തണ്ടര്‍ബോള്‍ട്ട് കേരളം വിടുക, മാവോയിസ്റ്റുകള്‍ കാടുവിടുക

മൂന്നുവര്‍ഷത്തിനുള്ളില്‍ മൂന്നു മാവോയിസ്റ്റുകളെയാണ് ഇടതുസര്‍ക്കാര്‍ വെടിവെച്ചുകൊന്നിരിക്കുന്നത്. ആദ്യരണ്ടും വ്യാജഏറ്റുമുട്ടലുകളായിരുന്നു എന്ന് ഏറെക്കുറെ അന്നുതന്നെ തെളിഞ്ഞിരുന്നു. മൂന്നാമത് വയനാട്ടില്‍ ജലീലിനെ വധിച്ചതും അങ്ങനെതന്നെയെന്നാണ് റസ്‌റ്റോറന്റ് ജീവനക്കാരുടെയടക്കും വാക്കുകളും സാഹചര്യതെളിവുകളും സൂചിപ്പിക്കുന്നത്. തങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ തണ്ടര്‍ ബോള്‍ട്ട് എന്ന ഭീകരസേനയെ കേരളത്തില്‍ നിലനിര്‍ത്തുന്നവരെ എതിര്‍ത്തവരാണ് അത് സേനയെ ഉപയോഗിച്ച് ഈ അറുംകൊലകള്‍ നടത്തിയത്. യു എ പി എയുടെ വിഷയത്തിലും ഇത്തരത്തിലായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. തങ്ങളുടെ നേതാവ് പി ജയരാജനെതിരെ യുഎപിഎ വന്നപ്പോളാണ് അത് ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് ഇടതുപക്ഷത്തിന് ബോധ്യമായത്. […]

മൂന്നുവര്‍ഷത്തിനുള്ളില്‍eee മൂന്നു മാവോയിസ്റ്റുകളെയാണ് ഇടതുസര്‍ക്കാര്‍ വെടിവെച്ചുകൊന്നിരിക്കുന്നത്. ആദ്യരണ്ടും വ്യാജഏറ്റുമുട്ടലുകളായിരുന്നു എന്ന് ഏറെക്കുറെ അന്നുതന്നെ തെളിഞ്ഞിരുന്നു. മൂന്നാമത് വയനാട്ടില്‍ ജലീലിനെ വധിച്ചതും അങ്ങനെതന്നെയെന്നാണ് റസ്‌റ്റോറന്റ് ജീവനക്കാരുടെയടക്കും വാക്കുകളും സാഹചര്യതെളിവുകളും സൂചിപ്പിക്കുന്നത്. തങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ തണ്ടര്‍ ബോള്‍ട്ട് എന്ന ഭീകരസേനയെ കേരളത്തില്‍ നിലനിര്‍ത്തുന്നവരെ എതിര്‍ത്തവരാണ് അത് സേനയെ ഉപയോഗിച്ച് ഈ അറുംകൊലകള്‍ നടത്തിയത്. യു എ പി എയുടെ വിഷയത്തിലും ഇത്തരത്തിലായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. തങ്ങളുടെ നേതാവ് പി ജയരാജനെതിരെ യുഎപിഎ വന്നപ്പോളാണ് അത് ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് ഇടതുപക്ഷത്തിന് ബോധ്യമായത്.
