്ഥ. എന്നിട്ടും നരേന്ദ്ര മോദിയെ അവര്‍ അംഗീകരിച്ചു. ഇതാണ് ബിജെപിക്ക് നേട്ടമായത്. ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്ക് കുടിയേറ്റം കൂടി. പുതിയ തരം ജോലികള്‍ മധ്യവര്‍ഗ്ഗത്തിന്റെ സാമ്പത്തിക സ്ഥിതി കൂട്ടി. സംവരണത്തിലൂടെ പിന്നാക്ക വിഭാഗങ്ങളും നവ മധ്യവര്‍ഗ്ഗ ചേരിയിലെത്തി. ഇവരെല്ലാം സിപിഎമ്മന്റെ നയങ്ങളെ അംഗീകരിക്കുന്നില്ല. ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ ആം ആദ്‌മി പാര്‍ട്ടിക്ക് ലഭിച്ച ജനപിന്തുണയും ഉയര്‍ത്തിക്കാട്ടൂന്നു. മാറ്റത്തിന് തയ്യാറായാല്‍ സിപിഎമ്മിനും മുന്നേറാനാകുമെന്നാണ് രേഖ മുന്നോട്ട് വയ്‌ക്കുന്നത്.
കുറെയൊക്കെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. എന്നാലത് നാഗരികയുവത്വത്തിന്റെ കാര്യത്തില്‍ മാത്രമേ ശരിയാകുന്നുള്ളു. ഗ്രാമീണ ഇന്ത്യയുടെ വിഷയത്തില്‍ കാര്യമായൊന്നും പറയുന്നില്ല. മണ്ഡലിനുശേഷം ഇന്ത്യയില്‍ സജീവമായതും ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്നതുമായ പിന്നോക്ക ദളിത് രാഷ്ട്രീയം ഇപ്പോഴും പാര്‍ട്ടിക്കന്യമാണ്. ലോകസഭ തെരഞ്ഞെടുപ്പിലെ ബിജെപി വിജയം അത്തരമൊരു രാഷ്ട്രീയത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല. മാത്രമല്ല, ബിജെപി പോലും പലയിടത്തും അത്തരമൊരു രാഷ്ട്രീയം സ്വീകരിച്ചിരുന്നു. താന്‍ പിന്നോക്കക്കാരനാണെന്നു മോദി നിരന്തരമായി പ്രഖ്യാപിച്ചിരുന്നല്ലോ. വരുംകാലത്തും ബിജെപിയുടെ അശ്വമേധത്തെ തടയുന്നത് പിന്നോക്ക ദളിത് രാഷ്ട്രീയമായിരിക്കും. എന്നാല്‍ തങ്ങളുടെ സങ്കുചിതമായ വര്‍ഗ്ഗരാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിക്ക് അതു കാണാനാകുന്നില്ലല്ല. അത്തരം മുന്നേറ്റങ്ങള്‍ അവര്‍ക്കിപ്പോഴും സ്വത്വരാഷ്ട്രീയമാണല്ലോ. ഇന്ത്യയുടെ വിശാലമായ ഗ്രാമീണമേഖയിലേക്ക് കടന്നു ചെല്ലാന്‍ സിപിഎമ്മിനു കഴിയാത്തതിന്റെ പ്രധാന കാരണം അതുതന്നെ. എന്തിനേറെ, സായുധസമരത്തിലൂടെയാണെങ്കിലും മാവോയിസ്‌റ്റുകള്‍ ഇന്ത്യയിലെ എറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായത് ദളിതരും ആദിവാസികളും നേരിടുന്ന ചൂഷണത്തിനെതിരെ പോരാടിയാണല്ലോ. ആ മേഖലയിലേക്കൊന്നും സിപിഎമ്മിന് എത്തിനോക്കാനാകുന്നില്ലല്ലോ. ഏറ്റവും ശക്തിയുള്ള കേരളത്തിലാകട്ടെ ആദിവാസികളുടേയും ദളിതരുടേയും പോഷകസംഘടനകള്‍ ഉണ്ടാക്കി അവരുടെ സ്വന്തം മുന്നേറ്റങ്ങളെ തകര്‍ക്കുകയാണ്. നില്‍പ്പുസമരത്തോടുള്ള നിലപാടുതന്നെ ഉദാഹരണം.
പിന്നോക്ക – ദളിത് പ്രശ്‌നത്തിനു സമാനമാണ് ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ദേശീയപ്രശ്‌നവും. അതുപരിഗണിക്കാതെയുള്ള ഒരു അഖിലേന്ത്യാപരിപാടിക്ക് എന്തു പ്രസക്തിയാണുള്ളത്.? വിവിധസംസ്ഥാനങ്ങളില്‍ അവിടങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ സമുച്ചയമായി പാര്‍ട്ടി മാറുകയാണ് വേണ്ടത്. അതൊടൊപ്പം പ്രധാനമാണ് ന്യൂനപക്ഷാവകാശ സംരക്ഷണം. മോദിക്ക് വോട്ടുകൂടിയതു ചൂണ്ടികാട്ടി ന്യൂനപക്ഷാവകാശങ്ങള്‍ക്കുനേരെ കണ്ണടക്കാനുള്ള നീക്കമുണ്ടോ എന്ന സംശയം സ്വാഭാവികം. അത്തരമൊരു സൂചന വാര്‍ത്തകളില്‍ കാണുന്നുണ്ട്.
നഗരങ്ങളിലെ മധ്യവര്‍ഗ്ഗം ബിജെപിയോട് അടുത്തത് മുഴുവന്‍ പുതിയ മധ്യവര്‍ഗ്ഗ- യുവജന വിഭാഗങ്ങളെ കയ്യിലെടുത്താണെന്നത് ശരി. എന്നാല്‍ ആ മാതൃക പിന്തുടരാവുന്നതല്ല. കാരണം അതിനു പുറകില്‍ സവര്‍ണ്ണ വര്‍്‌ഗ്ഗീയ വികാരം ആളികത്തിച്ചിരുന്നു. രാജ്യം മുന്നോട്ട് എന്നു പറയുമ്പോഴും നമ്മുടെ നാഗരികയുവജനങ്ങളില്‍ അത്തരം വികാരങ്ങള്‍ ശക്തമാകുകയാണ്. ആ പാത പിന്തുടരാന്‍ കഴിയുമോ? മറിച്ച് ഫ്‌ളാഷ് മോബ്, ഓണ്‍ലൈന്‍ പെറ്റീഷന്‍ തുടങ്ങിയവ സമരരീതികള്‍് പരീക്ഷിക്കാം. കേരളത്തിലടക്കം നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ എത്രയോ കാലമായി ഈ രീതികള്‍ സ്വീകരിക്കുന്നു. അതേസമയം ജനജീവിതം സ്‌തംഭിപ്പിക്കുന്ന ബന്ദുകളും പ്രകടനങ്ങളും മഹാസമ്മേളനങ്ങളും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ തലമുറയെ അവരുടെ ഭാഷയില്‍ തന്നെ അഭിസംബോധന ചെയ്യണം. ഇത്തരം നടപടികളാണ് മധ്യവര്‍ഗ്ഗത്തെ അകറ്റുന്നത്. സംഘടിതമായ പല പ്രവര്‍ത്തനങ്ങളും ഫലത്തില്‍ ഗുണ്ടായിസമാണല്ലോ.
തൊഴിലാളി വര്‍ഗ്ഗം എന്നു പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല എന്നു രേഖ സൂചിപ്പിക്കുന്നു. ആത്മാര്‍ത്ഥമാണെങ്കില്‍ നന്ന്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ തൊഴിലാളി വര്‍്‌ഗ്ഗരാഷ്ട്രീയത്തില്‍ ഒതുക്കാനാകില്ല എന്ന് എത്രയോ പേര്‍ മുമ്പേ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇപ്പോഴെങ്കിലും ഉള്‍്‌ക്കൊണ്ടാല്‍ നന്ന്. അപ്പോഴും വലിയ ഒരു തെറ്റ് പറ്റുന്നുണ്ട്. പാര്‍്‌ട്ടി തൊഴിലാളി വര്‍ഗ്ഗത്തെ കുറിച്ചു പറയുന്നത് സംഘടിതവര്‍ഗ്ഗങ്ങളെ പറ്റിമാത്രമാണ്. വന്‍കിട വ്യവസായ ശാലകളിലെ തൊഴിലാളികള്‍ മുതല്‍ പൊതുമേഖല, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരൊക്കെ അതില്‍ പെടുന്നു. അവരൊക്കെ ഇന്ന് മെച്ചപ്പെട്ട അവസ്ഥയിലാണ്. പാര്‍ട്ടിയുടെ പ്രധാന വരുമാന സ്രോതസ്സും അവരാണ്. മറിച്ച് പാര്‍ട്ടി ഇടപെടേണ്ടതായ അസംഘടിത മേഖലകള്‍ എത്രയാണ്. കേരളത്തില്‍ നമുക്കറിയാം, നഴ്‌സ്, അണ്‍ എയ്‌ഡഡ്‌് അധ്യാപകര്‍, പീടിക തൊഴിലാളികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിങ്ങനെ അതു നീളുന്നു. ഇവരെ സംഘടിപ്പിക്കാന്‍ എന്താണ് പാര്‍ട്ടിക്ക് താല്‌പ്പര്യമില്ലാത്തത്? പലപ്പോഴും ഇവരേറ്റുമുട്ടുന്ന മാനേജ്‌മെന്റുകള് പാര്‍ട്ടിയുടെ സുഹൃത്തുക്കളാണ്. വന്‍കിട വ്യവസായ ശാലകള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ ജനകീയ പോരാട്ടം നടക്കുന്ന സ്ഥലങ്ങളില്‍ ഇവരും ഇവരുടെ യൂണിയനുകളും എവിടെ നില്‌ക്കുന്നു? തൊഴിലിന്റെ പേരില്‍ മാനേജ്‌മെന്റുകളുടെ പക്ഷത്ത്. കാതിക്കുടത്തും മാവൂരും വിളപ്പില്‍ശാലയിലുമൊക്കെ നാമത് കണ്ടു. കേരളത്തില്‍ പാര്‍ട്ടി ഇപ്പോള്‍ മാലിന്യസംകരണത്തെ കുറിച്ച് പറയുന്നുണ്ട്. നല്ലത്. എന്നാല്‍് ആ നീക്കം ഏതുവരെ പോകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.
മറ്റൊന്ന് ജനങ്ങളോടും മറ്റു പാര്‍ട്ടിപ്രവര്‌ത്തകരോടുമുള്ള മനോഭാവമാണ്. വിപ്ലവം നടത്താനും ജനങ്ങളെ നയിക്കാനും പഠിപ്പിക്കാനും വേണ്ടി ജനിച്ചവരാണ് തങ്ങളെന്ന ധാരണ മാറണം. അടവും തന്ത്രവുമല്ലാതെ ജനാധിപത്യസംവിധാനത്തെ ആത്മാര്‍ത്ഥമായി അംഗീകരിക്കണം. എങ്കില്‍ നേതാക്കള്‍ക്ക് വിനയമുണ്ടാകും. പ്രതിപക്ഷബഹുമാനമുണ്ടാകും. കൊലപാതകരാഷ്ട്രീയത്തിനു അവസാനമുണ്ടാകും. കൊലപാതകത്തെ വിമര്‍ശിച്ചാല് ബിജെപി നടത്തുന്നില്ലേ, അഴിമതിയെ കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസ്സ് ചെയ്യുന്നില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ അവസാനിക്കും. എങ്കില്‍ ഇപ്പോള്‍ രേഖയില്‍ പറയുന്നപോലെ ജനങ്ങള്‍ നേതാക്കളെ തള്ളിപറയില്ല. മാത്രമല്ല പാര്‍ട്ടിക്കകത്തും ജനാധിപത്യസംവിധാനം നടപ്പാക്കണം. അഭിപ്രായ സ്വാതന്ത്ര്യം വേണം. അണികളുടെ വിശ്വാസമാണ് ആദ്യം വീണ്ടെടുക്കേണ്ടത്.
ചുരുക്കത്തില്‍ എളുപ്പവഴികള്‍ ഒന്നുമില്ല. മോദിയേയും ആംആദ്‌മിയേയും നോക്കി അസൂയപ്പെട്ട് കാര്യമില്ല. പ്രത്യയശാസ്‌ത്രപിടിവാശികള്‍ മാറ്റിവെച്ച് യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യമായി കണ്ട് നിലപാടുകള്‍ സ്വീകരിക്കണം. അതനുസരിച്ച് പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിക്കണം. അല്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് പാര്‍ട്ടി മനസ്സിലാക്കികഴിഞ്ഞല്ലോ.