എല്ലാ നിയമവ്യവസ്ഥകളേയും മനുഷ്യാവകാശങ്ങളേയും ലംഘിച്ചാണ് മേല്‍പറഞ്ഞ മൂന്നു കൊലകളും എന്നത് വ്യക്തമാണ്. എന്നിട്ടും ഒരക്ഷരമുരിയാടാന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉരിയാടുന്നില്ല. ഭരണപക്ഷനേതാക്കളും അവരെ കണ്ണടച്ചുപിന്തുണക്കുന്ന സാംസ്‌കാരികനായകരും മൗനം തുടരുന്നു. പ്രതിപക്ഷം പേരിന് രണ്ടുവാക്കു പറഞ്ഞ് തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചു. കൊല്ലപ്പെട്ടത് സായുധസമരത്തില്‍ വിശ്വസിക്കുന്ന മാവോയിസ്റ്റുകളായതിനാലായിരിക്കാം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിരോധവും ദുര്‍ബ്ബലമാണ്. മാവോയിസ്റ്റുകള്‍ ജനാധിപത്യത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങള്‍ക്ക് അവരും അര്‍ഹരാണെന്ന പ്രാഥമികതത്വമാണ് വിസ്മരിക്കുന്നത്. മാത്രമല്ല ഒരാള്‍ ഏതെങ്കിലും ആശയത്തില്‍ വിശ്വസിക്കുന്നത് തെറ്റല്ല താനും. കുറ്റകരമായ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍്‌പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി കേസെടുത്ത് നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. മാവോയിസ്റ്റുകള്‍ വന്നു എന്നുകേള്‍ക്കുമ്പോളേക്കും ഓടിപ്പോയി വെടിവെച്ചുകൊല്ലുകയല്ല. കൊലപാതകകേസുകളില്‍ ഉള്‍പ്പെട്ടവരെപോലും സ്ഥാനാര്‍ത്ഥികളാക്കുമ്പോളാണ് മറുവശത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. അങ്ങനെ ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന കോടതിവിധി പോലും നിലവിലുണ്ട്. എന്നാല്‍ നിലമ്പൂര്‍ വിഷയത്തില്‍ ഒന്നും സംഭവിച്ചില്ല. ഇവിടേയും അതിനാണ് സാധ്യത. പേരിനൊരു അന്വേഷണപ്രഹസനം നടത്തി ഫയല്‍ അടച്ചുവെക്കുമെന്നല്ലാതെ എന്തു സംഭവിക്കാന്‍?
മാവോയിസത്തെ നേരിടാനെന്ന പേരില്‍ കേന്ദ്രം നല്‍കുന്ന കോടികള്‍ ലഭിക്കാനും തണ്ടര്‍ ബോള്‍ട്ടിനെ ഇവിടെ നിലനിര്‍ത്താനും ഇത്തരം സംഭവങ്ങള്‍ അനിവാര്യമാണെന്ന ആരോപണം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ തണ്ടര്‍ ബോള്‍്ട്ട് കേരളം വിടുക എന്ന മുദ്രാവാക്യമാണ് ജനാധിപത്യവിശ്വാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇപ്പോള്‍ ഉയര്‍ത്തേണ്ടത്. അല്ലാത്ത പക്ഷം ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നതില്‍ സംശയം വേണ്ട. അതോടൊപ്പം യുഎപിഎ പോലുള്ള കരിനിയമങ്ങളേയും കേരളത്തില്‍ നിന്നു കെട്ടുകെട്ടിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
തീര്‍ച്ചയായും ഇതിനൊരു മറുവശമുണ്ട്. മാവോയിസ്റ്റുകള്‍ എന്ന പേരിലുള്ള ഈ വിഭാഗം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം ഒരാളേയും അപായപ്പെടുത്തിയിട്ടില്ല എന്നത് സത്യമാണ്. ഇക്കാലയളവില്‍ മറ്റു പ്രസ്ഥാനങ്ങള്‍ കൊന്നുകളഞ്ഞവരുടെ എണ്ണം എടുക്കാതിരിക്കുകയാണ് ഭേദം. അപ്പോളും ജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കാതെയും അതിനെ കൂടുതല്‍ ശക്തിപ്പെടുത്താനായി പോരാടാതേയും കേരളം പോലുള്ള സമൂഹത്തില്‍ സായുധസമരം നടത്താമെന്നത് കേവലം ദിവാസ്വപ്‌നമാണെന്നു മനസ്സിലാക്കാന്‍ സാമാന്യം ചരിത്രബോധവും രാഷ്ട്രീയബോധവും മാത്രം മതി. കാടിനകത്ത് ഒളിച്ചിരുന്ന് എന്താണിവര്‍ ചെയ്യുന്തെന്ന് ചോദിക്കാതെ വയ്യ. ആദിവാസികള്‍ക്ക് എന്തെങ്കിലും അവകാശങ്ങളോ ഭൂമിയോ നേടിക്കൊടുക്കാന്‍ ഇവര്‍ക്കായിട്ടുണ്ടോ? വര്‍ഗ്ഗീസിന്റെ കാലത്തിനുശേഷം ബഹുജനപ്രവര്‍ത്തനമാരംഭിച്ച ചില എംഎല്‍ ഗ്രൂപ്പുകളുടെ സമരങ്ങളുടെ ഫലമായി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അത്തരം ചില വിജയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് ശരി. എന്നാല്‍ ആദിവാസി വിഷയം ഒരു സജീവവിഷയമായി ഉയര്‍ന്ന്ത് അവര്‍ക്കിടയില്‍ നിന്ന് സി കെ ജാനുവിനെ പോലുള്ള സ്വന്തം പോരാളികള്‍ ഉയര്‍ന്നു വന്നശേഷമാണെന്ന് ആര്‍ക്കാണറിയാത്തത്. ചരിത്രം രചിച്ച കുടില്‍ കെട്ടി സമരവും മുത്തങ്ങ സമരവും നില്‍പ്പുസമരവുമൊക്ക നടന്നതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ എടുത്തുപറയത്തക്ക നേട്ടങ്ങളുണ്ടായതും നിരവധി മേഖലകളില്‍ ചെറിയ തോതിലാണെങ്കിലും ഭൂവിതരണവും മറ്റും നടന്നതും. ആദിവാസി പ്രശ്‌നങ്ങള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അജണ്ടയിലെത്തിയതും അങ്ങനെതന്നെ. അത്തരത്തിലുള്ള പോരാട്ടങ്ങളിലൊന്നും കാര്യമായി കാണാത്തവരാണ് ഈ മാവോയിസ്റ്റുകള്‍ എത്തതാണ് കൗതുകകരം. അതേസമയം ഇവരുടെ സാന്നിധ്യത്തിന്റെ പേരുപറഞ്ഞ് ആദിവാസിമേഖലകളും വനപ്രദേശങ്ങളുമെല്ലാം തണ്ടര്‍ബോള്‍ട്ടിന്റെ നിയന്ത്രണത്തിലായിരിക്കുന്നു. ആദിവാസികളുടെ ജീവിതം ദുസ്സഹമായിരിക്കുന്നു. ആത്മാര്‍ത്ഥമായി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുപോലും ആദിവാസി കോളനികളില്‍ പോകാന്‍ തണ്ടര്‍ ബോള്‍ട്ടിന്റെ അനുമതി വേണമെന്നായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഗുരുതരമായ ഈ വിഷയങ്ങളെയും പരാമര്‍ശിക്കാതെ വയ്യ. അതിനാല്‍ തന്നെ തണ്ടര്‍ ബോള്‍ട്ട് കേരളം വിടുക എന്നാവശ്യപ്പെടുന്നതോടൊപ്പം മാവോയിസ്റ്റുകള്‍ കാട്ടില്‍ നിന്നു പുറത്തുവരുക എന്ന ആവശ്യവും രാഷ്ട്രീയമായി ഉന്നയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയില്‍ മവോയിസ്റ്റ് പ്രവര്‍ത്തനം ഏതെങ്കിലും രീതിയില്‍ പ്രസക്തമാണെങ്കില്‍ അത് ഛത്തിസ്ഗഡ്, ജാര്‍ഖണ്ട് പോലുള്ള മഖലകളിലാണ്. പ്രകൃതിവിഭവങ്ങളുടെ മേലുള്ള കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനായി സ്വന്തം ജനതക്കുമേല്‍ സര്‍ക്കാര്‍ യുദ്ധം നടത്തുന്ന മേഖലകളാണവ. അവിടെപോലും ചൂഷണം ചെയ്യപ്പെടുന്ന മുഴുവന്‍ വിഭാഗങ്ങളേയും ഐക്യപ്പെടുത്തിയുള്ള ജനാധിപത്യപോരാട്ടത്തിനു പകരം മാവോയിസ്റ്റുകള്‍ നടത്തുന്ന സായുധസമരം ആത്യന്തികമായി നേടുന്നതെന്താണ്? എന്നാല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കെതിരെ അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടോ? ആയുധമേന്തിയ ഭരണകൂടത്തിനും മാവോയിസ്റ്റുകള്‍ക്കുമിടയില്‍ നിസ്സഹായരാകുന്ന ആദിവാസികളുടെ ദയനീയചിത്രം സോണിസോറിയെ പോലുള്ളവര്‍ വരച്ചുകാട്ടിയില്ലേ? ഇവിടെയാകട്ടെ അത്തരമൊരു പ്രസക്തിപോലുമില്ല. കാടുകളില്‍ ഒളിഞ്ഞിരുന്നല്ല, ജനമധ്യത്തിലേക്കിറങ്ങി വന്ന് ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങളെ ഏകോപിപ്പിച്ച് നടത്തേണ്ട ജനാധിപത്യസമരങ്ങളാണ് കേരളം ആവശ്യപ്പെടുന്നത്. ആദിവാസികള്‍ക്കു പുറമെ ദളിതര്‍, തോട്ടം തൊഴിലാളികള്‍, സ്ത്രീകള്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്നവര്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍, ട്രാന്‍സ് ജെന്ററുകള്‍ തുടങ്ങി ലക്ഷകണക്കിനു വിഭാഗങ്ങളാണ് ജീവിതം കരുപിടിപ്പിക്കാന്‍ പാടുപെടുന്നത്. പരമ്പരാഗതമേഖലകള്‍ തകരുമ്പോള്‍ തന്നെ ആധുനിക മേഖലകള്‍ വളരുന്നില്ല. പരിസ്ഥിതിയെ തകത്തു തരിപ്പണമാക്കി. പ്രളയവും വരള്‍ച്ചയും രൂക്ഷം. കൃഷിഭൂമി ഇല്ലാതായി. പശ്ചിമഘട്ടത്തെ തുരന്നുകൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ ഉണ്ടായിരുന്ന നേട്ടങ്ങളെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. വന്‍കിടകുത്തകകളുടെ ഏറ്റവും മികച്ച മാര്‍ക്കറ്റാണ് ഇന്നു കേരളം. പുരുഷാധിപത്യവും സവര്‍ണ്ണാധിപത്യവും കൈകോര്‍ത്തിരിക്കുന്നു. മനുസ്മൃതി ആശയങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം രൂക്ഷമാകുന്നു. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ സംവിധാനത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്നു. രാഷ്ട്രീയമാകട്ടെ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു. ഇത്തരത്തിലുള്ള അവസ്ഥയെയാണ് ഏതാനും ആയുധങ്ങളുമായി ഒരുപിടിപേര്‍ കാട്ടിലൊളിച്ചിരുന്ന് മാറ്റിതീര്‍ക്കാമെന്നു കരുതുന്നത്. ജനങ്ങളില്‍ നിന്ന് മറഞ്ഞിരിക്കാതെ അവരിലൊരാളായി യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാറേണ്ട കാലത്താണിത് നടക്കുന്നത്. അതും ഇവരുയര്‍ത്തിപിടിക്കുന്ന കമ്യൂണിസ്റ്റ് ആശയങ്ങള്‍ ആഗോളതലത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരിക്കുന്ന ഇക്കാലത്ത്. ആദിവാസികളുടെയടക്കം ഒരു വിഭാഗത്തിന്റേയും രക്ഷാകര്‍ത്താക്കളാകാനല്ല, അവരുടെ പോരാട്ടങ്ങളെ പിന്തുണക്കാനാണ് യഥാര്‍ത്ഥ രാഷ്ട്രീയബോധമുള്ളവര്‍ ഇന്നു തയ്യാറാകേണ്ടത്. രക്തസാക്ഷികളാകാന്‍ ഇനിയും ദത്തുപുത്രന്മാര്‍ ആവശ്യമില്ല. വിപ്ലവം തൊഴിലാക്കിയവരും വേണ്ട. പകരം മുഴുവന്‍ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കുകയും ജനാധിപത്യത്തെ കൂടുതല്‍ കൂടുതല്‍ ജനകീയമാക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ യഥാര്‍ത്ഥ വിപ്ലവപ്രവര്‍ത്തനം. കണ്‍മുന്നില്‍ വന്നു നില്‍ക്കുന്ന ഫാസിസത്തിനെതിരായ യഥാര്‍ത്ഥ പ്രതിരോധവും അതുതന്നെ. നിര്‍ഭാഗ്യവശാല്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ഈ ലക്ഷ്യത്തില്‍ നിന്ന് എത്രയോ ദൂരെയാണ്. ഇനിയെങ്കിലും ഈ വിഷയത്തില്‍ ഒരു പുനപരിശോധന നടത്താനാണ് മാവോയിസ്റ്റുകള്‍ തയ്യാറാകേണ്ടത്. തണ്ടര്‍ ബോള്‍്ട്ട് കേരളവും മാവോയിസ്റ്റുകള്‍ വനവും വിട്ടുപോകുക എന്ന മുദ്രാവാക്യമുയര്‍ത്താന്‍ ജനധിപത്യവാദികളും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply